Friday, February 19, 2016

മരണപ്പെട്ട മകളും പുറകെ ഓടുന്ന പാമ്പും

"പതിവായി തെറ്റ് കുറ്റങ്ങളിലായി മുഴുകി ജീവിച്ചിരുന്ന മദ്യപാനിയായിരുന്നു ഞാൻ. എനിക്ക് വളരെ ഇഷ്ടമുള്ള രണ്ട് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. അവളുടെ മരണത്തിൽ ഞാൻ വളരെ ദു:ഖിതനായിരുന്നു. ആ വർഷം ശഅബാൻ മാസം 15 ന്റെ അന്ന് ഞാൻ വളരെയേറെ മദ്യപിച്ച് ഇഷാ പോലും നിസ്ക്കരിക്കാതെ കിടന്നുറങ്ങുകയായിരുന്നു.

സ്വപ്നത്തിൽ എനിക്ക് ഖിയാമത്ത് നാൾ വന്നതായാണ് കാണാൻ കഴിഞ്ഞത്. മരിച്ചവർ എല്ലാവരും ഉയിർത്തെഴുന്നേറ്റ് കൂട്ടം കൂട്ടമായി കൂടുന്നു. എന്റെ പുറകിൽ ഒരു അനക്കം എനിക്ക് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോൾ അതിഭയാനക രൂപത്തിലുള്ള ഒരു പാമ്പ്‌ വാ പിളർന്ന് എനിക്ക് നേരെ വരുന്നതാണ് ഞാൻ കണ്ടത്. ഭയപ്പെട്ട് ഞാൻ ഓടാൻ തുടങ്ങി. പാമ്പ്‌ പുറകെയും.

കുറച്ച് ഓടിയപ്പോൾ തിളങ്ങുന്ന മുഖമുള്ള ഒരു വൃദ്ധനെ ഞാൻ കണ്ടു. അയാളോട് ഞാൻ സഹായം ആവശ്യപ്പെട്ടെങ്കിലും 'ഞാൻ ദുർബലനാണ് - എനിക്ക് നിന്നെ സഹായിക്കാനുള്ള കഴിവില്ല' എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഓടി ഓടി ഒരു ചെറിയ മല ഞാൻ കയറി - പാമ്പ്‌ പുറകെ തന്നെ ഉണ്ടായിരുന്നു. മലയുടെ ഒരു വശത്ത് ഭീതിതമായ തീക്കുണ്ടാരമായിരുന്നു. നിരവധി ആളുകൾ അതിൽ കത്തിക്കപ്പെടുന്നുണ്ടായിരുന്നു. അതിലേക്ക് വീഴാൻ അടുത്തിരുന്ന ഞാൻ ഒരു അശരീരി കേട്ടു:

'പുറകോട്ട് മാറുക, നിങ്ങൾ ഇതിലേക്കുള്ളതല്ല'.

ഞാൻ സ്വയം പുറകിലോട്ട് മാറി എതിർ ദിശയിലേക്ക് ഓടാൻ തുടങ്ങി. മുമ്പ് കണ്ട അതെ തിളങ്ങുന്ന മുഖമുള്ള വൃദ്ധനെ വീണ്ടും കണ്ടു. അയാൾ കരഞ്ഞു കൊണ്ട് വീണ്ടും പറഞ്ഞു: 'നിന്നെ സഹായിക്കാനുള്ള കഴിവില്ലാത്ത അത്രയും ദുർബലനാണ് ഞാൻ, ആ കാണുന്ന മലയിലേക്ക് നോക്കൂ, അവിടെയാണ് മുസ്ലിമീങ്ങൾ അവരുടെ സമ്പാദ്യങ്ങൾ സൂക്ഷിക്കുന്നത്. അവിടേക്ക് പോയി നോക്കൂ, നീ വല്ലതും നിക്ഷേപിച് വച്ചിട്ടുണ്ടെങ്കിൽ ഇന്ഷാ അല്ലാഹ് നിനക്കത് തിരിച്ചെടുക്കാൻ കഴിയും."

