Sunday, June 05, 2016

റമളാൻ മസ്‌അലകൾ


❓ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ? വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?

✅ഉത്തരം: ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല. വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

❓ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

✅ഉത്തരം: ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

❓ചോദ്യം: സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!? പൂങ്കാവനം മാസിക വാല്യം:8, ലക്കം:12 റമളാൻ പതിപ്പിൽ എഴുതിയ അഭിപ്രായം മുറിയുമെന്നാണ്‌. ഇതു ശരിയാണോ?

✅ഉത്തരം: തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.


❓ചോദ്യം: നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ?

ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.

❓ചോദ്യം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

ഉത്തരം: മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.

❓ചോദ്യം: നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ? തിന്റെ ശർഇയ്യായ വിധിയെന്ത്‌?

✅ഉത്തരം: അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും. ശർഹു ബാഫള്‌ൽ: 2-186.

❓ചോദ്യം: നോമ്പു തുറന്ന ശേഷം ചൊല്ലേണ്ട 'അല്ലാഹുമ്മ ലക സുംതു' എന്ന ദിക്‌റ്‌ അതിനു മുമ്പ്‌ ചൊല്ലിയാൽ സുന്നത്തു ലഭിക്കുമോ?

✅ഉത്തരം: ലഭിക്കേണ്ടതാണ്‌. ഹാശിയത്തുൽ കുർദി: 2-154 നോക്കുക.

❓ചോദ്യം: റമളാൻ മാസം മരണപ്പെട്ട ഒരാളിന്‌ പകൽ സമയം സുഗന്ധം പൂശൽ സുന്നത്തുണ്ടോ? തെളിവ്‌ സഹിതം മറുപടി തന്നാലും.

✅ഉത്തരം: കഫൻ പുടയിലും മറ്റും വാസനദ്രവ്യം ഉപയോഗിക്കൽ സുന്നത്തുണ്ട്‌. ശർവാനി: 3-411.

❓ചോദ്യം: നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം വന്നുകൂടുമെങ്കിലോ?

✅ഉത്തരം: ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌. തുഹ്ഫ: 3-424.

❓ചോദ്യം: പള്ളികളിൽ നോമ്പു തുറക്കുമ്പോൾ ചയായും മറ്റും കൊടുക്കുന്നു. അങ്ങനെ നോമ്പു തുറന്നവരെ ചിലർ വീട്ടിൽ കൊണ്ടുപോയി ഭക്ഷണവും കൊടുക്കുന്നു. ഇതിൽ ആർക്കാണ്‌ നോമ്പ്‌ തുറപ്പിച്ചതിന്റെ പ്രതിഫലം?

✅ഉത്തരം: നോമ്പു തുറപ്പിച്ചതിന്റെ പ്രതിഫലം തുറക്കാനുള്ളത്‌ നൽകിയവനും നോമ്പുകാരനു വയറു നിറച്ചു ഭക്ഷണം നൽകിയതിന്റെ പുണ്യം അതു നൽകിയവർക്കും ലഭിക്കും. രണ്ടിനും പ്രത്യേകം പ്രതിഫലവും പുണ്യവും ഹദീസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

❓ചോദ്യം: ഹിന്ദുക്കൾക്കു റമളാൻ മാസത്തിൽ ആഹാരം കൊടുക്കുന്നതിൽ തെറ്റുണ്ടോ? നോമ്പു തുറന്നതിന്റെ ശേഷം നമ്മൾ കഴിക്കുന്ന  ആഹാരം കൊടുത്താൽ നമ്മുടെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമോ?

✅ഉത്തരം: പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക്‌ അവർ അമുസ്ലിംകളാണെങ്കിലും റമളാനിലെ പകലിൽ ഭക്ഷണം നൽകൽ ഹറാമാണ്‌. ശർവാനി: 4-37. രാത്രിയിൽ നൽകുന്നതു കൊണ്ടു കുഴപ്പമില്ല. അതു നോമ്പു തുറക്കാനുണ്ടാക്കിയ ആഹാരമായതുകൊണ്ടും നമ്മുടെ നോമ്പിനു യാതൊരു കുഴപ്പവും വരില്ല.

❓ചോദ്യം: നോമ്പ്‌ ഖളാഉള്ള ഒരാൾ മരണപ്പെട്ടു. അനന്തരാവകാശികൾ അതു നോറ്റു വീട്ടേണ്ടതുണ്ടോ? നോറ്റാൽ വീടുമോ? ശാഫിഈ മദ്‌ഹബിലെ പ്രബലമായ അഭിപ്രായം തെളിവു സഹിതം വ്യക്തമാക്കിയാലും.

