Sunday, April 03, 2016

മുഖം മൂടി അഴിയുന്ന മുസ്‌ലിം ഏകത

ഇന്ത്യൻ മുസ്‌ലിംകൾ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണോ ഇന്നുള്ളതെന്ന ചോദ്യം സമുദായത്തിലെ ഓരോ അംഗങ്ങളുടെയും മനസ്സ്‌ മന്ത്രിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. ബാബരീ മസ്‌ജീദിന്റെ തകർച്ചയോടെ ഈ സംശയം കൂടുതൽ ബലപ്പെട്ടു. പരിഹാരം നിർദ്ദേശിക്കാൻ പലർക്കും പലതുമുണ്ടായിരുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുറം തള്ളപ്പെട്ടതാണു പ്രശ്‌നങ്ങളുടെ കാരണമെന്നും അതിനാൽ വിദ്യാഭ്യാസമുന്നേറ്റം മാത്രമാണു വഴിയെന്നു ഒരു വിഭാഗം: അതല്ല, അതിലേറെ വലിയ പ്രശ്‌നം രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നും അതുകൊണ്ട്‌ രാഷ്‌ട്രീയമായി സംഘടിക്കുകയാണു വേണ്ടതെന്നും മറ്റൊരു വിഭാഗം. എന്നാൽ മസ്‌ജിദ്‌ തകർച്ചയോടെ മുസ്‌ലിം രാഷ്‌ട്രീയ ശക്തി മൂന്നായി പിളരുകയായിരുന്നുവെന്നത്‌ മറ്റൊരു രസം.


ഭിന്നതകൾ മറന്നു പ്രതിരോധനിര സൃഷ്‌ടിക്കുകയെന്നതാണ്‌ വേറെ ചിലർക്കു പറയാനുണ്ടായിരുന്നുത്‌. "മുസ്‌ലിംകൾ സുന്നി-മുജാഹിദ്‌-ജമാഅത്ത്‌ എന്നിങ്ങനെ കക്ഷികൾ പിരിഞ്ഞു തർക്കിക്കുന്നതാണ്‌ അവർ കണ്ട പ്രശ്‌നം. "തലയിൽ തൊപ്പി വെക്കണമോ വേണ്ടെയോ എന്നതല്ല വിഷയം: ആ തല ഉടലിൽ വേണമോ വേണ്ടയോ എന്നതാണ്‌; നിസ്‌കാരത്തിൽ കൈ എവിടെ കെട്ടണം എന്നതല്ല, നിസ്‌കരിക്കണോ വേണ്ടെയോ എന്നതാണ്‌ കാര്യം? തുടങ്ങിയുള്ള ഉദ്‌ബോധനങ്ങൾ മതാവേശമുള്ള ചെറുപ്പക്കാരെ വല്ലാതെ സ്വാധീനിച്ചു. അവർ സംഘടിച്ചു. ശുദ്ധമനസ്‌ക്കരായ മതഭക്തർ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച്‌ ഓർത്തിരുന്നില്ല. അഥവാ അതിനു കഴിയുന്നവരായിരുന്നില്ല അവർ.

അവകാശങ്ങൾ നേടുന്നതിൽ സുന്നീ-മുബ്തദിഅ്‌ ഭിന്നത മുമ്പേ അവർക്കു തടസ്സമായിരുന്നില്ല. ന്യൂനപക്ഷ അവകാശം നേടുന്നതിൽ മതഭിന്നത തന്നെ അവർക്കു തടസ്സമാകാറില്ലല്ലോ. എന്നുവെച്ച്‌ സുന്നത്ത്‌-ബിദ്‌അത്ത്‌ എന്നിങ്ങനെയുള്ള വിവേചനം വേണ്ടെന്നുവയ്‌ക്കുന്നത്‌ പ്രവാചകാധ്യാപനങ്ങളെ മറികടക്കലാണ്‌. നബി (സ) പറഞ്ഞു, "ആരെങ്കിലും ഒരു ചാൺ ജമാഅത്തില്‍ നിന്നു വിട്ടു നിന്നാൽ അവൻ തന്റെ പിരടിയിൽ നിന്നു ഇസ്ലാമിന്റെ പൊൻ താലി പൊട്ടിച്ചെറിഞ്ഞു" (അഹ്‌മദ്‌, ഇബ്‌നുമാജ). ഇവിടെ ബിദ്‌അത്തു മോശമാണെന്നത്‌ വ്യക്തം. ഇതിൽ സുന്നികളും സുന്ന്യേതരരും തർക്കമില്ല. എന്നാൽ ബിദ്‌അത്തും അതിന്റെ കക്ഷിയും ഏത്‌ എന്ന്‌ നിർണ്ണയിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അഭിപ്രായ വ്യത്യാസം ഏകതാവാദത്തിനു തടസ്സമാകുമെന്നു പറയുന്നവർ യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്രത്തെയാണു കൊല്ലുന്നത്‌.

