Thursday, November 07, 2013

ഏകാന്തതയുടെ വീട്ടിലേക്ക്..

നിശ്ചയമായും ഉറ്റവരെയും ഉടയവരെയും ബാക്കിയാക്കി തിരിച്ചു വരാത്ത ഒരു പോക്ക് പോകണം.ഇന്ന് അനുഭവിക്കുന്ന സന്തോഷങ്ങളും പ്രയാസങ്ങളും എല്ലാം നൈമിഷികം മാത്രമാണ്.പട്ടു പൂമെത്തയിലെ ഉറക്കം വിട്ട് വെറും മണ്ണില്‍ പോയി കിടക്കുന്ന ദിവസത്തിലേക്ക് ദൂരമേറെയില്ല. പോകുമെന്നത് ഗണ്‍ഡിതമാണ്, ഒരുങ്ങിയോ ഇല്ലയോ എന്നതാണ് വിഷയം.


ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകള്‍ ആകട്ടെ പ്രതാപത്തിന്റെയും സമ്പന്നതയുടെയും അഹങ്കാരം ആകട്ടെ എല്ലാം നിലക്കുന്നതാണ്.ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ മാത്രം ഒപ്പം കൂട്ടി ദീര്‍ഘമായ കാലത്തേക്കുള്ള താമസ സ്ഥലമാകുന്ന ആറടി മണ്ണിലേക്ക് പോകണം.ദുനിയവിയ്യായ അഹന്തയോ അധികാരമോ മണ്ണിനടിയില്‍ ഒരു ഉപകാരത്തെയും എത്തിക്കാന്‍ കഴിയില്ല.


ഒരു മനുഷ്യന്റെ ആഖിറമാകുന്ന ലോകത്തേക്കുള്ള വീടുകളില്‍ ആദ്യത്തെ വീടാണ് ഖബര്‍.മറ്റെന്ത് പ്രയാസതെക്കാളും  വലിയ പ്രയാസമാണ് അവിടെ. അവിടെ വിജയിച്ചവന്‍, അവിടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയാന്‍ കഴിഞ്ഞവന്‍ അവിടുന്നങ്ങോട്ടുള്ള മുഴുവന്‍ പ്രയാസങ്ങളില്‍ നിന്നും വിജയിക്കും.ഖബറില്‍ പരാജയപ്പെട്ടവൻ വരാനിരിക്കുന്ന മുഴുവന്‍ കടമ്പകളിലും പരാജിതനാകും.എവിടെയും നമുക്കൊപ്പം പലരുമുണ്ട്. നാം ഇടപെടുന്ന ഏതു മേഖലയിലും സഹകരിക്കാനും സഹായിക്കാനും നാമുമായി യോജിക്കുന്നവർ കാണും. യോജിപ്പിന്റെ ഒരു തലത്തിലും എത്തുന്നില്ല എങ്കിലും നമ്മെ കാണാനും വീക്ഷിക്കാനും എങ്കിലും ആരെങ്കിലും ഇല്ലാത്ത ഒരു മേഖലയിലും ദുനിയാവിൽ നാം ഇടപെടുന്നില്ല. ആഖിറവും അപ്രകാരം തന്നെ. എന്നാൽ കൂരിരുട്ടിന്റെ വീടായ മണ്ണിനടിയിലെ പ്രയാസങ്ങളെല്ലാം തനിച്ചാണ് നേരിടേണ്ടത്.



ഖബര്‍ കാണുമ്പോഴെക്ക് പൊട്ടി കരഞ്ഞു കൊണ്ട് വിലപിച്ചിരുന്ന മഹാന്മാര്‍ എത്രയെത്ര കഴിഞ്ഞു പോയി.ആത്മാവ് മാലാഖ വന്ന് ഊരിപ്പോകുമ്പോ അനുഭവിച്ച പ്രയാസങ്ങളുടെ ഓർമ്മ വിട്ടുമാറും മുമ്പ് മറ്റൊരുകൂട്ടം മാലാഖമാർ നമ്മുടെ ദുനിയവിയ്യായ ജീവിതാവസ്ഥക്ക് അനുസരിച്ച് നമ്മോട് ചോദ്യങ്ങളുമായി വരും. തീരാത്ത പ്രയാസങ്ങളുടെ ലോകമായി നമ്മുടെ ശരീരം അടക്കപ്പെട്ടിടം മാറാതിരിക്കണം എങ്കിൽ ആ മണ്ണിന്റെ ഭവനത്തിന്റെ ചിത്രം നമ്മിൽ സജീവമായി നില നിന്നേ മതിയാകൂ.



