Sunday, April 03, 2016

രണ്ടു ബഷീർ: വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം (Moulana Najeeb Moulavi)


കുറിപ്പുകാരനെ ശ്രദ്ധിക്കുമ്പോൾ കൗതുകം തോന്നാം. പക്ഷെ ചെറുപ്പന്നാളിലേ എന്നെ ആകർഷിച്ച സാഹിത്യ സുൽത്താനെ അനുസ്മരിക്കാതെ മനസ്സു സമ്മതിക്കുന്നില്ല. ബഷീറിനെ അടുത്തുനിന്നു കണ്ട പരിചയം പോലും ഇയാൾക്കില്ല. സൗകര്യം ലഭിച്ചപ്പോളും അടുക്കാൻ പേടി തോന്നി. അകലെയിരുന്നു മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത്യുദാരനായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞേകിയ പേന കൊണ്ടുള്ള 'വിദ്യ' ജനകോടികളെ തന്നിലേക്കടുപ്പിച്ചു. വിശുദ്ധ ഖുർആനിലെ പ്രാരംഭമായിറങ്ങിയ സൂക്തത്തിൽ അല്ലാഹു എടുത്തു പറഞ്ഞ ആ ഔദാര്യത്തിന്റെ മഹദ്ഫലം. ' പേന കൊണ്ടെഴുതാൻ പഠിപ്പിച്ച റബ്ബ് അത്യുദാരൻ തന്നെ!'.

മൻസൂർ ഹല്ലാജിന്റെ "അനൽഹഖും" ശങ്കരാചാര്യരുടെ "അഹം ബ്രഹ്മാസ്മി" യും ഒന്നെന്നു ധരിച്ച് 'അനർഘനിമിഷ' വും മറ്റുമെഴുതിയ വൈക്കം മുഹമ്മദ് ബഷീറുമായി എനിക്കെന്തു ബന്ധം! സി. എൻ. അഹമ്മദ് മൗലവി പോലുള്ളവരുമായി സമ്പർക്കപ്പെട്ടും ചർച്ച ചെയ്തും മതം പഠിക്കുകയും കേവലം വിവർത്തനഗ്രന്ഥങ്ങളിലൂടെ മാത്രം ഖുർആൻ തെല്ലു പഠിക്കുകയും ചെയ്തു സ്വന്തം സമുദായത്തിലെ പല ആചാരങ്ങൾക്കും നേരെ ശരമെയ്‌തും ഒളിയമ്പുകളെറിഞ്ഞും പരിഹാസം ചൊരിഞ്ഞും കഥയെഴുതിയ ബഷീറുമായി എനിക്കെന്ത് ബന്ധം!. കേശവ്‌ദേവ്, തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവർക്കൊപ്പം കുടിച്ചുപൂസായി കളിച്ചും പുളച്ചും തെറിപറഞ്ഞും ലക്കുതെറ്റി ജീവിച്ച ബഷീറുമായി എനിക്കെന്തു ബന്ധം?.

'സദാ മദ്യപാനവുമായി, അടുക്കുന്നവരെ തെറി പറഞ്ഞോടിക്കുകയും ഏതു വമ്പനെയും ശകാരിച്ചു പടിയിറക്കുകയും ചെയ്യു' മെന്ന് എം.ടി പരിചയപ്പെടുത്തിയ ഗുരു, യാത്രക്കിടയിൽ കാറു കേടായപ്പോൾ കടലാസ്സിൽ പൊതിഞ്ഞു കരുതിയ കുപ്പി പുറത്തെടുത്തു കുടിക്കാൻ നോക്കുമ്പോൾ കാലിക്കുപ്പിയെന്നു കണ്ടു ദേഷ്യം പിടിച്ചെങ്കിലും സഹജ നർമ്മത്തോടെ "പോയി തന്റെ സഹോദരനെ കൊണ്ടു വാടാ" എന്നാക്രോശിച്ചു പുറത്തേക്കെറിഞ്ഞ വർക്കിയുടെ സുഹൃത്ത്, എറണാകുളത്തെ ബുക്ക്‌സ്റ്റാളിൽ സുഹൃത്തുക്കൾക്കൊപ്പം സംഘം ചേർന്നു വൈകുന്നേരമായാൽ മദ്യപിച്ച് എത്രനേരം വേണമെങ്കിലും നേരംപോക്കു പറയുന്ന തകഴിയുടെ ചങ്ങാതി, ഈ ബഷീറുമായി എനിക്കെന്തു ബന്ധം? !

