Saturday, July 16, 2016

തറാവീഹ് അനര്‍ത്ഥ വിവാദം - മൗലാനാ നജീബ്‌ മൗലവി

വിശുദ്ധ റമളാനില്‍ സവിശേഷമായി ഈ ഉമ്മത്തിന്‌ മാത്രമായി നാഥന്‍ നല്‌കിയതാണ്‌ തറാവീഹ്‌ നമസ്‌കാരം.. വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചും റമളാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന ഹദീസുകൊണ്ടുദ്ദേശ്യം റമളാന്‍ മാസത്തിലെ ഈ തറാവീഹ്‌ നമസ്‌കാരമാണെന്നു പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇമാം നവവി(റ)പറയുന്നു: ഈ ഹദീസലെ "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. അതു സുന്നത്താണെന്നു പണ്ഡിതര്‍ യോജിച്ചിട്ടുണ്ട്‌. ശര്‍ഹു മുസ്‌ലിം:1-259.



ഇമാം കര്‍മാനി പറയുന്നു. "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. കൗകബുദ്ദിറാറി:1-146. ഇതിലൊന്നും പണ്ഡിതന്മാര്‍ ആരും വിയോജിപ്പു രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ന്‌ ഈ തറാവീഹ്‌ നമസ്‌കാരം സംബന്ധമായി അനാവശ്യ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തറാവീഹിന്റെ റക്‌അത്തുകളെ ചൊല്ലിയുള്ള വിവാദത്തിനുമപ്പുറം അത്തരമൊരു നമസ്‌കാരമേ ഇല്ലെന്നു പോലുമാണ്‌ കോലാഹലങ്ങളുയരുന്നത്‌.യഥാര്‍ത്ഥത്തില്‍ തറാവീഹ്‌ നബി(സ)നമസ്‌കരിച്ച നമസ്‌കാരമാണെന്നും ആ നമസ്‌കാരത്തിന്‌ പ്രതിഫലമേറെയുണ്ടെന്നും ഹദീസുകളില്‍ നിന്നു സ്ഥിരപ്പെടുന്നു.


ആഇശ(റ) ഉദ്ധരിക്കുന്നു. നബി(സ)റമളാനിലെ ഒരു രാത്രിയില്‍ പള്ളിയില്‍ വന്നു നമസ്‌കരിച്ചു. ഇത്‌ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. പിറ്റേന്നു ജനങ്ങള്‍ കൂടുതലുണ്ടായി. മൂന്നാം ദിവസം പള്ളി നിറഞ്ഞു. അന്നും ജനങ്ങളോടൊപ്പം നബി(സ)നമസ്‌കരിച്ചു. നാലാം ദിവസമായപ്പോള്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്‌തു. അന്നാകട്ടെ, നബി(സ)നമസ്‌കരിക്കാന്‍ വന്നുമില്ല. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ നബി(സ)യോട്‌ ഉമര്‍(റ)പറഞ്ഞു. "ഇന്നലെ രാത്രി ജനങ്ങള്‍ അവിടുത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." നബി(സ)പറഞ്ഞു. "ജനങ്ങളുടെ കാര്യം എനിക്ക്‌ അവ്യക്തമല്ല. പക്ഷേ, അവര്‍ക്കത്‌ ഫര്‍ളാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നതാണ്‌." (മുസ്‌ലിം).


നബി(സ) നമസ്‌കരിച്ച ഈ നമസ്‌കാരം റമളാനിലായിരന്നു. റമളാനിലെ പ്രത്യേക നമസ്‌കാരം തറാവീഹാണെന്ന്‌ നാം മുമ്പുദ്ധരിച്ചുവല്ലോ. മാത്രമല്ല, തറാവീഹെന്ന നാമം സ്വഹാബത്തിന്റെ കാലത്തു തന്ന സുപരിചിതമായിരുന്നു. അബുല്ലൈസ്‌ സമര്‍ഖന്‍ദി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ്‌ പറഞ്ഞു: ഉമര്‍(റ) നടപ്പാക്കിയ ഈ തറാവീഹിന്റെ അടിസ്ഥാനം അദ്ദേഹം എന്നില്‍നിന്ന്‌ കേട്ട ഒരു ഹദീസാണ്‌. (തന്‍ബീഹ്‌:124)


അലി(റ) ഉപയോഗിച്ചിരിക്കുന്നത്‌ "തറാവീഹ്‌" എന്ന പദമാണ്‌. ഈ പദം സ്വഹാബത്തിന്റെ കാലത്തു തന്നെയുള്ളതാണെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌."തറാവീഹ്‌" എന്ന വാക്കിനു വിശ്രമങ്ങള്‍ എന്നാര്‍ത്ഥം. പേര്‌ ഈ നമസ്‌കാരത്തിനു വരാനുണ്ടായ കാരണം സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌. തറാവീഹ്‌ എന്ന പദം "തര്‍വീഹതി"ന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുന്നതിനാണ്‌ "തര്‍വീഹത്‌" എന്നു പറയുക. റമളാനിലെ രാത്രിയിലെ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പറയപ്പെടാന്‍ കാരണം ഈ നമസ്‌കാരത്തിന്‌ ഒരുമിച്ച്‌ കൂടുന്നവര്‍ എല്ലാ ഈ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിച്ചിരുന്നതുകൊണ്ടാണ്‌. (ഫത്‌ഹുല്‍ മബാദി:2-165) നമസ്‌കാരം സുദീര്‍ഘമായതിനാലാണ്‌ എല്ലാ ഈ രണ്ട്‌ നാലു റക്‌അത്തുകള്‍ക്കിടയിലും അവര്‍ വിശ്രമിച്ചിരുന്നത്‌.തുഹ്‌ഫ:2-241.തറാവീഹിന്ന്‌ ആ നാമം കിട്ടാനുള്ള കാരണവും ആ പേര്‌ സ്വഹാബത്തിന്റെ കാലം മുതല്‍ ഉള്ളതാണെന്ന വസ്‌തുതയും മുകളില്‍ വിവരിച്ചതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. 


