Showing posts with label ബുൽബുൽ - നുസ്രത്തുൽ അനാം മാസിക ലേഖനങ്ങൾ. Show all posts
Showing posts with label ബുൽബുൽ - നുസ്രത്തുൽ അനാം മാസിക ലേഖനങ്ങൾ. Show all posts

Saturday, January 14, 2017

അതിരു വിടുന്ന പ്രകീർത്തനങ്ങൾ


തങ്ങളുടെ സംഘടനയിലെ നേതാക്കൾ മരണപ്പെട്ടു പിരിഞ്ഞ ശേഷം അവരെ അനുസ്മരിക്കുന്ന സമയത്ത് അവരുടെ നന്മകൾ പറയുന്നത് സ്വാഭാവികവും ന്യായവുമാണ്. മരണപ്പെട്ട മുസ്ലിമിന്റെ മോശമായ വശങ്ങൾ ശറഇന്റെ അനിവാര്യമായ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പറയാതിരിക്കേണ്ടത് തിരുനബി തങ്ങളുടെ അധ്യാപനമാണ്. എങ്കിലും മരണപ്പെട്ടവർക്ക് ഇല്ലാത്ത മഹത്വങ്ങൾ, അതുതന്നെ മറ്റു സംഘടനകളിലെ നേതാക്കളെയും അവർക്കു മുമ്പേ മരണപ്പെട്ടു പോയ ഉസ്താദുമാരെയും അപഹസിക്കാൻ വേണ്ടി പടച്ചുണ്ടാക്കുന്ന രീതി വ്യാപകമായി കണ്ടു വരുന്നു.


അതിനെതിരെ തെളിവുകൾ സഹിതം ഒരു ഉണർത്തൽ. ബഹുമാനപ്പെട്ട അബൂ അസ്‌ലം ഉസ്താദ് അവർകൾ നുസ്രത്തുൽ അനാം മാസികയിൽ കുറിച്ചത്.



കടപ്പാട്: നുസ്രത്തുൽ അനാം മാസിക. 

Thursday, January 12, 2017

ആറു വെള്ളി - അറുനൂറു സ്വർണ്ണം..!!!


വിശപ്പ് കൊണ്ട് ഫാത്വിമ ബീവി(റ) യുടെ കുടുംബം ഒരിക്കൽ പൊറുതി മുട്ടി. ഒന്നും കഴിക്കാനില്ല. വിശന്നു പൊരിഞ്ഞു കുഞ്ഞുങ്ങൾ കരയുന്നത് കണ്ടിട്ട് മഹതിക്ക് കരൾ പൊട്ടി. ഒരു പുത്തൻ തുണിയുണ്ട് കിട്ടിയത്. അത് വിൽക്കാമെന്നു അവർ ആലോചിച്ചു. അങ്ങനെ വസ്ത്രം എടുത്ത് അലി(റ) ക്ക് കൊടുത്തു.

"ഇത് കൊണ്ട് പോയി വിറ്റ്‌ നമ്മുടെ കുഞ്ഞുങ്ങൾക്ക് തിന്നാൻ വല്ലതും കൊണ്ട് വരൂ".

6 വെള്ളി നാണയമാണ് വിറ്റു കിട്ടിയത്. അതുമായി അലി (റ) തങ്ങൾ ഭക്ഷണം വാങ്ങാൻ പോകുന്ന വഴിക്ക് ഒരു പാവപ്പെട്ട സഹോദരൻ ചോദിച്ചു:

"അലീ, താങ്കളുടെ കയ്യിൽ വല്ലതുമുണ്ടോ? വീട്ടിൽ മുഴുക്കെ പട്ടിണി ആണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഇറങ്ങിയതാണ് ഞാൻ."

"എന്റെ കയ്യിൽ 6 വെള്ളിക്കാശുണ്ട്.

"സന്തോഷമായി - അത് എനിക്ക് തരൂ.അല്ലാഹു താങ്കളെ സഹായിക്കും."




ആ വാക്കുകൾ കേട്ടപ്പോൾ കൊടുക്കാതിരിക്കാൻ ആയില്ല. അയാൾ അതും വാങ്ങി പുഞ്ചിരിച്ചു കൊണ്ട് സന്തോഷത്തോടെ നടന്നു പോകുന്നത് അലി (റ) നോക്കി നിന്നു. വിഷണ്ണനായി തിരിച്ചു നടക്കുകയാണ് അലി (റ).വഴിയിൽ എതിര് ദിശയിൽ നിന്നും ഒരാൾ കയ്യിൽ ഒരു ഒട്ടകത്തിന്റെ കടിഞ്ഞാണും പിടിച്ചു കൊണ്ട് വരുന്നു.

'മുന്തിയ ജനുസ്സാണോ ഒട്ടകം - എന്ത് ചന്തം ' എന്ന് മഹാനർ ചിന്തിച്ചു.

വന്നയാൾ പരിചിത ഭാവത്തിൽ അലി (റ) വിനോട് പറഞ്ഞു: 'അബുൽ ഹസൻ - താങ്കൾ ഈ ഒട്ടകത്തിനെ വാങ്ങുമോ?'

''എന്റെ കയ്യിൽ പണമില്ല"

"അത് സാരമില്ല. പിന്നീട് തന്നാൽ മതി."

"ശരി - എന്താണ് വില?"

"100 ദിർഹം - അതിലും അപ്പുറം വിലയുണ്ട് ഇതിനു."

"ആകട്ടെ - ഞാൻ വാങ്ങാം." അങ്ങനെ ഇടപാട് നടന്നു.

ഒട്ടകവുമായി അലി (റ) നടക്കുകയാണ്. വേറെ ഒരു ഗ്രാമീണനായ മനുഷ്യനെ വഴിയിൽ കണ്ടു. അയാൾ പറഞ്ഞു:"എന്തൊരു ചന്തമുള്ള ഒട്ടകം..! എന്താണ് ഇതിനു വില?"

"ഞാൻ 100 ദിർഹമിനു മേടിച്ചതാ''

"160 ഞാൻ തരാം. എനിക്ക് തരുമോ?"

"സമ്മതിച്ചു" . 60 ദിർഹം ഒറ്റയടിക്ക് ലാഭം.! അലി (റ) പണം വാങ്ങി വേഗം തനിക്ക് വിറ്റയാളെ കണ്ടു പിടിച്ച് കടം വീട്ടി. ലാഭമായി കിട്ടിയ 60 ദിർഹവുമായി വീട്ടിൽ ചെന്നു. പുഞ്ചിരിയോടെ ഫാത്തിമ ബീവി (റ) യുടെ തിരു കരങ്ങളിലേക്ക് ആ നാണയങ്ങൾ ചൊരിഞ്ഞു. " ഇത്രയും എവിടുന്ന് കിട്ടി?". പേടിയും വിസ്മയവും ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.

"ഞാൻ ആ വസ്ത്രം 6 ദിർഹമിനാണ് വിറ്റത്. ആ പണം ഒരു പാവത്തിന് അപ്പോൾ തന്നെ സ്വദഖ ചെയ്തു. ".

