Tuesday, October 21, 2014

ഇവിടെ കുറഞ്ഞത് അവിടെ കൂടും - ഇവിടെ കൂടിയത് അവിടെ കുറയും..!

ഭൗതിക ലോകത്തെ വിഭവങ്ങളൊക്കെ മനുഷ്യോപയോഗത്തിന്‌ വേണ്ടി തന്നെയാണ്‌ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്‌.ആവശ്യത്തിന്റെ തോതനുസരിച്ച്‌ അനുവദനീയമായി റബ്ബ്‌ നിശ്ചയിച്ചതൊക്കെ നമുക്ക്‌ അനുഭവിക്കാം. അനുഭവിക്കൽ അനുവദനീയമായതൊക്കെ ആവാശ്യാനാവശ്യം പരിഗണിക്കാതെ വാരിപ്പിടിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം ദുനിയവിയ്യും ഉഖ്രവിയ്യുമായ നഷ്ടങ്ങളുടെ കണക്ക് പുസ്തകമാണൊടുക്കം ബാക്കിയാക്കുക.


ദുനിയാവിൽ നാഥന്‌ വഴിപ്പെട്ട്‌ ജീവിക്കാൻ ആവശ്യമായ പ്രാഥമികമായ കാര്യങ്ങളുടെ ഉപഭോഗം ഒഴിച്ച്‌ മേറ്റ്ല്ലാം മണി മണിയായി വിചാരണ ചെയ്യപ്പെടും എന്നത്‌ സംശയാതീതമാണ്‌. തഖ്‌ വായുടെ അത്യുദാത്ത മാതൃക തേടുന്നവർ അനുവദനീയമായതിലും തനിക്കാവശ്യമില്ലാത്തതിനെ ഉപേക്ഷിച്ച്‌ ശീലിക്കുന്നു എന്നത്‌ മറ്റൊരു വശമാണ്‌.


വിചാരണയുടെ അതിതീവ്രമായ പ്രയാസം മറികടക്കാൻ കഴിഞ്ഞാൽ പോലും പദാർത്ഥ ലോകത്തെ സൗകര്യങ്ങളുടെ വർദ്ധനവ്‌ ദോഷകരമായ രീതിയിൽ ബാധിക്കാത്തവർ സമൂഹത്തിൽ ആരുമുണ്ടാവില്ല. കാരണം ചോദ്യം ചെയ്യപ്പെടുന്നതിനെ തൊട്ട്‌ രക്ഷപ്പെടുന്ന ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾക്കപ്പുറം നാം അനുഭവിക്കുന്ന ഏത്‌ അനുഗ്രഹമുണ്ടോ അതൊക്കെ ആഖിറത്തിൽ നമുക്ക്‌ ലഭിക്കേണ്ടതിൽ നിന്നും കുറക്കും എന്നത്‌ തിരുഹബീബിന്റെ അധ്യാപനമാണ്‌.





ജീവിതം ഒന്നേയുള്ളൂ അതിനാൽ ആഗ്രഹിച്ചതെന്തും ദുനിയാവിൽ നിന്ന് പിരിയും മുമ്പ്‌ ആശ തീർത്ത്‌ കയ്യിലൊതുക്കണം എന്നത്‌ മുസ്ലിം അമുസ്ലിം ഭേദമന്യേ സമൂഹം മൊത്തം വ്യാപിച്ചിരിക്കുന്ന പൊതുതാൽപ്പര്യമാണ്‌. നിലനിൽക്കുന്ന ജീവിതത്തിന്റെ തുടക്കം തന്നെ ഭൗതികലോകത്ത്‌ നിന്നുമുള്ള പിരിഞ്ഞു പോക്കോടെയാണ്‌ എന്ന് വിശ്വസിക്കുന്നവരാണ്‌ സത്യവിശ്വാസികൾ. സമൂഹത്തിന്റെ ഒഴുക്കിന്റെ ദിശക്കനുസരിച്ച്‌ കിടന്ന് കൊടുക്കാതെ ദുനിയാവിനെ വർജ്ജിക്കാൻ ശീലിക്കലാണ്‌ മുസ്ലിമിന്റെ വഴി. ലഭ്യത വിരളമായതിനെ തൊട്ട്‌ മാറി നിൽക്കലല്ല സുഹ്ദ്‌ മറിച്ച്‌ എന്തും ലഭിക്കും എന്നുറപ്പുള്ളപ്പോൾ അതിനെ തൊട്ട്‌ ആഖിറത്തെ മോഹിച്ച്‌ മനസ്സിനെ മെരുക്കി ശരീരത്തെ മാറ്റിനിർത്തുംബോഴാണ്‌ പരിത്യാഗിയാകുന്നത്‌.