ഇനി തറാവീഹിന്റെ എണ്ണത്തെക്കുറിച്ച്‌ നോക്കാം.നബി(സ)യുടെ കാലത്ത്‌ നബി(സ)യുടെ നേതൃത്വത്തില്‍ സംഘടിതമായി തറാവീഹ്‌ അല്ലെങ്കില്‍ "ഖിയാമു റമളാന്‍" രണ്ടോ മൂന്നോ ദിനം മാത്രമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. ജനാധിക്യം മൂലം നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന നബി(സ) പിന്നീട്‌ ഇത്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വന്നിരുന്നില്ല. എങ്കിലും സ്വഹാബാക്കള്‍ ഒറ്റക്കോ കൂട്ടായോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടൊരിക്കല്‍ നബി(സ)വന്നു നോക്കുമ്പോള്‍ ഉബയ്യുബ്‌നു കഅ്‌ബ്‌(റ) ഇമാമായി നിസ്‌കരിക്കുന്നുണ്ട്‌. നബി(സ) അതിനെ അംഗീകരിക്കുകയാണുണ്ടായത്‌. 

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ)വന്നു നോക്കുമ്പോള്‍ പള്ളിയുടെ ചെരുവില്‍ ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുന്നു. നബി(സ)ചോദിച്ചു. ഇവര്‍ ആരാണ്‌? നബി(സ)യോട്‌ പറയപ്പെട്ടു. ഖുര്‍ആന്‍ മന:പാഠമില്ലാത്തവരാണ്‌. ഉബയ്യുബ്‌നുകഅ്‌ബ്‌ അവര്‍ക്കുവേണ്ടി നമസ്‌കരിക്കുന്നു. നബി(സ)പറഞ്ഞു. ഇവര്‍ ചെയ്യുന്നത്‌ ശരിയാണ്‌. വളരെ നന്നായിരിക്കുന്നു ഇത്‌. അബൂദാവൂദ്‌:1-195.

എന്നാല്‍, നബി(സ)തറാവീഹ്‌ നമസ്‌കരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്ന സ്വഹീഹായ ഹദീസുകളിലൊന്നും റക്‌അത്തുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. റക്‌അത്തുകളുടെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹുമല്ല. നബി(സ)യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ കാലത്തും സ്ഥിതിഗതി ഇങ്ങനെത്തന്നെയായിരുന്നു. നബി(സ)യുടെ കാലത്തു ജനങ്ങള്‍ തറാവീഹ്‌ നമസ്‌കരിച്ചിരുന്നതുപോലെയായിരുന്നു അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും. പിന്നീട്‌ ഉമര്‍(റ) തന്നെയാണ്‌ ഇന്ന്‌ എല്ലാ പള്ളികളിലും ഉള്ളരൂപത്തില്‍ ജമാഅത്തായി ഇതു സംഘടിപ്പിച്ചത്‌ (ശര്‍ഹുമുസ്‌ലിം:1-259) അതിന്റെ കാരണം സ്വഹാബത്തില്‍ ചിലര്‍ ഉമറ(റ)നെ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌. 


അലി(റ)പറയുന്നു: എന്നില്‍ നിന്നുകേട്ട ഒരു ഹദീസിന്റെയടിസ്ഥാനത്തിലാണ്‌ ഉമര്‍(റ) തറാവീഹ്‌ ഇപ്രകാരം സംഘടിപ്പിച്ചത്‌. അനുയായികള്‍ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, ആ ഹദീസ്‌ ഏതാണ്‌? അലി(റ) പറഞ്ഞു: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അര്‍ശിന്റെ ചുറ്റും പ്രകാശത്തിനാലുള്ള "ഹളീറത്തുല്‍ ഖുദ്‌സ്‌" എന്നൊരു സ്ഥലമുണ്ട്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും എണ്ണമറിയാത്ത അനേകം മലക്കുകളവിടെയുണ്ട്‌. ഒരു നിമിഷം പാഴാക്കാതെ അല്ലാഹുവിനെ ആരാധിക്കുന്നവരാണവര്‍! റമളാനിലെ രാത്രികളില്‍ ഭൂമിയിലേക്കിറങ്ങാന്‍ നാഥനോടവര്‍ സമ്മതം ചോദിക്കും. ശേഷം അവര്‍ ഇറങ്ങിവന്നു മനുഷ്യരോടൊപ്പം നമസ്‌കരിക്കും. അവരെ സ്‌പര്‍ശിച്ചവരും അവര്‍ സ്‌പര്‍ശിച്ചവരും ഒരിക്കലും പരാജയപ്പെടാത്ത വിജയം വരിച്ചവരാണ്‌. ഇതുകേട്ട ഉമര്‍(റ) "നാമാണിതിന്‌ ഏറ്റവും ബന്ധപ്പെട്ടവര്‍" എന്നു പറഞ്ഞു തറാവീഹിന്‌ വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി. തന്‍ബീഹ്‌:124.

