Friday, August 22, 2014

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!

ഭയം എന്നത്‌ പ്രകൃതി പരമായ ഒരു ഗുണമാണ്‌. ഏതൊരു മനുഷ്യനും ഒന്നിനെ അല്ലെങ്കിൽ മറ്റൊന്നിനെ ഭയപ്പെടുന്നു. ഒരാൾ ഭയക്കുന്നതിനെ മറ്റൊരാൾക്ക്‌ ഭയമുണ്ടായിരിക്കണം എന്നില്ല. ഓരൊരുത്തരിലും ഊട്ടപ്പെട്ടിരിക്കുന്ന പ്രകൃതവുമായും  ചുറ്റുപാടുകളുമായും അഭേദ്യമായി ഇത്‌ ബന്ധപ്പെട്ടിരിക്കുന്നു.





എന്തിനെ ഭയക്കുന്നോ അതിനെ തൊട്ട്‌ ഓടിമാറുക എന്നതാണ്‌ മനുഷ്യ പ്രകൃതം. പേടിയുള്ളതെന്തിനേയാണോ അതിന്റെ സാമീപ്യം പോലും നാം ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു.

എന്നാൽ റബ്ബിനെ ഭയക്കുന്നവർ റബ്ബിലേക്ക്‌ എത്ര അടുക്കാൻ കഴിയുമോ എന്നതാണ്‌ ആലോചിക്കുന്നത്‌. പേടി കൂടുന്തോറും സ്നേഹവും സാമീപ്യത്തിനുള്ള ആശയും കൂടി വരുന്നു.

അവനേയും അവന്റെ മുമ്പിൽ നിൽക്കേണ്ട ലോകത്തേയും ഭയക്കുന്നവൻ തീർച്ചയായും അവനിലേക്ക്‌ സർവ്വവും സമർപ്പിച്ച്‌ അടുക്കാനാണ്‌ നോക്കുന്നത്‌. അവനോട്‌ സ്നേഹം കൂടുംബോഴും അവനിലേക്കുള്ള അടുപ്പവും അവനെ അക്ഷരം പ്രതി അനുസരിക്കാനുള്ള താൽപ്പര്യവുമാണ്‌ കൂടുന്നത്‌. "നിങ്ങൾ റബ്ബിനെ ഇഷ്ടപ്പെടുന്നു എങ്കിൽ അവനെ അനുസരിക്കുകയാണ്‌ വേണ്ടത്‌ എന്നും അപ്പോ അവൻ നിങ്ങളെയും സ്നേഹിക്കുമെന്ന" ഖുർ ആനികാശയം അവനെ സ്നേഹിക്കുന്നതിന്റെ വഴി വരച്ചു കാട്ടുന്നു.




സൽ വഴിയിൽ മുമ്പേ നടന്നു നീങ്ങിയവർക്കും നമുക്കും ലക്ഷ്യമായുള്ളത്‌ ഒരേ സ്വർഗ്ഗീയലോകവും റബ്ബിന്റെ പൊരുത്തവുമാണ്‌. ജീവിതരീതിയും മാനസിക വ്യാപാരവുമെല്ലാം തികച്ചും അവരിൽ നിന്നും വ്യത്യസ്ഥമാണ്‌ നമ്മുടേത്‌.

ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങൾ ഒരിക്കലും നേരായ വഴിയിൽ, ശരിയായ ലക്ഷ്യത്തിലേക്ക്‌ നടക്കുകയില്ല എന്നത്‌ അനുഭവ സാക്ഷ്യമാണ്‌.
ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നേരായ വഴിതെളിക്കുന്ന ഇടയനാണ്‌ ദൈവഭയം. റബ്ബിനോടുള്ള ശരിയായ ഭയം അവനോടുള്ള അടങ്ങാത്ത സ്നേഹമാകുകയും അവന്റെ നിർദ്ദേശങ്ങളെ ശിരസ്സാവഹിച്ച്‌ സ്നേഹം തിരിച്ചു നേടാൻ പരിശ്രമിക്കുന്നവനാക്കി മാറ്റുന്നു.

നാഥനെ ഭയന്നത്‌ കൊണ്ട്‌ മറുഞ്ഞു വീഴുന്ന കല്ലുകൾ പോലും നിർജ്ജീവ വസ്തുക്കളുടെ കൂട്ടത്തിൽ ഉണ്ടെന്ന് ഖദീമായ നാഥന്റെ കലാം..!


وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ

ആഖിറവും വിചാരണയും പേടിക്കാൻ ഇല്ലാത്ത സൃഷ്ടികൾ പോലും അവനെ ഭയക്കുന്നു..! എന്നിട്ടുമെന്തേ നാം..?





