Showing posts with label മൗലാനാ നജീബ് മൌലവി. Show all posts
Showing posts with label മൗലാനാ നജീബ് മൌലവി. Show all posts

Sunday, January 08, 2017

മഹല്ലുകൾ ശിഥിലമാകരുത്


"മഹല്ലുകൾ ശിഥിലമാകരുത്" എന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാമ്പെയ്നിന്റെ ഉദ്ഘാടനത്തിൽ മഞ്ചേരിയിൽ മൗലാനാ നജീബ്‌ ഉസ്താദ്‌ നടത്തിയ പ്രസംഗത്തിന്റെ ആശയം വ്യക്തമാക്കുന്ന കുറിപ്പാണ് ഇത്.

ബിസ്മി, ഹംദ്, സ്വലാത്ത്.. മുതലായ ആമുഖങ്ങൾക്ക് ശേഷം..

പ്രാദേശികമായി മുസ്ലിമീങ്ങളെ ഏകോപിപ്പിക്കാനും യോജിപ്പിച്ച് കൊണ്ടുപോകാനും വേണ്ടി ഉള്ള സംവിധാനമാണ് ജുമുഅത്ത് പള്ളികൾ കേന്ദ്രീകരിച്ചുള്ള മഹല്ലുകൾ. കേരളത്തിൽ വന്ന ആദ്യ ഇസ്‌ലാമിക മിഷനറി സംഘം അതാത് പ്രദേശങ്ങളിൽ പള്ളി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. അതിനെ കേന്ദ്രീകരിച്ചായിരുന്നു ഇസ്‌ലാമിക പ്രബോധനം നടന്നിരുന്നത്. അവിടെ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ജുമുആകളും ജമാഅത്തുകളും നടത്തുവാൻ പ്രാപ്തരാക്കിയത് ഈയൊരു പള്ളികൾ കേന്ദ്രീകരിച്ച പ്രവർത്തനം മുഖേനയാണ്. അവിടത്തെ നിയന്ത്രിച്ചിരുന്നത് ഖാളിമാരായിരുന്നു. ഭരണാധികാരികൾ അംഗീകരിച്ച ഖാളികൾ എന്നതിൽ നിന്നും പിൽക്കാലത്ത് മഹല്ലിലെ ഹല്ല് അഖ്‌ദിന്റെ അധികാരികൾ തീരുമാനിക്കുന്നവർ ഖാളിയായി വരുകയായിരുന്നു. മഹല്ലുകളിലെ മത, സാമൂഹിക പ്രശ്നങ്ങളിൽ ഖാളിമാരെ അംഗീകരിച്ചായിരുന്നു മുസ്ലിമീങ്ങൾ ജീവിച്ചത്. മഹല്ലുവാസികൾക്കിടയിലെ അഭിപ്രായഭിന്നതകളെ ന്യായപൂർവ്വം കൈകാര്യം ചെയ്ത് അവർക്കിടയിൽ രഞ്ജിപ്പിന്റെ വഴി കാണിക്കുകയും ചെയ്യുമായിരുന്നു പഴയകാലത്ത് ഖാളിമാർ ചെയ്തിരുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഖാളിക്ക് കീഴിലായി മുസ്ലിമീങ്ങൾ ഒന്നിച്ചു പോകുന്നതായിരുന്നു പതിവ്.


1920 കളിലാണ് ഈ രീതികൾക്കിടയിൽ ഒരപശബ്ദം ആദ്യമായി ഉയരുന്നത്. മഹല്ലുകളിൽ വഹ്ഹാബീ ആശയക്കാർ വരെ ഇടപെടുകയും ഭരണപരമായ പങ്ക് വഹിക്കുക വരെ ചെയ്തിരുന്നത് സാധാരണമായിരുന്നു. വണ്ടൂരിലെ താജുൽ ഉലമ(ന:മ) ഖാളിയായ മരുത പള്ളിയിലെ ഭരണസമിതിയിലെ പള്ളി പരിപാലനത്തിലുമെല്ലാം വൈസ് പ്രസിഡണ്ടും ഭാരവാഹികളും ഒക്കെയായി മുജാഹിദുകൾ ഉണ്ടായിരുന്നു. മഹല്ലിലെ അവകാശങ്ങൾ അവർക്കും വകവെച്ചു കൊടുത്തിരുന്നു. നിസ്കാര ശേഷം കൂട്ടുപ്രാർത്ഥന ഇഷ്ടമില്ലാത്തവർ നിസ്കരിച്ചു എഴുന്നേറ്റു പോകും, തറാവീഹ് എട്ടു നിസ്കരിച്ചു പോകേണ്ടവർ പോകും, എന്നാലും അതൊന്നും മഹല്ലുകൾ ശിഥിലമാകാൻ അതൊന്നും കാരണമായിരുന്നില്ല. ഇവരുടെ ഈ പ്രവർത്തികളൊക്കെ ന്യായമാണെന്നല്ല, എങ്കിലും ഇതൊന്നും മഹല്ലുകളുടെ സംവിധാനത്തെ തകർത്തിരുന്നില്ല. പിന്നീട് ബിദ്അത്തിന്റെ സംഘങ്ങൾ ആളുകൂടിയപ്പോൾ സ്വന്തമായി പള്ളിയുണ്ടാക്കി പോക്ക് തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിവന്നത്. പലതരത്തിലുള്ള പ്രശ്നങ്ങളും ശേഷം മഹല്ലുകളിൽ വന്നു തുടങ്ങി, എങ്കിലും ഇതിലൊക്കെ പൊതു സ്വീകാര്യരായ വ്യക്തികളെ മധ്യസ്ഥരാക്കി പിടിച്ചു പരിഹരിച്ചു പോകുന്നതായിരുന്നു പതിവ്.


ഇതിനിടയിലാണ് 1989 ലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ കേന്ദ്ര മുശാവറയിൽ നിന്നും ആറ് പേരെ പുറത്താക്കി എന്ന് ഒരു കൂട്ടരും ഇറങ്ങിപ്പോന്നു എന്ന് മറുകൂട്ടരും പറയുന്ന പിളർപ്പ് ഉണ്ടായത്. ഇത് സമസ്തയുടെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പായിരുന്നില്ല. 1967 ഇൽ അവിഭക്ത സമസ്തയുടെ ഉച്ചഭാഷിണി വിഷയത്തിൽ അന്യായമായൊരു തീരുമാനവുമായി വിയോജിച്ച്, ഒരുവിധത്തിലും ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ കേന്ദ്ര മുശാവറയിൽ നിന്നും അന്നത്തെ പ്രസിഡണ്ട് അടക്കം ചുരുങ്ങിയത് 6 പേർ, അതിൽ തന്നെ സ്ഥാപക മെമ്പർമാരിൽ അന്ന് ജീവിച്ചിരിപ്പുള്ള 3 പേരിൽ (താജുൽ ഉലമ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, മൗലാനാ കുഞ്ഞറമൂട്ടി മുസ്‌ലിയാർ, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ - ന:മ) കണ്ണിയത്ത് അവർകൾ ഒഴിച്ചുള്ള 2 പേരും ചേർന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കിയതായിരുന്നു ആദ്യപിളർപ്പ്. ഇതിന്റെ പേരിൽ ചില സ്ഥലങ്ങളിലൊക്കെ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായി എങ്കിലും മഹല്ലുകൾ ശിഥിലമാകുന്ന രീതിയിലേക്ക് അത് ഒരിക്കലും പോയിരുന്നില്ല.



എന്നാൽ 1989 ലെ പിളർപ്പിന് ശേഷം ഇരു വിഭാഗവും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത് പോലെ മഹല്ലുകളിൽ അടിപിടികളും പള്ളികൾ പൂട്ടലും, മദ്രസ്സകൾ പൂട്ടലും നാട്ടിൽ ഫസാദുണ്ടാകലും പതിവായി. നാടാകെ വ്യാപിച്ച ഈ സംഘടനാ സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യാനും 'എന്തിനാണീ രീതിയിൽ വിഘടിച്ച് സമുദായത്തെ നാണം കെടുത്തുകയും ചെയ്യുന്നത്' എന്ന് ചോദിച്ചു കൊണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴ് ഘടകമായ 'സുന്നീ യുവജന ഫെഡറേഷൻ(SYF)' സംസ്ഥാന വ്യാപകമായി 'പീസ് കാമ്പെയ്ൻ' നടത്തിയിരുന്നു. അന്നത്തെ വ്യാപകമായ വിഭാഗീയ സംഘർഷങ്ങളുടെയും പ്രശനങ്ങളുടെയും ഭാഗമായി മഹല്ലുകൾ ശിഥിലീകരിക്കപ്പെട്ട രീതിയിൽ ഇന്ന് വീണ്ടും മഹല്ലുകളിൽ സംഘർഷം വ്യാപിച്ച് ശിഥിലീകരണം നടക്കുകയാണ്.


കൊണ്ടോട്ടിയുടെ പരിസരത്ത് മാത്രം രണ്ടു പള്ളികളാണ് പൂട്ടിക്കിടക്കുന്നത്. മഹാന്മാരായ മുൻഗാമികൾ അളളാഹുവിനു ഇബാദത്ത് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പള്ളികൾ പൂട്ടിക്കിടക്കുകയും അത് തുറക്കണം എങ്കിൽ കോഴിക്കോട്ടെ സമസ്തയുടെ (ഇരുകൂട്ടരുടെയും) ഓഫീസിൽ നിന്നും ഇടപെട്ടെങ്കിലേ പറ്റൂ എന്ന് പറയുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു സ്ഥിതി. എല്ലാ ജില്ലകളിലും ഇങ്ങനത്തെ പ്രശ്നമുണ്ട്. അതിനെതിരിൽ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാ രീതിയിലും പ്രതികരിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി "മഹല്ലുകൾ ശിഥിലമാകരുത്" എന്ന പേരിൽ കാമ്പെയ്ൻ നടത്തുന്നത്.


എന്താണിങ്ങനെ പ്രശ്നമുണ്ടാകാൻ കാരണം? എന്താണിത്ര വിഭാഗീയതക്ക് ന്യായം? സുന്നികൾ എല്ലാ സംഘടനക്കാരും വിശ്വാസശാസ്ത്രത്തിൽ അശ്അരികളാണ്. കർമ്മശാസ്ത്രത്തിൽ എല്ലാവരും ശാഫിഈ മദ്ഹബുകാരും അതിൽ തന്നെ ഇബ്നു ഹജർ ഹൈതമി(റ)വിനെ പ്രബലമായി മനസ്സിലാക്കുന്നവരാണ്. ഭിന്നിക്കാതിരിക്കാൻ ഇതൊക്കെ തന്നെ കാരണമായി പോരേ?. കക്ഷികൾക്കും സംഘടനകൾക്കും പള്ളികൾ തീറെഴുതി എടുക്കുന്ന രീതി എങ്ങനെയാണ് വന്നത്? 90 വർഷം പ്രായമായ സമസ്തയെങ്ങനെയാണ് നൂറുകണക്കിന് വർഷം മുമ്പ് നാട്ടുകാർ ഉണ്ടാക്കിയ പള്ളിയുടെ അവകാശിയാകുന്നത്?. അത് നാട്ടുകാരിൽ എല്ലാവരുടെയും കേന്ദ്രമായ പള്ളിയല്ലേ? അതിനെ സംഘടനയുടെ പേരിൽ ചുരുക്കാൻ വേണ്ടി നോക്കുന്നത് വ്യാജമായ അവകാശവാദമല്ലേ?. സംഘടനകൾ സ്വന്തമായി ഉണ്ടാക്കിയ പള്ളിയാണെങ്കിൽ ആ പറയുന്നതിൽ ന്യായമുണ്ടെന്നു മനസ്സിലാക്കാം, എന്നാൽ എല്ലാ ജനങ്ങളും ഒന്നിച്ചുണ്ടാക്കിയ പള്ളികളെങ്ങനെയാണ് ഒരു സംഘടനക്ക് മാത്രം അവകാശപ്പെടുന്നതായി മാറുന്നത്?.ഒരുകൂട്ടര്ക്ക് മാത്രമായി ഉണ്ടാക്കിയ പള്ളിയല്ലാത്തത് കൊണ്ട് അത്തരം പൊതുപള്ളികളല്ലേ മഹല്ലുകളുടെ കേന്ദ്രമായി മാറുന്നത്?. മഹല്ലുകൾ എല്ലാവരുടെയും അവകാശമല്ലേ?.


നാട്ടിലെ മുൻഗാമികളായ ജനങ്ങൾ സംഘടനാഭേദമില്ലാതെ ഒന്നിച്ചു കൂടി അദ്ധ്വാനിച്ചുണ്ടാക്കിയ, നാട്ടുകാർ കമ്മറ്റി ചേർന്ന് തങ്ങളുടെ മക്കളെ ദീൻ പഠിപ്പിക്കുന്ന മുഅല്ലിമീങ്ങൾക്ക് ശമ്പളം കൊടുക്കുന്ന മദ്രസ്സകൾ അവിടെ പഠിപ്പിക്കുന്ന സിലബസ് ഒരു സംഘടനയുടെ കീഴിലാണ് എന്ന് വെച്ച് എങ്ങനെയാണ് ആ സംഘടനയുടേതാകുന്നത്?!. 1950 കൾക്ക് ശേഷമാണ് സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് തന്നെ വന്നത്. അതിനു മുമ്പും മദ്രസ്സകൾ ഇവിടെ ഇല്ലേ? അത്തരം മദ്രസ്സകളിൽ പഠിപ്പിക്കാനുള്ള സിലബസ് നൽകാനും പരീക്ഷ നടത്താനും മറ്റുമായി ഏറ്റെടുക്കുകയും അതിന് എല്ലാത്തിനും പൈസ വാങ്ങുകയും അവിടെ ആവശ്യത്തിനും അനാവശ്യത്തിനും പിരിവുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നിരിക്കിൽ എങ്ങനെയാണ്  അത് സമസ്തയുടെ മദ്രസ്സയാകുന്നത്?. അവിടെ പഠിപ്പിക്കുന്നവർക്ക് ശമ്പളം കൊടുക്കുന്നത് സമസ്തയാണോ?. അവിടെ ആര് പഠിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് അവിടെ ശമ്പളം കൊടുക്കുന്ന നാട്ടുകാരുടെ എല്ലാ വിഭാഗവും ഉൾക്കൊള്ളുന്ന ഭരണസമിതിയല്ലേ?. ഞങ്ങളുടെ സംഘടനക്കാർ മാത്രം പഠിപ്പിച്ചാൽ മതി എന്നും അതിനടുത്തുള്ള പള്ളിയിലെ ഖാളിയും മുഅദ്ദിനും നാട്ടുകാർക്ക് പറ്റിയാലും പോര, ഞങ്ങളുടെ സംഘടനക്കാരെ പറ്റൂ എന്ന് പറയാൻ അവിടെ എന്തധികാരമാണ് സമസ്തക്കുള്ളത്?.



കേവലം തുച്ഛമായ മൂവായിരമോ നാലായിരമോ അയ്യായിരമോ ശമ്പളം വാങ്ങി മദ്രസകളിൽ പഠിപ്പിക്കുന്ന പാവപ്പെട്ട മദ്രസാധ്യാപകരുടെ അവകാശങ്ങൾ പോലും ഹനിക്കുന്ന രീതിയിൽ സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പഠിപ്പിക്കുന്നു എന്ന കാരണത്തിന്റെ പേരിൽ ആ സംഘടനയുടെ തീട്ടൂരങ്ങൾക്ക് വഴിപ്പെടാത്തവരെ പീഡിപ്പിക്കുന്ന, മാനസികമായി തകർക്കുന്ന സമീപനം അതിനീചവും ഫാസിസവുമാണ്. പാവപ്പെട്ട മുസ്ലിയാർമാരുടെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കുന്നത് എത്ര മോശമാണ്. മദ്രസ്സാ മുഅല്ലിമുകളുടെ കൊല്ലത്തിൽ ഒരു ദിവസത്തെ ശമ്പളം (മദ്രസ്സാ കമ്മറ്റി നൽകുന്ന ശമ്പളം) മുഅല്ലിം ക്ഷേമനിധിയിലേക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് പിടിക്കുന്ന സമയത്ത് അവരേത് സംഘടനക്കാരാണെന്നോ ഗ്രൂപ്പുകാരാണെന്നോ നോട്ടമില്ല, എന്നാൽ തങ്ങളുടെ കൂടെ വിയർപ്പിന്റെ അംശമുള്ള ആ പൈസയിൽ നിന്നും നിർബന്ധിതമായ ചികിത്സക്കോ മറ്റോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ക്ഷേമനിധിയിൽ നിന്നൊരു പങ്ക് ലഭിക്കണമെങ്കിൽ മുഅല്ലിം സർവ്വീസ് രെജിസ്റ്റർ (MSR) ഹാജരാക്കണം. ആ മദ്രസ്സയിൽ ഈ ഉസ്താദിന്റെ സർവ്വീസ് രെജിസ്റ്റർ സ്വീകരിക്കണമെങ്കിൽ നാട്ടിലെ SKSSF കാരന്റെ ഒപ്പു വേണമത്രെ!. ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ കുട്ടികളെയും അവരുടെ പിതാക്കളെ വരെയും അതെ മദ്രസ്സയിൽ പഠിപ്പിച്ച മുഅല്ലിമിന്റെ സർവ്വീസ് സാക്ഷ്യപ്പെടുത്താൻ ഈ SKSSF കാരന്റെ ഒപ്പു വേണം!!!. അവിടെ പഠിപ്പിക്കുന്ന ഉസ്താദുമാർ സിലബസ് അനുസരിച്ചു പഠിപ്പിച്ചാൽ പോരെ? അവർ തങ്ങളുടെ സംഘടനക്കാർ ആകണം എന്നും തങ്ങളുടെ സംഘടനയുടെ പ്രസിദ്ധീകരണങ്ങൾക്ക് വരിചേർക്കുന്നവർ ആകണം എന്നും വാശി പിടിക്കുന്നത് എന്തുമാത്രം ശരിയാണ്?.


ആകെക്കൂടി ഒന്നോ രണ്ടോ മണിക്കൂർ പഠിക്കാൻ വരുന്ന മദ്രസ്സയിലെ പിഞ്ചു കുട്ടികളെപ്പോലും ബാലസംഘങ്ങൾ എന്ന പേരിൽ സംഘടനകളുടെ കീഴിൽ കൊണ്ട് വന്നു സങ്കുചിത ചിന്തകളുടെ കെട്ടിൽ കുടുക്കുന്ന രീതിയിൽ സമുദായത്തിലെ വളരുന്ന തലമുറയിൽ പരസ്പര വൈരം നിറക്കുകയാണ് ഇരു സമസ്തതകളും ചെയ്യുന്നത്. വിഭാഗീയതകൾക്ക് അതീതമായി മുസ്ലിം സ്വത്വത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന യുവസമൂഹം വളർന്നു വരാതെ പോകുന്നതിൽ ചെറിയ കാലത്തേ സംഘടനാ പിടിയിലാക്കി സങ്കുചിത ചിന്ത പഠിപ്പിക്കപ്പെടുന്നത് വലിയൊരു കാരണമാണ്. ഇതുകാരണം തന്നെ പൊതു രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ മുസ്ലിം കുട്ടികളെ കിട്ടുന്നില്ല.


മുസ്ലിം വിദ്യാർത്ഥി രാഷ്ട്രീയ സംഘങ്ങളുടെ യുവനേതാക്കളായി വരുന്നതൊക്കെ വഹ്ഹാബികളാണെന്ന് പരിതപിക്കുന്നവർ തന്നെയാണ് യഥാർത്ഥത്തിൽ അതിന്റെ മൂലകാരണക്കാർ. സുന്നീ വിദ്യാർത്ഥികളെ സംഘടനാ സങ്കുചിതത്വത്തിന്റെ കീഴിൽ തളച്ചിട്ട് വിഭാഗീയതക്ക് അതീതമായി പൊതുകാര്യത്തിനായി പ്രവർത്തിക്കുന്ന സംഘങ്ങളിൽ പ്രവർത്തിക്കാൻ വിടാതെ വരുമ്പോൾ ആ സ്ഥലം വഹ്ഹാബീ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ കയറിക്കൂടുകയാണ് ചെയ്യുന്നത്. മോഡിയുടെ ഇന്ത്യയിൽ സങ്കുചിത സംഘടനാ ചിന്തകൾക്ക് അപ്പുറം മുസ്ലിമീങ്ങളുടെ പൊതുകാര്യത്തിൽ യോജിച്ചു പ്രവർത്തിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും നമ്മുടെ കൂട്ടത്തിൽ നിന്നും വളർന്നു വരേണ്ടതില്ലേ?


