Tuesday, April 05, 2016

❤പുതുമയുള്ള പ്രണയം❤

യാത്രക്കിടയിൽ അയാൾ ഒരു വൃദ്ധനെ കണ്ടു. തലയൊക്കെ നരച്ചു നരച്ച്‌ തൂവെള്ള നിറം. കൺപീലികൾ പോലും നരച്ചു തൂങ്ങിയിരിക്കുന്നു.

പക്ഷേ ആ മുഖത്തൊരു പ്രകാശപ്പൊലിമയുണ്ട്‌. നല്ല തൂവെളിച്ചമുള്ള വദനം. അയാൾ വൃദ്ധനെ പരിചയപ്പെടാനൊരുങ്ങി. അദ്ദേഹം പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. തന്റെ കഥ പറഞ്ഞു തുടങ്ങി.

"അന്നു ഞാൻ ചെറുപ്പമായിരുന്നു. നല്ല ചോരത്തിളപ്പുള്ള സമയം. എന്റെ മൂത്താപ്പയുടെ മോളെ ഞാൻ പ്രണയിച്ചു. ദിവ്യമായ ഒരു അനുരാഗമായിരുന്നു അത്‌. അവൾക്കെന്നെയും ഇഷ്ടമായി. സ്നേഹത്തിന്റെ സാഗരത്തിൽ മുത്തുകൾ തപ്പിയെടുക്കാൻ ഞങ്ങൾ ഒന്നിച്ച്‌ ഊളിയിട്ടു. അതിന്റെ മധുരതരമായ അംബരനീലിമയിൽ ഞങ്ങൾ കൈകോർത്തു പറന്നു നടന്നു.





ആരും ഒരെതിരും പറഞ്ഞില്ല. ഞങ്ങളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ മാതാപിതാക്കളുടെയും ഇഷ്ടം. അവർ ഞങ്ങളുടെ വിവാഹം നടത്തിത്തന്നു. ഞങ്ങളൊന്നായി.

കരുതിയതിലും വേഗമൊന്നിച്ച സന്തോഷം. അന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്‌. പ്രഥമ സമാഗമത്തിന്റെ തീരത്തുള്ളലിൽ ശ്വാസം മുട്ടിയ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. ആർക്കും സാധിക്കാത്ത ഒരത്ഭുത തീരുമാനമായിരുന്നു അത്‌.

അന്നു രാത്രി ഞങ്ങൾ പുലരുവോളം നിസ്ക്കരിച്ചു, ഞങ്ങളെ ചേർത്ത തമ്പുരാനോടുള്ള നന്ദിയായിരുന്നു അതിനു പ്രേരകം.

പിറ്റേന്നും ഞങ്ങളതേ തീരുമാനമെടുത്തു. മറ്റൊന്നും മോഹിക്കാതെ, ഒന്നു തൊടുക പോലും ചെയ്യാതെ അന്നു രാത്രിയും ഞങ്ങൾ സർവ്വലോക നാഥന്റെ മുമ്പിൽ നമസ്കാരം കൊണ്ട്‌ രാത്രിക്കു ജീവൻ നൽകാൻ വിചാരിച്ചു. അന്നും അങ്ങനെത്തന്നെ നടന്നു.

ഒരേ മനസ്സായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. എന്റെ മണവാട്ടിക്കും യാതൊരെതിർപ്പുമില്ലായിരുന്നു. അവൾ പൂർണ്ണമായും എന്റെ തീരുമാനത്തോടു സഹകരിച്ചു.

മൂന്നാമത്തെ രാത്രി ഞങ്ങൾക്കതൊരു ലഹരിയായി മാറിയിരുന്നു. പകലൊക്കെ ഞങ്ങളൊപ്പമുണ്ടാകും. രാത്രിയാണെങ്കിൽ ദീർഘ നമസ്‌കാരവും. ശാരീരിക ബന്ധങ്ങളൊന്നുമില്ല. ഇണക്കുരുവികളായി ഒന്നിക്കാൻ ഞങ്ങൾക്കു സ്രഷ്ടാവ്‌ നൽകിയ അവസരം തന്നെ മതിയായിരുന്നു ജീവിതം മുഴുവൻ സന്തോഷിക്കാൻ! അതേ സന്തോഷത്തിൽ ഞങ്ങൾ എഴുപത്‌ - എൺപത്‌ കൊല്ലമായി ഇതേ നില തുടരുന്നു!.

