Sunday, April 03, 2016

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

(ഇമാം നവവി)

നബി(സ്വ) തങ്ങളുടെ ആദരണീയ സ്ഥാനങ്ങളും സവിശേഷ പദവികളും അസംഖ്യമാണ്. എണ്ണിയാല്‍ തീരില്ല. ചിലത് കുറിക്കാം.

തിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് അനുസരണവും കടപ്പാടും ബാധ്യതപ്പെട്ട മാതാക്കളുമാണ്. ഇതര സ്ത്രീകളെക്കാള്‍ അവര്‍ ശ്രേഷ്ഠരാണ്. പ്രതിഫലവും കുറ്റവും അവര്‍ക്ക് ഇരട്ടിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിരിക്ക് ഇപ്പുറം നിന്നല്ലാതെ അവരോടു വല്ലതും ചോദിക്കല്‍ ഹറാമാണ്‌.

അവിടുന്ന് അന്ത്യ പ്രവാചകരാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠരും. അവിടുത്തെ സമുദായമാണ് ഏറ്റവും മുന്തിയ സമുദായം. അവിടുത്തെ സ്വഹാബികള്‍ ഏറ്റവും മുന്തിയ ഉത്തമ തലമുറയാണ്. പിഴവിന്മേല്‍ ഏകോപിക്കുന്നതിനെ തൊട്ടു സുരക്ഷിതമാണ് ഈ സമുദായം.

അവിടുത്തെ ശരീഅത്ത് മറ്റെല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നതും ശാശ്വതവുമാണ്‌. അവിടുത്തെ കിതാബ്, കയ്യേറ്റങ്ങളെ തൊട്ട് സുരക്ഷിതമായ അമാനുഷിക തെളിവാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ മേല്‍ മൊത്തം ഇത് പ്രമാണമാണ്. മറ്റു നബിമാരുടെ മുജിസത്തുകള്‍ എല്ലാം മുറിഞ്ഞു പോയി.

ഒരുമാസത്തെ സഞ്ചാരദൂരം ഉള്ളപ്പോള്‍ തന്നെ ശത്രുക്കള്‍ ഉള്‍ക്കിടിലം കൊള്ളുക എന്നത് നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേക സഹായമാണ്. ഭൂമിയിലെവിടെ വെച്ചും നമസ്‌കരിക്കാമെന്നതും ഭൂമി മണ്ണ് ശുദ്ധീകരണത്തിന് പറ്റും എന്നതും അവിടുത്തെ മാത്രം പ്രത്യേകതയാണ്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത്‌ ഉപയോഗിക്കാമെന്നതും സവിശേഷ നിയമം തന്നെ.

പരലോകത്തെ ഏറ്റവും വലിയ ശഫാഅത്തും അതിന്നായ്‌ പ്രത്യേകം വാഴ്ത്തപ്പെടുന്ന ഇടവും നബി(സ)ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യരിലേക്ക്‌ മൊത്തം നബി(സ) തങ്ങള്‍. മനുഷ്യ മക്കളുടെ യജമാനനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഭൂമി പിളര്‍ന്നു ആദ്യം പുറത്തുവരുന്നതും നബി(സ)യാണ്. ആദ്യ ശുപാര്‍ഷകരും അത് സ്വീകരിക്കപ്പെടുന്നവരും അവിടുന്ന് തന്നെ. സ്വര്‍ഗ്ഗ കവാടം ആദ്യം വന്ന് മുട്ടുന്നയാളും.

നബിമാരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവരും സാരസമ്പൂര്‍ണ്ണ വാക്യങ്ങൾ നല്കപ്പെട്ടവരും നബി(സ്വ) തന്നെ. നമസ്‌കാരത്തില്‍ തന്റെ സമുദായത്തിലെ അണികള്‍ മലക്കുകളുടെ അണികള്‍ക്ക് സമാനമാണ്. ഖല്‍ബ് ഉറങ്ങുകയില്ല എന്നതും മുന്നില്‍ പോലെ പിന്നില്‍ നിന്നും കാണുന്നതും സവിശേഷത തന്നെ. തിരുസന്നിധിയില്‍ ശബ്ദം ഉയര്‍ത്തുവാനോ പേരുപറഞ്ഞു വിളിക്കുവാനൊ പാടില്ല എന്നതും നബി(സ്വ) യുടെ പ്രത്യേകതയാണ്.

നമസ്‌കാരത്തില്‍ സംബോധന ചെയ്യാം എന്നതും നമസ്‌കരിക്കുന്നവനെ അവിടുന്ന് വിളിച്ചാല്‍ ഉത്തരം നല്‍കുന്നത് കൊണ്ട് നമസ്‌കാരം അസാധുവല്ലെന്നതും സവിശേഷ സ്ഥാനങ്ങളാണ്. അവിടുത്തെ മൂത്രവും രക്തവും ബര്‍ക്കത്തെടുക്കാന്‍ ഉപയോഗിക്കാം എന്നതും രോമങ്ങള്‍ ഖണ്ഡിതമായും നജസല്ലാത്തതും സവിശേഷ പദവികള്‍ തന്നെ. ഇങ്ങനെ എത്ര എത്ര പദവികള്‍.

ഇത്തരം സവിശേഷ പദവികള്‍‌ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത് നിഷ്പ്രയോജനകരമായ 'മനോരോഗം' ആണെന്ന് മുഹഖിഖുകള്‍ എല്ലാം പറഞ്ഞതായി ഇമാമുല്‍ ഹറമൈനി(റ) പ്രസ്താവിച്ചിട്ടുണ്ട്..

_തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ നിന്ന്_



:സൂചിക - നുസ്രത്തുൽ അനാം 2007 മാർച്ച്‌ - ഏപ്രീൽ

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...