Sunday, April 03, 2016

മുബ്തദിഉകളോട് സലാം പറയാമോ?

പ്രശ്നം: മുജാഹിദ്‌, മൗദൂദി, തബ്‌ലീഗ്‌ എന്നീ പ്രസ്ഥാനക്കാർ മുബ്തദിഉകളാണോ? അവരോടു സലാം ചൊല്ലുവാനോ അവർ സലാം ചൊല്ലിയാൽ മടക്കുവാനോ ദീനിൽ തെളിവുണ്ടോ? ബുൽബുലിന്റെ പ്രതികരണമെന്ത്‌?

ഉത്തരം: വഹ്ഹാബികളും മൗദൂദികളും കറകളഞ്ഞ മുബ്തദിഉകളാണെന്ന് അവരുടെ ഗ്രന്ഥങ്ങളും മറ്റും പരിശോധിച്ച ശേഷം കേരളത്തിലെ ആദ്യകാല പണ്ഡിത പ്രമുഖർ തീരുമാനിച്ചിട്ടുണ്ട്‌. ശംസുൽ ഉലമാ ഖുതുബി, മൗലാനാ പുതിയാപ്പിള അബ്ദുർ റഹ്മാൻ മുസ്ലിയാർ, മൗലാനാ ശാലിയാത്തി, ശൈഖുനാ സ്വദഖത്തുല്ല മൗലവി, മൗലാനാ താഴേക്കോട്‌ കുഞ്ഞലവി മുസ്ലിയാർ, കരുവാരക്കുണ്ട്‌ മൊയ്തീൻ ഹാജി മുസ്ലിയാർ, അമാനത്ത്‌ ഹസ്സൻ മുസ്ലിയാർ, കുന്നപ്പള്ളി ഹൈദർ മുസ്ലിയാർ(ഇവരെല്ലാം വഫാത്തായിട്ടുണ്ട്‌. ന:മർഖദഹും) എന്നീ ഉലമാക്കൾ 1953 ഇൽ പെരിന്തൽമണ്ണയിൽ ചേർന്ന 'അഷ്ട ഉലമാ ശിരോമണി കോൺഫ്രൻസ്‌' ആണ്‌ ഇങ്ങനെ തീരുമാനിച്ചത്‌.



തബ്‌ലീഗ്‌ ജമാഅത്തിനെക്കുറിച്ചു ബിദ്‌ അത്തിന്റെ പ്രസ്ഥാനമാണെന്ന് 1965 ഇൽ സമസ്ത മുശാവറ തീരുമാനിച്ചിട്ടുണ്ട്‌. അന്നു ശൈഖുനാ സ്വദഖത്തുല്ല മൗലവി സമസ്തയിലുണ്ടെങ്കിലും മേൽ തീരുമാനത്തിലോ അതിന്നാധാരമായ ഉർദു ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിലോ തനിക്കു നേരിട്ടു യാതൊരു ബന്ധവുമില്ലെന്നു ശൈഖുനാ തന്നെ (നുസ്രത്ത്‌:1983 ജനുവരി ലക്കം) പ്രസ്താവിച്ചിട്ടുണ്ട്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയാകട്ടെ ഇതു സംബന്ധിച്ച്‌ ഒന്നും തീരുമാനിച്ചിട്ടുമില്ല. ഇതുതന്നെ ബുൽബുലിന്റെയും നിലപാട്‌.

മുബ്തദിഉകൾ മുസ്ലിംകളാണ്‌. കാഫിറല്ല. മുസ്ലിംകൾ തമ്മിൽ കണ്ടുമുട്ടിയാൽ സലാം ചൊല്ലണമെന്നും മടക്കണമെന്നുമാണ്‌ അടിസ്ഥാന നിയമം. പക്ഷേ, സലാം ചൊല്ലാതിരിക്കുന്നതിനാലോ മടക്കാതിരിക്കുന്നതിനാലോ മുബ്തദിഉകളെയോ മറ്റോ ബിദ്‌അത്തിൽ നിന്ന് അകറ്റാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യൽ സുന്നത്താണെന്നു ഷാഫിഈ ഫിഖ്‌ഹിൽ ഉണ്ട്‌. (മുഗ്‌നി: 4-214) ഇതുകൊണ്ടാണു മേൽചൊന്ന 'അഷ്ട ഉലമാ കോൺഫ്രൻസ്‌', ബിദ്‌അത്തുകാർ കേരളത്തിൽ പ്രചാരണം തുടങ്ങിയ ആദ്യഘട്ടത്തിൽ സലാം ചെല്ലാതിരിക്കലും ബിദ്‌അത്തുകാരോടുള്ള പെരുമാറ്റ ചട്ടമായി അന്നു ചൂണ്ടിക്കാണിച്ചത്‌. പക്ഷേ ഈ ശിക്ഷണ നടപടി ഫലപ്രദമല്ലെങ്കിലും കൊണ്ടു നടക്കേണ്ട ഒരുറച്ച നിയമമൊന്നുമല്ല.

_മൗലാനാ നജീബ്‌ മൗലവിയുടെ പ്രശ്നോത്തരം - ഭാഗം:1, പേജ്‌:17_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...