Friday, January 10, 2014

രണ്ടു സ്വർഗ്ഗങ്ങൾ - ഒരാൾക്ക് തനിയെ..!

ഒരിടത്ത് വളരെ മനോഹരിയായ അന്നാട്ടിലെ ഏറ്റവും സുന്ദരിയായ ഒരു വേശ്യാ സ്ത്രീ ഉണ്ടായിരുന്നു.ഒരു പ്രാവശ്യം അവളെ സമീപിക്കുന്നതിനു 100 ദിനാർ ആയിരുന്നു അവൾ വാങ്ങിയിരുന്നത്.ഒരിക്കൽ ദൂര ദേശത്തുള്ള ഒരു പാവപ്പെട്ട മനുഷ്യൻ ഈ സ്ത്രീയെ കാണുകയും അവളിൽ അടങ്ങാത്ത ആശ തോന്നുകയും ചെയ്തു.


100 ദിനാർ ഉണ്ടാക്കാൻ വേണ്ടി അദ്ദേഹം കഠിനമായി അധ്വാനിക്കുനയും അവസാനം 100 ദിനാറും കയ്യിലെടുത്ത് അവളുടെ താമസ സ്ഥലത്തേക്ക് ചെല്ലുകയും ചെയ്തു. വാതിലിന്റെ അപ്പുറത്ത് ഉള്ള ആളുടെ കയ്യിൽ 100 ദിനാർ ഏൽപ്പിക്കാൻ അവൾ ആവശ്യപ്പെട്ടു - ശേഷം അവളുടെ കൊട്ടാര സദ്ര്ശ്യമായ വീട്ടിലേക്ക് അയാൾ കയറി. എല്ലാ സാഹചര്യങ്ങളും അനുകൂലമായി അവളിലേക്ക് ചേരാൻ അയാളെ പെണ്ണ് ക്ഷണിച്ചു.വസ്ത്രങ്ങൾ ഉരിഞ്ഞു കൂടി പുണരാൻ വെമ്പി നിൽക്കുന്ന രണ്ടു ശരീരങ്ങൾ..

പക്ഷെ പെട്ടെന്നായിരുന്നു ആ വിശ്വാസിയായിരുന്ന മനുഷ്യന്റെ മനസ്സിലേക്ക് അല്ലാഹുവിന്റെ മുമ്പിൽ നിൽക്കേണ്ട രംഗം ഓർമ്മ വന്നത്. ഇടിമിന്നൽ ബാധിച്ചവനെ പോലെ അദ്ദേഹം സ്തബ്ധനായി നിന്ന് പോയി .നാളുകളേറെ ആയി ആശിച്ചു നേടിയ വൈകാരിക ആവേശം അദ്ദേഹത്തിൽ നിന്നും അണഞ്ഞു പോയി. ഉടനെ തന്നെ അദ്ദേഹം 'ഞാൻ പോകുകയാണ് - പണം നിനക്ക് എടുക്കാം' എന്ന് പറഞ്ഞപ്പോൾ ആ പെണ്ണ് അത്ഭുതപ്പെട്ട് പോയി.


"നിങ്ങള്ക്ക് എങ്ങനെ അതിനു കഴിയും..? നാളുകൾ ഏറെ ആയി അധ്വാനിച്ചു കാശ് കണ്ടെത്തി എന്നിലേക്ക് വന്നു എന്നെ പുൽകാൻ അടുത്ത അവസരം തിരിച്ചു പോകുകയോ.." എന്നായിരുന്നു അവളുടെ ചോദ്യം.

അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ സത്യം : ഞാനിത് ചെയ്യുന്നത് അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെയും സമയത്തെയും മാത്രം ഭയന്ന് കൊണ്ടാണ്"


ആ പെണ്ണിന്റെ മനസ്സിലും ഒരു പുതു ചിന്തയുടെ പൂത്തിരി കത്തുകയായിരുന്നു.


അവൾ പറഞ്ഞു: "നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണ് എങ്കിൽ നിങ്ങളെ അല്ലാതെ മറ്റൊരാളെ ഞാൻ കല്യാണം കഴിക്കില്ല".

"എന്നെ പോകാൻ അനുവദിക്കൂ"


"ഇല്ല - എന്നെ നിങ്ങൾ നിക്കാഹ് ചെയ്യും എന്ന് സമ്മതിച്ചാൽ അല്ലാതെ..! "


"ഇപ്പൊ എനിക്കിവിടെ നിന്നും പോയെ തീരൂ, അതിന്റെ ശേഷമല്ലാതെ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല"


അപ്പോൾ അവൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് "നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഞാൻ വന്നാൽ നിങ്ങൾ എന്നെ നിക്കാഹ് ചെയ്യും എന്ന് അല്ലാഹുവിന്റെ പേരിൽ കരാർ ചെയ്യണം".


