Thursday, March 24, 2016

കച്ചവടക്കാരന്റെ രഹസ്യം

"അര മണിക്കൂറിനുള്ളിൽ മടങ്ങിയെത്തണം - ഈ പാത്രത്തിലെ വെള്ളം ഇതിൽ ഇതുപോലെ തന്നെ ഇല്ലെങ്കിൽ നിങ്ങളുടെ ചോദ്യത്തിന്റെ മറുപടി എന്നിൽ നിന്നും ലഭിക്കില്ല". കച്ചവടക്കാരൻ പറഞ്ഞു.

ദൈവിക സമക്ഷത്തിൽ വളരെ പദവിയുള്ള ആളാണ്‌ കച്ചവടക്കാരൻ എന്ന് എങ്ങനെയോ മനസ്സിലാക്കിയത് കൊണ്ട് എന്താണതിനു പിന്നിലെ രഹസ്യം എന്ന് അന്വേഷിച്ച് ഇറങ്ങിയതാണ് അയാൾ. കുറെ സമയം കടയിൽ ഇരുന്നപ്പോഴും അത്ഭുതകരമായ ഒന്നും അയാൾക്ക് കച്ചവടക്കാരനിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അയാൾ കച്ചവടക്കാരനോട് അയാളുടെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചതായിരുന്നു.

രഹസ്യം അറിഞ്ഞേ തീരൂ എന്നുള്ളതിനാൽ കച്ചവടക്കാരൻ കൊടുത്ത പാത്രവുമെടുത്ത് പറഞ്ഞത് പോലെ ടൗൺ മുഴുവൻ പെട്ടെന്ന് തന്നെ പോയി തിരിച്ചു വന്നു. വെള്ളം മറിഞ്ഞു പോകാതിരിക്കാൻ നന്നായി അധ്വാനിച്ചു.

കിതച്ചു കൊണ്ട് തിരിച്ചെത്തിയ അന്വേഷിയോട് കച്ചവടക്കാരൻ ചോദിച്ചു: "സഹോദരാ, ഈ തിരക്കു പിടിച്ചുള്ള ടൗൺ കറക്കത്തിന്റെ ഇടയിൽ നിങ്ങൾ എത്ര തവണ അല്ലാഹുവിനെ ഓർത്തിട്ടുണ്ട്?"

ചോദ്യം കേട്ട അയാൾ ഒന്ന് ഞെട്ടി : "പാത്രത്തിലെ വെള്ളം മറിഞ്ഞു പോകാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിന്റെ ഇടയിൽ എനിക്ക് അല്ലാഹുവിനെ ഓർമ്മ വന്നതേയില്ല" - നിസ്സംഗനായി അയാൾ പറഞ്ഞു.

കച്ചവടക്കാരൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു:

"ഞാൻ അങ്ങനെയല്ല - കച്ചവടം ചെയ്യുമ്പോൾ പാത്രത്തിൽ വെള്ളവുമായി നിൽക്കുന്നത് പോലെയാണ് ഞാനും. പക്ഷേ, അല്ലാഹുവിനെ സദാസമയവും ഓർക്കുന്നു. അതിനാൽ തന്നെ ഞാനെന്റെ ഉപഭോക്താക്കളെ നീതിയോടെയും പ്രസന്നതയോടെയും ദയാപൂർവ്വവും കൈകാര്യം ചെയ്യുന്നു, മറ്റൊരാളുമായുള്ള ഇടപാടിനിടയിൽ ഞാൻ ഒരിക്കലും അല്ലാഹുവിനെ മറക്കാറില്ല!"

"നിങ്ങളുടെ കച്ചവടം എത്ര ലാഭകരം" അന്വേഷി സ്വയമറിയാതെ പറഞ്ഞു പോയി.!


ജീവിതം ഒരു കച്ചവടമാണ്..

മുതലാളി നൽകിയ കച്ചവട വസ്തുക്കൾ ആണ് വ്യവഹാരം നടത്തപ്പെടുന്നത്. ഉടമ നൽകിയതിനെ അവൻ തന്നെ നമ്മിൽ നിന്നും വിലനിശ്ചയിച്ചു കൊണ്ട് വാങ്ങി..

