Tuesday, December 09, 2014

രിഫാഈ തങ്ങളെ മാറ്റിമറിച്ച 3 ഉപദേശങ്ങൾ..

ദൈവിക വഴിയിൽ സർവ്വ സമർപ്പണം എന്നതിലേക്കായി മതങ്ങൾ തേടുന്ന മൂല്യങ്ങൾ നശിച്ച് പൈതൃകം നഷ്ടപ്പെട്ട് ലക്ഷ്യം മറന്നു പോയ സാമുദായിക സ്ഥിതിയിൽ പരിതപിച്ച് സമയം കളയുന്നതിൽ അർത്ഥമില്ല കാരണം 'ഓരോ ദിവസവും തലേ ദിവസത്തേക്കാൾ മോശമായിട്ടല്ലാതെ ഉദിക്കുന്നില്ല' എന്നത് പ്രവാചകാധ്യാപനം ആണ്.

പരിഷ്ക്കാരികൾ ആകുക എന്നതിന് ഇസ്ലാമിക മൂല്യങ്ങളെ കൊലവിളിക്കുക എന്ന അർത്ഥം ഉണ്ടെന്ന് തോന്നിപ്പോകുന്നതാണ് സാമൂഹികാന്തരീക്ഷം നമുക്ക് ചുറ്റും. പഴഞ്ചൻ മതാധിഷ്ടിതചിന്തകൾ ഇരുണ്ട മനസ്സിന്റെ പ്രതീകമെന്ന് മനസ്സിലാക്കുന്ന ലോകം. മുഴുസമയം മതപരമായ കാര്യങ്ങൾ സംസാരിക്കുകയോ അതുമായി മുഴുകുകയോ ചെയ്യുന്നവർ മതത്തെ വിൽക്കുന്നവരായി വിലയിരുത്തപ്പെടുന്ന കാലം..!

ജീവിതത്തിന്റെ നൈമിഷികതയും നശ്വരതയും മരണശേഷമുള്ള ജീവിതത്തിന്റെ അനശ്വരതയും സൗന്ദര്യവും അറിഞ്ഞവർക്ക് മതം എന്നത് ജീവശ്വാസമായിരുന്ന ഒരു സമൂഹമായിരുന്നു നമ്മിലേക്ക് രക്ഷിതാവിന്റെ സത്യസന്ദേശം കൈമാറി മറക്കപ്പുറതേക്ക് നീങ്ങിയത്. ഇന്ന് മതം എന്നത് പ്രതാപകാലത്തെ സ്മരണകൾ അനുസ്മരിക്കുന്ന പ്രഭാഷണങ്ങളിലെ മഹാന്മാരുടെ ജീവിതത്തിന്റെ ഓർമ്മകളിൽ മാത്രം ചുരുങ്ങുന്നു.







സമൂഹത്തിന്റെ ത്രിപ്തിയേക്കാൾ ഉടമയായ റബ്ബിന്റെ ത്രിപ്തിയെ തേടുന്നവന് പുറകിലോട്ട് നോക്കേണ്ട ആവശ്യമില്ല. ഷൈഖ് രിഫായീ തങ്ങളുടെ ജീവിതം തന്നെ മാറാൻ കാരണമായ അബ്ദുൽ മലിക്ക് എന്ന ഒരു മഹാനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കൂ...




ഒന്നാമത്തെ ഉപദേശം:

“ملتفتٌ لا يصل”
“തിരിഞ്ഞു നോക്കുന്നവൻ ലക്ഷ്യത്തിൽ എത്തുകയില്ല”


നാം തേടുന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നേർ വഴിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കൂടെ ആരുണ്ടാകും സഹകാരിയായി എന്ന് പുറകിലേക്ക് നോക്കി നിൽക്കുന്നതിൽ അർത്ഥ ശൂന്യതയല്ലാതെ മറ്റൊന്നുമില്ല. കാരണം ജീവിതമാകുന്ന യാത്ര ലക്ഷ്യത്തിൽ എത്തണം എങ്കിൽ കൂടെ ആളുണ്ടാവട്ടെ ഇല്ലാതെയാവട്ടെ വഴിയിലെ പ്രതിബന്ധങ്ങൾ ഒക്കെ സ്വയം തരണം ചെയ്തെ മതിയാകൂ. തന്റെ ലക്‌ഷ്യം തേടിയുള്ള യാത്രയിൽ താൻ തനിച്ചാണ്. ഇടത്താവളം ആകുന്ന ദുനിയാവിൽ പിറന്നു വീഴുന്നതും ഒടുക്കം ബർസഖീ ലോകത്തേക്ക് നീങ്ങുന്നതും അവിടെ ജീവിതത്തിന്റെ പുതിയ തലം തുടരുന്നതും തനിച്ച് മാത്രമാണ്. - തന്റെ റബ്ബിന്റെ മാര്ഗ്ഗതിലായി ജീവിക്കുമ്പോൾ കൂടെ ആരുണ്ട് എന്നോ ആരൊക്കെ തന്റെ പുറകിൽ നിൽക്കുന്നു എന്നോ എത്രയാളുകൾ തനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നോ എന്നതിനെ ചൊല്ലി വേവലാതിപ്പെടാതെ തഖ് വയെ മാത്രം കൂടെ നിർത്തി ജീവിക്കുക എന്നതാണ് യഥാർത്ഥ സമർപ്പിതനായ മുസ്ലിമിന് ചെയ്യാനുള്ളത്..