ഉണ്ട്. ആത്മബന്ധം തന്നെയുണ്ട്. അദ്ദേഹം മുസ്ലിമായിരുന്നു. മുസ്ലിമെന്നു പറയുന്നതിൽ അഭിമാനി. മുസ്ലിം കഥാപാത്രങ്ങളെ വച്ച് ഇസ്‌ലാമിക കുടുംബപശ്ചാത്തലത്തിൽ കഥയെഴുതിയ അഥവാ കഥ പറഞ്ഞ മതഭക്തൻ. അണ്ഡ കടാഹങ്ങളെയും മഹാ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെയും അവന്റെ കരുണയെയും ദിവ്യഗ്രന്ഥമായ വിശുദ്ധ ഖുർആനെയും സാഹിത്യ ലോകത്തു നെഞ്ചുറപ്പോടെ എഴുന്നള്ളിച്ച സാഹിത്യകാരൻ. വർഗ്ഗീയ മാനസർക്കു പോലും ചൊടിപ്പും അറപ്പുമുളവാക്കാതെ അഥവാ പ്രകടിപ്പിക്കാൻ അവസരം നൽകാതെ ഇസ്‌ലാമിനെയും മുസ്ലിംകളെയും അവരുടെ സംസ്കാരത്തെയും സാങ്കേതിക മൊഴികളെയും പോലും കഥാവിശയമാക്കിയ മറ്റാരെ തനിക്കൊപ്പം പറയാനാവും!. 'ഭഗവത് ഗീതയും കുറേ മുലകളും' എന്നു മഹാഭാരതത്തിൽ നിന്നു കൊണ്ട് ചിരിച്ചു പറയാൻ വേറെയാരെകൊണ്ടാവും!.

ബഷീറിന്റെ കഥകൾ വിലയിരുത്താൻ ഞാനാരുമല്ല. മലയാളക്കരയിലെ മാത്രമല്ല, സാഹിത്യ ലോകത്തെ മുടിചൂടാമെന്നന്മാർ ബഷീർ കൃതികൾ വായിച്ചു പ്രവിശാലമായ അർത്ഥ തലങ്ങളും ബഷീർ പോലും നിനച്ചിരിക്കാൻ വഴിയില്ലാത്ത വ്യാഖ്യാനങ്ങളും നൽകി വിലയിരുത്തുമ്പോൾ , അവിടെ നമുക്കെന്ത്?!. ഇല്ലാതില്ല!. സഹൃദയത്വമെന്തെന്നറിയാത്ത, 'അമർചിത്രകഥ' വായിക്കുന്ന കൊച്ചു കുട്ടികളും ബഷീർ സാഹിത്യത്തിന്റെ സഹൃദയരാണല്ലോ. അതുകൊണ്ടാണല്ലോ കുട്ടിക്കാലത്തു തന്നെ പള്ളി ദർസിലിരുന്നു ഞാനും ആ കഥകൾ ആസ്വദിച്ചത്. ബഷീർ കൃതികളിൽ ചിലതേ വായിക്കാൻ കിട്ടിയുള്ളൂവെന്നായിരുന്നു ധാരണ. ഇനിയും ധാരാളം കാണുമെന്നും. അന്തരിച്ച ബഷീറിനെപ്പറ്റി വായിച്ചപ്പോൾ തന്റെ കൃതികളെകുറിച്ചു നോക്കി. 32 കൃതികളേയുള്ളൂ. 'ബഷീർ സമ്പൂർണ്ണ കൃതികൾ' കൂടാതെ എല്ലാം വായിച്ചവ. ചിലതു പലവട്ടം.

