Saturday, April 02, 2016

വയൽ നികത്തൽ തൊഴിൽ പ്രശ്നമല്ല - ജീവൽ പ്രശ്നമാണ് (Moulana Najeeb Moulavi)

വയലുകൾ നികത്തലിനെതിരെ സമരവും പ്രതിസമരവും ഇതേച്ചൊല്ലി വിവാദം നിലനിൽക്കുകയാണ്. ഭരണമുന്നണിയിലെ നേതൃ കക്ഷിയായ സി.പി.എമ്മിന്റെ തൊഴിലാളി യൂണിയൻ നടത്തുന്നതാകകൊണ്ടും കർഷകരുടെ ധാന്യേതര വിളകൾ നശിപ്പിക്കുന്നിടം വരെ സമരമെത്തിയതുകൊണ്ടും പ്രതിപക്ഷത്തിന് അൽപ്പം വീര്യവും ഉശിരും ഐക്യവും പകരാൻ ഇത് നിമിത്തമായി. ഭരണമുന്നണിയിലെ ഘടകകക്ഷികൾ പോലും സമരത്തിനെതിരെ പ്രതിഷേധം മൂടിവച്ചില്ല. ഇതോടെ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ ഭരണകക്ഷിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇതു വലിച്ചുനീട്ടാൻ പ്രതിപക്ഷ മുന്നണിയും ശ്രമിക്കുന്നിടത്താണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. അതായത്; വയൽ നികത്താൻ 'യു.ഡി.എഫും' അതിനെതിരെ 'എൽ.ഡി എഫും' എന്ന രീതിയിലാണ് വിഷയത്തിന്റെ ഗമനം. താൽക്കാലിക രാഷ്ട്രീയ നേട്ടത്തിലാണ് ഇരുവിഭാഗത്തിന്റെയും കണ്ണ്. കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം മറ്റുപലതും പോലെ ഈ വിഷയവും ഇപ്പരുവത്തിലാക്കിയെന്നു സാരം.

എന്നാൽ വിഷയത്തെ രാഷ്ട്രീയ മാനത്തിനപ്പുറം കണ്ടു വിലയിരുത്താൻ ഈ വിവാദം നിമിത്തമാകണമെന്നാണ് ഇതെഴുതുന്നയാളുടെ പക്ഷം. വർഷം പ്രതി നമ്മുടെ കൃഷിഭൂമികൾ ധാരാളം നികത്തപ്പെടുകയാണ്. മിക്കവാറും കെട്ടിടനിർമ്മാണത്തിനു വേണ്ടിയാണിത്. ഇതേപേരിൽ കുന്നും മലയും എത്രയെങ്കിലും ഇടിച്ചുനിരത്തപ്പെടുന്നുമുണ്ട്. എന്നിട്ടും പാർപ്പിട പ്രശ്നം തീരുന്നില്ലെന്നത് വേറെ കാര്യം. പരമ്പരാഗത ജലനിർഗമന മാർഗങ്ങൾ അടഞ്ഞുപോകുന്നതുൾപ്പെടെ പരിസ്ഥിതി സംബന്ധമായ നിരവധി പ്രത്യാഘാതങ്ങൾക്ക് ഇതു വഴിവയ്ക്കുന്നു. ശക്തമായി ഒന്നു മഴവർഷിച്ചാൽ റോഡും വീടും വെള്ളത്തിലാകുന്നതും പുഴയും കിണറും കുളവും തോടുമെല്ലാം പെട്ടെന്നു വറ്റി വരണ്ടുപോകുന്നതും മറ്റും നാം ഇതിനകം തന്നെ അനുഭവിച്ചു കഴിഞ്ഞു. ഇനി എന്തെല്ലാം കാണാനിരിക്കുന്നു!.




നമ്മുടെ മുഖ്യാഹാരമായ അരിക്കുതന്നെ ഇപ്പോളും വലിയൊരളവ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നാം. ഉള്ള നെൽവയലുകൾ നികത്തി ഇതര കൃഷികൾക്കാണുപയോഗിക്കുന്നതെന്നുവന്നാൽ തന്നെ ആവശ്യമായ ധാന്യം നമുക്കെവിടെ നിന്നു കിട്ടും. പഞ്ചാബും ആന്ധ്രയും കാർണ്ണാടകയുമെല്ലാം നമുക്ക് മുമ്പേ ആ വഴി നീങ്ങുകയല്ലേ. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങി നാണ്യവിലകളാണ് ആദായകരമെന്നു കണ്ടാൽ, കർഷകർ ആ വഴിക്കു നീങ്ങാതിരിക്കുമോ? അത്തരം കൃഷികൾക്കു നൽകുന്ന പ്രോത്സാഹനം പോലും നെൽകൃഷിക്ക് നൽകാതെ കർഷകർക്ക് നേരെ കൊടിയെടുക്കുന്നത് കൊണ്ടെന്തുനേട്ടം.! ജനസാന്ദ്രത കൂടുതലും കൃഷിഭൂമിയുടെ ലഭ്യത കുറവുമായ നമ്മുടെ സംസ്ഥാനത്ത് ഉള്ള സ്ഥലം മുഴുവൻ കൃഷി ചെയ്‌താൽ പോലും നമുക്ക് അരിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാവില്ല. എന്നിരിക്കെ, ഉള്ള വയലുകളും നികത്താനും ധാന്യേതര കൃഷികൾക്കോ കോൺക്രീറ്റ് നിർമ്മാണത്തിനോ സ്ഥലമൊരുക്കാനും തുനിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?

