Saturday, April 02, 2016

സ്ത്രീ പുറത്തിറങ്ങലും സ്ത്രീ ജുമുഅ ജമാഅത്തും (Moulana Najeeb Moulavi)

സ്ത്രീ പുറത്തിറങ്ങൽ:

സ്ത്രീക്കു നൽകേണ്ട എല്ലാവിധ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചിട്ടുള്ള പരിശുദ്ധ ഇസ്ലാം പ്രകൃതിപരവും സൃഷ്ടിപരവുമായ അവളുടെ സമസ്തനിലകളും പരിഗണിക്കുകയും അതനുസരിച്ച്‌ അവളുടെ ശരീരത്തിനും അഭിമാനത്തിനും പൂർണ്ണസംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്‌. പുരുഷനെ മദമിളക്കുന്ന അവളുടെ ശരീരലാവണ്യവും മാംസ നൈർമ്മല്ല്യവും അത്യാകർഷകമായ അവളുടെ ശരീരവടിവും ആകാരരൂപാതികളും വർണ്ണിക്കാത്ത കവികൾ കാണില്ല. ഇതു നിഷേധിച്ചു കൊണ്ടുള്ള ഒരു സമത്വവാദവും പ്രകൃതി അംഗീകരിക്കില്ല.

എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമ്മിശ്രമായ ജീവിതരീതിയാണിന്ന്. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ത്രീ പുരുഷനോടൊത്തു വിഹരിക്കുന്നു. സ്ത്രീയും പുരുഷനും കൂടിക്കലർന്നുകൊണ്ടുള്ള ഈ ജീവിതരീതി, സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്കു നയിച്ചതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത്‌ നഗ്നമായ സത്യമാണ്‌. എന്നാൽ ഇസ്ലാം കുത്തഴിഞ്ഞ ഈ ജീവിതരീതി പൂർണ്ണമായും നിഷേധിച്ചിരിക്കുന്നു.



അല്ലാഹു പറയുന്നു: "നിങ്ങളുടെ വീടുകളിൽ നിങ്ങൾ കഴിഞ്ഞു കൂടുക. ഇസ്ലാമിന്റെ മുമ്പുള്ള സ്ത്രീകൾ സൗന്ദര്യം പ്രദർശ്ശിപ്പിച്ചിരുന്നതു പോലെ നിങ്ങൾ പ്രദർശ്ശിപ്പിക്കുകയും അരുത്‌" (സൂറ അഹ്‌സാബ്‌).

وقرن في بيوتكن ولا تبرجن تبرج الجاهلية الأولى

سورة الأحزاب


ഒരിക്കലും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് ഇതിനർത്ഥമില്ല. ശറഇയ്യായ ആവശ്യങ്ങൾക്കു വേണ്ടി അവർക്കു പുറത്തിറങ്ങാം. മേൽ ആയത്തിനെ ഇങ്ങനെയാണ്‌ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത്‌. (ഇബ്‌നു കസീർ 3-452 നോക്കുക).


أي : الزمن بيوتكن فلا تخرجن لغير حاجة

تفسير ابن كثير

എന്നാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും അവൾ ചില ചിട്ടകളും സദാചാരമര്യാദകളും പാലിക്കണം. ഖുർആൻ പറഞ്ഞു: "നബിയേ, തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി രാത്രിയിൽ പോലും പുറത്തിറങ്ങുകയാണെങ്കിലും അവരുടെ ജിൽബാബുകൾ(ആകെ മൂടി വസ്ത്രങ്ങൾ) കൊണ്ടു പുതക്കുകയും വഴികാണാനുള്ള കണ്ണൊഴിച്ചു ശരീരമാസകലം ആവരണം ചെയ്യുകയും ചെയ്തുകൊള്ളാൻ തങ്ങൾ നിർദ്ദേശിക്കണം. അവരെ മനസ്സിലാക്കി മാനം കെടുത്താതിരിക്കാൻ ഇതാണനുയോജ്യ മാർഗ്ഗം" (സൂറ അഹ്‌സാബ്‌).

ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما

سورة الأحزاب

ഇങ്ങനെ പർദ്ദാനിയമങ്ങൾ പാലിച്ചു സ്ത്രീകൾക്കു പുറത്തിറങ്ങാമെങ്കിലും മൊത്തത്തിൽ ഇസ്ലാം അത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ) പറഞ്ഞു: "സ്ത്രീ ഔറത്താണ്‌ (പൂർണ്ണമായും മറക്കപ്പെടേണ്ടവളാണ്‌) അവൾ പുറത്തിറങ്ങിയാൽ പിശാച്‌ അവളിലേക്കു വെളിപ്പെടും. അവൾ അല്ലാഹുവിന്റെ റഹ്‌മത്തുമായി ഏറ്റവും അടുത്തിരിക്കുന്ന അവസരം തന്റെ വീടിന്റെ അകത്തളത്തിലിരിക്കുമ്പോളാണ്‌". (തുർമുദി - ബസ്സാർ).

المرأة عورة، فاذا خرجت استشرفها الشيطان، وأقرب من رحمة ربها وهي في قعر بيتها

ترمذي وبزار

സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ച്‌ ശേഷം ഇബ്നു ഹജർ(റ) പറയുന്നു: "സ്ത്രീകൾ സുഗന്ധം പൂശി മൊഞ്ചായി പുറത്തിറങ്ങുന്നത്‌ വൻദോഷമാണെന്നാണ്‌ ഈ ഹദീസുകളുടെ വ്യക്തമായ ഭാഷ്യം. എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ, ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്തെന്നാണു കൽപ്പിക്കേണ്ടതുണ്ട്‌. പ്രത്യുത, നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇതു കറാഹത്താണ്‌. നാശം ളന്ന് (ധാരണ) ഉണ്ടെങ്കിൽ കബീറത്ത്‌(വൻദോഷം) അല്ലാത്ത ഹറാമുമാണ്‌. ഇതു വ്യക്തമാണല്ലോ." (സവാജിർ 2-37)

تنبيه : عد هذا هو صريح الأحاديث وينبغي حمله ليوافق قواعدنا على ماذا تحققت الفتنة أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهره

زواجر


ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റു തങ്ങൾക്ക്‌ മസ്‌ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത്‌ നിരുപാധികമായി തടയപ്പെട്ടിട്ടില്ല. നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ്‌ ഹറാമാകുന്നത്‌. ആശങ്കയുള്ളപ്പോൾ കറാഹത്തും. അവർ പുറപ്പെടുന്നത്‌ മൂലം ശറഅ് ഹറാമാക്കിയ യാതൊരു നാശവും ഭയമില്ലെങ്കിൽ അതനുവദനീയവുമാണ്‌. ഹിജാബും പർദ്ദാവിധിയുമെല്ലാം വന്നതിനു ശേഷമുള്ള വിധിയാണിത്‌. പക്ഷേ വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ്‌ സ്ത്രീകൾക്കുത്തമമെന്നതിൽ സന്ദേഹമില്ല. മേൽ ചൊന്ന ഹദീസിൽ നബി(സ) തങ്ങൾ തന്നെ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭർത്താവിനു കൂട്ടു പോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ. ഇതാണു സത്യവിശ്വാസിനികളുടെ വഴക്കവും.


