Showing posts with label അനുസ്മരണക്കുറിപ്പുകൾ. Show all posts
Showing posts with label അനുസ്മരണക്കുറിപ്പുകൾ. Show all posts

Sunday, April 03, 2016

രണ്ടു ബഷീർ: വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം (Moulana Najeeb Moulavi)


കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ലഭിച്ചപ്പോളും അടുക്കാൻ പേടി തോന്നി. അകലെയിരുന്നു മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത്യുദാരനായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞേകിയ പേന കൊണ്ടുള്ള 'വിദ്യ' ജനകോടികളെ തന്നിലേക്കടുപ്പിച്ചു. വിശുദ്ധ ഖുർആനിലെ പ്രാരംഭമായിറങ്ങിയ സൂക്തത്തിൽ അല്ലാഹു എടുത്തു പറഞ്ഞ ആ ഔദാര്യത്തിന്റെ മഹദ്ഫലം. ' പേന കൊണ്ടെഴുതാൻ പഠിപ്പിച്ച റബ്ബ് അത്യുദാരൻ തന്നെ!'.

മൻസൂർ ഹല്ലാജിന്റെ "അനൽഹഖും" ശങ്കരാചാര്യരുടെ "അഹം ബ്രഹ്മാസ്മി" യും ഒന്നെന്നു ധരിച്ച് 'അനർഘനിമിഷ' വും മറ്റുമെഴുതിയ വൈക്കം മുഹമ്മദ് ബഷീറുമായി എനിക്കെന്തു ബന്ധം! സി. എൻ. അഹമ്മദ് മൗലവി പോലുള്ളവരുമായി സമ്പർക്കപ്പെട്ടും ചർച്ച ചെയ്തും മതം പഠിക്കുകയും കേവലം വിവർത്തനഗ്രന്ഥങ്ങളിലൂടെ മാത്രം ഖുർആൻ തെല്ലു പഠിക്കുകയും ചെയ്തു സ്വന്തം സമുദായത്തിലെ പല ആചാരങ്ങൾക്കും നേരെ ശരമെയ്‌തും ഒളിയമ്പുകളെറിഞ്ഞും പരിഹാസം ചൊരിഞ്ഞും കഥയെഴുതിയ ബഷീറുമായി എനിക്കെന്ത് ബന്ധം!. കേശവ്‌ദേവ്, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവർക്കൊപ്പം കുടിച്ചുപൂസായി കളിച്ചും പുളച്ചും തെറിപറഞ്ഞും ലക്കുതെറ്റി ജീവിച്ച ബഷീറുമായി എനിക്കെന്തു ബന്ധം?.

'സദാ മദ്യപാനവുമായി, അടുക്കുന്നവരെ തെറി പറഞ്ഞോടിക്കുകയും ഏതു വമ്പനെയും ശകാരിച്ചു പടിയിറക്കുകയും ചെയ്യു' മെന്ന് എം.ടി പരിചയപ്പെടുത്തിയ ഗുരു, യാത്രക്കിടയിൽ കാറു കേടായപ്പോൾ കടലാസ്സിൽ പൊതിഞ്ഞു കരുതിയ കുപ്പി പുറത്തെടുത്തു കുടിക്കാൻ നോക്കുമ്പോൾ കാലിക്കുപ്പിയെന്നു കണ്ടു ദേഷ്യം പിടിച്ചെങ്കിലും സഹജ നർമ്മത്തോടെ "പോയി തന്റെ സഹോദരനെ കൊണ്ടു വാടാ" എന്നാക്രോശിച്ചു പുറത്തേക്കെറിഞ്ഞ വർക്കിയുടെ സുഹൃത്ത്, എറണാകുളത്തെ ബുക്ക്‌സ്റ്റാളിൽ സുഹൃത്തുക്കൾക്കൊപ്പം സംഘം ചേർന്നു വൈകുന്നേരമായാൽ മദ്യപിച്ച് എത്രനേരം വേണമെങ്കിലും നേരംപോക്കു പറയുന്ന തകഴിയുടെ ചങ്ങാതി, ഈ ബഷീറുമായി എനിക്കെന്തു ബന്ധം? !

ഉണ്ട്. ആത്മബന്ധം തന്നെയുണ്ട്. അദ്ദേഹം മുസ്ലിമായിരുന്നു. മുസ്ലിമെന്നു പറയുന്നതിൽ അഭിമാനി. മുസ്ലിം കഥാപാത്രങ്ങളെ വച്ച് ഇസ്‌ലാമിക കുടുംബപശ്ചാത്തലത്തിൽ കഥയെഴുതിയ അഥവാ കഥ പറഞ്ഞ മതഭക്തൻ. അണ്ഡ കടാഹങ്ങളെയും മഹാ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെയും അവന്റെ കരുണയെയും ദിവ്യഗ്രന്ഥമായ വിശുദ്ധ ഖുർആനെയും സാഹിത്യ ലോകത്തു നെഞ്ചുറപ്പോടെ എഴുന്നള്ളിച്ച സാഹിത്യകാരൻ. വർഗ്ഗീയ മാനസർക്കു പോലും ചൊടിപ്പും അറപ്പുമുളവാക്കാതെ അഥവാ പ്രകടിപ്പിക്കാൻ അവസരം നൽകാതെ ഇസ്‌ലാമിനെയും മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും സാങ്കേതിക മൊഴികളെയും പോലും കഥാവിശയമാക്കിയ മറ്റാരെ തനിക്കൊപ്പം പറയാനാവും!. 'ഭഗവത് ഗീതയും കുറേ മുലകളും' എന്നു മഹാഭാരതത്തിൽ നിന്നു കൊണ്ട് ചിരിച്ചു പറയാൻ വേറെയാരെകൊണ്ടാവും!.

ബഷീറിന്റെ കഥകൾ വിലയിരുത്താൻ ഞാനാരുമല്ല. മലയാളക്കരയിലെ മാത്രമല്ല, സാഹിത്യ ലോകത്തെ മുടിചൂടാമെന്നന്മാർ ബഷീർ കൃതികൾ വായിച്ചു പ്രവിശാലമായ അർത്ഥ തലങ്ങളും ബഷീർ പോലും നിനച്ചിരിക്കാൻ വഴിയില്ലാത്ത വ്യാഖ്യാനങ്ങളും നൽകി വിലയിരുത്തുമ്പോൾ , അവിടെ നമുക്കെന്ത്?!. ഇല്ലാതില്ല!. സഹൃദയത്വമെന്തെന്നറിയാത്ത, 'അമർചിത്രകഥ' വായിക്കുന്ന കൊച്ചു കുട്ടികളും ബഷീർ സാഹിത്യത്തിന്റെ സഹൃദയരാണല്ലോ. അതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു തന്നെ പള്ളി ദർസിലിരുന്നു ഞാനും ആ കഥകൾ ആസ്വദിച്ചത്. ബഷീർ കൃതികളിൽ ചിലതേ വായിക്കാൻ കിട്ടിയുള്ളൂവെന്നായിരുന്നു ധാരണ. ഇനിയും ധാരാളം കാണുമെന്നും. അന്തരിച്ച ബഷീറിനെപ്പറ്റി വായിച്ചപ്പോൾ തന്റെ കൃതികളെകുറിച്ചു നോക്കി. 32 കൃതികളേയുള്ളൂ. 'ബഷീർ സമ്പൂർണ്ണ കൃതികൾ' കൂടാതെ എല്ലാം വായിച്ചവ. ചിലതു പലവട്ടം.

