Saturday, September 27, 2014

ആദ്യ സൃഷ്ടിയും പ്രാപഞ്ചിക രഹസ്യങ്ങളുടെ സാക്ഷ്യവും..

പ്രവിശാല പ്രപഞ്ചത്തിന്റെ വലുപ്പവും വണ്ണവും ആഴവും പരപ്പും എത്ര ഭീമവും നിർണ്ണയാതീതവും അചിന്തനീയവുമാണെന്ന് മനസ്സ്‌ കൊണ്ട്‌ ഒരിക്കലെങ്കിലുമൊന്ന് നിരൂപിക്കാൻ ശ്രമിച്ചവർക്കും ആഴത്തിലാഴത്തിൽ പ്രപഞ്ചത്തെ പഠിക്കാൻ ശ്രമിച്ചവർക്കും കൃത്യമായി മനസ്സിലാകും..


പ്രാപഞ്ചിക രഹസ്യങ്ങളുടെ ചുരുളുകൾ തേടിയിറങ്ങുന്ന മാനവിക ചിന്താശേഷിയുടെയും അറിവിന്റേഴും പത്തി താഴ്‌ന്നു താഴ്‌ന്നു പോകുന്നതാണ്‌ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തെ ശൂന്യാകാശവും അതിനുമപ്പുറത്തെ കോടാനുകോടി നക്ഷത്ര ചന്ദ്ര ഗോളാദികളുടെ സമുച്ചയങ്ങളും അവിടെയും തീരാത്ത പ്രവചനാതീത നിഗൂഡതയുടെ ലോകത്തേയും പറ്റി പഠിക്കാനിറങ്ങിയപ്പോഴൊക്കെ നാം കണ്ടതും കാണാനിരിക്കുന്നതും.




പരിമിതികളുടെ ബുദ്ധിയുടെയും കഴിവിന്റെയും കുറവ്‌ ബോധ്യമാകുംബോ രക്ഷിതാവിന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളാൻ റബ്ബ്‌ പഠിപ്പിക്കുകയും ചെയ്തു..

 ربنا ما خلقت هذا باطلا سبحانك فقنا عذاب

'എനിക്ക്‌ മനസ്സിലാകുന്നതിന്റെയും അപ്പുറമാണ്‌ നിന്റെ സൃഷ്ടി ലോകമെങ്കിലും റബ്ബേ, ഞാൻ സമ്മതിക്കുന്നു നീ കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇതൊക്കെ സൃഷ്ടിച്ച്‌ വിദാനിച്ചിരിക്കുന്നത്‌..നീയെത്ര പരിശുദ്ധൻ..ഇതിലേറെ ചിന്തകൾ കൊണ്ട്‌ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ലോകങ്ങളേറെ ഇനിയും വരാനുള്ളതിൽ നിന്റെ ശിക്ഷയുടെ കേന്ദ്രമായ നരകത്തെ തൊട്ട്‌ നീ കാക്കണേ അല്ലാഹ്‌..'




അതിനെയാകെ സൃഷ്ടിച്ചു വെച്ച്‌ അതിനൊക്കെ കൃത്യമായ നിയന്ത്രണങ്ങൾ നൽകി പരിപാലിക്കുന്ന ഒരേ ഒരു രക്ഷിതാവിന്‌ അവനു മാത്രം അർഹമായ സ്തുതികൾ ആസകലം അർപ്പിച്ചു കൊണ്ടാണ്‌ സ്വന്തം കഴിവുകേടിന്റെ പരിധിയറിയാകുന്ന കേവലം സൃഷ്ടിയായ മനുഷ്യൻ എന്ത്‌ സൽക്കർമ്മങ്ങളും ചെയ്യേണ്ടത്‌ എന്ന് രക്ഷിതാവിങ്കൽ നിന്നുള്ള നിബന്ധന പാലിക്കുന്നു ഓരോ മുസ്ലിമും..

ആ സ്തുതികളാകമാനം ഉടമയാക്കുന്ന ഒരുവനെ അവൻ തന്നെ പരിചയപ്പെടുത്തുന്നത്‌

رب العالمين
എന്ന് പറഞ്ഞു കൊണ്ടാണ്‌. അഥവാ ദ്രിഷ്ടിഗോചരവും ഇന്ദ്രിയാതീതവുമെന്ന  വ്യത്യാസമില്ലാതെ, നമ്മുടെ പരിധികൾക്കുള്ളിൽ മനസ്സിലാക്കാനും എത്തിപ്പിടിക്കാനും കഴിയുന്നതെന്നും കഴിയാത്തതെന്നുമില്ലാതെ സകല ലോകങ്ങളേയും സൃഷ്ടികളേയും എന്ന് വേണ്ട സകലത്തിൽ സകലതിനേയും സൂചിപ്പിക്കുന്ന ആലമീനിന്റെ റബ്ബ്‌ എന്ന സ്രഷ്ടാവായ താനല്ലത്ത സർവ്വവും ഉൾക്കൊള്ളുന്ന പ്രയോഗം കൊണ്ടാണ്‌.



തന്റെ രാജാധികാരത്തിന്റെ വിശാലത സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച "ആലമീൻ" എന്ന പദത്തിൽ തീർച്ചയായും സൃഷ്ടിച്ചു വെച്ചതും വെക്കാനിരിക്കുന്നതുമായ സകലതുംവുൾക്കൊള്ളേണ്ടതുണ്ട്‌ എന്നത്‌ ബുദ്ധിക്ക്‌ വകതിരിവുള്ള ആർക്കും വ്യക്തമാകുന്ന പരമാർത്ഥമാണ്‌. കാരണം അവൻ റബ്ബ്‌ അല്ലാത്ത ഒന്നും തന്നെ അവനല്ലാത്തത്‌ ഇല്ല എന്നത്‌ ഏതൊരു വിശ്വാസിയും നിസ്സംശയം സമ്മതിക്കുന്നതാണ്‌.

