Thursday, August 21, 2014

കീഴന ഓർ എന്ന സംശുദ്ധ വെളിച്ചം - ഒരു ഓർമ്മ

രക്ഷിതാവിന്റെ അനുഗ്രഹ വർഷമായി പെയ്തിറങ്ങിയ മഴത്തൂള്ളി വരണ്ട ഭൂമിക്ക്‌ മുകളിലെ ജീവജാലങ്ങളിൽ ജൈവികതയുടെ ഹൃദയ രക്തമായി നിറയുന്നു. നനഞ്ഞു തെളിഞ്ഞ ഭൂമിക്കടിയിലേക്ക്‌ ഒലിച്ചിറങ്ങുന്നുവെങ്കിലും കാലമേറെ കഴിഞ്ഞാലും മണ്ണിനടിയിൽ ഭൗമോപരിതലത്തിൽ നാംബിടുന്ന ഇളം തളിരുകൾക്ക്‌ ജീവനേകുന്ന ജീവജലമാകുന്നു അതേ മഴത്തുള്ളി. ആ മഴത്തുള്ളികളിൽ നിന്നും വലിച്ചെടുക്കുന്ന ജീവാംശം സിരകളിലൊഴുകുന്ന പൂമരങ്ങൾ മലർവ്വാടികൾ തീർക്കാറുണ്ട്‌.

നാദാപുരം എന്ന  ഇൽമിന്റെ മലർവ്വാടിയിലെ പരിമളം പരത്തിയ ഒട്ടനേകം മലരുകളായ "ഓർ' മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഇരുപതാം നൂറ്റാണ്ട്‌ കണ്ട വിശുദ്ധ ജന്മം ശംസുൽ ഉലമ കീഴന ഓർ. ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരണു പോലും തിരുത്തപ്പെടാനില്ലാതെ പഠിച്ചത്‌ പ്രവർത്തിച്ച്‌ ജീവിതം തന്നെ മാതൃകയാക്കി കടന്ന് പോയ വിജ്ഞാനത്തിന്റെ സൂര്യ വെളിച്ചമായിരുന്നു കീഴന ഓർ..

ഏകദേശം 1905 ഇൽ നാദാപുരത്തെ പേരു കേട്ട 'എടവട്ടം' തറവാട്ടിൽ സൂപ്പി എന്നവരുടെ മകൻ കീഴന കുഞ്ഞ്യേറ്റി മുസ്ല്യാരുടെ മകൻ കുഞ്ഞമ്മദ് ഹാജിയുടെയും എളയടം ചാന്തോങ്ങിൽ കുഞ്ഞിച്ചാത്തു എന്നവരുടെയും മകനായി ഭൂമിലോകത്തേക്ക്‌ തന്റെ നിയോഗവുമായി അവിടുന്ന് പിറന്ന് വീണു.

നാദാപുരത്തിന്റെ പണ്ഡിത കുലപതികൾ വിരാചിച്ചിരുന്ന കാലത്തെ മഹത്തുകളായ ഓർമാരിൽ നിന്നും വിജ്ഞാനം നുകർന്ന് കേരളീയ ഇസ്ലാമിക ലോകത്തിന്റെ സംശയങ്ങളിലെ അവസാനവാക്കായി അവിടുന്ന് മാറാൻ കാലമേറേ വേണ്ടി വന്നില്ല. അവിടുന്നങ്ങോട്ട്‌ 95 വർഷം നീണ്ട ജീവിതത്തിലെ ഓരോ നിമിഷവും ചരിത്രമാകുകായിരുന്നു.



കരുണയുടെയും അനുകംബയുടെയും നിലക്കാത്ത പ്രവാഹമായിരുന്നു അവിടുന്ന്. അലിവും ദയയും കാഠിന്യത്തേക്കാൾ മികച്ചു നിൽക്കുന്ന മൃദുലമായ സ്വഭാവമായിരുന്നു അവിടുത്തേത്‌.

കുഞ്ഞുമക്കളോട്‌ പോലും അവർക്കിടയിൽ ഒരു കുട്ടിയായി കരുണയേകുന്ന ഹബീബിന്റെ തിരുസ്വഭാവമായിരുന്നു അവിടുത്തെ ജീവിതത്തിൽ തെളിഞ്ഞു കണ്ടത്‌.

വീട്ടുപണിയിൽ സഹായിക്കുമായിരുന്ന മുത്ത്‌ നബിയുടെ പകർത്തെഴുത്തായിരുന്നു ദർസ്സിലേക്ക്‌ പുറപ്പെടും മുമ്പ്‌ വീട്ടിലെ പാത്രങ്ങളിൽ മുഴുക്കെ കിണരിൽ നിന്നും വെള്ളം കോരി നിറച്ച്‌ പോന്നിരുന്ന ഓറുടെ ജീവിതം..!