ഉമറി(റ)നാല്‍ ഇപ്രകാരം സംഘടിപ്പിക്കപ്പെട്ട തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്നതില്‍ അഭിപ്രായന്തരമില്ല. ഉബയ്യുബ്‌നു കഅ്‌ബ്‌(റ) മദീനയില്‍ വച്ച്‌ ജനങ്ങള്‍ക്ക്‌ ഇമാമായി ഇരുപതും വിത്‌റും നമസ്‌കരിക്കുമായിരുന്നു. മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ:2-392. ഉബയ്യിബ്‌നു പുറമേ സ്‌ത്രീകള്‍ക്ക്‌ ഇമാമായി സുലൈമാനുബ്‌നു അബീഹസ്‌മയേയും നിശ്ചയിച്ചിരുന്നു. ഖല്‍യൂബി:1-217. ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബികളാരും എതിര്‍ത്തിട്ടില്ല. 

അബ്‌ദുറഹ്‌മാന്‍ അല്‍ജസരി പറയുന്നു. തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്ന്‌ ഉമര്‍(റ)ന്റെ ഈ പ്രവൃത്തിമൂലം വ്യക്തമാകുന്നുണ്ട്‌. കാരണം, ഉമര്‍(റ) ഈ എണ്ണത്തിന്റെ മേലാണ്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്‌. മാത്രമല്ല, ഇതില്‍ സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തു. ഖുലഫാഉരാശിദുകളില്‍ ഉമറിന്‌ ശേഷമുള്ളവര്‍ പോലും ഇതിനോടു വിയോജിച്ചിട്ടില്ല. നബി(സ)പറഞ്ഞിട്ടുണ്ടല്ലോ എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കണമെന്നും. (അല്‍മദാഹിബുല്‍ അര്‍ബഅ:1-341.)


ഇമാം അബൂയൂസുഫ്‌(റ) ഉമറി(റ)ന്റെ ഇപ്രവര്‍ത്തനത്തെപ്പറ്റി ഇമാം അബൂഹനീഫ(റ)യോടു ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പറഞ്ഞതിങ്ങനെയാണ്‌. "തറാവീഹ്‌ ശക്തമായ സുന്നത്താണ്‌. ഉമര്‍(റ)സ്വയമുണ്ടാക്കിയതല്ല അത്‌. ഒരു പുതിയ പ്രവൃത്തിയുമല്ല. നബി(സ)യില്‍ നിന്ന്‌ അറിയപ്പെട്ട തെളിവും അടിസ്ഥാനവുമില്ലാതെ മഹാനത്‌ കലിപിച്ചിട്ടില്ല." (അല്‍ബഹറുര്‍റാഇഖ്‌).

ചുരുക്കത്തില്‍ ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബത്തില്‍ നിന്നാരും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടില്ല. അദ്ദേഹമീ ചെയ്‌തത്‌-ഇരുപത്‌ നമസ്‌കരിച്ചതോ ജമാഅത്ത്‌ പുന: സംഘടിപ്പിച്ചതോ സ്വേഷ്‌ടപ്രകാരമായിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമായിരുന്നുവ ല്ലോ. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല, എല്ലാവരും അനുകൂലിക്കുകയും ചെയ്‌തു.ഉമര്‍(റ) ഇപ്രകാരം ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. ഉസ്‌മാന്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ),അബ്ബാസ്‌(റ), ഇബ്‌നുഅബ്ബാസ്‌(റ),ത്വല്‍ഹ(റ), സുബൈര്‍(റ), മുആദ്‌(റ), ഉബയ്യ്‌(റ) തുടങ്ങി അന്‍സ്വാറുക ളും മുഹാജിറുകളുമായ സ്വഹാബികള്‍ മുഴുവനും അംഗീകരിക്കുകയും ഒരാള്‍ പോലും എതിര്‍ക്കാതെ സ്വീകരിക്കുക യും യോജിക്കുകയും ചെയ്‌തു. ഇത്‌ഹാഫ്‌:3-417.നോക്കുക,


തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍, നിങ്ങള്‍ വഴിതെറ്റിയാല്‍ നിങ്ങളെ ഞാന്‍ നേരേയാക്കും. ഞാന്‍ വഴിതെറ്റിയാല്‍ നിങ്ങളെന്ന എന്തു ചെ യ്യുമെന്ന്‌ ഉമര്‍(റ) ചോദിച്ചതും "ഈ വാള്‍കൊണ്ട്‌ നേരേയാക്കുമെ"ന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞതും, ഒരിക്കല്‍ മഹ്‌റിന്‌ പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞ ഉമറി(റ)നെ ഒരു വനിത ചോദ്യം ചെയ്‌തതും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞതും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഇതേ ഉമര്‍(റ) നബി(സ)തങ്ങളില്‍ നിന്ന്‌ തനിക്കു ലഭിക്കാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ഒരാളെങ്കിലും അത്‌ എതിര്‍ക്കുമായിരുന്നുവെന്നത്‌ അവിതര്‍ക്കിതമല്ലോ. അല്ലെങ്കിലും റക്‌അത്തിന്റെ എണ്ണം പോലുള്ള കാര്യങ്ങള്‍ ബുദ്ധികൊണ്ട്‌ ആലോചിച്ചാലോ, ഇജ്‌തിഹാദ്‌ ചെയ്‌താലോ ലഭിക്കുന്നതല്ലല്ലോ. 

