Wednesday, April 20, 2016

സത്യവിശ്വാസം വിവസ്ത്രയാണ്...!

ഹസ്രത് സാലിം (റ) വിനോട് അബു ദർദാ(റ) പറഞ്ഞു:

"താനറിയാതെ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ താൻ വെറുക്കപ്പെടുന്നതിനെ ഓരോരുത്തരും കരുതിയിരിക്കണം. നിനക്കറിയുമോ എങ്ങനെയാണിത് സംഭവിക്കുകയെന്ന്?" .

"ഇല്ല" എന്ന് സാലിം (റ) മറുപടി പറഞ്ഞപ്പോൾ അബു ദർദാ(റ) തുടർന്നു:

"സ്വകാര്യതയിൽ ഒരാൾ അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ, സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അല്ലാഹു അവന്റെ മേൽ വെറുപ്പിനെ ഇട്ടു കൊടുക്കും, അവൻ അത് അറിയുക പോലുമില്ല".!


സമൂഹത്തിൽ നിലയും വിലയും ഉണ്ടാകുക എന്നതിന്റെ മാനദണ്ഡം ആഡ്യത്വവും പ്രമാണിത്തവും സാമ്പത്തിക ഉന്നമനവുമായ ലോകത്താണ് നാം ജീവിക്കുന്നത്. സാധാരണമായ സ്ഥിതി ഇതാണെങ്കിൽ കൂടി ഇതൊന്നുമില്ലാതെയും പലരും നമ്മുടെ സമൂഹത്തിൽ ഉയർന്ന പരിഗണന നേടിയവരായി നാം കാണുന്നു. അല്ലാഹുവിങ്കൽ ഉന്നത പദവിയുള്ളവർ ഭൂമിലോകത്ത് ബഹുമാനിക്കപ്പെടുന്നവർ ആകുന്നത് റബ്ബിന്റെ നീതിയാണ്. അവൻ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അവന്റെ മാലാഖമാരെ അറിയിക്കുകയും മാലാഖമാർ അവനെ ഇഷ്ടപ്പെടുകയും അവർ ഭൂമിയിലെ ജനങ്ങൾക്കിടയിൽ അത് അറിയിക്കുകയും അങ്ങനെ ഭൂനിവാസികളും അവരെ ഇഷ്ടപ്പെടുന്നവരായി മാറുന്നു.



പളുങ്ക് പോലെ ശുദ്ധമായ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിച്ച മഹാന്മാർ പലരും നമുക്കിടയിലൂടെ ജീവിച്ചു പോയവരാണ്. പരസ്യവും രഹസ്യവും അവർക്ക് വ്യത്യാസമില്ല, കാരണം സൃഷ്ടികൾക്കിടയിൽ മാത്രമാണ് വസ്ത്രങ്ങളുടെയോ മതിൽക്കെട്ടുകളുടെയോ അകലം മറ സൃഷ്ടിക്കുന്നത് എന്നും രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ താനെപ്പോഴും 'പരസ്യ' ത്തിലാണ് എന്നും തിരിച്ചറിഞ്ഞവരാണ് അവർ.

തേൻ പുരട്ടിയ വാക്കുകൾ കൊണ്ടും ഹൃദയ വിശുദ്ധിയുടെ പുളകമണിയിക്കുന്ന വാചക കസർത്ത് കൊണ്ടും ആർക്കും മറ്റുള്ളവന്റെ മുമ്പിൽ നല്ലവനായി മാറാം. വാക്കുകൾക്കും എഴുതിക്കൂട്ടുന്ന അക്ഷരങ്ങൾക്കും അപ്പുറം രഹസ്യവും പരസ്യവും അറിയുന്ന റബ്ബിന്റെ മുമ്പിൽ താൻ വിവസ്ത്രനാണ് എന്ന തിരിച്ചറിവാകണം നമ്മെ നയിക്കേണ്ടത്. എത്ര എത്ര സദ്‌വൃത്തരായ മനുഷ്യരാണ് പാതിരാവിന്റെ കൂരിരുട്ടിൽ തന്റെ നാഥനല്ലാതെ മറ്റാരും കാണാനില്ലാത്ത സമയത്ത് സുജൂദിലായി വീണു കൊണ്ട് സൃഷ്ടിപ്പിനുള്ള നന്ദി രേഖപ്പെടുത്തുന്നത്. മാധുര്യമുള്ള അക്ഷരങ്ങൾ ക്രമപ്പെടുത്തി തസവ്വുഫും അഖ്ലാഖും വിവരിക്കാൻ നടക്കുന്ന എന്നെ പോലെയുള്ള പാഴ് ജന്മങ്ങൾ നിർബന്ധ കർമ്മങ്ങൾ പോലും മന:ക്ലേശമില്ലാതെ പിന്തിച്ചു വെക്കുന്നു..!

