Tuesday, January 03, 2017

തിരുനബി (ﷺ) - ഒരു ഹ്രസ്വ ചരിത്രം

വരണ്ടുണങ്ങിയ നിബിഡമായ മരുഭൂമിയുടെ മാറിടത്തിലേക്ക്‌ മുലകുടി മാറാത്ത കുഞ്ഞു പൈതലിനെയും മാതാവായ ഹാജറിനെയും വിട്ടു കൊണ്ട്‌ അല്ലാഹുവിന്റെ കൽപ്പനപ്രകാരം ഇബ്രാഹീം നബി(അ) അവരെ അല്ലാഹുവിങ്കൽ ഏൽപ്പിച്ച്‌ തിരിഞ്ഞു നോക്കാതെ നടക്കാൻ തുടങ്ങിയപ്പോ 'ഈ മരുഭൂവിൽ ഞങ്ങളെയും തനിച്ചാക്കി നിങ്ങൾ പോകുകയാണോ?' എന്ന് ഹാജർ ബീവി(റ) ചോദിച്ചു. മറുപടിയില്ല. മൂന്നുവട്ടം ചോദിച്ചിട്ടും ഉത്തരമില്ലാതെ വന്നപ്പോൾ 'ഇങ്ങനെ ചെയ്യാൻ അല്ലാഹുവിങ്കൽ നിന്നുള്ള കൽപ്പനയുണ്ടോ?' എന്നായി മഹതിയുടെ ചോദ്യം. "അതേ" എന്ന മറുപടിയിൽ ബീവി തൃപ്തയായി. ദൈവസന്നിധിയിലെ തീരുമാനമാണെങ്കിൽ അവൻ തന്നെ ജീവിക്കാനുള്ള സംവിധാനവും ഒരുക്കിക്കൊള്ളുമെന്ന മഹത്തായ തവക്കുലിന്റെ ബോധം ഹാജർ ബീവി(റ)ക്ക്‌ മനസ്സിലുറച്ചിരുന്നു.


മാറിടം വറ്റി - കരുതിയ കുടിവെള്ളവും ഭക്ഷണവും തീർന്നു. കണ്ണെത്താദൂരത്തോളം പരന്നു നിൽക്കുന്ന വിശാലമായ മരുഭൂമിയിൽ രണ്ട്‌ മനുഷ്യജീവികൾ ആരോരുമില്ലാതെ, ഒരുവിധ കരുതലുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു. ഇസ്മായീലെന്ന കുഞ്ഞുമോൻ കരഞ്ഞു തുടങ്ങി. മനം പിളർക്കുന്ന വേദനയോടെ ഓരോ വട്ടവും സഫയുടെയും മർവ്വയിടെയും മുകളിലേക്ക്‌ ഓടിക്കയറി ചക്രവാളത്തിലേക്ക്‌ കണ്ണോടിച്ചു നോക്കി ബീവി സഹായം തേടി..


നാഥന്റെ സഹായമെത്തി, കരഞ്ഞു കാലിട്ടടിക്കുന്ന ഇസ്മായീലിന്റെ കുഞ്ഞുപാദങ്ങൾക്കടിയിൽ ഉറവ പൊട്ടി 'സംസം' വെള്ളം കുതിച്ചു ചാടി. ഹാജർ ബീവി(റ) തടയണ കെട്ടി സംരക്ഷിച്ചില്ലായിരുന്നെങ്കിൽമക്കയിൽ ഒരു നദിയായി അതൊഴുകുമായിരുന്നു എന്ന് തിരുനബി തങ്ങളുടെ തിരുവാക്യം സാക്ഷി.





ഹിജാസിൽ കുടിയേറിയ ജർഹൂം ഗോത്രക്കാർ ജലത്തിന്റെ സാധ്യത അന്തരീക്ഷത്തിൽ തെളിഞ്ഞത്‌ കണ്ട്‌ സംസം കിണറിങ്കൽ അന്വേഷിച്ചെത്തി. "വെള്ളം ഉപയോഗിക്കാം, പക്ഷേ അതിന്റെ അവകാശം തരില്ല" എന്ന് ഹാജർ ബീവി(റ) അവരോട്‌ ഉണർത്തി. കുഞ്ഞു ഇസ്മായീൽ അവരിലൂടെ അറബി ഭാഷ പഠിച്ചു. പിതാവിന്റെ ഭാഷയായ അരാമെക്കിൽ നിന്നും അറബിയിലേക്ക്‌ - അല്ലാഹുവിന്റെ കൃത്യമായ സംവിധാനം. തിരുനബിയുടെ കുടുംബ വഴി അവിടെ രൂപപ്പെടുകയായിരുന്നു. ഇസ്മായീൽ സന്തതികളിൽ കിനാനയിലൂടെ, അവരിൽ നിന്നും ഖുറൈശിലൂടെ, അവരിൽ നിന്ന് ബനൂഹാഷിമിലൂടെ പുണ്യറസൂൽ(ﷺ) നിയോഗിക്കപ്പെടുകയായിരുന്നു - കുലീനമായ പാരമ്പര്യം!.