വാങ്ങിയ ശേഷം വീണ്ടും തിരികെ നൽകിയ കച്ചവട വസ്തുക്കൾക്ക് അതിന്റെ വില നൽകണം എങ്കിൽ ചില നിർണ്ണിതമായ മേഖലകളിൽ അതിനെ ചിലവഴിച്ച് തീർക്കണം എന്നാണ് നിബന്ധന; മുതലാളിക്ക് ഇഷ്ടപ്പെട്ട മേഖലകളിൽ തന്നെ ഏറ്റവും കൂടുതൽ ചിലവഴിക്കുന്നവർക്ക് അവൻ ലാഭം ഇരട്ടി ഇരട്ടിയായി നൽകുമെന്ന് വാഗ്ദാനവും വന്നു..

പക്ഷേ, ആദ്യം നടന്ന കച്ചവടം പാടെ മറന്നു നാം. യഥാർത്ഥത്തിൽ വിൽപ്പന നടന്നു കഴിഞ്ഞ വസ്തുക്കളെ തന്നെ നാം വീണ്ടും മുറിച്ചു മുറിച്ചു പലർക്കും വിൽക്കുന്നു.

മുതലാളി നൽകാമേന്നേറ്റ വിലയെ അപേക്ഷിച്ച് തു:ച്ഛമായ വിലക്ക് കച്ചവടം നടത്തുന്നു. ലഭിക്കുന്ന ലാഭത്തേക്കാൾ കച്ചവടം നടക്കുമ്പോഴുള്ള ഇടപാടിലെ രസങ്ങളും സന്തോഷങ്ങളുമാണ് നാം വിഷയമാക്കുന്നത്.

മുതലാളി നൽകിയ വ്യവഹാര വസ്തുക്കൾ ആയുസ്സിലെ, ജീവിതത്തിലെ അവൻ നിശ്ചയിച്ച സമയമാണ്. അത് നാം വിറ്റു കഴിഞ്ഞിരുന്നു - സ്വർഗ്ഗീയ സുഖലോകം നൽകുമെന്ന് അവൻ ഏറ്റതിന് പകരമായി..

പകരം ആയുസ്സിനെ അവൻ നിശ്ചയിച്ചിടങ്ങളിൽ ചിലവഴിക്കണം എന്ന നിർദ്ദേശം വന്നു - പക്ഷേ നാം അത് മറന്നു, എന്നിട്ട് അവനേകിയ ആയുസ്സിനെ നാം ദുനിയാവിന്റെ പല പല സുഖങ്ങൾക്കായി മുറിച്ചു വിൽക്കുന്നു..

ഒടുക്കം ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്ന നേരത്ത് ചെയ്ത കച്ചവടത്തിന്റെ നിബന്ധനകൾ പാലിക്കാതെ, വിറ്റ വസ്തുവിന് ഉടമയെ വഞ്ചിച്ച് മറിച്ചു വിറ്റവൻ ആദ്യ കച്ചവടത്തിന്റെ പ്രതിഫലം ചോദിക്കുമ്പോ മുതലാളിയുടെ കോപം എത്രയായിരിക്കും..?

ജീവിതമാകുന്ന ഇടപാട് സ്ഥാപനം അതിന്റെ വൈകുന്നേരത്ത് എന്നെന്നേക്കുമായി അടക്കുമ്പോൾ കച്ചവടവസ്തുക്കളൊക്കെ വിറ്റുതീരുകയും ലാഭമൊന്നും കയ്യിൽ ബാക്കിയില്ലാതെ ആകുകയും ചെയ്‌താൽ പ്രയാസം എത്ര വലുതായിരിക്കും..

അക്കൌണ്ടിലും കീശയിലുമെല്ലാം ലാഭത്തിനു മേൽ ലാഭത്തിന്റെ മുതലുകൾ വാരിക്കൂട്ടിയ തന്റെ കൂടെ കച്ചവടം ചെയ്തവരെ വഴിയിൽ കണ്ടുമുട്ടുമ്പോ മനസ്സെത്ര വേദനിക്കും; തനിക്കും ഉണ്ടായിരുന്നുവല്ലോ ഒരു വിപണന വസ്തുക്കൾ - ഇടപാടിൽ ശ്രദ്ധിക്കാതെ ചുറ്റുപാടിലും മുഴുകിയതിനാൽ തന്റെ വിൽപ്പന നഷ്ടത്തിലായി നശിച്ചുവല്ലോ എന്നോർത്ത്...!

