Sunday, April 03, 2016

ജ്യോതിഷം നിഷിദ്ധവിദ്യ

"നക്ഷത്രങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ വിജ്ഞാനീയങ്ങളും നിഷിദ്ധമല്ല. അതിൽ ചിലതു പഠിക്കലും പഠിപ്പിക്കലും നിർബന്ധമുള്ളതുണ്ട്‌. ഉദാഹരണമായി ഖിബ്‌ല - കഅ്ബയും അതിന്റെ ദിശയും കണ്ടെത്തണമല്ലോ. സമയങ്ങൾ ഗ്രഹിച്ചിരിക്കണമല്ലോ. നമസ്കാരം നിർവ്വഹിക്കാൻ ഇതെല്ലാം അനിവാര്യവും നിർബന്ധവുമാണല്ലോ. ഉദയാസ്തമയങ്ങളിൽ വ്യത്യാസമുള്ള പ്രവിശ്യകളും ഒന്നായ സ്ഥലങ്ങളും അറിയേണ്ടതുണ്ടല്ലോ. സകാത്തിനും നോമ്പിനും വർഷവും മാസവും അറിയാനും കണക്കാക്കാനും ചന്ദ്രപ്പിറ ദർശനം അനിവാര്യമല്ലേ? ഇതിന്‌ ഉദയാസ്തമയ വിവരം അറിയണമല്ലോ. ഇതെല്ലാം സാമൂഹികമായെങ്കിലും അനിവാര്യവും നിർബന്ധവുമാണ്‌.

നക്ഷത്ര വിജ്ഞാനങ്ങളിൽ മറ്റു ചിലത്‌ അനുവദനീയമാണ്‌. ചന്ദ്രന്റെ രാശികളും സഞ്ചാര പഥങ്ങളും മനസ്സിലാക്കുക, നാടിന്റെ ത്വൂലും അർളും (ലാഞ്ചിറ്റ്യൂഡ്‌ - ലാറ്റിറ്റ്യൂഡ്‌) ഗ്രഹിക്കുക പോലുള്ളതെല്ലാം ഈ വിഭാഗത്തിൽ വരുന്നു. ചില നക്ഷത്ര വിദ്യകൾ ഹറാമും നിഷിദ്ധവുമാണ്‌. മനുഷ്യരെ തൊട്ടു മറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നതെപ്പോൾ? ഇന്നാലിന്ന നക്ഷത്രം കൊണ്ട്‌ ഇന്നിന്നതെല്ലാം സംഭവിക്കും എന്നിത്യാദി ഫലങ്ങൾ വിവരിക്കുന്ന ഭാഗമാണു നിഷിദ്ധം. നേരെമറിച്ച്‌, ഇന്നിന്ന രാശിയിൽ ഇന്ന നക്ഷത്രം വന്നാൽ ഇന്നയിന്ന കാര്യം നടക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സാധാരണ നിശ്ചയം എന്നു പറയുന്നതുകൊണ്ടു കുഴപ്പമില്ല. ഇതിൽ അപാകതയൊന്നുമില്ലല്ലോ.

 പ്രകൃതി ശാസ്ത്രമെന്നാൽ, വസ്തുതകൾ യഥാവിധം അറിയാനുള്ള വിജ്ഞാനമെന്നാണുദ്ദേശ്യമെങ്കിൽ, അതു പഠിക്കുന്നതിനെന്താണു കുഴപ്പം? പഠിപ്പിക്കുന്നതിലും ചർച്ച ചെയ്യുന്നതിലുമെന്താണു തടസ്സം? ഇത്‌ നിഷിദ്ധമായ നക്ഷത്രഫലങ്ങളുടെ വിജ്ഞാനമായ ജ്യോതിഷത്തിനു തുല്യമല്ല. മതവിരുദ്ധരായ കേവല പ്രകൃതിവാദികൾ വിവരിക്കുന്ന രീതിയിൽ പ്രകൃതിശാസ്ത്രം പഠിക്കുകയാണുദ്ദേശ്യമെങ്കിൽ അതു നിഷിദ്ധമാണ്‌. കാരണം, അബദ്ധമായ വിശ്വാസങ്ങളിലേക്കും അടിസ്ഥാന രഹിതമായ തത്വങ്ങളിലേക്കും ഇതു കൊണ്ടെത്തിക്കും. പ്രപഞ്ചം അനാദിയാണ്‌, അതു സൃഷ്ടിക്കപ്പെട്ടതല്ല, തനിയെ ഉണ്ടായതാണ്‌ എന്നിതു പോലെയുള്ള സയൻസിന്റെ ജൽപ്പനങ്ങൾ പ്രസിദ്ധമാണല്ലോ. ഇവയെല്ലാം പഠിക്കലും പഠിപ്പിക്കലും ഹറാമാണ്‌. നിഷിദ്ധമായ ജ്യോതിഷത്തെപ്പോലെത്തന്നെ. കാരണം, രണ്ടും വിനാശകരമാണ്‌. അന്ധവിശ്വാസത്തിലേക്കും അബദ്ധധാരണകളിലേക്കും മതവിരുദ്ധമായ സങ്കൽപ്പങ്ങളിലേക്കും ഇതുരണ്ടും നമ്മെക്കൊണ്ടെത്തിക്കും. രണ്ടും രണ്ടു വിധത്തിലാണെങ്കിലും".

▪ഇമാം അഹ്‌മദ്‌ ശിഹാബുദ്ദീൻ ഇബ്നുഹജർ ഹൈതമി അൽമക്കി(909-974)▪

_ഫതാവൽ ഹദീസിയ്യ_



(സൂചിക - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ)

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...