അന്നൊരു റജബ്‌ മാസത്തിലെ വെള്ളിയാഴ്ച്ച തിരുനബി(ﷺ)യുടെ ജീവന്റെയാധാരമായ പവിത്രബീജം അബ്ദുല്ല(റ) വിലൂടെ ആമിനബീവി(റ)യുടെ പവിത്രമായ ഉദരത്തിലെത്തി. സ്വർഗ്ഗത്തിന്റെ മാലാഖയോട്‌ അല്ലാഹുവിന്റെ കൽപ്പന വന്നു: "ഫിർദ്ദൗസിന്റെ വാതിലുകൾ തുറന്നിടുക". ആകാശ ഭൂമികളിൽ മുഴുക്കെ സന്തോഷത്തിന്റെ വിളംബരം നടന്നു. ആമിനയുടെ ഗർഭപാത്രത്തിൽ അമൂല്യമായ നിക്ഷേപം സ്ഥാപിതമായിരിക്കുന്നു.


ദിവസങ്ങൾ കഴിയുന്തോറും അത്ഭുതങ്ങൾ നടക്കുന്നു. ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകളൊന്നുമില്ല ബീവിക്ക്‌. പിൽക്കാലത്തീ കാര്യം ആമിനബീവി(റ) തന്നെ ഹലീമബീവി(റ)യോട്‌ പറയുന്നുണ്ട്‌. ഇതിനിടയിൽ ശാമിലേക്ക്‌ പോയി വരുന്നവഴിക്ക്‌ പിതാവ്‌ അബ്ദുല്ല(റ) വഫാത്തായി. മഹതി(റ) ഓരോ മാസവും അമ്പിയാക്കളെ സ്വപ്നം കാണുന്നുണ്ട്‌. ആലമുൽ മലക്കൂത്തിലെ വിശുദ്ധാത്മാക്കൾ സ്വപ്നത്തിൽ സന്ദർശ്ശിക്കുന്നു.


അങ്ങനെയങ്ങനെ സംഭവ ബഹുലമായ ഗർഭാവസ്ഥ കഴിഞ്ഞ്‌ ആനക്കലഹ വർഷം ഏ.ഡി 570 ഇൽ റബീഉൽഅവ്വൽ 12 തിങ്കളാഴ്ച പിറന്നു വീണു. അവിടുത്തെ ജീവിതത്തിൽ തിങ്കളാഴ്ച്ച പ്രത്യേകമായ ദിവസമാണ്‌. അനവധി പ്രസിദ്ധ സംഭവങ്ങൾ നടക്കുന്നത്‌ തിങ്കളാഴ്ച്ചയാണ്‌. തിരുജനനം, ഹജറുൽ അസ്‌വദ്‌ സ്ഥാപിച്ചത്‌, പ്രവാചകത്വം, ഹിജ്ര പോയത്‌, മദീനയിൽ എത്തിയത്‌, തിരു വഫാത്ത്‌..


മാർക്കം ചെയ്ത നിലക്ക്, ചൂണ്ടു വിരൽ ആകാശത്തിലേക്കുയർത്തിയാണു അവിടുന്ന് ജനിച്ചത്‌ എന്ന് ചില ചരിത്രങ്ങൾ ഉദ്ധരിക്കപ്പെടുന്നു. ജനനസമയത്തുണ്ടായ അത്യുത്ഭുതകരമായ സംഭവങ്ങൾ ഒട്ടനവധിയാണ്. ശാം മുഴുക്കെ തെളിഞ്ഞു കാണുന്നൊരു അത്ഭുതപ്രകാശം മാതാവ് ആമിനാബീവി(റ) കണ്ടു. ആയിരത്തിൽ പരം വർഷമായി പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നികുണ്ഡം അണഞ്ഞു പോയി. സാവാ തടാകം വറ്റി വരണ്ടു, കുഫ്ഫാറുകളുടെ വിഗ്രഹാദൈവങ്ങൾ തലകുത്തി വീണു..അങ്ങനെ ഒരുപാട്.


