Thursday, September 10, 2015

വിശപ്പിന്റെ ദൈവം - ഒരു വേദനാജനകമായ അനുഭവക്കുറിപ്പ്

ഇറാനിലെ ഖിഷം ദ്വീപിലേക്ക് വിമാനമിറങ്ങിയ ശേഷം ബസ്സിൽ നേരിട്ട് ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവിടെ ഒമ്പത് ദിവസത്തോളം ജീവിച്ചു. ആവശ്യത്തിനു പണവും ഏതു സമയവും വിസ ശരിയായി വിളി വരുമെന്ന് ഉറപ്പും ഉള്ളത് കൊണ്ട്  ജീവിതം വലിയൊരു പ്രയാസകരമായി അനുഭവപ്പെട്ടില്ല. അടുത്ത ദിവസങ്ങളിലായി എത്തിയവർ കയ്യിൽ കാശുള്ളതിനാൽ അവിടെ ലഭ്യമായ ആസ്വാദന കളികളിൽ മുഴുകി സമയം കൊല്ലുന്നു. ഹുക്ക വലിക്കാർ, സ്നൂക്കർ, ടേബിൾ ടെന്നീസ് കളിക്കാർ, ടീ വി കാണുന്നവർ അങ്ങനെ പലരും, കുറെ ആളുകൾ നിർത്താതെ സംസാരിക്കുന്നു.  മന:പ്രയാസങ്ങൾ നാവ് കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന പോലെ തോന്നി. ചിലർ പുറത്തിറങ്ങി നാട് കാണാൻ ശ്രമിക്കുന്നു. ദൂരെ കടലിലേക്ക് നോക്കി ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുന്നവരുണ്ട് കുറേ.

കൗതുകക്കാഴ്ചകൾ തേടി നടക്കുന്ന കണ്ണുകൾ വല്ലാതെ ഉടക്കിയത് പലരുടെയും വേദനകളിലാണ്. മാസങ്ങളായി വിസയും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പല പല നാട്ടുകാർ, വിസ ലഭിക്കില്ല എന്ന് ഉറപ്പ് വന്നിട്ട് യു എ ഇ യിലേക്ക് പോകാനാകില്ല എന്നറിഞ്ഞിട്ടും ടിക്കറ്റിനു കാശില്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനും കഴിയാതെ ഇനിയെന്ത് എന്ന് ജീവിതത്തെ നോക്കി വിലപിക്കുന്ന ഒട്ടനവധി ആളുകൾ. ഭക്ഷണം കഴിക്കാൻ പോയപ്പോൾ പലർക്കും പല ഭാവങ്ങൾ. കൊടുക്കാൻ കാശില്ലാതെ, ഭക്ഷണം കഴിക്കാൻ കയ്യിൽ ഒരുദിർഹം പോലുമില്ലാതെ യാചന വശമില്ലാത്തതിനാൽ വരുന്നവരുടെ മുന്നിൽ പ്രതീക്ഷയോടെ നോക്കുന്ന മുഖങ്ങൾ ഒരുപാടുണ്ട് അവിടെ. പരിചയമായ മുഴുപ്പട്ടിണിക്കാർക്ക് കൊച്ചു ഭക്ഷണ ശാല നടത്തുന്ന മലയാളിയായ ഇക്ക സൗജന്യമായി ഭക്ഷണം കൊടുക്കുന്നു. അതും ഇല്ലാത്തവർ പട്ടിണി തന്നെ - കൊടും പട്ടിണി..

ദിവസം 5 പിന്നിട്ടു. നോട്ടീസ് ബോർഡിൽ നോക്കി - വിസ എത്തിയിട്ടില്ല. ഇറങ്ങി നടന്നു, രാത്രി വൈകിയ നേരത്ത്, ആകാശത്തിലേക്ക് നോക്കി കുറെ നേരം വീക്ഷിച്ചു, ഹുക്ക വലിക്കുന്നവരുടെയും സ്നൂക്കർ കളിക്കുന്നവരുടെയും ഇടയിലൂടെയൊക്കെ നടന്നു ആളുകളുടെ ഇടപാടുകളൊക്കെ കണ്ട് സമയം പോയി. മുറിയിലേക്ക് പോയി വുളു എടുത്തു നിസ്ക്കരിക്കാൻ വേണ്ടി തിരിച്ചു അവിടെയുള്ള കൊച്ചു പള്ളിയിൽ കയറി. അവിടെയുണ്ടായിരുന്നു മുട്ടുകുത്തി ക്രിസ്ത്യാനികൾ പള്ളിയിൽ ഇരിക്കുന്ന പോലെ രണ്ടു കൈകളും ചേർത്ത് കോർത്ത്‌ പിടിച്ചു തലകുനിച്ച് മിണ്ടാതെ ഇരിക്കുന്ന ഒരു മനുഷ്യനെ അവിടെ കണ്ടു. കണ്ടപ്പോൾ ഒരു ചൈന, കൊറിയക്കാരുടെ മുഖം പോലെ തോന്നി. ശ്രദ്ധിച്ചപ്പോൾ അയാളുടെ അടച്ചു പിടിച്ച കണ്ണിൽ നിന്നും മിഴിനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. മനസ്സ് വല്ലാതെ പിടച്ചു പോയി - ഞാൻ നിസ്ക്കരിക്കാതെ അയാളെ നോക്കി നിന്നു. അങ്ങനെ ഒരു കരച്ചിൽ ജീവിതത്തിൽ ഞാൻ അതിനു മുമ്പും ശേഷവും കണ്ടിട്ടില്ല, നിർത്താതെ ഒഴുകുകയായിരുന്നു കണ്ണുനീർ.