"എന്നിട്ട് എനിക്ക് 6 നു പകരം 60 ദിർഹമാണ് കിട്ടിയത്. എത്രയോ ഇരട്ടി.! എല്ലാം അല്ലാഹുവിന്റെ ഔദാര്യം."അലി (റ) കഥ വിശദമായി വിവരിച്ചു.!!!

പിന്നീടാണ് അറിഞ്ഞത് - ഒട്ടകവുമായി വന്നയാൾ ജിബ്രീൽ ആയിരുന്നു എന്നും അതൊരു സ്വർഗീയ മൃഗമായിരുന്നു എന്നും 160 നു ഒട്ടകം വാങ്ങിയ ആൾ മീക്കാഈൽ ആയിരുന്നു എന്നും..!

ഞാൻ ചെയ്ത ദാനത്തിന്റെ പ്രതിഫലം ഉടൻ തന്നെ അല്ലാഹു തനിക്ക് ഇരട്ടി ഇരട്ടിയായി നൽകുകയായിരുന്നു.

(നവാദിറുൽ ഖൽയൂബി 134)

നുസ്രത്തുൽ അനാം - പു: 45 ല: 11

Sunday, April 03, 2016

മുഖം മൂടി അഴിയുന്ന മുസ്‌ലിം ഏകത

ഇന്ത്യൻ മുസ്‌ലിംകൾ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണോ ഇന്നുള്ളതെന്ന ചോദ്യം സമുദായത്തിലെ ഓരോ അംഗങ്ങളുടെയും മനസ്സ്‌ മന്ത്രിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ബാബരീ മസ്‌ജീദിന്റെ തകർച്ചയോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു. പരിഹാരം നിർദ്ദേശിക്കാൻ പലർക്കും പലതുമുണ്ടായിരുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുറം തള്ളപ്പെട്ടതാണു പ്രശ്‌നങ്ങളുടെ കാരണമെന്നും അതിനാൽ വിദ്യാഭ്യാസമുന്നേറ്റം മാത്രമാണു വഴിയെന്നു ഒരു വിഭാഗം: അതല്ല, അതിലേറെ വലിയ പ്രശ്‌നം രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നും അതുകൊണ്ട്‌ രാഷ്‌ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും മറ്റൊരു വിഭാഗം. എന്നാൽ മസ്‌ജിദ്‌ തകർച്ചയോടെ മുസ്‌ലിം രാഷ്‌ട്രീയ ശക്തി മൂന്നായി പിളരുകയായിരുന്നുവെന്നത്‌ മറ്റൊരു രസം.


ഭിന്നതകൾ മറന്നു പ്രതിരോധനിര സൃഷ്‌ടിക്കുകയെന്നതാണ്‌ വേറെ ചിലർക്കു പറയാനുണ്ടായിരുന്നുത്‌. "മുസ്‌ലിംകൾ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ എന്നിങ്ങനെ കക്ഷികൾ പിരിഞ്ഞു തർക്കിക്കുന്നതാണ്‌ അവർ കണ്ട പ്രശ്‌നം. "തലയിൽ തൊപ്പി വെക്കണമോ വേണ്ടെയോ എന്നതല്ല വിഷയം: ആ തല ഉടലിൽ വേണമോ വേണ്ടയോ എന്നതാണ്‌; നിസ്‌കാരത്തിൽ കൈ എവിടെ കെട്ടണം എന്നതല്ല, നിസ്‌കരിക്കണോ വേണ്ടെയോ എന്നതാണ്‌ കാര്യം? തുടങ്ങിയുള്ള ഉദ്‌ബോധനങ്ങൾ മതാവേശമുള്ള ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു. അവർ സംഘടിച്ചു. ശുദ്ധമനസ്‌ക്കരായ മതഭക്തർ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഓർത്തിരുന്നില്ല. അഥവാ അതിനു കഴിയുന്നവരായിരുന്നില്ല അവർ.

അവകാശങ്ങൾ നേടുന്നതിൽ സുന്നീ-മുബ്തദിഅ്‌ ഭിന്നത മുമ്പേ അവർക്കു തടസ്സമായിരുന്നില്ല. ന്യൂനപക്ഷ അവകാശം നേടുന്നതിൽ മതഭിന്നത തന്നെ അവർക്കു തടസ്സമാകാറില്ലല്ലോ. എന്നുവെച്ച്‌ സുന്നത്ത്‌-ബിദ്‌അത്ത്‌ എന്നിങ്ങനെയുള്ള വിവേചനം വേണ്ടെന്നുവയ്‌ക്കുന്നത്‌ പ്രവാചകാധ്യാപനങ്ങളെ മറികടക്കലാണ്‌. നബി (സ) പറഞ്ഞു, "ആരെങ്കിലും ഒരു ചാൺ ജമാഅത്തില്‍ നിന്നു വിട്ടു നിന്നാൽ അവൻ തന്റെ പിരടിയിൽ നിന്നു ഇസ്ലാമിന്റെ പൊൻ താലി പൊട്ടിച്ചെറിഞ്ഞു" (അഹ്‌മദ്‌, ഇബ്‌നുമാജ). ഇവിടെ ബിദ്‌അത്തു മോശമാണെന്നത്‌ വ്യക്തം. ഇതിൽ സുന്നികളും സുന്ന്യേതരരും തർക്കമില്ല. എന്നാൽ ബിദ്‌അത്തും അതിന്റെ കക്ഷിയും ഏത്‌ എന്ന്‌ നിർണ്ണയിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അഭിപ്രായ വ്യത്യാസം ഏകതാവാദത്തിനു തടസ്സമാകുമെന്നു പറയുന്നവർ യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്രത്തെയാണു കൊല്ലുന്നത്‌.

ആരോ തർക്കിച്ചു എന്നതിനാൽ മാത്രം, താൻ അതിൽ മൗനം പാലിക്കണമെന്നു പറയുന്നത്‌ എത്ര മാത്രം അബദ്ധമാണ്‌! ഇവിടെ സുന്നി മുശ്‌രിക്കാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വരുന്നു. ഇതിൽ ഒരു മധ്യസ്ഥനു പറയാനുള്ളത്‌ ഈവാദം അടിസ്ഥാനമുള്ളതാണെങ്കിൽ അതിനു നിമിത്തമായ കാരണത്തിൽ നിന്നു സുന്നി പിന്തിരിയണമെന്നോ അല്ലെങ്കിൽ ആ വാദം നത്തുന്നവൻ അതിൽ നിന്നു പിന്മാറണമെന്നോ തന്നെയല്ലേ? അങ്ങനെയല്ലാതെ ഇതു രണ്ടും ഒരേ സമയം സത്യമെന്നു വിശ്വസിക്കാൻ ബുദ്ധിയുള്ളവരെ കിട്ടുമോ? എങ്കിൽ ഇവർ ബുദ്ധിയില്ലാത്തവരെന്നു നാം പറയരുത്‌. ബുദ്ധിയുള്ളവർ തന്നെ. അതല്ലേ "ഖാജാ മുഈനുദ്ദീനെയും ഗുരുവായൂരപ്പെനെയും അദൃശ്യമോ അസാധാരണമോ ആയ സഹായം പ്രതീക്ഷിച്ചു വിളിക്കുന്നത്‌ ശിർക്കു തന്നെയെ"ന്നു സംശയലേശമെന്യെ ഇവർ ഒ.അബ്‌ദുല്ലയെ കൊണ്ട്‌ എഴുതിച്ചത്‌.