ഇത്തരത്തില്‍ ഉമര്‍(റ) ഒരു കാര്യം പ്രവൃത്തിക്കുകയും സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തതോടുകൂടി ഇതില്‍ ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. തുഹ്‌ഫ:2-240. ശാഫിഈ, ഹനഫീ, ഹമ്പലീ എന്നീ മൂന്നു മദ്‌ഹബുകളും തറാവീഹ്‌ ഇരുപത്‌ റക്‌അത്തു തന്നെയാണെന്നു പറയുന്നു. ഇമാം റാഫിഈ(റ) പറയുന്നു. തറാവീഹ്‌ നമസ്‌കാരം സലാമോടു കൂടി ഇരുപത്‌ റക്‌അത്താകുന്നു. ഇതുതന്നെയാണ്‌ ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്‌മദും(റ) പറയുന്നതും. കാരണം, നബി(സ)ഇരുപത്‌ റക്‌അത്ത്‌ ജനങ്ങളോടൊപ്പം നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ശര്‍ഹുല്‍ കബീര്‍:4-264.

മാലിക്‌ ഇമാമിന്റെയടുക്കല്‍ മുപ്പ ത്തിആറ്‌ റക്‌അത്താണ്‌ ഒന്ന ഒരു അഭിപ്രായമുണ്ട്‌. കാരണം, മദീനാ നിവാസികള്‍ മുപ്പത്തി ആറ്‌ നമസ്‌കരിക്കാറുണ്ടെ ന്നും മദീനാ നിവാസികളുടെ പ്രവൃത്തി തെളിവാണെന്നുമാണ്‌ ഇമാം മാലികിന്റെ പക്ഷം. എന്നാല്‍, ഈ മുപ്പത്തി ആറു തറാവീഹല്ല, എല്ലാ ഈ രണ്ടു തര്‍വീഹീന്റെയും ഇടയില്‍ മക്കക്കാര്‍ ത്വവാഫ്‌ ചെയ്യുകയും രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നമസ്‌കരിക്കുകയും ചെയ്യും. അവരോടു സദൃശമാകാന്‍ മദീനാ നിവാസികള്‍ ഓരോ ത്വവാഫിന്റെ സ്ഥാനത്തും നാല്‌ റക്‌അത്തു കൂടുതലാക്കിയതുകൊണ്ടാണ്‌ മുപ്പത്തി ആറ്‌ ആയത്‌ എന്നാണ്‌ ഇതു സംബന്ധിച്ചു പണ്ഡിത വീക്ഷണം. തുഹ്‌ഫ:2-241.


ഏതായാലും അങ്ങനെയാണ്‌ മാലികീ മദ്‌ഹബിലെ ഒരു വീക്ഷണമായി തറാവീഹ്‌ മുപ്പത്തി ആറ്‌ റക്‌അത്ത്‌ എന്നു വന്നത്‌. ഇതു വച്ചു നോക്കുമ്പോള്‍ തറാവീഹ്‌ ഇരുപതില്‍ കുറവല്ലെന്നതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ ഏകോപനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു.ഈ ഇരുപതെന്ന സൂര്യപ്രകാശം പോലെ തെളിഞ്ഞതിനെതിരില്‍ ചില ഹദീസുകള്‍ ഉന്നയിക്കപ്പെടാറുണ്ട്‌. 

ഒന്ന്‌, ഇബ്‌നു ഖുസൈമ, ജാബിറി(റ)നെ തൊട്ട്‌ ഉദ്ധരിക്കുന്നതാണ്‌. അദ്ദേഹം പറഞ്ഞു. നബി(സ) റമളാനില്‍ എട്ടും വിത്‌റും നമസ്‌കരിച്ചു. പിറ്റേന്ന്‌ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചൂകൂടിയെങ്കി ലും നബി(സ)വന്നില്ല....ഇബ്‌നുഖുസൈമ:2-138.

ഈ ഹദീസിനെക്കുറിച്ച്‌ പണ്ഡിതര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌, ഈ ഹദീസ്‌ വിത്‌റിനെക്കുറിച്ചാകാനാണ്‌ സാധ്യത. കാരണം, ഈ ഹദീസിന്റെ അവസാന ഭാഗത്ത്‌ താന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ വരാതിരുന്നതിന്റെ കാരണമായി നബി(സ)പറയുന്നതായി ജാബിര്‍(റ) ഉദ്ധരിക്കുന്നത്‌. "വിത്‌റ്‌ നിങ്ങളുടെ മേല്‍ നിര്‍ബ്ബന്ധമാക്കപ്പെടുന്നത്‌ ഞാന്‍ ഭയപ്പെടുന്നു. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല എന്നാണ്‌. മാത്രമല്ല, "വിത്‌റു നിര്‍ബന്ധമില്ല" എന്ന അദ്ധ്യായത്തിലാണ്‌ ഈ ഹദീസ്‌ ഉദ്ധരിച്ചത്‌. അപ്പോളിത്‌ വിത്‌റ്‌ ആകാന്‍ സാധ്യതയുണ്ട്‌. 


