Showing posts with label കർമ്മശാസ്ത്രം - ഫത്'വാകൾ. Show all posts
Showing posts with label കർമ്മശാസ്ത്രം - ഫത്'വാകൾ. Show all posts

Sunday, June 05, 2016

റമളാൻ മസ്‌അലകൾ


❓ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ? വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?

✅ഉത്തരം: ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല. വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

❓ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

✅ഉത്തരം: ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

❓ചോദ്യം: സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!? പൂങ്കാവനം മാസിക വാല്യം:8, ലക്കം:12 റമളാൻ പതിപ്പിൽ എഴുതിയ അഭിപ്രായം മുറിയുമെന്നാണ്‌. ഇതു ശരിയാണോ?

✅ഉത്തരം: തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.


❓ചോദ്യം: നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ?

ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.

❓ചോദ്യം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

ഉത്തരം: മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.

❓ചോദ്യം: നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? തിന്റെ ശർഇയ്യായ വിധിയെന്ത്‌?

✅ഉത്തരം: അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186.

❓ചോദ്യം: നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട 'അല്ലാഹുമ്മ ലക സുംതു' എന്ന ദിക്‌റ്‌ അതിനു മുമ്പ്‌ ചൊല്ലിയാൽ സുന്നത്തു ലഭിക്കുമോ?

✅ഉത്തരം: ലഭിക്കേണ്ടതാണ്‌. ഹാശിയത്തുൽ കുർദി: 2-154 നോക്കുക.

❓ചോദ്യം: റമളാൻ മാസം മരണപ്പെട്ട ഒരാളിന്‌ പകൽ സമയം സുഗന്ധം പൂശൽ സുന്നത്തുണ്ടോ? തെളിവ്‌ സഹിതം മറുപടി തന്നാലും.

✅ഉത്തരം: കഫൻ പുടയിലും മറ്റും വാസനദ്രവ്യം ഉപയോഗിക്കൽ സുന്നത്തുണ്ട്‌. ശർവാനി: 3-411.

❓ചോദ്യം: നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം വന്നുകൂടുമെങ്കിലോ?

✅ഉത്തരം: ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌. തുഹ്ഫ: 3-424.

❓ചോദ്യം: പള്ളികളിൽ നോമ്പു തുറക്കുമ്പോൾ ചയായും മറ്റും കൊടുക്കുന്നു. അങ്ങനെ നോമ്പു തുറന്നവരെ ചിലർ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കുന്നു. ഇതിൽ ആർക്കാണ്‌ നോമ്പ്‌ തുറപ്പിച്ചതിന്റെ പ്രതിഫലം?

✅ഉത്തരം: നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത്‌ നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഹദീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

❓ചോദ്യം: ഹിന്ദുക്കൾക്കു റമളാൻ മാസത്തിൽ ആഹാരം കൊടുക്കുന്നതിൽ തെറ്റുണ്ടോ? നോമ്പു തുറന്നതിന്റെ ശേഷം നമ്മൾ കഴിക്കുന്ന  ആഹാരം കൊടുത്താൽ നമ്മുടെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമോ?

✅ഉത്തരം: പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക്‌ അവർ അമുസ്ലിംകളാണെങ്കിലും റമളാനിലെ പകലിൽ ഭക്ഷണം നൽകൽ ഹറാമാണ്‌. ശർവാനി: 4-37. രാത്രിയിൽ നൽകുന്നതു കൊണ്ടു കുഴപ്പമില്ല. അതു നോമ്പു തുറക്കാനുണ്ടാക്കിയ ആഹാരമായതുകൊണ്ടും നമ്മുടെ നോമ്പിനു യാതൊരു കുഴപ്പവും വരില്ല.

❓ചോദ്യം: നോമ്പ്‌ ഖളാഉള്ള ഒരാൾ മരണപ്പെട്ടു. അനന്തരാവകാശികൾ അതു നോറ്റു വീട്ടേണ്ടതുണ്ടോ? നോറ്റാൽ വീടുമോ? ശാഫിഈ മദ്‌ഹബിലെ പ്രബലമായ അഭിപ്രായം തെളിവു സഹിതം വ്യക്തമാക്കിയാലും.

✅ഉത്തരം: നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെത്തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദുവീതം ഭക്ഷണം നൽകിയാലും മതി. അതാണു നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടവും. ബന്ധുക്കൾ നോൽക്കുന്നതു കൊണ്ടും ബാധ്യത വീടുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. (തുഹ്ഫ 3-437).