ഇവർക്ക്‌ മുസ്‌ലികൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ യാഥാർത്ഥ മുഖം ഏതാണെന്നു തങ്ങൾക്ക്‌ അറിയേണ്ടെതുണ്ടെന്നും അതിനാൽ നിങ്ങൾ എന്തു പറയുന്നുവെന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട്‌, തർക്കിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി സംവദിപ്പിക്കാൻ വേദിയൊരുക്കുകയല്ലേ ഇവർ ചെയ്യേണ്ടിയിരുന്നത്‌? അനാവശ്യ വിവാദങ്ങൾ വെളിയിലിറക്കി സാങ്കേതികത്വം പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നവരെ ചെറുക്കാനെങ്കിലും ഈ സംവിധാനം ഉപകരിക്കുമായിരുന്നില്ലേ? അപ്പോൾ യഥാർത്ഥത്തിൽ കക്ഷിത്വം ഇല്ലാതാക്കലായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഇവരുടെ വരവ്‌ മറ്റൊരു കക്ഷിത്വത്തിനു വഴിവെക്കുകയായിരുന്നല്ലോ. അതിന്റെയും പുറമേ ഇവർ 2004 ഡിസംബർ 1-15 തേജസ്സിൽ പറഞ്ഞത്‌ പോലെ എല്ലാവരും ഗവേഷകരാവുക കൂടി ചെയ്‌താൽ ഒരോരുത്തരുടെയും പേരിൽ ഇനിയും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയാണല്ലോ ഉണ്ടാവുക. "ഗവേഷണ യോഗ്യരല്ലാത്ത പലരും ഗവേഷണം കൊണ്ടു കളിച്ചതാണു സമുദായം ഇവ്വിധം കക്ഷികളും പാർട്ടികളുമായി തിരിയാൻ കാരണമെന്ന്‌" മുജാഹിദുകളുടെ അൽമനാർ മാസിക പോലും തുറന്നെഴുതിയതാണെന്നോർക്കുക.


അതിനും പുറമേ കേരളത്തിൽ അപരിചിതമായ ചിലകക്ഷികളെ പരിചയപ്പെടുത്താനും അവരുടെ ആശയങ്ങൾ കൂടി ഇറക്കുമതി ചെയ്യാനും ഇവർ ശ്രമം നടത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈജിപ്‌തിലെ ഇഖ്വ്‌വാനുൽ മുസ്‌ലിമീനെയും അതിന്റെ നേതാക്കളെയും ഇവരുടെ പത്രങ്ങളിലും കലണ്ടറുകളിലും വല്ലാതെ പരിചയപ്പെടുത്തുന്നതിൽ നിന്നാണ്‌ ഈ സംശയം ജനിക്കുന്നത്‌. മുജാഹിദുകളിലെ ഗ്രൂപ്പിസം അവലോകനം ചെയ്‌ത്‌ ഒ. അബ്‌ദുല്ല തേജസില്‍ എഴുതിയത്‌ ഇങ്ങനെ "ഹുസൈന്‍ മടവൂർ ഇഖ്വ്'വാനിയാണ്‌ എന്നാണ്‌ അരോപണം. എങ്കിൽ അത്‌ അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിച്ചാർത്തുന്നതാണ്‌." 'തോറ്റ തൊപ്പി'യിലാണോ പൊൻ തൂവൽ ചാർത്തുക എന്ന സംശയം പ്രസക്തമാണെങ്കിലും.

പണ്‌ഡിതന്മാരിൽ നിന്നു ജനങ്ങളെ അകറ്റാനാണോ ഇവരുടെ ശ്രമമെന്നു തുടക്കം മുതലേ സംശയിച്ചിരുന്നതാണ്‌. കഴിഞ്ഞ ലക്കത്തിൽ ബുൽബൂൽ അവലോകനം ചെയ്‌ത തേജസ്‌ ഉദ്ധരണികൾ ഇത്‌ കൂടുതൽ വ്യക്തമാക്കുന്നു. പണ്ഡിതൻമാർ സമുദായത്തെ ഫിഖ്‌ഹിൽ തളച്ചിട്ടു; പണ്ഡിതൻമാർ അനാവശ്യ തർക്കങ്ങളിൽ സമയം പാഴാക്കി തുടങ്ങിയ ഇവരുടെ പ്രയോഗങ്ങളുടെ ലക്ഷ്യമറിയാത്ത പലരും ഇത്‌ ഏറ്റു പിടിച്ചു. വാസ്‌തവത്തിൽ പണ്ഡിതൻമാരുടെ ഭിന്നതയുടെ പൊരുളറിയാത്തവർക്ക്‌ ഇത്‌ അനാവശ്യമായി തോന്നിയേക്കാം. എന്നുവെച്ച്‌ വിജ്ഞന്മാർക്ക്‌ ഇങ്ങനെ കാണാനാകുമോ? താബിഉകളിൽ പ്രമുഖൻ ഉമറുബ്‌നു അബ്‌ദുൽ അസീസ്‌ (റ) പറയുന്നു.


"മുഹമ്മദ്‌ നബിയുടെ അനുഗാമികൾ ഭിന്നിക്കാതിരിക്കുന്നത്‌ എന്നെ സന്തുഷ്‌ടനാക്കുന്നില്ല. കാരണം അവർ ഭിന്നിച്ചില്ലായിരുന്നെങ്കിൽ ഇളവുകൾ ഉണ്ടാകുമായിരുന്നില്ല." ഈ ഭിന്നത കൊണ്ടുദ്ദേശ്യം മതവിധികളിലെ അവരുടെ ഭിന്നതയാണെന്ന്‌ ഇമാം സൂയൂഥി തുടർന്നു വിവരിക്കുന്നുണ്ട്‌. (അദ്ദുററല്‍ മുന്‍തസിറ:പേ:12) ആധുനികമായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിർദ്ദേശിക്കാനുതകും വിധം നാലു മദ്‌ഹബിലെയും പണ്ഡിതർ ക്രോഡീകരിച്ചു രേഖപ്പെടുത്തിയ വിധികളില്ലായിരുന്നെങ്കിൽ 'ഹദീസിലും ആയത്തിലും പരതിയപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നു' പറഞ്ഞു കൈമലർത്തേണ്ടി വരുമായിരുന്നേനെ. പ്രശ്‌നങ്ങളിലെ വിധി കടഞ്ഞെടുക്കുന്നതിനു സംവാദങ്ങളും ഗ്രന്ഥരചനകളും ധാരാളം നടക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഇതില്ലാതെ അന്തിമ വിധി ലഭ്യമല്ല.