ഇപ്രകാരം പഠിപ്പും വിവരവുമില്ലാത്ത നൂറുനൂറായിരം പേർ കാണും ബഷീർ സാഹിത്യത്തിന്റെ ആസ്വാദകരിൽ. ഇവരിലേറെയും പേർക്ക് ഭിന്നഭിന്ന വ്യാഖ്യാനങ്ങളും കാണും. കഥകളെ പറ്റി ഓ.എൻ.വി യും എം.ടി യും എൻ.പി. മുഹമ്മദും ടി. പത്മനാഭനും എം.എൻ വിജയനും എം.എം ബഷീറും യു.എ ഖാദറുമൊന്നും ഇതുവരെ കുറിച്ചിട്ടില്ലാത്ത, ഓർത്തിരിക്കാത്ത വ്യാഖ്യാനങ്ങൾ. ഇതാണ് ബഷീറിന്റെ വിജയം. കൊച്ചു കുട്ടികൾക്കും പടുവൃദ്ധന്മാർക്കും ബഷീർ ബഷീർ തന്നെ. അവരുടെയെല്ലാം സദാ അനുഭവങ്ങളാണ് ബഷീർ കഥയാക്കിയത്. ആടുകാരി പാത്തുമ്മയും ആടു പ്രസവിക്കുന്നതു തടസ്സമില്ലാതെ 'മുന്നംകണ്ട' തിൽ ഊറ്റം കൊള്ളുന്ന അബിയും പാത്തുകുട്ടിയും ഏതു വീട്ടിലാണില്ലാത്തത്! 'രണ്ടാനപ്പൂട' ക്കു വേണ്ടി കൊലകൊമ്പനാനയുടെ വാലിൽ കടിച്ചു പല്ലു കൊണ്ടു കരണ്ടു മുറിക്കാൻ ശ്രമിച്ചത് ബഷീറിന്റെ മാത്രം അനുഭവമാകാം.! എന്നാൽ അതിനു നിർബന്ധിച്ച വികാരം എല്ലാരുടേതുമാണ്.

എല്ലാവരും മനസ്സിലാക്കിയിട്ടുള്ള ഒന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചാരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്നേഹം. തിരുനബിയുടെ ഒരു ഹദീസ് ഇങ്ങനെ : സകല ചാരാചരങ്ങളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു നിർദേശിച്ചിരുന്നു. തീറ്റക്ക് വേണ്ടി മൃഗത്തെ അറുക്കുമ്പോൾ പോലും വധരീതി നന്നാക്കുക തീറ്റമൃഗത്തോടുള്ള കടപ്പെട്ട ഇഹ്‌സാനാണ്. (മുസ്‌ലിം). ഇത് ബഷീറിന്റെ പ്രകൃതമായിരുന്നു. മനുഷ്യരും മൃഗങ്ങളും മാത്രമല്ല, അചേതന വസ്തുക്കളും, കരുണയും സ്നേഹവും അർഹിക്കുന്നതായി ബഷീർ വരച്ചറിയിച്ചിട്ടുണ്ട്.



ഹാസസാഹിത്യത്തിലെ അത്യുത്‌കൃഷ്ട പടവിലായിരുന്നു ബഷീർ നിലയുറപ്പിച്ചത്. ജീവിതത്തിന്റെ തന്നെ വ്യഥാത്മകമായ വൈരുദ്ധ്യങ്ങളെയും പൊരുത്തക്കേടുകളെയും കരുണാപൂർവ്വം വീക്ഷിക്കുന്നതിൽ നിന്നുളവാക്കുന്ന ഹാസമാണ് അത്യുൽക്കൃഷ്ടം. ഇവിടെ ചിരിയും കരച്ചിലും പരസ്പരം മേളിക്കുന്നതും ഹാസം ജീവിത ചിന്തനവും നിരൂപണവുമായി പരിണമിക്കുന്നതും കാണാം. ഇത്തരം ഹാസം ക്രാന്തദർശികളായ മഹാ സാഹിത്യകാരന്മാരിൽ നിന്നേ പുറപ്പെടുകയുള്ളൂ.

ബഷീറിനെ കുറിച്ചോർക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ഒരറബി സാഹിത്യകാരനുണ്ട്, അബൂനുവാസ് (ഹി: 145- 195). സുപ്രസിദ്ധ അറബിക്കവി. നിമിഷകവി. കവിയായി ജനിച്ചയാൾ. തികഞ്ഞ താന്തോന്നി. സദാചാരാ രഹിത ജീവിതം. മദ്യപാനി. എല്ലാവിധ സുഖഭോഗങ്ങളിലും സന്തോഷം കണ്ടായാൾ. ബഷീറീന്റെ കഥാപാത്രമായ 'പുരുഷവേശ്യ' യുമായി രമിക്കുന്നയാൾ. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് മദിക്കും. ഒരിക്കൽ താൻ മദ്യപാനം നിർത്തി എന്ന് കേട്ട് അഭിനന്ദിക്കാൻ വന്ന ഒരു സുഹൃത്തിനെയും മുന്നിലിരുത്തി ഒരു റാത്തൽ വീതം കുടിച്ചുകൊണ്ടിരുന്നുവത്രെ അയാൾ. അപ്പോളും പരമകാരുണികനായ, അണ്ഡകടാഹങ്ങളെ പടച്ച തന്റെ രക്ഷിതാവിൽ പ്രതീക്ഷയായിരുന്നയാൾക്ക്. അദ്ദേഹം പാടും :

"എത്രയും പാപം ചെയ്തോ! കരുണാമയനും പാപമോചകനുമായ റബ്ബിന്റെ മുമ്പിലാണെത്തുക. അവിടെയെത്തുമ്പോൾ നിന്റെ എല്ലാ പാപങ്ങളും അവൻ പൊറുക്കും. കരുണാമയനായ മഹാരാജാവും യജമാനനുമാണവൻ. നരകവും പേടിച്ച് ഇവിടത്തെ സന്തോഷങ്ങൾ കളഞ്ഞുകുടിച്ചാൽ പരമ ദയാലുവായ അല്ലാഹുവിങ്കൽ ഖേദിച്ചു കൈ കടിക്കേണ്ടി വരും..!"