ഒരുപാട് നേരം അങ്ങനെ ഇരുട്ടിൽ ഞാൻ അനങ്ങാതെ നിന്ന് നോക്കി - അയാളുടെ ഗദ്ഗദങ്ങൾ പതുക്കെ ചുണ്ടുകളുടെ പൂട്ട്‌ പൊട്ടിച്ചു പുറത്തു ചാടിതുടങ്ങിയിരുന്നു. മനസ്സിൽ നിന്നും ഒരു പൊട്ടിത്തെറി പോലെ എന്തൊക്കെയോ കൈകൾ രണ്ടും മുകളിലോട്ട് ഉയർത്തി അയാൾ പറഞ്ഞു - ശേഷം കണ്ണും തുടച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി. എന്തോ അയാളുമായൊന്ന് സംസാരിക്കണം എന്ന് തോന്നി - എന്ത് എന്നറിയില്ല.അടുത്ത് ചെന്ന് അറിയുന്ന ഇംഗ്ലീഷിൽ എന്തൊക്കെയോ ചോദിച്ചു - അയാൾക്ക് മനസ്സിലാകുന്നില്ല, (സത്യത്തിൽ സംസാരിക്കാനും അയാളെ പറ്റി ചോദിക്കാനും തുടങ്ങാൻ ഒരു വിഷയം വേണമല്ലോ എന്ന നിലക്ക് മാത്രം) ഞാൻ അയാളോട് "നിങ്ങൾ മുസ്ലിമാണോ" എന്ന് ചോദിച്ചു - അല്ലെന്നു മറുപടി പറഞ്ഞു. ആ മുഖത്ത് വിഷാദമായിരുന്നു - വിശക്കുന്നവന്റെ മുന്നിൽ മതം ചോദിക്കുന്നത് കൊണ്ട് എന്ത് നേട്ടം എന്നയാളുടെ മുഖം ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ മുസ്ലിമീങ്ങൾ അല്ലാത്തവർക്ക് പ്രവേശിക്കാൻ പാടില്ല എന്ന് നിങ്ങൾക്ക് അറിയാമോ എന്ന് ചോദിച്ചു:

മറുപടി വീണ്ടും ഒരിറ്റു കണ്ണുനീർ ആയിരുന്നു - ആംഗ്യത്തിലൂടെയും അറിയാവുന്ന ഭാഷയിലൂടെയും അയാൾ പറഞ്ഞത് 'ഈ ലോകത്ത് എനിക്ക് ആരോടും ഒന്നും പറയാനില്ല - ഇവിടെ പ്രാർഥിക്കാൻ ആളുകൾ വരുന്നത് കണ്ട് ദൈവം ഇവിടെ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നും ഈ സമയത്ത് ഞാൻ വന്ന് ഇവിടെ ഇതുപോലെ എന്റെ വേദനകൾ ശബ്ദമില്ലാതെ ഇറക്കി വെക്കും - വേറെ ഒരു വഴിയും എനിക്ക് മുന്നിലില്ല".

ഞാൻ അറിയുകയായിരുന്നു; വിശപ്പ് തന്നെ ഒരു മതമാണ്‌ - വിശ്വാസവും കർമ്മവും ധ്യാനവും എല്ലാം അൽപ്പം ഭക്ഷണത്തിലും വെള്ളത്തിലും ലയിച്ചു നിൽക്കുന്ന ആവശ്യക്കാരൻ സ്വയമറിയാതെ വിശ്വസിക്കുന്ന മതം. വിശുദ്ധ ഇസ്ലാം വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത് ചെയ്യാവുന്ന സല്ക്കർമ്മങ്ങളിൽ എറ്റവും പുണ്യകരമായതിൽ ഒന്നായി പഠിപ്പിക്കുന്നത് എന്ത് കൊണ്ട് എന്ന് അറിയണമെങ്കിൽ വിശപ്പിന്റെ മതത്തിൽ വിശ്വസിക്കുന്നവരെ കാണണം - അറിയണം.