ആരോ തർക്കിച്ചു എന്നതിനാൽ മാത്രം, താൻ അതിൽ മൗനം പാലിക്കണമെന്നു പറയുന്നത്‌ എത്ര മാത്രം അബദ്ധമാണ്‌! ഇവിടെ സുന്നി മുശ്‌രിക്കാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തു വരുന്നു. ഇതിൽ ഒരു മധ്യസ്ഥനു പറയാനുള്ളത്‌ ഈവാദം അടിസ്ഥാനമുള്ളതാണെങ്കിൽ അതിനു നിമിത്തമായ കാരണത്തിൽ നിന്നു സുന്നി പിന്തിരിയണമെന്നോ അല്ലെങ്കിൽ ആ വാദം നത്തുന്നവൻ അതിൽ നിന്നു പിന്മാറണമെന്നോ തന്നെയല്ലേ? അങ്ങനെയല്ലാതെ ഇതു രണ്ടും ഒരേ സമയം സത്യമെന്നു വിശ്വസിക്കാൻ ബുദ്ധിയുള്ളവരെ കിട്ടുമോ? എങ്കിൽ ഇവർ ബുദ്ധിയില്ലാത്തവരെന്നു നാം പറയരുത്‌. ബുദ്ധിയുള്ളവർ തന്നെ. അതല്ലേ "ഖാജാ മുഈനുദ്ദീനെയും ഗുരുവായൂരപ്പെനെയും അദൃശ്യമോ അസാധാരണമോ ആയ സഹായം പ്രതീക്ഷിച്ചു വിളിക്കുന്നത്‌ ശിർക്കു തന്നെയെ"ന്നു സംശയലേശമെന്യെ ഇവർ ഒ.അബ്‌ദുല്ലയെ കൊണ്ട്‌ എഴുതിച്ചത്‌.

ഇവർക്ക്‌ മുസ്‌ലികൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഇസ്‌ലാമിന്റെ യാഥാർത്ഥ മുഖം ഏതാണെന്നു തങ്ങൾക്ക്‌ അറിയേണ്ടെതുണ്ടെന്നും അതിനാൽ നിങ്ങൾ എന്തു പറയുന്നുവെന്നറിയാൻ ഞങ്ങൾക്ക്‌ താൽപ്പര്യമുണ്ടെന്നും പറഞ്ഞുകൊണ്ട്‌, തർക്കിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി സംവദിപ്പിക്കാൻ വേദിയൊരുക്കുകയല്ലേ ഇവർ ചെയ്യേണ്ടിയിരുന്നത്‌? അനാവശ്യ വിവാദങ്ങൾ വെളിയിലിറക്കി സാങ്കേതികത്വം പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നവരെ ചെറുക്കാനെങ്കിലും ഈ സംവിധാനം ഉപകരിക്കുമായിരുന്നില്ലേ? അപ്പോൾ യഥാർത്ഥത്തിൽ കക്ഷിത്വം ഇല്ലാതാക്കലായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഇവരുടെ വരവ്‌ മറ്റൊരു കക്ഷിത്വത്തിനു വഴിവെക്കുകയായിരുന്നല്ലോ. അതിന്റെയും പുറമേ ഇവർ 2004 ഡിസംബർ 1-15 തേജസ്സിൽ പറഞ്ഞത്‌ പോലെ എല്ലാവരും ഗവേഷകരാവുക കൂടി ചെയ്‌താൽ ഒരോരുത്തരുടെയും പേരിൽ ഇനിയും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയാണല്ലോ ഉണ്ടാവുക. "ഗവേഷണ യോഗ്യരല്ലാത്ത പലരും ഗവേഷണം കൊണ്ടു കളിച്ചതാണു സമുദായം ഇവ്വിധം കക്ഷികളും പാർട്ടികളുമായി തിരിയാൻ കാരണമെന്ന്‌" മുജാഹിദുകളുടെ അൽമനാർ മാസിക പോലും തുറന്നെഴുതിയതാണെന്നോർക്കുക.