മറ്റൊന്ന്‌, ഇത്‌ തറാവീഹിനെ കുറിച്ചാണ്‌ എന്നു വച്ചാല്‍ ജാബിര്‍(റ) മൂന്നാം ദിനത്തിലെ അവസാനത്തെ എട്ടു റക്‌അത്തുകളിലും വിത്‌റിലുമായിരിക്കും സംബന്ധിച്ചിട്ടുണ്ടാവുക. പിറ്റേന്ന്‌ നബി(സ) വന്നതുമില്ല. അപ്പോള്‍ താന്‍ പങ്കെടുത്തത്‌ ഉദ്ധരിച്ചതായിരിക്കാം. അദ്ദേഹം ഇങ്ങനെയൊന്നുമില്ലെങ്കില്‍ ഈ ഹദീസ്‌ തറാവീഹിനെക്കുറിച്ച്‌ ഉദ്ധരിക്കപ്പെടുന്ന മുഴുവന്‍ ഹദീസുകളോടും എതിരായി വന്നതിനാല്‍ ശാദ്ദാണ്‌-ഒറ്റപ്പെട്ടതാണ്‌. കാരണം, മറ്റു നിവേദനങ്ങളിലെല്ലാം നബി(സ)മൂന്ന്‌ ദിവസം നമസ്‌കരിച്ചുവെന്നുള്ളപ്പോള്‍ ജാബിറി(റ)ന്റെ നിവേദനത്തില്‍ ഒരു ദിനം മാത്രമാണുള്ളത്‌. അതിനാല്‍ ഇത്‌ തെളിവിനു പറ്റുന്നതായി പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.


രണ്ടാമത്തെ ഹദീസ്‌, റമളാനിലും അല്ലാത്തപ്പോഴും നബി(സ)പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന്‌ ആഇശബീവിയെ തൊട്ടുദ്ധരിക്കുന്നതാണ്‌. ഈ ഹദീസില്‍ റമളാനിലും അല്ലാത്തപ്പോഴും എന്ന പദത്തില്‍ നിന്ന്‌ തന്നെ റമളാനിലെ പ്രത്യേക നമസ്‌കാരത്തെക്കുറിച്ചല്ല ഇത്‌ എന്നു വ്യക്തമാകും. വിത്‌റിനെക്കുറിച്ചാണ്‌. ഏതായാലും ഈ ഹദീസുകളൊ ന്നും മുതവാതിറല്ലാത്തതിനാല്‍ സ്വഹാബത്തിന്റെ ഇജ്‌മാഇനോടു കിടപിടിക്കുന്ന പ്രബല തെളിവാകുന്നില്ല. അതിനാല്‍ തന്നെ തറാവീഹുണ്ടെന്നും അതിരുപതാണെന്നും പൗരാണികകാലം മുതല്‍ മുസ്‌ലിം സമൂഹം അംഗീകരിച്ചു വന്നിട്ടുണ്ട്‌. 


തറാവീഹ്‌ എട്ടെന്ന വാദത്തിന്‌ കേരള വഹ്‌ഹാബികളേക്കാള്‍ പഴക്കമുള്ള ഒരു സംഘത്തെ ചരിത്രത്തില്‍ ദൃശ്യമല്ല തന്നെ. തങ്ങളുടെ നേതാക്കളും ആശയ സ്രോതസ്സുകളുമായ ഇബ്‌നുതീമിയ്യ: ഇബ്‌നു അബ്‌ദിന്‍ വഹാബു തുടങ്ങിയവരൊന്നും ഈ വാദമുന്നയിച്ചിട്ടില്ലെന്നല്ല. ഇരുപതെന്ന സമൂഹ തീരുമാനത്തിലുറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരുന്നു.

ബദ്‌റിന്റെ ചരിത്രം: മൗലാനാ നജീബ്‌ മൗലവി


ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ റമളാന്‍ എന്ന അനുഗ്രഹീതമാസത്തെ നോമ്പു നിര്‍ബന്ധമാക്കിക്കൊണ്ട്‌ അല്ലാഹു നമുക്കു സമ്മാനിച്ചത്‌. ആ പ്രഥമ റമളാന്‍ പതിനേഴിനായിരുന്നു ഇസ്‌ലാമിക പോരാട്ടങ്ങളുടെ അടിത്തറയും മര്‍ദ്ദകരോടുള്ള പ്രതികാരത്തിന്റെ രൂപകല്‍പനയും ഇസ്‌ലാമിക ചലനങ്ങളുടെ മാതൃത്വം പേറുന്നതുമായ ബദ്‌ര്‍ യുദ്ധവുമുണ്ടായത്‌. മദീനക്കടുത്ത ബദ്‌ര്‍ മൈതാനത്താണു സത്യവും മിഥ്യയും മാറ്റുരച്ചത്‌.


അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധ സജ്ജരായ വന്‍ സൈന്യവും ലോകാനുഗ്രഹി പ്രവാചകര്‍(സ)യുടെ നായകത്വത്തില്‍ നിരായുധരായ ചെറുസംഘവും; സത്യദീനിന്റെ അടിവേരറുക്കാന്‍ അഹങ്കാരികളായ ആയിരം പേരും അതേ ദീനിന്റെ നിലനില്‍പ്പിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ മുന്നൂറ്റിപ്പതിമുന്നു പേരും; ഒരു ഭാഗത്ത്‌ സാത്താന്റെ സൈന്യവും മറുഭാഗത്ത്‌ ദൈവത്തിന്റെ ദാസന്‍മാരും; ഒരു വിഭാഗം നരകക്കുണ്ടില്‍ ചിതയൊരുക്കാനും മറുവിഭാഗം സ്വര്‍ഗ്ഗത്തില്‍ ആരാമം പണിയാനും; ദൈവ ദൂതര്‍ക്കു സംരക്ഷണം നല്‍കിയവരും ദൈവദൂതരെ ആട്ടിയോടിച്ചവരും; അഹങ്കാരത്തോടെ ഭൂമിയില്‍ കൂത്താടാന്‍ കൊതിച്ചവരും അല്ലാഹുവിലേക്കു ശഹാദത്തു മോഹിച്ചവരും തമ്മില്‍ നേര്‍ക്കുനേരെ നടക്കുന്ന പ്രഥമ പോരാട്ടമായിരുന്നു ബദ്‌ര്‍.


