Monday, May 02, 2016

മതപണ്ഡിതന്മാർ ചൂഷകരോ? - (മൗലാനാ നജീബ് മൗലവി)

വിജ്ഞന്മാരുടെ സാന്നിദ്ധ്യവും നേതൃത്വവും അംഗീകരിക്കലും അവരുടെ വിലപ്പെട്ട സേവനങ്ങൾ ഉപയോഗപ്പെടുത്തലും ബുദ്ധിയുള്ള സമൂഹത്തിന്റെ പൊതുസ്വഭാവമാണ്‌. ജീവിതമേഖലകളിലെല്ലാം വിജ്ഞന്മാർക്കുള്ള ഈയംഗീകാരം നമുക്കു ദർശിക്കാനാകും. രോഗം വന്നാൽ ശരീരഘടനയും രോഗത്തിന്റെ നിമിത്തങ്ങളും അതിന്റെ പരിഹാരവും പ്രതിരോധവും അറിയുന്ന ഡോക്‌ടർമാരുടെ സാന്നിദ്ധ്യം അംഗീകരിക്കലും നിർദ്ദേശവും ഉപദേശവും സ്വീകരിക്കലും സാധാരണമല്ലോ. അവകാശങ്ങൾ നേടിയെടുക്കുന്നതിനു കോടതിയെ സമീപിക്കേണ്ടിവന്നാൽ സിവിൽ-ക്രിമിനൽ നിയമങ്ങളും വകുപ്പുകളും കോടതിമര്യാദകളും ചിട്ടകളും അറിയുന്ന വക്കീലുമാരുടെ നിർദ്ദേശം കേൾക്കലും അതനുസരിച്ച്‌ നീങ്ങലും തെറ്റാണോ? 

ഇങ്ങനെ ജീവിതമേഖലകളേതു പരിശോധിച്ചാലും-അത്‌ രാഷ്‌ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ശാരീരികമോ ഏതുമാകട്ടെ- അതതു മേഖലകളിലെ വിജ്ഞന്മാരുടെയും പണ്ഡിതന്മാരുടെയും നിർദ്ദേശങ്ങൾ അംഗീകരിക്കലും അനുസരിക്കലും തന്നെയാണു നിയമപരമായ രീതി. ജാതി-മത-ഭേദമന്യേ സമൂഹത്തിന്റെ പൊതുസ്വഭാവമാണിത്‌.




ഇതുപോലെ മതപരമായ വിഷയങ്ങളിലും അതിന്റെ വിധിയും സാധുതാസാധുതനിയമങ്ങളും വിഷയത്തിൽ വരാവുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളുമെല്ലാം അറിയുന്ന മതപണ്ഡിതന്മാരുടെ നിർദ്ദേശവും നേതൃത്വവും സ്വീകരിക്കലും ഉപദേശം തേടലും അനുസരിക്കലും സ്വാഭാവികവും നിയമപരവുമല്ലേ. ആണ്‌; തീർച്ചയായും. ഭൗതികമേഖലകളിൽ ഭൗതികവിജ്ഞന്മാരുടെ മേൽനോട്ടവും നിർദ്ദേശവുമനുസരിക്കുന്നത്‌ ഭൗതികജഢത്തിന്റെ രക്ഷയ്‌ക്കും സുഖവാസത്തിനുമാണെങ്കിൽ, ആത്മീയരംഗത്ത്‌ ആത്മീയജ്ഞാനികളുടെയും പണ്ഡിതന്മാരുടെയും ഉപദേശം തേടി പ്രവർത്തിക്കുന്നത്‌ ആത്മാവിന്റെ സുരക്ഷയ്‌ക്കും പരലോകത്തെ സുഖവാസത്തിനും വേണ്ടിയാണെന്ന വ്യത്യാസമേയുള്ളൂ.