എത്ര കൃത്യമാണ് ഏതോ ഒരു മഹാൻ പറഞ്ഞത് -

الإيمان عريان، ولباسه التقوى، وزينته الحياء

"സത്യവിശ്വാസം വിവസ്ത്രയാണ്, അതിന്റെ ഉടയാട തഖ്‌വയാണ്, അതിന്റെ ഭംഗി ലജ്ജയാണ്'


വിശ്വാസം അതിന്റെ അടിസ്ഥാന സ്ഥാനത്ത് നിന്നും തഖ്‌വയാകുന്ന വസ്ത്രം ധരിച്ച് ലജ്ജയാകുന്ന അലങ്കാരം കൊണ്ട് ഭംഗി കൂട്ടപ്പെടുമ്പോഴാണ് അതിന്റെ പൂർണ്ണതയിലെക്ക് നയിക്കപ്പെടുന്നത്. രഹസ്യജീവിതവും പരസ്യജീവിതവും എന്ന വ്യത്യാസമില്ലാതെ - ആൾക്കൂട്ടത്തിലാണ്, തനിച്ചാണ് എന്ന ഭാവ ഭേദമില്ലാതെ തന്നെ സൃഷ്ടിച്ച് പരിപാലിച്ച് വരുന്ന റബ്ബ് സദാ സമയവും തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവന്റെ മുമ്പിൽ ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ പേരിൽ കോടാനുകോടി ജനങ്ങളുടെ സമക്ഷത്തിൽ നാണം കെടേണ്ടി വരുമെന്നതിനെ ചൊല്ലിയുള്ള ലജ്ജയും മനസ്സിൽ സൂക്ഷിച്ചു, ചലനാചാലനങ്ങൾ മുഴുക്കെ തന്റെ താൽപ്പര്യങ്ങൾക്ക് മേലെ അല്ലാഹുവിന്റെ ഇഷ്ടങ്ങൾക്ക് വഴിപ്പെടൽ തന്നെയാണ് തഖ്‌വ.

എഴുത്തിലും വാക്കിലും നന്മ സൂക്ഷിച്ച് പരസ്യജീവിതം മാത്രം സംശുദ്ധമാക്കി വിജയം കൈവരിക്കാം എന്ന വ്യാമോഹം എത്ര ബാലിശം..! മറയില്ലാത്ത റബ്ബാണ് നമ്മുടെ അമലുകൾ വിലയിരുത്തുന്നത് എന്നും രഹസ്യങ്ങളുടെ രഹസ്യമായ 'മനസ്സ്' നകത്തെ ചിന്തകളെയും അതിന്റെ ചലനത്തെയുമാണ് പുറമെയുള്ള കാട്ടിക്കൂട്ടലുകളേക്കാൾ അവൻ നോക്കുക എന്നും മനസ്സിൽ ഉറക്കാതെ പോയവരാണ് നാമെന്നറിയുക..

ആരുമാരും അറിയാതെ നന്മകളുടെ ഭാണ്ഡക്കെട്ടുകളുമായി മുന്നേ നടന്നവരെ പറ്റി അവർ മരിച്ച ശേഷമെങ്കിലും അവരുടെ നന്മകളെ പറ്റി നാമറിയുന്നു - അവരെ വെറുത്തവർ ആരുമില്ല. ഒന്നിനേക്കാൾ മെച്ചമുള്ള മറ്റൊന്നായി അവരുടെ സ്വഭാവ ജീവിത ഗുണങ്ങൾ പിൽക്കാല ജനങ്ങളിൽ വാമൊഴിയും വരമൊഴിയുമായി പതിഞ്ഞു നിൽക്കുന്നു. മഹാന്മാരെന്നു നാം മനസ്സിലാക്കുന്നവർ ആരും തന്നെ തന്റെ മഹത്വവും തന്റെ സൽക്കർമ്മങ്ങളും മറ്റുള്ളവർ അറിയുന്നതിനെ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും അല്ലാഹുവാണ് അതൊക്കെ ലോകത്തിന് ദൃഷ്ടാന്തമായി നിലനിർത്തിയത്.

അബൂബക്കർ സ്വിദ്ദീഖ്(റ) പറയുമായിരുന്നു:

"രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുക - അല്ലാഹു നിന്നെയും നിന്റെ കർമ്മങ്ങളെയും കാണുന്നു എന്നോർത്ത് അവന്റെ മുമ്പിൽ ലജ്ജയുള്ളവനാകുക"




ആരുമാരും കാണുന്നില്ലെങ്കിലും സദാ കണ്ടുകൊണ്ടിരിക്കുന്ന നാഥൻ കാണുന്നു എന്നതിൽ നമുക്ക് ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നെ എന്തും ചെയ്യാം - അല്ലെങ്കിലും ലജ്ജ ഇല്ലെങ്കിൽ പിന്നെ നിനക്കെന്തും ആകാം എന്നാണല്ലോ...

ബാഹ്യവും ആന്തരികവുമായ സകല തലങ്ങളിലും അവനു വണങ്ങി ജീവിച്ചവരെ അവൻ ഇഷ്ടപ്പെടുന്നു. പുറം പൂച്ച് കൊണ്ട് മാത്രം മധുരമുള്ള മനുഷ്യർ ഭിത്തി ചായം പൂശി ഭംഗിയാക്കിയിരിക്കുന്ന ചാണകകുണ്ട് പോലെ ഉപയോഗ ശൂന്യരായി നിൽക്കുന്നു. അല്ലാഹുവിന്റെ മഹാന്മാരായ അടിമകളുടെ നാവിൽ നിന്നും പേനയിൽ നിന്നും വരുന്ന വാക്കുകൾ തീർച്ചയായും മനസ്സുകളിലേക്ക് കടക്കുന്നു. പ്രവർത്തിയില്ലാത്ത, വാക്കുകൾ മാത്രമുള്ളവരുടെത് സ്വന്തമോ മറ്റുള്ളവർക്കോ ഉപകാരമില്ലാതെയും തീരുന്നു.


"നാവിൽ നിന്നുള്ള വാക്കുകൾ ചെവി വിട്ടു കടക്കുന്നില്ല - ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്നു".

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...