ഇത്‌ സമ്മതിക്കാത്തവൻ ഒരിക്കലും ഈമാനിന്റെ സഹയാത്രികനാകുന്നില്ല. അവിടെ യുക്തിക്കോ ചിന്തക്കോ സാധ്യതയോ അനുവദനീയതയോ ഇല്ല എന്നിരിക്കിൽ,

وما أرسلناك إلا رحمة للعالمين

നേർച്ചിന്തയുടെ താഴ്മയും വിനയവും ഇതേ "ആലമീൻ" എന്നതിനെ വെച്ച്‌ ഹബീബായ നബി തങ്ങൾ (സ്വ) തങ്ങളെ വാഴ്ത്തിയ ആലമീന്റെ റബ്ബിന്റെ പദപ്രയോഗം കാണുംബോ മനസ്സിൽ വരാതെ പോകുന്നതിന്റെ അർത്ഥമെന്താണ്‌?.




"റബ്ബുൽ ആലമീൻ" എന്നതിൽ ഉൾക്കൊള്ളുന്ന ലോകം പരിധികൾക്കപ്പുറത്തെ സ്രഷ്ടാവല്ലാത്ത സകലതും ഉൾക്കൊള്ളുന്നതാണെന്ന് മനസ്സറിഞ്ഞു സമ്മതിക്കുന്നവർക്ക്‌ എന്തേ "റഹമത്തുൻ ലിൽ ആലമീൻ" എന്നതിലെ ലോകവും തുല്യമാണെന്ന് സമ്മതിക്കാൻ മനസ്സ്‌ വിസമ്മതിക്കുന്നത്‌..? നിഷേധ ചിന്തയുടെ എന്തോ ഒരു പരമാണു, അല്ലെങ്കിൽ അവിടുന്ന് ആലമീനാകെ റഹ്മത്താണ്‌ എന്നതിൽ അവിടുത്തോട്‌ ഒരസൂയ..ഇവയിലെന്തെങ്കിലും മനസ്സിലില്ലെങ്കിൽ പിന്നെന്തിന്‌ സംശയം??

അവിടുന്ന് ആലമീന്‌ ആകമാനം 'റഹ്മത്ത്‌' ആകണമെങ്കിൽ തീർച്ചയായും അവിടുന്ന് അല്ലാഹുവല്ലാത്ത സകലതും ഉൾക്കൊള്ളുന്ന സൃഷ്ടിലോകത്തിനാകമാനം റഹമത്തായി ഭവിക്കണം. അവിടുത്തെ തിരുജന്മത്തോടെയല്ല ആലമീന്റെ ഉണ്മ വരുന്നതെന്നത്‌ സത്യമാണെന്നിരിക്കിൽ അവിടുത്തെ ജനനത്തിന്‌ മുമ്പുമുള്ള ആലമീനിന്‌ അവിടുന്നെങ്ങനെ റഹ്മത്താകും?

ارسلت الى الخلق كافة

"സൃഷ്ടികൾ ആസകലത്തിലേക്കും ഞാനയക്കപ്പെട്ടു" എന്ന തിരുമൊഴി കൂടെ ചേർത്തു വായിക്കുംബോ യുക്തിചിന്ത കൊണ്ട്‌ പോലും നിരാകരിക്കാൻ സാധ്യമല്ലാത്ത പരമാർത്ഥം സമ്മതിച്ചു കോടുത്തേ മതിയാകൂ.. കാരണം അവിടുത്തെ തിരുശരീരത്തിന്റെ സൃഷ്ടിപ്പിന്‌ മുമ്പും സൃഷ്ടികൾ ഉണ്ട്‌ തന്നെ..



ഒടുക്കം ഈമാനിലുറച്ച മനസ്സ്‌ കൊണ്ട്‌ നാവിലൂടെ വരുന്ന സ്ഫുടശബ്ദമായി ആദരവായ നബി തങ്ങൾ തിരുസ്വഹാബി ജാബിർ (റ) വിനോട്‌ വ്യക്തമാക്കിയ, സകല സൃഷ്ടിയുടെയും അടിസ്ഥാന കണത്തിന്റെ രഹസ്യം വിളിച്ചു പറയണം..

أول ما خلق الله نوري

അതെ, "ആദ്യത്തിലാദ്യം ഉടമയായ റബ്ബ്‌ സൃഷ്ടിച്ചത്‌ മുത്തിന്റെ തിരു വെളിച്ചമാണ്‌, ആ ദിവ്യ തേജസ്സാണ്‌.."

فإن فضل رسول الله ليس له

حد فيعرب عنه ناطق بفم

അവിടുത്തെ ശ്രേഷ്ടതകൾക്ക്‌ പരിധിയിയോ പരിമിതിയോ നിർണ്ണയിച്ച്‌ പറഞ്ഞു തീർക്കുക സാദ്ധ്യമാകുമായിരുന്നെങ്കിൽ സംസാര ശേഷി നൽകപ്പെട്ട ഒരു സൃഷ്ടിയെങ്കിലും വിവരിച്ചു കാണുമായിരുന്നു.."