അവിടെയാണല്ലോ ജീവിതത്തിന്റെ ഓരോ ശ്വാസങ്ങളിലും മാതൃകയേകി മുന്നേ നടന്ന ഹബീബായ തങ്ങൾ വേറിട്ട്‌ നിൽക്കുന്നതും. 'ഞാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ സ്വർണ്ണത്തിന്റെ മലകൾ തന്നെ ഇരുവശത്തും കൂടെ എന്റെയൊപ്പം അല്ലാഹു നടത്തിത്തരുമായിരുന്നു' എന്ന് പറഞ്ഞ ആദരവായ നബി തങ്ങളുടെ തിരുവീട്ടിൽ തുടർച്ചയായി മൂന്നോ നാലോ ദിവസങ്ങൾ പലപ്പോഴും വെള്ളവും കാരക്കയും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നത്‌ ഒരു കുറവല്ല - മറിച്ച്‌ ദുനിയാവിലെ കുറവ്‌ ആഖിറത്തിലെ വർദ്ധനവ്‌ ആയത്‌ കൊണ്ടാണ്‌ എന്നതാണ്‌ യാഥാർത്ഥ്യം.




ഇറാഖിൽ നിന്നും വന്ന ഒരു കൂട്ടം മുസ്ലിമീങ്ങൾക്ക്‌ ഉമർ (റ) തങ്ങൾ ഭക്ഷണം വിളംബിയപ്പോൾ പതിവായി വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിച്ചു ശീലിച്ച അവർ ഉമർ തങ്ങളുടെ പരുക്കൻ ഭക്ഷണം വളരെ കുറച്ച്‌ മാത്രം ഭക്ഷിച്ചു.
തദവസരം മഹാൻ പറഞ്ഞു:

"ഓ ഇറാഖുകാരേ, നിങ്ങളെ പോലെ വിഭവ സമൃദ്ധമായ ഭക്ഷണം വേണമെങ്കിൽ എനിക്കും ഭക്ഷിക്കാം, പക്ഷേ നമ്മൾ നശ്വരമായ ഈ ദുനിയാവിലെ ആഡംബരം മാറ്റി വെക്കുന്നത്‌ ആഖിറത്തിൽ ലഭിക്കാൻ വേണ്ടിയാണ്‌.

' اذهبتم طيباتكم في حياتكم الدنيا

നല്ലതൊക്കെ ദുനിയാവിലെ ജീവിതത്തിൽ നിങ്ങൾ ഉപയോഗിച്ചു കഴിഞ്ഞുവല്ലോ' എന്ന് അല്ലാഹു ആഖിറത്തിൽ ചില ആളുകളോട്‌ പറയുമെന്നത്‌ നിങ്ങൾ കേട്ടിട്ടില്ലേ ?".


