Saturday, November 12, 2016

കറൻസിയുടെ സക്കാത്തും വിവാദങ്ങളുടെ ചരിത്രവും

ലോകത്ത് പരക്കെ നടപ്പുണ്ടായിരുന്ന നാണയങ്ങൾ വെള്ളിയുടെയും പൊന്നിന്റെതുമായിരുന്നു. വെള്ളി നാണയങ്ങൾക്ക് ദിർഹം എന്നും പൊന്ന് നാണയങ്ങൾക്ക് ദീനാർ എന്നും പറയും. മനുഷ്യർ സമൂഹമായി മാറുകയും നഗരങ്ങളും ഗ്രാമങ്ങളും ഭരണവുമെല്ലാം അവരെ നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയ മുതൽക്കു തന്നെ ഇത്തരം നാണയങ്ങൾ ആണ് അവരുടെ വിനിമയോപാധി. ഇസ്ലാമിനു മുമ്പും പിൻപുമെല്ലാം ഇത് തന്നെ നില. റോം - പേർഷ്യൻ സാമ്രാജ്യങ്ങൾ അടിച്ചിറക്കുന്ന നാണയങ്ങൾ ആണ് അന്ന് മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നത്. വെള്ളിയും പൊന്നും എക്കാലത്തും ഏതു നാട്ടിലും ഏതു സമൂഹത്തിലും മൂല്യമുള്ള സമ്പത്ത് ആയതിനാൽ ഒരു നാട്ടിൽ അടിച്ചിറക്കുന്ന നാണയം മറ്റൊരു നാട്ടിൽ എടുക്കാത്ത പ്രശ്നം ഉത്ഭവിക്കുന്നില്ല. നബി(സ) തങ്ങളുടെ കാലത്തും അനറബികൾ അടിച്ചിറക്കുന്ന നാണയമാണ് അറബു നാടുകളിലും ഉപയോഗിച്ചിരുന്നത്. മുസ്ലിംകൾ ഒരു നാണയം അടിച്ചിറക്കാൻ തുടങ്ങുന്നത് ഖലീഫ അബ്ദുൽ മലികിബ്നു മർവാന്റെ ഭരണകാലത്ത് ആണ് (ഹിജ്ര 75) ഈ ഇസ്ലാമിക നാണയങ്ങൾ അനറബു നാടുകളിലും സ്വീകാര്യമായിരുന്നു. കാരണം ആരടിച്ചിറക്കിയാലും പ്രസ്തുത നാണയങ്ങൾ ഒരു നിശ്ചിത തൂക്കം പൊന്നിലും വെള്ളിയിലും ആയിരിക്കുമല്ലോ.


കാലം പിന്നിട്ടപ്പോൾ സ്വർണ്ണവും വെള്ളിയുമല്ലാത്ത മറ്റു ലോഹങ്ങൾ കൊണ്ടും നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. 'ഫുലൂസ്' എന്നാണു ഇത്തരം നാണയങ്ങൾക്ക് പറഞ്ഞു വരുന്ന പേര്. സ്വർണ്ണവും വെള്ളിയുമല്ലാത്ത ഏതു ലോഹങ്ങൾ കൊണ്ടുള്ളതിനും ഫുലൂസെന്നു തന്നെയാണ് പരക്കെ പറഞ്ഞു വന്നത്. തുടക്കത്തിൽ ഘുറാസാനിൽ നിന്നോ മറ്റോ അടിച്ചിറക്കപ്പെട്ട നാണയത്തിന്റെ മാത്രം പേരായിരുന്നു ഇതെങ്കിലും. ഈ നാണയങ്ങൾക്ക് ഇടപാടുകളിൽ സ്വീകാര്യമായ പണം എന്ന സ്ഥാനമുണ്ടായിരുന്നെങ്കിലും ദിർഹമിന്റെയും ദീനാറിന്റെയും വിധി ഇതിനു ബാധകമായിരുന്നില്ല.


അതായത് ദിർഹമിനും ദീനാറിനും ഒരു നിശ്ചിത തുകയെത്തിയാൽ നിയമപ്രകാരം സക്കാത്തു നിർബന്ധമാകുമല്ലൊ. അത് പോലെ പരസ്പരം കൈമാറുമ്പോൾ ശറഅ് നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ കൈമാറ്റപ്പലിശ എന്ന വൻകുറ്റവും വരും. ഈ നിയമം ഇതര ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾക്ക് (ഫുലൂസ്) ബാധകമായിരുന്നില്ല. കാരണം അവയ്ക്ക് നാണയമെന്നും പണമെന്നുമൊക്കെ പറയുമെങ്കിലും നഖ്ദ് എന്ന സാങ്കേതിക പദത്തിന്റെ നിർവചനത്തിൽ ഇതുൾപ്പെടുകയില്ലെന്ന് വ്യക്തവും തർക്കമറ്റതുമായിരുന്നു. നഖ്ദുൽ ബലദ് (നാട്ടിലെ നാണയം) എന്ന ഉപാധിയോടെ മാത്രമേ ഇതിനു നഖ്ദെന്നു പറയുമായിരുന്നുള്ളൂ. നഖ്ദിന്റെ അതേ സ്ഥാനത്ത് നിലകൊള്ളുന്നതും വിനിമയോപാധിയായി സ്വീകരിക്കുന്നതുമായിരുന്നിട്ടും ഫുലൂസിനു നഖ്ദിന്റെ സക്കാത്തും പലിശയും ബാധകമല്ലെന്നു നമ്മുടെ ഇമാമുകൾ വ്യക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. നിക്കൽ കൊണ്ടുള്ള നമ്മുടെ നാണയങ്ങളും ഫുലൂസിൽപെടുമല്ലോ. ഇതിനൊന്നും സക്കാത്തും കൈമാറ്റപ്പലിശയും ബാധകമല്ലെന്നു വിവാദവും തർക്കവുമില്ലാതെ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിരുന്നു.