ആനക്കലഹ സംഭവം തിരുനബിക്കും(ﷺ) അവിടുന്ന് പിറക്കാനുള്ള ജനതക്കുമുള്ള സമ്മാനവും ആദരവുമാണെന്ന് ഇബ്നുൽ ഖയ്യിം സാദുൽമആദിൽ വ്യക്തമാക്കുന്നു. അബ്രഹത്തും കൂട്ടരും വേദക്കാരായ ക്രൈസ്തവരായിരിക്കെ അവരേക്കാൾ എത്രയോ മോശക്കാരായ വിഗ്രഹാരാധനയുടെ കൂത്തരങ്ങിന്റെ സമൂഹമായ മക്കാമുശ്രിക്കുകളെ മനുഷ്യന്റെ കൈ കടത്തൽ യാതൊന്നുമില്ലാത്ത അത്യപൂർവ്വമായ സഹായം കൊണ്ട്‌ രക്ഷിച്ചത്‌ അടുത്ത്‌ ജനിക്കാനിരിക്കുന്ന നബിക്കും(ﷺ) പവിത്ര ഭവനത്തിനുമുള്ള ആദരമാണെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്‌.


തിരുജന്മത്തിൽ സന്തോഷിച്ച്‌ അബൂലഹബ്‌ സുവൈബ എന്ന അടിമയെ മോചിപ്പിച്ചു. ആ ഒരു സന്തോഷപ്രകടനത്തിന്റെ കാരണത്താൽ തന്നെ അബൂലഹബിന് നരകത്തിൽ എല്ലാ തിങ്കളാഴ്ച ദിവസവും ശിക്ഷയിൽ അൽപ്പം ഇളവുണ്ടെന്ന് പ്രബലമായ പല ഉദ്ധരണികളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.- അതേ സുവൈബ തിരുനബി(ﷺ)ക്ക്‌ മുലകൊടുത്തു. ഖദീജ ബീവിയെ(റ) നിക്കാഹ്‌ ചെയ്ത ശേഷവും സുവൈബയെ അവിടുന്ന് ആദരിക്കുമായിരുന്നു. മഹതിക്കായി സമ്മാനങ്ങൾ അയക്കുമായിരുന്നു.


അങ്ങനെയിരിക്കെയാണ്‌ ഹലീമ ബീവി(റ) യുടെ വരവ്‌ - ബനീസഅദ്‌ ഗോത്രക്കാർ വന്ന് ഖുറൈശികളുടെ മക്കളെ മുലയൂട്ടാൻ കൊണ്ട്‌ പോകുന്ന സംസ്കാരപ്രകാരം നാലു വർഷം അവിടുന്ന് ഹലീമ ബീവി(റ) ക്കൊപ്പം ജീവിച്ചു. അവിടുന്ന്(ﷺ) ചേർന്നതോടെ ആ കുടുംബത്തിൽ എല്ലാത്തിലും നിറഞ്ഞ ബറകത്ത്‌. അവരുടെ വരണ്ടുണങ്ങിയ കൃഷിയിടങ്ങൾ പച്ച പിടിച്ചു. പാലില്ലാത്ത ആടുകളുടെയും ഒട്ടകങ്ങളുടെയും അകിടുകൾ നിറഞ്ഞുനിന്നു.


രണ്ടു വർഷത്തെ പതിവ് മുലയൂട്ടലിനു ശേഷവും ബറക്കത്താക്കപ്പെട്ട കുഞ്ഞുമോനെ പിരിയാൻ പോറ്റുമ്മ ഹലീമ(റ)ക്കും കുടുംബത്തിനും തോന്നിയില്ല. മക്കത്ത് വന്ന് ആമിന ബീവി(റ)യോട് കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ കുറിച്ചും മക്കത്ത് പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ കുട്ടിക്ക് വരാതിരിക്കാൻ വേണ്ടിയൊന്നുമൊക്കെ പറഞ്ഞു വീണ്ടും പൈതലായ മുഹമ്മദിനെ(ﷺ) തങ്ങളുടെ കൂടെ തന്നെ കൂട്ടിക്കൊണ്ടു പോയി വളർത്തി. നാലാം വയസ്സിലെ പ്രസിദ്ധമായ ഹൃദയ ശസ്ത്രക്രിയയിൽ പേടിച്ച്‌ പോയ ഹലീമബീവി മകനെ ആമിനാബീവിയിലേക്ക്‌ തിരിച്ചേൽപ്പിച്ചു. നാലു വട്ടം അവിടുത്തേക്ക്‌ ഹൃദയ ശസ്ത്രക്രിയ നടന്നതായി ഉദ്ധരിക്കപ്പെടുന്നുണ്ട്‌ - നാലാം വയസ്സിൽ, പത്താം വയസ്സിൽ, നുബുവ്വത്ത്‌ നൽകാൻ വന്ന സമയത്ത്‌, ഇസ്രാഅ് മിഅ്റാജിന്റെ സമയത്ത്‌.