നല്ല ഭക്ഷണം കഴിക്കുന്നത്‌ അല്ലാഹുവിങ്കൽ തെറ്റുള്ളതോ പൊരുത്തമില്ലാത്തതോ ആണെന്നല്ല ഉമർ തങ്ങൾ പഠിപ്പിക്കുന്നത്‌ - മറിച്ച്‌ ഇഹലോകത്ത്‌ ഒഴിവാക്കാവുന്ന സുഖങ്ങളൊക്കെ റബ്ബിന്റെ പ്രീതിയെ മോഹിച്ച്‌ വിട്ടു നിന്നവർക്ക്‌ ദുനിയാവിൽ നഷ്ടപ്പെടുത്തിയതിനെ അപേക്ഷിച്ച്‌ ആയിരക്കണക്കിന്‌ മടങ്ങ്‌ അനുഭൂതിയേകുന്ന പ്രതിഫലം പകരം ലഭിക്കാനുണ്ട്‌ എന്നത്‌ ഓർമ്മിപ്പിക്കുകയും അത്‌ നഷ്ടപ്പെടുത്തുന്നവരോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിക്കുകയുമാണ്‌ അവിടുന്ന് ചെയ്തത്‌.




ശിക്ഷിക്കപ്പെടുന്ന ആസ്വാദനങ്ങൾ ഹബീബായ നബി തങ്ങൾ ജീവിച്ചു പഠിപ്പിച്ച തിരു ശരീ അത്തിനു വിരുദ്ധമായ നിഷിദ്ധമായതിന്റെ ഉപയോഗം മാത്രമാണ്‌ എങ്കിലും കാലകാലം നിലനിൽക്കുന്ന ലോകത്തെ അറ്റമില്ലാത്ത അനുഗ്രഹങ്ങളുടെ അളവ്‌ കുറക്കുന്ന അമിതമായ ദുനിയാവിക ജീവിതത്തിലെ വിഭവങ്ങളുടെ ഉപഭോഗത്തെ നിയന്ത്രിക്കൽ മാത്രമേ വഴിയുള്ളൂ..നിയന്ത്രണങ്ങളുടെ കാലം വളരെ ചുരുങ്ങിയതാണ്‌. പ്രതിഫലത്തിന്റെ ലോകം അറ്റമില്ലാത്ത കാലത്തിന്റേതാണ്‌. നടുക്കടലിൽ വെച്ച്‌ മുക്കിയ വിരലിൽ പതിഞ്ഞ ജലകണിക നോക്കി സമുദ്രത്തെ തിരിഞ്ഞു നോക്കിയവൻ മനസ്സിലാക്കട്ടെ ദുനിയാവ്‌ വിരലിൽ പതിഞ്ഞതിൽ തീർന്നു എന്നും ആഴമില്ലാ കടൽ കണക്കെ വിശാലമാ ആഖിറം ബാക്കി നിൽക്കുന്നു എന്നും..


ആഖിറത്തിനെയും അതിന്റെ ഓർമ്മകളെയും തൊട്ട്‌ മനുഷ്യനെ തിരിച്ചു കളയുന്ന ദുനിയാവിലെ കൊഴ്‌ഞ്ഞു തീരുന്ന ഓരോ നിമിഷത്തിലേയും ആസ്വദിച്ചു തീർത്ത അനുഗ്രഹങ്ങൾ ആകമാനം ഏകനായി ഉടമയായ നാഥന്റെ മുമ്പിൽ നിൽക്കുന്ന സമയം ഓരോന്നായി കണക്ക്‌ ബോധിപ്പിക്കേണ്ടി വരുക തന്നെ ചെയ്യും.

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ

ഒരൽപ്പം ദുനിയാവിലെ സുഖം കുറഞ്ഞതിന്റെ പേരിൽ പ്രയാസത്തിന്റെ കെട്ടുകളുമായി ജനങ്ങളെ കാണുന്ന മനുഷ്യരെങ്ങാനും ആ കുറവ്‌ വർദ്ധനവായി മാറുന്ന ലോകത്തെ കുറിച്ച്‌ മനസ്സിൽ ഉറപ്പിച്ച്‌ പ്രതീക്ഷ വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു..