Monday, April 04, 2016

ഖുതുബക്കിടയിൽ നമസ്ക്കരിക്കാമോ?

ഖുതുബയ്‌ക്കിടയിൽ നമസ്‌കാരം

പ്രശ്‌നം: ജുമുഅ ദിവസം ജുമുഅക്കുവേണ്ടി ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ തഹിയ്യത്തു നിസ്‌കാരം ഒഴികെ മറ്റെല്ലാ നമസ്‌കാരങ്ങളും ഹറാമാണെന്നാണല്ലോ കിതാബുകളിൽ കാണുന്നത്‌. അതിന്റെ രഹസ്യം എന്താണ്‌? നിസ്‌കാരങ്ങളുടെയെല്ലാം പ്രവർത്തി ഒന്നല്ലേ? പിന്നെ തഹിയ്യത്തു മാത്രം അനുവദനീയവും മറ്റുള്ളവയെല്ലാം ഹറാമും ആവുന്നത്‌ എങ്ങനെ?



ഉത്തരം: ജുമുഅക്കുവേണ്ടി പള്ളിയിൽ ഹാജറായിട്ടുള്ളവർ ഖതീബു മിമ്പറിനു മുകളിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു ഫർളോ സുന്നത്തോ ആയ ഏതു നമസ്‌കാരങ്ങൾ നിർവ്വഹിക്കുന്നതും ഹറാമാണ്‌. ഖതീബിനെയും ഖുതുബയെയും അവഗണിക്കുകയും അതിനെത്തൊട്ടു തിരിഞ്ഞുകളയുകയും ചെയ്യുക എന്ന പ്രശ്‌നമുള്ളതാണ്‌ ഇതു ഹറാമാകുവാൻ കാരണം. തുഹ്‌ഫ:2-456,57.

അതേസമയം, ഖതീബു ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പളളിയിൽ കടന്നുവന്നയാൾക്കു പള്ളിയുടെ അഭിവാദനത്തിനായുള്ള രണ്ടു റക്‌അത്തു തഹിയ്യത്തു നമസ്‌കാരം നിർവ്വഹിക്കൽ സുന്നത്താണ്‌. ജുമുഅയുടെ മുമ്പുള്ള റവാത്തിബു സുന്നത്തു നമസ്‌കരിച്ചിട്ടില്ലാത്തയാൾക്കും വേണമെങ്കിൽ ഇതേ രണ്ടു റക്‌അത്തിനെ റവാത്തിബു സുന്നത്തിന്റെ കരുത്തോടെയും നിർവ്വഹിക്കാവുന്നതാണ്‌. എങ്ങനെയാണെങ്കിലും ഈ രണ്ടു റക്‌അത്തുകളെ നിർബന്ധമായ കർമ്മങ്ങളിൽ മാത്രം ചുരുക്കി നിർവ്വഹിക്കൽ നിർബന്ധവുമാണ്‌. തുഹ്‌ഫ:2-455,56.

ഇപ്രകാരമാണു നമ്മുടെ കർമശാസ്‌ത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളത്‌. താങ്കളുടെ പ്രശ്‌നത്തില്‍ ഉന്നയിച്ച രീതിയിലല്ല. ഖുതുബ നടന്നുകൊണ്ടിരിക്കുമ്പോൾ കടന്നുവന്നയാൾക്കു പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കൽ സുന്നത്താവാൻ കാരണം, നബി(സ)തങ്ങൾ അങ്ങനെ നിർദ്ദേശിച്ചതായി സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്‌. ഖുതുബ നടത്തുമ്പോൾ പള്ളിയിൽ കടന്നുവന്നയാളോടാണു നബി(സ) ഇങ്ങനെ നിർദ്ദേശിച്ചത്‌. നന്ന ലഘുവായ രീതിയിൽ ആ രണ്ടു റക്‌അത്തു നിർവ്വഹിക്കുവാൻ നബി(സ)തങ്ങൾ ഊന്നിപറയുകയും ചെയ്‌തു. (മുസ്‌ലിം)


തന്മൂലം പ്രസ്‌തുത രണ്ടു റക്‌അത്തു നമസ്‌കരിക്കുന്നതിൽ ഖുതുബയെയും ഖതീബിനെയും അവഗണിക്കുന്ന പ്രശ്‌നം വരുന്നില്ല. നബി(സ)യുടെ നിർദ്ദേശം പാലിക്കുന്ന പുണ്യമാണുള്ളത്‌. നേരെ മറിച്ച്‌, ജുമുഅക്കു സന്നിഹിതരായി പള്ളിയിലിരിക്കുന്നവർ ഖതീബു മിമ്പറിലിരുന്ന ശേഷം നമസ്‌കരിക്കാനായി എഴുന്നേൽക്കുന്നത്‌ ഖതീബിനെയും ഖുതുബയെയും അവഗണിക്കലും അവമതിക്കലുമാണ്‌. ഇതാണു ഹറാമാണെന്നു നമ്മുടെ ഫുഖഹാഉ വ്യക്തമാക്കിയതും.

(മുഫ്തി: മൗലാനാ നജീബ് മൗലവി)

(ബുൽബുൽ മാസിക - സെപ്തംബർ 2004)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...