ഇപ്രകാരം പഠിപ്പും വിവരവുമില്ലാത്ത നൂറുനൂറായിരം പേർ കാണും ബഷീർ സാഹിത്യത്തിന്റെ ആസ്വാദകരിൽ. ഇവരിലേറെയും പേർക്ക് ഭിന്നഭിന്ന വ്യാഖ്യാനങ്ങളും കാണും. കഥകളെ പറ്റി ഓ.എൻ.വി യും എം.ടി യും എൻ.പി. മുഹമ്മദും ടി. പത്മനാഭനും എം.എൻ വിജയനും എം.എം ബഷീറും യു.എ ഖാദറുമൊന്നും ഇതുവരെ കുറിച്ചിട്ടില്ലാത്ത, ഓർത്തിരിക്കാത്ത വ്യാഖ്യാനങ്ങൾ. ഇതാണ് ബഷീറിന്റെ വിജയം. കൊച്ചു കുട്ടികൾക്കും പടുവൃദ്ധന്മാർക്കും ബഷീർ ബഷീർ തന്നെ. അവരുടെയെല്ലാം സദാ അനുഭവങ്ങളാണ് ബഷീർ കഥയാക്കിയത്. ആടുകാരി പാത്തുമ്മയും ആടു പ്രസവിക്കുന്നതു തടസ്സമില്ലാതെ 'മുന്നംകണ്ട' തിൽ ഊറ്റം കൊള്ളുന്ന അബിയും പാത്തുകുട്ടിയും ഏതു വീട്ടിലാണില്ലാത്തത്! 'രണ്ടാനപ്പൂട' ക്കു വേണ്ടി കൊലകൊമ്പനാനയുടെ വാലിൽ കടിച്ചു പല്ലു കൊണ്ടു കരണ്ടു മുറിക്കാൻ ശ്രമിച്ചത് ബഷീറിന്റെ മാത്രം അനുഭവമാകാം.! എന്നാൽ അതിനു നിർബന്ധിച്ച വികാരം എല്ലാരുടേതുമാണ്.

എല്ലാവരും മനസ്സിലാക്കിയിട്ടുള്ള ഒന്നുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചാരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്നേഹം. തിരുനബിയുടെ ഒരു ഹദീസ് ഇങ്ങനെ : സകല ചാരാചരങ്ങളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു നിർദേശിച്ചിരുന്നു. തീറ്റക്ക് വേണ്ടി മൃഗത്തെ അറുക്കുമ്പോൾ പോലും വധരീതി നന്നാക്കുക തീറ്റമൃഗത്തോടുള്ള കടപ്പെട്ട ഇഹ്‌സാനാണ്. (മുസ്‌ലിം). ഇത് ബഷീറിന്റെ പ്രകൃതമായിരുന്നു. മനുഷ്യരും മൃഗങ്ങളും മാത്രമല്ല, അചേതന വസ്തുക്കളും, കരുണയും സ്നേഹവും അർഹിക്കുന്നതായി ബഷീർ വരച്ചറിയിച്ചിട്ടുണ്ട്.



ഹാസസാഹിത്യത്തിലെ അത്യുത്‌കൃഷ്ട പടവിലായിരുന്നു ബഷീർ നിലയുറപ്പിച്ചത്. ജീവിതത്തിന്റെ തന്നെ വ്യഥാത്മകമായ വൈരുദ്ധ്യങ്ങളെയും പൊരുത്തക്കേടുകളെയും കരുണാപൂർവ്വം വീക്ഷിക്കുന്നതിൽ നിന്നുളവാക്കുന്ന ഹാസമാണ് അത്യുൽക്കൃഷ്ടം. ഇവിടെ ചിരിയും കരച്ചിലും പരസ്പരം മേളിക്കുന്നതും ഹാസം ജീവിത ചിന്തനവും നിരൂപണവുമായി പരിണമിക്കുന്നതും കാണാം. ഇത്തരം ഹാസം ക്രാന്തദർശികളായ മഹാ സാഹിത്യകാരന്മാരിൽ നിന്നേ പുറപ്പെടുകയുള്ളൂ.

ബഷീറിനെ കുറിച്ചോർക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ഒരറബി സാഹിത്യകാരനുണ്ട്, അബൂനുവാസ് (ഹി: 145- 195). സുപ്രസിദ്ധ അറബിക്കവി. നിമിഷകവി. കവിയായി ജനിച്ചയാൾ. തികഞ്ഞ താന്തോന്നി. സദാചാരാ രഹിത ജീവിതം. മദ്യപാനി. എല്ലാവിധ സുഖഭോഗങ്ങളിലും സന്തോഷം കണ്ടായാൾ. ബഷീറീന്റെ കഥാപാത്രമായ 'പുരുഷവേശ്യ' യുമായി രമിക്കുന്നയാൾ. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് മദിക്കും. ഒരിക്കൽ താൻ മദ്യപാനം നിർത്തി എന്ന് കേട്ട് അഭിനന്ദിക്കാൻ വന്ന ഒരു സുഹൃത്തിനെയും മുന്നിലിരുത്തി ഒരു റാത്തൽ വീതം കുടിച്ചുകൊണ്ടിരുന്നുവത്രെ അയാൾ. അപ്പോളും പരമകാരുണികനായ, അണ്ഡകടാഹങ്ങളെ പടച്ച തന്റെ രക്ഷിതാവിൽ പ്രതീക്ഷയായിരുന്നയാൾക്ക്. അദ്ദേഹം പാടും :

