Thursday, August 21, 2014

ഭ്രാന്തന്റെ തത്വവും മുസ്ലിം സമൂഹവും..

കഴിഞ്ഞു പോയ നാളുകൾ ഒരിക്കലും തന്നെ ഒരു സത്യവിശ്വാസിയെ സംബന്ധിടത്തോളം മറക്കാനുള്ളതല്ല. തന്റെ ജീവിതത്തിൽ തൊട്ട് മുമ്പത്തെ നിമിഷം വരെ തന്നിൽ നിന്നും വന്നുപോയ പിഴവുകൾ തിരുത്താനും നഷ്ടമായ നിമിഷങ്ങൾ തിരിച്ചു വരാത്ത ആയുസ്സാണ് എന്ന തിരിച്ചറിവിൽ നമുക്ക് മുന്നിൽ വന്നു നിൽക്കുന്ന നിമിഷത്തെ കഴിയുന്നതിൽ ഏറ്റവും നല്ലതായി നമുക്കറിയാവുന്നതിൽ ഉപയോഗിക്കാനും സജീവമായി നമ്മുടെ ഓർമ്മയിൽ ഇന്നലെകളിലെ ജീവിതം ഉണ്ടായേ തീരൂ..


എല്ലാവരും തുല്യ പ്രകൃതത്തിൽ അല്ല ഒരു കാര്യത്തിലും. ചിലർ ജീവിതത്തിൽ ഒരു നിമിഷം പോലും മറ്റുള്ളവർക്ക് ഒരു തെറ്റും കണ്ടുപിടിക്കാൻ കഴിയാത്തവരായി നാഥന്റെ കോടതിയിൽ ഏറ്റവും ഉന്നതസ്ഥാനീയരായി ജീവിച്ചു മരിക്കുന്നു. അവർ സമൂഹത്തിൽ ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ്. ഭൂരിപക്ഷം ഉള്ള സമൂഹം ഇപ്പോഴും മാനുഷികമായും തെറ്റുകളുമായി ബന്ധപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നതാണ് അനുഭവ സത്യം. അക്കൂട്ടം ജനങ്ങളിൽ തന്നെ രണ്ടോ അതിലധികമോ വിഭാഗമുണ്ട്. 





ചിലർ തങ്ങളിൽ നിന്നും സാഹചര്യത്തിന്റെ സമ്മർദ്ദത്തിനു അടിമപ്പെട്ട് വന്നു പോകുന്ന തെറ്റുകളെ ചൊല്ലി വേവലാതി പൂണ്ട് അതിനെന്തുണ്ട് പശ്ചാത്താപം എന്ന് ചിന്തിച്ച് നടക്കുന്നവരാണ്. മറ്റു ചിലർ തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാമെങ്കിലും ഉടമയായ നാഥനിലേക്ക് തിരിച്ചു പോകേണ്ട സമയം അടുക്കുന്നു എന്ന ചിന്തയില്ലാതെ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് തിരിഞ്ഞു നോക്കാതെ സഞ്ചരിക്കുന്നു..


ഒന്നാമത്തെ കൂട്ടരേ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നവരിലാണ് അവന്റെ കലാം പരിചയപ്പെടുത്തുന്നത് തന്നെ. കൂമ്ബാരമായ തെറ്റുകൾ സംഭവിച്ചിട്ടും അതിനെ ചൊല്ലി കണ്ണീരൊലിപ്പിച്ച് റബ്ബിലേക്ക് തൗബ ചെയ്ത് മടങ്ങുന്നവനെ അവൻ ഇഷ്ടപ്പെടുന്നു. തെറ്റുകളുടെ മേൽ സ്ഥിരവാസി ആയ മനുഷ്യൻ അല്ലാഹുവിങ്കൽ ഏറ്റവും വെറുക്കപ്പെട്ടവനും...


സത്യവിശ്വാസം മനസ്സിൽ ഉറച്ചവർക്കെല്ലാം ചെയ്യുന്ന തെറ്റുകളെ പറ്റി തദവസരം അല്ലെങ്കിൽ പിന്നീട് ഒരിക്കലെങ്കിലും ആലോചനയും വേദനയും വരും എന്നത് സത്യമാണ്. നാമെല്ലാം സൃഷ്ടിക്കപ്പെട്ടത് തന്നെ ദുർബലനായിട്ടാണ്. തെറ്റുകളിലേക്ക് ഞരമ്പുകളിൽ കൂടെ പോലും പ്രേരിപ്പിക്കുന്ന പിശാച് ആണെങ്കിൽ അതിശക്തനായ എതിരാളി ആയി നമുക്ക് മുന്നിൽ സൽവഴിയിലെക്കുള്ള എല്ലാ കവാടവും അടച്ച് പ്രതിരോധിച്ച് നിൽക്കുകയും ചെയ്യുന്നു. എങ്കിൽ പോലും ആത്മാർഥമായ പശ്ചാത്താപ ചിന്ത മനസ്സിൽ ഉള്ളവൻ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ പിശാചിന്റെ പ്രതിരോധ വലയം തകർത്ത് തന്റെ ഉടമയായ അല്ലാഹുവിലേക്ക് തിരിയുക തന്നെ ചെയ്യും. 