രണ്ടാമത്തെ ഉപദേശം:

" ومشكك لا يفلح"

"സംശയാലു വിജയിക്കാൻ പോകുന്നില്ല"


ഏതൊരു കർമ്മത്തിന്റെയും അടിത്തറ തന്നെ അതിലുള്ള ഉറപ്പായിരിക്കണം. സംശയത്തോടെയുള്ള ഒരു കർമ്മവും സ്രഷ്ടാവിങ്കൽ സ്വീകാര്യമല്ല തന്നെ. ചുറ്റുമുള്ള സംശയ രോഗക്കാർ പറയുന്നതിന് അനുസരിച്ച് ഇസ്ലാമിക ലോകം നിരാക്ഷേപം അനുവർത്തിച്ചു പോരുന്ന ഇസ്ലാമിക ആചാരങ്ങൾ സംശയത്തിന്റെ മുനയിൽ സ്വയം നിർത്തിക്കൊണ്ട് പ്രവർത്തിക്കുന്നതിൽ യാതൊരു ഉപകാരവുമില്ല. അല്ലാഹുവിന്റെ ഔദാര്യത്തെ കുറിച്ചും ഭൂമിലോകത്തെ ജീവിതത്തിനാവശ്യമായ വിഭവങ്ങൾ അവൻ നൽകും എന്ന വാഗ്ദാനത്തെ കുറിച്ചും തികച്ചും മനസ്സുറച്ച വിശ്വാസിക്ക് ഒരിക്കലും തന്നെ അവന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ദുനിയവിയ്യായ വിഭവങ്ങളുടെ അഭാവമോ കുറവോ പ്രയാസമേകുകയില്ല. താൻ തന്റെ റബ്ബിനെ അനുസരിച്ച് ജീവിക്കുമ്പോൾ തനിക്ക് ജീവിതത്തിന് ആവശ്യമായതെല്ലാം പറവകൾക്ക് നൽകുന്നത് കണക്കെ നൽകപ്പെടുമെന്നു യഖീൻ വന്നവൻ വിജയിച്ചവരിലേക്ക് ചേരുന്നു. അല്ലാഹുവിൽ പ്രതീക്ഷ ഉണ്ടെങ്കിലും 'ലഭിക്കുമോ ഇല്ലയോ' എന്ന സംശയത്തോടെ നടക്കുന്നവർ ആത്യന്തികമായി പരാജിതരിൽ പെടുകയും ചെയ്യുന്നു.

അബൂബക്കർ തങ്ങൾ (റ) സ്വിദ്ദീഖ് ആയത് അത്ഭുതങ്ങളുടെ അത്ഭുതമായ ഇസ്രാഉം മിഅ്റാജും "സംഭവിചിട്ടുണ്ടാകുമോ" എന്ന് അന്വേഷിച്ചു ശരിയെന്ന സത്യം കണ്ടെത്തിയതിന്റെ പേരിലല്ല മറിച്ച് സമൂഹം മുഴുക്കെ പരിഹസിച്ചാലും തന്റെ ഹബീബായ ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞോ എങ്കിൽ എനിക്ക് സംശയമില്ല - പരിപൂർണ്ണ വിശ്വാസമാണ് എന്ന് പറഞ്ഞ വിശ്വാസ ദാർഡ്യത്തിന്റെ പേരിലാണ്. സംശയരോഗി അവന്റെ സംശയങ്ങളിലായി ജീവിക്കും - ഒരിക്കലും അവന് സംശയങ്ങൾ തീർത്ത് ഉറപ്പിന്റെ മേൽ എത്തിച്ചേരാൻ കഴിയില്ല. സത്യവിശ്വാസിയുടെ ഉന്നതമായ ഗുണങ്ങളിൽ പെട്ടതും അവിഭാജ്യമായതും

الذين يؤمنون بالغيب

അവർ അവരെ തൊട്ട് അതീന്ദ്രിയമായ കാര്യങ്ങളിൽ കണ്ണടച്ച് തന്നെ വിശ്വസിക്കുന്നവരാണ് എന്നതാണ്.

സംശയിച്ച് സംശയിച്ച് ജീവിക്കുന്നവന് ഒരിക്കലും തീരുമാനം എടുക്കാൻ കഴിയില്ല. ശരിയായ തീരുമാനം എടുക്കാൻ കഴിയാത്തവൻ ഇരുലോകത്തും പരാജയം മാത്രം കരസ്ഥമാക്കുന്നു.