ഞാനാ മലയിൽ എത്തി, പട്ടുതുണികളാൽ അലങ്കരിക്കപ്പെട്ട ജനലുകളായിരുന്നു അവിടെ. സ്വർണ്ണത്തിന്റെ വാതിലുകൾ മുത്തുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മലക്ക് വിളിച്ചു പറഞ്ഞു: 'വിരികൾ മാറ്റൂ, വാതിലുകൾ തുറക്കൂ, ആ മനുഷ്യന് ചിലപ്പോ പാമ്പിനെ തൊട്ട് രക്ഷയേകാൻ സഹായിക്കുന്ന വല്ല നിക്ഷേപവും ഉണ്ടാകും'.

വാതിലുകൾ തുറക്കപ്പെട്ടപ്പോൾ അതിസുന്ദരരായ ഒരുപാട് കൊച്ചുകുട്ടികളുടെ മുഖമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്. കൂട്ടത്തിൽ എന്റെ മരണമടഞ്ഞ 2 വയസ്സായ മകളുമുണ്ടായിരുന്നു. എന്നെ കണ്ട പാടെ അവൾ കരഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു:

'അല്ലാഹുവാണേ, ഇതെന്റെ പിതാവാണ്'. ചാടി വന്ന് അവളുടെ വലത് കൈ കൊണ്ട് എന്റെ ഇടത് കൈ പിടിച്ചു. ഇത് കണ്ടതോടെ ഭീകരനായ പാമ്പ്‌ തിരിച്ച് പോയി. എന്റെ മകൾ എന്റെ മടിയിൽ ഇരുന്ന് താടിയിൽ തലോടിക്കൊണ്ട് സൂറത്ത് ഹദീദിലെ 16ആമത്തെ ആയത്ത് ഓതാൻ തുടങ്ങി.

ألم يأن للذين آمنوا أن تخشع قلوبهم لذكر الله

(ആശയം: സത്യ വിശ്വാസികൾക്ക് തങ്ങളുടെ ഹൃദയങ്ങൾ അള്ളാഹുവിലേക്ക് തിരിക്കുവാൻ സമയമായില്ലയോ?)

ഇത് കേട്ടതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഭീകരനായ പാമ്പിനെയും വൃദ്ധനായ മനുഷ്യനെയും കുറിച്ച് ഞാൻ അവളോട് ചോദിച്ചു.

'പാമ്പ്‌ നിങ്ങളുടെ ദുഷ്ക്കർമ്മങ്ങളായിരുന്നു. നിങ്ങൾ ചെയ്തു കൂട്ടുന്ന തിന്മകൾ പാമ്പിന്റെ രൂപത്തിൽ നിങ്ങളെ നരകത്തിലേക്ക് കൊണ്ട് പോകുമായിരുന്നു. വൃദ്ധനായ മനുഷ്യൻ നിങ്ങളുടെ സൽക്കർമ്മങ്ങൾ ആയിരുന്നു. വളരെ കുറച്ച് മാത്രം നല്ല കർമ്മങ്ങൾ നിങ്ങൾ ചെയ്തിരുന്നതിനാൽ അത് ദുഷ്ക്കർമ്മങ്ങളുമായി പോരടിക്കാൻ കഴിയാത്ത വിധം വളരെ ദുർബലമായി.'.

നിങ്ങളെന്താണ്‌ ഈ മലയിൽ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. അവൾ പറഞ്ഞു: 'മരണപ്പെട്ട മുസ്ലിമായ കുട്ടികൾ ഖിയാമത്ത് നാൾ വരുന്നത് വരെ ഇവിടെ കാത്ത് നിൽക്കും - ഞങ്ങളുടെ മാതാപിതാക്കളെ കാത്തു കൊണ്ട്. എന്നിട്ട് അവർക്ക് വേണ്ടി റബ്ബിനോട്‌ ഇടതേടും". ഇത് കേൾക്കുന്നതോടെ എന്റെ ഉറക്കം തെളിഞ്ഞിരുന്നു. മനസ്സ് വല്ലാതെ മാറി, ഞാൻ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങി."