ഭീകരമായ നിശബ്ദതയുടെ ഖബറിടങ്ങള്‍ കണ്ടിട്ട് നമുക്കെന്തേ വേവലാതി തോന്നുന്നില്ല? വെച്ച് പോരുന്ന മൂടുകല്ലുകൾക്ക് പറയാനുണ്ടാകും തീരാത്ത ചരിത്രങ്ങൾ.മദിച്ചു നടന്ന ജീവിതങ്ങളുടെ പ്രയാസങ്ങളാകുന്ന ചരിത്രങ്ങൾ. എത്രയെത്ര വേണ്ടപ്പെട്ടവരെ നാം അവിടെ കൊണ്ട് വെച്ച് തിരിച്ചു പോന്നു.നമ്മോടൊപ്പം കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടന്നിരുന്നവര്‍.അവരുടെ ഒക്കെ അവസ്ഥ ഇന്ന് എന്തായിരിക്കും?അനുഭവിച്ചറിഞ്ഞവർ ആരും തിരിച്ചു വന്നിട്ടില്ലല്ലോ. വിശ്വാസത്തിന്റെ വെളിച്ചത്തിൽ വരാനിരിക്കുന്ന പ്രയാസങ്ങളുടെ ലോകത്തെ മനസ്സിന്റെ അകം കൊണ്ട് കാണാൻ കഴിയണം. കണ്ണിന്റെ മൂടി മാറുന്ന ആത്മാവിന്റെ വേർപാടോടെ പിന്നെ തിരിച്ചറിവ് കൊണ്ട് ഉപകാരം സിദ്ധിക്കാൻ കഴിയാതെ ആകുന്ന ഒരു അവസാനശ്വാസം നമുക്ക് വരാനുണ്ട്.


കൂടെ മുട്ടിയുരുമ്മി നിന്നവരിൽ നമ്മെ തനിച്ചാക്കി മുന്നേ നടന്നവരിലേക്ക് ചേരുമെന്നതിൽ സംശയമേയില്ല. അവരോടൊപ്പം ചേരാന്‍ പോകുമ്പോ നമ്മുടെ കയ്യില്‍ എന്തുണ്ട്? ജീവിതം മുഴുക്കെ പോയി കിടക്കേണ്ട മണ്ണിന്റെ ഭവനത്തെ ഓർത്ത്ന കണ്ണീർ പൊഴിച്ച് പാതിരയുടെ ഇരുട്ടിലും റബ്ബിലേക്ക് തലകുനിച്ചവർ പോയ വിജയത്തിന്റെ ലോകത്തെയാണ് നാമും ആശിക്കുന്നത്. നൻമയുടെ കണക്ക് പുസ്തകവുമായി മരണത്തെ കണ്ടു മുട്ടിയവര്‍ മാത്രമാണ് വിജയികള്‍.അല്ലാത്തവര്‍ എല്ലാം നഷ്ടപ്പെട്ടു സ്വന്തം ദുരവസ്ഥയെ പഴിക്കുകയല്ലാതെ വേറെ ഒരു വഴിയുമില്ല...



ഏതോ ഒരു മഹാൻ പറഞ്ഞതിങ്ങനെ: "മരണം എന്നത് കഴിഞ്ഞു പോയതിനെ അപേക്ഷിച്ച് ഏറ്റവും പ്രയാസമേറിയതും വരാനിരിക്കുന്നതിനെ അപേക്ഷിച്ച് ഏറ്റവും ലളിതവുമാണ്".