തന്റെ കവിതയിൽ തുളുമ്പുന്ന നന്മകൾ മൂലം അന്നത്തെ സദ്ജനങ്ങൾക്കും അബൂനുവാസിനോട് വെറുപ്പില്ല. താന്തോന്നിത്തത്തിൽ പ്രതിഷേധമുണ്ടെങ്കിലും. അല്ലാഹുവിനെ പറ്റിയുള്ള അചഞ്ചലവിശ്വാസവും അളവറ്റ ആശയും തന്റെ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ സമകാലികനാണ് സർവ്വസംഗപരിത്യാഗിയും സൂഫിവാര്യനുമായ അബുൽ അതാഹിയ്യ. അദ്ദേഹം പറഞ്ഞു: " സുഹ്ദിന്റെ (ദുൻയാവുമായി മനസ്സിന്റെ ബന്ധം വിച്ഛേദിക്കൽ) കാര്യത്തിൽ ഇരുപതിനായിരം വരികൾ ഞാൻ ചൊല്ലിയിട്ടുണ്ട്. പക്ഷെ അവയെല്ലാം അബൂനുവാസിന്റെ മൂന്നേ മൂന്ന് വരികൾക് പകരം നിൽക്കില്ല. സ്വയം ശാസിച്ചുകൊണ്ടുള്ള ആ വരികളുടെ ആശയം ഇതാണ്.

" ഓ നുവാസ്, നീ അല്ലാഹുവിനെ ഭയക്കുക!. നിന്റെ ദുർഗതിയിൽ സഹതപിക്കുക, ക്ഷമിക്കുക. ജീവിതം നിനക്ക് ദുഃഖം സമ്മാനിച്ചിട്ടുണ്ടെങ്കിൽ നിനക്കത് സന്തോഷം പകർന്ന അനർഘ നിമിഷങ്ങൾ അതേക്കാൾ കൂടുതൽ കാണും! ഓ മഹാപാപീ, നിന്റെ പാപമോർത്ത് നീ പിന്മാറേണ്ട. അല്ലാഹുവിന്റെ മാപ്പ് നിന്റെ പാപത്തേക്കാൾ എത്രയോ വലുതാണ്. !"

അബുൽ അത്വാഹിയ അബൂനുവാസിനെ കുറ്റപ്പെടുത്തുകയും തന്റെ കുത്തഴിഞ്ഞ ജീവിതം ഒന്നു നിർത്തണമെന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം ചൊല്ലിയ കവിത ഇങ്ങനെ:

"അല്ലയോ അബൂ അതാഹീ ; ഞാനെന്റെ സുഖഭോഗങ്ങൾ നിർത്തുമെന്നാണോ നിന്റെ വിചാരം?!. ഇബാദത്തുമായി കഴിഞ്ഞു കൂടി ഞാനെന്റെ പേരും കീർത്തിയും നശിപ്പിക്കുകയോ?!". 

കുറ്റപ്പെടുത്തൽ വല്ലാതെ ഗൗരവം പൂണ്ടപ്പോൾ അബൂ നുവാസ് പാടി: 

"സ്വന്തം മനഃസാക്ഷിയിൽ നിന്നു തന്നെ ഉൾവിളിയില്ലാതെ ശരീരം ദുഷ്ചെയ്‌തികളിൽ നിന്നു വിരമിക്കുകയില്ല"


ഇതേ അബൂ നുവാസിനെ കുറിച്ചു മുഹമ്മദിബ്നു നാഫിഅ (റ) പറയുന്നു: 

"ഞാനും അബൂനുവാസും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവസാന കാലത്ത് ഒന്നു പിണങ്ങി. പിന്നീട് ഞാൻ കേട്ടത് അയാളുടെ മരണ വാർത്തയാണ്. ഞാൻ ദുഃഖ വിവശനായി. അങ്ങനെയിരിക്കെ, ഞാനൊന്നു മയങ്ങി. ഉറക്കമല്ല. അപ്പോഴുണ്ട് അബൂ നുവാസ് ! ഞാൻ വിളിച്ചു: അബൂ നുവാസ് ! അദ്ദേഹം പറഞ്ഞു: ഇവിടെ ഓമനപ്പേരുകൾക്ക് സ്ഥാനമില്ല. ഞാനപ്പോൾ തന്റെ ശരിപ്പേർ (ഹസനുബ്നു ഹാനിഉ) വിളിച്ചു. അദ്ദേഹം വിളികേട്ടു. ഞാൻ ചോദിച്ചു. അല്ലാഹു താങ്കളെ എന്തു ചെയ്തു?

"ഞാൻ മരിക്കും മുമ്പു രോഗശയ്യയിൽ വച്ചു ചൊല്ലിയ കവിത മൂലം എന്നോടവൻ എല്ലാം ക്ഷമിച്ചു. ആ കവിത എന്റെ വിരിപ്പിനടിയിലുണ്ട്".

ഞാൻ മയക്കം വിട്ടെഴുന്നേറ്റു. നേരെ തന്റെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ വീട്ടുകാർ പൊട്ടിക്കരഞ്ഞു. ഞാൻ ചോദിച്ചു: 

"എന്റെ പ്രിയ സുഹൃത്ത് മരിക്കും മുൻപു വല്ല കവിതയും ചൊല്ലിയിരുന്നോ?" 

"ഞങ്ങൾ അറിയില്ല. മഷിക്കുപ്പിയും പേനയും കടലാസും ആവശ്യപ്പെട്ടു മേടിച്ചു എന്തോ അതിൽ കുറിച്ചിരുന്നു. അതെന്തെന്ന് ഞങ്ങൾ അറിയില്ല. "

"എനിക്കൊന്നദ്ദേഹത്തിന്റെ റൂമിൽ പ്രവേശിക്കാൻ അനിവാദം തരുമോ?". അനുമതി ലഭിച്ചു. ഞാൻ റൂമിൽ കടന്നു. താൻ കിടന്ന കിടപ്പറയിലെ വസ്ത്രങ്ങൾ പോലും അനക്കിയിട്ടില്ല. ഞാൻ വിരിപ്പുയർത്തി. ഒന്നും കണ്ടില്ല. ഒരു വിരിപ്പു കൂടി പൊക്കി. അതാ കിടക്കുന്നു ഒരു കടലാസ്. അതിലിങ്ങനെ.

"എന്റെ നാഥാ! എന്റെ പാപച്ചുമട് വളരെ വലുതെങ്കിലും നിന്റെ മാപ്പും ക്ഷമയും അതിലും മഹത്താണെന്നു എനിക്കു വിശ്വാസമുണ്ട്. സദ്‌വൃത്തർക്ക് മാത്രമേ നിന്നോട് പ്രാർത്ഥിക്കാൻ അവകാശമുള്ളൂവെങ്കിൽ, പാപികൾ മറ്റാരോട് പ്രാർത്ഥിക്കാൻ! ആരെ ആശിക്കാൻ! എന്റെ നാഥാ! നിന്റെ കൽപ്പന പോലെ ഞാനിതാ നിന്നോട് കേഴുന്നു. എന്റെ കൈകൾ നീ മടക്കുമെങ്കിൽ എന്നോട് കരുണ കാണിക്കാൻ മറ്റാരുണ്ട്! ഇതാ, നാഥാ! ഈ അടിയന്റെ കൈവശം നിങ്കലേക്കൊന്നുമില്ല. നിന്നെകുറിച്ചു ജീവിതമാസകലം ഞാൻ വച്ചുപുലർത്തിയ പ്രതീക്ഷയും നിന്റെ മാപ്പുമല്ലാതെ! എന്തായാലും ഞാനൊരു മുസ്ലിമാണല്ലോ "

നമ്മുടെ ബഷീറും ഒരു മുസ്ലിമാണ്. പരമകാരുണികനായ റബ്ബിൽ പ്രതീക്ഷയുള്ള മുസ്‌ലിം. പരപ്രേരണയില്ലാതെ മദ്യപാനം തന്നിൽനിന്നുള്ള ഉൾവിളിമൂലം നിർത്തിയ മുസ്‌ലിം. നോക്കൂ. അടുത്തറിയുന്ന എം.ടി തന്റെ ഗുരുവിനെക്കുറിച്ചെഴുതി.

"വർഷങ്ങൾ കഴിഞ്ഞു. ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി! പലർക്കും അമ്പരപ്പു തോന്നി. 'ന്റപ്പൂപ്പ' യും മറ്റും എഴുതിയ ബഷീർ ഈശ്വര വിശ്വാസിയായിരുന്നു. മതഭക്തനുമായിരുന്നു...... എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനൊരു മുസൽമാനാണു!...... പിശുക്കിന്റെ പേരിൽ ഞാൻ പലപ്പോളും പരിഹസിക്കാറുള്ള അദ്ദേഹം മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ സ്വീകരിച്ചവർ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്".

ഇതാ പൊൻകുന്നം വർക്കി സുഹൃത്തിനെ പറ്റി : 

"രണ്ടു ബഷീർ എന്റെ ഓർമ്മയിലുണ്ട്. കുടിക്കുന്ന ബഷീറും കുടി നിർത്തിയ ബഷീറും. ബഷീറിലെ വീണ്ടുവിചാരക്കാരനാണ് രണ്ടാമത്തെ ബഷീറിന്റെ സ്രഷ്ട്ടാവ്." "നിസ്കാരത്തെ അവൻ ബഹുമാനിക്കും എന്നാൽ നിസ്കരിക്കില്ല". എന്ന് പറഞ്ഞ വർക്കിയുടെ ബഷീറിന് പകരം ഒ. എൻ.വി പരിചയപ്പെടുത്തുന്ന മറ്റൊരു ബഷീർ.

"ഞങ്ങൾ എല്ലാം ഉറങ്ങിക്കിടക്കുമ്പോൾ ആ മുറിയുടെ (തൃശ്ശൂരിലേ സാഹിത്യ അക്കാദമി ഗസ്റ്റ് റൂം) ഒത്ത മധ്യത്തിൽ ഒരു തോർത്തു വിരിച്ചിരുന്നു പലപ്പോഴും ബഷീർ നിസ്കരിക്കുന്ന ചിത്രം ഞാൻ ഓർക്കുന്നു. ബഷീർ പരമാകാരുണികനെന്നു പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്നേഹമഹാശക്തിയിൽ ആത്മലയം പൂണ്ടിരിക്കുന്ന ആ ഇരിപ്പ്, കുനിഞ്ഞു നിലത്തു നെറ്റി മുട്ടിക്കുന്നത് നിശ്ശബ്ദതക്ക് ഒരു പോറലുമേൽപ്പിക്കാതെ ഞങ്ങൾ നോക്കിയിരുന്നിരുന്നു".

ഇതാണ് ബഷീർ. രണ്ടു ബഷീറുകൾ ചേർന്ന ഇമ്മിണി ബല്യ ബഷീർ! അബുനുവാസിന്റെ അവസാന വരികളെപ്പോലെ ജീവിതാവസാനം " അന്തിമകാഹള" മെഴുതിയ ബഷീർ. എല്ലാ കൃതികളിലെയും ശൈലിയിൽ അന്തിമ കാഹളത്തിനും മംഗളം നേർന്ന ബഷീർ!. ആ ബഷീറിന് പാപമോചനത്തിന്നും പരലോക സുഖത്തിനും പ്രാർത്ഥിച്ചു കൊണ്ട്. വിനയപൂർവ്വം...........

(1994 സെപ്തംബർ ലക്കം ബുൽബുൽ മാസികയിൽ മൗലാനാ നജീബുസ്താദ് എഴുതിയ കുറിപ്പ്. "അനുസ്മരണക്കുറിപ്പുകൾ" എന്ന മൗലാനയുടെ പുസ്തകത്തിലും വായിക്കാം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Wednesday, October 14, 2015

ശൈഖുനാ കെ. അലവി മുസ്ലിയാർ - ഓർമ്മയുടെ തിളക്കം

വീണ്ടും അവിടുത്തെ തിരുജീവിതത്തിന്റെ ഓർമ്മപ്പെടുത്തലുകൾ തഴുകി ഉണർത്തുന്ന വിശുദ്ധ മുഹർറം മാസം വന്നണഞ്ഞു. മൂന്നു വർഷങ്ങൾക്ക് മുമ്പ് മുഹർറം 14 ന്റെ അന്നാണ് ആ പുണ്യവെളിച്ചം ഭൗതികമായ നിറപ്രകാശത്തിന്റെ തിരി അണച്ചത്.

ഒരു മനുഷ്യന്റെ ജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരായുഷ്ക്കാലം കൂടെ നടക്കണം എന്നില്ല, മറിച്ച്‌ അവരുടെ ജീവിതത്തിന്റെ ഛായമടിക്കാത്ത സ്വകാര്യ നിമിഷങ്ങളെ പറ്റി അർഹരും വിശ്വസ്തരുമായ ആളുകൾ വിവരിക്കുന്ന കേവലം ചില നിമിഷങ്ങളുടെ അനുഭവം മതിയാകും..

ഇമാമീങ്ങളായി മുസ്ലിം ലോകം അംഗീകരിക്കുന്ന സകല മഹാന്മാരുടെ ജീവിതവും അങ്ങനെ തന്നെയാണ്‌. ഒരു നിമിഷം അല്ലെങ്കിൽ ഒരു നിമിഷത്തെ അനുഭവം തന്നെ അവരുടെ ആയുഷ്ക്കാലം വിവരിക്കാൻ പര്യാപ്തമാകും. പളുങ്ക്‌ സമാനം ശുഭ്രമായ മനസ്സുമായി ജീവിതം മുഴുക്കെ അല്ലാഹുവിന്റെ ദീനിന്റെ ഉലൂമുകളുമായി ജോലിയായി ബർസഖിന്റെ മറക്കപ്പുറത്തേക്ക്‌ നീങ്ങിയ എത്ര എത്ര വിശുദ്ധ നക്ഷത്രങ്ങൾ..!

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാവും വണ്ടൂർ ജാമിഅ വഹബിയ്യയുടെ പ്രിൻസിപ്പാളും ആയിരുന്ന ശൈഖുനാ കെ. അലവി മൗലവി അവർകളുടെ (വഫാത്ത്‌: 2012 നവംബർ) പുണ്യജീവിതത്തിന്റെ സകല മാധുര്യവും ചീന്തിയെടുത്ത്‌ ഒട്ടിച്ച പോലെയുള്ള, ഒരൽപ്പം നിറകണ്ണുകളോടെ വായിക്കാവുന്ന ചെറുകുറിപ്പ്‌ അവിടുത്തെ മകൻ മുഹമ്മദ്‌ ശരീഫ്‌ എഴുതിയത്‌ നുസ്രത്തിൽ വായിച്ചത്‌ ഓർക്കുന്നു.

മകന്റെ ഓർമ്മക്കുറിപ്പ്‌ തീരുന്നത്‌ ഇങ്ങനെ:

"രാവിലെ മൂന്നു മണിക്കോ നാലു മണിക്കോ മൂത്രമൊഴിക്കാൻ ഉറക്കച്ചവടോടെ എഴുന്നേൽക്കുന്ന എന്റെ കാതുകളെ വരവേറ്റിരുന്നത്‌ 'അല്ലാഹുവേ, നീ എന്നെ സ്വീകരിക്കില്ലേ ! നിന്റെ ഇഷ്ടക്കാരിൽ എന്നെ പെടുത്തില്ലേ' തുടങ്ങി നിസ്ക്കാരപ്പായയിലിരുന്ന് ഉപ്പ നടത്തിയ ഗദ്ഗദങ്ങളായിരുന്നു'..!!!"

(നുസ്രത്തുൽ അനാം 2013 ജനുവരി)



ദേഹസുഖത്തിന്റെ പരിപാലനത്തിന്‌ ഉറക്കത്തിന്റെ പിടി വിട്ടു പോകാതെ മൂത്രമൊഴിച്ച്‌ തിരിച്ച്‌ കിടക്കയിലേക്ക്‌ മലർന്നടിച്ചു വീഴാൻ തത്രപ്പെടുന്ന നാം ഓരോരുത്തരുടെയും പുലർച്ച നേരത്തെ മൂന്നു മണികളും നാലു മണികളും, ആരുമാരും ഇടയിലില്ലാതെ ഇലാഹീ സവിധത്തിലേക്ക്‌ സർവ്വ സുഖങ്ങളും മറന്ന്, ശരീരവും മനസ്സും സമർപ്പിച്ച്‌ കണ്ണുനീർ വീഴ്ത്താനുള്ളതായിരുന്നു അവർക്ക്‌..

നൂറ്റാണ്ടുകളുടെ ഇന്നലേകളിലെ വിശുദ്ധ താരകങ്ങളുടെ ജീവിതത്തെ അവിശ്വസനീയതയുടെ കണ്ണോടെ നോക്കുന്ന നമുക്ക്‌ ചുറ്റും ഇന്നുമുണ്ട്‌ ഈമാനിന്റെ പ്രകാശം തുളുംബുന്ന ഹൃദയവും ഉള്ളിലെ വേളിച്ചം അപ്പടി തെളിഞ്ഞു കാണുന്ന ജീവിത ശുദ്ധിയുമുള്ള താരകങ്ങൾ. കുറ്റിയറ്റു പോകാത്ത നന്മയുടെ വന്മരങ്ങളായി..

എല്ലാത്തിലും വലുത്‌ അവന്റെ സ്വീകരണമാണ്‌, അവന്റെ പൊരുത്തമാണ്‌ എന്ന് വിശ്വസിച്ചുറപ്പിച്ച്‌ ഋജുവായ മാർഗ്ഗത്തിലൂടെ തഖ്‌വായുടെ ഉദാത്ത മാതൃകകളായി ജീവിച്ചവർ തന്നെയാണ്‌ അവന്റെ ഇഷ്ടക്കാർ.

الذين آمنوا وكانوا يتقون

എന്നെന്നും ഉപകരിക്കുന്ന അറിവ്‌ എന്ന ദിവ്യവെളിച്ചം ആയിരുന്നു അവരുടെ സമ്പാദ്യം. അതാകട്ടെ നിലക്കാത്ത സമ്മാനങ്ങൾ അവന്റെ മണ്ണറയിലേക്ക്‌ എത്തിക്കുന്നു..

ആ തിരുനാവിൽ നിന്നും ഒഴുകിയിരുന്ന ഐഹിക വിരക്തിയുടെയും പരലോകമോഹത്തിന്റെയും സമർപ്പണ മനോഭാവത്തിന്റെയും ഉണർത്തുപാട്ടുകളായ സുന്ദര ശൈലിയിലെ പ്രസംഗങ്ങൾ എത്രയെത്ര വഅള് സദസുകളിലാണ് വിചിന്തനത്തിന്റെയും തിരിഞ്ഞു നടക്കലിന്റെയും തീപ്പൊരി ആളുകളുടെ മനസ്സുകളിൽ കോരിയിട്ടത്..!

കേരളീയ മുസ്ലിം സമൂഹത്തിനാകമാനം നേരായ വഴിയുടെ വെളിച്ചമായി പ്രഭാഷണ, പ്രസാധന, ദർസീ രംഗത്തെ ഉജ്വലപ്രഭാവമായ മൗലാനാ നജീബ് മൗലവി എന്ന ഒരേ ഒരു ശിഷ്യർ മാത്രം മതിയാകും കഥാപുരുഷനായ ശൈഖുനാ അലവി ഉസ്താദിന്റെ പ്രഭാവവും ഇരുത്തം വന്ന വിജ്ഞാന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു എന്നതിന്റെ സാക്ഷ്യവും. അങ്ങനെ അറിയപ്പെട്ടതും അറിയപ്പെടാത്തതും ആയ ഒട്ടനേകം പ്രതിഭാധനരായ ശിഷ്യന്മാർ. അവരിലൂടെ കേരളത്തിന്റെ മണ്ണിൽ നിറയുന്ന വൈജ്ഞാനിക മുത്തുമണികൾ മുറിയാത്ത ധാരയായി അവിടുത്തെ തിരു ഖബ്'റിലേക്ക് അനുഗ്രഹത്തിന്റെ തെളിനീരോഴുക്ക് സൃഷ്ടിക്കും എന്നത് ഉടയാത്ത പ്രതീക്ഷയാണ്.