തഖ്‌വയായിരുന്നു ആ ജീവിതം.

ആരാന്റെ പറംബിൽ അനുവദിക്കപ്പെട്ട സ്ഥലത്ത്‌ കൂടെയുള്ള വഴിയിൽ മഴ പെയ്ത്‌ ചെളി നിറഞ്ഞപ്പോ തൊട്ടപ്പുറത്ത്‌ കൂടി എല്ലാവരും പോകാൻ തുടങ്ങിയിട്ടും അവിടുന്ന് ചെളിയിലൂടെ നടക്കുന്നത്‌ കണ്ടപ്പോ ചോദിച്ചവരോട്‌ 'ആ ഭാഗത്ത്‌ കൂടെ ഉള്ള നടത്തം ഉടമ പൊരുത്തപ്പെട്ടോ എന്നറിയില്ലല്ലോ' എന്ന് പറഞ്ഞ തഖ്‌വാ..

വെറ്റില മുറുക്ക്‌ പതിവുണ്ടായിരുന്ന അവിടുന്ന് പള്ളിയുടെ ഒന്നാം നിലയിൽ നിന്ന് മുറുക്കിത്തുപ്പിയത്‌ ഓടിന്റെ മുകളിൽ നിന്നും വൈകീട്ട്‌ ദർസ്സ്‌ കഴിഞ്ഞ്‌ പോകും മുമ്പ്‌ താഴേത്തട്ടിൽ ഹൗളിൽ പോയി പാട്ടയിൽ വെള്ളം മുക്കി വന്ന് ഓട്‌ കഴുകി വൃത്തിയാക്കിയിരുന്ന തഖ്‌വാ..

ബിസ്ക്കറ്റ്‌ തിന്നുംബോൾ അതിന്റെ പൊടി നിലത്ത്‌ വീഴാതിരിക്കാൻ സൂക്ഷ്മമായി കുടിക്കാൻ വെച്ചിരിക്കുന്ന ബാർലി വെള്ളമിരിക്കുന്ന ഗ്ലാസ്സീൽ കാട്ടി മാത്രം പൊട്ടിക്കുന്ന തഖ്‌വാ..

ഹാ ആ ജീവിതം തന്നെ  തഖ്‌വയായിരുന്നു.

എളിമയും വിനയവും മുഖമുദ്രയായിരുന്നു അവിടുത്തെ തിരുജീവിതത്തിൽ. പഴങ്ങൾ കൂടുന്തോറും ഭാരം കാരണം താഴേക്ക്‌ ചില്ലകൾ താഴ്ത്തുന്ന മരത്തെ പോലെ ഇൽമിന്റെ ഘനം കൂടുന്തോറും ആ ശിരസ്സ്‌ വിനയം കൊണ്ട്‌ താഴേക്ക്‌ കുനിയുകയായിരുന്നു. ഒരു നാടിന്റെ തുടിപ്പും ഹൃദയവുമായിരുന്നു അവിടുന്ന്. ആരോഗ്യമുള്ള കാലമത്രയും കിലോ മീറ്ററുകൾ നടന്ന് വന്നായിരുന്നു അവിടുന്ന് നാദാപുരത്ത്‌ ദർസ്സ്‌ നടത്തിയിരുന്നത്‌. ആ പാദചലനങ്ങൾക്ക്‌ സാക്ഷിയായ വഴിയോരങ്ങൾ പോലും കരഞ്ഞിട്ടുണ്ടാകണം.


അവിടുത്തെ കരങ്ങൾ 'മുത്തപ്പെടാൻ ഉള്ളതല്ല, കൊത്തപ്പെടാൻ ഉള്ളതാണെന്ന്' ആയിരുന്നു വിനയത്തിന്റെ പാരമ്യത്തിൽ അവിടുന്ന് പറഞ്ഞ ന്യായം.എത്രത്തോളം വിനയം പൂർണ്ണതയാണ് എന്ന് പഠിപ്പിക്കുകയായിരുന്നു അവിടുന്ന്.ആ പൂർണ്ണതയോടുള്ള അടുപ്പം തന്നെയാണല്ലോ അവിടുത്തെ പൂർണ്ണരായി ഒരു സമൂഹം മുഴുക്കെ കാണാൻ കാരണമായത്.


ആ വിജ്ഞാന മഹാസമുദ്രത്തിൽ നിന്നും മുത്തുമണികൾ വാരിയെടുക്കാൻ ദിനേന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന്‌ ആളുകൾ എത്തുമായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിന്റെ സകലമാന ഫന്നുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച നിസ്തുലരായിരുന്നു അവർ. തിരു ശരീ അത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്യപ്പെടുംബോ സട കുടഞ്ഞെഴുന്നേറ്റ്‌ ഗർജ്ജിക്കുന്ന സിംഹമാകുമായിരുന്നു ഓർ.



