Sunday, April 03, 2016

ബിലാലി(റ)ന്റെ മദീന സിയാറത്ത്‌

മുഹർരിറുൽ മദ്‌ഹബ്‌ ഇമാം നവവി(റ) : 631-676

ബിലാലുബ്‌നു റബാഹ്‌(റ) അബൂബക്‌റി(റ)ന്റെ മൗലയാണ്‌. ഹുമാമയാണ്‌ മാതാവ്‌. ആദ്യകാല മുസ്‌ലിംകളിലും പ്രഥമ പലായനക്കാരിലും ഉൾപ്പെടുന്നു. ബദ്‌ർ, ഉഹദ്‌, ഖന്തഖ്‌ തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബി(സ)യോടൊപ്പം സംബന്ധിച്ചിട്ടുണ്ട്‌.

അല്ലാഹുവിൽ വിശ്വസിച്ചതിന്റെ പേരിൽ ഏറെ പീഢിപ്പിക്കപ്പെട്ടിരുന്നു. അപ്പോളൊക്കെ ക്ഷമ കൈക്കൊണ്ടു. ഒന്നിനു പുറകെ മറ്റൊന്നായി പലവിധ പീഢനങ്ങൾക്കാണ്‌ ഉടമ ഉമയ്യത്തുബ്‌നു ഖലഫ്‌ അദ്ദേഹത്തെ ഇരയാക്കിയത്‌. അതുകൊണ്ടു തന്നെയാകണം ബദ്‌റിൽ ബിലാലിന്റെ കൈക്ക്‌ ഉമയ്യത്തിന്റെ വധം നടക്കണമെന്നായിരുന്നു അല്ലാഹുവിന്റെ നിയതി. അബൂബക്‌ർ(റ) അദ്ദേഹത്തെ അഞ്ച്‌ ഊഖിയ വെള്ളി നൽകിയാണ്‌ മോചിപ്പിച്ചത്‌. ഇസ്ലാമിലെ പ്രഥമ മുഅദ്ദിനാണദ്ദേഹം. നാട്ടിലുള്ളപ്പോളും യാത്രയിലുമെല്ലാം നബി(സ)ക്കു വേണ്ടി അദ്ദേഹം ബാങ്കു വിളിച്ചു.

നബി(സ) വഫാത്തായതോടെ ശാമിലേക്കു യുദ്ധത്തിനു പോയ അദ്ദേഹം മരണം വരെ അവിടെയായിരുന്നു താമസിച്ചത്‌. ഉമർ(റ) ശാമിൽ ചെന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരിക്കൽ ബാങ്കു വിളിച്ചിട്ടുണ്ട്‌. അന്നത്തേതു പോലെ ജനം കരഞ്ഞ മറ്റൊരു ദിനമില്ല. മദീനയിൽ നബിയെ(സ) സിയാറത്തു ചെയ്യാൻ വേണ്ടി വന്ന ഒരു വരവിൽ സ്വഹാബാക്കൾ ആവശ്യപ്പെട്ടതു പ്രകാരവും അദ്ദേഹം ബാങ്കു വിളിക്കുകയുണ്ടായി. ആ ബാങ്കു പക്ഷേ അദ്ദേഹത്തിനു പൂർത്തിയാക്കാനായില്ല.

(തഹ്ദീബുൽ അസ്‌മാഇ വല്ലുഗാത്ത്‌ 1/146)



_സൂചിക - നുസ്രത്തുൽ അനാം മാസിക 2015 ഒക്ടോബർ_

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...