ആറാം വയസ്സിൽ യസ്‌രിബിലേക്ക്‌ ഉമ്മയോടൊപ്പമൊരു യാത്രപോയി. ഉമ്മു അയ്മൻ എന്ന അടിമ സ്ത്രീയും ഒപ്പമുണ്ടായിരുന്നു. പിൽക്കാലത്ത്‌ അവിടുന്ന് ഇവരെ മോചിപ്പിച്ച്‌ സൈദ്‌ ഇബ്നു ഹാരിസ(റ)വിനു നിക്കാഹ്‌ ചെയ്തു കൊടുത്തു. ഒരു മാസത്തോളം അവിടെ ഉന്മാന്റെ കുടുംബക്കാർക്കൊപ്പം നിന്നു. ബനീ അദിയ്യ്‌ ഗോത്രക്കാരുടെ കുളത്തിൽ അവിടുന്ന് നീന്തൽ പഠിച്ചത്‌ ഇക്കാലത്താണ്‌. തിരിച്ചു വരുമ്പോൾ അബവാഇൽ വെച്ച്‌ പ്രിയപ്പെട്ട ഉമ്മ ആമിനബീവി(റ) വഫാത്തായി. വർഷങ്ങളേറെ കഴിഞ്ഞോരുനാൾ സ്വഹാബത്തിനൊപ്പം ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പുണ്യ റസൂൽ(ﷺ) അബവാഇൽ എത്തിയ സമയത്ത് അവിടുത്തെ പ്രിയമാതാവ്(റ)യുടെ തിരുഖബറിങ്കൽ വന്നു നിന്ന് ശരീരം ഇളകിക്കൊണ്ട് തേങ്ങി തേങ്ങി കരഞ്ഞത് ചരിത്രത്തിലെ ഏറ്റവും കരളലിയിക്കുന്ന സ്നേഹനിമിഷങ്ങളാണ്. അൻപതിൽ പരം വർഷം മുമ്പ് പിരിഞ്ഞു പോയ ഉമ്മയുടെ ഖബർ അവിടുത്തെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. ആ പ്രിയമാതാവിന്റെ ഓർമ്മകൾ അവിടുത്തെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു.


ഉമ്മു അയ്മനൊപ്പം തിരിച്ചെത്തിയ തികച്ചും അനാഥനായ മോനെ പിതാമഹൻ അബ്ദുൽ മുത്വലിബ്‌ വളർത്തി. സംഭവബഹുലമായ രണ്ടു വർഷക്കാലത്തെ ജീവിതമായിരുന്നു പിതാമഹന്റെ കീഴിലേത്. തിരുനബിയിലെ(ﷺ) അത്യുൽകൃഷ്ടമായ ഭാവി അബ്ദുൽമുത്വലിബ് ദീർഘവീക്ഷണം ചെയ്തിരുന്നു. വരൾച്ചയുടെ ദൈന്യമായ സമയത്ത് അവിടുത്തെ(ﷺ) മുഖം ആകാശത്തിലേക്ക് കാണിച്ചപ്പോൾ ഇല്ലായ്മയിൽ നിന്നും എങ്ങുനിന്നോ മേഘങ്ങൾ ഉരുണ്ടുകൂടി ദിവസങ്ങളോളം നിർത്താതെ മഴപെയ്ത അത്ഭുത സംഭവങ്ങൾക്കൊക്കെ മക്കക്കാരെ സാക്ഷിനിർത്തുകയായിരുന്നു അബ്ദുൽമുത്വലിബ്. എട്ടാം വയസ്സിൽ അദ്ദേഹവും വഫാത്തായി.