അനിയന്ത്രിതമായി എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉറ്റി വീണു. നാവ് ചലനമറ്റ പോലെ തോന്നി. അന്വേഷിച്ചപ്പോൾ വല്ലതും കഴിച്ചിട്ട് ദിവസങ്ങളായി എന്നും വിസ തരുമെന്ന് പറഞ്ഞവർ പറ്റിച്ചു എന്നും കരുതിയ പണമൊക്കെ തീർന്നു, നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിനു കാശില്ല എന്നും പറഞ്ഞു.വാക്കുകൾ മുറിഞ്ഞു പോയിരുന്നു. കയ്യിലുള്ളത് അയാളുടെ കയ്യിൽ ഏൽപ്പിക്കുമ്പോ തീരാത്ത ചിന്തകൾ മൊട്ടിടുകയായിരുന്നു. എന്റെ കൈകളിൽ അയാൾ തന്ന മുത്തം ഒരു ജീവന്റെ പുതുസ്പർശം പോലെ തോന്നി.ഈ ആരാധനാലയത്തിന്റെ ഭാഗമായ ദൈവം തന്റെ വിളി കേട്ടുവെന്ന് അയാൾക്ക് തോന്നിയോ എന്തോ.

പ്രയാസം വന്നു മൂടിയപ്പോ ആരെന്നറിയാതെ ദൈവത്തിലേക്ക് കൈനീട്ടാൻ വന്ന സഹോദരൻ ഒരു അടയാളമാണ്. അല്ലലിലാതെ, പ്രയാസമില്ലാതെ, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ 20 ഇൽ പരം വർഷം എനിക്ക് ഞാനറിയാതെ ഭക്ഷണം തന്ന അല്ലാഹുവിന്റെ മുന്നിൽ ഒരിക്കൽ പോലും ഒന്നു മനസ്സറിഞ്ഞു നന്ദി രേഖപ്പെടുത്താൻ കഴിയാത്ത എനിക്ക് 'എന്റെ അനുഗ്രഹം ഞാൻ നിർത്തൽ ചെയ്‌താൽ ഇങ്ങനെ ഉണ്ടാകും' എന്ന് അവന്റെ പക്കൽ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചത് പോലെ..

പിന്നെ അയാളെ കണ്ടിട്ടേ ഇല്ല. വിസ കിട്ടി തിരിച്ചു പോകുന്നതിനു മുമ്പുള്ള രണ്ടു മൂന്നു ദിവസം എല്ലായിടത്തും ഞാൻ അദ്ദേഹത്തെ തിരഞ്ഞു. തിരിച്ചു എയർ പോർട്ടിൽ വിമാനം കയറുന്നത് വരെ എല്ലായിടത്തും, കണ്ടില്ല. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയി. ഒരു നിയോഗം പോലെ - എന്നെ എന്റെ ജീവിതം എന്തെന്ന് ആലോചിക്കാൻ പഠിപ്പിച്ച ഒരു ഗുരുവായി തോന്നി അയാളെ. അന്നും ഇന്നും എന്നും ആ കാഴ്ച മനസ്സിൽ വന്നപ്പോഴൊക്കെ എങ്ങോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത ആ സഹോദരന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു തുള്ളി കണ്ണുനീർ, ഒപ്പം സ്വന്തം മനസ്സിനോട് ഒരുണർത്താൽ കൂടെ വരാതെ പോയിട്ടില്ല..

നിങ്ങളും അറിഞ്ഞിട്ടുണ്ടോ മനസ്സ് നീറുന്ന സമയത്ത്, ആരുമാരും തുണയില്ലാതെ ഉഴറുന്ന സമയത്ത്, വേദനിപ്പിക്കുന്ന ചിന്തകൾ മനസ്സിനെ കീഴടക്കുന്ന സമയത്ത്, പിടിച്ചു കരയറാൻ വൈക്കോൽ തുമ്പ് പോലും കാണാനില്ലാതെ ജീവിതക്കയത്തിൽ മുങ്ങുന്ന സമയത്ത്, സ്വയം മറന്ന് എല്ലാ സഹായങ്ങളിലും സഹായികളിലും പ്രതീക്ഷയറ്റ് നാമറിയാതെ യാന്ത്രികമായി ദൈവികമായ ഒരു സഹായത്തിലേക്ക് കൈനീട്ടിപ്പോകുന്ന ഒരു അവസ്ഥ..?

ഇസ്ലാം പതിതർക്ക് ഒപ്പമാണ് - സ്വദഖകളിൽ ഏറ്റവും ഉത്തമം വിശക്കുന്നവനു ഭക്ഷണം കൊടുക്കലാണ് എന്ന് ആദരവായ നബിതങ്ങൾ പഠിപ്പിച്ചത് നമ്മുടെ കണ്ണ് തുറപ്പിക്കുമോ..?