"തർക്കിക്കാതെ ആദ്യമേ ഇതു പറഞ്ഞാൽ പോരേ" എന്ന ചിലരുടെ ചോദ്യം കേൾക്കുമ്പോൾ എന്റെ ഒരു മുതിർന്ന സ്‌നേഹിതൻ പറഞ്ഞു തന്ന കഥയാണ്‌ മനസ്സിൽ വരുന്നത്‌. ഒരാൾ ഒരു ഹാമ്മർ എടുത്ത്‌ വളരെ ശക്തിയായി ഒരു പാറയിൽ വെട്ടുന്നു. പത്ത്‌ പ്രാവശ്യം വെട്ടിയപ്പോഴാണു പാറപൊട്ടിയത്‌. അപ്പോൾ ഇത്‌ പൊട്ടിക്കുന്നതിൽ ആദ്യവെട്ടുകളുടെ പങ്കുമനസ്സിലാക്കാനാകാത്ത ഒരു വിഡ്‌ഢി ഇങ്ങനെ പ്രതികരിച്ചത്രേ. "അയാൾക്ക്‌ ആദ്യമേ ഈ വെട്ടു നടത്താമായിരുന്നില്ലേ?".

നിത്യം ഒരക്ഷരം വിദ്യ പഠിക്കുകിൽ കാണാ വഹീനരെ കഴുതസമാനരായ്‌ എന്ന അർത്ഥത്തിൽ ഇമാം ശാഫിഈ(റ) പാടിയത്‌ എത്ര പരമാർത്ഥം! തർക്കത്തിന്റെയും ഭിന്നതയുടെയും പേരിൽ പരിതപിക്കുന്നവർ തന്നെ കൂടുതൽ തർക്കത്തിനിട വരുത്തുന്ന "ഇജ്‌തിഹാദ്‌" പണ്ഡിതൻമാർ നിർത്തലാക്കിയെന്നു കുറ്റപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്‌! ഇപ്പോൾ ഇവരുടെ സുഖക്കേട്‌ ബോധ്യമായി. തർക്കിക്കുന്നതും ഭിന്നിക്കുന്നതുമല്ല ഇവർക്കു പ്രശ്‌നം. അതു മദ്‌ഹബുകളിൽ ഒതുങ്ങിനിന്നാവുന്നതിനോടാണ്‌! അല്ലെങ്കിലും മരണമെന്ന പ്രതിഭാസത്തിലല്ലാതെ ഏതിലാണു തർക്കമില്ലാത്തത്‌!

ഇവരുടെ ഭാഷയിൽ പണ്ഡിതൻമാർ ചെയ്‌ത മറ്റൊരു തെറ്റ്‌ "ഇൽമ്‌" എന്ന പദത്തിന്റെ അർത്ഥം "പ്രപഞ്ചത്തിലെ എല്ലാ അറിവും എന്നതില്‍ നിന്നു മതപരമായ അറിവ്‌ എന്നാക്കി ചുരുക്കി" എന്നതാണ്‌. വാസ്‌തവത്തിൽ ഇത്‌ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്‌ എന്നറിയുക. "അവരൊന്നും അറിയുന്നില്ല; ഭൗതിക ജീവിതത്തിന്റെ പാരത്രിക ലോകത്തെക്കുറിച്ച്‌ അവരജ്ഞരാവുകയും ചെയ്യുന്നു." ഭൗതിക ജീവിതത്തെക്കുറിച്ചു മാത്രമറിയലാണ്‌ വിവരക്കേടായി ഖുർആൻ ഇവിടെ പറയുന്നത്‌. "നഖം കൊണ്ട്‌ മറിച്ചിട്ട നാണയത്തിന്റെ തൂക്കം കൃത്യമായി പറയാൻ കഴിടുന്നതോടൊപ്പം നിസ്‌ക്കാരത്തെക്കുറിച്ച്‌ വിവരമില്ലാതിരിക്കുക" ഇതാണിപ്പറഞ്ഞ വിവരക്കേടുകൊണ്ട്‌ വിവക്ഷയെന്നു ഹസനുൽ ബസരി (റ) പറഞ്ഞിട്ടുണ്ട്‌. ഇതു തുറന്നു പറഞ്ഞതാണോ പണ്‌ഡിതന്മാരുടെ തെറ്റ്‌! അതോ ഇവരെയെല്ലാം ഉദ്ദേശിച്ചാണോ ഇൽമിനെ പരിമിതപ്പെടുത്തിയ സ്വാർത്ഥന്മാരെന്നു തേജസ്സ്‌ ആരോപിച്ചത്‌!

അവരുടെ മേലുള്ള മറ്റൊരാരോപണം "ഇജ്‌മാഅ്‌ എന്ന പദത്തിന്റെ അർത്ഥം മുസ്ലിം സമൂഹത്തിന്റെ ഏകീകൃതാഭിപ്രായം" എന്നതിൽ നിന്നു ചുരുക്കി "പണ്‌ഡിതന്മാരുടെ ഏകീകൃതാഭിപ്രായം അഥവാ തങ്ങളുടെ തന്നെ അഭിപ്രായം എന്നാക്കി" എന്നതാണ്‌. ഇത്‌ പലതരികിടകളുടെ മിശ്ര രൂപമാണ്‌. ഇജ്‌മാഇന്റെ നിർവ്വചനമായി മേലുദ്ധരിച്ചത്‌ രണ്ടും ശരി തന്നെയാണ്‌. പക്ഷേ രണ്ടാമത്‌ പറഞ്ഞതു പുലർന്നാൽ ഇജ്‌മാആയി. അത്‌ തത്വത്തിൽ മുസ്ലിം സമൂഹത്തിന്റെ ഏകോപനവുമാണ്‌. ഓരോവ്യക്തിയും അതിൽ കണ്ണിയാകണമെങ്കിൽ ഇജ്‌മാഅ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടത്‌ എന്നു പറയാവുന്ന എത്ര കാര്യം കിട്ടും? ഇജ്‌മാഅ്‌ പ്രമാണമാണെന്നും അല്ലെന്നും തർക്കം നടക്കുന്ന ഒരു സമൂഹത്തിൽ അത്‌ പ്രമാണമാണെന്നു പറഞ്ഞു രംഗത്തു വരികയും ഒരോവ്യക്തിയും അതിൽ കണ്ണിയാവാഞ്ഞാൽ അതു പുലരുകയില്ലെന്നു പറഞ്ഞ്‌ അതിനെ കൊന്നു കളയുകയും ചെയ്യുന്നവർ ഏതുപക്ഷത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളതെന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