കാലം കുറേക്കൂടി മുന്നോട്ടു ഗമിച്ചപ്പോൾ കടലാസു പണങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഇത് കുറേക്കൂടി സൗകര്യപ്രദമാണല്ലോ. കറൻസികളെന്നും നോട്ടുകളെന്നും വിളിച്ചു വരുന്ന ഈ പണം വിനിമയങ്ങളിലുപയോഗിച്ചു തുടങ്ങിയപ്പോൾ ഇത് സംബന്ധമായി ലോകപണ്ഡിതന്മാർക്കിടയിൽ വിവാദമുണ്ടായി. സ്വർണ്ണ - വെള്ളി നാണയങ്ങൾക്ക് ബാധകമായ സക്കാത്തും കൈമാറ്റപലിശയും കറൻസികൾക്കും ബാധകമാണെന്നും ഇല്ലെന്നും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്, സ്വർണ്ണവും വെള്ളിയുമല്ലാത്ത ലോഹങ്ങൾ കൊണ്ടുള്ള പണം (ഫുലൂസ്) പ്രചാരത്തിൽ വന്നപ്പോൾ അതിനു നഖ്ദിന്റെ (സ്വർണ്ണം, വെള്ളി) സക്കാത്തും പലിശയും ബാധകമല്ലെന്ന് ഇമാമുകളെല്ലാം വ്യക്തമാക്കി. ഇതിൽ വിവാദവും തർക്കവും ഉണ്ടായതുമില്ല. അതേസമയം കടലാസുപണം (നോട്ട്) വന്നപ്പോളോ സ്ഥിതി മാറി, അഭിപ്രായ വ്യത്യാസവും ഭിന്നതയും വിവാദവുമുണ്ടായി. ഇതിനെന്താണ് കാരണം?


കറൻസികൾ സ്വന്തമായി പണമാണോ അതല്ല പണത്തിന്റെ രേഖയാണോ എന്നതാണ് പ്രശ്നം. മിക്കരാജ്യങ്ങൾ അടിച്ചിറക്കുന്ന കറൻസികളും അതെത്ര രൂപയുടെ കറൻസിയാണോ ആ സംഖ്യ ഈ കറൻസി കൈവശം വെക്കുന്നയാൾക്ക് ഞാൻ നല്കുമെന്ന ഒരു പ്രതിജ്ഞ ഇതടിച്ചിറക്കുന്ന ആളുടെ പേരിൽ ഉല്ലേഖനം ചെയ്തിരിക്കും. ഉദാഹരണമായി നമ്മുടെ ഒരൻപതു രൂപയുടെ കറൻസിയിൽ ഇങ്ങനെയൊരു മുദ്രണം കാണാം.

"I PROMISE TO PAY THE BEARER THE SUM OF FIFTY RUPEES" "ഈ നോട്ടു കൈയ്യിലിരിക്കുന്നയാൾക്ക് അമ്പതു രൂപയുടെ സംഖ്യ അഥവാ പണം നല്‍കാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു" വെന്നാണല്ലോ ഇതിന്റെ സാരം. ഈ കുറിപ്പ് മൂലം കറൻസി സ്വന്തമായി പണമല്ലെന്നും ഇതടിച്ചിറക്കുന്ന ബാങ്കോ സർക്കാരോ ഇത് കൈവശം വെക്കുന്നയാൾക്കു നൽകാമെന്ന് ഏറ്റിട്ടുള്ള പണത്തിന്റെ രേഖ മാത്രമാണിതെന്നും വിധിയെഴുതാൻ ന്യായമുണ്ട്. നിയമപ്രകാരം ഇത്തരം പ്രതിജ്ഞ രേഖപ്പെടുത്തിയിട്ടുള്ള പണം വിശ്വാസപ്പണമാണ് താനും.


അതായത് അധികൃതരുടെ ഈ പ്രതിജ്ഞ സമൂഹം വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഈ കടലാസിനു പണത്തിന്റെ സ്വഭാവം കിട്ടുന്നത്. ഇത്തരം കറൻസികള്‍ എപ്പോള്‍ വേണമെങ്കിലും നാണയമായി മാറ്റിക്കൊടുക്കാന്‍ നാണയാധികൃതർക്ക് ബാധ്യതയുണ്ടായിരുന്നു. ആദികാലത്ത് ഏകലോഹ നാണ്യവ്യവസ്ഥയും ദ്വിലോഹ നാണ്യ വ്യവസ്ഥയും നില നില്‍ക്കുകയും ചെയ്തിരുന്നു. തന്മൂലം സ്വർണ്ണം, വെള്ളി എന്നീ ദ്വിനാണയങ്ങളെയും അല്ലെങ്കില്‍ അവയിലൊരു നാണയത്തെയും മാനദണ്ഡ നാണയങ്ങളായി അംഗീകരിച്ചു കൊണ്ടാണ് ഇത്തരം കറൻസികള്‍ അടിച്ചിറക്കിയിരുന്നത്.


ഈ കാരണങ്ങളെല്ലാം വച്ച് ഈ കറൻസികൾക്ക് പകരം ശരിക്കും സ്വർണ്ണ-വെള്ളി നാണയങ്ങള്‍ തന്നെ (അന്നു മിക്ക രാജ്യങ്ങളിലും വെള്ളി നാണയങ്ങള്‍ പ്രചാരത്തിലുമുണ്ടായിരുന്നു) എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്ന നില വെച്ചുകൊണ്ട് ഈ നാണയങ്ങളുടെ കടരേഖയായി കടലാസു പണങ്ങളെ കാണാമെന്നും അത് കയ്യിലിരിക്കുന്നയാൾക്ക് അതിന്റെ പേരില്‍ കിട്ടാനുള്ള സംഖ്യയുടെ പേരില്‍ കടത്തിന്റെ സക്കാത്തു ബാധകമാണെന്നും ഒരു പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.