ശേഷം തന്റെ പിതാവിന്റെ ഉമ്മയും ഉപ്പയുമൊത്ത സഹോദരനായ അബൂ ത്വാലിബ്‌ ഏറ്റെടുത്തു. വളരെ സ്നേഹപൂർവ്വം വളർത്തി. ദാരിദ്ര്യം നിറഞ്ഞ അബൂത്വാലിബിന്റെ വീട്ടിൽ മുഹമ്മദെന്ന(ﷺ) അത്ഭുതബാലൻ വന്നതോടെ നിറഞ്ഞ ബറക്കത് കളിയാടാൻ തുടങ്ങി. എന്തിനും അദ്ദേഹത്തിന് മുഹമ്മദ്(ﷺ) വേണം. ആർക്കും ഭക്ഷണം മതിയാകാതിരുന്നതിൽ നിന്നും ആ കുട്ടി(ﷺ) വന്നതോടെ എല്ലാവരും തിന്നാലും ഭക്ഷണം ബാക്കി വന്നു തുടങ്ങി. കുറഞ്ഞ പാൽ ആദ്യം മുഹമ്മദിനെ(ﷺ) കൊണ്ട് അബൂത്വാലിബ് കുടിപ്പിക്കുകയും ശേഷം വീട്ടിലുള്ള മുഴുവൻ പേരും കുടിച്ചാലും എല്ലാവർക്കും മതിയാവോളം കുടിക്കാൻ ലഭ്യമാകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനൊപ്പം പന്ത്രണ്ടാം വയസ്സിൽ ശാമിലേക്ക്‌ ആദ്യമായി യാത്രപോയി. അവിടെവെച്ച്‌ പ്രശസ്തമായ ബഹീറയെന്ന പുരോഹിതനുമായുള്ള കാഴ്ച്ചയും സംഭവങ്ങളും നടന്നു. പിന്നീട്‌ ഖദീജ ബീവി(റ)യുടെ കച്ചവട സംഘത്തിലായി വീണ്ടും ശാമിൽ പോയിട്ടുണ്ട്‌. മക്കത്തെ കുഫ്ഫാറുകളുടെ അതികഠിനമായ പീഡനങ്ങളുടെ കാലത്തും അവിടുത്തേക്ക്(ﷺ) താങ്ങും തണലുമായി നിന്നത് പ്രിയപ്പെട്ട പിതൃവ്യൻ തന്നെയായിരുന്നു.

ഖദീജ ബീവി(റ)യുമായുള്ള വിവാഹമാണു പിന്നെ നടന്നത്‌. മഹത്തായ, സ്നേഹപൂർണ്ണമായ മാതൃകാ ദാമ്പത്യ ജീവിതം. 25 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടെ മറ്റൊരു ഭാര്യയെയും സ്വീകരിച്ചില്ല. നാൽപ്പതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരിക്കെ ജിബ്രീൽ വന്ന് വഹിയ്‌ നൽകി നുബുവ്വത്തിന്റെ ദൗത്യമേൽപ്പിക്കുന്നു. പ്രവാചകത്വം ലഭിക്കുന്നതും ശേഷമുള്ള സംഭവബഹുലമായ ദഅ്വത്തിന്റെ ചരിത്രവുമൊക്കെ ഖദീജബീവി(റ)യോളം സ്വാധീനിച്ച മറ്റൊരാളുമില്ല. ആ മഹതി(റ) ഹിജ്രയുടെ 3 വർഷം മുമ്പ്‌ വഫാത്തായി. 6 മക്കളുണ്ടായി ആ ബന്ധത്തിൽ. ബീവി(റ)യുടെ സമ്പത്തും സൗകര്യവും ജീവിതവും മുഴുവൻ നബിതങ്ങൾക്ക്‌(ﷺ) വേണ്ടി സമർപ്പിച്ചു.


അതേ വർഷം തന്നെയായിരുന്നു എട്ട്‌ വയസ്സുമുതൽ പുണ്യനബി(ﷺ) തങ്ങളുടെ എലാമെല്ലാമായിരുന്ന പിതൃവ്യൻ അബൂത്വാലിബും ലോകത്തോട്‌ വിടപറയുന്നത്‌. 'ആമുൽ ഹുസ്ൻ' (ദുഃഖ വർഷം) എന്ന പേരിലാണീ വർഷത്തെ ചരിത്രം പരിചയപ്പെടുത്തുന്നത്‌. ഈ സന്താപത്തെയും പ്രയാസത്തെയും അതിജീവിക്കാൻ നബിതങ്ങളെ(ﷺ) സന്തോഷിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു തിരുനബിക്ക്‌ അല്ലാഹു ഇസ്രാഉം മിഅ്റാജും നൽകിയത്‌ എന്നും ചരിത്രത്തിൽ കാണാം.