"എത്രയും പാപം ചെയ്തോ! കരുണാമയനും പാപമോചകനുമായ റബ്ബിന്റെ മുമ്പിലാണെത്തുക. അവിടെയെത്തുമ്പോൾ നിന്റെ എല്ലാ പാപങ്ങളും അവൻ പൊറുക്കും. കരുണാമയനായ മഹാരാജാവും യജമാനനുമാണവൻ. നരകവും പേടിച്ച് ഇവിടത്തെ സന്തോഷങ്ങൾ കളഞ്ഞുകുടിച്ചാൽ പരമ ദയാലുവായ അല്ലാഹുവിങ്കൽ ഖേദിച്ചു കൈ കടിക്കേണ്ടി വരും..!"

തന്റെ കവിതയിൽ തുളുമ്പുന്ന നന്മകൾ മൂലം അന്നത്തെ സദ്ജനങ്ങൾക്കും അബൂനുവാസിനോട് വെറുപ്പില്ല. താന്തോന്നിത്തത്തിൽ പ്രതിഷേധമുണ്ടെങ്കിലും. അല്ലാഹുവിനെ പറ്റിയുള്ള അചഞ്ചലവിശ്വാസവും അളവറ്റ ആശയും തന്റെ കവിതകളിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ സമകാലികനാണ് സർവ്വസംഗപരിത്യാഗിയും സൂഫിവാര്യനുമായ അബുൽ അതാഹിയ്യ. അദ്ദേഹം പറഞ്ഞു: " സുഹ്ദിന്റെ (ദുൻയാവുമായി മനസ്സിന്റെ ബന്ധം വിച്ഛേദിക്കൽ) കാര്യത്തിൽ ഇരുപതിനായിരം വരികൾ ഞാൻ ചൊല്ലിയിട്ടുണ്ട്. പക്ഷെ അവയെല്ലാം അബൂനുവാസിന്റെ മൂന്നേ മൂന്ന് വരികൾക് പകരം നിൽക്കില്ല. സ്വയം ശാസിച്ചുകൊണ്ടുള്ള ആ വരികളുടെ ആശയം ഇതാണ്.

" ഓ നുവാസ്, നീ അല്ലാഹുവിനെ ഭയക്കുക!. നിന്റെ ദുർഗതിയിൽ സഹതപിക്കുക, ക്ഷമിക്കുക. ജീവിതം നിനക്ക് ദുഃഖം സമ്മാനിച്ചിട്ടുണ്ടെങ്കിൽ നിനക്കത് സന്തോഷം പകർന്ന അനർഘ നിമിഷങ്ങൾ അതേക്കാൾ കൂടുതൽ കാണും! ഓ മഹാപാപീ, നിന്റെ പാപമോർത്ത് നീ പിന്മാറേണ്ട. അല്ലാഹുവിന്റെ മാപ്പ് നിന്റെ പാപത്തേക്കാൾ എത്രയോ വലുതാണ്. !"

അബുൽ അത്വാഹിയ അബൂനുവാസിനെ കുറ്റപ്പെടുത്തുകയും തന്റെ കുത്തഴിഞ്ഞ ജീവിതം ഒന്നു നിർത്തണമെന്ന് പലപ്പോഴും ഉപദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം ചൊല്ലിയ കവിത ഇങ്ങനെ:

"അല്ലയോ അബൂ അതാഹീ ; ഞാനെന്റെ സുഖഭോഗങ്ങൾ നിർത്തുമെന്നാണോ നിന്റെ വിചാരം?!. ഇബാദത്തുമായി കഴിഞ്ഞു കൂടി ഞാനെന്റെ പേരും കീർത്തിയും നശിപ്പിക്കുകയോ?!". 