മതചടങ്ങുകളും ആചാരങ്ങളുമായ നികാഹ്‌, ഇമാമത്ത്‌, മരണാനന്തര ചടങ്ങുകൾ എന്നീ കർമ്മങ്ങളിൽ വിശ്വാസികൾ ഉലമാഇനെ മുന്നിൽ നിറുത്തുന്നത്‌ അവകളിൽ പിഴവു സംഭവിക്കാതിരിക്കാനാണ്‌. അങ്ങനെ സംഭവിച്ചാൽ ബന്ധവും ചാർച്ചയും ഇബാദത്തുകളും കടമകളുമെല്ലാം അസാധുവാകാനും നഷ്‌ടപ്പെടാനുമിടയുണ്ട്‌. യഥാവിധി അവ നടക്കുന്നതിനു തന്നെയാണു പണ്ഡിതന്മാരുടെ നേതൃത്വവും കാർമ്മികത്വവും. അതിനുപുറമെ ഉലമാഇനെ സമുദായം മുന്നിൽ നിറുത്തുന്നതിനു മറ്റൊരു കാരണംകൂടിയുണ്ട്‌.

അല്ലാഹുവിന്റെ ദീൻ പഠിക്കുകയും അതു പകർന്നു നൽകുകയും ചെയ്യുന്ന-പള്ളിയിലും ദീനീ ഉലൂമിലുമായി സദാ കഴിഞ്ഞുകൂടുന്ന പണ്ഡിതന്മാർ അല്ലാഹുവിന്റെ ഭൂമിയിലെ സദ്‌വൃത്തരും സാത്വികരുമാണെന്നു സമുദായം ന്യായമായും വിശ്വസിക്കുന്നു. തോന്ന്യാസികളും പഠിക്കാൻ മിനക്കെടാത്തവരുമായ പൊതുസമൂഹത്തിൽ ഇവർ ആദരണീയർ തന്നെയാണല്ലോ. പ്രാര്‍ത്ഥനകൾക്കും മറ്റു പരിപാടികൾക്കുമെല്ലാം ഇവരെ മുന്നിൽ നിറുത്തുന്നതിന്‌ ഈ സദ് വിചാരമാണ്‌ സമുദായത്തിനു പ്രേരകം.

അഹ്‌ലുസ്സ്വലാഹിനെ (സദ്‌വൃത്തർ) മുന്നിൽ നിറുത്താനും മധ്യസ്ഥരാക്കാനും നിർദ്ദേശിക്കപ്പെട്ട സമുദായമാണല്ലോ ഇത്‌. മഴ കിട്ടാതെ വെള്ളത്തിനു ബുദ്ധിമുട്ടുന്ന വരൾച്ചവേളകളിൽ നിസ്‌കരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്വലാത്തുൽ ഇസ്‌തിസ്‌ഖാഇന്റെ മര്യാദകൾ വിവരിക്കുന്നിടത്ത്‌ ഇവരുടെ ശഫാഅത്തു പിടിക്കലും മധ്യസ്ഥരാക്കലും സുന്നത്താണെന്നും അവരുടെ ദുആ ഉത്തരം കിട്ടാന്‍ ഏറ്റവും പ്രതീക്ഷയുള്ളതാണെന്നും പ്രത്യേകിച്ച്‌ നബിതങ്ങളുടെ കുടുംബത്തെ ഇതിനുപയോഗപ്പെടുത്തണമെന്നും ഹദീസിന്റെയും ഫിഖ്‌ഹിന്റെയും ഇമാമുകൾ വിവരിച്ചിട്ടുണ്ട്‌.

നബിയുടെ പിതൃവ്യൻ അബ്ബാസി(റ)നെ കൊണ്ട്‌ ഉമർ(റ) ശിപാർശ പിടിച്ച സംഭവം ബുഖാരി റിപ്പോർട്ടു ചെയ്‌തതാണ്‌. മുഗ്‌നി: 1-323. നിഷ്‌കാമകർമ്മികളും അല്ലാഹുവിന്റെ പൊരുത്തം പ്രതീക്ഷിച്ചു ദീൻ പഠിക്കാനും പഠിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവച്ചവരുമായ ഉലമാഅ്‌ സദ്‌വൃത്തരല്ലെങ്കിൽ പിന്നെ ആരാണീ സമുദായത്തിലെ സദ്‌വൃത്തർ!?