അതിനും പുറമേ കേരളത്തിൽ അപരിചിതമായ ചിലകക്ഷികളെ പരിചയപ്പെടുത്താനും അവരുടെ ആശയങ്ങൾ കൂടി ഇറക്കുമതി ചെയ്യാനും ഇവർ ശ്രമം നടത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈജിപ്‌തിലെ ഇഖ്വ്‌വാനുൽ മുസ്‌ലിമീനെയും അതിന്റെ നേതാക്കളെയും ഇവരുടെ പത്രങ്ങളിലും കലണ്ടറുകളിലും വല്ലാതെ പരിചയപ്പെടുത്തുന്നതിൽ നിന്നാണ്‌ ഈ സംശയം ജനിക്കുന്നത്‌. മുജാഹിദുകളിലെ ഗ്രൂപ്പിസം അവലോകനം ചെയ്‌ത്‌ ഒ. അബ്‌ദുല്ല തേജസില്‍ എഴുതിയത്‌ ഇങ്ങനെ "ഹുസൈന്‍ മടവൂർ ഇഖ്വ്'വാനിയാണ്‌ എന്നാണ്‌ അരോപണം. എങ്കിൽ അത്‌ അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടിച്ചാർത്തുന്നതാണ്‌." 'തോറ്റ തൊപ്പി'യിലാണോ പൊൻ തൂവൽ ചാർത്തുക എന്ന സംശയം പ്രസക്തമാണെങ്കിലും.

പണ്‌ഡിതന്മാരിൽ നിന്നു ജനങ്ങളെ അകറ്റാനാണോ ഇവരുടെ ശ്രമമെന്നു തുടക്കം മുതലേ സംശയിച്ചിരുന്നതാണ്‌. കഴിഞ്ഞ ലക്കത്തിൽ ബുൽബൂൽ അവലോകനം ചെയ്‌ത തേജസ്‌ ഉദ്ധരണികൾ ഇത്‌ കൂടുതൽ വ്യക്തമാക്കുന്നു. പണ്ഡിതൻമാർ സമുദായത്തെ ഫിഖ്‌ഹിൽ തളച്ചിട്ടു; പണ്ഡിതൻമാർ അനാവശ്യ തർക്കങ്ങളിൽ സമയം പാഴാക്കി തുടങ്ങിയ ഇവരുടെ പ്രയോഗങ്ങളുടെ ലക്ഷ്യമറിയാത്ത പലരും ഇത്‌ ഏറ്റു പിടിച്ചു. വാസ്‌തവത്തിൽ പണ്ഡിതൻമാരുടെ ഭിന്നതയുടെ പൊരുളറിയാത്തവർക്ക്‌ ഇത്‌ അനാവശ്യമായി തോന്നിയേക്കാം. എന്നുവെച്ച്‌ വിജ്ഞന്മാർക്ക്‌ ഇങ്ങനെ കാണാനാകുമോ? താബിഉകളിൽ പ്രമുഖൻ ഉമറുബ്‌നു അബ്‌ദുൽ അസീസ്‌ (റ) പറയുന്നു.


"മുഹമ്മദ്‌ നബിയുടെ അനുഗാമികൾ ഭിന്നിക്കാതിരിക്കുന്നത്‌ എന്നെ സന്തുഷ്‌ടനാക്കുന്നില്ല. കാരണം അവർ ഭിന്നിച്ചില്ലായിരുന്നെങ്കിൽ ഇളവുകൾ ഉണ്ടാകുമായിരുന്നില്ല." ഈ ഭിന്നത കൊണ്ടുദ്ദേശ്യം മതവിധികളിലെ അവരുടെ ഭിന്നതയാണെന്ന്‌ ഇമാം സൂയൂഥി തുടർന്നു വിവരിക്കുന്നുണ്ട്‌. (അദ്ദുററല്‍ മുന്‍തസിറ:പേ:12) ആധുനികമായ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിർദ്ദേശിക്കാനുതകും വിധം നാലു മദ്‌ഹബിലെയും പണ്ഡിതർ ക്രോഡീകരിച്ചു രേഖപ്പെടുത്തിയ വിധികളില്ലായിരുന്നെങ്കിൽ 'ഹദീസിലും ആയത്തിലും പരതിയപ്പോൾ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നു' പറഞ്ഞു കൈമലർത്തേണ്ടി വരുമായിരുന്നേനെ. പ്രശ്‌നങ്ങളിലെ വിധി കടഞ്ഞെടുക്കുന്നതിനു സംവാദങ്ങളും ഗ്രന്ഥരചനകളും ധാരാളം നടക്കേണ്ടി വരിക സ്വാഭാവികമാണ്‌. ഇതില്ലാതെ അന്തിമ വിധി ലഭ്യമല്ല.


"തർക്കിക്കാതെ ആദ്യമേ ഇതു പറഞ്ഞാൽ പോരേ" എന്ന ചിലരുടെ ചോദ്യം കേൾക്കുമ്പോൾ എന്റെ ഒരു മുതിർന്ന സ്‌നേഹിതൻ പറഞ്ഞു തന്ന കഥയാണ്‌ മനസ്സിൽ വരുന്നത്‌. ഒരാൾ ഒരു ഹാമ്മർ എടുത്ത്‌ വളരെ ശക്തിയായി ഒരു പാറയിൽ വെട്ടുന്നു. പത്ത്‌ പ്രാവശ്യം വെട്ടിയപ്പോഴാണു പാറപൊട്ടിയത്‌. അപ്പോൾ ഇത്‌ പൊട്ടിക്കുന്നതിൽ ആദ്യവെട്ടുകളുടെ പങ്കുമനസ്സിലാക്കാനാകാത്ത ഒരു വിഡ്‌ഢി ഇങ്ങനെ പ്രതികരിച്ചത്രേ. "അയാൾക്ക്‌ ആദ്യമേ ഈ വെട്ടു നടത്താമായിരുന്നില്ലേ?".

നിത്യം ഒരക്ഷരം വിദ്യ പഠിക്കുകിൽ കാണാ വഹീനരെ കഴുതസമാനരായ്‌ എന്ന അർത്ഥത്തിൽ ഇമാം ശാഫിഈ(റ) പാടിയത്‌ എത്ര പരമാർത്ഥം! തർക്കത്തിന്റെയും ഭിന്നതയുടെയും പേരിൽ പരിതപിക്കുന്നവർ തന്നെ കൂടുതൽ തർക്കത്തിനിട വരുത്തുന്ന "ഇജ്‌തിഹാദ്‌" പണ്ഡിതൻമാർ നിർത്തലാക്കിയെന്നു കുറ്റപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്‌! ഇപ്പോൾ ഇവരുടെ സുഖക്കേട്‌ ബോധ്യമായി. തർക്കിക്കുന്നതും ഭിന്നിക്കുന്നതുമല്ല ഇവർക്കു പ്രശ്‌നം. അതു മദ്‌ഹബുകളിൽ ഒതുങ്ങിനിന്നാവുന്നതിനോടാണ്‌! അല്ലെങ്കിലും മരണമെന്ന പ്രതിഭാസത്തിലല്ലാതെ ഏതിലാണു തർക്കമില്ലാത്തത്‌!