എണ്ണിയാലൊതുങ്ങാത്ത ആയിരങ്ങളായ ശിഷ്യന്മാർ അവിടുത്തെ സമ്പത്താണ്‌. കൈരളിയുടെ ഇസ്ലാമിക മണ്ഡലത്തിൽ വെളിച്ചമായി നിൽക്കുന്ന ഒട്ടനേകം ഇൽമിന്റെ വന്മരങ്ങളായ പണ്ഡിത പ്രമുഖർ അവിടുത്തെ തിരുമുമ്പിൽ നിന്നും അറിവ്‌ വാരിക്കുടിച്ചവരാണ്‌. ചെറുപ്പത്തിന്റെ തിളപ്പുള്ള കാലത്ത്‌ അവിടുത്തെ ദർസ്സിൽ വന്നിരിക്കാൻ തുടങ്ങിയവരിൽ പലരും ആ തിരുജീവിതത്തിന്റെ അവസാനം വരെ നടന്ന ദർസ്സുകളിൽ സാവേശത്തോടെ പങ്കെടുത്തത്‌ നാദാപുരക്കാർക്ക്‌ സുപരിചിതമായ വസ്തുതയാണ്‌.


 അടുത്തുള്ള സ്ക്കൂളിൽ പഠിക്കുന്ന ചെറിയ പ്രായമായിരുന്ന സമയത്ത്‌ ഈയുള്ളവൻ തന്നെ കണ്ടിട്ടുണ്ട്‌ പ്രായമേറെ ചെന്ന ശിഷ്യന്മാർ ഓറുടെ അടുത്തിരിക്കാതെ ദൂരെ ഇരുന്ന് ദർസ്സിൽ കൂടുന്നത്‌. കൂടുതലും നരവന്ന തലകളും ചുളിഞ്ഞ ശരീരവും ഉള്ള പ്രായം ചെന്നവരായിരുന്നു.അല്ലെങ്കിലും അത്‌ അങ്ങനെ ആണല്ലോ..ഏറ്റവും നല്ലത്‌ ലഭിച്ചു കൊണ്ടിരുന്നവർ അതിൽ കുറഞ്ഞത്‌ കൊണ്ട്‌ തൃപ്തിപ്പെടുകയില്ലല്ലോ.


പുറകിലാക്കി നടന്നു നീങ്ങേണ്ട ദുനിയാവിലെ സൗകര്യങ്ങൾ അനുവദനീയമായത്‌ ഭൂരിപക്ഷവും ഒഴിവാക്കുക തന്നെയായിരുന്നു അവിടുത്തെ വഴി. വീട്ടിൽ കറണ്ട്‌ കണ്ണക്ഷൻ എടുക്കാൻ വേണ്ടി പലരും വർഷങ്ങളോളം ശ്രമിച്ചിട്ടും വേണ്ട എന്നായിരുന്നു മറുപടി. അവിടുത്തെ ജീവിതാവസാനകാലത്ത്‌ മാത്രമേ സമ്മതിച്ചുള്ളൂ. അനുവദനീയമായതിൽ നിന്നും തനിക്ക്‌ ആവശ്യമില്ലാത്തത്‌ വർജ്ജിക്കാത്തിടത്തോളം ഒരാളും മുത്തഖി ആവുകയില്ലെന്ന ഹബീബിന്റെ തിരുവാക്കിനെ അക്ഷരം പ്രതി പാലിച്ച്‌ യഥാർത്ഥ മുത്തഖിയാണെന്ന് തെളിയിക്കുകയായിരുന്നു അവിടുന്ന്..

ദുനിയവിയ്യായ ജീവിതത്തിലെ സുഖാസ്വാദനങ്ങളെ പറ്റി അവിടുന്ന് പറയാറുള്ളത്‌ ശിഷ്യരിൽ പ്രമുഖരായ ചേലക്കാട്‌ കുഞ്ഞാലി ഉസ്താദ്‌ അനുസ്മരിക്കുന്നത്‌ ഇങ്ങനെ:

"മംഗല (കല്യാണ) ദിവസത്തേക്ക്‌ വാങ്ങിവെച്ച ഡസൻ കണക്കിന്‌ മൂട അരിയിൽ (നാദാപുരം ഭാഗത്ത്‌ പറഞ്ഞു വരുന്ന ഒരു അളവ്‌ ആണ്‌ മൂട) അരിയിൽ നിന്ന് ഒരു ഇടങ്ങഴി തലേ ദിവസത്തെ അത്താഴോട്ടിന്‌ എടുത്ത്‌ പോയാൽ കുറഞ്ഞത്‌ കുറഞ്ഞത്‌ തന്നെ. ആതിന്‌ പരിഹാരമില്ലല്ലോ!"