തങ്ങളുടെ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സ ഉള്ളതിനാൽ അതിനോടൊപ്പമുള്ള പള്ളിയും മഹല്ലും തങ്ങളുടെ സംഘടനയുടേതാണ് എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ സമസ്ത ശ്രമിക്കുന്നത്. ഭരണഘടനയിൽ സമസ്തയുടെ പേരുണ്ട് എന്നതാണ് ചിലയിടത്തിതിനു ന്യായം പറയുന്നത്. പള്ളികളുടെ നടത്തിപ്പിന്റെ ഭാഗമായി ഭരണഘടനയിൽ സമസ്തയുടെ പേര് ചേർക്കുന്നത് കുറച്ചു മുമ്പ് തുടങ്ങിയത് കോഴിക്കോട്ടെ പാളയം പള്ളി പോലെയുള്ള പള്ളികൾ വ്യാജമായി കയ്യടക്കിയ വഹ്ഹാബികളുടെ കള്ളക്കളികൾ പ്രതിരോധിക്കാൻ വേണ്ടി ദീർഘദൃഷ്ടിയുള്ള മുൻഗാമികളിൽ ചിലർ 'ഈ പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണ്' എന്ന് എഴുതിക്കിച്ചേർത്തത് കാരണം.


സത്യത്തിൽ പള്ളിയിലെ ഇബാദത്തുകളിൽ സുന്നികളുടെ പരമ്പരാഗതമായ രീതികൾ തുടരാൻ വേണ്ടി സമസ്തയുടെ ആചാരാനുഷ്ഠാന രീതികൾ തുടരേണ്ടതാണ് എന്ന് എഴുതി വെച്ചതിനാൽ പള്ളി തന്നെ തങ്ങളുടേതാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്..! സമസ്ത രണ്ടായി പിരിഞ്ഞപ്പോൾ ഞങ്ങളാണ് സമസ്ത എന്നും പറഞ്ഞു ഈ അവകാശത്തിന്റെ പേരിൽ അടിപിടിയും ലഹളയും കൊലപാതകങ്ങൾ വരെ നടക്കുന്നു. സംഘടനകൾ എന്നും പിഴവുകൾക്കതീതമല്ലെന്നും പിൽക്കാലത്ത് പിഴക്കാമെന്നും അതിനാൽ തന്നെ നാട്ടുകാർ ഉണ്ടാക്കിയ പള്ളികൾ സംഘടനയുടെ പേരിൽ ഭരണഘടന എഴുതിവെക്കരുത് എന്ന് പഠിപ്പിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാക്കളായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മൗലവി(ന:മ), ശംസുൽ ഉലമാ കീഴന ഓർ (ന:മ) തുടങ്ങിയവർ പഠിപ്പിച്ചത് കൃത്യമാണ്.




മഹല്ലുകൾ അവിടെ താമസിക്കുന്ന എല്ലാവരുടെയും കൂട്ടവകാശമാണ്. അതൊരു സംഘടനയുടേതുമല്ല. മഹല്ലുകളിലെ ഭൂരിപക്ഷത്തിന്റെ ദണ്ഡുപയോഗിച്ച് ന്യൂനപക്ഷത്തെ ഭരിക്കുന്ന, ഭൂരിപക്ഷത്തിന്റെ തീരുമാനം ന്യൂനപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് ഇന്ന് കണ്ടുവരുന്നത് എല്ലായിടത്തും. മഹല്ലുകളുടെയും ഖാളിമാരുടെയും പ്രസക്തി വളരെയധികം വർദ്ധിച്ചു വന്നിട്ടുണ്ട്‌. വിധവാ പെൻഷൻ അപേക്ഷിക്കാൻ പോലും ഖാളിയുടെ സാക്ഷ്യപത്രം വേണ്ടി വരുന്ന ഇക്കാലത്ത് സംഘടനാ സങ്കുചിതത്വത്തിനനുസരിച്ച് മഹല്ലുകൾ കൈകാര്യം ചെയ്‌താൽ എത്ര വലിയ ദുരന്തമാണ് സമുദായത്തിൽ നടക്കുക. മുസ്ലിമീങ്ങൾ എന്ന നിലക്ക് മഹല്ലിലെ എല്ലാവർക്കും അവിടെ അവകാശമില്ലേ? ഇന്ത്യാരാജ്യത്ത് നമ്മൾ ന്യൂനപക്ഷമാണ് എന്ന് വെച്ച് നമ്മെ അടിച്ചമർത്താൻ നോക്കിയാൽ നമ്മൾ മിണ്ടാതിരിക്കുമോ? അത് ന്യായമാണോ? അതുപോലെയോ അതിലേറെയോ പരിഗണിക്കപ്പെടാൻ അർഹതയുള്ളവരാണല്ലോ മുസ്ലിമീങ്ങളായ, മഹല്ലിലെ ന്യൂനപക്ഷമായവർ. മഹല്ലിലെ ന്യൂനപക്ഷത്തെ കൂടി നീതിപൂർവ്വം പരിഗണിച്ച് കൊണ്ട് ഭരിക്കണം എന്നതല്ലേ ന്യായമായ നിലപാട്?.


വിശ്വാസികൾ തമ്മിൽ ഇത്ര കടുത്ത വൈരാഗ്യത്തിന്റെ ആവശ്യമില്ല. അല്ലാഹുവിന്റെ പള്ളിയിൽ എല്ലാവരുടെ അവകാശവും ഭൂരിപക്ഷത്തിന്റെ പേരിലോ, സംഘടനയുടെ, പേരിലോ നിഷേധിക്കപ്പെടുന്നത് വേദനാജനകമാണ്. എല്ലാത്തിലും വലുത് സത്യവിശ്വാസികളുടെ ഹുർമത്താണ്. (സുന്നികളിൽ ഏതു സംഘടനക്കാരോ, മുജാഹിദോ ജമാഅത്തോ ആരുമാകട്ടെ, വിശ്വാസി എന്ന നിലക്ക്). ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് അറഫയുടെ നാളിൽ, വെള്ളിയാഴ്ച ദിവസത്തിൽ, ദുൽഹിജ്ജ മാസത്തിലാണ് നമ്മളുള്ളത് എന്ന് ഉണർത്തിക്കൊണ്ട് തിരുനബി(സ്വ) നടത്തിയ ഖുതുബയിൽ പറഞ്ഞത്;


فإن دماءكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في بلدكم هذا في شهركم هذا


"നിങ്ങൾ ഓരോ മുസ്ലിമിന്റെയും രക്തവും സമ്പത്തും അഭിമാനവും ഹനിക്കുന്നത് നിങ്ങളുടെ മേൽ കഠിനമായ കുറ്റമാണ്. ഈ ദിവസത്തിന്റെയും സ്ഥലത്തിന്റെയും മാസത്തിന്റെയും പവിത്രത പോലെ സമമായ പവിത്രതയാണ് മുസ്ലിമിന്റെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനുമുള്ളത്". അതിനാൽ തന്നെ ഈ.കെ യാകട്ടെ ഏ.പിയാകട്ടെ, സംസ്ഥാനക്കാരാകട്ടെ, സുന്നിയാകട്ടെ മുജാഹിദാകട്ടെ, പരസ്പരം കയ്യേറ്റം ചെയ്യാനോ രക്തം ചിന്താനോ അവകാശമില്ല. ഒരു മുസ്ലിമിന്റെ അഭിമാനം വ്രണപ്പെടുത്താൻ മറ്റൊരാൾക്കും അവകാശമില്ല.

ഇമാം അബൂ യഅല(റ) സ്വഹീഹായ സനദോടെ ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്. അല്ലാഹുവിന്റെ റസൂൽ(സ്വ) കഅബ ത്വവാഫ് ചെയ്യുന്ന സമയത്ത് ഹജറുൽ അസ്'വദിനെ മുത്തി അതിന്റെ സുഗന്ധത്തെ വാഴ്ത്തി

ما أطيبك وأطيب ريحك

എന്ന് പറഞ്ഞ ശേഷം അവിടുന്ന് കഅബയെ നോക്കിക്കൊണ്ട് തുടർന്നു:

ما أعظمك وأعظم حرمتك والذي نفس محمد بيده لحرمة المؤمن أعظم عند الله حرمة منك ماله ودمه وأن نظن به إلا خيرا

"നീ എത്ര മഹത്വമുടയതാണ്, നിന്റെ പവിത്രത എത്ര വലുതാണ്. എന്റെ നിയന്താവായ റബ്ബാണെ സത്യം - സത്യവിശ്വാസിയായ മനുഷ്യന്റെ മഹത്വവും പവിത്രതയും നിന്റേ പവിത്രതയേക്കാളും മഹത്വത്തെക്കാളും അല്ലാഹുവിങ്കൽ ഉയർന്നതാണ്".


ഇത് ഈ.കേ ക്കാരുടേതായാലും ഏ.പിക്കാരുടേതായാലും സംസ്ഥാനക്കാരുടേതായാലും മുജാഹിദിന്റേതായാലും ജമാഅത്തുകാരുടെതായാലും മുസ്ലിമാണോ അവരുടെ ഇസ്‌ലാമിന്റെ മഹത്വം കഅബയുടെ മഹത്വത്തേക്കാൾ ഉന്നതമാണ്. മുസ്ലിമെന്ന നിലക്ക് ഒരാളുടെ അഭിമാനം ഹനിക്കുന്നത് കഠിനമായ പലിശയുടെ കൂട്ടത്തിലാണ് നബിതങ്ങൾ(സ്വ) എണ്ണിയത്.

الربا نيف وسبعون بابا، أهون باب من الربا مثل من أتى أمه في الإسلام، ودرهم ربا أشد من خمس وثلاثين زنية، وأشد الربا، أو أربى الربا، أو أخبث الربا، انتهاك عرض المسلم

"പലിശ ഏഴുപതിൽ പരം വിഭാഗങ്ങളുണ്ട്. അതിന്റെ കൂട്ടത്തിൽ ഏറ്റവും നിസ്സാരമായ പലിശ സ്വന്തം മാതാവിനെ വ്യഭിചാരിക്കുന്നതിന് തുല്യമായ തെറ്റാണ്. പലിശയുടെ ഒരു ദിർഹം ഒരാൾ സ്വന്തമാക്കിയാൽ മുപ്പത്തി ആറ് തവണ വ്യഭിചാരിക്കുന്നതിന് തുല്യമാണ്. പലിശയുടെ കൂട്ടത്തിൽ ഏറ്റവും കഠിന പലിശ, മോശമായ പലിശ, ഏറ്റവും ദുഷിച്ച പലിശ ഒരു മുസ്ലിമായ മനുഷ്യനെ അന്ധമായി ശകാരിക്കുന്നതാണ്". 



മുസ്ലിമീങ്ങളുടെ ഹുർമ്മത്തിനെ പറിച്ചു കീറി പരസ്പരം ശകാരിക്കുന്നതല്ലേ ഏറ്റവും മോശമായ പലിശയായി നബിതങ്ങൾ എഴുതിയത്. ഈ രണ്ടു വിഭാഗവും പരസ്പരം എന്തൊക്കെ ശകാരങ്ങളാണ് നടത്തുന്നത്? പരസ്പരം എന്തൊക്കെ ദേഹോപദ്രവങ്ങളാണ് ഏൽപ്പിക്കുന്നത്?!. മുസ്ലിമായ മനുഷ്യനെ തമാശക്ക് വേണ്ടി അയാളുടെ ചെരുപ്പ് എടുത്തു ഒളിപ്പിച്ചു വെച്ച് പേടിപ്പിക്കുന്നത് പോലും അതികഠിനമായ അക്രമമാണ് എന്നാണ് നബിതങ്ങൾ(സ്വ) പറഞ്ഞത്. വിശുദ്ധ ഖുർആൻ ശിർക്ക്‌ എന്ന എല്ലാത്തിലും വലിയ പാപത്തിന്റെ കഠിനത വിവരിക്കാൻ ഉപയോഗിച്ച അതേ വാക്കാണ്‌ (ظلم عظيم) നബിതങ്ങൾ(സ്വ) ഇവിടെ ഉപയോഗിച്ചത്‌ എന്നത്‌ തന്നെ നമുക്ക്‌ ചിന്തയാകേണ്ടതാണ്‌. MSR ന്റെയും ക്ഷേമനിധിയുടെയും സംഘടനയുടെയും സ്ഥാപനങ്ങളുടെയും പേരിൽ മുസ്ലിമായ സഹോദരന്മാരെ പീഡിപ്പിക്കുന്നതും മനസ്സ് വേദനിപ്പിക്കുന്നതും എത്ര കഠിനമായ തെറ്റാണ്?!.


മസ്അലാപരമായും ആശയപരമായും യാതൊരു ഭിന്നിപ്പുമില്ലാത്തവരാണ് രണ്ടു സമസ്തക്കാരും. ഇവർ രണ്ടു കൂട്ടരുടെയും ജുമുഅകളിൽ പരസ്പരം കൂടാൻ പറ്റാത്ത വല്ല ആശയവ്യത്യാസവും ഇവർ തമ്മിലുണ്ടോ? പിന്നെന്തിന്റെ പേരിലാണ് ഈ സംഘർഷങ്ങളൊക്കെ. തലേക്കെട്ട്‌ കെട്ടുന്ന രീതിയിലോ മറ്റു വസ്ത്രധാരണ ശൈലിയിലോ ചിലപ്പോ വ്യത്യാസം കണ്ടെത്തിയേക്കാമെന്നല്ലാതെ ഒരു ഭിന്നിപ്പിനും ന്യായമില്ലാത്ത, ഐക്യത്തിനുള്ള എല്ലാ വകകളും ഒന്നിച്ചുള്ള രണ്ടു കൂട്ടർ തമ്മിൽ തല്ലുന്നതിനും അതിന്റെ പേരിൽ പള്ളികളും മദ്രസ്സകളും പൂട്ടുന്നതും തോന്നിവാസമാണ്.


സുന്നികൾ എല്ലാവരും ഒന്നിക്കേണ്ടിടത്ത് ഒന്നിക്കേണ്ടതാണ്, മുസ്ലിമീങ്ങൾ ഒന്നിക്കേണ്ടിടത്ത് മുസ്ലിമീങ്ങൾ ഒന്നിക്കണം, നാട്ടുകാർ ഒന്നിക്കേണ്ടിടത്ത് നാട്ടുകാർ ഒന്നിക്കണം. സുന്നികൾ മിക്ക മേഖലകളിലും പരസ്പരം ഐക്യപ്പെടാൻ ന്യായമുള്ള പൊന്നാനി സരണിയിൽ പോകുന്നതിൽ തർക്കമില്ലാത്തവരാണ്. ഒന്നിക്കേണ്ടിടത്ത് ഒന്നിക്കാനുള്ള ന്യായങ്ങളിൽ പിടിച്ചു ഒന്നിച്ചു തന്നെ നിൽക്കണം. മദ്രസ്സകളെയും പള്ളികളെയും സംഘടനാ സങ്കുചിതത്തത്തിന്റെ ഭാഗവാക്കാക്കരുത്. ബഹു: ഈ.കെ അബൂബക്കർ മുസ്‌ലിയാരുടെ(ന:മ) കാലത്തില്ലാത്ത രീതിയിൽ ഫാസിസത്തിന്റെ നിലപാട് സ്വീകരിക്കുന്നത് നിർത്തണം.


ഈ.കെ അവർകളുടെ അവസാന പ്രസംഗമായ സമസ്തയുടെ 70ആം വാർഷികപ്രസംഗമായി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് "ബഹുമാനപ്പെട്ട സമസ്ത, അതായത് മഹത്തായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ കീഴിൽ നമ്മൾ അണിനിരക്കണം" എന്നാണ്. സമസ്ത എന്ന് പറയുന്നിടത്തെല്ലാം അതിനൊപ്പം "അതായത് അഹ്ലുസ്സുന്നത്തി വൽ ജമാഅ:" എന്നദ്ദേഹം പറഞ്ഞതിൽ തന്നെ സംഘടനയല്ല ആശയമാണ് വലുതെന്ന ശബ്ദമാണതെന്ന് നാമോർക്കണം. അത് വീണ്ടും വീണ്ടും വായിക്കണം. സംഘടനകൾ ആ ആശയത്തിന്റെ സംസ്ഥാപനത്തിന് സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു ആ നേതാക്കൾ. അദ്ദേഹത്തിൻറെ പേരിൽ അണിനിരന്നവർ അതിനു വേണ്ടി പ്രവർത്തിക്കാതെ മദ്രസ്സയും പള്ളിയും മഹല്ലുമെല്ലാം സംഘടനാവൽക്കരിക്കുന്നത് നമ്മൾ ശ്രദ്ധിക്കണം. ഇതാണ് മഹല്ലുകളിലെ പ്രശ്നങ്ങളുടെ മൂലകാരണം. രണ്ടു സമസ്തയും ഇതിൽ ഉത്തരവാദികളായി വരുന്നുണ്ട്.

ഇതിനെ സമുദായം സൂക്ഷിക്കണം, നമ്മുടെ മഹല്ലുകൾ ശിഥിലമാകരുത്, അതിനു സമ്മതിക്കരുത് എന്നുണർത്തിക്കൊണ്ട് ഉപസംഹരിക്കുന്നു. നമ്മുടെ ഈ ദീനിനെയും മഹല്ലുകളെയും നാഥൻ കാക്കുമാറാകട്ടെ..


വൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.


Note: എഴുത്തിലുള്ള പിഴവുകൾക്ക്‌ എഴുതിയ ആൾ മാത്രമാണുത്തരവാദി

ابو زاهد

Saturday, November 12, 2016

കറൻസിയുടെ സക്കാത്തും വിവാദങ്ങളുടെ ചരിത്രവും

ലോകത്ത് പരക്കെ നടപ്പുണ്ടായിരുന്ന നാണയങ്ങൾ വെള്ളിയുടെയും പൊന്നിന്റെതുമായിരുന്നു. വെള്ളി നാണയങ്ങൾക്ക് ദിർഹം എന്നും പൊന്ന് നാണയങ്ങൾക്ക് ദീനാർ എന്നും പറയും. മനുഷ്യർ സമൂഹമായി മാറുകയും നഗരങ്ങളും ഗ്രാമങ്ങളും ഭരണവുമെല്ലാം അവരെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയ മുതൽക്കു തന്നെ ഇത്തരം നാണയങ്ങൾ ആണ് അവരുടെ വിനിമയോപാധി. ഇസ്ലാമിനു മുമ്പും പിൻപുമെല്ലാം ഇത് തന്നെ നില. റോം - പേർഷ്യൻ സാമ്രാജ്യങ്ങൾ അടിച്ചിറക്കുന്ന നാണയങ്ങൾ ആണ് അന്ന് മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നത്. വെള്ളിയും പൊന്നും എക്കാലത്തും ഏതു നാട്ടിലും ഏതു സമൂഹത്തിലും മൂല്യമുള്ള സമ്പത്ത് ആയതിനാൽ ഒരു നാട്ടിൽ അടിച്ചിറക്കുന്ന നാണയം മറ്റൊരു നാട്ടിൽ എടുക്കാത്ത പ്രശ്നം ഉത്ഭവിക്കുന്നില്ല. നബി(സ) തങ്ങളുടെ കാലത്തും അനറബികൾ അടിച്ചിറക്കുന്ന നാണയമാണ് അറബു നാടുകളിലും ഉപയോഗിച്ചിരുന്നത്. മുസ്ലിംകൾ ഒരു നാണയം അടിച്ചിറക്കാൻ തുടങ്ങുന്നത് ഖലീഫ അബ്ദുൽ മലികിബ്നു മർവാന്റെ ഭരണകാലത്ത് ആണ് (ഹിജ്ര 75) ഈ ഇസ്ലാമിക നാണയങ്ങൾ അനറബു നാടുകളിലും സ്വീകാര്യമായിരുന്നു. കാരണം ആരടിച്ചിറക്കിയാലും പ്രസ്തുത നാണയങ്ങൾ ഒരു നിശ്ചിത തൂക്കം പൊന്നിലും വെള്ളിയിലും ആയിരിക്കുമല്ലോ.