ഇവരുടെ ഭാഷയിൽ പണ്ഡിതൻമാർ ചെയ്‌ത മറ്റൊരു തെറ്റ്‌ "ഇൽമ്‌" എന്ന പദത്തിന്റെ അർത്ഥം "പ്രപഞ്ചത്തിലെ എല്ലാ അറിവും എന്നതില്‍ നിന്നു മതപരമായ അറിവ്‌ എന്നാക്കി ചുരുക്കി" എന്നതാണ്‌. വാസ്‌തവത്തിൽ ഇത്‌ വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്‌ എന്നറിയുക. "അവരൊന്നും അറിയുന്നില്ല; ഭൗതിക ജീവിതത്തിന്റെ പാരത്രിക ലോകത്തെക്കുറിച്ച്‌ അവരജ്ഞരാവുകയും ചെയ്യുന്നു." ഭൗതിക ജീവിതത്തെക്കുറിച്ചു മാത്രമറിയലാണ്‌ വിവരക്കേടായി ഖുർആൻ ഇവിടെ പറയുന്നത്‌. "നഖം കൊണ്ട്‌ മറിച്ചിട്ട നാണയത്തിന്റെ തൂക്കം കൃത്യമായി പറയാൻ കഴിടുന്നതോടൊപ്പം നിസ്‌ക്കാരത്തെക്കുറിച്ച്‌ വിവരമില്ലാതിരിക്കുക" ഇതാണിപ്പറഞ്ഞ വിവരക്കേടുകൊണ്ട്‌ വിവക്ഷയെന്നു ഹസനുൽ ബസരി (റ) പറഞ്ഞിട്ടുണ്ട്‌. ഇതു തുറന്നു പറഞ്ഞതാണോ പണ്‌ഡിതന്മാരുടെ തെറ്റ്‌! അതോ ഇവരെയെല്ലാം ഉദ്ദേശിച്ചാണോ ഇൽമിനെ പരിമിതപ്പെടുത്തിയ സ്വാർത്ഥന്മാരെന്നു തേജസ്സ്‌ ആരോപിച്ചത്‌!

അവരുടെ മേലുള്ള മറ്റൊരാരോപണം "ഇജ്‌മാഅ്‌ എന്ന പദത്തിന്റെ അർത്ഥം മുസ്ലിം സമൂഹത്തിന്റെ ഏകീകൃതാഭിപ്രായം" എന്നതിൽ നിന്നു ചുരുക്കി "പണ്‌ഡിതന്മാരുടെ ഏകീകൃതാഭിപ്രായം അഥവാ തങ്ങളുടെ തന്നെ അഭിപ്രായം എന്നാക്കി" എന്നതാണ്‌. ഇത്‌ പലതരികിടകളുടെ മിശ്ര രൂപമാണ്‌. ഇജ്‌മാഇന്റെ നിർവ്വചനമായി മേലുദ്ധരിച്ചത്‌ രണ്ടും ശരി തന്നെയാണ്‌. പക്ഷേ രണ്ടാമത്‌ പറഞ്ഞതു പുലർന്നാൽ ഇജ്‌മാആയി. അത്‌ തത്വത്തിൽ മുസ്ലിം സമൂഹത്തിന്റെ ഏകോപനവുമാണ്‌. ഓരോവ്യക്തിയും അതിൽ കണ്ണിയാകണമെങ്കിൽ ഇജ്‌മാഅ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടത്‌ എന്നു പറയാവുന്ന എത്ര കാര്യം കിട്ടും? ഇജ്‌മാഅ്‌ പ്രമാണമാണെന്നും അല്ലെന്നും തർക്കം നടക്കുന്ന ഒരു സമൂഹത്തിൽ അത്‌ പ്രമാണമാണെന്നു പറഞ്ഞു രംഗത്തു വരികയും ഒരോവ്യക്തിയും അതിൽ കണ്ണിയാവാഞ്ഞാൽ അതു പുലരുകയില്ലെന്നു പറഞ്ഞ്‌ അതിനെ കൊന്നു കളയുകയും ചെയ്യുന്നവർ ഏതുപക്ഷത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളതെന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്‌.