"അതൊക്കെ പിന്നീട് ആകാം "

അദ്ദേഹം വസ്ത്രങ്ങൾ ധരിച്ചു തിരിച്ചു അദ്ദേഹത്തിന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു. അവളും വൈകാതെ അയാളെ പിന്തുടർന്ന് അവളുടെ കയ്യിലെ സമ്പാദ്യങ്ങൾ എല്ലാം എടുത്തു എല്ലാ ദു:സ്വഭാവങ്ങളെ തൊട്ടും പശ്ചാത്തപിച്ചു അദ്ദേഹത്തിന്റെ നാട്ടിലേക്ക് എത്തി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവൾ എത്തിയപ്പോ അദ്ദേഹത്തോട് ആരോ ചെന്ന് പറഞ്ഞു:


"രാജ്ഞി വന്നു നിങ്ങളെ പറ്റി ചോദിക്കുന്നു" എന്ന്.അദ്ദേഹം അവളെ കണ്ടതോടെ തരിച്ചു നിന്ന് ഹൃദയം തകർന്നു ആ നിലയിൽ തന്നെ മരിച്ചു വീണു പോയി..!


അദ്ദേഹത്തിന്റെ മൃത ശരീരം പെണ്ണിന്റെ കൈകളിലേക്ക് വീണു. പെണ്ണ് തകർന്നു പോയി..


വീണ്ടെടുത്ത പെണ്ണ് അദ്ദേഹത്തിന്റെ ആളുകളോട് ചോദിച്ചു: " ഈ മഹാ മനുഷ്യനുമായി ഒരുമിക്കാനുള്ള എന്റെ ആഗ്രഹം തകർന്നു - അവസരം നഷ്ടപ്പെട്ടു.ഇദ്ദേഹത്തിനു ഏറ്റവും അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ..?"


"അതെ - അദ്ദേഹത്തിന്റെ ഒരു പാവപ്പെട്ട സഹോദരൻ ഉണ്ട്."


അവൾ ആ സഹോദരന്റെ അടുതെത്തി പറഞ്ഞു: "ഞാൻ നിങ്ങളുടെ മരണം അടഞ്ഞ സഹോദരനോടുള്ള ഇഷ്ടത്തിന്റെ പേരിൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാം."


അവരുടെ വിവാഹം നടക്കുകയും സ്വാളിഹീങ്ങലായ 7 സന്താനങ്ങൾ അതിൽ ഉണ്ടാകുകയും ചെയ്തു.


(ഇബ്നു ഖുദാമയുടെ 'അതവ്വാബീൻ' )







അല്ലാഹുവിന്റെ ഹബീബായ തങ്ങൾ (സ്വ) ഒരു നിഴൽ പോലും തണൽ ഇല്ലാത്ത മഹ്ശർ എന്ന വിചാരണയുടെ ലോകത്ത് അല്ലാഹുവിന്റെ അര്ശെന്ന മഹാ ഗോളത്തിന്റെ തണൽ കൊടുക്കുന്ന 7 വിഭാഗങ്ങൾ എണ്ണിയ കൂട്ടത്തിൽ നിശ്ചയമായും ഓരോന്നിനും അവകാശികൾ ഉണ്ടാകുക തന്നെ വേണമല്ലോ.

ورجلٌ دَعَتْهُ امرأةٌ ذات منصبٍ وجمال فقال: إني أخاف الله

അതിൽ പെട്ട ഒരു മനുഷ്യനെ പറ്റി ആദരവായ റസൂൽ (സ്വ) പറഞ്ഞത് നോക്കൂ - ഒരു പെണ്ണിന്റെ മുമ്പിൽ സകലമാന സാഹചര്യവും ഒത്തിണങ്ങി അവളുടെ രണ്ടു ചുമലുകൾക്ക് ഇടയിൽ നിൽക്കുന്ന സമയത്ത് 'ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു' എന്ന് പറഞ്ഞു പിന്മാറിയ മനുഷ്യൻ അർഷിന്റെ തണൽ കിട്ടുന്ന 7 വിഭാഗത്തിൽ ഒരു വിഭാഗമാണ്‌...,...


നാമോ...തിന്മയിൽ നിന്നും തിന്മയിലെക്കുള്ള യാത്ര. ഇല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാക്കി എടുത്ത് ഹറാമിലേക്ക് മുഖം കുത്തി വീഴുന്ന ദിനരാത്രങ്ങൾ...മടങ്ങി പോകുന്ന ഓരോ ഓരോ ശ്വാസത്തെ പറ്റിയും മണി മണിയായി വിചാരണ ചെയ്യുന്ന ആ നാളിനെ നാം ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലേ...? രസങ്ങളെ എല്ലാം മുറിക്കുന്ന മരണം നമ്മെ പുൽകില്ലെ...?

അല്ലാഹു പറയുന്നു:

ولمن خاف مقام ربه جنتان

"അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുന്ന നിമിഷത്തെ ഭയപ്പെട്ടു ജീവിച്ച മനുഷ്യന് രണ്ടു സ്വർഗങ്ങൾ ഉണ്ട്"

ഒന്നല്ല രണ്ടു സ്വർഗ്ഗങ്ങൾ.....നാഥൻ തുണക്കട്ടെ ..ആമീൻ..