വെറും തൊഴിൽ പ്രശ്നമെന്നതിലുപരി നമ്മുടെ ജീവൽ പ്രശ്നമായി തന്നെ കണക്കിലെടുക്കേണ്ട വിഷയമാണിത്. ധാന്യകൃഷി പ്രോത്സാഹിപ്പിക്കപ്പെടുകയും നാണ്യവിളകളേക്കാൾ അഥവാ അതോളമെങ്കിലും കർഷകർക്ക് അത് ആദായകരമായി ബോധ്യപ്പെടുകയും വേണം. ഇതിന്നായി സൗജന്യങ്ങളും മറ്റും അനുവദിക്കപ്പെടണം. കൃഷി ലാഭകരമെന്നു കണ്ടാൽ കർഷകർ തന്നെ സ്വമേധയാ അതിനു മുന്നോട്ട് വരുമല്ലോ. കൃഷിയിടങ്ങൾ ഏറിയ കൂറും കർഷകരുടെ കയ്യിലല്ലെന്നതും മുക്കാൽ ഭാഗവും കച്ചവടക്കാരും ഉദ്യോഗസ്ഥരുമടക്കം 'ലാഭ' മോഹികളുടെ കൈവശമാണുള്ളതെന്നും നെൽകൃഷി അദായകരമല്ലാത്തതിന്റെ ഒരു കാരണമാണ്. ധാന്യവിളകൾ ആദായകരമെന്നു കണ്ടാൽ മാത്രമേ കൃഷിനടത്താനായി കർഷകർ അതിനു മുന്നോട്ട് വരികയുള്ളൂ. ഇപ്പോൾ കെട്ടിട കൃഷിയാണ് ആദായകരമെന്നതാണ് നില.

"വല്ലവനും കൃഷിഭൂമിയുണ്ടെങ്കിൽ അവനതു കൃഷി ചെയ്യുകയോ കൃഷിക്കായി മറ്റുള്ളവർക്ക് സൗജന്യമായി നൽകുകയോ ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കിൽ അവന്റെ കൃഷി നിലം അവൻ അങ്ങനെതന്നെ തടഞ്ഞുനിർത്തട്ടെ" എന്നും നബി (സ) തങ്ങൾ പ്രസ്താവിച്ചതായി ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്.

"സ്വയം കൃഷി ചെയ്യാൻ തയ്യാറല്ലാത്ത ഭൂവുടമ അതു കൃഷിചെയ്യാൻ തയ്യാറുള്ള സഹോദരനു പ്രതിഫലം വാങ്ങാതെ സൗജന്യമായി അനുവദിച്ചു കൊടുക്കുകയാണുത്തമ"മെന്നും നബി (സ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. കൃഷിഭൂമി കൃഷിയില്ലാതെ തടഞ്ഞുനിർത്തിയാൽ പുല്ലുകളാതി വിളകളെങ്കിലും അതിൽ മുളച്ചുണ്ടായി ഉപകരിക്കാനിടവരുമെന്നും ഭൂമിയുടെ ഉത്പാദനക്ഷമത മേലിൽ വർദ്ധിക്കുവാനെങ്കിലും ഈ ഒഴിച്ചിടൽ നിമിത്തമാകുമെന്നാണ് ഹദീസ് വ്യാഖ്യാതാക്കൾ ഈ ഹദീസിനെ അധികരിച്ച് പ്രസ്താവിച്ചത്. ഇതാണ് കൃഷിഭൂമിയെ സംബന്ധിച്ച ഇസ്‌ലാമിക സമീപനം.


തദടിസ്ഥാനത്തിൽ ഭൂവുടമകളെ അക്രമിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കൃഷിഭൂമി കൃഷിയോഗ്യമല്ലാതാകുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന വല്ല നിയമ നിർമ്മാണവും നടത്തുന്നതിനെ മുസ്ലിംകൾ നിരാകരിക്കേണ്ടതില്ല. മറിച്ചു അനുകൂലിക്കുകയാണ് വേണ്ടത്. കേവല രാഷ്ട്രീയ വൈരാഗ്യവും പക്ഷപാതിത്തവും മാറ്റിവച്ചു ഇന്ന് ഭരിക്കുന്നവരും നാളെ ഭരിക്കേണ്ടവരുമായ ഉത്തരവാദപ്പെട്ടവർ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും പ്രശ്‌ന പരിഹാരത്തിന് തുനിയുകയും ചെയ്യുന്നില്ലെങ്കിൽ നമ്മുടെ സംസ്ഥാനം കനത്ത പ്രത്യാഘാതം നേരിടും തീർച്ച. വയലുകളും കൃഷിയിടങ്ങളും അനിയന്ത്രിതമായി നികത്തുന്ന വഴക്കം നിയന്ത്രിക്കപ്പെടുകയും ഒപ്പം ധാന്യവിള കൃഷിയെ വേണ്ടവിധം പ്രോത്സാഹിപ്പിക്കപ്പെടുകയും തന്നെ വേണം.

(ബുൽബുൽ മാസിക - സെപ്തംബർ 1997 - 'ലഘുചിന്തകൾ' മൗലാനാ നജീബ് ഉസ്താദിന്റെ പുസ്തകത്തിലും വായിക്കാം)

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...