❓ചോദ്യം: റമളാൻ നോമ്പിന്‌ ഓരോ ദിവസവും രാത്രിയിൽ തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതുണ്ടല്ലോ. ഇത്‌ ഒരു രാത്രി മറന്നാൽ അതിന്റെ വിധിയെന്ത്‌?.

✅ഉത്തരം: രാത്രിയിൽ നിയ്യത്ത്‌ സംഭവിച്ചില്ലെങ്കിൽ അന്നത്തെ നോമ്പ്‌ സാധുവാകുകയില്ല. ആ നോമ്പ്‌ പിന്നീടൊരു ദിവസം ഖളാ വീട്ടണം. എങ്കിലും നിയ്യത്തു മറന്ന ദിനത്തിലും അവൻ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ്‌ 'ഇംസാക്ക്‌' ചെയ്യണം.

എന്നാൽ റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത്‌ മതിയെന്നാണ്‌ മാലിക്കീ മദ്‌ഹബ്‌. നിയ്യത്ത്‌ രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച്‌ നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മു ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്‌.

അതുപോലെ ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ്‌ ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്‌. (ഫത്‌ഹുൽ മുഈൻ).

ഇതനുസരിച്ചു രാത്രിയിൽ നിയ്യത്തു മറന്നയാൾ, പകലിന്റെ ആരംഭത്തിൽ ഇമാം അബൂഹനീഫ(റ)യെ അനുകരിച്ച്‌ അന്നു നോമ്പു പിടിക്കുന്നതായി കരുതി വ്രതമനുഷ്ടിച്ചാൽ അവന്‌ അന്നത്തെ നോമ്പു ലഭിക്കുമെന്നും അതു പിന്നെ ഖളാ വീട്ടേണ്ടതില്ലെന്നും മനസ്സിലാക്കാം.

❤മൗലാനാ നജീബ്‌ ഉസ്താദിന്റെ ബുൽബുൽ മാസികയിലെ 'പ്രശ്നോത്തരം' പംക്തിയിലെ ഫത്‌വാകളിൽ നിന്നും❤.

Monday, May 02, 2016

നബിയുടെ മോതിരവും മുദ്രണവും:

ചോദ്യം: നബി (സ്വ) തങ്ങളുടെ മോതിരത്തിൽ 'മുഹമ്മദു റസൂലുള്ളാ ' എന്നാണു ആലേഖനം ചെയ്യപെട്ടിരുന്നത് എന്ന് കേൾക്കുന്നു. കത്തുകളിലും എഴുത്തുകളിലും സീലടിക്കുന്നതിനായിരുന്നു ഇതെന്നും പറയുന്നു. അപ്പോൾ മുദ്രകളിൽ അത് തല തിരിഞ്ഞു വരില്ലേ.? നാലു ഖലീഫമാരുടെ മോതിരങ്ങളിലും ഇങ്ങനെ വല്ലതും ലിഖിതമാക്കപ്പെട്ടിരുന്നുവോ.?


✅ഉത്തരം: 'മുഹമ്മദുർറസൂലുള്ളാ ' എന്ന വാക്യത്തിലെ മൂന്നു പദങ്ങളും ഓരോ വരിയിലായി മൂന്നു വരിയിലാണ് നബിയുടെ (സ്വ) മോതിരത്തിൽ ഉല്ലേഖനം ചെയ്യപ്പട്ടിരുന്നത്. ഏതു ക്രമത്തിൽ, ഏതു രൂപത്തിലായിരുന്നു ഇതെന്ന് പ്രബല റിപ്പോർട്ടുകൾ ഇല്ലെങ്കിലും മുഹമ്മദ്‌ എന്ന് ഏറ്റവും അടിയിലെ വരിയിലും റസൂൽ എന്ന് അതിനു മുകളിലെ വരിയിലും അല്ലാഹ് എന്നത് അതിനു മുകളിലെ വരിയിലുമാണ് ഉണ്ടായിരുന്നതെന്ന് ഇമാം അസ്നവി (റ) പ്രസ്താവിച്ചിട്ടുണ്ട്. അടിയിൽ നിന്ന് വായിക്കപ്പെടാൻ പറ്റുന്ന രീതിയിലുള്ള ഈ സീലിൽ, മുദ്രണം ചെയ്‌താൽ നേരെ-ചൊവ്വേ വായിക്കാൻ പറ്റുന്ന വിധം മറിച്ചാണ് രേഖപ്പെടുത്തിയിരുന്നതും.