അതോടൊപ്പം ഒരു സഹസ്രാബ്‌ദ കാലത്തിലധികമുള്ള മുസ്ലിം സമൂഹത്തിന്റെ മൊത്തം ഏകോപനം പോലെ സ്ഥിരപ്പെട്ട മദ്‌ഹബ്‌ അനുകരണത്തിൽ തെറ്റു കണ്ടെത്തി ഇജ്‌തിഹാദിനു വേണ്ടി വാദിക്കുക, ഇതിലെ വൈരുധ്യമോർക്കാതെ അതിന്റെ പേരിലും പണ്ഡിതരെ പഴിക്കുക. ഇതെന്തു നീതി?! സാധാരണക്കാർ പണ്ഡിതർ എന്നു കേൾക്കുമ്പോൾ മനസ്സിലാക്കുക ആരെയാണോ അവരെല്ലാം പക്ഷെ, തങ്ങൾ ഇജ്‌തിഹാദിന്‌ അർഹരല്ലെന്ന സ്വന്തം കഴിവു കേട്‌ സമ്മതിച്ചവരാണ്‌. മൂന്നാം നൂറ്റാണ്ടിനു ശേഷം അതിനു യോഗ്യരായ ആരും ഉണ്ടായിട്ടില്ലെന്നാണ്‌ ഇമാം ഇബ്‌നു ഹജറി (റ) നെ പോലൈാത്തവർ വ്യക്തമാക്കിയത്‌. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്‌ തങ്ങൾ ഇജ്‌മാഇൽ കണ്ണികളാകാൻ അർഹരല്ലെന്ന സത്യവും. നമുക്കും കിട്ടേണ്ട ഇജ്‌തിഹാദ്‌, ഇജ്‌മാഅ്‌ എന്നിവയിലെ അവകാശം പണ്ഡിതൻമാർ സ്വന്തം കുത്തകയാക്കിയെന്നു തെറ്റിദ്ധരിപ്പിച്ച്‌ അവർക്കെതിരെ പാവങ്ങളെ തിരിച്ചു വിടാനുള്ള തന്ത്രമാണിത്‌.

"നിങ്ങളെ നാം സത്യസാക്ഷികളായ സമൂഹമാക്കി" തുടങ്ങിയ അനേകം ഖുർആൻ വാക്യങ്ങൾ കൊണ്ടും "എന്റെ ഉമ്മത്ത്‌ പിഴവിൽ ഏകോപിക്കില്ല" തുടങ്ങിയ നബിവചനങ്ങൾ കൊണ്ടും അടിസ്ഥാനം സ്ഥിരപ്പെട്ടതാണ്‌ ഇജ്‌മാഅ്‌. ഇതിനു മുമ്പ്‌ സൂചിപ്പിച്ചതു പോലെ ഗവേഷണ യോഗ്യരായ പണ്ഡിതൻമാരുടെ ഏകോപനമാണ്‌. അത്‌. ഒരിടത്ത്‌ എല്ലാവരും ഒത്തു കൂടി തീരുമാനിച്ചു പറയലല്ല. ഒരു ഗവേഷകനു മറ്റൊരാളെ അനുകരിക്കൽ അനുവദനീയമല്ല. ഇങ്ങനെ ഒരു കാലത്തെ വ്യത്യസ്‌ത ഗവേഷകരുടെ ഗവേഷണം ഒത്തു വരലാണ്‌ ഇജ്‌മാഅ്‌. ഒരു സമൂഹത്തിന്റെ "കൈകാര്യക്കാരുടെ" തീരുമാനം അവരുടെ മൊത്തം തീരുമാനമായി അംഗീകരിക്കപ്പെടുമെന്നത്‌ ആർക്കും മനസ്സിലാകാത്തതല്ല. ശൈഖ്‌ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യൻ ജനതയുടെ ദു:ഖം പ്രധാനമന്ത്രി യു.എ.ഇ അധികൃതരെ അറിയിച്ചു എന്നൊരു വാർത്ത വന്നാൽ അയാൾക്കതു പറയാൻ എന്താണധികാരം? ഇന്ത്യൻ ജനത എന്നാൽ മൻമോഹൻ സിംഗ്‌ എന്നാണോ അർത്ഥം? എന്ന്‌ ഒരാൾ ചോദിച്ചാല്‍ അതിനെന്താണു മറുപടി?

ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പ്രതിഭകളിൽ നിന്നു തേജസിന്റെ അണിയറ ശിൽപ്പികളെ സ്വാധീനിച്ചവരുടെ പട്ടിക നിരത്തിയിട്ട്‌ അതിൽ നിന്നു വായനക്കാരുടെ അഭിപ്രായ സർവ്വേ നടന്നതോർക്കുന്നു. അന്നു തേജസ്സ്‌ ഇരുപതിനായിരത്തിന്റെ സർക്കുലേഷന്റെ പെരുമ പറയുന്ന കാലമാണ്‌. എന്നാൽ ഇതിൽ എത്രപേർ സർവ്വേയിൽ പങ്കെടുത്തിരിക്കും? എത്രയായാലും ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നതുറപ്പാണ്‌. "കേരള മുസ്ലികളെ സ്വാധീനിച്ച്‌" എന്നായിരുന്നു അതേക്കുറിച്ച്‌ തേജസ്സിന്റെ പ്രയോഗം. അരക്കോടിയിലധികം വരുന്ന കേരള മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ഇത്രയും പേർക്കു പറ്റുമെന്നും മുജ്‌തഹിദുകൾക്ക്‌ ഉമ്മത്തിനെ മൊത്തം പ്രതിനിധീകരിക്കാൻ പറ്റില്ലെന്നും പറയുന്നതിലെ അന്തരമാണ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്‌.

ഇത്രയും കുറിച്ചതിൽ നിന്നും തേജസ്സിനെയും വിലയിരുത്തുന്നവർ സമൂഹത്തിലുണ്ടെന്നത്‌ തേജസ്‌ ശില്‍പികൾക്ക്‌ ബോധ്യമായിരിക്കും. എന്‍.ഡി.എഫിനെയും തേജസിനെയും അടച്ചാക്ഷേപിക്കുന്ന നയമല്ല നാളിതുവരെയായി ബുൽബുൽ സ്വീകരിച്ചിട്ടുള്ളത്‌. സഖാവു പിണറായി വിജയൻ എന്‍.ഡി.എഫിനെതിരെ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെതിരെ മുഖപ്രസംഗത്തിലൂടെ പലതവണ പ്രതികരിച്ച പത്രമാണ്‌ ബുൽബുൽ എന്നോർക്കണം. മഅ്‌ദനിയെ പോലോത്ത പീഡിതർക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിലും ഭരണ കൂട ഫാഷിസത്തിന്റെ കറുത്ത മുഖങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും തേജസ്സ്‌ വഹിക്കുന്ന പങ്ക്‌ ഒരിക്കലും വിസ്‌മരിക്കുന്നില്ല.


തുല്യനീതിക്കു വേണ്ടി ഭരണഘടന അനുശാസിക്കുന്ന ഏതു മാർഗ്ഗവും സ്വീകരിക്കുന്നതും അതിനായി സംഘടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌. മോഡിസം നടപ്പിലാക്കപ്പെടുന്ന ഇക്കാലത്ത്‌ വിശേഷിച്ചും എന്നുവെച്ച്‌ വ്യത്യസ്‌ത സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ഇന്നാട്ടിൽ പരസ്‌പരം സംശയ ദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌ ശരിയല്ല. രാഷ്‌ട്രം പുരോഗതിയുടെ തകർച്ചക്കും സാമൂഹിക അസഹിഷ്‌ണുതക്കും അത്‌ നിമിത്തമാകുമെന്നു പറയേണ്ടതില്ലല്ലോ. അത് കൊണ്ട്‌ ഉപരിസൂചിത സമരങ്ങൾ ഈ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. മുസ്‌ലിംകളിൽ ഇനിയും ഭിന്നിപ്പില്ലാതിരിക്കാനും.