നിങ്ങൾക്കത്ഭുതം തോന്നിയേക്കാം. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇന്നേവരേ രതിസുഖം നുകർന്നിട്ടേയില്ല. അല്ലെയെടി പെണ്ണേ?"

അദ്ദേഹം വയസ്സായ ഭാര്യയെ വിളിച്ചു!.

നരച്ചു ചുളിഞ്ഞ ഒരു ഉമ്മ അകത്തു നിന്നു വന്നു. അവർ പറഞ്ഞു:

"കാർണോര്‌ പറയുന്നതു പോലെ തന്നെ കാര്യം! റബ്ബ്‌ ഞങ്ങളെ തടസ്സമില്ലാതെ ഒന്നിപ്പിച്ചില്ലേ..അതിനു നന്ദി കാണിച്ചാൽ അവസാനിക്കുമോ? അതുതന്നെ ധാരാളമില്ലേ? പുതുമയുള്ള പ്രണയം തന്നെ അല്ലേ?".

(ഇഹ്‌യാ കിതാബുസ്സ്വബ്‌ർ) (ഉദ്ധരണം: ബുൽബുൽ മാസിക ഒക്ടോബർ 2015).

വായനക്കിരുന്നതായിരുന്നു - തുടങ്ങിയപ്പോഴേ ചിന്തകളെയാകെ പിടിച്ചുണർത്തി മനസ്സിനെ ലോലമായൊരു വിചാരലോകത്തിന്റെ വലക്കകത്തേക്ക്‌ കൈനടത്തിയ ഒരു കുഞ്ഞു ചരിത്രം.

സുബ്‌ഹാനല്ലാഹ്‌, എത്രയെത്ര അത്ഭുതത്തിന്റെ സൃഷ്ടിപ്പുകളാണ്‌, എത്രമാത്രം തഖ്‌വയിൽ മുങ്ങിക്കുളിച്ചവരാണ്‌ നിന്റെ സൃഷ്ടികളിൽ..

ഒരേ ഒരനുഗ്രഹം - അതിന്റെ ഫലമാസ്വദിക്കാൻ പോലും സമയം കാണാതെ ഇലാഹീ കടാക്ഷത്തിൽ മനസ്സ്‌ അലിഞ്ഞിറങ്ങിയപ്പോ ആ ഒരനുഗ്രഹത്തിനു നന്ദി ചെയ്യാൻ തന്നെ തങ്ങളുടെ ജീവിതം മാറ്റി വെക്കാൻ മാത്രം ഹൃദയം വളർന്നവർ..

ചത്തിരിക്കുകയാണ്‌ മനസ്സ്‌ - ഒന്നല്ല ഒരായിരം അനുഗ്രഹത്തിന്റെ കൊടുമുടിക്കുയരെ കയറിനിന്നിട്ടും ഇതൊക്കെ അവനിൽ നിന്നാണല്ലോയെന്ന കൃത്യമായ ബോധം പോലുമില്ലാത്ത നിലവാരത്തിലാണു മനസ്സ്‌. ജീവിതം തന്നതിനുള്ള ശുക്ര് തന്നെ സർവ്വം സമർപ്പിച്ചു ജീവിച്ചാലും കഴിയില്ലെന്നിരിക്കെ എപ്പോഴാണ്‌ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ നൽകാമെന്ന് ഏറ്റ അനുഗ്രഹങ്ങൾക്ക്‌ കൈനീട്ടുക?

ജീവിതത്തിനു നന്ദി കാണിച്ചു വേണ്ടേ നമുക്ക്‌ മരിക്കാൻ? ഇല്ലെങ്കിലീ നന്ദിയില്ലാത്ത അടിമക്ക്‌ ഇനിയൊരു ജീവിതത്തിൽ അവൻ ഔദാര്യം കനിയുമോ..?

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...