മൂന്നാമത്തെ ഉപദേശം:

"ومن لم يعرف من وقته النقص فكل أوقاته النقص"

"തന്റെ സമയം നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാത്തവന്റെ മുഴു സമയവും നഷ്ടത്തിലാണ്."


ജീവിതത്തിന്റെ നിറങ്ങളിൽ മുഴുകി സുനിശ്ചിതമായ മരണം വന്നെത്തും മുമ്പ് വരാനിരിക്കുന്ന സുദീർഘ യാത്രക്കിടയിൽ ഉപയോഗിക്കേണ്ട വിഭവങ്ങൾ ശേഖരിക്കാതെ സമയം മുഴുക്കെ നശിപ്പിച്ചവരേക്കാൾ നഷ്ടപ്പെട്ടവർ ആരുണ്ട്..? പ്രലോഭിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായ ഇഹലോകത്തെ ആസക്തിയുടെ തീർപ്പിനുള്ള ഇടമായിക്കണ്ടവന്റെ സമയം മുഴുക്കെ നാശത്തിലാണ് നീങ്ങുക എന്നതിൽ സംശയമില്ല. റബ്ബിലേക്ക് അടുക്കാനുള്ള കർമ്മങ്ങളിൽ അല്ലാതെ നാം ചിലവഴിക്കുന്ന നിമിഷങ്ങളൊക്കെ വിചാരണയുടെ നാളിൽ നഷ്ടബോധത്തിന്റെ കൊടുങ്കാറ്റായി നമ്മിലേക്ക് ഓർമ്മയായി വരുക തന്നെ ചെയ്യുമല്ലോ.മഹാനായ സൈനുദ്ധീൻ മഖ്ദൂം തങ്ങൾ അവിടുത്തെ അദ്കിയാഇൽ പറഞ്ഞതും ഇത് തന്നെ.

من يطلبن ما ليس يعنيه فقد

فات الذي يعنيه من غير ائتلا

തനിക്ക്‌ യാതൊരു ആവശ്യവും ഇല്ലാത്തതിന്റെ പിന്നാലെ ഒരാൾ നടക്കുംബോ ആവശ്യമുള്ളതങ്ങനെ നഷ്ടപ്പെട്ട്‌ തീരുന്നു..

ചുറ്റുമുള്ള ലോകവുമായി തനിക്കുള്ള കടപ്പാടുകൾ പാലിച്ച് കൊണ്ട് തന്നെ സമൂഹത്തിന്റെ സ്വാഭാവികമായ നാശത്തിലേക്കുള്ള ഒഴുക്കിന് എതിരെ നീന്താൻ കഴിയണം. അവിടെയാണല്ലോ ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞ

"من تمسك بسنتي عند فساد أمتي فله أجر مِاْئة شهيد"

"ഉമ്മത്ത്‌ മുഴുക്കെ ഫസാദിലായിരിക്കുന്ന സമയത്ത് എന്റെ സുന്നത്തിനെ മുറുകെ പിടിച്ച് ജീവിക്കുന്നവന് റബ്ബിന്റെ മാർഗ്ഗത്തിൽ വീര രക്തസാക്ഷ്യം വഹിച്ച 100 പേരുടെ പ്രതിഫലം ഉണ്ട്" എന്നതിലേക്ക് നാം എത്തുകയുള്ളൂ..



സമൂഹം മുഴുക്കെ പരിഷ്കരിക്കാൻ നമുക്ക് കഴിയുകയില്ല എന്നത് തീർച്ചയായ കാലത്ത് സ്വന്തത്തെ നാഥനിലേക്ക് അടുപ്പിച്ച് തന്റെ മനസ്സിനെ പരിഷ്കരിച്ച് സലീമായ സുഖലോക സ്വർഗ്ഗക്കാരന്റെ മനസ്സായി പരിവര്ത്തിപ്പിക്കലാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം..അത് മാത്രം..

5 comments:

  1. ഇത്തരം ഉപദേശങ്ങളും ഉണര്‍ത്തലുകളും കൊണ്ട് നശ്വരമായ ദുന്‍‌യാവിന്റെ ആസക്തികള്‍ക്കടിപ്പെടാതെ റബ്ബിന്റെ തൃപ്തിയിലായി ജീവിതം ക്രമപ്പെടുത്താന്‍ നാഥന്‍ തൌഫീഖ് ചെയ്യട്ടെ ആമീന്‍.

    ReplyDelete
  2. ماشاءالله.
    جزاك الله خيرا كثير

    ReplyDelete
  3. "ഉമ്മത്ത്‌ മുഴുക്കെ ഫസാദിലായിരിക്കുന്ന സമയത്ത് എന്റെ സുന്നത്തിനെ മുറുകെ പിടിച്ച് ജീവിക്കുന്നവന് റബ്ബിന്റെ മാർഗ്ഗത്തിൽ വീര രക്തസാക്ഷ്യം വഹിച്ച 100 പേരുടെ പ്രതിഫലം ഉണ്ട്" അളളാഹു അവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...