എഴുതിയത്: സദഖത്തുള്ള മൗലവി കാടാമ്പുഴ

(ബുൽബുൽ മാസിക 2005 ഏപ്രിൽ )

കാലത്തിനു ശ്രേഷ്ടത പകർന്ന തിരുദൂതർ

❤കാലത്തിനു ശ്രേഷ്ടത പകർന്ന തിരുദൂതർ❤

അല്ലാമ: ഇബ്‌നുൽ ഹാജ്ജ്‌(റ)

നബി(സ)യുടെ ജന്മമെന്തു കൊണ്ട്‌ ലൈലതുൽ ഖദ്‌റിലോ റമളാനിലോ ആകാശ-ഭൂമികളുടെ സൃഷ്ടിപ്പുനാൾ മുതൽ പവിത്രമാസങ്ങളായി അറിയപ്പെടുന്ന മാസങ്ങളിലോ ശ്രേഷ്ടദിനമായ വെള്ളിയാഴ്ചയോ ആയില്ല എന്നു ചോദിച്ചാൽ അതിനു നാലു വിധത്തിൽ മറുപടി പറയാം.

ഒന്ന്, മരം സൃഷ്ടിക്കപ്പെട്ടത്‌ തിങ്കളാഴ്ചയാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌. ഭക്ഷണം, പഴവർഗ്ഗങ്ങൾ, നന്മകൾ തുടങ്ങിയ മനുഷ്യന്റെ നിലനിൽപിനാവശ്യമായും അവന്‌ ആത്മസംതൃപ്തി നൽകുന്നതുമായ കാര്യങ്ങളുടെ ദിനമാണതെന്ന സൂചനയാണിതിൽ അടങ്ങിയിരിട്ടുള്ളത്‌.

രണ്ട്‌, നാമധേയങ്ങൾക്കു നാമത്തിൽ പങ്കുണ്ട്‌ എന്ന തത്ത്വപ്രകാരം റബീഅ്(വസന്തം) എന്ന നാമം ഏറ്റവും നല്ല ശുഭസൂചന നൽകുന്നു....

മൂന്ന്, ഋതുക്കളിൽ ഏറ്റവും ഉത്തമവും ആനന്ദകരവുമാണ്‌ വസന്തം. തിരുനബി(സ)യുടെ ശരീഅത്താണ്‌ ശരീഅത്തുകളിൽ ഉത്തമവും മധ്യമവുമെന്ന് ഇത്‌ സൂചന നൽകുന്നു.

നാല്‌, ആദ്യമേ ശ്രേഷ്ടത കൽപ്പിക്കപ്പെടുന്ന കാലങ്ങളിലാണ്‌ തിരുമേനി(സ) ജന്മമെടുത്തിരുന്നെങ്കിൽ കാലം കൊണ്ട്‌ അവിടുന്ന് ശ്രേഷ്ടനാകുകയായിരുന്നുവെന്ന തെറ്റിദ്ധാരണക്ക്‌ വക നൽകുമായിരുന്നു. മറിച്ച്‌ ജന്മമാസത്തെ തിരുനബി(സ)യെ കൊണ്ട്‌ ശ്രേഷ്ടമാക്കലായിരുന്നു അല്ലാഹുവിന്റെ നിയതി.

_അൽ മദ്‌ഖൽ 2: 26-29_



:സൂചിക - നുസ്രത്തുൽ അനാം മാസിക 2014 ഡിസംബർ

ബിലാലി(റ)ന്റെ മദീന സിയാറത്ത്‌

മുഹർരിറുൽ മദ്‌ഹബ്‌ ഇമാം നവവി(റ) : 631-676

ബിലാലുബ്‌നു റബാഹ്‌(റ) അബൂബക്‌റി(റ)ന്റെ മൗലയാണ്‌. ഹുമാമയാണ്‌ മാതാവ്‌. ആദ്യകാല മുസ്‌ലിംകളിലും പ്രഥമ പലായനക്കാരിലും ഉൾപ്പെടുന്നു. ബദ്‌ർ, ഉഹദ്‌, ഖന്തഖ്‌ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബി(സ)യോടൊപ്പം സംബന്ധിച്ചിട്ടുണ്ട്‌.

അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ ഏറെ പീഢിപ്പിക്കപ്പെട്ടിരുന്നു. അപ്പോളൊക്കെ ക്ഷമ കൈക്കൊണ്ടു. ഒന്നിനു പുറകെ മറ്റൊന്നായി പലവിധ പീഢനങ്ങൾക്കാണ്‌ ഉടമ ഉമയ്യത്തുബ്‌നു ഖലഫ്‌ അദ്ദേഹത്തെ ഇരയാക്കിയത്‌. അതുകൊണ്ടു തന്നെയാകണം ബദ്‌റിൽ ബിലാലിന്റെ കൈക്ക്‌ ഉമയ്യത്തിന്റെ വധം നടക്കണമെന്നായിരുന്നു അല്ലാഹുവിന്റെ നിയതി. അബൂബക്‌ർ(റ) അദ്ദേഹത്തെ അഞ്ച്‌ ഊഖിയ വെള്ളി നൽകിയാണ്‌ മോചിപ്പിച്ചത്‌. ഇസ്ലാമിലെ പ്രഥമ മുഅദ്ദിനാണദ്ദേഹം. നാട്ടിലുള്ളപ്പോളും യാത്രയിലുമെല്ലാം നബി(സ)ക്കു വേണ്ടി അദ്ദേഹം ബാങ്കു വിളിച്ചു.

നബി(സ) വഫാത്തായതോടെ ശാമിലേക്കു യുദ്ധത്തിനു പോയ അദ്ദേഹം മരണം വരെ അവിടെയായിരുന്നു താമസിച്ചത്‌. ഉമർ(റ) ശാമിൽ ചെന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരിക്കൽ ബാങ്കു വിളിച്ചിട്ടുണ്ട്‌. അന്നത്തേതു പോലെ ജനം കരഞ്ഞ മറ്റൊരു ദിനമില്ല. മദീനയിൽ നബിയെ(സ) സിയാറത്തു ചെയ്യാൻ വേണ്ടി വന്ന ഒരു വരവിൽ സ്വഹാബാക്കൾ ആവശ്യപ്പെട്ടതു പ്രകാരവും അദ്ദേഹം ബാങ്കു വിളിക്കുകയുണ്ടായി. ആ ബാങ്കു പക്ഷേ അദ്ദേഹത്തിനു പൂർത്തിയാക്കാനായില്ല.