മക്കയിലെ ജീവിതത്തിനിടെ ഖുറൈശി കുഫ്ഫാർ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന അതികഠിനമായ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെട്ട്‌ മദീനയിലെത്തി അൻസ്വാറുകളുടെ സ്നേഹപൂർവ്വമായ സഹകരണം കൊണ്ട്‌ ഒരൽപ്പം ദുനിയവിയ്യായ സന്തോഷം ലഭിച്ചപ്പോ സ്വഹാബത്ത്‌ മതിമറക്കാതെ തന്നെ ആഹ്ലാദിച്ചു. കൂടിയിരുന്ന് സംസാരിച്ച്‌ പൊട്ടിച്ചിരിച്ചിരുന്ന സ്വഹാബത്തിന്റെ കൂട്ടത്തിലേക്ക്‌ കടന്ന് വന്ന നബി തങ്ങൾ വളരെ കഠിനമായി അവരുടെ പൊട്ടിച്ചിരിയോടും കളിയോടും പ്രതികരിച്ചു.


لو تعلمون ما أعلم لضحكتم قليلا ولبكيتم كثيرا

"ഞാനറിയുന്നത് എങ്ങാനും നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ നിങ്ങൾ കുറച്ച് മാത്രം ചിരിക്കുകയും ഏറെ ഏറെ കരയുകയും ചെയ്യുമായിരുന്നു...."

ഹബീബിന്റെ ശിക്ഷണത്തിൽ സംസ്ക്കരിക്കപ്പെട്ട സുന്ദരസ്വത്വങ്ങളായി തിരുസ്വഹാബത്ത്‌ മാറാൻ സമയമേറെ എടുത്തില്ല.

രാത്രിയുടെ അന്ത്യ യാമങ്ങളിൽ പോലും റബ്ബിനെ ഭയന്ന് അവന്റെ നന്ദിയുള്ള അടിമയാകാൻ ചുടുകണ്ണുനീരൊഴുക്കി സുജൂദിലായി കിടന്നിരുന്ന ഹബീബിന്റെ (സ്വ) തിരു സ്വഹാബാക്കൾ അല്ലാഹുവിനെ പേടിച്ച, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെയോർത്ത്‌ വേവലാതി കൊണ്ട ചരിത്രങ്ങൾ ഹൃദയസ്പർശ്ശിയാണ്‌.

ശദ്ദാദുബ്നു ഔസ്‌ (റ) ഉറങ്ങാൻ കിടന്നാൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടക്കുകയല്ലാതെ ഉറക്ക്‌ ലഭിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു:

 "അല്ലാഹുവേ, നരകത്തിലെ തീ എന്നെ ഉറക്കത്തെ തൊട്ട്‌ ദൂരെയാക്കിക്കളഞ്ഞു". പിന്നീടങ്ങോട്ട്‌ അവിടുന്ന് പുലരും വരെ നിസ്ക്കരിക്കുകയായിരുന്നു പതിവ്‌.

അവർ തന്നെയാണല്ലോ വിശുദ്ധകലാം പരാമർശ്ശിച്ച ആശയോടെയും പ്രതീക്ഷയോടെയും പാതിരാവിൽ കിടപ്പിടം വിട്ട്‌ എഴുന്നേറ്റ്‌ പോരുന്നവർ.

تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا

റബ്ബിനെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട പവിത്ര ജന്മങ്ങൾ തേടിയ ലക്ഷ്യം തേടിയുള്ള യാത്രയിൽ കയ്യിലെടുക്കാൻ അവനെ പേടിച്ച്‌ ഒഴുകിയ ഒരു തുള്ളി കണ്ണുനീർ പോലും നമുക്കില്ല..




ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) പറയുമായിരുന്നു:"അല്ലാഹുവാണെ സത്യം, ഞാനൊരു വൃക്ഷമായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..! അല്ലാഹുവാണെ സത്യം, ഞാൻ വെറും മണൽത്തരികൾ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു..!, അല്ലാഹുവാണെ സത്യം, എന്റെ റബ്ബ്‌ എന്നെ സൃഷ്ടിച്ചിട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!"

കോടാനുകോടി ജനങ്ങൾക്കിടയിൽ കുനിച്ചു നിർത്തി ഏകനാക്കിയുള്ള റബ്ബിന്റെ മുമ്പിലെ വിചാരണയെ ഭയപ്പെടുന്നവർക്ക്‌ ജീവിതം പോലും ഭയമാണ്‌ നൽകിയത്‌..

ഖതാദ (റ) പറയാറുണ്ടായിരുന്നു: "കാറ്റത്ത് പാറിപ്പോകുന്ന ഒരു മണൽത്തരിയായിരുന്നു ഞാനെങ്കിൽ എത്ര നന്നായിരുന്നു".

പരീക്ഷണങ്ങളുടെ നാളെയോർക്കുംബോൾ ബീവി ആയിഷ(റ)യുടെ വാക്കുകൾ എത്ര പ്രസക്തമായി തോന്നുന്നു...

ജനിച്ചില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..!

1 comment:

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...