മക്കാ പ്രമാണിമാര്‍ വിജയം ഉറപ്പിച്ചാണു വന്നത്‌. കണക്കുകൂട്ടലുകള്‍ അതിനാണു സാധ്യത നല്‌കിയിരുന്നതും. അവര്‍ ആയിരം പേര്‍. സായുധരായ യുദ്ധശാലികള്‍. മറുപക്ഷം മുന്നൂറ്റിപ്പതിമൂന്ന്‌ നിരായുധര്‍. പക്ഷേ, ബദ്‌റില്‍ ഗണിത ശാസ്‌ത്രത്തിന്‌ അടിതെറ്റി. സൂത്രവാക്യങ്ങള്‍ പിഴച്ചു. അവിടെ മുന്നൂറ്റിപ്പതിമൂന്നിന്‌ ആയിരത്തേക്കാള്‍ ആയിരമിരട്ടി വലുപ്പം കാണുന്നു. സായുധരേക്കാള്‍ പോരാട്ട വീര്യം നിരായുധര്‍ക്ക്‌! ദൃഢമായ സത്യവിശ്വാസവും പ്രവാചക സ്‌നേഹവുമായി അവരുടെ ഏക ആയുധം.


വര്‍ത്തമാന ലോകത്തു ബദ്‌റിന്റെ ഈ സന്ദേശം വിലപ്പെട്ടതാണ്‌. ക്ലസ്റ്റര്‍ ബോംബുകള്‍ക്കും ക്രൂസ്‌ മിസൈലുകള്‍ക്കും നേരെ ഗാസയിലും കാന്തഹാറിലും നജ്‌ഫിലും ലബനാനിലും മുസ്‌ലിം സിവിലയന്‍മാര്‍ കല്‍ചീളുകളും കവണകളും ആയുധമാക്കി യാങ്കിപ്പരിശകളെ ചെറുത്തുനില്‍ക്കുന്നത്‌ മീഡിയകളില്‍ നാം കാണുന്നു. പീരങ്കികളുമായി കവചിതവാഹനങ്ങളില്‍ ഒരു പ്രദേശത്തെത്തന്നെ തകര്‍ക്കാന്‍ വരുന്ന സയണിസ്റ്റ്‌ പട, ഫലസ്‌തീന്‍ ബാലന്‍മാരുടെ കല്‍ചീളുകളില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തിരിഞ്ഞോടുന്ന അപഹാസ്യരംഗം ലോകം ദര്‍ശിക്കുന്നു. അവിശ്വാസികള്‍ക്ക്‌ ആയുധ സൈനിക ബലമുള്ളപ്പോളും അവര്‍ വെറും ഭീരുക്കള്‍ മാത്രമാണെന്ന ബദ്‌റിലെ സത്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.


ഒരു യുദ്ധത്തിനു പോയതല്ല പ്രവാചകനും സ്വഹാബത്തും. സിറിയയില്‍ നിന്നു മക്കയിലേക്കു തിരിച്ചുപോകുന്ന ഖുറൈശി കച്ചവട സംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, മുസ്‌ലിം നീക്കങ്ങള്‍ മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഉശൈറയില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെടുകയും ഒരു സംരക്ഷണ സൈന്യത്തിനായി മക്കയിലേക്ക്‌ ദൂതനെ അയക്കുകയും ചെയ്‌ തു. ഈ ദൂതന്‍ തന്റെ ഒട്ടകത്തിന്റെ ചെവികളും മൂക്കും ഛേദിച്ച്‌, വസ്‌ത്രങ്ങള്‍ കീറിപ്പറിച്ച്‌, ജീനി താഴ്‌ത്തിക്കെട്ടി ഒട്ടകപ്പുറത്തു കയറി അട്ടഹസിച്ചു.


" ഖുറൈശി സമൂഹമേ, നിങ്ങളുടെ സമ്പത്ത്‌ അബൂസുഫ്‌യാന്റെ കൈവശമാണ്‌. മുഹമ്മദും അനുയായികളും അതു തടഞ്ഞുവച്ചിരിക്കുന്നു. സംരക്ഷണത്തിനായി പുറപ്പെടുക."


ളംളം അല്‍ഗിഫാരിയുടെ ഈ അട്ടഹാസം കേട്ടു മക്കക്കാര്‍ സമ്മേളിച്ചു. അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരം ഭടന്‍മാരും നൂറ്‌ കുതിരകളും എഴുനൂറ്‌ ഒട്ടകങ്ങളും അടങ്ങുന്ന വന്‍ സൈന്യവുമായി മദീന ലക്ഷ്യമാക്കി നീങ്ങി. അബൂലഹബ്‌ ഒഴികെ ഖുറൈശി പ്രമാണിമാര്‍ മുഴുവന്‍ സൈന്യത്തിലുണ്ട്‌. ആവേശം പകരാന്‍ നര്‍ത്തകിമാരും സംഗീതവാദ്യങ്ങളും അകമ്പടിയും!