(തഹ്ദീബുൽ അസ്‌മാഇ വല്ലുഗാത്ത്‌ 1/146)



_സൂചിക - നുസ്രത്തുൽ അനാം മാസിക 2015 ഒക്ടോബർ_

ജ്യോതിഷം നിഷിദ്ധവിദ്യ

"നക്ഷത്രങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ വിജ്ഞാനീയങ്ങളും നിഷിദ്ധമല്ല. അതിൽ ചിലതു പഠിക്കലും പഠിപ്പിക്കലും നിർബന്ധമുള്ളതുണ്ട്‌. ഉദാഹരണമായി ഖിബ്‌ല - കഅ്ബയും അതിന്റെ ദിശയും കണ്ടെത്തണമല്ലോ. സമയങ്ങൾ ഗ്രഹിച്ചിരിക്കണമല്ലോ. നമസ്കാരം നിർവ്വഹിക്കാൻ ഇതെല്ലാം അനിവാര്യവും നിർബന്ധവുമാണല്ലോ. ഉദയാസ്തമയങ്ങളിൽ വ്യത്യാസമുള്ള പ്രവിശ്യകളും ഒന്നായ സ്ഥലങ്ങളും അറിയേണ്ടതുണ്ടല്ലോ. സകാത്തിനും നോമ്പിനും വർഷവും മാസവും അറിയാനും കണക്കാക്കാനും ചന്ദ്രപ്പിറ ദർശനം അനിവാര്യമല്ലേ? ഇതിന്‌ ഉദയാസ്തമയ വിവരം അറിയണമല്ലോ. ഇതെല്ലാം സാമൂഹികമായെങ്കിലും അനിവാര്യവും നിർബന്ധവുമാണ്‌.

നക്ഷത്ര വിജ്ഞാനങ്ങളിൽ മറ്റു ചിലത്‌ അനുവദനീയമാണ്‌. ചന്ദ്രന്റെ രാശികളും സഞ്ചാര പഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ത്വൂലും അർളും (ലാഞ്ചിറ്റ്യൂഡ്‌ - ലാറ്റിറ്റ്യൂഡ്‌) ഗ്രഹിക്കുക പോലുള്ളതെല്ലാം ഈ വിഭാഗത്തിൽ വരുന്നു. ചില നക്ഷത്ര വിദ്യകൾ ഹറാമും നിഷിദ്ധവുമാണ്‌. മനുഷ്യരെ തൊട്ടു മറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതെപ്പോൾ? ഇന്നാലിന്ന നക്ഷത്രം കൊണ്ട്‌ ഇന്നിന്നതെല്ലാം സംഭവിക്കും എന്നിത്യാദി ഫലങ്ങൾ വിവരിക്കുന്ന ഭാഗമാണു നിഷിദ്ധം. നേരെമറിച്ച്‌, ഇന്നിന്ന രാശിയിൽ ഇന്ന നക്ഷത്രം വന്നാൽ ഇന്നയിന്ന കാര്യം നടക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സാധാരണ നിശ്ചയം എന്നു പറയുന്നതുകൊണ്ടു കുഴപ്പമില്ല. ഇതിൽ അപാകതയൊന്നുമില്ലല്ലോ.

 പ്രകൃതി ശാസ്ത്രമെന്നാൽ, വസ്തുതകൾ യഥാവിധം അറിയാനുള്ള വിജ്ഞാനമെന്നാണുദ്ദേശ്യമെങ്കിൽ, അതു പഠിക്കുന്നതിനെന്താണു കുഴപ്പം? പഠിപ്പിക്കുന്നതിലും ചർച്ച ചെയ്യുന്നതിലുമെന്താണു തടസ്സം? ഇത്‌ നിഷിദ്ധമായ നക്ഷത്രഫലങ്ങളുടെ വിജ്ഞാനമായ ജ്യോതിഷത്തിനു തുല്യമല്ല. മതവിരുദ്ധരായ കേവല പ്രകൃതിവാദികൾ വിവരിക്കുന്ന രീതിയിൽ പ്രകൃതിശാസ്ത്രം പഠിക്കുകയാണുദ്ദേശ്യമെങ്കിൽ അതു നിഷിദ്ധമാണ്‌. കാരണം, അബദ്ധമായ വിശ്വാസങ്ങളിലേക്കും അടിസ്ഥാന രഹിതമായ തത്വങ്ങളിലേക്കും ഇതു കൊണ്ടെത്തിക്കും. പ്രപഞ്ചം അനാദിയാണ്‌, അതു സൃഷ്ടിക്കപ്പെട്ടതല്ല, തനിയെ ഉണ്ടായതാണ്‌ എന്നിതു പോലെയുള്ള സയൻസിന്റെ ജൽപ്പനങ്ങൾ പ്രസിദ്ധമാണല്ലോ. ഇവയെല്ലാം പഠിക്കലും പഠിപ്പിക്കലും ഹറാമാണ്‌. നിഷിദ്ധമായ ജ്യോതിഷത്തെപ്പോലെത്തന്നെ. കാരണം, രണ്ടും വിനാശകരമാണ്‌. അന്ധവിശ്വാസത്തിലേക്കും അബദ്ധധാരണകളിലേക്കും മതവിരുദ്ധമായ സങ്കൽപ്പങ്ങളിലേക്കും ഇതുരണ്ടും നമ്മെക്കൊണ്ടെത്തിക്കും. രണ്ടും രണ്ടു വിധത്തിലാണെങ്കിലും".

▪ഇമാം അഹ്‌മദ്‌ ശിഹാബുദ്ദീൻ ഇബ്നുഹജർ ഹൈതമി അൽമക്കി(909-974)▪

_ഫതാവൽ ഹദീസിയ്യ_



(സൂചിക - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ)

ഖബ്‌റുകൾ അനാദരിക്കപ്പെടരുത്‌:

 ഹാഫിള്‌ ഇബ്‌നു കസീർ (ഹി: 774).

"ഇബ്‌റാഹീം നബി(അ)യുടെയും പുത്രൻ ഇസ്‌ഹാഖി നബി(അ)യുടെയും പൗത്രൻ യഅ്ഖൂബ്‌ നബി(അ)യുടെയും ഖബ്‌റുകൾ സുലൈമാൻ നബി(അ) ഹിബ്‌'റോണിൽ പണിത ചതുരക്കെട്ടിനകത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. അൽ അഖീൽ പട്ടണമെന്ന പേരിൽ ഇന്നു പ്രസിദ്ധമായ നാടാണത്‌. ഇത്‌ തലമുറകൾ തലമുറകളായി ഒരു സമുദായം അടുത്ത സമുദായത്തിലേക്ക്‌ ഇന്നേ വരെ മുതവാതിറായി(അനിഷേധ്യ സത്യമായി) കൈമാറപ്പെട്ട കാര്യമാണ്‌. ഈ ചതുരത്തിനിടയിലാണെന്നതാണ്‌ ഇങ്ങനെ ലഭ്യമായത്‌. ഇതിൽ എവിടെയാണ്‌ അതെന്നതു സംബന്ധിച്ച്‌ വിശ്വാസയോഗ്യമായ വിവരം ലഭ്യമല്ല. അതുകൊണ്ട്‌ സമാനസ്ഥലങ്ങൾ പോലെ ആദരിക്കപ്പെടേണ്ടതും അതിന്റെ ഭാഗങ്ങളിൽ അവമതിക്കുന്ന വല്ലതും ചെയ്യാതെ കാത്തുസൂക്ഷിക്കപ്പെടേണ്ടതുമാണ്‌. ഇത്‌ അത്യാവശ്യമാണ്‌. അല്ലാത്ത പക്ഷം ഇബ്‌റാഹീം നബിയുടെയും മക്കളുടെയും ഖബ്‌റുകളെ അനാദരിക്കലായി ഭവിക്കാനുള്ള സാധ്യത പേടിക്കണം".