പരലോകരക്ഷയ്‌ക്കാവശ്യമായ മതവിധികൾ സമുദായത്തിനു പകർന്നു നൽകുന്ന, ഭൗതികനേട്ടങ്ങൾക്കുപോലും മുൻ നിറുത്തി പ്രാർത്ഥിക്കാനും മധ്യസ്ഥത സ്വീകരിക്കാനും സമുദായം നിർദ്ദേശിക്കപ്പെട്ട മതപണ്ഡിതന്മാരെക്കുറിച്ച്‌ "പണിയെടുക്കാതെ പള്ള നിറക്കാനിറങ്ങിയവരെ" ന്നും ദീനീഅറിവുകൾ നുകരുന്ന മുതഅല്ലിമുകളെ "ചോറ്റുപട്ടാള"മെന്നും "ഉദരപൂരണക്കാരെ"ന്നും മറ്റും വിളിച്ചപഹസിക്കുകയും തെറിപൂരണം കൊണ്ടഭിഷേകം നടത്തുകയും ചെയ്യുന്ന നെറികെട്ടവന്മാർ സമുദായത്തിൽ പെട്ടവർ തന്നെയാണെന്നുള്ളതാണു വേദനാജനകം.

അല്ലെങ്കിലും "അദ്ധ്വാനിക്കാതെ അന്നം കഴിക്കുന്നവർ" എന്നതുകൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌? ജോലി ചെയ്യുന്ന സമയത്ത്‌ വിയർക്കുന്നതു മാത്രമാണോ അദ്ധ്വാനമാകുക! അതോ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ജോലിയേ അദ്ധ്വാനമാകൂവെന്നുണ്ടോ? എങ്കിൽ ഇങ്ങനെ വിയർക്കാതെ ജോലി നടത്തുന്നവർ സമൂഹത്തിൽ എത്രയോ പേരില്ലേ? ഏതാനും മണിക്കൂറുകൾ കൊണ്ടോ നിമിഷങ്ങൾ കൊണ്ടോ ജോലി തീരുന്നവരും ധാരാളമില്ലേ? ഇവർക്കെതിരെയെല്ലാം ഈ ആരോപണം ഇവരുന്നയിക്കുമോ? ദിവസവും രണ്ടോ മൂന്നോ മണിക്കൂർ മാത്രം അദ്ധ്യാപനം നടത്തി മാസാന്തം ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങുന്ന സ്‌കൂൾ, കോളേജ്‌ അധ്യാപകന്മാർ, രണ്ടോ മൂന്നോ സെക്കന്റുമാത്രം പ്രിസ്‌ക്രിപ്‌ഷനെഴുതി നൂറും നൂറ്റി അമ്പതും പ്രതിഫലം പറ്റുന്ന ഡോക്‌ടർമാർ, മിനുട്ടുകളുടെ വരകുറി നടത്തി പതിനായിരങ്ങൾ കമ്മീഷനോ ശമ്പളമോ വാങ്ങുന്ന എഞ്ചിനീയർമാർ, ഇവരെല്ലാം മെയ്യനങ്ങാത്ത-വിയർപ്പൊഴുക്കാത്ത ജോലിക്കാരല്ലേ?

മതാദ്ധ്യാപനം നടത്തി ആയിരവും ആയിരത്തിഅഞ്ഞൂറും കവിഞ്ഞാൽ നാലോ അഞ്ചോ ആയിരവും ശമ്പളം വാങ്ങുന്ന മതാദ്ധ്യാപകരും മതസേവകരും മേൽപറഞ്ഞവരൊന്നും ചെയ്യാത്ത തെറ്റ്‌ എന്താണു ചെയ്‌തത്‌! ഇനി നറുക്കെഴുതിയോ നൂലൂതിയോ പൈസ വാങ്ങുന്ന തങ്ങൾമാരോ മുസ്‌ല്യാന്മാരോ, മരുന്നു കുറിച്ചു കൊടുത്തു ഫീസ്‌ വാങ്ങുന്ന ഡോക്‌ടർമാർ ചെയ്യാത്ത വല്ല കടുത്ത പാതകവും ചെയ്യുന്നുണ്ടോ? ഒന്ന്‌ ശാരീരിക ചികിത്സയും മറ്റേത്‌ ആത്മീയ ചികിത്സയുമെന്ന വ്യത്യാസമല്ലേയുള്ളൂ. ഭൗതികവിഷയമാകുമ്പോൾ അതു സേവനവും ജോലിയുമായും ആത്മീയ വിഷയമാകുമ്പോൾ അതു ചൂഷണവും അദ്ധ്വാനിക്കാതെ അന്നം തിന്നലുമായും ചിത്രീകരിക്കുന്നതിന്റെ യുക്തി എന്താണാവോ!