നാലു ഖലീഫമാരിൽ അബൂബക്കർ സ്വിദ്ദീഖ് (റ) ന്റെ മോതിരത്തിൽ 'നിഅ്മൽ ഖാദിറു ഹുവല്ലാഹ്' എന്നും, ഉമർ(റ) വിന്റെ മുദ്രണം 'കഫാ ബിൽ മൗത്തി ദാഇയൻ യാ ഉമർ' എന്നും, ഉസ്മാൻ (റ) വിന്റെ സീൽ 'ലതസ്വ് ബിറന്ന ' എന്നും അലിയാരുടെ (റ) മുദ്ര 'അൽ മുൽക്കു ലില്ലാഹ്' എന്നുമായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (ജമൽ 1-82)
(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Monday, April 04, 2016

ഖുതുബക്കിടയിൽ നമസ്ക്കരിക്കാമോ?

ഖുതുബയ്‌ക്കിടയിൽ നമസ്‌കാരം

പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണല്ലോ കിതാബുകളിൽ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവർത്തി ഒന്നല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?



ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയിൽ ഹാജറായിട്ടുള്ളവർ ഖതീബു മിമ്പറിനു മുകളിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫർളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങൾ നിർവ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാൻ കാരണം. തുഹ്‌ഫ:2-456,57.

അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പളളിയിൽ കടന്നുവന്നയാൾക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തു നമസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാൾക്കും വേണമെങ്കിൽ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിർവ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിർബന്ധമായ കർമ്മങ്ങളിൽ മാത്രം ചുരുക്കി നിർവ്വഹിക്കൽ നിർബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.

ഇപ്രകാരമാണു നമ്മുടെ കർമശാസ്‌ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോൾ കടന്നുവന്നയാൾക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കൽ സുന്നത്താവാൻ കാരണം, നബി(സ)തങ്ങൾ അങ്ങനെ നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോൾ പള്ളിയിൽ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിർദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയിൽ ആ രണ്ടു റക്‌അത്തു നിർവ്വഹിക്കുവാൻ നബി(സ)തങ്ങൾ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം)


തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതിൽ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിർദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവർ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേൽക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

(മുഫ്തി: മൗലാനാ നജീബ് മൗലവി)

(ബുൽബുൽ മാസിക - സെപ്തംബർ 2004)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Sunday, April 03, 2016

നഖം മുറിക്കുന്നതിന്റെ രൂപം

നഖം മുറിക്കാൻ നല്ലത്‌ എന്ന്? എങ്ങിനെ?

ചോദ്യം: കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ. എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്‌? ഏത്‌ വിരൽ മുതൽക്കാണ്‌ മുറിക്കാൻ തുടങ്ങേണ്ടത്‌?



✔ ഉത്തരം: വ്യാഴാഴ്ച പകലോ വെള്ളിയാഴ്ച രാവിലെയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം. വലത്‌ കൈയുടെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം. ഇടത്‌ കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച്‌ തീർക്കണം. കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം. ഇതാണ്‌ നഖം മുറിക്കുന്നതിന്റെ രൂപം. ഇതെല്ലാം തുഹ്ഫ: 2-476ൽ പ്രസ്‌താവിച്ചതാണ്‌.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 334)

وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ لِوُرُودِ كُلٍّ (تحفة المحتاج).

കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ ?

അമുസ്‌ലിംകൾക്ക്‌ ബലിമാംസം നൽകണമെന്ന് ഹദീസിൽ ഉണ്ടോ?

ചോദ്യം: 26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി. വി. യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌'ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?



ഉത്തരം: ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ഏടുകളിലെ സ്വലാത്ത്‌ ചൊല്ലാമോ?

ഏടുകളിലെ സ്വലാത്ത്‌:

ചോദ്യം:  നൂറുവക ഏടിലുള്ള 'അഅ്ളമുസ്സ്വലാത്ത്‌' 'കൻജുൽ അർഷ്‌' തുടങ്ങിയവ പതിവായി ചൊല്ലാറുള്ള എന്നോട്‌ ഇതിനൊന്നും യാതൊരു തെളിവുമില്ലെന്ന് ഒരാൾ പറഞ്ഞു. എന്നാൽ ഈ സ്വലാത്തുകളും ഏടിൽ പറഞ്ഞ ഇവയുടെ പോരിശകളും ശരിയായ ഹദീസുകൊണ്ടു സ്ഥിരപ്പെട്ടതാണോ? ഇതിൽ പറഞ്ഞ ഗുണങ്ങൾ കിട്ടുമെന്നു കരുതി ഈ സ്വലാത്തു ചൊല്ലിക്കൂടെയോ?