കുറ്റപ്പെടുത്തൽ വല്ലാതെ ഗൗരവം പൂണ്ടപ്പോൾ അബൂ നുവാസ് പാടി: 

"സ്വന്തം മനഃസാക്ഷിയിൽ നിന്നു തന്നെ ഉൾവിളിയില്ലാതെ ശരീരം ദുഷ്ചെയ്‌തികളിൽ നിന്നു വിരമിക്കുകയില്ല"


ഇതേ അബൂ നുവാസിനെ കുറിച്ചു മുഹമ്മദിബ്നു നാഫിഅ (റ) പറയുന്നു: 

"ഞാനും അബൂനുവാസും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ അവസാന കാലത്ത് ഒന്നു പിണങ്ങി. പിന്നീട് ഞാൻ കേട്ടത് അയാളുടെ മരണ വാർത്തയാണ്. ഞാൻ ദുഃഖ വിവശനായി. അങ്ങനെയിരിക്കെ, ഞാനൊന്നു മയങ്ങി. ഉറക്കമല്ല. അപ്പോഴുണ്ട് അബൂ നുവാസ് ! ഞാൻ വിളിച്ചു: അബൂ നുവാസ് ! അദ്ദേഹം പറഞ്ഞു: ഇവിടെ ഓമനപ്പേരുകൾക്ക് സ്ഥാനമില്ല. ഞാനപ്പോൾ തന്റെ ശരിപ്പേർ (ഹസനുബ്നു ഹാനിഉ) വിളിച്ചു. അദ്ദേഹം വിളികേട്ടു. ഞാൻ ചോദിച്ചു. അല്ലാഹു താങ്കളെ എന്തു ചെയ്തു?

"ഞാൻ മരിക്കും മുമ്പു രോഗശയ്യയിൽ വച്ചു ചൊല്ലിയ കവിത മൂലം എന്നോടവൻ എല്ലാം ക്ഷമിച്ചു. ആ കവിത എന്റെ വിരിപ്പിനടിയിലുണ്ട്".

ഞാൻ മയക്കം വിട്ടെഴുന്നേറ്റു. നേരെ തന്റെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ വീട്ടുകാർ പൊട്ടിക്കരഞ്ഞു. ഞാൻ ചോദിച്ചു: 

"എന്റെ പ്രിയ സുഹൃത്ത് മരിക്കും മുൻപു വല്ല കവിതയും ചൊല്ലിയിരുന്നോ?" 

"ഞങ്ങൾ അറിയില്ല. മഷിക്കുപ്പിയും പേനയും കടലാസും ആവശ്യപ്പെട്ടു മേടിച്ചു എന്തോ അതിൽ കുറിച്ചിരുന്നു. അതെന്തെന്ന് ഞങ്ങൾ അറിയില്ല. "

"എനിക്കൊന്നദ്ദേഹത്തിന്റെ റൂമിൽ പ്രവേശിക്കാൻ അനിവാദം തരുമോ?". അനുമതി ലഭിച്ചു. ഞാൻ റൂമിൽ കടന്നു. താൻ കിടന്ന കിടപ്പറയിലെ വസ്ത്രങ്ങൾ പോലും അനക്കിയിട്ടില്ല. ഞാൻ വിരിപ്പുയർത്തി. ഒന്നും കണ്ടില്ല. ഒരു വിരിപ്പു കൂടി പൊക്കി. അതാ കിടക്കുന്നു ഒരു കടലാസ്. അതിലിങ്ങനെ.

"എന്റെ നാഥാ! എന്റെ പാപച്ചുമട് വളരെ വലുതെങ്കിലും നിന്റെ മാപ്പും ക്ഷമയും അതിലും മഹത്താണെന്നു എനിക്കു വിശ്വാസമുണ്ട്. സദ്‌വൃത്തർക്ക് മാത്രമേ നിന്നോട് പ്രാർത്ഥിക്കാൻ അവകാശമുള്ളൂവെങ്കിൽ, പാപികൾ മറ്റാരോട് പ്രാർത്ഥിക്കാൻ! ആരെ ആശിക്കാൻ! എന്റെ നാഥാ! നിന്റെ കൽപ്പന പോലെ ഞാനിതാ നിന്നോട് കേഴുന്നു. എന്റെ കൈകൾ നീ മടക്കുമെങ്കിൽ എന്നോട് കരുണ കാണിക്കാൻ മറ്റാരുണ്ട്! ഇതാ, നാഥാ! ഈ അടിയന്റെ കൈവശം നിങ്കലേക്കൊന്നുമില്ല. നിന്നെകുറിച്ചു ജീവിതമാസകലം ഞാൻ വച്ചുപുലർത്തിയ പ്രതീക്ഷയും നിന്റെ മാപ്പുമല്ലാതെ! എന്തായാലും ഞാനൊരു മുസ്ലിമാണല്ലോ "

നമ്മുടെ ബഷീറും ഒരു മുസ്ലിമാണ്. പരമകാരുണികനായ റബ്ബിൽ പ്രതീക്ഷയുള്ള മുസ്‌ലിം. പരപ്രേരണയില്ലാതെ മദ്യപാനം തന്നിൽനിന്നുള്ള ഉൾവിളിമൂലം നിർത്തിയ മുസ്‌ലിം. നോക്കൂ. അടുത്തറിയുന്ന എം.ടി തന്റെ ഗുരുവിനെക്കുറിച്ചെഴുതി.