അതോടൊപ്പം ഒരു സഹസ്രാബ്‌ദ കാലത്തിലധികമുള്ള മുസ്ലിം സമൂഹത്തിന്റെ മൊത്തം ഏകോപനം പോലെ സ്ഥിരപ്പെട്ട മദ്‌ഹബ്‌ അനുകരണത്തിൽ തെറ്റു കണ്ടെത്തി ഇജ്‌തിഹാദിനു വേണ്ടി വാദിക്കുക, ഇതിലെ വൈരുധ്യമോർക്കാതെ അതിന്റെ പേരിലും പണ്ഡിതരെ പഴിക്കുക. ഇതെന്തു നീതി?! സാധാരണക്കാർ പണ്ഡിതർ എന്നു കേൾക്കുമ്പോൾ മനസ്സിലാക്കുക ആരെയാണോ അവരെല്ലാം പക്ഷെ, തങ്ങൾ ഇജ്‌തിഹാദിന്‌ അർഹരല്ലെന്ന സ്വന്തം കഴിവു കേട്‌ സമ്മതിച്ചവരാണ്‌. മൂന്നാം നൂറ്റാണ്ടിനു ശേഷം അതിനു യോഗ്യരായ ആരും ഉണ്ടായിട്ടില്ലെന്നാണ്‌ ഇമാം ഇബ്‌നു ഹജറി (റ) നെ പോലൈാത്തവർ വ്യക്തമാക്കിയത്‌. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്‌ തങ്ങൾ ഇജ്‌മാഇൽ കണ്ണികളാകാൻ അർഹരല്ലെന്ന സത്യവും. നമുക്കും കിട്ടേണ്ട ഇജ്‌തിഹാദ്‌, ഇജ്‌മാഅ്‌ എന്നിവയിലെ അവകാശം പണ്ഡിതൻമാർ സ്വന്തം കുത്തകയാക്കിയെന്നു തെറ്റിദ്ധരിപ്പിച്ച്‌ അവർക്കെതിരെ പാവങ്ങളെ തിരിച്ചു വിടാനുള്ള തന്ത്രമാണിത്‌.

"നിങ്ങളെ നാം സത്യസാക്ഷികളായ സമൂഹമാക്കി" തുടങ്ങിയ അനേകം ഖുർആൻ വാക്യങ്ങൾ കൊണ്ടും "എന്റെ ഉമ്മത്ത്‌ പിഴവിൽ ഏകോപിക്കില്ല" തുടങ്ങിയ നബിവചനങ്ങൾ കൊണ്ടും അടിസ്ഥാനം സ്ഥിരപ്പെട്ടതാണ്‌ ഇജ്‌മാഅ്‌. ഇതിനു മുമ്പ്‌ സൂചിപ്പിച്ചതു പോലെ ഗവേഷണ യോഗ്യരായ പണ്ഡിതൻമാരുടെ ഏകോപനമാണ്‌. അത്‌. ഒരിടത്ത്‌ എല്ലാവരും ഒത്തു കൂടി തീരുമാനിച്ചു പറയലല്ല. ഒരു ഗവേഷകനു മറ്റൊരാളെ അനുകരിക്കൽ അനുവദനീയമല്ല. ഇങ്ങനെ ഒരു കാലത്തെ വ്യത്യസ്‌ത ഗവേഷകരുടെ ഗവേഷണം ഒത്തു വരലാണ്‌ ഇജ്‌മാഅ്‌. ഒരു സമൂഹത്തിന്റെ "കൈകാര്യക്കാരുടെ" തീരുമാനം അവരുടെ മൊത്തം തീരുമാനമായി അംഗീകരിക്കപ്പെടുമെന്നത്‌ ആർക്കും മനസ്സിലാകാത്തതല്ല. ശൈഖ്‌ സായിദിന്റെ വിയോഗത്തില്‍ ഇന്ത്യൻ ജനതയുടെ ദു:ഖം പ്രധാനമന്ത്രി യു.എ.ഇ അധികൃതരെ അറിയിച്ചു എന്നൊരു വാർത്ത വന്നാൽ അയാൾക്കതു പറയാൻ എന്താണധികാരം? ഇന്ത്യൻ ജനത എന്നാൽ മൻമോഹൻ സിംഗ്‌ എന്നാണോ അർത്ഥം? എന്ന്‌ ഒരാൾ ചോദിച്ചാല്‍ അതിനെന്താണു മറുപടി?

ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പ്രതിഭകളിൽ നിന്നു തേജസിന്റെ അണിയറ ശിൽപ്പികളെ സ്വാധീനിച്ചവരുടെ പട്ടിക നിരത്തിയിട്ട്‌ അതിൽ നിന്നു വായനക്കാരുടെ അഭിപ്രായ സർവ്വേ നടന്നതോർക്കുന്നു. അന്നു തേജസ്സ്‌ ഇരുപതിനായിരത്തിന്റെ സർക്കുലേഷന്റെ പെരുമ പറയുന്ന കാലമാണ്‌. എന്നാൽ ഇതിൽ എത്രപേർ സർവ്വേയിൽ പങ്കെടുത്തിരിക്കും? എത്രയായാലും ആയിരത്തിൽ താഴെ മാത്രമായിരിക്കും എന്നതുറപ്പാണ്‌. "കേരള മുസ്ലികളെ സ്വാധീനിച്ച്‌" എന്നായിരുന്നു അതേക്കുറിച്ച്‌ തേജസ്സിന്റെ പ്രയോഗം. അരക്കോടിയിലധികം വരുന്ന കേരള മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ ഇത്രയും പേർക്കു പറ്റുമെന്നും മുജ്‌തഹിദുകൾക്ക്‌ ഉമ്മത്തിനെ മൊത്തം പ്രതിനിധീകരിക്കാൻ പറ്റില്ലെന്നും പറയുന്നതിലെ അന്തരമാണ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്‌.

ഇത്രയും കുറിച്ചതിൽ നിന്നും തേജസ്സിനെയും വിലയിരുത്തുന്നവർ സമൂഹത്തിലുണ്ടെന്നത്‌ തേജസ്‌ ശില്‍പികൾക്ക്‌ ബോധ്യമായിരിക്കും. എന്‍.ഡി.എഫിനെയും തേജസിനെയും അടച്ചാക്ഷേപിക്കുന്ന നയമല്ല നാളിതുവരെയായി ബുൽബുൽ സ്വീകരിച്ചിട്ടുള്ളത്‌. സഖാവു പിണറായി വിജയൻ എന്‍.ഡി.എഫിനെതിരെ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെതിരെ മുഖപ്രസംഗത്തിലൂടെ പലതവണ പ്രതികരിച്ച പത്രമാണ്‌ ബുൽബുൽ എന്നോർക്കണം. മഅ്‌ദനിയെ പോലോത്ത പീഡിതർക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിലും ഭരണ കൂട ഫാഷിസത്തിന്റെ കറുത്ത മുഖങ്ങൾ പുറത്തു കൊണ്ടു വരുന്നതിലും തേജസ്സ്‌ വഹിക്കുന്ന പങ്ക്‌ ഒരിക്കലും വിസ്‌മരിക്കുന്നില്ല.


തുല്യനീതിക്കു വേണ്ടി ഭരണഘടന അനുശാസിക്കുന്ന ഏതു മാർഗ്ഗവും സ്വീകരിക്കുന്നതും അതിനായി സംഘടിക്കുന്നതും കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌. മോഡിസം നടപ്പിലാക്കപ്പെടുന്ന ഇക്കാലത്ത്‌ വിശേഷിച്ചും എന്നുവെച്ച്‌ വ്യത്യസ്‌ത സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്ന ഇന്നാട്ടിൽ പരസ്‌പരം സംശയ ദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌ ശരിയല്ല. രാഷ്‌ട്രം പുരോഗതിയുടെ തകർച്ചക്കും സാമൂഹിക അസഹിഷ്‌ണുതക്കും അത്‌ നിമിത്തമാകുമെന്നു പറയേണ്ടതില്ലല്ലോ. അത് കൊണ്ട്‌ ഉപരിസൂചിത സമരങ്ങൾ ഈ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്‌. മുസ്‌ലിംകളിൽ ഇനിയും ഭിന്നിപ്പില്ലാതിരിക്കാനും.

എഴുതിയത്: സദഖത്തുള്ള മൗലവി കാടാമ്പുഴ

(ബുൽബുൽ മാസിക 2005 ഏപ്രിൽ )

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...