ഇസ്ലാമിക ചരിത്രത്തിലെ പ്രകാശിക്കുന്ന വെളിച്ചഗോപുരമായി വളർന്ന് പടർന്ന് പന്തലിച്ച മാലിക്ക് ഇബ്നു ദീനാർ (റ) ൻറെ പാശ്ചാത്താപത്തിന്റെ കാരണം എന്തായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞതാണീ സംഭവം.

നല്ലതോ ചീത്തയോ ആയി നമുക്ക് അനുഭവപ്പെടുന്ന സകല കാര്യങ്ങളും പല വിധത്തിലുള്ള സബബുകളിലൂടെയാണ് അല്ലാഹു നമ്മുടെ മേൽ നടപ്പാക്കുന്നത്. ഒരു നന്മ നമുക്ക് ലഭിക്കുന്നത് പലപ്പോഴും അല്ലാഹുവിങ്കൽ നിന്ന് നേരിട്ടല്ല - മറിച്ച് മറ്റു പലരിലൂടെയോ പലതിലൂടെയോ ആയിരിക്കും. തിന്മയും അതേപടി തന്നെ.

തെമ്മാടിയായി ജീവിച്ച മനുഷ്യനിൽ അല്ലാഹു സൽചിന്തയുടെ വിത്തുകൾ പാകാൻ ഉദ്ദേശിച്ചാൽ പിന്നെ എന്തെങ്കിലും ഒരു കാരണം അതിലേക്കായി അല്ലാഹു നൽകുന്നു. മഹാന്മാരായ മഹാന്മാരിൽ അധികവും ഇത്തരത്തിൽ ചില അനുഭവങ്ങളുടെ പേരിൽ തന്റെ പിഴച്ച ജീവിതത്തെ വലിച്ചെറിഞ്ഞ് നന്മയുടെ വഴിയിലേക്ക് കടന്നു വന്നവരാണ്.

മാലിക്ക് ഇബ്നു ദീനാർ (റ) തങ്ങൾക്ക് അല്ലാഹു ഒരു സ്വപ്നമാണ് മാറ്റത്തിന്റെ കാഹളമായി അല്ലാഹു സംവിധാനിച്ചു നൽകിയത്. ഉൾക്കടമായ ആശയും അഭിലാഷവും മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യർക്ക് എല്ലാവർക്കും ജീവിതത്തിന്റെ വഴിയാത്രക്ക് ഇടയിൽ ഏതെങ്കിലും ഒരവസരത്തിൽ ഇലാഹീ കടാക്ഷത്തിലേക്ക് നടക്കാനുള്ള ഒരു കാരണം അവൻ സൃഷ്ടിക്കുക തന്നെ ചെയ്യും - ചിലപ്പോ ഒന്നല്ല ഒരായിരം കാരണങ്ങൾ. ഏതിലെങ്കിലും ഒന്നിൽ കടിച്ചു പിടിച്ചു കൊണ്ട് നന്മയുടെ പാന്ഥാവിലേക്ക് തിരിച്ചു നടക്കാൻ നമുക്കും കഴിയണം.

وذكر فإن الذكرى تنفع المؤمنين

'ഉപദേശിച്ച് കൊണ്ടേയിരിക്കുക, മുഅ്മിനീങ്ങളുടെ ഹൃദയങ്ങൾക്ക് ഉപദേശങ്ങൾ ഉപകരിക്കും' എന്ന് അല്ലാഹു തന്നെ പടിപ്പിക്കുന്നുവല്ലോ. നമുക്ക് സ്വയവും പരസ്പരവും ഉപദേശിച്ച് കൊണ്ടേയിരിക്കാം. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മനസ്സുകളും റബ്ബിലേക്ക് തിരിക്കാൻ അത് സഹായകമായേക്കും..

ഇൻശാ അല്ലാഹ്...