20-ആം നൂറ്റാണ്ടിന്റെ ഏതാണ്ട് തുടക്കത്തില്‍ - 1920കളില്‍ - അറേബ്യയിലെ ലോക പണ്ഡിതന്മാര്‍ക്കിടയില്‍ ഈ വിവാദം കൊടുമ്പിരിക്കൊണ്ടു, തത്സമയം, മേല്‍പക്ഷക്കാരായി -കറൻസികൾക്ക് കടത്തിന്റെ സക്കാത്ത് ബാധകമാണെന്ന അഭിപ്രായക്കാരായി രംഗത്തുവന്ന പലരുമുണ്ട്. അവരില്‍ പ്രധാനിയാണ്‌ അല്ലാമ സയ്യിദ് അഹമദ്ബക് അല്‍ ഹുസൈനി. “അത്തആലീഫുല്‍ ബദീഅ” എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് ഇദ്ദേഹം. നോട്ടിന്റെ സക്കാത്ത് സംബന്ധിച്ച തന്റെ വീക്ഷണം വിശദീകരിക്കുന്നതിനായി അദ്ദേഹം “ബഹ്ജതുല്‍ മുഷ്താഖ്”എന്നൊരു കൃതി തന്നെ രചിച്ചു. അതില്‍ അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. ”ബാങ്ക് നോട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടലാസുകള്‍, തങ്ങളുടെ മേല്‍ ബാധ്യതപ്പെട്ട കടത്തിന്റെ രേഖയായി സര്‍ക്കാര്‍ അടിച്ചിറക്കുന്നതാണ്. ഇവ പല വിധമുണ്ട്. നോട്ടിലെഴുതപ്പെട്ട സംഖ്യക്കുള്ള തുക നല്‍കുമെന്ന് വ്യക്തമാക്കപ്പെട്ടവയാണൊന്ന്‍. ഇത്തരം നോട്ടുകള്‍ കൈവശം വച്ചയാള്‍ ആവശ്യപ്പെട്ടാല്‍ തനിക്കു പ്രസ്തുത തുക സര്‍ക്കാറില്‍ നിന്ന് ലഭിക്കുമെന്ന് വ്യക്തമാണ്. അങ്ങനെ ഭരണകൂടത്തിന്റെ മേല്‍ ഉത്തരവാദപ്പെടുന്ന സംഖ്യ കടമാകുന്നു. അതിനുള്ള രേഖയാണ് ഈ കറൻസികളെന്നതില്‍ സംശയത്തിനവകാശമില്ല.


ബാങ്ക് നോട്ട് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥവും ഇങ്ങനെ തന്നെ. ഖാമൂസ് ലാറോസ് എന്നാ ഫ്രഞ്ച് നിഘണ്ടുവില്‍ ബാങ്ക് നോട്ട് എന്നതിനെ ഇങ്ങനെ നിര്വ്വവചിച്ചിരിക്കുന്നു. ”ഇത് വഹിക്കുന്നയാൾക്ക് ഇതിന്റെ തുക റൊക്കമായി നൽകും എന്ന പ്രതിജ്ഞ കൊണ്ട് മാത്രം സ്വീകാര്യമായ സർക്കാര്‍ അടിച്ചിറക്കുന്ന കടലാസ്” ലോഹനിർമ്മിത ലോഹങ്ങള്‍ കൊണ്ട് നടത്തുന്ന എല്ലാ ഇടപാടുകള്ക്കും ഇത് കൊണ്ട് നടത്തപ്പെടും. പക്ഷെ, ജനം ഇടപാടുകളില്‍ ഇത് വിശ്വസിക്കണമെങ്കില്‍ ഇതിന്റെ ഗ്യാരണ്ടി ഗവൺമന്റ്‌ ഉത്തരവാദപ്പെടണം."


അപ്പോള്‍ കറൻസികളില്‍ രേഖപ്പെട്ട പ്രതിജ്ഞ പ്രകാരം ശരിയായ പണം സർക്കാർ ഉത്തരവാദപ്പെടുന്നുണ്ടെന്നും അത് നോട്ടു കൈവശം വെച്ചയാൾക്ക് സർക്കാരില്‍ നിന്ന് കിട്ടാനുള്ള കടമാണെന്നും ആ കടത്തിന്റെ രേഖ മാത്രമാണ് നോട്ടു കടലാസുകളെന്നും സ്വന്തമായി അതിനു യാതൊരു വിലയുമില്ലെന്നും പ്രസ്തുത കടത്തിന്റെ സക്കാത്ത് ഈ നോട്ടുകൾക്ക് ബാധകമാണെന്നുമാണ് സയ്യിദ് അഹമദ്ബക് മേല്‍ ഗ്രന്ഥത്തില്‍ സമർത്ഥിക്കുന്നത്. ഇതുപോലെ മറ്റു പല കൃതികളും ഈ വീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് അക്കാലത്ത് അറബുലോകത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്.