ഒരു നാടിനെയാകെ കണ്ണുനീരിലാഴ്ത്തി, ആയിരക്കണക്കായ ശിഷ്യ ഗണങ്ങളെയാകമാനം വ്യസനത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിവിട്ട്‌ കൈരളിയുടെ ഇസ്ലാമിക ലോകത്തെ അനിഷേദ്ധ്യരായ പണ്ടിതരിലെ അവസാന കണ്ണിയും 2000 ഒക്റ്റോബർ 13 (റജബ്‌ 15) ന്‌ ആ താരകം കൂടെ പൊലിഞ്ഞു.
സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനായിരുന്നു അവിടുന്ന് മരണം വരെ.


പണ്ഡിത നക്ഷത്രങ്ങളെ പിൻപറ്റുന്നത്‌ സംഘടനയുടെ പേര്‌ നോക്കി ആയിപ്പോയ കാലത്തും അതിനപവാദമായി തന്റെ സംഘത്തിന്റെ അണികളല്ലാത്ത അഹ്ലുസ്സുന്നയുടെ മറ്റു സംഘടനകൾക്കും, ആദർശ്ശ വിരോധികൾ കൂടിയായ ജമാ അത്ത്‌, മുജാഹിദ്‌ സഹോദരന്മാർക്കും ഒരു മുസ്ലിമിന്റെ സ്വാഭാവികമായ ജീവിതത്തിൽ വരുന്ന അതിസങ്കീർണ്ണമായ കർമ്മശാസ്ത്ര വിഷയങ്ങളിൽ അന്തിമ വിധി ലഭിച്ചിരുബ്ബതും  തീർപ്പാക്കിയിരുന്നതും ആ തിരുമുഖത്ത്‌ വെച്ചായിരുന്നു..സംഘടനാ ബുദമന്യേ കേരളത്തിലെ ഉലമാക്കൾക്ക്‌ മുഴുക്കെ വഴികാട്ടിയായി അവിടുന്ന് ജീവിച്ചു.



'എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന തിരുവാക്യത്തിന്റെ പൂർത്തീകരണമായിരുന്നു അവിടുന്ന്. സ്ഫടിക സമാനം ശുദ്ധമായ ആ ജീവിതത്തിന്റെ സ്വകാര്യവും പരസ്യവും തഖ്‌ വയുടെ ഉദാത്ത മാതൃകയായിരുന്നുവെന്നതിൽ ഉൽപ്പതിഷ്ണു വിഭാഗങ്ങൾക്ക്‌ പോലും തർക്കമില്ല. ഒരു സംഘത്തിന്റെ അമരക്കാരനായി സുധീർഗ്ഘമായ കാലം ജീവിച്ചു തീർന്നിട്ടും എതിർ സംഘത്തിന്റെ അമരക്കാരനായിട്ട്‌ പോലും മഹാനരെ എതിർക്കാനോ ആ സംശുദ്ധിയെ ചോദ്യം ചെയ്യാനോ കേരളത്തിലെ ഒരു പുകൾ പെറ്റ പണ്ഡിത നിരയും തുനിഞ്ഞില്ല എന്നതാണ്‌ സത്യം..ഏതൊരു കാലവും മോഹിച്ചു പോകും തീർച്ചയായും ഇത്തരം തെളിനീർ പോലെ ശുദ്ധമായ ജീവിത വിശുദ്ധിയുള്ള ഉഖ്രവിയ്യായ പണ്ഡിതന്മാരെ..





ആ മഴത്തുള്ളി ഇന്നും പുതുനാംബുകൾക്ക്‌ വളവും ജീവനുമായി ഭൂമിക്കടിയിൽ സജീവമായി നിൽക്കുന്നു..ആ നക്ഷത്രവെളിച്ചം വഴിയറിയാതെ ഉഴറുന്ന കേരളീയ മുസ്ലിമീങ്ങൾക്ക്‌ ദിശാബോധം നൽകുന്ന പ്രകാശ ഗോപുരമായി ഇന്നും നില നിൽക്കുന്നു... ഇരുപതാം നൂറ്റാണ്ട്‌ കണ്ട ഈ അതുല്യ ജീവിതവിശുദ്ധിയുടെ സമ്പൂർണ്ണ മാതൃകയായ മഹാനരുടെ ബർക്കത്ത്‌ കൊണ്ട്‌ നാഥൻ നമ്മുടെ ഇരുലോകവും വിജയിപ്പിക്കട്ടെ..ആമീൻ

12 comments:

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...