✅ഉത്തരം: നോൽക്കാൻ സൗകര്യപ്പെട്ട ശേഷം മരണപ്പെട്ടയാളെത്തൊട്ടു ബന്ധുക്കൾ നോമ്പനുഷ്ടിച്ചു വീട്ടണമെന്നില്ല. ഓരോ നോമ്പിനും ഓരോ മുദ്ദുവീതം ഭക്ഷണം നൽകിയാലും മതി. അതാണു നോമ്പു നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടവും. ബന്ധുക്കൾ നോൽക്കുന്നതു കൊണ്ടും ബാധ്യത വീടുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. (തുഹ്ഫ 3-437).

❓ചോദ്യം: റമളാൻ നോമ്പിന്‌ ഓരോ ദിവസവും രാത്രിയിൽ തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതുണ്ടല്ലോ. ഇത്‌ ഒരു രാത്രി മറന്നാൽ അതിന്റെ വിധിയെന്ത്‌?.

✅ഉത്തരം: രാത്രിയിൽ നിയ്യത്ത്‌ സംഭവിച്ചില്ലെങ്കിൽ അന്നത്തെ നോമ്പ്‌ സാധുവാകുകയില്ല. ആ നോമ്പ്‌ പിന്നീടൊരു ദിവസം ഖളാ വീട്ടണം. എങ്കിലും നിയ്യത്തു മറന്ന ദിനത്തിലും അവൻ നോമ്പുകാരനെ പോലെ പൂർണ്ണമായും അന്നപാനീയങ്ങളും മറ്റും വെടിഞ്ഞ്‌ 'ഇംസാക്ക്‌' ചെയ്യണം.

എന്നാൽ റമളാനിന്റെ ആദ്യത്തെ രാത്രിയിൽ റമളാൻ മുഴുവൻ നോമ്പനുഷ്ടിക്കുന്നതായി കരുതിയാൽ എല്ലാ നോമ്പിനും ആ നിയ്യത്ത്‌ മതിയെന്നാണ്‌ മാലിക്കീ മദ്‌ഹബ്‌. നിയ്യത്ത്‌ രാത്രിയിൽ മറന്ന ദിവസങ്ങളിൽ ഈ മദ്‌ഹബനുസരിച്ച്‌ നോമ്പനുഷ്ടിക്കാനും നോമ്പു ലഭിക്കാനും സൗകര്യപ്പെടാൻ വേണ്ടി റമളാനിന്റെ അദ്യരാത്രി തന്നെ മാസം മു ഇമാം ഇബ്‌നുഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്‌.

അതുപോലെ ഓരോ നോമ്പിനും പകലിന്റെ ആദ്യത്തിൽ നിയ്യത്തു മതിയെന്നാണ്‌ ഇമാം അബൂഹനീഫയുടെ പക്ഷം. രാത്രിയിൽ നിയ്യത്തു മറന്നാൽ ഈ അഭിപ്രായം അനുകരിച്ചു കൊണ്ടു നോമ്പു നോൽക്കാനും നോമ്പു ലഭിക്കാനും വേണ്ടി മറന്ന ദിനത്തിന്റെ തുടക്കത്തിൽ അന്നു നോമ്പനുഷ്ടിക്കുന്നതായി കരുതൽ സുന്നത്താണെന്നും ഫുഖഹാഉ പ്രസ്താവിച്ചിട്ടുണ്ട്‌. (ഫത്‌ഹുൽ മുഈൻ).

ഇതനുസരിച്ചു രാത്രിയിൽ നിയ്യത്തു മറന്നയാൾ, പകലിന്റെ ആരംഭത്തിൽ ഇമാം അബൂഹനീഫ(റ)യെ അനുകരിച്ച്‌ അന്നു നോമ്പു പിടിക്കുന്നതായി കരുതി വ്രതമനുഷ്ടിച്ചാൽ അവന്‌ അന്നത്തെ നോമ്പു ലഭിക്കുമെന്നും അതു പിന്നെ ഖളാ വീട്ടേണ്ടതില്ലെന്നും മനസ്സിലാക്കാം.

❤മൗലാനാ നജീബ്‌ ഉസ്താദിന്റെ ബുൽബുൽ മാസികയിലെ 'പ്രശ്നോത്തരം' പംക്തിയിലെ ഫത്‌വാകളിൽ നിന്നും❤.