ശേഷം ആദ്യം സൗദ ബീവി(റ)യെയും പിന്നെ ആയിഷ ബീവി(റ)യെയും വിവാഹം ചെയ്തു. പിന്നീട്‌ അതിപ്രധാനമായ ഹിജ്രയുടെ അനുവാദം ലഭിക്കുന്നു. കഠിനമായ പ്രയാസങ്ങളുടെ മേൽ പ്രയാസമുള്ള സമയം. പ്രധാന സ്വഹാബികൾ മിക്കവരും മദീനയിലേക്ക്‌ പോയി, അലി(റ), അബൂബക്കർ(റ), തിരുനബി(സ്വ) തുടങ്ങിയവർ മാത്രം മക്കത്ത്‌ ബാക്കിയായി. ദാറുന്നദ്‌വയിൽ കുഫ്ഫാറുകളുടെ കുപ്രസിദ്ധയോഗത്തിൽ ഇബ്‌ലീസ്‌(ല:അലൈഹി) വയസ്സായ മനുഷ്യന്റെ രൂപത്തിൽ വന്നു തിരുനബി(ﷺ)യെ കൊല്ലാനുള്ള തീരുമാനത്തിനു വഴിയൊരുക്കി. ജിബ്രീൽ(അ) വഴി കാര്യമറിഞ്ഞ തിരുനബി(ﷺ) അലി(റ)വിനെ വിരിപ്പിൽ കിടത്തി. പുറത്തുള്ള ശത്രുക്കളുടെ കണ്ണിൽ മണ്ണുവാരി എറിഞ്ഞ്‌ അവർക്കിടയിലൂടെ നടന്നുപോയി.


അബൂബക്കറി(റ)നോടൊപ്പം യാത്ര തുടങ്ങി. സൗർ ഗുഹയിൽ മൂന്നുനാൾ താമസിച്ചു. ചിലന്തിയും രണ്ട്‌ മാടപ്രാവുകളുമായി അല്ലാഹുവിന്റെ ഖുദ്രത്തിന്റെ സഹായം വന്നു. ആശങ്കപ്പെടുന്ന അബൂബക്കറി(റ)നോട്‌ "മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടു പേരെ കുറിച്ച്‌ നിങ്ങൾക്കെന്ത്‌ തോന്നുന്നു" എന്ന് നബിതങ്ങൾ(ﷺ) ചോദിച്ചു കൊണ്ട്‌ ധൈര്യം കൊടുത്തതും 'ഭയപ്പെടേണ്ട, അല്ലാഹു കൂടെയുണ്ട്' എന്നവിടുന്ന് പറഞ്ഞതും ഖുർആൻ ഉദ്ധരിക്കുന്നു.


തിരുനബിയുടെ(ﷺ) തലയെടുക്കുന്നതിനുള്ള കുഫ്ഫാറുകളുടെ നൂറൊട്ടകം പ്രതിഫലം വാങ്ങാനായി നബിതങ്ങളെ(ﷺ) കൊല്ലാൻ തേടിവന്ന സുറാഖ(റ)യുടെ ചരിത്രം പ്രസിദ്ധമാണ്‌. പിൽക്കാലത്ത് ഇസ്ളാമണഞ്ഞ അതേ സുറാഖയോട്‌(റ) കിസ്രാ ചക്രവർത്തിമാരുടെ അധികാര ചെങ്കോൽ ഇസ്ലാം തകർക്കുന്ന ഒരു കാലത്തെ തിരുനബി(ﷺ) സൂചിപ്പിച്ചതും അത്‌ ഉമർ(റ)വിന്റെ കാലത്ത്‌ ലോകം കണ്ടതും സുന്ദരമായ ചരിത്രമാണ്‌.


റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച അവിടുന്നും(ﷺ) സ്വാഹിബായ അബൂബക്കർ(റ)വും മദീനത്തെത്തി. 'ത്വലഅൽ ബദ്‌റു...' പാടി ജനങ്ങൾ മദീനയിലെ അതിർത്തിയിൽ അവിടുത്തെ സ്വീകരിച്ചു. തങ്ങളുടെ കൂടെ വീട്ടിൽ താമസിക്കാൻ അതിഥിയായി നബിതങ്ങളെ(ﷺ) കിട്ടാൻ എല്ലാവരും മോഹിച്ചെങ്കിലും അല്ലാഹുവിങ്കൽ നിന്നും മഅ്മൂറായ അവിടുത്തെ(ﷺ) ഒട്ടകം അബൂ അയ്യൂബുൽ അൻസ്വാരി(റ) തങ്ങളുടെ വീട്ടിനു മുന്നിൽ മുട്ടുകുത്തി. ആറിനടുത്ത്‌ മാസങ്ങൾ അവിടെ താമസിച്ചു. ആതിഥേയനായ അബൂ അയ്യൂബ്‌ (റ)വിന്റെ തിരുനബിസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങളായ, ഹൃദയസ്പർശ്ശിയായ സംഭവങ്ങൾ ഒട്ടനവധി അവിടുത്തെ താമസകാലത്ത്‌ നടന്നിട്ടുണ്ട്‌.