ഉത്തരം: സ്വലാത്തുകളും മറ്റു ദിക്‌റുകളും ഏതു പദം കൊണ്ടായാലും പ്രതിഫലാർഹവും പുണ്യവുമാണ്‌. നബിയെതൊട്ടു ഹദീസുകളിൽ വന്ന പദങ്ങളാകുന്നതു കൂടുതൽ പുണ്യമാണെന്നു മാത്രം. എന്നാൽ ഏടുകളിലും മറ്റുമുള്ള മിക്ക സ്വലാത്തുകളും ദിക്‌റുകളും ഹദീസുകളിൽ നിന്നോ മഹാന്മാരുടെ വിർദു(പതിവായി ചൊല്ലി വരുന്ന ദിക്‌ർ, ദുആ മുതലായ) കളിൽ നിന്നോ ക്രോഡീകരിക്കപ്പെട്ടവയാണ്‌. തിരുനബി(സ്വ)യുടെയോ മറ്റു പുണ്യാത്മാക്കളുടെയോ തിരുനാവുകളിൽ നിന്നു പുറത്തുവന്ന പദം എന്ന നിലയ്ക്ക്‌ അവയ്ക്കു പ്രത്യേക സ്ഥാനമുണ്ട്‌. നബി(സ്വ) പറഞ്ഞുകൊടുത്ത ഒരു ദിക്‌റിൽ അവിടന്നു പറഞ്ഞുകൊടുത്ത പദം മാറ്റംവരുത്തിയ സ്വഹാബിയോട്‌ അതു തിരുത്താനാവശ്യപ്പെട്ടതായി ഹദീസിലുണ്ട്‌. അത്തരം പദം ശ്രദ്ധിക്കണമെന്ന് ഈ ഹദീസു പഠിപ്പിക്കുന്നു. ഇതുപ്രകാരം തന്നെയാണു മറ്റു പുണ്യാത്മാക്കളുടെ നാവിൽനിന്നു വീണ ദിക്‌റിന്റെയും സ്വലാത്തിന്റെയും പദം മാറ്റാതെ ശ്രദ്ധിക്കുന്നതാണു നല്ലത്‌.



ഇന്ന പദം കൊണ്ടെന്നു വ്യക്തമാക്കാതെ നബി(സ)യുടെ മേൽ സ്വലാത്തു ചൊല്ലാനും അല്ലാഹുവിനെ ദിക്‌റു ചെയ്യാനും വിശുദ്ധ ഖുർആനിലും ഹദീസുകളിലും വ്യക്തമായി കൽപ്പിക്കപ്പെട്ടിരിക്കെ, ഏതുതരം സ്വലാത്തിന്റെയും ദിക്‌റിന്റെയും പദങ്ങൾക്കു തെളിവില്ലെന്നു പറയുന്നതു വിവരക്കേടാണ്‌. ഇത്തരം സ്വലാത്തുകളിൽ നിന്നും മറ്റും സ്ത്രീകളുടെ ശ്രദ്ധ തിരിച്ചു, വ്യർത്ഥമായ കഥകളും നോവലുകളും വായിക്കാൻ പ്രോത്സാഹനം നൽകുന്ന മനുഷ്യപിശാചുക്കളിൽപ്പെട്ട ആരോ ആണ്‌ നിങ്ങളോട്‌ അങ്ങനെ പറഞ്ഞയാൾ എന്നു മനസ്സിലാക്കണം. അത്തരക്കാരെ സൂക്ഷിക്കുക.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ പ്രശ്നോത്തരം ഭാഗം 1, പേജ്‌:33-34)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.
മുബ്തദിഉകളോട് സലാം പറയാമോ?

പ്രശ്നം: മുജാഹിദ്‌, മൗദൂദി, തബ്‌ലീഗ്‌ എന്നീ പ്രസ്ഥാനക്കാർ മുബ്തദിഉകളാണോ? അവരോടു സലാം ചൊല്ലുവാനോ അവർ സലാം ചൊല്ലിയാൽ മടക്കുവാനോ ദീനിൽ തെളിവുണ്ടോ? ബുൽബുലിന്റെ പ്രതികരണമെന്ത്‌?