കച്ചവടസംഘം രക്ഷപ്പെട്ടുവെന്നും അബൂജഹ്‌ലിന്റെ വന്‍ സൈന്യത്തെയാണ്‌ ഇനി നേരിടേണ്ടി വരികയെന്നും മുസ്‌ലിംകള്‍ക്കു വിവരം ലഭിച്ചു. തയ്യാറെടുപ്പില്ലാത്ത നിരായുധരും ബലഹീനരുമായ ന്യൂനപക്ഷം സര്‍വ്വായുധ സജ്ജരായ ഖുറൈശി റൗഡിസത്തോട്‌ ഏറ്റുമുട്ടുന്നതാണോ, തിരിച്ച്‌ മദീനയിലേക്കു തന്നെ മടങ്ങുന്നതാണോ അഭികാമ്യം? മുസ്‌ലിംകളുടെ പ്രശ്‌നം ഇതായിരുന്നു. എന്നാല്‍, വിശ്വാസികള്‍ തെല്ലുനേരത്തെ ചര്‍ച്ചയോടെത്തന്നെ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്‌, ദൈവദൂതരുടെ പിന്നില്‍ അടിയുറച്ചു കഴിഞ്ഞിരുന്നു.

നമ്മുടെ ദേവന്മാരുടെ സഹായത്താല്‍ സമ്പത്തും ജീവനും രക്ഷപ്പെട്ടിരിക്കുന്നുവെന്നും ഇനി നിങ്ങള്‍ക്കു തിരികെ പോരാമെന്നും അബൂസുഫ്‌യാന്റെ സന്ദേശം ഖുറൈശി പാളയത്തിലെത്തി. തിരികെ പോകാനാണു ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതും. പക്ഷേ, അബൂജഹ്‌ല്‍ ധാര്‍ഷ്‌ട്യത്തോടെ പ്രഖ്യാപിച്ചു.


"അല്ലാഹുവാണ, ബദ്‌റില്‍ ചെന്നു തിന്നു കുടിച്ചു മദിച്ചു സുഖിച്ചു മൂന്നുനാള്‍ അവിടെ ചെലവഴിക്കാതെ നാം മടങ്ങുന്ന പ്രശ്‌നമേയില്ല. നമ്മുടെ സൈനിക ശക്തി അറബികള്‍ മുഴുവന്‍ കാണട്ടെ. അവര്‍ നമ്മെ കണ്ടു ഭയക്കട്ടെ!"


ഈ വാശിക്കു മുന്നില്‍ അര്‍ദ്ധമനസ്സോടെ ഖുറൈശികള്‍ ബദ്‌ര്‍ ലക്ഷ്യമാക്കി നീങ്ങി.

ഇരുവിഭാഗവും മുഖാമുഖം നില്‍ക്കുകയാണ്‌. ഖുറൈശികള്‍ സര്‍വ്വായുധ സജ്ജരായി അണിനിരന്നു കഴിഞ്ഞു. തന്റെ ബലഹീനരായ സ്വഹാബത്തിനെ നബിയും സ്വഫ്‌ഫ്‌ ഒപ്പിച്ചു നിര്‍ത്തി. ശേഷം അബൂബക്‌റി(റ)നോടൊപ്പം കൂടാരത്തിനകത്തുകയറി ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി അവിടുന്നു പ്രാര്‍ത്ഥിച്ചു.


" അല്ലാഹുവേ, നിന്റെ ദൂതനെ നിരാകരിക്കാന്‍ ഖുറൈശികളിതാ അവരിലെ മുഴുവന്‍ അഹങ്കാരികളെയും കൊണ്ടുവന്നിരിക്കുന്നു! നീ വാഗ്‌ദാനം ചെയ്‌ത സഹായം ഇപ്പോള്‍ എനിക്കുവേണം. അല്ലാഹുവേ, നീ കരാര്‍ പാലിച്ചാലും! വാഗ്‌ദാനം നിറവേറ്റിയാലും! ഈ കൊച്ചു സംഘം ഇവിടെ നശിച്ചു പോയാല്‍ നിന്നെ ആരാധിക്കാന്‍ ഇനിയാരും അവശേഷിക്കുകയില്ല."



പ്രവാചകരുടെ പ്രാര്‍ത്ഥന നീണ്ടുപോയി. അബൂബക്‌ര്‍(റ) സമാധാനിപ്പിച്ചു. 

"അല്ലാഹുവിന്റെ റസൂലേ, മതി! അങ്ങയുടെ നാഥന്‍ അങ്ങയെ കൈവടിയുകയില്ല!".

പ്രാര്‍ത്ഥനക്കു ശേഷം യുദ്ധമുഖത്തെത്തിയ പ്രവാചകര്‍ സ്വഹാബത്തിനെ ഉണര്‍ത്തി. "എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ.അവന്‍ സത്യം! പ്രതിഫലേഛയോടെ, പിന്തിരിയാതെ ഉറച്ചുനിന്നു ശത്രുവിനോടു പോരാടി വീരമൃത്യുവരിക്കുന്ന ആരോ അവനെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. തീര്‍ച്ച." പ്രവാചകരുടെ പ്രഖ്യാപനം സ്വഹാബത്തിന്‌ നവോന്മോഷം പകര്‍ന്നു. എത്രയം വേഗം സ്വര്‍ഗ്ഗത്തിലെത്താന്‍ അവരുടെ ഹൃദയം കൊതിച്ചു. കാരയ്‌ക്ക ചവച്ചു തിന്നുകയായിരുന്ന സ്വഹാബിവര്യന്‍ പറഞ്ഞു:


"ഹാ!ഹാ! എനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഈ കാരക്കയാണോ തടസ്സം!!"