ان الإله واهل كل سمائه

والارض حتى الحوت مع نمل الفلا

كل يصلي يا حبيب على الذي

قد علًم الخير الأناس محصلا

നാഥന്റെ പൊരുത്തത്തെ മാത്രം മോഹിച്ച, നല്ല നല്ല ദീനീ വിജ്ഞാനീയങ്ങൾ ജനങ്ങൾക്ക്‌ പഠിപ്പിച്ച ശരിയായ ഉലമാക്കൾക്ക്‌ വേണ്ടി സമുദ്രത്തിലെ മൽസ്യങ്ങൾ, കരയിലെ ഉറുംബുകൾ എന്ന് വേണ്ട ആകാശഭൂമി ലോകത്തെ സകലതും പോറുക്കലിനെ തേടുകയും അല്ലാഹുവിന്റെ റഹ്മത്‌ അവർക്ക്‌ മേൽ സദാ വർഷിക്കപ്പെടുകയും ചെയ്യുക തന്നെ ചെയ്യുമെന്നത്‌ മഹത്‌ വചനങ്ങളിൽ വന്നത്‌ മഹാനരിൽ പുലർന്ന് കാണട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ അവരോടുള്ള കടപ്പാടുകൾ തീർക്കാൻ നമുക്കെന്ത്‌ ചെയ്യാൻ കഴിയും..!

അർഹമായതിലേറെ ജസാ അവിടുത്തേക്ക് നീ നൽകണേ അല്ലാഹ് - അവിടുത്തെ പിന്നിലായി ദുനിയാവിൽ എങ്ങനെ അണിനിരന്നോ അത് പോലെ നിന്റെ പരീക്ഷണങ്ങളുടെ ലോകത്തും അവരുടെ പിന്നിലായി വിജയിച്ചവരുടെ കൂട്ടത്തിലേക്ക് ഞങ്ങളെ നീ ചേർക്കണേ നാഥാ..ആമീൻ

Thursday, August 21, 2014

കീഴന ഓർ എന്ന സംശുദ്ധ വെളിച്ചം - ഒരു ഓർമ്മ

രക്ഷിതാവിന്റെ അനുഗ്രഹ വർഷമായി പെയ്തിറങ്ങിയ മഴത്തൂള്ളി വരണ്ട ഭൂമിക്ക്‌ മുകളിലെ ജീവജാലങ്ങളിൽ ജൈവികതയുടെ ഹൃദയ രക്തമായി നിറയുന്നു. നനഞ്ഞു തെളിഞ്ഞ ഭൂമിക്കടിയിലേക്ക്‌ ഒലിച്ചിറങ്ങുന്നുവെങ്കിലും കാലമേറെ കഴിഞ്ഞാലും മണ്ണിനടിയിൽ ഭൗമോപരിതലത്തിൽ നാംബിടുന്ന ഇളം തളിരുകൾക്ക്‌ ജീവനേകുന്ന ജീവജലമാകുന്നു അതേ മഴത്തുള്ളി. ആ മഴത്തുള്ളികളിൽ നിന്നും വലിച്ചെടുക്കുന്ന ജീവാംശം സിരകളിലൊഴുകുന്ന പൂമരങ്ങൾ മലർവ്വാടികൾ തീർക്കാറുണ്ട്‌.

നാദാപുരം എന്ന  ഇൽമിന്റെ മലർവ്വാടിയിലെ പരിമളം പരത്തിയ ഒട്ടനേകം മലരുകളായ "ഓർ' മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഇരുപതാം നൂറ്റാണ്ട്‌ കണ്ട വിശുദ്ധ ജന്മം ശംസുൽ ഉലമ കീഴന ഓർ. ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരണു പോലും തിരുത്തപ്പെടാനില്ലാതെ പഠിച്ചത്‌ പ്രവർത്തിച്ച്‌ ജീവിതം തന്നെ മാതൃകയാക്കി കടന്ന് പോയ വിജ്ഞാനത്തിന്റെ സൂര്യ വെളിച്ചമായിരുന്നു കീഴന ഓർ..

ഏകദേശം 1905 ഇൽ നാദാപുരത്തെ പേരു കേട്ട 'എടവട്ടം' തറവാട്ടിൽ സൂപ്പി എന്നവരുടെ മകൻ കീഴന കുഞ്ഞ്യേറ്റി മുസ്ല്യാരുടെ മകൻ കുഞ്ഞമ്മദ് ഹാജിയുടെയും എളയടം ചാന്തോങ്ങിൽ കുഞ്ഞിച്ചാത്തു എന്നവരുടെയും മകനായി ഭൂമിലോകത്തേക്ക്‌ തന്റെ നിയോഗവുമായി അവിടുന്ന് പിറന്ന് വീണു.

നാദാപുരത്തിന്റെ പണ്ഡിത കുലപതികൾ വിരാചിച്ചിരുന്ന കാലത്തെ മഹത്തുകളായ ഓർമാരിൽ നിന്നും വിജ്ഞാനം നുകർന്ന് കേരളീയ ഇസ്ലാമിക ലോകത്തിന്റെ സംശയങ്ങളിലെ അവസാനവാക്കായി അവിടുന്ന് മാറാൻ കാലമേറേ വേണ്ടി വന്നില്ല. അവിടുന്നങ്ങോട്ട്‌ 95 വർഷം നീണ്ട ജീവിതത്തിലെ ഓരോ നിമിഷവും ചരിത്രമാകുകായിരുന്നു.



കരുണയുടെയും അനുകംബയുടെയും നിലക്കാത്ത പ്രവാഹമായിരുന്നു അവിടുന്ന്. അലിവും ദയയും കാഠിന്യത്തേക്കാൾ മികച്ചു നിൽക്കുന്ന മൃദുലമായ സ്വഭാവമായിരുന്നു അവിടുത്തേത്‌.

കുഞ്ഞുമക്കളോട്‌ പോലും അവർക്കിടയിൽ ഒരു കുട്ടിയായി കരുണയേകുന്ന ഹബീബിന്റെ തിരുസ്വഭാവമായിരുന്നു അവിടുത്തെ ജീവിതത്തിൽ തെളിഞ്ഞു കണ്ടത്‌.

വീട്ടുപണിയിൽ സഹായിക്കുമായിരുന്ന മുത്ത്‌ നബിയുടെ പകർത്തെഴുത്തായിരുന്നു ദർസ്സിലേക്ക്‌ പുറപ്പെടും മുമ്പ്‌ വീട്ടിലെ പാത്രങ്ങളിൽ മുഴുക്കെ കിണരിൽ നിന്നും വെള്ളം കോരി നിറച്ച്‌ പോന്നിരുന്ന ഓറുടെ ജീവിതം..!

തഖ്‌വയായിരുന്നു ആ ജീവിതം.