നല്ല ചിന്തകൾ നമ്മിലേക്ക് വരുമ്പോൾ വൈകിയിരിക്കും. എങ്കിലും ആയുസ്സിൽ എപ്പോഴെങ്കിലും ഉൾവിളി വന്ന് സത്യമാർഗ്ഗത്തിൽ നന്മയുടെ വഴിയിലായി സഞ്ചരിക്കണം എന്ന് തോന്നുമ്പോൾ ഇന്നലേകളിൽ കഴിഞ്ഞു പോയ അവിശുദ്ധ ജീവിതത്തിനിടയിൽ നഷ്ടമായ സമയത്തിൽ എപ്പോഴെങ്കിലും നാം സന്മാർഗ്ഗ ജീവിതത്തിന്റെ പാഠങ്ങൾ പഠിച്ചിരിക്കണം.ഇല്ലെങ്കിൽ മനസ്സ് നന്മയെ തേടുന്ന കാലത്തും അധികം ബാക്കി ഇല്ലാത്ത ജീവിത നിമിഷങ്ങളിൽ ചെയ്യേണ്ടുന്ന ഏറ്റവും ഉപകാരപ്രദമായ കർമ്മങ്ങളെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല.


ദർസ്  ഉദ്ഘാടന ദിവസം പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ ഉസ്താദ് പറഞ്ഞ വാക്ക് ഓര്‍ക്കുന്നു..

"പള്ളിക്കാടിന്റെ അടുത്തുള്ള റോഡിലൂടെ ഒരു ഭ്രാന്തന്‍ അങ്ങോട്ടും ഒരു ഭ്രാന്തന്‍ ഇങ്ങോട്ടും നടന്നു വരികയായിരുന്നു.ഒരു ഭാഗത്തേക്ക് പോകുന്ന ഭ്രാന്തന്‍ ഉറക്കെ പാട്ടും പാടിക്കൊണ്ടാണ് പോകുന്നത്.എതിർ ദിശയിൽ നിന്നും വരുന്ന ഭ്രാന്തന്‍ നിശബ്ദനായി നടക്കുന്നു.പാട്ട് പാടുന്ന ഭ്രാന്തനെ തന്നെ നോക്കി കൊണ്ടായിരുന്നു മറ്റേ ഭ്രാന്തൻ നടക്കുന്നത്.രണ്ട് പേരും അടുത്തെത്തിയപ്പോള്‍ പാട്ട് പാടിക്കൊണ്ടിരിക്കെ ഇടക്കൊന്നു നിര്‍ത്തിയിട്ട് തന്നെ നോക്കുന്ന മറ്റേ ഭ്രാന്തനോട് ഇയാള്‍ പറഞ്ഞത്രേ." പെരാന്ത് (ഭ്രാന്ത് ) എളകുന്നതിന്റെ മുന്പ് പാട്ട് പഠിച്ചാലേ പെരാന്ത് എളകിയാല്‍ പാടാന്‍ ആകൂ.."


ഇതും പറഞ്ഞു തന്നിട്ട ഉസ്താദ് പറഞ്ഞു.'' മക്കളെ ,ഇന്ന് നമ്മളുടെ ജീവിതം ചിലപ്പോള്‍ വളരെ മോശമായ രീതിയിലാകം.ഒരുകാലത്ത് നമൂക്ക വീണ്ടു വിചാരം വരും..അന്ന് നല്ല നിലയില്‍ ജീവിക്കണമെങ്കില്‍ എന്താണ് നന്മ എന്നും എങ്ങനെയാണ് നല്ല ജീവിതം എന്നും എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും പഠിക്കണം. ഭ്രാന്ത് വരും മുംബ് പഠിച്ചാലേ ഭ്രാന്ത് ഇളകിയാല്‍ പാടാനാകൂ എന്ന് പറഞ്ഞ പോലെ ഇപ്പോള്‍ പഠിച്ചു വെച്ചാലേ അന്നു നല്ല ബുദ്ധി അള്ളാഹു തോന്നിക്കുമ്പോള്‍ നന്നായി ജീവിക്കാന്‍ കഴിയു..."


ഈ ഒരു സന്ദേശം ജീവിത വഴിയിലെ വെളിച്ചമായി അള്ളാഹു നമുക്കേവര്‍ക്കും എത്തിക്കട്ടെ...നന്മയില്‍ പരസ്പരം ഉപദേശിക്കാം..സഹകരിക്കാം.. 

1 comment:

  1. വളരെ നല്ല സന്ദേശം. കൂടുതൽ നല്ല നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...