കാലം പിന്നിട്ടപ്പോൾ സ്വർണ്ണവും വെള്ളിയുമല്ലാത്ത മറ്റു ലോഹങ്ങൾ കൊണ്ടും നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. 'ഫുലൂസ്' എന്നാണു ഇത്തരം നാണയങ്ങൾക്ക് പറഞ്ഞു വരുന്ന പേര്. സ്വർണ്ണവും വെള്ളിയുമല്ലാത്ത ഏതു ലോഹങ്ങൾ കൊണ്ടുള്ളതിനും ഫുലൂസെന്നു തന്നെയാണ് പരക്കെ പറഞ്ഞു വന്നത്. തുടക്കത്തിൽ ഘുറാസാനിൽ നിന്നോ മറ്റോ അടിച്ചിറക്കപ്പെട്ട നാണയത്തിന്റെ മാത്രം പേരായിരുന്നു ഇതെങ്കിലും. ഈ നാണയങ്ങൾക്ക് ഇടപാടുകളിൽ സ്വീകാര്യമായ പണം എന്ന സ്ഥാനമുണ്ടായിരുന്നെങ്കിലും ദിർഹമിന്റെയും ദീനാറിന്റെയും വിധി ഇതിനു ബാധകമായിരുന്നില്ല.


അതായത് ദിർഹമിനും ദീനാറിനും ഒരു നിശ്ചിത തുകയെത്തിയാൽ നിയമപ്രകാരം സക്കാത്തു നിർബന്ധമാകുമല്ലൊ. അത് പോലെ പരസ്പരം കൈമാറുമ്പോൾ ശറഅ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കൈമാറ്റപ്പലിശ എന്ന വൻകുറ്റവും വരും. ഈ നിയമം ഇതര ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾക്ക് (ഫുലൂസ്) ബാധകമായിരുന്നില്ല. കാരണം അവയ്ക്ക് നാണയമെന്നും പണമെന്നുമൊക്കെ പറയുമെങ്കിലും നഖ്ദ് എന്ന സാങ്കേതിക പദത്തിന്റെ നിർവചനത്തിൽ ഇതുൾപ്പെടുകയില്ലെന്ന് വ്യക്തവും തർക്കമറ്റതുമായിരുന്നു. നഖ്ദുൽ ബലദ് (നാട്ടിലെ നാണയം) എന്ന ഉപാധിയോടെ മാത്രമേ ഇതിനു നഖ്ദെന്നു പറയുമായിരുന്നുള്ളൂ. നഖ്ദിന്റെ അതേ സ്ഥാനത്ത് നിലകൊള്ളുന്നതും വിനിമയോപാധിയായി സ്വീകരിക്കുന്നതുമായിരുന്നിട്ടും ഫുലൂസിനു നഖ്ദിന്റെ സക്കാത്തും പലിശയും ബാധകമല്ലെന്നു നമ്മുടെ ഇമാമുകൾ വ്യക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നിക്കൽ കൊണ്ടുള്ള നമ്മുടെ നാണയങ്ങളും ഫുലൂസിൽപെടുമല്ലോ. ഇതിനൊന്നും സക്കാത്തും കൈമാറ്റപ്പലിശയും ബാധകമല്ലെന്നു വിവാദവും തർക്കവുമില്ലാതെ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിരുന്നു.




കാലം കുറേക്കൂടി മുന്നോട്ടു ഗമിച്ചപ്പോൾ കടലാസു പണങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഇത് കുറേക്കൂടി സൗകര്യപ്രദമാണല്ലോ. കറൻസികളെന്നും നോട്ടുകളെന്നും വിളിച്ചു വരുന്ന ഈ പണം വിനിമയങ്ങളിലുപയോഗിച്ചു തുടങ്ങിയപ്പോൾ ഇത് സംബന്ധമായി ലോകപണ്ഡിതന്മാർക്കിടയിൽ വിവാദമുണ്ടായി. സ്വർണ്ണ - വെള്ളി നാണയങ്ങൾക്ക് ബാധകമായ സക്കാത്തും കൈമാറ്റപലിശയും കറൻസികൾക്കും ബാധകമാണെന്നും ഇല്ലെന്നും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്, സ്വർണ്ണവും വെള്ളിയുമല്ലാത്ത ലോഹങ്ങൾ കൊണ്ടുള്ള പണം (ഫുലൂസ്) പ്രചാരത്തിൽ വന്നപ്പോൾ അതിനു നഖ്ദിന്റെ (സ്വർണ്ണം, വെള്ളി) സക്കാത്തും പലിശയും ബാധകമല്ലെന്ന് ഇമാമുകളെല്ലാം വ്യക്തമാക്കി. ഇതിൽ വിവാദവും തർക്കവും ഉണ്ടായതുമില്ല. അതേസമയം കടലാസുപണം (നോട്ട്) വന്നപ്പോളോ സ്ഥിതി മാറി, അഭിപ്രായ വ്യത്യാസവും ഭിന്നതയും വിവാദവുമുണ്ടായി. ഇതിനെന്താണ് കാരണം?


കറൻസികൾ സ്വന്തമായി പണമാണോ അതല്ല പണത്തിന്റെ രേഖയാണോ എന്നതാണ് പ്രശ്നം. മിക്കരാജ്യങ്ങൾ അടിച്ചിറക്കുന്ന കറൻസികളും അതെത്ര രൂപയുടെ കറൻസിയാണോ ആ സംഖ്യ ഈ കറൻസി കൈവശം വെക്കുന്നയാൾക്ക് ഞാൻ നല്കുമെന്ന ഒരു പ്രതിജ്ഞ ഇതടിച്ചിറക്കുന്ന ആളുടെ പേരിൽ ഉല്ലേഖനം ചെയ്തിരിക്കും. ഉദാഹരണമായി നമ്മുടെ ഒരൻപതു രൂപയുടെ കറൻസിയിൽ ഇങ്ങനെയൊരു മുദ്രണം കാണാം.

"I PROMISE TO PAY THE BEARER THE SUM OF FIFTY RUPEES" "ഈ നോട്ടു കൈയ്യിലിരിക്കുന്നയാൾക്ക് അമ്പതു രൂപയുടെ സംഖ്യ അഥവാ പണം നല്‍കാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു" വെന്നാണല്ലോ ഇതിന്റെ സാരം. ഈ കുറിപ്പ് മൂലം കറൻസി സ്വന്തമായി പണമല്ലെന്നും ഇതടിച്ചിറക്കുന്ന ബാങ്കോ സർക്കാരോ ഇത് കൈവശം വെക്കുന്നയാൾക്കു നൽകാമെന്ന് ഏറ്റിട്ടുള്ള പണത്തിന്റെ രേഖ മാത്രമാണിതെന്നും വിധിയെഴുതാൻ ന്യായമുണ്ട്. നിയമപ്രകാരം ഇത്തരം പ്രതിജ്ഞ രേഖപ്പെടുത്തിയിട്ടുള്ള പണം വിശ്വാസപ്പണമാണ് താനും.


അതായത് അധികൃതരുടെ ഈ പ്രതിജ്ഞ സമൂഹം വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഈ കടലാസിനു പണത്തിന്റെ സ്വഭാവം കിട്ടുന്നത്. ഇത്തരം കറൻസികള്‍ എപ്പോള്‍ വേണമെങ്കിലും നാണയമായി മാറ്റിക്കൊടുക്കാന്‍ നാണയാധികൃതർക്ക് ബാധ്യതയുണ്ടായിരുന്നു. ആദികാലത്ത് ഏകലോഹ നാണ്യവ്യവസ്ഥയും ദ്വിലോഹ നാണ്യ വ്യവസ്ഥയും നില നില്‍ക്കുകയും ചെയ്തിരുന്നു. തന്മൂലം സ്വർണ്ണം, വെള്ളി എന്നീ ദ്വിനാണയങ്ങളെയും അല്ലെങ്കില്‍ അവയിലൊരു നാണയത്തെയും മാനദണ്ഡ നാണയങ്ങളായി അംഗീകരിച്ചു കൊണ്ടാണ് ഇത്തരം കറൻസികള്‍ അടിച്ചിറക്കിയിരുന്നത്.


ഈ കാരണങ്ങളെല്ലാം വച്ച് ഈ കറൻസികൾക്ക് പകരം ശരിക്കും സ്വർണ്ണ-വെള്ളി നാണയങ്ങള്‍ തന്നെ (അന്നു മിക്ക രാജ്യങ്ങളിലും വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുമുണ്ടായിരുന്നു) എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന നില വെച്ചുകൊണ്ട് ഈ നാണയങ്ങളുടെ കടരേഖയായി കടലാസു പണങ്ങളെ കാണാമെന്നും അത് കയ്യിലിരിക്കുന്നയാൾക്ക് അതിന്റെ പേരില്‍ കിട്ടാനുള്ള സംഖ്യയുടെ പേരില്‍ കടത്തിന്റെ സക്കാത്തു ബാധകമാണെന്നും ഒരു പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.

20-ആം നൂറ്റാണ്ടിന്റെ ഏതാണ്ട് തുടക്കത്തില്‍ - 1920കളില്‍ - അറേബ്യയിലെ ലോക പണ്ഡിതന്മാര്‍ക്കിടയില്‍ ഈ വിവാദം കൊടുമ്പിരിക്കൊണ്ടു, തത്സമയം, മേല്‍പക്ഷക്കാരായി -കറൻസികൾക്ക് കടത്തിന്റെ സക്കാത്ത് ബാധകമാണെന്ന അഭിപ്രായക്കാരായി രംഗത്തുവന്ന പലരുമുണ്ട്. അവരില്‍ പ്രധാനിയാണ്‌ അല്ലാമ സയ്യിദ് അഹമദ്ബക് അല്‍ ഹുസൈനി. “അത്തആലീഫുല്‍ ബദീഅ” എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് ഇദ്ദേഹം. നോട്ടിന്റെ സക്കാത്ത് സംബന്ധിച്ച തന്റെ വീക്ഷണം വിശദീകരിക്കുന്നതിനായി അദ്ദേഹം “ബഹ്ജതുല്‍ മുഷ്താഖ്”എന്നൊരു കൃതി തന്നെ രചിച്ചു. അതില്‍ അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. ”ബാങ്ക് നോട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടലാസുകള്‍, തങ്ങളുടെ മേല്‍ ബാധ്യതപ്പെട്ട കടത്തിന്റെ രേഖയായി സര്‍ക്കാര്‍ അടിച്ചിറക്കുന്നതാണ്. ഇവ പല വിധമുണ്ട്. നോട്ടിലെഴുതപ്പെട്ട സംഖ്യക്കുള്ള തുക നല്‍കുമെന്ന് വ്യക്തമാക്കപ്പെട്ടവയാണൊന്ന്‍. ഇത്തരം നോട്ടുകള്‍ കൈവശം വച്ചയാള്‍ ആവശ്യപ്പെട്ടാല്‍ തനിക്കു പ്രസ്തുത തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന് വ്യക്തമാണ്. അങ്ങനെ ഭരണകൂടത്തിന്റെ മേല്‍ ഉത്തരവാദപ്പെടുന്ന സംഖ്യ കടമാകുന്നു. അതിനുള്ള രേഖയാണ് ഈ കറൻസികളെന്നതില്‍ സംശയത്തിനവകാശമില്ല.


ബാങ്ക് നോട്ട് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥവും ഇങ്ങനെ തന്നെ. ഖാമൂസ് ലാറോസ് എന്നാ ഫ്രഞ്ച് നിഘണ്ടുവില്‍ ബാങ്ക് നോട്ട് എന്നതിനെ ഇങ്ങനെ നിര്വ്വവചിച്ചിരിക്കുന്നു. ”ഇത് വഹിക്കുന്നയാൾക്ക് ഇതിന്റെ തുക റൊക്കമായി നൽകും എന്ന പ്രതിജ്ഞ കൊണ്ട് മാത്രം സ്വീകാര്യമായ സർക്കാര്‍ അടിച്ചിറക്കുന്ന കടലാസ്” ലോഹനിർമ്മിത ലോഹങ്ങള്‍ കൊണ്ട് നടത്തുന്ന എല്ലാ ഇടപാടുകള്ക്കും ഇത് കൊണ്ട് നടത്തപ്പെടും. പക്ഷെ, ജനം ഇടപാടുകളില്‍ ഇത് വിശ്വസിക്കണമെങ്കില്‍ ഇതിന്റെ ഗ്യാരണ്ടി ഗവൺമന്റ്‌ ഉത്തരവാദപ്പെടണം."


അപ്പോള്‍ കറൻസികളില്‍ രേഖപ്പെട്ട പ്രതിജ്ഞ പ്രകാരം ശരിയായ പണം സർക്കാർ ഉത്തരവാദപ്പെടുന്നുണ്ടെന്നും അത് നോട്ടു കൈവശം വെച്ചയാൾക്ക് സർക്കാരില്‍ നിന്ന് കിട്ടാനുള്ള കടമാണെന്നും ആ കടത്തിന്റെ രേഖ മാത്രമാണ് നോട്ടു കടലാസുകളെന്നും സ്വന്തമായി അതിനു യാതൊരു വിലയുമില്ലെന്നും പ്രസ്തുത കടത്തിന്റെ സക്കാത്ത് ഈ നോട്ടുകൾക്ക് ബാധകമാണെന്നുമാണ് സയ്യിദ് അഹമദ്ബക് മേല്‍ ഗ്രന്ഥത്തില്‍ സമർത്ഥിക്കുന്നത്. ഇതുപോലെ മറ്റു പല കൃതികളും ഈ വീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് അക്കാലത്ത് അറബുലോകത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്.


ശൈഖ് അബ്ദുല്ലാഹിബ്നു ഉമറൽ അമുദിയ്യുൽ ഹളറമി എഴുതിയ രിസാലയിൽ ഇങ്ങനെ വായിക്കാം "നോട്ടു കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറാൻ പറ്റുമോ.? അത് പലിശയാകുമോ.? എന്ന ചോദ്യത്തിന് നോട്ടുകളിൽ മാർക്ക് ചെയ്യപ്പെട്ട സംഖ്യകളെക്കാൾ ഏറ്റക്കുറച്ചിലൂടെ കൈമാറാൻ പാടില്ലെന്നും അത് പലിശയാണെന്നുമുള്ള ചില പണ്ഡിതന്മാരുടെ മറുപടിയാണ് ശരിയും അംഗീകൃതവും. കാരണം നോട്ടുകൾ ഇതര നാണയങ്ങളോട് തുലനം ചെയ്തു കൂടാ. ലോഹ നാണയങ്ങൾ സ്വന്തം നിലക്ക് വിലയുള്ളതാണല്ലോ. നോട്ടുകൾ അങ്ങനെയല്ല അവയിൽ മുദ്രണം ചെയ്ത് പ്രഖ്യാപിച്ചിട്ടുള്ള സംഖ്യയിലേക്കാണ് ഇവിടെ നോട്ടം. അവ കടത്തിന്റെ രേഖ പോലെയാണ്. നീ ഒരുത്തന് ഒരു നോട്ടു നൽകിയാൽ അതിൽ മുദ്രിതമായ സംഖ്യ നിനക്ക് കിട്ടാനുള്ളത് ആ നോട്ടു പുറത്തിറക്കിയ ഭരണകൂടത്തിന്റെയോ ബാങ്കിന്റെയൊ മേൽ നീ ഹവാലത്ത് (കുറ്റിചാരൽ) ചെയ്തത് പോലെയാണ്. പക്ഷെ വാക്കുച്ചരിക്കാതെ കേവലം കൈമാറ്റം കൊണ്ട് ഇടപാടുകൾ സാധുവാണെന്ന തത്ത്വപ്രകാരമേ ഇവിടെ ഹവാലത്ത് എന്ന ഇടപാട് സംഭവിക്കുന്നുള്ളൂ......


കറൻസികൾ ഏറ്റവ്യത്യാസത്തോടെ കൈമാറാമെന്നും അത് പലിശയല്ലെന്നും കച്ചവടച്ചരക്കാക്കിയാലല്ലാതെ നോട്ടിനു സകാത്ത് നിർബന്ധമില്ലെന്നും ശൈഖ് ഹസബുള്ളയും ശൈഖ് അഹ്മദ് ഖതീബ് അൽ മന്കാബാവിയും പ്രസ്താവിച്ചപ്പോൾ ഹറമൈനിലെ (മക്ക, മദീന) പ്രഗത്ഭ ഉലമാഅ അതിനെയെതിർത്തു. ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവായ സയ്യിദ് അബൂബക്ർ ശത്വാഅൽ മക്കി, അൽഹബീബ് ബർക്കത്ത് അഹ്മദ് ബാഅലവി, ശൈഖ് സാലിമുബ്നു അബ്ദില്ലാഹിബ്നി സമീർ അൽഹളരമി, അൽഹബീബ് മുഹമ്മദ്‌ ബാഅലവി, മുഹമ്മദ്‌ ബഘീത് അൽമുതിഈ, അല്ലാമ ശൈഖ് സഈദ് അൽമൌജി, സയ്യിദ് അഹ്മദ് ബക് അൽഹുസൈനി തുടങ്ങിയ ശാഫിഈ, ഹനഫീ, മാലികി, ഹമ്പലി പണ്ഡിതരിൽ പലരും മേൽ പ്രസ്താവനയെ ഖണ്ഡിച്ചവരും നിരാകരിചവരുമാണ്. ഇവരെല്ലാം ഏറ്റക്കുറച്ചിലോടെയുള്ള നോട്ടു കൈമാറ്റം പലിശയാണെന്നും അത് നടത്തുന്നവരോട് സ്നേഹ ബന്ധം പാടില്ലെന്നും തീർത്തു പറഞ്ഞിട്ടുണ്ട്." (രിസാലത്തുൽ അമൂദി പേജ്: 3-9).


ഈ പണ്ഡിതരെല്ലാം കറൻസിയിൽ മുദ്രണം ചെയ്തിട്ടുള്ള പ്രതിജ്ഞയെ അതേപടി മുഖവിലക്കെടുത്തിട്ടുള്ളവരാണ്. അത് പ്രകാരം നോട്ടുകൾക്ക് പകരം സക്കാത്ത് നിർബന്ധമായ നാണയങ്ങൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വെള്ളി നാണയങ്ങൾ സർക്കാർ മാറ്റിതരുമെന്നും അത് കൊണ്ട് സർക്കാരിന്റെ മേൽ ബാധ്യതപ്പെട്ടതും നോട്ടു കൈവശം വച്ചയാൾക്ക് കിട്ടാനുള്ളതുമായ കടമായി ആ നാണയങ്ങൾ നില കൊള്ളുമെന്നും ഇവർ വിശ്വസിക്കുന്നു. ഈ കടം എപ്പോൾ വേണമെങ്കിലും നോട്ടുകാരൻ ആവശ്യപ്പെട്ടാൽ കിട്ടുമെന്നും തന്മൂലം ഈ കടത്തിന്റെ രേഖ സർക്കാർ തരാനുള്ള ശരിയായ നാണയത്തിന്റെ സ്ഥാനത്താണെന്നും ഇവർ വിധിയെഴുതുന്നു. ആ നാണയം ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയായത് പോലെ അതിന്റെ രേഖയായ കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയാണെന്നും ആ നാണയങ്ങൾ കൈവശം വെച്ചാൽ സക്കാത്തു നിർബന്ധമായത് പോലെ ഈ രേഖകൾ കൈവശം വെച്ചാലും കടത്തിന്റെ പേരിൽ സക്കാത്തു നിർബന്ധമാണെന്നും ഇവർ സമർത്ഥിക്കുന്നു.