ഒരു ഡോക്‌ടർ ഡോക്‌ടറാകാനും അധ്യാപകൻ അധ്യാപകനാകാനും ധാരാളം വർഷത്തെ അദ്ധ്വാനമുണ്ടെന്നാണു പറയുന്നതെങ്കിൽ, അതിനേക്കാൾ എത്രയോ വലിയ അദ്ധ്വാനമാണ്‌ ഒരു ശരിയായ ആലിമാകാൻ വേണ്ടത്‌. അതല്ല, ധാരാളം പണം ചെലവാക്കി പഠിച്ചവരാണ്‌ ഡോക്‌ടർമാരും എഞ്ചിനീയർമാരും അധ്യാപകരുമെല്ലാം എന്നതാണു വ്യത്യാസമെങ്കിൽ, ആത്മീയ രംഗത്തു മതവിജ്ഞാനും നുകരാനും പഠിക്കാനും പണമില്ലാതെ തന്നെ സമുദായം സൗകര്യമൊരുക്കിയതു കൊണ്ടാണല്ലോ ഇത്‌. ഇതു ആലിമുകൾ ചെയ്‌ത തെറ്റാണോ?

ആയിരത്തിഅഞ്ഞൂറിനും രണ്ടായിരത്തിനും ജോലി ചെയ്‌ത്‌ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന മുസ്‌ല്യാക്കന്മാരെല്ലാം മേലനങ്ങാതെ തിന്നാൻ വേണ്ടിയാണ്‌ ഈ രംഗത്തു നിൽക്കുന്നതെന്നു പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ ആരെയാണ്‌ അതിനു കിട്ടുക! മൗലിദുകർമ്മം പോലുള്ള ആചാരങ്ങൾ "മേലനങ്ങാതെ ആരാന്റേതു തിന്നു നടക്കാന്‍ വേണ്ടി" പടച്ചുണ്ടാക്കിയതാണെന്നും മുസ്‌ല്യാർമാർ എന്ന തസ്‌തിക തന്നെ ഇങ്ങനെ സൃഷ്‌ടിക്കപ്പെട്ടതാണെന്നും ആണ്ടിലൊരിക്കൽ നടക്കുന്ന "മൗലിദിന്റെ കൈമടക്ക്‌" ലഭിക്കാനും ഖബ്‌റിങ്ങൽ ഓതി പൈസ മേടിക്കാനുമാണ്‌ ഇതെല്ലാമെന്നും പരിഹസിക്കുന്നത്‌ എത്രവങ്കത്തരമാണ്‌!

ആകട്ടെ, മുസ്‌ല്യാക്കന്മാരെ ചൂഷകരും പണം പിടുങ്ങികളുമായി മുദ്രകുത്തുന്നവർ ഇത്തരം കർമ്മങ്ങൾക്കു പണംവാങ്ങൽ നിഷിദ്ധമാണെന്ന വാദപ്രകാരമാണ്‌ അങ്ങനെ പറയുന്നതെങ്കില്‍ അതിനു തെളിവെന്താണ്‌? മൗലിദ്‌ ഓതിയ ശേഷം ഹദ്‌യ ചെയ്യുന്നതു സ്വീകരിക്കലും ഖുർആനോതാൻ ആളെ കൂലി കൊടുത്തു നിശ്ചയിക്കുന്നതും അതു സ്വീകരിക്കുന്നതും മതാധ്യാപനത്തിനും പള്ളിപരിപാലനത്തിനുമെല്ലാം ശമ്പളം പറയലും വാങ്ങലും നിഷിദ്ധമാണെന്ന്‌ ഏതു കർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇവർ തെളിയിക്കുക! അല്ലെങ്കിൽ ഏത്‌ ആയത്തിന്റെ-ഹദീസിന്റെ അടിസ്ഥാനത്തിൽ?