ആരാന്റെ പറംബിൽ അനുവദിക്കപ്പെട്ട സ്ഥലത്ത്‌ കൂടെയുള്ള വഴിയിൽ മഴ പെയ്ത്‌ ചെളി നിറഞ്ഞപ്പോ തൊട്ടപ്പുറത്ത്‌ കൂടി എല്ലാവരും പോകാൻ തുടങ്ങിയിട്ടും അവിടുന്ന് ചെളിയിലൂടെ നടക്കുന്നത്‌ കണ്ടപ്പോ ചോദിച്ചവരോട്‌ 'ആ ഭാഗത്ത്‌ കൂടെ ഉള്ള നടത്തം ഉടമ പൊരുത്തപ്പെട്ടോ എന്നറിയില്ലല്ലോ' എന്ന് പറഞ്ഞ തഖ്‌വാ..

വെറ്റില മുറുക്ക്‌ പതിവുണ്ടായിരുന്ന അവിടുന്ന് പള്ളിയുടെ ഒന്നാം നിലയിൽ നിന്ന് മുറുക്കിത്തുപ്പിയത്‌ ഓടിന്റെ മുകളിൽ നിന്നും വൈകീട്ട്‌ ദർസ്സ്‌ കഴിഞ്ഞ്‌ പോകും മുമ്പ്‌ താഴേത്തട്ടിൽ ഹൗളിൽ പോയി പാട്ടയിൽ വെള്ളം മുക്കി വന്ന് ഓട്‌ കഴുകി വൃത്തിയാക്കിയിരുന്ന തഖ്‌വാ..

ബിസ്ക്കറ്റ്‌ തിന്നുംബോൾ അതിന്റെ പൊടി നിലത്ത്‌ വീഴാതിരിക്കാൻ സൂക്ഷ്മമായി കുടിക്കാൻ വെച്ചിരിക്കുന്ന ബാർലി വെള്ളമിരിക്കുന്ന ഗ്ലാസ്സീൽ കാട്ടി മാത്രം പൊട്ടിക്കുന്ന തഖ്‌വാ..

ഹാ ആ ജീവിതം തന്നെ  തഖ്‌വയായിരുന്നു.

എളിമയും വിനയവും മുഖമുദ്രയായിരുന്നു അവിടുത്തെ തിരുജീവിതത്തിൽ. പഴങ്ങൾ കൂടുന്തോറും ഭാരം കാരണം താഴേക്ക്‌ ചില്ലകൾ താഴ്ത്തുന്ന മരത്തെ പോലെ ഇൽമിന്റെ ഘനം കൂടുന്തോറും ആ ശിരസ്സ്‌ വിനയം കൊണ്ട്‌ താഴേക്ക്‌ കുനിയുകയായിരുന്നു. ഒരു നാടിന്റെ തുടിപ്പും ഹൃദയവുമായിരുന്നു അവിടുന്ന്. ആരോഗ്യമുള്ള കാലമത്രയും കിലോ മീറ്ററുകൾ നടന്ന് വന്നായിരുന്നു അവിടുന്ന് നാദാപുരത്ത്‌ ദർസ്സ്‌ നടത്തിയിരുന്നത്‌. ആ പാദചലനങ്ങൾക്ക്‌ സാക്ഷിയായ വഴിയോരങ്ങൾ പോലും കരഞ്ഞിട്ടുണ്ടാകണം.


അവിടുത്തെ കരങ്ങൾ 'മുത്തപ്പെടാൻ ഉള്ളതല്ല, കൊത്തപ്പെടാൻ ഉള്ളതാണെന്ന്' ആയിരുന്നു വിനയത്തിന്റെ പാരമ്യത്തിൽ അവിടുന്ന് പറഞ്ഞ ന്യായം.എത്രത്തോളം വിനയം പൂർണ്ണതയാണ് എന്ന് പഠിപ്പിക്കുകയായിരുന്നു അവിടുന്ന്.ആ പൂർണ്ണതയോടുള്ള അടുപ്പം തന്നെയാണല്ലോ അവിടുത്തെ പൂർണ്ണരായി ഒരു സമൂഹം മുഴുക്കെ കാണാൻ കാരണമായത്.


ആ വിജ്ഞാന മഹാസമുദ്രത്തിൽ നിന്നും മുത്തുമണികൾ വാരിയെടുക്കാൻ ദിനേന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന്‌ ആളുകൾ എത്തുമായിരുന്നു. ഇസ്ലാമിക വിജ്ഞാനത്തിന്റെ സകലമാന ഫന്നുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച നിസ്തുലരായിരുന്നു അവർ. തിരു ശരീ അത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്യപ്പെടുംബോ സട കുടഞ്ഞെഴുന്നേറ്റ്‌ ഗർജ്ജിക്കുന്ന സിംഹമാകുമായിരുന്നു ഓർ.



എണ്ണിയാലൊതുങ്ങാത്ത ആയിരങ്ങളായ ശിഷ്യന്മാർ അവിടുത്തെ സമ്പത്താണ്‌. കൈരളിയുടെ ഇസ്ലാമിക മണ്ഡലത്തിൽ വെളിച്ചമായി നിൽക്കുന്ന ഒട്ടനേകം ഇൽമിന്റെ വന്മരങ്ങളായ പണ്ഡിത പ്രമുഖർ അവിടുത്തെ തിരുമുമ്പിൽ നിന്നും അറിവ്‌ വാരിക്കുടിച്ചവരാണ്‌. ചെറുപ്പത്തിന്റെ തിളപ്പുള്ള കാലത്ത്‌ അവിടുത്തെ ദർസ്സിൽ വന്നിരിക്കാൻ തുടങ്ങിയവരിൽ പലരും ആ തിരുജീവിതത്തിന്റെ അവസാനം വരെ നടന്ന ദർസ്സുകളിൽ സാവേശത്തോടെ പങ്കെടുത്തത്‌ നാദാപുരക്കാർക്ക്‌ സുപരിചിതമായ വസ്തുതയാണ്‌.


 അടുത്തുള്ള സ്ക്കൂളിൽ പഠിക്കുന്ന ചെറിയ പ്രായമായിരുന്ന സമയത്ത്‌ ഈയുള്ളവൻ തന്നെ കണ്ടിട്ടുണ്ട്‌ പ്രായമേറെ ചെന്ന ശിഷ്യന്മാർ ഓറുടെ അടുത്തിരിക്കാതെ ദൂരെ ഇരുന്ന് ദർസ്സിൽ കൂടുന്നത്‌. കൂടുതലും നരവന്ന തലകളും ചുളിഞ്ഞ ശരീരവും ഉള്ള പ്രായം ചെന്നവരായിരുന്നു.അല്ലെങ്കിലും അത്‌ അങ്ങനെ ആണല്ലോ..ഏറ്റവും നല്ലത്‌ ലഭിച്ചു കൊണ്ടിരുന്നവർ അതിൽ കുറഞ്ഞത്‌ കൊണ്ട്‌ തൃപ്തിപ്പെടുകയില്ലല്ലോ.