എന്നാൽ സർക്കാറുകൾ അടിച്ചിറക്കുന്ന കറൻസികൾ അതിൽ രേഖപ്പെടുത്തിയ സംഖ്യ നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ആ പ്രതിജ്ഞ പാലിക്കപ്പെടാറില്ലെന്നും ഒരു നാട്ടിലും ഒരു ഭരണകൂടവും ബാങ്കും നോട്ടു കൈവശം വച്ചവർ ആവശ്യപ്പെട്ടാൽ സ്വർണ്ണം, വെള്ളി നാണയങ്ങൾ നല്കുകയില്ലെന്നും ഇന്നെല്ലാവർക്കും അറിയാം. ഇത്തരം കടലാസ് പണങ്ങൾക്ക് പകരം മാനദണ്ഡ നാണയങ്ങൾ പോലും ഇന്നില്ലെന്നത് സുവിദിതമാണ്. നാണയമായി മാറ്റിക്കൊടുക്കാൻ അധികൃതർക്ക് യാതൊരു ബാധ്യതയുമില്ലാത പണങ്ങൾക്ക് കൽപ്പനപ്പണമെന്നാണ് പറയുക. ആരംഭത്തിൽ യുദ്ധകാലങ്ങളിൽ ആയിരുന്നു ഇത്തരം കൽപ്പനപ്പണങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നത്. ഇതിനു കരുതല്‍ ധനമോ ലോഹ നിക്ഷേപങ്ങളോ സൂക്ഷിക്കേണ്ടതില്ല. നിരുപാധികം നാണയമായി മാറ്റികൊടുക്കാമെന്നു പ്രതിജ്ഞയുള്ള കടലാസു പണം വിശ്വാസ പണമായിരുന്നു. അവ അടിച്ചിറക്കുവാന്‍ കൃത്യമായ ലോഹനിക്ഷേപങ്ങളും കരുതൽധനവുമെല്ലാം വേണ്ടിയിരുന്നു. ഇന്നു മിക്ക രാഷ്ട്രങ്ങളിലും ഈ വ്യവസ്ഥകൾ ഒന്നും ഇല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുടക്കത്തിലേ മേൽപ്രകാരം പ്രതിജ്ഞ രേഖപ്പെടുത്തുന്നു എന്നല്ലാതെ ആ പ്രതിജ്ഞയിൽ പറഞ്ഞത് പോലെ പകരം നാണയം കൊടുക്കാറില്ല. ഇങ്ങനെ നാണയം കൊടുക്കാത്തത് വിശ്വാസപ്പണമാണെന്ന് പറയാനും വയ്യ. ഇന്ത്യയിൽ മാത്രമല്ല, ഇന്ന് മിക്ക കരൻസികലിലും ഈ പ്രതിജ്ഞ കാണാമെങ്കിലും അവ നാണയത്തിലേക്ക് മാറ്റപ്പെടാത്തവയാകയാൽ എല്ലാം കൽപ്പനപ്പണമാണ്. (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധനശാസ്ത്ര തത്ത്വങ്ങൾ എന്ന ഗ്രന്ഥം. പേജ് 302-315 വരെ വായിക്കുക).


ഇനി കറൻസികൾക്ക് പകരം നാണയം സർക്കാറുകൾ മാറ്റിതരുമെങ്കിൽ തന്നെ അതെന്തു നാണയമാണ് മാറ്റിത്തരിക? സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളോ ? അതേതെങ്കിലും രാജ്യത്തുണ്ടോ.? ഉലമാക്കളുടെ ഈ വിവാദം നടക്കുന്ന കാലത്ത് മിക്ക രാജ്യങ്ങളിലും വെള്ളിനാണയങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ ഇന്ത്യയിലും അന്ന് വെള്ളി നാണയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പകരം ഉള്ള നാണയങ്ങൾ നിക്കലുകളാണ്. വെള്ളിനാണയങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്നറിഞ്ഞു കൂടാ. എന്നിരിക്കെ സക്കാത്ത് നിർബന്ധമാകുന്ന സ്വർണ്ണം വെള്ളി നാണയങ്ങൾ സർക്കാരിൽ നിന്ന് കറൻസി കൈയിലിരിക്കുന്നയാൾക്ക് കിട്ടാനുള്ള കടമായി ഉണ്ടെന്നും ആ കടത്തിന്റെ രേഖയാണ് ഈ നോട്ടുകടലാസ് എന്ന നിലക്ക് ഇത് കൈവശം വെച്ചയാൾ കടത്തിന്റെ സക്കാത്ത് കൊടുക്കണമെന്നും യാതൊരു ന്യായവും ഇന്നില്ല. മേൽ പറഞ്ഞ അറേബ്യൻ പണ്ഡിതന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരാരും ഇത് പറയുകയുമില്ല തീർച്ച. എന്നാൽ അക്കാലത്ത് തന്നെ ഈ വസ്തുത കൃത്യമായും തിട്ടമായും മനസ്സിലാക്കിയ ഉലമാക്കൾ സക്കാത്തും പലിശയും ബാധകമാണെന്ന് പറഞ്ഞ പണ്ഡിതരെ ശരിക്കും ഖണ്ഡിച്ചു കൊണ്ട് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നു. അറബുനാടുകളിൽ 1920 - ൽ തന്നെ അത്തരം അത്തരം ഗ്രന്ഥങ്ങൾ പലതും പ്രസിദ്ധീകൃതമായിരുന്നു അതിലൊന്നാണ് "റഫ്ഉൽ ഇൻതിബാസ് അൽ ഹുക്മിൽ അൻവാതിൽ മുതആമലിബിഹാ ബൈനന്നാസ്" എന്ന ഗ്രന്ഥം ഈ ഗ്രന്ഥത്തിന്റെ കർത്താവ് ശൈഖ് അഹ്മദ് ഖത്തീബ് അൽ മൻകാബാവി (റ) ആണ്. അദ്ദേഹം തന്റെ കൃതിയിൽ കുറിച്ചത്‌ ഇങ്ങനെ വായിക്കാം :


"ജാമിഉല്‍ അസ്ഹറിലെ ശൈഖുല്‍ ഇസ്ലാം മര്‍ഹൂം മൌലാന ശൈഖ് അൻബാവി കറന്‍സി നോട്ടുകളില്‍ സകാത്ത്‌ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കി: പ്രസ്തുത നോട്ടുകള്‍ കൊണ്ട് കൊള്ളലും കൊടുക്കലും സാധുവാകും. കാരണം അവ വിലയുള്ളതാണ്. കച്ചവടമുദ്ദേശിച്ച് ഉടമസ്ഥതയിലാക്കിയ നോട്ടുകള്‍ കച്ചവട ചരക്കുമാകും. കച്ചവടത്തിന്റെ സക്കാത്ത് അതിന്റെ ഉപാധികള്‍ പ്രകാരം അപ്പോള്‍ നിര്‍ബന്ധം ആകും. അതെ സമയം കടലാസു നോട്ടുകള്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളില്‍പ്പെട്ടതല്ലാത്തത് കൊണ്ട് ഇവയില്‍ ഐനിന്റെ (ധനത്തിന്റെ) സക്കാത്ത്‌ നിര്‍ബന്ധമാകുന്നതല്ല. സ്വാഹിബുല്‍ ബഖറ എന്ന പേരില്‍ പ്രസിദ്ധരായ അല്ലാമ സയ്യിദ്‌ അബ്ദുല്ലാഹിബ്നു ഉമര്‍ ബാഅലവി (റ) യും ഇപ്രകാരം ആണ് ഫതവാ ചെയ്തത്. (ബിഗ്‌യയില്‍ മസ്അലത്ത് യാ എന്ന പേരിലുദ്ധരിക്കുന്നത് ഇദ്ദേഹത്തിന്റെ ഫതവാകളാണ്) അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്, ചെമ്പ്‌, കടലാസു എന്നിവകള്‍ കൊണ്ട് അടിച്ചിറക്കുന്ന നാണയങ്ങളില്‍ സക്കാത്ത്‌ നിർബന്ധമില്ല. പക്ഷെ കച്ചവടത്തിനു വേണ്ടി ഇവയൊരു ചരക്കാക്കപ്പെട്ടാൽ അതിന്റെ വ്യവസ്ഥ പ്രകാരം സക്കാത്ത് നിർബന്ധമാകും. യാതൊരു ലക്ഷ്യവും നിരത്താതെ ഉദ്ധരണികളൊന്നും നല്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ വസ്തുത സുവ്യക്തമാണ്. എന്നാൽ ഇന്ന് സുവ്യക്തമായ മസ്അലകൾ പോലും അവ്യക്തമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സൂക്ഷ്മ നിരീക്ഷണം കൊണ്ടും തഖ്'വാ കൊണ്ടും പ്രസിദ്ധരാണ് മേലുദ്ധരിച്ച രണ്ടു പ്രഗത്ഭ ഉലമാക്കളും. അവരെ മാതൃകയാക്കി അവലംബിച്ചു കൊണ്ട് തന്നെ ഞാനഭിപ്രായപ്പെടുന്നു: കച്ചവടച്ചരക്കാക്കുമ്പോളല്ലാതെ കടലാസ് നോട്ടുകളിൽ സകാത്ത് നിർബന്ധമാകുന്നതല്ല (റഫ്ഉൽ ഇൻതിബാസ്).


ഇതേ വീക്ഷണപ്രകാരം നാല് മദ്ഹബുകൾ പ്രകാരവും നോട്ടു കടലാസുകളുടെ ബഹുമുഖ വിധികൾ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള നൂറിൽപരം പേജുകൾ വരുന്ന ഒരു വിലപ്പെട്ട ഗ്രന്ഥമാണ് "ശംസുൽ ഇശ്രാഖ് ഫീ ഹുക്മിത്തആമുലി ബിൽ ഔറാഖ്" എന്നത്. ഹിജാസിലെ (മക്ക, മദീന തുടങ്ങിയവ ഉൾക്കൊള്ളുന്ന അറേബ്യൻ ഉപദ്വീപ്) പ്രസിദ്ധ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ അലിയ്യുബ്നുശൈഖി ഹുസൈൻ ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കറൻസികൾ കടരേഖയാണെന്ന വീക്ഷണത്തിലെഴുതപ്പെട്ട "ബഹ്ജത്തുൽ മുഷ്താഖ്" എന്ന ഗ്രന്ഥത്തിന്റെ ശരിയായ ഖന്ധനം ആണ് ശംസുൽ ഇശ്രാഖ്. എന്ന് മാത്രമല്ല അതേ വീക്ഷണക്കാരനായ ശൈഖ് അബ്ദുള്ള അൽ അമൂദി എഴുതിയ തന്റെ രിസാലയെ പരിശോധിച്ചു യുക്തമെങ്കിൽ ആശംസയെഴുതാൻ ഏല്പിച്ചത് പ്രകാരം വിഷയത്തെപ്പറ്റി എഴുതിയത് ഇങ്ങനെ വായിക്കാം. "ശാഫിഈ പണ്ഡിതരുടെ വീക്ഷണത്തിൽ കടലാസ് നോട്ടുകൾ ചെമ്പുനാണയങ്ങളെ പോലെയാണ്. രണ്ടും നഖ്ദ് (സ്വർണ്ണ-വെള്ളിനാണയങ്ങൾ) അല്ല. അർള് ആണ്. കച്ചവട ചരക്കുകൾ എന്ന നിലക്കല്ലാതെ ഇതിൽ സക്കാത്ത് നിർബന്ധമാകുന്നില്ല. കടപ്പലിശ (രിബൽ ഖർള്) അല്ലാതെ മറ്റു രിബായുടെ രൂപങ്ങളെല്ലാം ഇതിൽ അനുവദനീയവുമാണ്. കാരണം ഇവ സ്വർണ്ണവും വെള്ളിയും (നഖ്ദ്) അല്ല." (ശംസുൽ ഇശ്രാഖ് പേജ് : 85).


മാലികീ മദ്ഹബിലെ പ്രബല പണ്ഡിതനായ ശൈഖ് മുഹമ്മദ്‌ ഉലൈശ്, ഹനഫീ പണ്ഡിതനായ അഹ്മദ് രിളാഖാൻ ബറേൽവി, ശൈഖ് മുഹമ്മദ്‌ അൻബാവി, ശൈഖ് അഹ്മദ്, ശൈഖ് ഹസബുള്ള, സയ്യിദ് അബ്ദുള്ള സ്വാഹിബുൽ ബഖറ, ശൈഖ് അഹ്മദ് ഖതീബിൽ മൻകാബാവി, അല്ലാമ അഹ്മദുബ്നു മുഹമ്മദ്‌ ഇർഷാദ്‌ ഹുസൈൻ, ശൈഖ് മുഹമ്മദ്‌ ഇഅജാസ് ഹുസൈൻ, ശൈഖ് മുഹമ്മദ്‌ അബ്ദുൽ ഖാദിർ, ശൈഖ് ഹാമിദ് ഹുസൈൻ, അല്ലാമ മുഹമ്മദ്‌ ഇനായതുള്ള, അല്ലാമ മുഹമ്മദ്‌ നള്ർ അലി, അല്ലാമ ഇബ്നുൽ ഖാസിം മുഹമ്മദ്‌ മുസമ്മിൽ തുടങ്ങി പരശ്ശതം ആലിമുകൾ നാല് മദ്‌ഹബുകളിലെലേതുമായി ഈ വീക്ഷണത്തെ പിന്തുണക്കുന്നതായി ശൈഖ് മുഹമ്മദ്‌ അലി തന്റെ ശംസുൽ ഇശ്രാഖിൽ ഉദ്ധരിച്ചിട്ടുണ്ട്. മക്കയിലെ മുഫ്തി അല്ലാമ അബ്ദുള്ള സിറാജ്, അനേകം ഗ്രന്ഥങ്ങളുടെ കർത്താവ് ശൈഖ് ഹബീബുള്ള ശൻഖ്വീതി, അല്ലാമ ശൈഖ് അഹ്മദ് നജ്ജാർ, ശൈഖ് ത്വാഹിർ ദബ്ബാഗ്, ശൈഖ് മുഹമ്മദ്‌ അബ്ദുറഹ്മാൻ ശൻഖ്വീതി തുടങ്ങി ഹറമൈനിലെ പല പ്രഗത്ഭ ആലിമുകളും ഈ ഗ്രന്ഥത്തിനു സമ്മതപത്രം നല്കിയിട്ടുണ്ട്.


1920-കളിൽ അറബു ലോകത്തെ അറിയപ്പെട്ട മുഫ്തിമാരും ഉലമാക്കലും കടലാസ് കറൻസികളുടെ വിധികളെപ്പറ്റി നടത്തിയ ഒരേകദേശ ചിത്രമാണ് മുകളിൽ വരച്ചത്. രണ്ടു വീക്ഷണങ്ങൾ വച്ച് വ്യത്യസ്ത വിധികളായിരുന്നു ഇരുവിഭാഗം ഉലമാക്കൾ നല്കിയത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെ ഈ വിവാദം ഇങ്ങു കേരള ഉലമാക്കൾക്കിടയിലും വന്നെത്തി. ബ്രിട്ടീഷിന്ത്യയിൽ കടലാസ് നോട്ടു ഇറങ്ങിതുടങ്ങിയതോടെ തന്നെ ഇവിടെയും ഈ വിവാദം ആരംഭിച്ചു. വടക്കേ മലബാറിലാണ് ഇത് ആളിക്കത്തിയത്. ലഘുലേഖകളും രിസാലകളും നോട്ടീസുകളും മറുനോട്ടീസുകളുമെല്ലാം ഇതിന്റെ പേരിൽ പുറത്തിറങ്ങിയിരുന്നു. നാദാപുരം കേന്ദ്രമാക്കിയാണ് ഈ വിവാദം കൊടുമ്പിരി കൊണ്ടത്. പ്രശസ്ത പണ്ഡിതനും സുന്നത്ത് ജമാഅത്തിന്റെ വൈരികളുടെ പേടിസ്വപ്നവുമായിരുന്ന മർഹൂം മേപ്പിലാചേരി മൊയ്തീൻ മുസ്ല്യാർ ആയിരുന്നു ഈ വിവാദത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 'നോട്ടിനു സകാത്ത് ഇല്ലെന്നു പറയുന്ന മൊയ്തീൻ മുസ്ല്യാർ ' എന്നായിരുന്നു മഹാനർ തന്നെ അപരിചിതർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നത് തന്നെ. ഇങ്ങനെ ചർച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശം.


അറബു ലോകത്ത് പ്രചാരപ്പെട്ട രണ്ടു വീക്ഷണങ്ങൾ തന്നെയായിരുന്നു ഇവിടത്തെ ചർച്ചയിലും ഉയർന്നത്. പക്ഷെ അറബു ലോകത്ത് നാല് മദ്ഹബുകാരായ ഉലമാക്കളും അവരവരുടെ മദ്ഹബിന്റെ വീക്ഷണപ്രകാരം വിഷയത്തെ വിലയിരുത്തി ചർച്ച ചെയ്തിരുന്നതിനാൽ കുറേക്കൂടി വൈവിധ്യവും കൌതുകവും ഉണ്ടായിരുന്നു എന്ന് മാത്രം. കേരളത്തിലാകട്ടെ ശാഫിഈ മദ്ഹബുകാരായിരുന്നത് കൊണ്ട് അവർ തങ്ങളുടെ മദ്ഹബിന്റെ നിലപാടിൽ നിന്ന് കൊണ്ടായിരുന്നു ചർച്ച ചെയ്തിരുന്നത്. തുഹ്ഫയുടെ വ്യാഖ്യാനമായ ശർവാനി വാള്യം 4, പേജു 238 ൽ വിവരിച്ചിട്ടുള്ള ഉദ്ധരണിയും ശരഹുബാഫള്ലിന്റെ വ്യാഖ്യാനമായ മൗഹിബത് വാള്യം 4, പേജു 29, 30ൽ ഉദ്ധരിച്ചിട്ടുള്ള വീക്ഷണവും ചുറ്റിപറ്റിയായിരുന്നു കേരളത്തിലെ വിവാദം. ഈ വിവാദത്തിൽ ശർവാനിയുടെയും മൗഹിബതിന്റെയും ഇബാറതുകളെ സംയോജിപ്പിച്ച് കൊണ്ട് വ്യക്തവും ശക്തവുമായൊരു ഫത്'വാ അക്കാലത്തെ കേരളത്തിലെ കിടയറ്റ മുഫ്തിയായിരുന്ന ശംസുൽ ഉലമ ഖുതുബി അവർകൾക്കുണ്ട്. മഹാനർ വാഴക്കാട്ട് ദാറുൽ ഉലൂമിൽ സദർ മുദരിസായ കാലയളവിലാണീ ഫത്'വാ. 1930 കളിൽ. ഇതിനു ശേഷവും ഒരു പത്തിരുപതു കൊല്ലം തന്നെ ഈ വിവാദം വടക്കേ മലബാർ കേന്ദ്രമാക്കി ഉലമാക്കൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് വേണം പറയാൻ. കാരണം 1951 മാർച്ച് 23, 24, 25 തിയതികളിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 19ആം സമ്മേളനം വടകരയിൽ വെച്ച് നടന്നത്.


അന്നത്തെ സമസ്തയിലെ പ്രഗൽഭരും മുഫ്തിമാരും ആയിരുന്ന ശൈഖുനാ സദഖതുള്ള മൗലവി, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ല്യാർ പോലുള്ളവർ ഒന്നും ഹാജരില്ലായിരുന്നെങ്കിലും ആ സമ്മേളനത്തിലും മുശാവറയിലും നോട്ടിന്റെ സകാത്ത് ചർച്ചാ വിഷയമായിരുന്നു. ബഹു: ഇ.കെ, പതി അബ്ദുൽ ഖാദർ മുസ്ല്യാർ, പറവണ്ണ, പി.എ അബ്ദുള്ള മുസ്ലിയാർ മട്ടന്നൂർ എന്നിവരായിരുന്നു സമ്മേളനത്തിന്റെ സൂത്രധാരന്മാർ. സമ്മേളനാധ്യക്ഷനായി കൊണ്ട് വന്ന മദ്രാസ് കാരനായ മൗലവി മുഹമ്മദ്‌ ഹബീബുള്ളയോടും, ഉദ്ഘാടകൻ ആയിരുന്ന ഖലീലുൽ റഹ്മാൻ ബീഹാരിയോടും നോട്ടിനു സകാത്ത് ഉണ്ടോ എന്ന് സമസ്ത പണ്ഡിതന്മാർ ചോദിച്ചതിനു ഉണ്ട് എന്ന് അവർ മറുപടി പറഞ്ഞതായി അന്നത്തെ മുശാവറയുടെ മിനുറ്റ്സിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. (ഉദ്ധരണം : സമസ്ത 60 ആം വാർഷിക സ്മരണിക. പേ 54).