തങ്ങളുടെ ജംഇയ്യത്തുൽ ഉലമായുടെയും സംഘടനകളുടെയുമെല്ലാം നേതൃസ്ഥാനങ്ങളിൽ തങ്ങളിലുള്ള വിജ്ഞന്മാരെയും വിദ്വാന്മാരെയുമാണല്ലോ ഇവർ നിയമിക്കുന്നത്‌. ഇതിന്റെ തെളിവെന്താണാവോ! തങ്ങളുടെ നികാഹുകൾ, കല്ല്യാണങ്ങൾ, പള്ളിശിലാസ്ഥാപനം, ഉദ്‌ഘാടനം ആദിയായവയക്കെല്ലാം തങ്ങളുടെ മൗലവിമാരുടെ നേതൃത്വവും കാർമ്മികത്വവുമാണ്‌ ഇവർ അംഗീകരിക്കുന്നത്‌. ഇതിൽ ചൂഷണമോ "പൗരോഹിത്യമോ" ഇല്ലേ? തലമറക്കാത്ത പാന്റ്സിട്ട മൗലവിമാരാകുമ്പോൾ ഇതൊന്നുമില്ലെന്നും തലേക്കെട്ടി താടിവച്ച മതപണ്ഡിതന്മാരെക്കൊണ്ടാകുമ്പോൾ മാത്രമാണ്‌ പ്രശ്‌നമെന്നും വരുന്നതെങ്ങനെ? വിരോധാഭാസമെന്നല്ലാതെന്തുപറയാൻ?!

നടേപറഞ്ഞ കർമ്മങ്ങളെല്ലാം ശാഫിഈ ഫിഖ്‌ഹ്‌ കൈകാര്യം ചെയ്യുകയും സവിസ്‌തരം പ്രതിപാദിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതനുസരിച്ചു മാത്രമാണു കേരളത്തിലെ സുന്നീഉലമാഉം പ്രവർത്തിക്കുന്നത്‌. ഇതിന്റെ പേരിൽ അവരെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും മറ്റൊന്നും കൊണ്ടല്ല; തങ്ങളുടെ നിലനിൽപ്പിനു ഉലമാഅ്‌ ഭീഷണിയാണെന്നുള്ള തിരിച്ചറിവിൽ നിന്നുയർന്ന പേടി കൊണ്ടാണ്‌. തങ്ങളുടെ ആശയ പാപ്പരത്തവും അടിസ്ഥാനരഹിതമായ നിലപാടുകളും സമൂഹത്തിനു മുമ്പിൽ പോസ്റ്റുമോർട്ടം ചെയ്യാനുള്ള ത്രാണി ഇവിടത്തെ ഉലമാക്കൾക്കുണ്ടെന്ന തിരിച്ചറിവാണു പ്രശ്‌നം.

സത്യവിശ്വാസികളുടെ കർമ്മാചാരങ്ങളും വിശ്വാസവും പിഴവുപറ്റാതെ കാത്തുസൂക്ഷിക്കുന്ന അവരുടെ സുരക്ഷാവലയമായ ഉലമാഇനെ സമുദായത്തിൽ നിന്ന്‌ അകറ്റിയെങ്കിൽ മാത്രമേ തങ്ങളുടെ അബദ്ധജഢിലമായ അന്തകവിത്തുകൾ ഈ സുദായത്തിൽ മുളക്കുകയുള്ളൂവെന്ന തിരിച്ചറിവ്‌ മറ്റാരേക്കാളും ഇവർക്കുണ്ട്‌. അതുകൊണ്ടാണ്‌ ഇവർ വൃത്തികെട്ട ആരോപണങ്ങളിലൂടെയും അമാന്യമായ അവഹേളനത്തിലൂടെയും സമുദായസമുച്ഛയത്തിനു വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്‌. വിശ്വാസികൾ ഇവരുടെ കുതന്ത്രം തിരിച്ചറിഞ്ഞ്‌ ഉണർന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. അതീവജാഗ്രതയോടെ..

മൗലാനാ നജീബ് ഉസ്താദിന്റെ 'ലഘുചിന്തകൾ' എന്ന പുസ്തകത്തിൽ നിന്നും (ബുൽബുൽ മാസികയിൽ വന്ന ലേഖനം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...