ശൈഖ് അബ്ദുല്ലാഹിബ്നു ഉമറൽ അമുദിയ്യുൽ ഹളറമി എഴുതിയ രിസാലയിൽ ഇങ്ങനെ വായിക്കാം "നോട്ടു കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറാൻ പറ്റുമോ.? അത് പലിശയാകുമോ.? എന്ന ചോദ്യത്തിന് നോട്ടുകളിൽ മാർക്ക് ചെയ്യപ്പെട്ട സംഖ്യകളെക്കാൾ ഏറ്റക്കുറച്ചിലൂടെ കൈമാറാൻ പാടില്ലെന്നും അത് പലിശയാണെന്നുമുള്ള ചില പണ്ഡിതന്മാരുടെ മറുപടിയാണ് ശരിയും അംഗീകൃതവും. കാരണം നോട്ടുകൾ ഇതര നാണയങ്ങളോട് തുലനം ചെയ്തു കൂടാ. ലോഹ നാണയങ്ങൾ സ്വന്തം നിലക്ക് വിലയുള്ളതാണല്ലോ. നോട്ടുകൾ അങ്ങനെയല്ല അവയിൽ മുദ്രണം ചെയ്ത് പ്രഖ്യാപിച്ചിട്ടുള്ള സംഖ്യയിലേക്കാണ് ഇവിടെ നോട്ടം. അവ കടത്തിന്റെ രേഖ പോലെയാണ്. നീ ഒരുത്തന് ഒരു നോട്ടു നൽകിയാൽ അതിൽ മുദ്രിതമായ സംഖ്യ നിനക്ക് കിട്ടാനുള്ളത് ആ നോട്ടു പുറത്തിറക്കിയ ഭരണകൂടത്തിന്റെയോ ബാങ്കിന്റെയൊ മേൽ നീ ഹവാലത്ത് (കുറ്റിചാരൽ) ചെയ്തത് പോലെയാണ്. പക്ഷെ വാക്കുച്ചരിക്കാതെ കേവലം കൈമാറ്റം കൊണ്ട് ഇടപാടുകൾ സാധുവാണെന്ന തത്ത്വപ്രകാരമേ ഇവിടെ ഹവാലത്ത് എന്ന ഇടപാട് സംഭവിക്കുന്നുള്ളൂ......


കറൻസികൾ ഏറ്റവ്യത്യാസത്തോടെ കൈമാറാമെന്നും അത് പലിശയല്ലെന്നും കച്ചവടച്ചരക്കാക്കിയാലല്ലാതെ നോട്ടിനു സകാത്ത് നിർബന്ധമില്ലെന്നും ശൈഖ് ഹസബുള്ളയും ശൈഖ് അഹ്മദ് ഖതീബ് അൽ മന്കാബാവിയും പ്രസ്താവിച്ചപ്പോൾ ഹറമൈനിലെ (മക്ക, മദീന) പ്രഗത്ഭ ഉലമാഅ അതിനെയെതിർത്തു. ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവായ സയ്യിദ് അബൂബക്ർ ശത്വാഅൽ മക്കി, അൽഹബീബ് ബർക്കത്ത് അഹ്മദ് ബാഅലവി, ശൈഖ് സാലിമുബ്നു അബ്ദില്ലാഹിബ്നി സമീർ അൽഹളരമി, അൽഹബീബ് മുഹമ്മദ്‌ ബാഅലവി, മുഹമ്മദ്‌ ബഘീത് അൽമുതിഈ, അല്ലാമ ശൈഖ് സഈദ് അൽമൌജി, സയ്യിദ് അഹ്മദ് ബക് അൽഹുസൈനി തുടങ്ങിയ ശാഫിഈ, ഹനഫീ, മാലികി, ഹമ്പലി പണ്ഡിതരിൽ പലരും മേൽ പ്രസ്താവനയെ ഖണ്ഡിച്ചവരും നിരാകരിചവരുമാണ്. ഇവരെല്ലാം ഏറ്റക്കുറച്ചിലോടെയുള്ള നോട്ടു കൈമാറ്റം പലിശയാണെന്നും അത് നടത്തുന്നവരോട് സ്നേഹ ബന്ധം പാടില്ലെന്നും തീർത്തു പറഞ്ഞിട്ടുണ്ട്." (രിസാലത്തുൽ അമൂദി പേജ്: 3-9).


ഈ പണ്ഡിതരെല്ലാം കറൻസിയിൽ മുദ്രണം ചെയ്തിട്ടുള്ള പ്രതിജ്ഞയെ അതേപടി മുഖവിലക്കെടുത്തിട്ടുള്ളവരാണ്. അത് പ്രകാരം നോട്ടുകൾക്ക് പകരം സക്കാത്ത് നിർബന്ധമായ നാണയങ്ങൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വെള്ളി നാണയങ്ങൾ സർക്കാർ മാറ്റിതരുമെന്നും അത് കൊണ്ട് സർക്കാരിന്റെ മേൽ ബാധ്യതപ്പെട്ടതും നോട്ടു കൈവശം വച്ചയാൾക്ക് കിട്ടാനുള്ളതുമായ കടമായി ആ നാണയങ്ങൾ നില കൊള്ളുമെന്നും ഇവർ വിശ്വസിക്കുന്നു. ഈ കടം എപ്പോൾ വേണമെങ്കിലും നോട്ടുകാരൻ ആവശ്യപ്പെട്ടാൽ കിട്ടുമെന്നും തന്മൂലം ഈ കടത്തിന്റെ രേഖ സർക്കാർ തരാനുള്ള ശരിയായ നാണയത്തിന്റെ സ്ഥാനത്താണെന്നും ഇവർ വിധിയെഴുതുന്നു. ആ നാണയം ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയായത് പോലെ അതിന്റെ രേഖയായ കടലാസുകൾ ഏറ്റക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്നത് പലിശയാണെന്നും ആ നാണയങ്ങൾ കൈവശം വെച്ചാൽ സക്കാത്തു നിർബന്ധമായത് പോലെ ഈ രേഖകൾ കൈവശം വെച്ചാലും കടത്തിന്റെ പേരിൽ സക്കാത്തു നിർബന്ധമാണെന്നും ഇവർ സമർത്ഥിക്കുന്നു.