ബാലിശമായ ഈ സൂത്രപ്പണി തന്നെ ആ ഭാഗത്ത്‌ കൊടുമ്പിരി കൊണ്ടിരിക്കുന്ന അന്നത്തെ വിവാദത്തിൽ നിന്ന് വലിയ കേടു കൂടാതെ തടിരക്ഷപ്പെടുത്താനും പ്രസ്തുത വിവാദത്തെ അടിച്ചു ശമിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു. സമ്മേളനത്തിലെ പതിയുടെയും പി.എ യുടെയും പ്രസംഗവും ഈ വിഷയത്തെ അധികരിച്ചായിരുന്നുവെന്നും അവരുടെയൊക്കെ മടങ്ങ്‌ മടങ്ങ്‌ വിവരമുള്ള മേപ്പിലാച്ചേരി മൊയ്തീൻ മുസ്ല്യാരെ ളാല്ലും, മുളില്ലും മനുഷ്യകോലത്തിൽ പ്രത്യക്ഷപ്പെട്ട ശ്വൈത്വാനുമായി ചിത്രീകരിച്ചു കൊണ്ടുമായിരുന്നുവെന്നും അനുഭവസ്ഥർ അമർഷത്തോടെ അനുസ്മരിക്കാറുണ്ട്. ഏതായാലും സമർത്ഥന്മാരുടെ സൂത്രവും ശബ്ദവും പ്രസംഗവുമായി ആ വിവാദം പൊതുജനങ്ങൾക്കിടയിൽ അങ്ങനെയങ്ങ് ആറിത്തനുത്തു. കാര്യവിവരമുള്ള പണ്ഡിതന്മാരെല്ലാം വിഷയത്തിന്റെ മർമ്മവും നിജസ്ഥിതിയും ശരിക്കും മനസ്സിലാക്കി വെക്കുകയും ചെയ്തു. (ലേഖനം അവസാനിച്ചു).


(മൗലാനാ നജീബ് മൗലവി - ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയ വിവാദങ്ങൾ - ബുൽബുൽ ദശവാർഷികപ്പതിപ്പ്)

Saturday, July 16, 2016

തറാവീഹ് അനര്‍ത്ഥ വിവാദം - മൗലാനാ നജീബ്‌ മൗലവി

വിശുദ്ധ റമളാനില്‍ സവിശേഷമായി ഈ ഉമ്മത്തിന്‌ മാത്രമായി നാഥന്‍ നല്‌കിയതാണ്‌ തറാവീഹ്‌ നമസ്‌കാരം.. വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചും റമളാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന ഹദീസുകൊണ്ടുദ്ദേശ്യം റമളാന്‍ മാസത്തിലെ ഈ തറാവീഹ്‌ നമസ്‌കാരമാണെന്നു പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇമാം നവവി(റ)പറയുന്നു: ഈ ഹദീസലെ "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. അതു സുന്നത്താണെന്നു പണ്ഡിതര്‍ യോജിച്ചിട്ടുണ്ട്‌. ശര്‍ഹു മുസ്‌ലിം:1-259.



ഇമാം കര്‍മാനി പറയുന്നു. "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. കൗകബുദ്ദിറാറി:1-146. ഇതിലൊന്നും പണ്ഡിതന്മാര്‍ ആരും വിയോജിപ്പു രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ന്‌ ഈ തറാവീഹ്‌ നമസ്‌കാരം സംബന്ധമായി അനാവശ്യ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തറാവീഹിന്റെ റക്‌അത്തുകളെ ചൊല്ലിയുള്ള വിവാദത്തിനുമപ്പുറം അത്തരമൊരു നമസ്‌കാരമേ ഇല്ലെന്നു പോലുമാണ്‌ കോലാഹലങ്ങളുയരുന്നത്‌.യഥാര്‍ത്ഥത്തില്‍ തറാവീഹ്‌ നബി(സ)നമസ്‌കരിച്ച നമസ്‌കാരമാണെന്നും ആ നമസ്‌കാരത്തിന്‌ പ്രതിഫലമേറെയുണ്ടെന്നും ഹദീസുകളില്‍ നിന്നു സ്ഥിരപ്പെടുന്നു.


ആഇശ(റ) ഉദ്ധരിക്കുന്നു. നബി(സ)റമളാനിലെ ഒരു രാത്രിയില്‍ പള്ളിയില്‍ വന്നു നമസ്‌കരിച്ചു. ഇത്‌ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. പിറ്റേന്നു ജനങ്ങള്‍ കൂടുതലുണ്ടായി. മൂന്നാം ദിവസം പള്ളി നിറഞ്ഞു. അന്നും ജനങ്ങളോടൊപ്പം നബി(സ)നമസ്‌കരിച്ചു. നാലാം ദിവസമായപ്പോള്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്‌തു. അന്നാകട്ടെ, നബി(സ)നമസ്‌കരിക്കാന്‍ വന്നുമില്ല. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ നബി(സ)യോട്‌ ഉമര്‍(റ)പറഞ്ഞു. "ഇന്നലെ രാത്രി ജനങ്ങള്‍ അവിടുത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." നബി(സ)പറഞ്ഞു. "ജനങ്ങളുടെ കാര്യം എനിക്ക്‌ അവ്യക്തമല്ല. പക്ഷേ, അവര്‍ക്കത്‌ ഫര്‍ളാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നതാണ്‌." (മുസ്‌ലിം).


നബി(സ) നമസ്‌കരിച്ച ഈ നമസ്‌കാരം റമളാനിലായിരന്നു. റമളാനിലെ പ്രത്യേക നമസ്‌കാരം തറാവീഹാണെന്ന്‌ നാം മുമ്പുദ്ധരിച്ചുവല്ലോ. മാത്രമല്ല, തറാവീഹെന്ന നാമം സ്വഹാബത്തിന്റെ കാലത്തു തന്ന സുപരിചിതമായിരുന്നു. അബുല്ലൈസ്‌ സമര്‍ഖന്‍ദി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ്‌ പറഞ്ഞു: ഉമര്‍(റ) നടപ്പാക്കിയ ഈ തറാവീഹിന്റെ അടിസ്ഥാനം അദ്ദേഹം എന്നില്‍നിന്ന്‌ കേട്ട ഒരു ഹദീസാണ്‌. (തന്‍ബീഹ്‌:124)


അലി(റ) ഉപയോഗിച്ചിരിക്കുന്നത്‌ "തറാവീഹ്‌" എന്ന പദമാണ്‌. ഈ പദം സ്വഹാബത്തിന്റെ കാലത്തു തന്നെയുള്ളതാണെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌."തറാവീഹ്‌" എന്ന വാക്കിനു വിശ്രമങ്ങള്‍ എന്നാര്‍ത്ഥം. പേര്‌ ഈ നമസ്‌കാരത്തിനു വരാനുണ്ടായ കാരണം സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌. തറാവീഹ്‌ എന്ന പദം "തര്‍വീഹതി"ന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുന്നതിനാണ്‌ "തര്‍വീഹത്‌" എന്നു പറയുക. റമളാനിലെ രാത്രിയിലെ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പറയപ്പെടാന്‍ കാരണം ഈ നമസ്‌കാരത്തിന്‌ ഒരുമിച്ച്‌ കൂടുന്നവര്‍ എല്ലാ ഈ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിച്ചിരുന്നതുകൊണ്ടാണ്‌. (ഫത്‌ഹുല്‍ മബാദി:2-165) നമസ്‌കാരം സുദീര്‍ഘമായതിനാലാണ്‌ എല്ലാ ഈ രണ്ട്‌ നാലു റക്‌അത്തുകള്‍ക്കിടയിലും അവര്‍ വിശ്രമിച്ചിരുന്നത്‌.തുഹ്‌ഫ:2-241.തറാവീഹിന്ന്‌ ആ നാമം കിട്ടാനുള്ള കാരണവും ആ പേര്‌ സ്വഹാബത്തിന്റെ കാലം മുതല്‍ ഉള്ളതാണെന്ന വസ്‌തുതയും മുകളില്‍ വിവരിച്ചതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. 


ഇനി തറാവീഹിന്റെ എണ്ണത്തെക്കുറിച്ച്‌ നോക്കാം.നബി(സ)യുടെ കാലത്ത്‌ നബി(സ)യുടെ നേതൃത്വത്തില്‍ സംഘടിതമായി തറാവീഹ്‌ അല്ലെങ്കില്‍ "ഖിയാമു റമളാന്‍" രണ്ടോ മൂന്നോ ദിനം മാത്രമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. ജനാധിക്യം മൂലം നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന നബി(സ) പിന്നീട്‌ ഇത്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വന്നിരുന്നില്ല. എങ്കിലും സ്വഹാബാക്കള്‍ ഒറ്റക്കോ കൂട്ടായോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടൊരിക്കല്‍ നബി(സ)വന്നു നോക്കുമ്പോള്‍ ഉബയ്യുബ്‌നു കഅ്‌ബ്‌(റ) ഇമാമായി നിസ്‌കരിക്കുന്നുണ്ട്‌. നബി(സ) അതിനെ അംഗീകരിക്കുകയാണുണ്ടായത്‌. 

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ)വന്നു നോക്കുമ്പോള്‍ പള്ളിയുടെ ചെരുവില്‍ ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുന്നു. നബി(സ)ചോദിച്ചു. ഇവര്‍ ആരാണ്‌? നബി(സ)യോട്‌ പറയപ്പെട്ടു. ഖുര്‍ആന്‍ മന:പാഠമില്ലാത്തവരാണ്‌. ഉബയ്യുബ്‌നുകഅ്‌ബ്‌ അവര്‍ക്കുവേണ്ടി നമസ്‌കരിക്കുന്നു. നബി(സ)പറഞ്ഞു. ഇവര്‍ ചെയ്യുന്നത്‌ ശരിയാണ്‌. വളരെ നന്നായിരിക്കുന്നു ഇത്‌. അബൂദാവൂദ്‌:1-195.

എന്നാല്‍, നബി(സ)തറാവീഹ്‌ നമസ്‌കരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്ന സ്വഹീഹായ ഹദീസുകളിലൊന്നും റക്‌അത്തുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. റക്‌അത്തുകളുടെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹുമല്ല. നബി(സ)യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ കാലത്തും സ്ഥിതിഗതി ഇങ്ങനെത്തന്നെയായിരുന്നു. നബി(സ)യുടെ കാലത്തു ജനങ്ങള്‍ തറാവീഹ്‌ നമസ്‌കരിച്ചിരുന്നതുപോലെയായിരുന്നു അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും. പിന്നീട്‌ ഉമര്‍(റ) തന്നെയാണ്‌ ഇന്ന്‌ എല്ലാ പള്ളികളിലും ഉള്ളരൂപത്തില്‍ ജമാഅത്തായി ഇതു സംഘടിപ്പിച്ചത്‌ (ശര്‍ഹുമുസ്‌ലിം:1-259) അതിന്റെ കാരണം സ്വഹാബത്തില്‍ ചിലര്‍ ഉമറ(റ)നെ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌. 


അലി(റ)പറയുന്നു: എന്നില്‍ നിന്നുകേട്ട ഒരു ഹദീസിന്റെയടിസ്ഥാനത്തിലാണ്‌ ഉമര്‍(റ) തറാവീഹ്‌ ഇപ്രകാരം സംഘടിപ്പിച്ചത്‌. അനുയായികള്‍ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, ആ ഹദീസ്‌ ഏതാണ്‌? അലി(റ) പറഞ്ഞു: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അര്‍ശിന്റെ ചുറ്റും പ്രകാശത്തിനാലുള്ള "ഹളീറത്തുല്‍ ഖുദ്‌സ്‌" എന്നൊരു സ്ഥലമുണ്ട്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും എണ്ണമറിയാത്ത അനേകം മലക്കുകളവിടെയുണ്ട്‌. ഒരു നിമിഷം പാഴാക്കാതെ അല്ലാഹുവിനെ ആരാധിക്കുന്നവരാണവര്‍! റമളാനിലെ രാത്രികളില്‍ ഭൂമിയിലേക്കിറങ്ങാന്‍ നാഥനോടവര്‍ സമ്മതം ചോദിക്കും. ശേഷം അവര്‍ ഇറങ്ങിവന്നു മനുഷ്യരോടൊപ്പം നമസ്‌കരിക്കും. അവരെ സ്‌പര്‍ശിച്ചവരും അവര്‍ സ്‌പര്‍ശിച്ചവരും ഒരിക്കലും പരാജയപ്പെടാത്ത വിജയം വരിച്ചവരാണ്‌. ഇതുകേട്ട ഉമര്‍(റ) "നാമാണിതിന്‌ ഏറ്റവും ബന്ധപ്പെട്ടവര്‍" എന്നു പറഞ്ഞു തറാവീഹിന്‌ വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി. തന്‍ബീഹ്‌:124.

ഉമറി(റ)നാല്‍ ഇപ്രകാരം സംഘടിപ്പിക്കപ്പെട്ട തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്നതില്‍ അഭിപ്രായന്തരമില്ല. ഉബയ്യുബ്‌നു കഅ്‌ബ്‌(റ) മദീനയില്‍ വച്ച്‌ ജനങ്ങള്‍ക്ക്‌ ഇമാമായി ഇരുപതും വിത്‌റും നമസ്‌കരിക്കുമായിരുന്നു. മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ:2-392. ഉബയ്യിബ്‌നു പുറമേ സ്‌ത്രീകള്‍ക്ക്‌ ഇമാമായി സുലൈമാനുബ്‌നു അബീഹസ്‌മയേയും നിശ്ചയിച്ചിരുന്നു. ഖല്‍യൂബി:1-217. ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബികളാരും എതിര്‍ത്തിട്ടില്ല. 

അബ്‌ദുറഹ്‌മാന്‍ അല്‍ജസരി പറയുന്നു. തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്ന്‌ ഉമര്‍(റ)ന്റെ ഈ പ്രവൃത്തിമൂലം വ്യക്തമാകുന്നുണ്ട്‌. കാരണം, ഉമര്‍(റ) ഈ എണ്ണത്തിന്റെ മേലാണ്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്‌. മാത്രമല്ല, ഇതില്‍ സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തു. ഖുലഫാഉരാശിദുകളില്‍ ഉമറിന്‌ ശേഷമുള്ളവര്‍ പോലും ഇതിനോടു വിയോജിച്ചിട്ടില്ല. നബി(സ)പറഞ്ഞിട്ടുണ്ടല്ലോ എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കണമെന്നും. (അല്‍മദാഹിബുല്‍ അര്‍ബഅ:1-341.)


ഇമാം അബൂയൂസുഫ്‌(റ) ഉമറി(റ)ന്റെ ഇപ്രവര്‍ത്തനത്തെപ്പറ്റി ഇമാം അബൂഹനീഫ(റ)യോടു ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പറഞ്ഞതിങ്ങനെയാണ്‌. "തറാവീഹ്‌ ശക്തമായ സുന്നത്താണ്‌. ഉമര്‍(റ)സ്വയമുണ്ടാക്കിയതല്ല അത്‌. ഒരു പുതിയ പ്രവൃത്തിയുമല്ല. നബി(സ)യില്‍ നിന്ന്‌ അറിയപ്പെട്ട തെളിവും അടിസ്ഥാനവുമില്ലാതെ മഹാനത്‌ കലിപിച്ചിട്ടില്ല." (അല്‍ബഹറുര്‍റാഇഖ്‌).

ചുരുക്കത്തില്‍ ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബത്തില്‍ നിന്നാരും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടില്ല. അദ്ദേഹമീ ചെയ്‌തത്‌-ഇരുപത്‌ നമസ്‌കരിച്ചതോ ജമാഅത്ത്‌ പുന: സംഘടിപ്പിച്ചതോ സ്വേഷ്‌ടപ്രകാരമായിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമായിരുന്നുവ ല്ലോ. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല, എല്ലാവരും അനുകൂലിക്കുകയും ചെയ്‌തു.ഉമര്‍(റ) ഇപ്രകാരം ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. ഉസ്‌മാന്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ),അബ്ബാസ്‌(റ), ഇബ്‌നുഅബ്ബാസ്‌(റ),ത്വല്‍ഹ(റ), സുബൈര്‍(റ), മുആദ്‌(റ), ഉബയ്യ്‌(റ) തുടങ്ങി അന്‍സ്വാറുക ളും മുഹാജിറുകളുമായ സ്വഹാബികള്‍ മുഴുവനും അംഗീകരിക്കുകയും ഒരാള്‍ പോലും എതിര്‍ക്കാതെ സ്വീകരിക്കുക യും യോജിക്കുകയും ചെയ്‌തു. ഇത്‌ഹാഫ്‌:3-417.നോക്കുക,


തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍, നിങ്ങള്‍ വഴിതെറ്റിയാല്‍ നിങ്ങളെ ഞാന്‍ നേരേയാക്കും. ഞാന്‍ വഴിതെറ്റിയാല്‍ നിങ്ങളെന്ന എന്തു ചെ യ്യുമെന്ന്‌ ഉമര്‍(റ) ചോദിച്ചതും "ഈ വാള്‍കൊണ്ട്‌ നേരേയാക്കുമെ"ന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞതും, ഒരിക്കല്‍ മഹ്‌റിന്‌ പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞ ഉമറി(റ)നെ ഒരു വനിത ചോദ്യം ചെയ്‌തതും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞതും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഇതേ ഉമര്‍(റ) നബി(സ)തങ്ങളില്‍ നിന്ന്‌ തനിക്കു ലഭിക്കാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ഒരാളെങ്കിലും അത്‌ എതിര്‍ക്കുമായിരുന്നുവെന്നത്‌ അവിതര്‍ക്കിതമല്ലോ. അല്ലെങ്കിലും റക്‌അത്തിന്റെ എണ്ണം പോലുള്ള കാര്യങ്ങള്‍ ബുദ്ധികൊണ്ട്‌ ആലോചിച്ചാലോ, ഇജ്‌തിഹാദ്‌ ചെയ്‌താലോ ലഭിക്കുന്നതല്ലല്ലോ. 

ഇത്തരത്തില്‍ ഉമര്‍(റ) ഒരു കാര്യം പ്രവൃത്തിക്കുകയും സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തതോടുകൂടി ഇതില്‍ ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. തുഹ്‌ഫ:2-240. ശാഫിഈ, ഹനഫീ, ഹമ്പലീ എന്നീ മൂന്നു മദ്‌ഹബുകളും തറാവീഹ്‌ ഇരുപത്‌ റക്‌അത്തു തന്നെയാണെന്നു പറയുന്നു. ഇമാം റാഫിഈ(റ) പറയുന്നു. തറാവീഹ്‌ നമസ്‌കാരം സലാമോടു കൂടി ഇരുപത്‌ റക്‌അത്താകുന്നു. ഇതുതന്നെയാണ്‌ ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്‌മദും(റ) പറയുന്നതും. കാരണം, നബി(സ)ഇരുപത്‌ റക്‌അത്ത്‌ ജനങ്ങളോടൊപ്പം നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ശര്‍ഹുല്‍ കബീര്‍:4-264.

മാലിക്‌ ഇമാമിന്റെയടുക്കല്‍ മുപ്പ ത്തിആറ്‌ റക്‌അത്താണ്‌ ഒന്ന ഒരു അഭിപ്രായമുണ്ട്‌. കാരണം, മദീനാ നിവാസികള്‍ മുപ്പത്തി ആറ്‌ നമസ്‌കരിക്കാറുണ്ടെ ന്നും മദീനാ നിവാസികളുടെ പ്രവൃത്തി തെളിവാണെന്നുമാണ്‌ ഇമാം മാലികിന്റെ പക്ഷം. എന്നാല്‍, ഈ മുപ്പത്തി ആറു തറാവീഹല്ല, എല്ലാ ഈ രണ്ടു തര്‍വീഹീന്റെയും ഇടയില്‍ മക്കക്കാര്‍ ത്വവാഫ്‌ ചെയ്യുകയും രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നമസ്‌കരിക്കുകയും ചെയ്യും. അവരോടു സദൃശമാകാന്‍ മദീനാ നിവാസികള്‍ ഓരോ ത്വവാഫിന്റെ സ്ഥാനത്തും നാല്‌ റക്‌അത്തു കൂടുതലാക്കിയതുകൊണ്ടാണ്‌ മുപ്പത്തി ആറ്‌ ആയത്‌ എന്നാണ്‌ ഇതു സംബന്ധിച്ചു പണ്ഡിത വീക്ഷണം. തുഹ്‌ഫ:2-241.


ഏതായാലും അങ്ങനെയാണ്‌ മാലികീ മദ്‌ഹബിലെ ഒരു വീക്ഷണമായി തറാവീഹ്‌ മുപ്പത്തി ആറ്‌ റക്‌അത്ത്‌ എന്നു വന്നത്‌. ഇതു വച്ചു നോക്കുമ്പോള്‍ തറാവീഹ്‌ ഇരുപതില്‍ കുറവല്ലെന്നതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ ഏകോപനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു.ഈ ഇരുപതെന്ന സൂര്യപ്രകാശം പോലെ തെളിഞ്ഞതിനെതിരില്‍ ചില ഹദീസുകള്‍ ഉന്നയിക്കപ്പെടാറുണ്ട്‌. 