വായിലെ കാരക്ക വലിച്ചെറിഞ്ഞു പടക്കളത്തിലേക്ക്‌ എടുത്തുചാടി അദ്ദേഹം രക്തസാക്ഷിയായി സ്വര്‍ഗ്ഗം പൂകി.

പൊരിഞ്ഞ പോരാട്ടം. അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ടു നിറഞ്ഞു. അല്ലാഹു അവന്റെ മലക്കുകളെ ഇറക്കി പ്രവാചക സൈന്യത്തെ സഹായിച്ചു. യുദ്ധം കൊടുംബിരി കൊള്ളുന്നതിനിടെ പ്രവാചകര്‍ ഒരുപിടി മണ്ണെടുത്തു. "നിങ്ങള്‍ക്കു നാശം" എന്നുരുവിട്ടു ശത്രുക്കള്‍ക്ക്‌ നേരെയെറിഞ്ഞു. ഓരോ ശത്രുഭടന്റെയും കണ്ണുകളില്‍ അതു ചെന്നു പതിച്ചു. അവര്‍ അസ്വസ്ഥരായി. നിമിഷനേരം കൊണ്ട്‌ ഖുറൈശി നേതാക്കളുടെ തലകള്‍ ബദ്‌ര്‍ രണഭൂമിയില്‍ ഒന്നൊന്നായി കടപുഴകിവീണു. ബദ്‌റിലെ റിസല്‍ട്ടു പുറംലോകമറിഞ്ഞു. എഴുപത്‌ മുശ്‌രിക്കുകളെ കശാപ്പ്‌ ചെയ്‌ത ബദ്‌റില്‍ അത്രതന്നെ പേരെ അറസ്റ്റും ചെയ്‌തിരിക്കുന്നു. ശേഷിച്ചവര്‍ എല്ലാം ഉപേക്ഷിച്ചു പ്രാണനും കൊ ണ്ടോടി. മുസ്‌ലിം പക്ഷത്ത്‌ 14 പേര്‍ അന്നു സ്വര്‍ഗ്ഗ ലോകത്തേക്കു യാത്രയായി. ദൈവദൂതര്‍ അവര്‍ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്നു. അല്ലാഹുവിനെ സ്‌തുതിച്ചു. സ്വഹാബത്ത്‌ സന്തോഷത്തിന്‍രെ ദീര്‍ഘശ്വാസം വലിച്ചു. നാഥനു സ്‌ത്രോത്രങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു.


ബദ്‌ര്‍ ഒരു മൈതാനത്തിന്റെ നാമമാണെങ്കിലും അത്‌ സത്യത്തിന്റെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ക്യൂബയിലെ ഗ്വാണ്ടനാമോയിലും ഇറക്കിലെ അബൂഗുറൈബിലും അധിനിവേശ സേനയുടെ പീഢനങ്ങള്‍ക്ക്‌ വിധേയരാകുന്ന പോരാളികള്‍ക്ക്‌ ബദ്‌ര്‍ ആവേശവും ആശ്വാസവും നല്‌കുന്നു. ഈ ദിനം അല്ലാഹുവിനോടുള്ള നന്ദിയുടെ ദിനമാണ്‌. ലോകമെമ്പാടും വിശ്വാസികള്‍ ബദ്‌ര്‍ ദിനം ആഘോഷിക്കുന്നതിതുകൊണ്ടാണ്‌. ബദ്‌രീങ്ങളെ അവരെന്നും പുകഴ്‌ത്തും. ബദ്‌ര്‍ മാലയും ബദ്‌ര്‍ മൗലിദും അവര്‍ ചൊല്ലുന്നു. ചീരണി വിളമ്പി ആ അഹ്ലാദദിനം ആണ്ടുതോറും അനുസ്‌മരിക്കുന്നു. 

ഇവിടെയും സമുദായസംഘത്തില്‍ നിന്ന്‌ ഒറ്റപ്പെടാന്‍ ശ്രമിക്കുകയാണ്‌ വിഡ്‌ഢികളായ വഹാബി പിള്ളേര്‍. ഈയിടെ "കോമു" വിഭാഗം യുവനോതാവ്‌ പുലമ്പിയത്‌ "ബദ്‌ര്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ സംഭവമാണ്‌" എന്ന്‌. ബദ്‌രീങ്ങളെ സ്‌മരിക്കുന്നതില്‍ ശിര്‍ക്കു കാണുന്ന വെളിച്ചത്തിന്റെ ശത്രുക്കള്‍ ഇങ്ങനെ ജല്‍പ്പിക്കുന്നതില്‍ വിശ്വാസികള്‍ക്ക്‌ അത്ഭുതമേയില്ല.

നാഥാ! നിന്റെ അനുഗ്രഹീതരായ ബദ്‌രീങ്ങളോടൊന്നിച്ചു സുഖലോക സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കേണമേ...


ആമീന്‍.

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. 

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.


ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.




സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.


ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.


സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.


അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം. 


ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).


ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.


ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.


ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.


എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും. 


ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.


പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം. 


ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.


ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!. 


മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.


"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).


മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. 


അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.


'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.


ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം! 


ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.


(മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച 'സക്കാത്തു പദ്ധതി' എന്ന പുസ്തകത്തിൽ നിന്നും).