എന്നാൽ സർക്കാറുകൾ അടിച്ചിറക്കുന്ന കറൻസികൾ അതിൽ രേഖപ്പെടുത്തിയ സംഖ്യ നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നുണ്ടെങ്കിലും ആ പ്രതിജ്ഞ പാലിക്കപ്പെടാറില്ലെന്നും ഒരു നാട്ടിലും ഒരു ഭരണകൂടവും ബാങ്കും നോട്ടു കൈവശം വച്ചവർ ആവശ്യപ്പെട്ടാൽ സ്വർണ്ണം, വെള്ളി നാണയങ്ങൾ നല്കുകയില്ലെന്നും ഇന്നെല്ലാവർക്കും അറിയാം. ഇത്തരം കടലാസ് പണങ്ങൾക്ക് പകരം മാനദണ്ഡ നാണയങ്ങൾ പോലും ഇന്നില്ലെന്നത് സുവിദിതമാണ്. നാണയമായി മാറ്റിക്കൊടുക്കാൻ അധികൃതർക്ക് യാതൊരു ബാധ്യതയുമില്ലാത പണങ്ങൾക്ക് കൽപ്പനപ്പണമെന്നാണ് പറയുക. ആരംഭത്തിൽ യുദ്ധകാലങ്ങളിൽ ആയിരുന്നു ഇത്തരം കൽപ്പനപ്പണങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നത്. ഇതിനു കരുതല്‍ ധനമോ ലോഹ നിക്ഷേപങ്ങളോ സൂക്ഷിക്കേണ്ടതില്ല. നിരുപാധികം നാണയമായി മാറ്റികൊടുക്കാമെന്നു പ്രതിജ്ഞയുള്ള കടലാസു പണം വിശ്വാസ പണമായിരുന്നു. അവ അടിച്ചിറക്കുവാന്‍ കൃത്യമായ ലോഹനിക്ഷേപങ്ങളും കരുതൽധനവുമെല്ലാം വേണ്ടിയിരുന്നു. ഇന്നു മിക്ക രാഷ്ട്രങ്ങളിലും ഈ വ്യവസ്ഥകൾ ഒന്നും ഇല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുടക്കത്തിലേ മേൽപ്രകാരം പ്രതിജ്ഞ രേഖപ്പെടുത്തുന്നു എന്നല്ലാതെ ആ പ്രതിജ്ഞയിൽ പറഞ്ഞത് പോലെ പകരം നാണയം കൊടുക്കാറില്ല. ഇങ്ങനെ നാണയം കൊടുക്കാത്തത് വിശ്വാസപ്പണമാണെന്ന് പറയാനും വയ്യ. ഇന്ത്യയിൽ മാത്രമല്ല, ഇന്ന് മിക്ക കരൻസികലിലും ഈ പ്രതിജ്ഞ കാണാമെങ്കിലും അവ നാണയത്തിലേക്ക് മാറ്റപ്പെടാത്തവയാകയാൽ എല്ലാം കൽപ്പനപ്പണമാണ്. (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ധനശാസ്ത്ര തത്ത്വങ്ങൾ എന്ന ഗ്രന്ഥം. പേജ് 302-315 വരെ വായിക്കുക).


ഇനി കറൻസികൾക്ക് പകരം നാണയം സർക്കാറുകൾ മാറ്റിതരുമെങ്കിൽ തന്നെ അതെന്തു നാണയമാണ് മാറ്റിത്തരിക? സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളോ ? അതേതെങ്കിലും രാജ്യത്തുണ്ടോ.? ഉലമാക്കളുടെ ഈ വിവാദം നടക്കുന്ന കാലത്ത് മിക്ക രാജ്യങ്ങളിലും വെള്ളിനാണയങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ ഇന്ത്യയിലും അന്ന് വെള്ളി നാണയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പകരം ഉള്ള നാണയങ്ങൾ നിക്കലുകളാണ്. വെള്ളിനാണയങ്ങൾ എവിടെയെങ്കിലും ഉണ്ടോ എന്നറിഞ്ഞു കൂടാ. എന്നിരിക്കെ സക്കാത്ത് നിർബന്ധമാകുന്ന സ്വർണ്ണം വെള്ളി നാണയങ്ങൾ സർക്കാരിൽ നിന്ന് കറൻസി കൈയിലിരിക്കുന്നയാൾക്ക് കിട്ടാനുള്ള കടമായി ഉണ്ടെന്നും ആ കടത്തിന്റെ രേഖയാണ് ഈ നോട്ടുകടലാസ് എന്ന നിലക്ക് ഇത് കൈവശം വെച്ചയാൾ കടത്തിന്റെ സക്കാത്ത് കൊടുക്കണമെന്നും യാതൊരു ന്യായവും ഇന്നില്ല. മേൽ പറഞ്ഞ അറേബ്യൻ പണ്ഡിതന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരാരും ഇത് പറയുകയുമില്ല തീർച്ച. എന്നാൽ അക്കാലത്ത് തന്നെ ഈ വസ്തുത കൃത്യമായും തിട്ടമായും മനസ്സിലാക്കിയ ഉലമാക്കൾ സക്കാത്തും പലിശയും ബാധകമാണെന്ന് പറഞ്ഞ പണ്ഡിതരെ ശരിക്കും ഖണ്ഡിച്ചു കൊണ്ട് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നു. അറബുനാടുകളിൽ 1920 - ൽ തന്നെ അത്തരം അത്തരം ഗ്രന്ഥങ്ങൾ പലതും പ്രസിദ്ധീകൃതമായിരുന്നു അതിലൊന്നാണ് "റഫ്ഉൽ ഇൻതിബാസ് അൽ ഹുക്മിൽ അൻവാതിൽ മുതആമലിബിഹാ ബൈനന്നാസ്" എന്ന ഗ്രന്ഥം ഈ ഗ്രന്ഥത്തിന്റെ കർത്താവ് ശൈഖ് അഹ്മദ് ഖത്തീബ് അൽ മൻകാബാവി (റ) ആണ്. അദ്ദേഹം തന്റെ കൃതിയിൽ കുറിച്ചത്‌ ഇങ്ങനെ വായിക്കാം :