നിതാന്ത വൈരികളായിരുന്ന, ഗോത്രീയ സംഘർഷങ്ങളുടെ നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ടായിരുന്നു ഔസ് ഗോത്രത്തിലെയും ഖസ്രജ് ഗോത്രത്തിലെയും തലമുറകളായി ഭിന്നിച്ച മനസ്സുകളെ ഇസ്‌ലാം എന്ന കണ്ണിയിലെ സാഹോദര്യത്തിന്റെ ചരടിൽ ചേർത്തുകെട്ടി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ മനസ്സുകളിൽ ഇണക്കം സ്ഥാപിക്കുകയായിരുന്നു അവിടുന്ന് പിന്നീടങ്ങോട്ട്. രക്തബന്ധത്തേക്കാൾ ദൃഢമായ ആദർശ ബന്ധത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്ന ഉത്തമമായൊരു സമൂഹം പിറവിയെടുക്കുകയായിരുന്നു. മദീനത്ത്‌ അവിടുന്ന് നടത്തിയ ആദ്യ പ്രസംഗത്തിൽ സലാമിനെ പരത്താനും, ഭക്ഷണം കൊടുക്കാനും കുടുംബബന്ധം ചേർക്കാനും ജനങ്ങൾ ഉറങ്ങുമ്പോ എഴുന്നേറ്റ്‌ നിസ്ക്കരിക്കാനും അവിടുന്ന് ആവശ്യപ്പെട്ടു, എങ്കിൽ സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാമെന്ന വാഗ്ദാനവും.


സംഭവബഹുലമായ പത്ത്‌ വർഷത്തെ മദീനാ ജീവിതം. അതിപ്രധാനമായ ബദർ യുദ്ധത്തിലെ വിജയം അറേബ്യയെ പിടിച്ചുകുലുക്കി. എല്ലായിടത്തേക്കും അവിടുന്ന് കത്തുകളുമായി ദൂതന്മാരെ അയച്ചു, അതിശക്തമായൊരു രാജ്യം കെട്ടിപ്പടുത്തു. 27 ഓളം ഗസ്‌വതുകളും 56 സരിയ്യത്തുകളും നടത്തി. മക്ക ഫത്‌ഹായി - ഹുനൈൻ യുദ്ധം ജയിച്ചു. ആ പവിത്രജീവിതത്തിൽ ഒരേ ഒരു ഹജ്ജ്‌ മാത്രമേ ചെയ്തുള്ളൂ അവിടുന്ന്, 4 ഉമ്രകൾ ചെയ്തുവത്രെ. ഒട്ടനവധി അത്ഭുതങ്ങൾ അവിടുന്ന് പ്രകടമാക്കി ജീവിതം മുഴുക്കെ. അവയെയെല്ലാം നിഷ്പ്രഭമാക്കുന്ന എന്നെന്നും നിലനിൽക്കുന്ന എല്ലാത്തിലും വലിയ അത്ഭുതമായ ഖുർആൻ പൂർത്തിയാക്കി എത്തിച്ചു തന്നു.


എല്ലാം കഴിഞ്ഞ്‌ അവിടുത്തെ ഹജ്ജതുൽ വിദാഇന്റെ പ്രസംഗത്തിൽ പലകാര്യങ്ങളും പറഞ്ഞ ശേഷം അവിടുന്ന് ചോദിച്ചു:


"എന്നെപ്പറ്റി അല്ലാഹു നിങ്ങളോട്‌ ചോദിച്ചാൽ നിങ്ങളെന്ത്‌ പറയും?" എന്ന് അവിടുന്ന് ചോദിച്ചപ്പോൾ സ്വഹാബത്ത്‌ ഒരേസ്വരത്തിൽ അങ്ങ്‌ ഞങ്ങൾക്ക്‌ എല്ലാം എത്തിച്ചു തന്നു എന്ന് പറയുമെന്ന് പറഞ്ഞപ്പോൾ അവിടുന്ന് ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തി മൂന്നുവട്ടം "അല്ലാഹുവേ, നീ സാക്ഷി" എന്ന് വിളിച്ചു പറഞ്ഞു. ശേഷം അൽയൗമ അക്മൽതു ലകും.. എന്ന ആയത്തോതി കേൾപ്പിച്ചു.