ഒന്ന്‌, ഇബ്‌നു ഖുസൈമ, ജാബിറി(റ)നെ തൊട്ട്‌ ഉദ്ധരിക്കുന്നതാണ്‌. അദ്ദേഹം പറഞ്ഞു. നബി(സ) റമളാനില്‍ എട്ടും വിത്‌റും നമസ്‌കരിച്ചു. പിറ്റേന്ന്‌ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചൂകൂടിയെങ്കി ലും നബി(സ)വന്നില്ല....ഇബ്‌നുഖുസൈമ:2-138.

ഈ ഹദീസിനെക്കുറിച്ച്‌ പണ്ഡിതര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌, ഈ ഹദീസ്‌ വിത്‌റിനെക്കുറിച്ചാകാനാണ്‌ സാധ്യത. കാരണം, ഈ ഹദീസിന്റെ അവസാന ഭാഗത്ത്‌ താന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ വരാതിരുന്നതിന്റെ കാരണമായി നബി(സ)പറയുന്നതായി ജാബിര്‍(റ) ഉദ്ധരിക്കുന്നത്‌. "വിത്‌റ്‌ നിങ്ങളുടെ മേല്‍ നിര്‍ബ്ബന്ധമാക്കപ്പെടുന്നത്‌ ഞാന്‍ ഭയപ്പെടുന്നു. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല എന്നാണ്‌. മാത്രമല്ല, "വിത്‌റു നിര്‍ബന്ധമില്ല" എന്ന അദ്ധ്യായത്തിലാണ്‌ ഈ ഹദീസ്‌ ഉദ്ധരിച്ചത്‌. അപ്പോളിത്‌ വിത്‌റ്‌ ആകാന്‍ സാധ്യതയുണ്ട്‌. 


മറ്റൊന്ന്‌, ഇത്‌ തറാവീഹിനെ കുറിച്ചാണ്‌ എന്നു വച്ചാല്‍ ജാബിര്‍(റ) മൂന്നാം ദിനത്തിലെ അവസാനത്തെ എട്ടു റക്‌അത്തുകളിലും വിത്‌റിലുമായിരിക്കും സംബന്ധിച്ചിട്ടുണ്ടാവുക. പിറ്റേന്ന്‌ നബി(സ) വന്നതുമില്ല. അപ്പോള്‍ താന്‍ പങ്കെടുത്തത്‌ ഉദ്ധരിച്ചതായിരിക്കാം. അദ്ദേഹം ഇങ്ങനെയൊന്നുമില്ലെങ്കില്‍ ഈ ഹദീസ്‌ തറാവീഹിനെക്കുറിച്ച്‌ ഉദ്ധരിക്കപ്പെടുന്ന മുഴുവന്‍ ഹദീസുകളോടും എതിരായി വന്നതിനാല്‍ ശാദ്ദാണ്‌-ഒറ്റപ്പെട്ടതാണ്‌. കാരണം, മറ്റു നിവേദനങ്ങളിലെല്ലാം നബി(സ)മൂന്ന്‌ ദിവസം നമസ്‌കരിച്ചുവെന്നുള്ളപ്പോള്‍ ജാബിറി(റ)ന്റെ നിവേദനത്തില്‍ ഒരു ദിനം മാത്രമാണുള്ളത്‌. അതിനാല്‍ ഇത്‌ തെളിവിനു പറ്റുന്നതായി പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.


രണ്ടാമത്തെ ഹദീസ്‌, റമളാനിലും അല്ലാത്തപ്പോഴും നബി(സ)പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന്‌ ആഇശബീവിയെ തൊട്ടുദ്ധരിക്കുന്നതാണ്‌. ഈ ഹദീസില്‍ റമളാനിലും അല്ലാത്തപ്പോഴും എന്ന പദത്തില്‍ നിന്ന്‌ തന്നെ റമളാനിലെ പ്രത്യേക നമസ്‌കാരത്തെക്കുറിച്ചല്ല ഇത്‌ എന്നു വ്യക്തമാകും. വിത്‌റിനെക്കുറിച്ചാണ്‌. ഏതായാലും ഈ ഹദീസുകളൊ ന്നും മുതവാതിറല്ലാത്തതിനാല്‍ സ്വഹാബത്തിന്റെ ഇജ്‌മാഇനോടു കിടപിടിക്കുന്ന പ്രബല തെളിവാകുന്നില്ല. അതിനാല്‍ തന്നെ തറാവീഹുണ്ടെന്നും അതിരുപതാണെന്നും പൗരാണികകാലം മുതല്‍ മുസ്‌ലിം സമൂഹം അംഗീകരിച്ചു വന്നിട്ടുണ്ട്‌. 


തറാവീഹ്‌ എട്ടെന്ന വാദത്തിന്‌ കേരള വഹ്‌ഹാബികളേക്കാള്‍ പഴക്കമുള്ള ഒരു സംഘത്തെ ചരിത്രത്തില്‍ ദൃശ്യമല്ല തന്നെ. തങ്ങളുടെ നേതാക്കളും ആശയ സ്രോതസ്സുകളുമായ ഇബ്‌നുതീമിയ്യ: ഇബ്‌നു അബ്‌ദിന്‍ വഹാബു തുടങ്ങിയവരൊന്നും ഈ വാദമുന്നയിച്ചിട്ടില്ലെന്നല്ല. ഇരുപതെന്ന സമൂഹ തീരുമാനത്തിലുറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരുന്നു.

ബദ്‌റിന്റെ ചരിത്രം: മൗലാനാ നജീബ്‌ മൗലവി


ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ റമളാന്‍ എന്ന അനുഗ്രഹീതമാസത്തെ നോമ്പു നിര്‍ബന്ധമാക്കിക്കൊണ്ട്‌ അല്ലാഹു നമുക്കു സമ്മാനിച്ചത്‌. ആ പ്രഥമ റമളാന്‍ പതിനേഴിനായിരുന്നു ഇസ്‌ലാമിക പോരാട്ടങ്ങളുടെ അടിത്തറയും മര്‍ദ്ദകരോടുള്ള പ്രതികാരത്തിന്റെ രൂപകല്‍പനയും ഇസ്‌ലാമിക ചലനങ്ങളുടെ മാതൃത്വം പേറുന്നതുമായ ബദ്‌ര്‍ യുദ്ധവുമുണ്ടായത്‌. മദീനക്കടുത്ത ബദ്‌ര്‍ മൈതാനത്താണു സത്യവും മിഥ്യയും മാറ്റുരച്ചത്‌.


അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധ സജ്ജരായ വന്‍ സൈന്യവും ലോകാനുഗ്രഹി പ്രവാചകര്‍(സ)യുടെ നായകത്വത്തില്‍ നിരായുധരായ ചെറുസംഘവും; സത്യദീനിന്റെ അടിവേരറുക്കാന്‍ അഹങ്കാരികളായ ആയിരം പേരും അതേ ദീനിന്റെ നിലനില്‍പ്പിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ മുന്നൂറ്റിപ്പതിമുന്നു പേരും; ഒരു ഭാഗത്ത്‌ സാത്താന്റെ സൈന്യവും മറുഭാഗത്ത്‌ ദൈവത്തിന്റെ ദാസന്‍മാരും; ഒരു വിഭാഗം നരകക്കുണ്ടില്‍ ചിതയൊരുക്കാനും മറുവിഭാഗം സ്വര്‍ഗ്ഗത്തില്‍ ആരാമം പണിയാനും; ദൈവ ദൂതര്‍ക്കു സംരക്ഷണം നല്‍കിയവരും ദൈവദൂതരെ ആട്ടിയോടിച്ചവരും; അഹങ്കാരത്തോടെ ഭൂമിയില്‍ കൂത്താടാന്‍ കൊതിച്ചവരും അല്ലാഹുവിലേക്കു ശഹാദത്തു മോഹിച്ചവരും തമ്മില്‍ നേര്‍ക്കുനേരെ നടക്കുന്ന പ്രഥമ പോരാട്ടമായിരുന്നു ബദ്‌ര്‍.


മക്കാ പ്രമാണിമാര്‍ വിജയം ഉറപ്പിച്ചാണു വന്നത്‌. കണക്കുകൂട്ടലുകള്‍ അതിനാണു സാധ്യത നല്‌കിയിരുന്നതും. അവര്‍ ആയിരം പേര്‍. സായുധരായ യുദ്ധശാലികള്‍. മറുപക്ഷം മുന്നൂറ്റിപ്പതിമൂന്ന്‌ നിരായുധര്‍. പക്ഷേ, ബദ്‌റില്‍ ഗണിത ശാസ്‌ത്രത്തിന്‌ അടിതെറ്റി. സൂത്രവാക്യങ്ങള്‍ പിഴച്ചു. അവിടെ മുന്നൂറ്റിപ്പതിമൂന്നിന്‌ ആയിരത്തേക്കാള്‍ ആയിരമിരട്ടി വലുപ്പം കാണുന്നു. സായുധരേക്കാള്‍ പോരാട്ട വീര്യം നിരായുധര്‍ക്ക്‌! ദൃഢമായ സത്യവിശ്വാസവും പ്രവാചക സ്‌നേഹവുമായി അവരുടെ ഏക ആയുധം.


വര്‍ത്തമാന ലോകത്തു ബദ്‌റിന്റെ ഈ സന്ദേശം വിലപ്പെട്ടതാണ്‌. ക്ലസ്റ്റര്‍ ബോംബുകള്‍ക്കും ക്രൂസ്‌ മിസൈലുകള്‍ക്കും നേരെ ഗാസയിലും കാന്തഹാറിലും നജ്‌ഫിലും ലബനാനിലും മുസ്‌ലിം സിവിലയന്‍മാര്‍ കല്‍ചീളുകളും കവണകളും ആയുധമാക്കി യാങ്കിപ്പരിശകളെ ചെറുത്തുനില്‍ക്കുന്നത്‌ മീഡിയകളില്‍ നാം കാണുന്നു. പീരങ്കികളുമായി കവചിതവാഹനങ്ങളില്‍ ഒരു പ്രദേശത്തെത്തന്നെ തകര്‍ക്കാന്‍ വരുന്ന സയണിസ്റ്റ്‌ പട, ഫലസ്‌തീന്‍ ബാലന്‍മാരുടെ കല്‍ചീളുകളില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തിരിഞ്ഞോടുന്ന അപഹാസ്യരംഗം ലോകം ദര്‍ശിക്കുന്നു. അവിശ്വാസികള്‍ക്ക്‌ ആയുധ സൈനിക ബലമുള്ളപ്പോളും അവര്‍ വെറും ഭീരുക്കള്‍ മാത്രമാണെന്ന ബദ്‌റിലെ സത്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.


ഒരു യുദ്ധത്തിനു പോയതല്ല പ്രവാചകനും സ്വഹാബത്തും. സിറിയയില്‍ നിന്നു മക്കയിലേക്കു തിരിച്ചുപോകുന്ന ഖുറൈശി കച്ചവട സംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, മുസ്‌ലിം നീക്കങ്ങള്‍ മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഉശൈറയില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെടുകയും ഒരു സംരക്ഷണ സൈന്യത്തിനായി മക്കയിലേക്ക്‌ ദൂതനെ അയക്കുകയും ചെയ്‌ തു. ഈ ദൂതന്‍ തന്റെ ഒട്ടകത്തിന്റെ ചെവികളും മൂക്കും ഛേദിച്ച്‌, വസ്‌ത്രങ്ങള്‍ കീറിപ്പറിച്ച്‌, ജീനി താഴ്‌ത്തിക്കെട്ടി ഒട്ടകപ്പുറത്തു കയറി അട്ടഹസിച്ചു.


" ഖുറൈശി സമൂഹമേ, നിങ്ങളുടെ സമ്പത്ത്‌ അബൂസുഫ്‌യാന്റെ കൈവശമാണ്‌. മുഹമ്മദും അനുയായികളും അതു തടഞ്ഞുവച്ചിരിക്കുന്നു. സംരക്ഷണത്തിനായി പുറപ്പെടുക."


ളംളം അല്‍ഗിഫാരിയുടെ ഈ അട്ടഹാസം കേട്ടു മക്കക്കാര്‍ സമ്മേളിച്ചു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം ഭടന്‍മാരും നൂറ്‌ കുതിരകളും എഴുനൂറ്‌ ഒട്ടകങ്ങളും അടങ്ങുന്ന വന്‍ സൈന്യവുമായി മദീന ലക്ഷ്യമാക്കി നീങ്ങി. അബൂലഹബ്‌ ഒഴികെ ഖുറൈശി പ്രമാണിമാര്‍ മുഴുവന്‍ സൈന്യത്തിലുണ്ട്‌. ആവേശം പകരാന്‍ നര്‍ത്തകിമാരും സംഗീതവാദ്യങ്ങളും അകമ്പടിയും!

കച്ചവടസംഘം രക്ഷപ്പെട്ടുവെന്നും അബൂജഹ്‌ലിന്റെ വന്‍ സൈന്യത്തെയാണ്‌ ഇനി നേരിടേണ്ടി വരികയെന്നും മുസ്‌ലിംകള്‍ക്കു വിവരം ലഭിച്ചു. തയ്യാറെടുപ്പില്ലാത്ത നിരായുധരും ബലഹീനരുമായ ന്യൂനപക്ഷം സര്‍വ്വായുധ സജ്ജരായ ഖുറൈശി റൗഡിസത്തോട്‌ ഏറ്റുമുട്ടുന്നതാണോ, തിരിച്ച്‌ മദീനയിലേക്കു തന്നെ മടങ്ങുന്നതാണോ അഭികാമ്യം? മുസ്‌ലിംകളുടെ പ്രശ്‌നം ഇതായിരുന്നു. എന്നാല്‍, വിശ്വാസികള്‍ തെല്ലുനേരത്തെ ചര്‍ച്ചയോടെത്തന്നെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്‌, ദൈവദൂതരുടെ പിന്നില്‍ അടിയുറച്ചു കഴിഞ്ഞിരുന്നു.

നമ്മുടെ ദേവന്മാരുടെ സഹായത്താല്‍ സമ്പത്തും ജീവനും രക്ഷപ്പെട്ടിരിക്കുന്നുവെന്നും ഇനി നിങ്ങള്‍ക്കു തിരികെ പോരാമെന്നും അബൂസുഫ്‌യാന്റെ സന്ദേശം ഖുറൈശി പാളയത്തിലെത്തി. തിരികെ പോകാനാണു ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതും. പക്ഷേ, അബൂജഹ്‌ല്‍ ധാര്‍ഷ്‌ട്യത്തോടെ പ്രഖ്യാപിച്ചു.


"അല്ലാഹുവാണ, ബദ്‌റില്‍ ചെന്നു തിന്നു കുടിച്ചു മദിച്ചു സുഖിച്ചു മൂന്നുനാള്‍ അവിടെ ചെലവഴിക്കാതെ നാം മടങ്ങുന്ന പ്രശ്‌നമേയില്ല. നമ്മുടെ സൈനിക ശക്തി അറബികള്‍ മുഴുവന്‍ കാണട്ടെ. അവര്‍ നമ്മെ കണ്ടു ഭയക്കട്ടെ!"


ഈ വാശിക്കു മുന്നില്‍ അര്‍ദ്ധമനസ്സോടെ ഖുറൈശികള്‍ ബദ്‌ര്‍ ലക്ഷ്യമാക്കി നീങ്ങി.

ഇരുവിഭാഗവും മുഖാമുഖം നില്‍ക്കുകയാണ്‌. ഖുറൈശികള്‍ സര്‍വ്വായുധ സജ്ജരായി അണിനിരന്നു കഴിഞ്ഞു. തന്റെ ബലഹീനരായ സ്വഹാബത്തിനെ നബിയും സ്വഫ്‌ഫ്‌ ഒപ്പിച്ചു നിര്‍ത്തി. ശേഷം അബൂബക്‌റി(റ)നോടൊപ്പം കൂടാരത്തിനകത്തുകയറി ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി അവിടുന്നു പ്രാര്‍ത്ഥിച്ചു.


" അല്ലാഹുവേ, നിന്റെ ദൂതനെ നിരാകരിക്കാന്‍ ഖുറൈശികളിതാ അവരിലെ മുഴുവന്‍ അഹങ്കാരികളെയും കൊണ്ടുവന്നിരിക്കുന്നു! നീ വാഗ്‌ദാനം ചെയ്‌ത സഹായം ഇപ്പോള്‍ എനിക്കുവേണം. അല്ലാഹുവേ, നീ കരാര്‍ പാലിച്ചാലും! വാഗ്‌ദാനം നിറവേറ്റിയാലും! ഈ കൊച്ചു സംഘം ഇവിടെ നശിച്ചു പോയാല്‍ നിന്നെ ആരാധിക്കാന്‍ ഇനിയാരും അവശേഷിക്കുകയില്ല."



പ്രവാചകരുടെ പ്രാര്‍ത്ഥന നീണ്ടുപോയി. അബൂബക്‌ര്‍(റ) സമാധാനിപ്പിച്ചു. 

"അല്ലാഹുവിന്റെ റസൂലേ, മതി! അങ്ങയുടെ നാഥന്‍ അങ്ങയെ കൈവടിയുകയില്ല!".

പ്രാര്‍ത്ഥനക്കു ശേഷം യുദ്ധമുഖത്തെത്തിയ പ്രവാചകര്‍ സ്വഹാബത്തിനെ ഉണര്‍ത്തി. "എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ.അവന്‍ സത്യം! പ്രതിഫലേഛയോടെ, പിന്തിരിയാതെ ഉറച്ചുനിന്നു ശത്രുവിനോടു പോരാടി വീരമൃത്യുവരിക്കുന്ന ആരോ അവനെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. തീര്‍ച്ച." പ്രവാചകരുടെ പ്രഖ്യാപനം സ്വഹാബത്തിന്‌ നവോന്മോഷം പകര്‍ന്നു. എത്രയം വേഗം സ്വര്‍ഗ്ഗത്തിലെത്താന്‍ അവരുടെ ഹൃദയം കൊതിച്ചു. കാരയ്‌ക്ക ചവച്ചു തിന്നുകയായിരുന്ന സ്വഹാബിവര്യന്‍ പറഞ്ഞു:


"ഹാ!ഹാ! എനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഈ കാരക്കയാണോ തടസ്സം!!"


വായിലെ കാരക്ക വലിച്ചെറിഞ്ഞു പടക്കളത്തിലേക്ക്‌ എടുത്തുചാടി അദ്ദേഹം രക്തസാക്ഷിയായി സ്വര്‍ഗ്ഗം പൂകി.

പൊരിഞ്ഞ പോരാട്ടം. അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ടു നിറഞ്ഞു. അല്ലാഹു അവന്റെ മലക്കുകളെ ഇറക്കി പ്രവാചക സൈന്യത്തെ സഹായിച്ചു. യുദ്ധം കൊടുംബിരി കൊള്ളുന്നതിനിടെ പ്രവാചകര്‍ ഒരുപിടി മണ്ണെടുത്തു. "നിങ്ങള്‍ക്കു നാശം" എന്നുരുവിട്ടു ശത്രുക്കള്‍ക്ക്‌ നേരെയെറിഞ്ഞു. ഓരോ ശത്രുഭടന്റെയും കണ്ണുകളില്‍ അതു ചെന്നു പതിച്ചു. അവര്‍ അസ്വസ്ഥരായി. നിമിഷനേരം കൊണ്ട്‌ ഖുറൈശി നേതാക്കളുടെ തലകള്‍ ബദ്‌ര്‍ രണഭൂമിയില്‍ ഒന്നൊന്നായി കടപുഴകിവീണു. ബദ്‌റിലെ റിസല്‍ട്ടു പുറംലോകമറിഞ്ഞു. എഴുപത്‌ മുശ്‌രിക്കുകളെ കശാപ്പ്‌ ചെയ്‌ത ബദ്‌റില്‍ അത്രതന്നെ പേരെ അറസ്റ്റും ചെയ്‌തിരിക്കുന്നു. ശേഷിച്ചവര്‍ എല്ലാം ഉപേക്ഷിച്ചു പ്രാണനും കൊ ണ്ടോടി. മുസ്‌ലിം പക്ഷത്ത്‌ 14 പേര്‍ അന്നു സ്വര്‍ഗ്ഗ ലോകത്തേക്കു യാത്രയായി. ദൈവദൂതര്‍ അവര്‍ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്നു. അല്ലാഹുവിനെ സ്‌തുതിച്ചു. സ്വഹാബത്ത്‌ സന്തോഷത്തിന്‍രെ ദീര്‍ഘശ്വാസം വലിച്ചു. നാഥനു സ്‌ത്രോത്രങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു.