"ജാമിഉല്‍ അസ്ഹറിലെ ശൈഖുല്‍ ഇസ്ലാം മര്‍ഹൂം മൌലാന ശൈഖ് അൻബാവി കറന്‍സി നോട്ടുകളില്‍ സകാത്ത്‌ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്‍കി: പ്രസ്തുത നോട്ടുകള്‍ കൊണ്ട് കൊള്ളലും കൊടുക്കലും സാധുവാകും. കാരണം അവ വിലയുള്ളതാണ്. കച്ചവടമുദ്ദേശിച്ച് ഉടമസ്ഥതയിലാക്കിയ നോട്ടുകള്‍ കച്ചവട ചരക്കുമാകും. കച്ചവടത്തിന്റെ സക്കാത്ത് അതിന്റെ ഉപാധികള്‍ പ്രകാരം അപ്പോള്‍ നിര്‍ബന്ധം ആകും. അതെ സമയം കടലാസു നോട്ടുകള്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന വസ്തുക്കളില്‍പ്പെട്ടതല്ലാത്തത് കൊണ്ട് ഇവയില്‍ ഐനിന്റെ (ധനത്തിന്റെ) സക്കാത്ത്‌ നിര്‍ബന്ധമാകുന്നതല്ല. സ്വാഹിബുല്‍ ബഖറ എന്ന പേരില്‍ പ്രസിദ്ധരായ അല്ലാമ സയ്യിദ്‌ അബ്ദുല്ലാഹിബ്നു ഉമര്‍ ബാഅലവി (റ) യും ഇപ്രകാരം ആണ് ഫതവാ ചെയ്തത്. (ബിഗ്‌യയില്‍ മസ്അലത്ത് യാ എന്ന പേരിലുദ്ധരിക്കുന്നത് ഇദ്ദേഹത്തിന്റെ ഫതവാകളാണ്) അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്, ചെമ്പ്‌, കടലാസു എന്നിവകള്‍ കൊണ്ട് അടിച്ചിറക്കുന്ന നാണയങ്ങളില്‍ സക്കാത്ത്‌ നിർബന്ധമില്ല. പക്ഷെ കച്ചവടത്തിനു വേണ്ടി ഇവയൊരു ചരക്കാക്കപ്പെട്ടാൽ അതിന്റെ വ്യവസ്ഥ പ്രകാരം സക്കാത്ത് നിർബന്ധമാകും. യാതൊരു ലക്ഷ്യവും നിരത്താതെ ഉദ്ധരണികളൊന്നും നല്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ വസ്തുത സുവ്യക്തമാണ്. എന്നാൽ ഇന്ന് സുവ്യക്തമായ മസ്അലകൾ പോലും അവ്യക്തമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സൂക്ഷ്മ നിരീക്ഷണം കൊണ്ടും തഖ്'വാ കൊണ്ടും പ്രസിദ്ധരാണ് മേലുദ്ധരിച്ച രണ്ടു പ്രഗത്ഭ ഉലമാക്കളും. അവരെ മാതൃകയാക്കി അവലംബിച്ചു കൊണ്ട് തന്നെ ഞാനഭിപ്രായപ്പെടുന്നു: കച്ചവടച്ചരക്കാക്കുമ്പോളല്ലാതെ കടലാസ് നോട്ടുകളിൽ സകാത്ത് നിർബന്ധമാകുന്നതല്ല (റഫ്ഉൽ ഇൻതിബാസ്).


ഇതേ വീക്ഷണപ്രകാരം നാല് മദ്ഹബുകൾ പ്രകാരവും നോട്ടു കടലാസുകളുടെ ബഹുമുഖ വിധികൾ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള നൂറിൽപരം പേജുകൾ വരുന്ന ഒരു വിലപ്പെട്ട ഗ്രന്ഥമാണ് "ശംസുൽ ഇശ്രാഖ് ഫീ ഹുക്മിത്തആമുലി ബിൽ ഔറാഖ്" എന്നത്. ഹിജാസിലെ (മക്ക, മദീന തുടങ്ങിയവ ഉൾക്കൊള്ളുന്ന അറേബ്യൻ ഉപദ്വീപ്) പ്രസിദ്ധ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ അലിയ്യുബ്നുശൈഖി ഹുസൈൻ ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. കറൻസികൾ കടരേഖയാണെന്ന വീക്ഷണത്തിലെഴുതപ്പെട്ട "ബഹ്ജത്തുൽ മുഷ്താഖ്" എന്ന ഗ്രന്ഥത്തിന്റെ ശരിയായ ഖന്ധനം ആണ് ശംസുൽ ഇശ്രാഖ്. എന്ന് മാത്രമല്ല അതേ വീക്ഷണക്കാരനായ ശൈഖ് അബ്ദുള്ള അൽ അമൂദി എഴുതിയ തന്റെ രിസാലയെ പരിശോധിച്ചു യുക്തമെങ്കിൽ ആശംസയെഴുതാൻ ഏല്പിച്ചത് പ്രകാരം വിഷയത്തെപ്പറ്റി എഴുതിയത് ഇങ്ങനെ വായിക്കാം. "ശാഫിഈ പണ്ഡിതരുടെ വീക്ഷണത്തിൽ കടലാസ് നോട്ടുകൾ ചെമ്പുനാണയങ്ങളെ പോലെയാണ്. രണ്ടും നഖ്ദ് (സ്വർണ്ണ-വെള്ളിനാണയങ്ങൾ) അല്ല. അർള് ആണ്. കച്ചവട ചരക്കുകൾ എന്ന നിലക്കല്ലാതെ ഇതിൽ സക്കാത്ത് നിർബന്ധമാകുന്നില്ല. കടപ്പലിശ (രിബൽ ഖർള്) അല്ലാതെ മറ്റു രിബായുടെ രൂപങ്ങളെല്ലാം ഇതിൽ അനുവദനീയവുമാണ്. കാരണം ഇവ സ്വർണ്ണവും വെള്ളിയും (നഖ്ദ്) അല്ല." (ശംസുൽ ഇശ്രാഖ് പേജ് : 85).