പുറകിലാക്കി നടന്നു നീങ്ങേണ്ട ദുനിയാവിലെ സൗകര്യങ്ങൾ അനുവദനീയമായത്‌ ഭൂരിപക്ഷവും ഒഴിവാക്കുക തന്നെയായിരുന്നു അവിടുത്തെ വഴി. വീട്ടിൽ കറണ്ട്‌ കണ്ണക്ഷൻ എടുക്കാൻ വേണ്ടി പലരും വർഷങ്ങളോളം ശ്രമിച്ചിട്ടും വേണ്ട എന്നായിരുന്നു മറുപടി. അവിടുത്തെ ജീവിതാവസാനകാലത്ത്‌ മാത്രമേ സമ്മതിച്ചുള്ളൂ. അനുവദനീയമായതിൽ നിന്നും തനിക്ക്‌ ആവശ്യമില്ലാത്തത്‌ വർജ്ജിക്കാത്തിടത്തോളം ഒരാളും മുത്തഖി ആവുകയില്ലെന്ന ഹബീബിന്റെ തിരുവാക്കിനെ അക്ഷരം പ്രതി പാലിച്ച്‌ യഥാർത്ഥ മുത്തഖിയാണെന്ന് തെളിയിക്കുകയായിരുന്നു അവിടുന്ന്..

ദുനിയവിയ്യായ ജീവിതത്തിലെ സുഖാസ്വാദനങ്ങളെ പറ്റി അവിടുന്ന് പറയാറുള്ളത്‌ ശിഷ്യരിൽ പ്രമുഖരായ ചേലക്കാട്‌ കുഞ്ഞാലി ഉസ്താദ്‌ അനുസ്മരിക്കുന്നത്‌ ഇങ്ങനെ:

"മംഗല (കല്യാണ) ദിവസത്തേക്ക്‌ വാങ്ങിവെച്ച ഡസൻ കണക്കിന്‌ മൂട അരിയിൽ (നാദാപുരം ഭാഗത്ത്‌ പറഞ്ഞു വരുന്ന ഒരു അളവ്‌ ആണ്‌ മൂട) അരിയിൽ നിന്ന് ഒരു ഇടങ്ങഴി തലേ ദിവസത്തെ അത്താഴോട്ടിന്‌ എടുത്ത്‌ പോയാൽ കുറഞ്ഞത്‌ കുറഞ്ഞത്‌ തന്നെ. ആതിന്‌ പരിഹാരമില്ലല്ലോ!"

ഒരു നാടിനെയാകെ കണ്ണുനീരിലാഴ്ത്തി, ആയിരക്കണക്കായ ശിഷ്യ ഗണങ്ങളെയാകമാനം വ്യസനത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിവിട്ട്‌ കൈരളിയുടെ ഇസ്ലാമിക ലോകത്തെ അനിഷേദ്ധ്യരായ പണ്ടിതരിലെ അവസാന കണ്ണിയും 2000 ഒക്റ്റോബർ 13 (റജബ്‌ 15) ന്‌ ആ താരകം കൂടെ പൊലിഞ്ഞു.
സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനായിരുന്നു അവിടുന്ന് മരണം വരെ.


പണ്ഡിത നക്ഷത്രങ്ങളെ പിൻപറ്റുന്നത്‌ സംഘടനയുടെ പേര്‌ നോക്കി ആയിപ്പോയ കാലത്തും അതിനപവാദമായി തന്റെ സംഘത്തിന്റെ അണികളല്ലാത്ത അഹ്ലുസ്സുന്നയുടെ മറ്റു സംഘടനകൾക്കും, ആദർശ്ശ വിരോധികൾ കൂടിയായ ജമാ അത്ത്‌, മുജാഹിദ്‌ സഹോദരന്മാർക്കും ഒരു മുസ്ലിമിന്റെ സ്വാഭാവികമായ ജീവിതത്തിൽ വരുന്ന അതിസങ്കീർണ്ണമായ കർമ്മശാസ്ത്ര വിഷയങ്ങളിൽ അന്തിമ വിധി ലഭിച്ചിരുബ്ബതും  തീർപ്പാക്കിയിരുന്നതും ആ തിരുമുഖത്ത്‌ വെച്ചായിരുന്നു..സംഘടനാ ബുദമന്യേ കേരളത്തിലെ ഉലമാക്കൾക്ക്‌ മുഴുക്കെ വഴികാട്ടിയായി അവിടുന്ന് ജീവിച്ചു.



'എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന തിരുവാക്യത്തിന്റെ പൂർത്തീകരണമായിരുന്നു അവിടുന്ന്. സ്ഫടിക സമാനം ശുദ്ധമായ ആ ജീവിതത്തിന്റെ സ്വകാര്യവും പരസ്യവും തഖ്‌ വയുടെ ഉദാത്ത മാതൃകയായിരുന്നുവെന്നതിൽ ഉൽപ്പതിഷ്ണു വിഭാഗങ്ങൾക്ക്‌ പോലും തർക്കമില്ല. ഒരു സംഘത്തിന്റെ അമരക്കാരനായി സുധീർഗ്ഘമായ കാലം ജീവിച്ചു തീർന്നിട്ടും എതിർ സംഘത്തിന്റെ അമരക്കാരനായിട്ട്‌ പോലും മഹാനരെ എതിർക്കാനോ ആ സംശുദ്ധിയെ ചോദ്യം ചെയ്യാനോ കേരളത്തിലെ ഒരു പുകൾ പെറ്റ പണ്ഡിത നിരയും തുനിഞ്ഞില്ല എന്നതാണ്‌ സത്യം..ഏതൊരു കാലവും മോഹിച്ചു പോകും തീർച്ചയായും ഇത്തരം തെളിനീർ പോലെ ശുദ്ധമായ ജീവിത വിശുദ്ധിയുള്ള ഉഖ്രവിയ്യായ പണ്ഡിതന്മാരെ..





ആ മഴത്തുള്ളി ഇന്നും പുതുനാംബുകൾക്ക്‌ വളവും ജീവനുമായി ഭൂമിക്കടിയിൽ സജീവമായി നിൽക്കുന്നു..ആ നക്ഷത്രവെളിച്ചം വഴിയറിയാതെ ഉഴറുന്ന കേരളീയ മുസ്ലിമീങ്ങൾക്ക്‌ ദിശാബോധം നൽകുന്ന പ്രകാശ ഗോപുരമായി ഇന്നും നില നിൽക്കുന്നു... ഇരുപതാം നൂറ്റാണ്ട്‌ കണ്ട ഈ അതുല്യ ജീവിതവിശുദ്ധിയുടെ സമ്പൂർണ്ണ മാതൃകയായ മഹാനരുടെ ബർക്കത്ത്‌ കൊണ്ട്‌ നാഥൻ നമ്മുടെ ഇരുലോകവും വിജയിപ്പിക്കട്ടെ..ആമീൻ