ഉത്തരം: വഹ്ഹാബികളും മൗദൂദികളും കറകളഞ്ഞ മുബ്തദിഉകളാണെന്ന് അവരുടെ ഗ്രന്ഥങ്ങളും മറ്റും പരിശോധിച്ച ശേഷം കേരളത്തിലെ ആദ്യകാല പണ്ഡിത പ്രമുഖർ തീരുമാനിച്ചിട്ടുണ്ട്‌. ശംസുൽ ഉലമാ ഖുതുബി, മൗലാനാ പുതിയാപ്പിള അബ്ദുർ റഹ്മാൻ മുസ്ലിയാർ, മൗലാനാ ശാലിയാത്തി, ശൈഖുനാ സ്വദഖത്തുല്ല മൗലവി, മൗലാനാ താഴേക്കോട്‌ കുഞ്ഞലവി മുസ്ലിയാർ, കരുവാരക്കുണ്ട്‌ മൊയ്തീൻ ഹാജി മുസ്ലിയാർ, അമാനത്ത്‌ ഹസ്സൻ മുസ്ലിയാർ, കുന്നപ്പള്ളി ഹൈദർ മുസ്ലിയാർ(ഇവരെല്ലാം വഫാത്തായിട്ടുണ്ട്‌. ന:മർഖദഹും) എന്നീ ഉലമാക്കൾ 1953 ഇൽ പെരിന്തൽമണ്ണയിൽ ചേർന്ന 'അഷ്ട ഉലമാ ശിരോമണി കോൺഫ്രൻസ്‌' ആണ്‌ ഇങ്ങനെ തീരുമാനിച്ചത്‌.



തബ്‌ലീഗ്‌ ജമാഅത്തിനെക്കുറിച്ചു ബിദ്‌ അത്തിന്റെ പ്രസ്ഥാനമാണെന്ന് 1965 ഇൽ സമസ്ത മുശാവറ തീരുമാനിച്ചിട്ടുണ്ട്‌. അന്നു ശൈഖുനാ സ്വദഖത്തുല്ല മൗലവി സമസ്തയിലുണ്ടെങ്കിലും മേൽ തീരുമാനത്തിലോ അതിന്നാധാരമായ ഉർദു ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിലോ തനിക്കു നേരിട്ടു യാതൊരു ബന്ധവുമില്ലെന്നു ശൈഖുനാ തന്നെ (നുസ്രത്ത്‌:1983 ജനുവരി ലക്കം) പ്രസ്താവിച്ചിട്ടുണ്ട്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയാകട്ടെ ഇതു സംബന്ധിച്ച്‌ ഒന്നും തീരുമാനിച്ചിട്ടുമില്ല. ഇതുതന്നെ ബുൽബുലിന്റെയും നിലപാട്‌.

മുബ്തദിഉകൾ മുസ്ലിംകളാണ്‌. കാഫിറല്ല. മുസ്ലിംകൾ തമ്മിൽ കണ്ടുമുട്ടിയാൽ സലാം ചൊല്ലണമെന്നും മടക്കണമെന്നുമാണ്‌ അടിസ്ഥാന നിയമം. പക്ഷേ, സലാം ചൊല്ലാതിരിക്കുന്നതിനാലോ മടക്കാതിരിക്കുന്നതിനാലോ മുബ്തദിഉകളെയോ മറ്റോ ബിദ്‌അത്തിൽ നിന്ന് അകറ്റാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യൽ സുന്നത്താണെന്നു ഷാഫിഈ ഫിഖ്‌ഹിൽ ഉണ്ട്‌. (മുഗ്‌നി: 4-214) ഇതുകൊണ്ടാണു മേൽചൊന്ന 'അഷ്ട ഉലമാ കോൺഫ്രൻസ്‌', ബിദ്‌അത്തുകാർ കേരളത്തിൽ പ്രചാരണം തുടങ്ങിയ ആദ്യഘട്ടത്തിൽ സലാം ചെല്ലാതിരിക്കലും ബിദ്‌അത്തുകാരോടുള്ള പെരുമാറ്റ ചട്ടമായി അന്നു ചൂണ്ടിക്കാണിച്ചത്‌. പക്ഷേ ഈ ശിക്ഷണ നടപടി ഫലപ്രദമല്ലെങ്കിലും കൊണ്ടു നടക്കേണ്ട ഒരുറച്ച നിയമമൊന്നുമല്ല.

_മൗലാനാ നജീബ്‌ മൗലവിയുടെ പ്രശ്നോത്തരം - ഭാഗം:1, പേജ്‌:17_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.