പിന്നീടങ്ങോട്ട്‌ അവിടുന്ന് അവസാനയാത്രക്കുള്ള ഒരുക്കങ്ങൾ പോലെയായിരുന്നു എല്ലാ പ്രവർത്തനങ്ങളും. ഉഹദിലെ ശുഹദാക്കളെ പോയി കണ്ടു. അവിടെ വെച്ച്‌ നടത്തിയ പ്രസംഗത്തിൽ പ്രസിദ്ധമായ "എന്റെ ശേഷം നിങ്ങൾ ശിർക്കിൽ അകപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നില്ല - മറിച്ച്‌ ദുനിയാവിനെ നിങ്ങളുടെ മേൽ വിരുത്തപ്പെടുന്നതിനെയാണു ഞാൻ ഭയക്കുന്നത്‌" എന്ന് പറഞ്ഞു.


സഫറിലെ അവസാന തിങ്കളിൽ അവിടുന്ന് രോഗബാധിതനായി. എല്ലാ പ്രയാസങ്ങളുടെയും അവസാനം 'അല്ലാഹുമ്മർറഫീഖൽ അഅ്ലാ' എന്നും പറഞ്ഞ്‌ ഇലാഹീ സവിധത്തിലേക്ക്‌ അവിടുന്ന് യാത്രയായി..


ഇന്നാ ലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ..😪


ആകെ പ്രയാസത്തിലായ സ്വഹാബികളെ സമചിത്തത കൈവിടാതെ ഖലീഫ അബൂബക്കർ തങ്ങൾ(റ) അഭിമുഖീകരിച്ച്‌, എല്ലാവരിലേക്കും ചേർന്ന് പറഞ്ഞു:


فمن كان منكم يعبد محمدا صلى الله عليه وسلم فإن محمدا قد مات ومن كان منكم يعبد الله فإن الله حي لا يموت


(നിങ്ങളിൽ ആരെങ്കിലും മുഹമ്മദ്‌ നബിയെﷺ ആരാധിച്ചിരുന്നു എങ്കിൽ അവിടുന്ന് വഫാത്തായിരിക്കുന്നു, നിങ്ങളിൽ ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കിൽ അല്ലാഹു മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്‌).


لو كانت الدنيا تدوم لأهلها
لكان رسول الله حيًا وباقيًا..


ഏതോ ഒരു കവി പാടിയത്‌ പോലെ ദുനിയാവ്‌ ആരെ എങ്കിലും എന്നെന്നേക്കും വസിക്കാനായി സമ്മതിക്കുമായിരുന്നു എങ്കിൽ നബിതങ്ങൾ സ്വല്ലല്ലാഹു അലൈഹി വസല്ലം ജഡികലോകത്ത്‌ തന്നെ ജീവനോടെയുണ്ടാകുമായിരുന്നല്ലോ.


അവിടുന്ന് നമുക്ക്‌ മുമ്പേ നമ്മിൽ നിന്നും പോയിട്ടുണ്ട്‌, തീർച്ചയായും നാമും ഒരുനാൾ പോകണം - അവിടുന്ന് നമ്മെയേൽപ്പിച്ചു പോയത്‌ കിതാബും സുന്നത്തുമാണ്‌. നമുക്ക്‌ മുമ്പേ നന്മയിലായി വഴികടന്നു പോയ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച മഹാന്മാരുടെ വഴിയിലൂടെ നടന്ന് പുണ്യറസൂൽ(ﷺ) കൈമാറി തന്നിട്ട്‌ പോയ കിതാബുല്ലാഹിയും തിരുസുന്നത്തും മുറുകെപ്പിടിച്ച്‌ വേണം നമുക്ക്‌ ജീവിക്കാൻ - ഹൗളിങ്കൽ ഞാൻ കാത്തിരിക്കും എന്നത്‌ അവിടുത്തെ വാക്കാണ്‌, ആ തിരുകരം കൊണ്ട്‌ സ്നേഹത്തിന്റെ ഒരു കോപ്പ പാനീയം കൗസറിൽ നിന്നും കോരിക്കുടിക്കാൻ നാഥൻ തുണക്കട്ടെ, ആമീൻ..💛


ابو زاهد

1 comment:

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...