മാലികീ മദ്ഹബിലെ പ്രബല പണ്ഡിതനായ ശൈഖ് മുഹമ്മദ്‌ ഉലൈശ്, ഹനഫീ പണ്ഡിതനായ അഹ്മദ് രിളാഖാൻ ബറേൽവി, ശൈഖ് മുഹമ്മദ്‌ അൻബാവി, ശൈഖ് അഹ്മദ്, ശൈഖ് ഹസബുള്ള, സയ്യിദ് അബ്ദുള്ള സ്വാഹിബുൽ ബഖറ, ശൈഖ് അഹ്മദ് ഖതീബിൽ മൻകാബാവി, അല്ലാമ അഹ്മദുബ്നു മുഹമ്മദ്‌ ഇർഷാദ്‌ ഹുസൈൻ, ശൈഖ് മുഹമ്മദ്‌ ഇഅജാസ് ഹുസൈൻ, ശൈഖ് മുഹമ്മദ്‌ അബ്ദുൽ ഖാദിർ, ശൈഖ് ഹാമിദ് ഹുസൈൻ, അല്ലാമ മുഹമ്മദ്‌ ഇനായതുള്ള, അല്ലാമ മുഹമ്മദ്‌ നള്ർ അലി, അല്ലാമ ഇബ്നുൽ ഖാസിം മുഹമ്മദ്‌ മുസമ്മിൽ തുടങ്ങി പരശ്ശതം ആലിമുകൾ നാല് മദ്‌ഹബുകളിലെലേതുമായി ഈ വീക്ഷണത്തെ പിന്തുണക്കുന്നതായി ശൈഖ് മുഹമ്മദ്‌ അലി തന്റെ ശംസുൽ ഇശ്രാഖിൽ ഉദ്ധരിച്ചിട്ടുണ്ട്. മക്കയിലെ മുഫ്തി അല്ലാമ അബ്ദുള്ള സിറാജ്, അനേകം ഗ്രന്ഥങ്ങളുടെ കർത്താവ് ശൈഖ് ഹബീബുള്ള ശൻഖ്വീതി, അല്ലാമ ശൈഖ് അഹ്മദ് നജ്ജാർ, ശൈഖ് ത്വാഹിർ ദബ്ബാഗ്, ശൈഖ് മുഹമ്മദ്‌ അബ്ദുറഹ്മാൻ ശൻഖ്വീതി തുടങ്ങി ഹറമൈനിലെ പല പ്രഗത്ഭ ആലിമുകളും ഈ ഗ്രന്ഥത്തിനു സമ്മതപത്രം നല്കിയിട്ടുണ്ട്.


1920-കളിൽ അറബു ലോകത്തെ അറിയപ്പെട്ട മുഫ്തിമാരും ഉലമാക്കലും കടലാസ് കറൻസികളുടെ വിധികളെപ്പറ്റി നടത്തിയ ഒരേകദേശ ചിത്രമാണ് മുകളിൽ വരച്ചത്. രണ്ടു വീക്ഷണങ്ങൾ വച്ച് വ്യത്യസ്ത വിധികളായിരുന്നു ഇരുവിഭാഗം ഉലമാക്കൾ നല്കിയത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെ ഈ വിവാദം ഇങ്ങു കേരള ഉലമാക്കൾക്കിടയിലും വന്നെത്തി. ബ്രിട്ടീഷിന്ത്യയിൽ കടലാസ് നോട്ടു ഇറങ്ങിതുടങ്ങിയതോടെ തന്നെ ഇവിടെയും ഈ വിവാദം ആരംഭിച്ചു. വടക്കേ മലബാറിലാണ് ഇത് ആളിക്കത്തിയത്. ലഘുലേഖകളും രിസാലകളും നോട്ടീസുകളും മറുനോട്ടീസുകളുമെല്ലാം ഇതിന്റെ പേരിൽ പുറത്തിറങ്ങിയിരുന്നു. നാദാപുരം കേന്ദ്രമാക്കിയാണ് ഈ വിവാദം കൊടുമ്പിരി കൊണ്ടത്. പ്രശസ്ത പണ്ഡിതനും സുന്നത്ത് ജമാഅത്തിന്റെ വൈരികളുടെ പേടിസ്വപ്നവുമായിരുന്ന മർഹൂം മേപ്പിലാചേരി മൊയ്തീൻ മുസ്ല്യാർ ആയിരുന്നു ഈ വിവാദത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത്. 'നോട്ടിനു സകാത്ത് ഇല്ലെന്നു പറയുന്ന മൊയ്തീൻ മുസ്ല്യാർ ' എന്നായിരുന്നു മഹാനർ തന്നെ അപരിചിതർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നത് തന്നെ. ഇങ്ങനെ ചർച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശം.