_അൽബിദായത്തു വന്നിഹായ: 1-204_



സൂചിക - നുസ്രത്തുൽ അനാം മാസിക 2014 സെപ്റ്റംബർ.

സ്വഭാവം: ഇരുമുഖങ്ങൾ

സദ്‌സ്വഭാവം പ്രവാചകപ്രഭുവായ മുഹമ്മദ്‌ നബി(സ)യുടെ വിശേഷഗുണവും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സുകൃതരുടെ പ്രവൃത്തികളിൽ  ഉൽകൃഷ്ടവുമാണ്. യഥാർത്ഥത്തിൽ അത് ദീനിന്റെ പകുതിയും ഭക്തജനങ്ങളുടെ പരിശ്രമത്തിന്റെ ഫലവും ആരാധനാ കർമ്മികൾക്കുള്ള പരിശീലനവുമാണ്.

ദുസ്സ്വഭാവം മനുഷ്യനെ നശിപ്പിക്കുന്ന വിഷമാണ്. അപമാനമുണ്ടാക്കുന്നവയും, വ്യക്തമായ നിന്ദ്യതയുമാണത്. പ്രപഞ്ചനാഥന്റെ സന്നിധിയിൽ നിന്നകറ്റുന്ന ചീത്ത കാര്യവുമാണ്. ദുസ്സ്വഭാവികളെ പിശാചുകളെ കോർത്തിണക്കുന്ന ചരടിൽ കോർത്തിണക്കുന്നതാണ്. കത്തിയെരിയുന്നതും ഹൃദയത്തിൽ കടന്നു ചെല്ലുന്നതുമായ നരകത്തിലേക്ക് തുറന്നു വെച്ചിട്ടുള്ള വാതിലുകളുമാണ്.

സൽസ്വഭാവങ്ങളാവട്ടെ, ഹൃദയത്തിൽ നിന്ന് സ്വർഗ്ഗീയസുഖങ്ങളിലേക്കും റഹ് മാനായ അല്ലാഹുവിന്റെ സന്നിധിയിലേക്കും തുറന്നു വെച്ചിട്ടുള്ള കവാടങ്ങളാണ്. ദുസ്വഭാവങ്ങൾ ഹൃദയത്തിലെ രോഗങ്ങളാണെന്നു മാത്രമല്ല, അത് ശാശ്വത സ്വർഗ്ഗീയ ജീവിതത്തെ നശിപ്പിച്ചു കളയുന്ന ഒരു മഹാരോഗവും കൂടിയാണ്.

ശരീരത്തിലെ ജീവനെ മാത്രം നഷ്ടപ്പെടുത്തുന്ന രോഗവും ദുസ്വഭാവങ്ങളും തമ്മിൽ എത്ര വ്യത്യാസം! ശാരീരിക രോഗ ചികിത്സാ നിയമങ്ങളെ വ്യവസ്ഥപ്പെടുത്തുന്നതിൽ വൈദ്യശാസ്ത്ര വിദഗ്ധൻമാരുടെ ശ്രദ്ധ ശക്തിപ്പെട്ടിടിരിക്കുമ്പോൾ, ശാശ്വത ജീവിതം നഷ്ടപ്പെടുത്തുന്ന ഹൃദയരോഗങ്ങൾക്കുള്ള ചികിത്സാമുറകളെ വ്യവസ്ഥപ്പെടുത്തുന്നതിൽ പ്രത്യേക പരിഗണന ഏറ്റവും ആവശ്യമാണ്‌.

:ഹുജ്ജത്തുൽ ഇസ്'ലാം ഇമാം ഗസ്സാലി(റ):



(സൂചിക - നുസ്രത്തുൽ അനാം മാസിക)

കഠിന ത്യാഗത്തിലൂടെയാണു തസവ്വുഫ്‌

ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി(റ) (470-561)

തസവ്വുഫ്‌ എന്നാൽ പ്രശസ്തരുടെയും അപ്രശസ്തരുടെയും പ്രസ്താവനകളിൽ നിന്നും പിടിച്ചെടുക്കുന്നതല്ല. വിശപ്പു സഹിച്ചു, പരിചിതവും ഭംഗിയുമുള്ളതുമായ ഭൗതിക വിഭവങ്ങളെല്ലാം വേണ്ടെന്നു വച്ച്‌, കഠിന ത്യാഗത്തിലൂടെ നേടിയെടുക്കുന്നതാണ്‌ തസവ്വുഫ്‌ - മാനസിക തെളിമ.

എട്ടു കാര്യങ്ങളുടെ മേലിലാണു തസവ്വുഫിനെ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്‌. ഹള്‌റത്ത്‌ ഇബ്രാഹീം നബി(അ)യുടെ ഉദാരത, പുത്രൻ ഇസ്‌ഹാഖ്‌ നബി(അ)യുടെ സ്വഭാവമായ അല്ലാഹുവിന്റെ വിധിയിലുള്ള പൂർണ്ണ സംതൃപ്തി, അയ്യൂബ്‌ നബി(അ)യുടെ അത്യുദാത്തമായ ക്ഷമ, സകരിയ്യാ നബി(അ)യുടെ മൗനം, യഹ്‌യാ നബി(അ)യുടെ ഏകാന്തവാസം, മൂസാ നബി(അ)യുടെ മാനസിക തെളിമ, ഈസാ നബി(അ)യുടെ വിശ്രമമില്ലാത്ത സഞ്ചാരം, നമ്മുടെ നബി(സ)യുടെ ഫഖ്‌ർ എന്നിവയാണ്‌ ആ എട്ടു കാര്യങ്ങൾ. 


ഫഖ്‌റിന്റെ യാഥാർത്ഥ്യം നിന്റെ സമശീർഷരുടെ ഇടയിൽ നീ ഇല്ലായ്‌മയും വല്ലായ്‌മയും പ്രകടിപ്പിക്കാതിരിക്കലാണ്‌. സ്വാശ്രയത്വത്തിന്റെ പരമാർത്ഥം നിന്നെ പോലുള്ളവരുടെ മുമ്പിൽ നിന്റെ ആശ്രയത്വം പ്രകടമാക്കാതിരിക്കലും.

:ഫുതൂഹുൽ ഗൈബിൽ നിന്ന്:




(സൂചിക - നുസ്രത്തുൽ അനാം 2008 ജനുവരി - ഫെബ്രുവരി)