ബദ്‌ര്‍ ഒരു മൈതാനത്തിന്റെ നാമമാണെങ്കിലും അത്‌ സത്യത്തിന്റെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ക്യൂബയിലെ ഗ്വാണ്ടനാമോയിലും ഇറക്കിലെ അബൂഗുറൈബിലും അധിനിവേശ സേനയുടെ പീഢനങ്ങള്‍ക്ക്‌ വിധേയരാകുന്ന പോരാളികള്‍ക്ക്‌ ബദ്‌ര്‍ ആവേശവും ആശ്വാസവും നല്‌കുന്നു. ഈ ദിനം അല്ലാഹുവിനോടുള്ള നന്ദിയുടെ ദിനമാണ്‌. ലോകമെമ്പാടും വിശ്വാസികള്‍ ബദ്‌ര്‍ ദിനം ആഘോഷിക്കുന്നതിതുകൊണ്ടാണ്‌. ബദ്‌രീങ്ങളെ അവരെന്നും പുകഴ്‌ത്തും. ബദ്‌ര്‍ മാലയും ബദ്‌ര്‍ മൗലിദും അവര്‍ ചൊല്ലുന്നു. ചീരണി വിളമ്പി ആ അഹ്ലാദദിനം ആണ്ടുതോറും അനുസ്‌മരിക്കുന്നു. 

ഇവിടെയും സമുദായസംഘത്തില്‍ നിന്ന്‌ ഒറ്റപ്പെടാന്‍ ശ്രമിക്കുകയാണ്‌ വിഡ്‌ഢികളായ വഹാബി പിള്ളേര്‍. ഈയിടെ "കോമു" വിഭാഗം യുവനോതാവ്‌ പുലമ്പിയത്‌ "ബദ്‌ര്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ സംഭവമാണ്‌" എന്ന്‌. ബദ്‌രീങ്ങളെ സ്‌മരിക്കുന്നതില്‍ ശിര്‍ക്കു കാണുന്ന വെളിച്ചത്തിന്റെ ശത്രുക്കള്‍ ഇങ്ങനെ ജല്‍പ്പിക്കുന്നതില്‍ വിശ്വാസികള്‍ക്ക്‌ അത്ഭുതമേയില്ല.

നാഥാ! നിന്റെ അനുഗ്രഹീതരായ ബദ്‌രീങ്ങളോടൊന്നിച്ചു സുഖലോക സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കേണമേ...


ആമീന്‍.

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. 

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.


ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.




സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.


ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.


സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.


അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം. 


ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).


ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.


ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.


ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.


എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും. 


ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.


പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം. 


ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.


ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!. 


മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.


"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).


മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. 


അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.


'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.


ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം! 


ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.


(മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച 'സക്കാത്തു പദ്ധതി' എന്ന പുസ്തകത്തിൽ നിന്നും).

Monday, May 02, 2016

മതപണ്ഡിതന്മാർ ചൂഷകരോ? - (മൗലാനാ നജീബ് മൗലവി)

വിജ്ഞന്മാരുടെ സാന്നിദ്ധ്യവും നേതൃത്വവും അംഗീകരിക്കലും അവരുടെ വിലപ്പെട്ട സേവനങ്ങൾ ഉപയോഗപ്പെടുത്തലും ബുദ്ധിയുള്ള സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. ജീവിതമേഖലകളിലെല്ലാം വിജ്ഞന്മാർക്കുള്ള ഈയംഗീകാരം നമുക്കു ദർശിക്കാനാകും. രോഗം വന്നാൽ ശരീരഘടനയും രോഗത്തിന്റെ നിമിത്തങ്ങളും അതിന്റെ പരിഹാരവും പ്രതിരോധവും അറിയുന്ന ഡോക്‌ടർമാരുടെ സാന്നിദ്ധ്യം അംഗീകരിക്കലും നിർദ്ദേശവും ഉപദേശവും സ്വീകരിക്കലും സാധാരണമല്ലോ. അവകാശങ്ങൾ നേടിയെടുക്കുന്നതിനു കോടതിയെ സമീപിക്കേണ്ടിവന്നാൽ സിവിൽ-ക്രിമിനൽ നിയമങ്ങളും വകുപ്പുകളും കോടതിമര്യാദകളും ചിട്ടകളും അറിയുന്ന വക്കീലുമാരുടെ നിർദ്ദേശം കേൾക്കലും അതനുസരിച്ച്‌ നീങ്ങലും തെറ്റാണോ? 

ഇങ്ങനെ ജീവിതമേഖലകളേതു പരിശോധിച്ചാലും-അത്‌ രാഷ്‌ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ശാരീരികമോ ഏതുമാകട്ടെ- അതതു മേഖലകളിലെ വിജ്ഞന്മാരുടെയും പണ്ഡിതന്മാരുടെയും നിർദ്ദേശങ്ങൾ അംഗീകരിക്കലും അനുസരിക്കലും തന്നെയാണു നിയമപരമായ രീതി. ജാതി-മത-ഭേദമന്യേ സമൂഹത്തിന്റെ പൊതുസ്വഭാവമാണിത്‌.




ഇതുപോലെ മതപരമായ വിഷയങ്ങളിലും അതിന്റെ വിധിയും സാധുതാസാധുതനിയമങ്ങളും വിഷയത്തിൽ വരാവുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമെല്ലാം അറിയുന്ന മതപണ്ഡിതന്മാരുടെ നിർദ്ദേശവും നേതൃത്വവും സ്വീകരിക്കലും ഉപദേശം തേടലും അനുസരിക്കലും സ്വാഭാവികവും നിയമപരവുമല്ലേ. ആണ്‌; തീർച്ചയായും. ഭൗതികമേഖലകളിൽ ഭൗതികവിജ്ഞന്മാരുടെ മേൽനോട്ടവും നിർദ്ദേശവുമനുസരിക്കുന്നത്‌ ഭൗതികജഢത്തിന്റെ രക്ഷയ്‌ക്കും സുഖവാസത്തിനുമാണെങ്കിൽ, ആത്മീയരംഗത്ത്‌ ആത്മീയജ്ഞാനികളുടെയും പണ്ഡിതന്മാരുടെയും ഉപദേശം തേടി പ്രവർത്തിക്കുന്നത്‌ ആത്മാവിന്റെ സുരക്ഷയ്‌ക്കും പരലോകത്തെ സുഖവാസത്തിനും വേണ്ടിയാണെന്ന വ്യത്യാസമേയുള്ളൂ.

മതചടങ്ങുകളും ആചാരങ്ങളുമായ നികാഹ്‌, ഇമാമത്ത്‌, മരണാനന്തര ചടങ്ങുകൾ എന്നീ കർമ്മങ്ങളിൽ വിശ്വാസികൾ ഉലമാഇനെ മുന്നിൽ നിറുത്തുന്നത്‌ അവകളിൽ പിഴവു സംഭവിക്കാതിരിക്കാനാണ്‌. അങ്ങനെ സംഭവിച്ചാൽ ബന്ധവും ചാർച്ചയും ഇബാദത്തുകളും കടമകളുമെല്ലാം അസാധുവാകാനും നഷ്‌ടപ്പെടാനുമിടയുണ്ട്‌. യഥാവിധി അവ നടക്കുന്നതിനു തന്നെയാണു പണ്ഡിതന്മാരുടെ നേതൃത്വവും കാർമ്മികത്വവും. അതിനുപുറമെ ഉലമാഇനെ സമുദായം മുന്നിൽ നിറുത്തുന്നതിനു മറ്റൊരു കാരണംകൂടിയുണ്ട്‌.

അല്ലാഹുവിന്റെ ദീൻ പഠിക്കുകയും അതു പകർന്നു നൽകുകയും ചെയ്യുന്ന-പള്ളിയിലും ദീനീ ഉലൂമിലുമായി സദാ കഴിഞ്ഞുകൂടുന്ന പണ്ഡിതന്മാർ അല്ലാഹുവിന്റെ ഭൂമിയിലെ സദ്‌വൃത്തരും സാത്വികരുമാണെന്നു സമുദായം ന്യായമായും വിശ്വസിക്കുന്നു. തോന്ന്യാസികളും പഠിക്കാൻ മിനക്കെടാത്തവരുമായ പൊതുസമൂഹത്തിൽ ഇവർ ആദരണീയർ തന്നെയാണല്ലോ. പ്രാര്‍ത്ഥനകൾക്കും മറ്റു പരിപാടികൾക്കുമെല്ലാം ഇവരെ മുന്നിൽ നിറുത്തുന്നതിന്‌ ഈ സദ് വിചാരമാണ്‌ സമുദായത്തിനു പ്രേരകം.

അഹ്‌ലുസ്സ്വലാഹിനെ (സദ്‌വൃത്തർ) മുന്നിൽ നിറുത്താനും മധ്യസ്ഥരാക്കാനും നിർദ്ദേശിക്കപ്പെട്ട സമുദായമാണല്ലോ ഇത്‌. മഴ കിട്ടാതെ വെള്ളത്തിനു ബുദ്ധിമുട്ടുന്ന വരൾച്ചവേളകളിൽ നിസ്‌കരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്വലാത്തുൽ ഇസ്‌തിസ്‌ഖാഇന്റെ മര്യാദകൾ വിവരിക്കുന്നിടത്ത്‌ ഇവരുടെ ശഫാഅത്തു പിടിക്കലും മധ്യസ്ഥരാക്കലും സുന്നത്താണെന്നും അവരുടെ ദുആ ഉത്തരം കിട്ടാന്‍ ഏറ്റവും പ്രതീക്ഷയുള്ളതാണെന്നും പ്രത്യേകിച്ച്‌ നബിതങ്ങളുടെ കുടുംബത്തെ ഇതിനുപയോഗപ്പെടുത്തണമെന്നും ഹദീസിന്റെയും ഫിഖ്‌ഹിന്റെയും ഇമാമുകൾ വിവരിച്ചിട്ടുണ്ട്‌.

നബിയുടെ പിതൃവ്യൻ അബ്ബാസി(റ)നെ കൊണ്ട്‌ ഉമർ(റ) ശിപാർശ പിടിച്ച സംഭവം ബുഖാരി റിപ്പോർട്ടു ചെയ്‌തതാണ്‌. മുഗ്‌നി: 1-323. നിഷ്‌കാമകർമ്മികളും അല്ലാഹുവിന്റെ പൊരുത്തം പ്രതീക്ഷിച്ചു ദീൻ പഠിക്കാനും പഠിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവച്ചവരുമായ ഉലമാഅ്‌ സദ്‌വൃത്തരല്ലെങ്കിൽ പിന്നെ ആരാണീ സമുദായത്തിലെ സദ്‌വൃത്തർ!?

പരലോകരക്ഷയ്‌ക്കാവശ്യമായ മതവിധികൾ സമുദായത്തിനു പകർന്നു നൽകുന്ന, ഭൗതികനേട്ടങ്ങൾക്കുപോലും മുൻ നിറുത്തി പ്രാർത്ഥിക്കാനും മധ്യസ്ഥത സ്വീകരിക്കാനും സമുദായം നിർദ്ദേശിക്കപ്പെട്ട മതപണ്ഡിതന്മാരെക്കുറിച്ച്‌ "പണിയെടുക്കാതെ പള്ള നിറക്കാനിറങ്ങിയവരെ" ന്നും ദീനീഅറിവുകൾ നുകരുന്ന മുതഅല്ലിമുകളെ "ചോറ്റുപട്ടാള"മെന്നും "ഉദരപൂരണക്കാരെ"ന്നും മറ്റും വിളിച്ചപഹസിക്കുകയും തെറിപൂരണം കൊണ്ടഭിഷേകം നടത്തുകയും ചെയ്യുന്ന നെറികെട്ടവന്മാർ സമുദായത്തിൽ പെട്ടവർ തന്നെയാണെന്നുള്ളതാണു വേദനാജനകം.

അല്ലെങ്കിലും "അദ്ധ്വാനിക്കാതെ അന്നം കഴിക്കുന്നവർ" എന്നതുകൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ജോലി ചെയ്യുന്ന സമയത്ത്‌ വിയർക്കുന്നതു മാത്രമാണോ അദ്ധ്വാനമാകുക! അതോ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ജോലിയേ അദ്ധ്വാനമാകൂവെന്നുണ്ടോ? എങ്കിൽ ഇങ്ങനെ വിയർക്കാതെ ജോലി നടത്തുന്നവർ സമൂഹത്തിൽ എത്രയോ പേരില്ലേ? ഏതാനും മണിക്കൂറുകൾ കൊണ്ടോ നിമിഷങ്ങൾ കൊണ്ടോ ജോലി തീരുന്നവരും ധാരാളമില്ലേ? ഇവർക്കെതിരെയെല്ലാം ഈ ആരോപണം ഇവരുന്നയിക്കുമോ? ദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രം അദ്ധ്യാപനം നടത്തി മാസാന്തം ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങുന്ന സ്‌കൂൾ, കോളേജ്‌ അധ്യാപകന്മാർ, രണ്ടോ മൂന്നോ സെക്കന്റുമാത്രം പ്രിസ്‌ക്രിപ്‌ഷനെഴുതി നൂറും നൂറ്റി അമ്പതും പ്രതിഫലം പറ്റുന്ന ഡോക്‌ടർമാർ, മിനുട്ടുകളുടെ വരകുറി നടത്തി പതിനായിരങ്ങൾ കമ്മീഷനോ ശമ്പളമോ വാങ്ങുന്ന എഞ്ചിനീയർമാർ, ഇവരെല്ലാം മെയ്യനങ്ങാത്ത-വിയർപ്പൊഴുക്കാത്ത ജോലിക്കാരല്ലേ?

മതാദ്ധ്യാപനം നടത്തി ആയിരവും ആയിരത്തിഅഞ്ഞൂറും കവിഞ്ഞാൽ നാലോ അഞ്ചോ ആയിരവും ശമ്പളം വാങ്ങുന്ന മതാദ്ധ്യാപകരും മതസേവകരും മേൽപറഞ്ഞവരൊന്നും ചെയ്യാത്ത തെറ്റ്‌ എന്താണു ചെയ്‌തത്‌! ഇനി നറുക്കെഴുതിയോ നൂലൂതിയോ പൈസ വാങ്ങുന്ന തങ്ങൾമാരോ മുസ്‌ല്യാന്മാരോ, മരുന്നു കുറിച്ചു കൊടുത്തു ഫീസ്‌ വാങ്ങുന്ന ഡോക്‌ടർമാർ ചെയ്യാത്ത വല്ല കടുത്ത പാതകവും ചെയ്യുന്നുണ്ടോ? ഒന്ന്‌ ശാരീരിക ചികിത്സയും മറ്റേത്‌ ആത്മീയ ചികിത്സയുമെന്ന വ്യത്യാസമല്ലേയുള്ളൂ. ഭൗതികവിഷയമാകുമ്പോൾ അതു സേവനവും ജോലിയുമായും ആത്മീയ വിഷയമാകുമ്പോൾ അതു ചൂഷണവും അദ്ധ്വാനിക്കാതെ അന്നം തിന്നലുമായും ചിത്രീകരിക്കുന്നതിന്റെ യുക്തി എന്താണാവോ!

ഒരു ഡോക്‌ടർ ഡോക്‌ടറാകാനും അധ്യാപകൻ അധ്യാപകനാകാനും ധാരാളം വർഷത്തെ അദ്ധ്വാനമുണ്ടെന്നാണു പറയുന്നതെങ്കിൽ, അതിനേക്കാൾ എത്രയോ വലിയ അദ്ധ്വാനമാണ്‌ ഒരു ശരിയായ ആലിമാകാൻ വേണ്ടത്‌. അതല്ല, ധാരാളം പണം ചെലവാക്കി പഠിച്ചവരാണ്‌ ഡോക്‌ടർമാരും എഞ്ചിനീയർമാരും അധ്യാപകരുമെല്ലാം എന്നതാണു വ്യത്യാസമെങ്കിൽ, ആത്മീയ രംഗത്തു മതവിജ്ഞാനും നുകരാനും പഠിക്കാനും പണമില്ലാതെ തന്നെ സമുദായം സൗകര്യമൊരുക്കിയതു കൊണ്ടാണല്ലോ ഇത്‌. ഇതു ആലിമുകൾ ചെയ്‌ത തെറ്റാണോ?

ആയിരത്തിഅഞ്ഞൂറിനും രണ്ടായിരത്തിനും ജോലി ചെയ്‌ത്‌ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന മുസ്‌ല്യാക്കന്മാരെല്ലാം മേലനങ്ങാതെ തിന്നാൻ വേണ്ടിയാണ്‌ ഈ രംഗത്തു നിൽക്കുന്നതെന്നു പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ ആരെയാണ്‌ അതിനു കിട്ടുക! മൗലിദുകർമ്മം പോലുള്ള ആചാരങ്ങൾ "മേലനങ്ങാതെ ആരാന്റേതു തിന്നു നടക്കാന്‍ വേണ്ടി" പടച്ചുണ്ടാക്കിയതാണെന്നും മുസ്‌ല്യാർമാർ എന്ന തസ്‌തിക തന്നെ ഇങ്ങനെ സൃഷ്‌ടിക്കപ്പെട്ടതാണെന്നും ആണ്ടിലൊരിക്കൽ നടക്കുന്ന "മൗലിദിന്റെ കൈമടക്ക്‌" ലഭിക്കാനും ഖബ്‌റിങ്ങൽ ഓതി പൈസ മേടിക്കാനുമാണ്‌ ഇതെല്ലാമെന്നും പരിഹസിക്കുന്നത്‌ എത്രവങ്കത്തരമാണ്‌!

ആകട്ടെ, മുസ്‌ല്യാക്കന്മാരെ ചൂഷകരും പണം പിടുങ്ങികളുമായി മുദ്രകുത്തുന്നവർ ഇത്തരം കർമ്മങ്ങൾക്കു പണംവാങ്ങൽ നിഷിദ്ധമാണെന്ന വാദപ്രകാരമാണ്‌ അങ്ങനെ പറയുന്നതെങ്കില്‍ അതിനു തെളിവെന്താണ്‌? മൗലിദ്‌ ഓതിയ ശേഷം ഹദ്‌യ ചെയ്യുന്നതു സ്വീകരിക്കലും ഖുർആനോതാൻ ആളെ കൂലി കൊടുത്തു നിശ്ചയിക്കുന്നതും അതു സ്വീകരിക്കുന്നതും മതാധ്യാപനത്തിനും പള്ളിപരിപാലനത്തിനുമെല്ലാം ശമ്പളം പറയലും വാങ്ങലും നിഷിദ്ധമാണെന്ന്‌ ഏതു കർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ തെളിയിക്കുക! അല്ലെങ്കിൽ ഏത്‌ ആയത്തിന്റെ-ഹദീസിന്റെ അടിസ്ഥാനത്തിൽ?

തങ്ങളുടെ ജംഇയ്യത്തുൽ ഉലമായുടെയും സംഘടനകളുടെയുമെല്ലാം നേതൃസ്ഥാനങ്ങളിൽ തങ്ങളിലുള്ള വിജ്ഞന്മാരെയും വിദ്വാന്മാരെയുമാണല്ലോ ഇവർ നിയമിക്കുന്നത്‌. ഇതിന്റെ തെളിവെന്താണാവോ! തങ്ങളുടെ നികാഹുകൾ, കല്ല്യാണങ്ങൾ, പള്ളിശിലാസ്ഥാപനം, ഉദ്‌ഘാടനം ആദിയായവയക്കെല്ലാം തങ്ങളുടെ മൗലവിമാരുടെ നേതൃത്വവും കാർമ്മികത്വവുമാണ്‌ ഇവർ അംഗീകരിക്കുന്നത്‌. ഇതിൽ ചൂഷണമോ "പൗരോഹിത്യമോ" ഇല്ലേ? തലമറക്കാത്ത പാന്റ്സിട്ട മൗലവിമാരാകുമ്പോൾ ഇതൊന്നുമില്ലെന്നും തലേക്കെട്ടി താടിവച്ച മതപണ്ഡിതന്മാരെക്കൊണ്ടാകുമ്പോൾ മാത്രമാണ്‌ പ്രശ്‌നമെന്നും വരുന്നതെങ്ങനെ? വിരോധാഭാസമെന്നല്ലാതെന്തുപറയാൻ?!