يرجون تجارة لن تبور

ഏവരും ആശിക്കുന്നത് ലാഭകരമായ കച്ചവടം മാത്രമാണ് - ചില കച്ചവടങ്ങളിലെ നഷ്ടങ്ങൾ താങ്ങാൻ കഴിയുന്നതിലും എത്രയോ കഠിനമായിരിക്കും. രഹസ്യത്തിലും പരസ്യത്തിലും വഞ്ചന കാണിക്കാതെ മുതലാളി ഏൽപ്പിച്ചയച്ച വസ്തുക്കൾ അവൻ നിശ്ചയിച്ച വിപണനത്തിന്റെ മേഖലയിൽ മുഴുകിക്കൊണ്ട് ചിലവഴിച്ചവർക്ക് വൈകുന്നേരം ഒരു പ്രതീക്ഷയാണ്. വാക്ക് തെറ്റിക്കാത്ത നാഥന്റെ മാലാഖമാരാൽ സുവാർത്തകൾ കേട്ട് കൊണ്ട് കച്ചവടം പൂട്ടി സ്വദേശത്തേക്ക് മടങ്ങാമെന്ന പ്രതീക്ഷ.

ليوفيهم أجورهم ويزيدهم من فضله إنه غفور شكور

ജീവിതമാകുന്ന കച്ചവടം ലാഭത്തിൽ പൂർത്തിയാക്കാൻ കഴിയണം..എങ്കിൽ എത്തിച്ചേരാനുള്ള പ്രതിഫലലോകത്ത് നമുക്ക് മുമ്പേ കച്ചവടങ്ങളെല്ലാം ലാഭത്തിലും അതിലാഭത്തിലും പൂർത്തിയാക്കിയവരിലേക്ക് ചേരാം..

Saturday, March 05, 2016

ആളുകളെ വിട്ടേക്കൂ..അല്ലാഹു നമ്മെ കാണുന്നുണ്ട്.

കഴുതപ്പുറത്ത് മകനെയും കൂട്ടി ചന്തയിലേക്ക് പോയ കർഷകന്റെ കഥ ചെറിയ കാലത്തേ നാമെല്ലാം വായിച്ചവരാണ്. അവരുടെ യാത്രയെ പലരും പല രീതിയിലാണ് നോക്കിക്കണ്ടത് - എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത് എന്ന തിരിച്ചറിവ് മകന് പകരുകയായിരുന്നു പിതാവ്. ഭൗതികമായ ഇടപാടുകളിൽ തന്നെ ഏവരെയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ് എന്നത് ആ കഥ നമുക്ക് വ്യക്തമാക്കുന്നുണ്ട്..

ആളുകൾ എന്ത്‌ പറയുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല മുസ്ലിമീങ്ങൾ അവരുടെ പ്രവൃത്തികളെ ക്രമപ്പെടുത്തേണ്ടത്‌. ഒരാൾ ചെയ്യുന്ന പ്രവൃത്തിയെ മറ്റൊരാൾ വിലയിരുത്തുന്നത്‌ തീർച്ചയായും അയാളുടെ ചിന്തകളും അറിവും താൽപ്പര്യങ്ങളുമായും ബന്ധപ്പെടുത്തിയായിരിക്കും.

മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി കർമ്മങ്ങൾ ചിട്ടപ്പെടുത്താൻ മുസ്ലിമിന്‌ ബാദ്ധ്യതയില്ല. മറിച്ച്‌ എന്തൊരു കാര്യവും ചെയ്യുമ്പോഴും അത് പരിപൂർണ്ണനായ‌ അല്ലാഹുവിങ്കൽ എങ്ങനെ വിലയിരുത്തപെടും എന്നാണ്‌ ചിന്തിക്കേണ്ടത്‌.

ലോകം മുഴുവൻ നമ്മോട് ഇഷ്ടം കാണിച്ചാലും അല്ലാഹുവിന്റെ ഇഷ്ടം നമുക്ക് ലഭിച്ചില്ലെങ്കിൽ മറ്റുള്ള സ്നേഹമെല്ലാം നമുക്ക് എന്ത് നേട്ടം? തിരിച്ചു വായിച്ചാൽ ലോകം മുഴുവൻ നമ്മോടു വെറുപ്പ് കാണിക്കുകയും അല്ലാഹു നമ്മെ ഇഷ്ടപ്പെടുകയും ചെയ്‌താൽ മറ്റെല്ലാവരുടെയും സ്നേഹം നഷ്ടപ്പെടുന്നത് കൊണ്ട് നമുക്ക് എന്ത് നഷ്ടം?