"വർഷങ്ങൾ കഴിഞ്ഞു. ആളുകൾ പറഞ്ഞു, ബഷീർ കൂടുതൽ മതഭക്തനായി! പലർക്കും അമ്പരപ്പു തോന്നി. 'ന്റപ്പൂപ്പ' യും മറ്റും എഴുതിയ ബഷീർ ഈശ്വര വിശ്വാസിയായിരുന്നു. മതഭക്തനുമായിരുന്നു...... എല്ലാ അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാനൊരു മുസൽമാനാണു!...... പിശുക്കിന്റെ പേരിൽ ഞാൻ പലപ്പോളും പരിഹസിക്കാറുള്ള അദ്ദേഹം മറുകൈ അറിയാതെ ദാനം ചെയ്ത കഥകൾ സ്വീകരിച്ചവർ വന്നു സ്വകാര്യമായി പറഞ്ഞിട്ടുണ്ട്".

ഇതാ പൊൻകുന്നം വർക്കി സുഹൃത്തിനെ പറ്റി : 

"രണ്ടു ബഷീർ എന്റെ ഓർമ്മയിലുണ്ട്. കുടിക്കുന്ന ബഷീറും കുടി നിർത്തിയ ബഷീറും. ബഷീറിലെ വീണ്ടുവിചാരക്കാരനാണ് രണ്ടാമത്തെ ബഷീറിന്റെ സ്രഷ്ട്ടാവ്." "നിസ്കാരത്തെ അവൻ ബഹുമാനിക്കും എന്നാൽ നിസ്കരിക്കില്ല". എന്ന് പറഞ്ഞ വർക്കിയുടെ ബഷീറിന് പകരം ഒ. എൻ.വി പരിചയപ്പെടുത്തുന്ന മറ്റൊരു ബഷീർ.

"ഞങ്ങൾ എല്ലാം ഉറങ്ങിക്കിടക്കുമ്പോൾ ആ മുറിയുടെ (തൃശ്ശൂരിലേ സാഹിത്യ അക്കാദമി ഗസ്റ്റ് റൂം) ഒത്ത മധ്യത്തിൽ ഒരു തോർത്തു വിരിച്ചിരുന്നു പലപ്പോഴും ബഷീർ നിസ്കരിക്കുന്ന ചിത്രം ഞാൻ ഓർക്കുന്നു. ബഷീർ പരമാകാരുണികനെന്നു പലപ്പോഴും വിശേഷിപ്പിക്കാറുള്ള ആ സ്നേഹമഹാശക്തിയിൽ ആത്മലയം പൂണ്ടിരിക്കുന്ന ആ ഇരിപ്പ്, കുനിഞ്ഞു നിലത്തു നെറ്റി മുട്ടിക്കുന്നത് നിശ്ശബ്ദതക്ക് ഒരു പോറലുമേൽപ്പിക്കാതെ ഞങ്ങൾ നോക്കിയിരുന്നിരുന്നു".

ഇതാണ് ബഷീർ. രണ്ടു ബഷീറുകൾ ചേർന്ന ഇമ്മിണി ബല്യ ബഷീർ! അബുനുവാസിന്റെ അവസാന വരികളെപ്പോലെ ജീവിതാവസാനം " അന്തിമകാഹള" മെഴുതിയ ബഷീർ. എല്ലാ കൃതികളിലെയും ശൈലിയിൽ അന്തിമ കാഹളത്തിനും മംഗളം നേർന്ന ബഷീർ!. ആ ബഷീറിന് പാപമോചനത്തിന്നും പരലോക സുഖത്തിനും പ്രാർത്ഥിച്ചു കൊണ്ട്. വിനയപൂർവ്വം...........

(1994 സെപ്തംബർ ലക്കം ബുൽബുൽ മാസികയിൽ മൗലാനാ നജീബുസ്താദ് എഴുതിയ കുറിപ്പ്. "അനുസ്മരണക്കുറിപ്പുകൾ" എന്ന മൗലാനയുടെ പുസ്തകത്തിലും വായിക്കാം)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...