നടേപറഞ്ഞ കർമ്മങ്ങളെല്ലാം ശാഫിഈ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുകയും സവിസ്‌തരം പ്രതിപാദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതനുസരിച്ചു മാത്രമാണു കേരളത്തിലെ സുന്നീഉലമാഉം പ്രവർത്തിക്കുന്നത്‌. ഇതിന്റെ പേരിൽ അവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മറ്റൊന്നും കൊണ്ടല്ല; തങ്ങളുടെ നിലനിൽപ്പിനു ഉലമാഅ്‌ ഭീഷണിയാണെന്നുള്ള തിരിച്ചറിവിൽ നിന്നുയർന്ന പേടി കൊണ്ടാണ്‌. തങ്ങളുടെ ആശയ പാപ്പരത്തവും അടിസ്ഥാനരഹിതമായ നിലപാടുകളും സമൂഹത്തിനു മുമ്പിൽ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ത്രാണി ഇവിടത്തെ ഉലമാക്കൾക്കുണ്ടെന്ന തിരിച്ചറിവാണു പ്രശ്‌നം.

സത്യവിശ്വാസികളുടെ കർമ്മാചാരങ്ങളും വിശ്വാസവും പിഴവുപറ്റാതെ കാത്തുസൂക്ഷിക്കുന്ന അവരുടെ സുരക്ഷാവലയമായ ഉലമാഇനെ സമുദായത്തിൽ നിന്ന്‌ അകറ്റിയെങ്കിൽ മാത്രമേ തങ്ങളുടെ അബദ്ധജഢിലമായ അന്തകവിത്തുകൾ ഈ സുദായത്തിൽ മുളക്കുകയുള്ളൂവെന്ന തിരിച്ചറിവ്‌ മറ്റാരേക്കാളും ഇവർക്കുണ്ട്‌. അതുകൊണ്ടാണ്‌ ഇവർ വൃത്തികെട്ട ആരോപണങ്ങളിലൂടെയും അമാന്യമായ അവഹേളനത്തിലൂടെയും സമുദായസമുച്ഛയത്തിനു വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്‌. വിശ്വാസികൾ ഇവരുടെ കുതന്ത്രം തിരിച്ചറിഞ്ഞ്‌ ഉണർന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതീവജാഗ്രതയോടെ..

മൗലാനാ നജീബ് ഉസ്താദിന്റെ 'ലഘുചിന്തകൾ' എന്ന പുസ്തകത്തിൽ നിന്നും (ബുൽബുൽ മാസികയിൽ വന്ന ലേഖനം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Sunday, April 03, 2016

ബിദ്അത്ത് - ഒരു പഠനം - മൗലാനാ നജീബ് മൗലവി

ബിദ്അത്ത് എന്ത്:

അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.

ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة

- المستدرك للحاكم


"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:

നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"

ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.

ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:

السادسة عشرة (من الكبائر) البدعة وهي المراد بترك السنة


"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".

ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".



ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:

والمراد بذلك اتباع البدع عافان الله من ذلك


"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".

സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.


ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.


ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.


ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.


ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.

ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:

المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميع اتباعهما

الزواجر لابن حجر١/٨٩


"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."

(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).

(മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും)

ജിന്നുസേവ: ഒരു പഠനം (Moulana Najeeb Moulavi)

ജിന്നുകൾ മനുഷ്യനെ സേവിക്കുമോ? അതിനവർക്കു കഴിയുമോ? എന്നത്‌ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്‌. അവരുടെ സേവനം മനുഷ്യർക്കു സ്വീകരിക്കാൻ കഴിയുമോയെന്നും കഴിയുമെങ്കിൽ തന്നെ അതു ലഭ്യമാക്കാനെന്താണു മാർഗ്ഗമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്‌.

ജിന്നുകളെന്നത്‌ മനുഷ്യരുടെ സഹോദര വർഗ്ഗമായി അല്ലാഹു സൃഷ്ടിച്ച ഒരു വിഭാഗമാണ്‌. മനുഷ്യ സൃഷ്ടിപ്പ്‌ പ്രധാനമായും മണ്ണിൽ നിന്നാണു നടന്നിട്ടുള്ളതെങ്കിൽ ജിന്നിന്റെ സൃഷ്ടിപ്പ്‌ തീയിൽ നിന്നാണ്‌. അല്ലാഹു പ്രസ്താവിച്ചു:

خلق الانسان من صلصال كالفخار . وخلق الجان من مارج من نار (الرحمان 41)



(മുട്ടിയാൽ ശബ്ദമുണ്ടക്കുന്ന ഓടുപോലെയുള്ള കളിമൺ രൂപത്തിൽ നിന്നാണു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്‌. ജിന്നിനെ തീയിന്റെ തെളിമയുള്ള നാളത്തിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു). ജിന്നിനെയും ഇൻസിനെയും ഇപ്രകാരം കൂട്ടിച്ചേർത്തു കൊണ്ടാണ്‌ അല്ലാഹു മിക്കയിടത്തും പറഞ്ഞിട്ടുള്ളത്‌.


ഈ സൂക്തമുൾക്കൊള്ളുന്ന സൂറത്തുർറഹ്മാനിൽ "ജിന്നു-ഇൻസു വർഗ്ഗമേ, നിങ്ങളുടെ നാഥന്റെ ഏതനുഗ്രഹങ്ങൾ കൊണ്ടാണു നിങ്ങൾക്കു നിഷേധിക്കുവാൻ കഴിയുക?!" എന്ന് അല്ലാഹു ഇടക്കിടെ ആവർത്തിച്ചു ചോദിക്കുന്നു. അല്ലാഹുവിനെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അംഗീകരിച്ചു വിശ്വസിച്ചും അല്ലാഹുവിനു വഴിപ്പെട്ടും ജീവിക്കേണ്ട രണ്ടു സൃഷ്ടിവർഗ്ഗമാണ്‌ ജിന്നും ഇൻസുമെന്നു സാരം. പരലോകത്തും ഈ രണ്ടു വിഭാഗത്തെയും പുനർ ജന്മം നൽകി ഒരുമിച്ചു കൂട്ടുന്നതും വിചാരണ ചെയ്യുന്നതുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. മനുഷ്യനെപ്പോലെ അല്ലാഹുവിനെ അറിയാനും ഇബാദത്തു ചെയ്യുവാനും വേണ്ടി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതാണ്‌ ജിന്നും ഇൻസുമെന്നും വിശുദ്ധ ഖുർആൻ (ദാരിയാത്ത്‌:56) വ്യക്തമാക്കുന്നു. ചുരുക്കത്തിൽ മനുഷ്യരുടെ സഹോദര വർഗ്ഗമാണു ജിന്ന്. ഈ രണ്ടു വർഗ്ഗങ്ങൾക്കു പുറമെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ സർവ്വാത്മനാ പാലിച്ചു കൊണ്ട്‌ അല്ലാഹുവിനെ അറിഞ്ഞു വണങ്ങി ജീവിക്കുന്ന മറ്റൊരു സൃഷ്ടിവർഗ്ഗമാണു മലക്കുകൾ. അവരുടെ സൃഷ്ടിപ്പ്‌ തികച്ചും പ്രകാശത്തിൽ നിന്നാണ്‌.

ആയിശ(റ) യെ തൊട്ടു നിവേദനം: നബി(സ്വ) പ്രസ്താവിച്ചു. മലക്കുകളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ പ്രകാശത്തിൽ നിന്നാണ്‌. ജിന്നിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ തീയിന്റെ ശുദ്ധനാളത്തിൽ നിന്നും. ആദമിനെ സൃഷ്ടിക്കപ്പെട്ടത്‌ നിങ്ങൾക്കു വിശദീകരിക്കപ്പെട്ടു തന്നിട്ടുള്ള മണ്ണിൽ നിന്നും (മുസ്ലിം, അഹ്‌മദ്‌).

തന്നെ അറിഞ്ഞു വണങ്ങാനായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ള മൂന്നു സൃഷ്ടി വർഗ്ഗങ്ങളെക്കുറിച്ച വിവരണമാണ്‌ ഈ ഹദീസിന്റെ ഉള്ളടക്കം. മലക്കുകൾ, ജിന്ന്, ഇൻസ്‌ ഇവരിൽ മലക്കുകൾ തീർത്തും വെളിച്ചത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാകയാൽ അവരിൽ ദോഷപ്രകൃതിയുടെ അംശമേയില്ല. അവരടങ്കലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്‌.

بل عباد مكرمون (الانبياء 26)


മനുഷ്യരും ജിന്നും അങ്ങനെയല്ല. അവരിൽ നരകത്തിലേക്കു സൃഷ്ടിക്കപ്പെട്ടവരാണു വലിയ വിഭാഗം.

ولقد ذرأنا لجهنم كثيرا من الجن والانس.......(الاعراف179)

സ്വഭാവങ്ങൾ കൊണ്ടും ദുഷിപ്പുകൊണ്ടും പിശാചുക്കളായി മാറുന്നവർ അവരിലുണ്ട്‌. ഇവരെ ശൈത്വാന്മാർ (الشيطان) എന്നു പറയുന്നു. ജിന്നുവർഗ്ഗത്തിൽ നിന്നു ഗുരുത്വം കെട്ട ദുഷിച്ചവർക്കാണു ശൈത്വാന്മാർ എന്നു സാധാരണ പറയാറുള്ളതെങ്കിലും മനുഷ്യന്മാരിൽ തീർത്തും ദുഷിച്ച അഭിശപ്തന്മാർക്കും ശൈത്വാനുകൾ എന്നുപറയും. ഖുർആനങ്ങനെ പറഞ്ഞിട്ടുണ്ട്‌.

شياطين الانس والجن (انعام 112)


(മനുഷ്യ - ഭൂത പിശാചുകൾ) എന്നു ഖുർആൻ പറഞ്ഞത്‌ അല്ലാഹുവിന്റെ കരുണയർഹിക്കാത്ത ഇരുവർഗ്ഗത്തിലെയും അഭിശപ്തന്മാരെയാണ്‌.

من شر الوسواس الخناس . من الجنة والناس
(ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള ദുർബോധന ദു:ശക്തികൾ) എന്നും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌.




അപ്പോൾ പ്രകൃതിയിലും സ്വഭാവത്തിലും മനുഷ്യരെപ്പോലെത്തന്നെ ദുഷിച്ചു പിശാചുകളാകാനും നല്ലവരായി ഉയർന്നു മാലാഖമാരോടൊപ്പം ചേരാനും പറ്റുന്നവിധം അല്ലാഹു സൃഷ്ടിച്ച സഹോദരവർഗ്ഗമാണു ജിന്നുകൾ എന്നു വ്യക്തമായി. പക്ഷേ, മനുഷ്യരിൽ നിന്നു ഭിന്നമായി ശാരീരിക പ്രകൃതിയിൽ അവർ തീയിന്റെ ശക്തിയുള്ളവരാണ്‌. തൻമൂലം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞാണ്‌ അവർ നിലകൊള്ളുന്നത്‌. നഗ്നനേത്രം കൊണ്ടു മനുഷ്യർക്കു സാധാരണഗതിയിൽ അവരെ കാണാൻ കഴിയുകയില്ല. അവർക്കു മനുഷ്യനെ ഇങ്ങോട്ടു കാണാൻ കഴിയുകയും ചെയ്യും. ഖുർആൻ പറയുന്നു:

إنه يراكم هو وقبيله من حيث لا ترونهم (اعراف 27)


(അവനും അവന്റെ പാർട്ടിയും നിങ്ങൾക്കങ്ങോട്ടു കാണാൻ കഴിയാത്ത വിധം നിങ്ങളെ ഇങ്ങോട്ടു കാണും). മലക്കുകളെപ്പോലെ വിഭിന്ന രൂപങ്ങൾ പ്രാപിക്കുവാനും മനുഷ്യർക്കു ദുഷ്ക്കരവും കഴിയാത്തതുമായ പ്രവർത്തികൾ ചെയ്യുവാനും പറ്റുന്ന രീതിയിലാണ്‌ അവരുടെ സൃഷ്ടിപ്പ്‌. ആഴിയിൽ മുങ്ങി മുത്തുകൾ വാരിയെടുക്കാനും വലിയ സൗധങ്ങൾ വളരെ പെട്ടെന്നു പണിതീർക്കാനും അതിവേഗം ദീർഘദൂരങ്ങൾ താണ്ടാനുമെല്ലാം കഴിയുന്ന പ്രകൃതമാണ്‌ ജിന്നുകൾക്കല്ലാഹു നൽകുന്നത്‌. വിശുദ്ധ ഖുർആൻ 21:82) ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

ഇങ്ങനെയെല്ലാമാണെങ്കിലും മനുഷ്യരാണു ജിന്നുകളേക്കൾ ഉന്നതർ. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ജിന്നുകളിൽ നിന്ന് ഒരു നബിയെയും റസൂലിനെയും അല്ലാഹു തെരഞ്ഞെടുത്ത ചരിത്രമില്ല. മനുഷ്യവർഗ്ഗത്തിൽ നിന്നു നമ്മുടെ നബിയെ അല്ലാഹു ജിന്നുകളിലേക്കു ദൂതരായയക്കുകയും ചെയ്തിട്ടുണ്ട്‌. അതിനാൽ തന്നെ നബി(സ) തങ്ങൾക്കു മനുഷ്യവർഗ്ഗത്തിന്റെ മേലിലെന്ന പോലെ ജിന്നു വർഗ്ഗത്തിന്റെ മേലിലും ആധിപത്യമുണ്ട്‌. ഏതൊരു നബിക്കും ആ നബിയെ ഏതൊരു വിഭാഗത്തിലേക്കാണോ ദൂതരായി അയക്കപ്പെട്ടതെങ്കിൽ ആ വിഭാഗത്തിന്റെ മേൽ ആത്മീയവും രാഷ്ട്രീയവുമായ അധികാരമുണ്ടെന്നതു സുവിദിതമാണ്‌. നുബുവ്വത്തും അതിന്റെ സവിശേഷഗുണങ്ങളും പ്രത്യേക പഠനമർഹിക്കുന്നതു കൊണ്ട്‌ ഇവിടെ അതു ചർച്ച ചെയ്യുന്നില്ല.

ജിന്നു വർഗ്ഗത്തിനുമേൽ ആധിപത്യം സ്ഥാപിക്കുവാനും അവരെ ആജ്ഞാനുവർത്തികളും സേവകരുമാക്കി മാറ്റിയെടുക്കുവാനും മനുഷ്യ വർഗ്ഗത്തിനു കഴിയുമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നു തന്നെ വ്യക്തമാണ്‌. നബി(സ) തങ്ങൾ ജിന്നുകളുടെയെല്ലാം റസൂലാകുമ്പോൾ അവരിൽ നബിയെക്കൊണ്ടു വിശ്വസിച്ചവർ തീർച്ചയായും സ്വമേധയാ തന്നെ നബി(സ) തങ്ങളുടെ ആജ്ഞാനുവർത്തികളായും അനുസരണയുള്ള പ്രജകളായും മാറുന്നു. അവരിൽ നബി (സ) യെ ധിക്കരിക്കുന്ന കുബുദ്ധികളെയും ദുഷ്ടന്മാരെയും നബി ബലാൽക്കാരമായി കീഴടക്കിയതും വരുതിയിൽ വരുത്തിയതുമായ സംഭവങ്ങൾ എത്രയെങ്കിലും ഹദീസുകളിൽ ഉദ്ധരിക്കുവാനുണ്ട്‌. നബി(സ) തങ്ങളെപ്പോലെ തന്നെ ഹള്‌റത്ത്‌ സുലൈമാൻ നബി(അ)ക്കും ജിന്നുകളുടെ മേൽ അല്ലാഹു ആധിപത്യവും രാജാധികാരവും നൽകിയത്‌ വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിക്കുന്നു. ജിന്നുകൾ സുലൈമാൻ നബി(അ)ക്ക്‌ പലവിധ തൊഴിലുകളും സേവനങ്ങളും ചെയ്തിരുന്നതായും അല്ലാഹു വ്യക്തമാക്കുന്നുണ്ട്‌.

وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ...(ص37)

അപ്പോൾ അല്ലാഹുവിന്റെ ഔദാര്യമായി അല്ലാഹു നൽകുന്ന സിദ്ധികൾ കൊണ്ടു പ്രവാചകന്മാരായ മനുഷ്യന്മാർക്ക്‌ ജിന്നു-ശൈത്വാൻ വർഗ്ഗത്തെ കീഴ്പ്പെടുത്തുവാനും വിധേയത്വമുള്ളവരാക്കി മാറ്റുവാനും സാധിക്കുമെന്ന് സുതരാം വ്യക്തമായി. ഓരോ മനുഷ്യർക്കും ജിന്നിൽ നിന്നുള്ള ഒരു കൂട്ടാളിയെ മലക്കിൽ നിന്നുള്ള കൂട്ടാളിയോടൊപ്പം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് നബി(സ) തങ്ങൾ പ്രസ്താവിച്ചപ്പോൾ ഇത്തരം കൂട്ടാളി(ഖരീൻ) അങ്ങേക്കുമുണ്ടോയെന്ന് സ്വഹാബത്തു ചോദിച്ചതായും 'അതേ ഉണ്ട്‌, പക്ഷേ ആ കൂട്ടാളിക്കെതിരെ അല്ലാഹു എന്നെ ഔദാര്യപൂർവ്വം സഹായിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ ജിന്ന് മുസ്ലിമായിട്ടുണ്ടെന്നും' നബി(സ) തങ്ങൾ പ്രത്യുത്തരം നൽകിയതായും പ്രസിദ്ധമായ ഹദീസിലുണ്ട്‌. സ്വഹീഹു മുസ്ലിമും മറ്റും ഈ ഹദീസു നിവേദനം ചെയ്തിട്ടുണ്ട്‌. നബി(സ)യുടെ ആജ്ഞാനുവർത്തിയും സേവകനുമായി മാറിയിട്ടുണ്ട്‌ തന്റെ ഖരീൻ എന്നാണ്‌ ഈ വാക്യത്തിന്റെ ഉദ്ദേശ്യം. ഇതു നബിയുടെ മാത്രം സവിശേഷതയല്ല. മറ്റെല്ലാ പ്രവാചകന്മാർക്കും ലഭ്യമായിട്ടുള്ള ഗുണമാന്നും ഹദീസു പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്‌.


ആകയാൽ ജിന്നുകളെ അതിജയിക്കാനും കീഴ്പ്പെടുത്താനുമുള്ള അജയ്യ ശക്തിയും പ്രതാപവും അല്ലാഹു നൽകുന്ന നബിമാർക്ക്‌ തങ്ങളുടെ ആത്മീയ ശക്തി കൊണ്ട്‌ ജിന്നുകളെ കീഴടക്കുവാനും അവരെ ആജ്ഞാനുവർത്തികളായി ഭരിക്കുവാനും സാധിക്കും. ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്തുവാനും ലഭ്യമാക്കുവാനും അസാധാരണമായി -മുഅ്ജിസത്തായി - അല്ലാഹു നൽകുന്ന ഈ സിദ്ധികൾ കൊണ്ട്‌ പറ്റും. സുലൈമാൻ നബി(അ), നമ്മുടെ നബി(സ) പോലുള്ള പ്രവാചകന്മാരുടെ ചരിത്രത്തിൽ ഇതിനുദാഹരണങ്ങളെമ്പാടും കാണാം. 

നബിമാർക്കു മുഅ്ജിസത്തായി ലഭിക്കുന്ന സിദ്ധികളും ശക്തികളും ആ നബിമാരെ പിൻപറ്റി ആത്മീയോന്നതിയിലെത്തുന്ന ഔലിയാഇന്‌ അല്ലാഹു നൽകാമെന്നും ഇങ്ങനെ നൽകപ്പെടുന്ന സിദ്ധികൾക്കു കറാമത്തുകളെന്നാണു സാങ്കേതിക നാമമെന്നും നാം മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. അങ്ങനെ നബിമാരല്ലാത്ത ഭക്തന്മാർക്കു കറാമത്തായി ലഭിക്കുന്ന ആത്മീയ ശക്തി കൊണ്ടും ജിന്നുകളെ കീഴ്പ്പെടുത്തുവാനും അവരുടെ സേവനം ലഭ്യമാക്കുവാനും കഴിയും. ഇത്തരം എത്രയോ സംഭവങ്ങൾ ഔലിയാഇന്റെ ചരിത്രങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പ്രമാണങ്ങൾ ഇതെല്ലാം സാധൂകരിക്കുകയും ചെയ്യുന്നു.


_മൗലാനാ നജീബ്‌ ഉസ്താദിന്റെ 'ജിന്നുസേവയും ജ്യോതിഷവും ' എന്ന ലേഖനത്തിൽ നിന്നും - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.