അറബു ലോകത്ത് പ്രചാരപ്പെട്ട രണ്ടു വീക്ഷണങ്ങൾ തന്നെയായിരുന്നു ഇവിടത്തെ ചർച്ചയിലും ഉയർന്നത്. പക്ഷെ അറബു ലോകത്ത് നാല് മദ്ഹബുകാരായ ഉലമാക്കളും അവരവരുടെ മദ്ഹബിന്റെ വീക്ഷണപ്രകാരം വിഷയത്തെ വിലയിരുത്തി ചർച്ച ചെയ്തിരുന്നതിനാൽ കുറേക്കൂടി വൈവിധ്യവും കൌതുകവും ഉണ്ടായിരുന്നു എന്ന് മാത്രം. കേരളത്തിലാകട്ടെ ശാഫിഈ മദ്ഹബുകാരായിരുന്നത് കൊണ്ട് അവർ തങ്ങളുടെ മദ്ഹബിന്റെ നിലപാടിൽ നിന്ന് കൊണ്ടായിരുന്നു ചർച്ച ചെയ്തിരുന്നത്. തുഹ്ഫയുടെ വ്യാഖ്യാനമായ ശർവാനി വാള്യം 4, പേജു 238 ൽ വിവരിച്ചിട്ടുള്ള ഉദ്ധരണിയും ശരഹുബാഫള്ലിന്റെ വ്യാഖ്യാനമായ മൗഹിബത് വാള്യം 4, പേജു 29, 30ൽ ഉദ്ധരിച്ചിട്ടുള്ള വീക്ഷണവും ചുറ്റിപറ്റിയായിരുന്നു കേരളത്തിലെ വിവാദം. ഈ വിവാദത്തിൽ ശർവാനിയുടെയും മൗഹിബതിന്റെയും ഇബാറതുകളെ സംയോജിപ്പിച്ച് കൊണ്ട് വ്യക്തവും ശക്തവുമായൊരു ഫത്'വാ അക്കാലത്തെ കേരളത്തിലെ കിടയറ്റ മുഫ്തിയായിരുന്ന ശംസുൽ ഉലമ ഖുതുബി അവർകൾക്കുണ്ട്. മഹാനർ വാഴക്കാട്ട് ദാറുൽ ഉലൂമിൽ സദർ മുദരിസായ കാലയളവിലാണീ ഫത്'വാ. 1930 കളിൽ. ഇതിനു ശേഷവും ഒരു പത്തിരുപതു കൊല്ലം തന്നെ ഈ വിവാദം വടക്കേ മലബാർ കേന്ദ്രമാക്കി ഉലമാക്കൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് വേണം പറയാൻ. കാരണം 1951 മാർച്ച് 23, 24, 25 തിയതികളിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 19ആം സമ്മേളനം വടകരയിൽ വെച്ച് നടന്നത്.


അന്നത്തെ സമസ്തയിലെ പ്രഗൽഭരും മുഫ്തിമാരും ആയിരുന്ന ശൈഖുനാ സദഖതുള്ള മൗലവി, മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ല്യാർ പോലുള്ളവർ ഒന്നും ഹാജരില്ലായിരുന്നെങ്കിലും ആ സമ്മേളനത്തിലും മുശാവറയിലും നോട്ടിന്റെ സകാത്ത് ചർച്ചാ വിഷയമായിരുന്നു. ബഹു: ഇ.കെ, പതി അബ്ദുൽ ഖാദർ മുസ്ല്യാർ, പറവണ്ണ, പി.എ അബ്ദുള്ള മുസ്ലിയാർ മട്ടന്നൂർ എന്നിവരായിരുന്നു സമ്മേളനത്തിന്റെ സൂത്രധാരന്മാർ. സമ്മേളനാധ്യക്ഷനായി കൊണ്ട് വന്ന മദ്രാസ് കാരനായ മൗലവി മുഹമ്മദ്‌ ഹബീബുള്ളയോടും, ഉദ്ഘാടകൻ ആയിരുന്ന ഖലീലുൽ റഹ്മാൻ ബീഹാരിയോടും നോട്ടിനു സകാത്ത് ഉണ്ടോ എന്ന് സമസ്ത പണ്ഡിതന്മാർ ചോദിച്ചതിനു ഉണ്ട് എന്ന് അവർ മറുപടി പറഞ്ഞതായി അന്നത്തെ മുശാവറയുടെ മിനുറ്റ്സിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. (ഉദ്ധരണം : സമസ്ത 60 ആം വാർഷിക സ്മരണിക. പേ 54).

ബാലിശമായ ഈ സൂത്രപ്പണി തന്നെ ആ ഭാഗത്ത്‌ കൊടുമ്പിരി കൊണ്ടിരിക്കുന്ന അന്നത്തെ വിവാദത്തിൽ നിന്ന് വലിയ കേടു കൂടാതെ തടിരക്ഷപ്പെടുത്താനും പ്രസ്തുത വിവാദത്തെ അടിച്ചു ശമിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടായിരുന്നു. സമ്മേളനത്തിലെ പതിയുടെയും പി.എ യുടെയും പ്രസംഗവും ഈ വിഷയത്തെ അധികരിച്ചായിരുന്നുവെന്നും അവരുടെയൊക്കെ മടങ്ങ്‌ മടങ്ങ്‌ വിവരമുള്ള മേപ്പിലാച്ചേരി മൊയ്തീൻ മുസ്ല്യാരെ ളാല്ലും, മുളില്ലും മനുഷ്യകോലത്തിൽ പ്രത്യക്ഷപ്പെട്ട ശ്വൈത്വാനുമായി ചിത്രീകരിച്ചു കൊണ്ടുമായിരുന്നുവെന്നും അനുഭവസ്ഥർ അമർഷത്തോടെ അനുസ്മരിക്കാറുണ്ട്. ഏതായാലും സമർത്ഥന്മാരുടെ സൂത്രവും ശബ്ദവും പ്രസംഗവുമായി ആ വിവാദം പൊതുജനങ്ങൾക്കിടയിൽ അങ്ങനെയങ്ങ് ആറിത്തനുത്തു. കാര്യവിവരമുള്ള പണ്ഡിതന്മാരെല്ലാം വിഷയത്തിന്റെ മർമ്മവും നിജസ്ഥിതിയും ശരിക്കും മനസ്സിലാക്കി വെക്കുകയും ചെയ്തു. (ലേഖനം അവസാനിച്ചു).


(മൗലാനാ നജീബ് മൗലവി - ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയ വിവാദങ്ങൾ - ബുൽബുൽ ദശവാർഷികപ്പതിപ്പ്)