🏻സ്ത്രീ ജുമുഅ: ജമാഅത്തു വിധി

ഇനി നോക്കാനുള്ളത് സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങേണ്ട പുണ്യകർമ്മമാണോ അവർക്ക് ജുമുഅ:യും ജമാഅത്തും എന്നാണ്.സ്ത്രീകൾക്കു ജമാഅത്തു സംബന്ധിച്ച് പണ്ഡിതന്മാർക്കു വ്യത്യസ്ത വിധികളാണുള്ളത്. അവർക്കു സ്വന്തമായി അവരുടെ വീടുകളിൽ ജമാഅത്തായി നമസ്കരിക്കുന്നത് പുണ്യമാണെന്നാണ് ഇമാം ശാഫിഈ(റ)യും ഇമാം അഹ്'മദും(റ) പറയുന്നത്. എന്നാൽ അബൂഹനീഫ(റ)യും മാലികും(റ) അവർക്കു ജമാഅത്തു കറാഹത്താണെന്ന പക്ഷക്കാരാണ്. (റഹ്'മത്തുൽ ഉമ്മ - പേജ്:62)

جماعة النساء في بيوتهن افضل لكن لا كراهة في الجماعة لهن عند الشافعي واحمد وقال ابو حنيفة ومالك تكره الجماعة للنساء - رحمة الامة

ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)

ഇനി ജുമുഅ:യുടെ വിധി നോക്കാം. 

"ജുമുഅ: ഫർള് ഐനാണെന്നതിൽ ഉലമാഅ് ഏകോപിച്ചിരിക്കുന്നു........ സ്ത്രീകൾക്കതു നിർബന്ധമില്ലെന്നാണു നാലു മദ്ഹബിന്റെയും പക്ഷം". (റഹ്'മത്തുൽ ഉമ്മ - പേജ്:73)

اتفق العلماء على ان صلاة الجمعة فرض واجب على الاعيان.......ولا يجب ذلك على صبي ولا عبد ولا مسافر ولا امرأة الا في رواية عن احمد في العبد خاصة - رحمة الامة

സ്ത്രീക്കു ജുമുഅ നിർബന്ധമില്ലെന്നതിൽ ഇജ്മാഉണ്ട് (ശറഹുൽ മുഹദ്ദബ് 4-484) ഈ ഇജ്മാഉ കൊണ്ടും സ്വഹീഹായ ഹദീസു കൊണ്ടും സ്ത്രീകൾക്കു ജുമുഅ നിർബന്ധമില്ലെന്നു ഖണ്ഡിതമായി തെളിഞ്ഞിരിക്കെ, ജുമുഅ നിർബന്ധമാണെന്നു തെളിയിക്കുന്ന ആയത്തിലെ പുരുഷന്മാരെ കുറിക്കുന്ന 'അല്ലദീന ആമനൂ' എന്ന വാക്യത്തിൽ ഒരു നിലക്കും സ്ത്രീകൾ പെട്ടിട്ടില്ലെന്നു സുവ്യക്തമായി. അങ്ങനെ പുത്തൻ വാദികൾക്കു പോലും പൊതുവേ വാദവുമില്ലല്ലോ. നിര്ബന്ധമാണെന്നതു പോകട്ടെ, സുന്നത്താണെന്നു പോലും തെളിയിക്കാനാവില്ലെന്നു തന്നെയാണ് അവരും പറയുന്നത്. പെണ്ണുങ്ങളെ പള്ളിയിലേക്കയക്കാൻ നിർബന്ധിക്കുകയാണു നബി ചെയ്തതെന്ന് 'മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ' എന്ന ഗ്രന്ഥത്തിൽ എം.സി.സി എഴുതിയപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് അൽമനാർ എഴുതിയത് കാണുക


"............................ആകയാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്കു ജുമുഅ വുജൂബില്ലെന്നു പറഞ്ഞവരാണെന്നു തെളിഞ്ഞു. സുന്നത്തുണ്ടെന്നു ഉലമാക്കൾ പറഞ്ഞുവെന്ന് മൗലവി(എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അതുദ്ധരിച്ചു തരുവാൻ അദ്ദേഹത്തിനു സാധിക്കുമോ?" (അൽമനാർ - പു:3 ല:23,24).

(മൗലാനാ നജീബ് ഉസ്താദിന്റെ, 1998 ഇൽ പ്രസിദ്ധീകൃതമായ 'സ്ത്രീ പള്ളിയിൽ' എന്ന പുസ്തകത്തിൽ നിന്നും)

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...