സഹജീവികളേയോ പ്രകൃതിയെയോ നമ്മുടെ കർമ്മങ്ങളിൽ തീരെ മുഖവിലക്ക്‌ എടുക്കേണ്ടതില്ല എന്നല്ല, സർവ്വവും സൃഷ്ടിച്ച റബ്ബിന്റെ നിയമങ്ങൾക്ക്‌ വിധേയപ്പെടുമ്പോൾ സ്വാഭാവികമായും ഒരു മനുഷ്യൻ ഇടപഴകുന്ന സകല മേഖലകളിലും നന്മയെ വ്യാപിപ്പിക്കാൻ അവന്‌ കഴിയും…

ആദരവായ നബി തങ്ങളുടെ തിരുജീവിതത്തിന്റെ മുഴുമേഖലയിലും മനുഷ്യ നന്മയുടെ ഗുണം ദർശിക്കാത്ത ഒരു വിമർശകൻ പോലുമില്ല എന്നത്‌ അല്ലാഹുവിനെ അനുസരിച്ച്‌ ജീവിക്കുന്നതിലൂടെ സ്വാഭാവികമായും സഹജീവികളുടെ പ്രകീർത്തനവും തേടിയെത്തും‌ എന്നതിന്‌ തെളിവാണ്.

സ്വഹാബീ പ്രമുഖരായിരുന്ന ഹസ്രത്ത്‌ അബുദർദ്ദാ(റ) വിനെ കൊണ്ട്‌ ഭാര്യ ഉമ്മു ദർദ്ദാ (റ) പറയുന്നു:

"എപ്പോഴൊക്കെ അബുദർദ്ദാ ജനങ്ങൾക്ക്‌ ആദരവായ നബി തങ്ങളുടെ തിരു ഹദീസുകൾ ഉദ്ധരിച്ചു കൊടുത്തോ, അപ്പോഴെല്ലാം അദ്ദേഹം പുഞ്ചിരിക്കുമായിരുന്നു. ഞാൻ ഒരിക്കൽ അദ്ദേഹത്തോട്‌ പറഞ്ഞു: 'നിങ്ങളുടെ ഈ ചിരി കാരണം നിങ്ങളൊരു വിഡ്ഡിയാണെന്ന് ജനങ്ങൾ വിചാരിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു'. അപ്പോൾ അദ്ദേഹം വിവരിച്ചു: റസൂലുല്ലാഹി തങ്ങൾ (സ്വ)യും വിവരിക്കുമ്പോൾ പുഞ്ചിരിക്കുമായിരുന്നു"..!

ആളുകൾ തന്നെ പറ്റി എന്ത് കരുതും എന്നതിനേക്കാൾ ആദരവായ നബി തങ്ങൾ(സ്വ) യുടെയും അത്‌ വഴി അല്ലാഹുവിന്റേയും തൃപ്തിയായിരുന്നു അവരുടെ ലക്ഷ്യം..

സൽക്കർമ്മങ്ങളിലേക്ക്‌ മുന്നിടുമ്പോൾ പരിഹസിക്കുന്നവരും ചിരിക്കുന്നവരും എമ്പാടും എന്നുമുണ്ടാകും. ഓരോരുത്തനും റബ്ബിന്റെ കോടതിയിൽ ഒറ്റ ഒറ്റയായാണ്‌ വിചാരണ ചെയ്യപ്പെടുന്നത്‌. ആരോരുമില്ലാത്ത മണ്ണിനടിയിൽ അവരാരും നമ്മെ സഹായിക്കാൻ വരില്ല. അല്ലാഹുവാണ്‌ ആയുസ്സിനെ നൽകിയവൻ, അവന്റെ ഹബീബാണ്‌ നമുക്ക്‌ ഈമാനിനെ കൈമാറിയത്‌, അവരിലാകണം നമ്മുടെ നോട്ടം..

അല്ലാഹുവിന്റെ തൃപ്തിയേക്കാൾ വലുതായി മറ്റൊന്നും തന്നെയില്ലല്ലോ.

ورضوان من الله أكبر ذلك هو الفوز العظيم