Thursday, March 09, 2017

ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല!

എന്ത്‌ നന്മ ഒരാൾക്ക്‌ ചെയ്ത്‌ കൊടുക്കുമ്പോഴും പല രീതിയിൽ മനുഷ്യർ അതിനെ കാണും. തിരിച്ച്‌ വല്ലതും ലഭിക്കും എന്ന പേരിലാകാം പലപ്പോഴും നമ്മൾ പല ഉപകാരങ്ങളും ചെയ്യുന്നത്‌. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ച്‌ കൊണ്ട്‌ ചെയ്യുന്നതും ഉണ്ടാകും അക്കൂട്ടത്തിൽ. എങ്കിൽ പോലും ഒരിക്കൽ നാമൊരു കാര്യം ചെയ്ത്‌ കൊടുത്ത ഒരു മനുഷ്യനിൽ നിന്നും നമുക്ക്‌ സഹായം നിഷേധിക്കപ്പെട്ടാൽ തീർച്ചയായും അതിന്റെ പേരിൽ നാം വിഷമിക്കുകയും 'അന്ന് ഞാനവന്‌ അത്‌ ചെയ്തു കൊടുത്തിരുന്നു - ഇന്ന് എനിക്ക്‌ ഈയൊരു കാര്യം അവൻ ചെയ്തു തന്നില്ല' എന്ന് പരാതിപ്പെടുകയും ചെയ്യുന്നത് പതിവാണ്.




ആരിൽ നിന്നും എന്ത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കണം എന്ന ഉത്തമമായ ചിന്ത മനസ്സിലുള്ളവർ താൻ ചെയ്യുന്ന ശാരീരികമോ മാനസികമോ, സാമ്പത്തികമോ ആയ എന്ത്‌ സഹകരണങ്ങളും ചെയ്യലോടെ അതിനെ റബ്ബിലേക്ക്‌ ഏൽപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. അതിന്റെ ഭാഗം തന്നെയാണ്‌ 'വലത്‌ കൈ കൊണ്ട്‌ കൊടുത്തത്‌ ഇടത്‌ കൈ അറിയാതിരിക്കുക ' എന്നതും. തിരിച്ച്‌ പ്രതീക്ഷിക്കാതിരിക്കുക എന്നത്‌ ചെയ്യുന്ന കാര്യത്തിന്റെ പൂർണ്ണതയെ പോലും ബാധിക്കുമെന്നതാണ്‌ ശരി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പിറന്ന നാടും വിട്ട്‌ മദീനയിലേക്ക്‌ വന്ന മുഹാജിറുകളിൽ പലരും പിൽക്കാലത്ത്‌ അൻസ്വാറുകളേക്കാൾ സാമ്പത്തിക ശേഷിയുള്ളവരായി മാറിയത്‌ തിരിച്ച്‌ പ്രതീക്ഷിക്കാതെയുള്ള അൻസ്വാറുകളുടെ സഹകരണത്തിന്റെ തന്നെ പ്രതിഫലനമായിരുന്നു.


ഇറാഖിലെ പ്രവിശ്യാ ഭരണാധികാരി, ഖലീഫ അലി (റ) വിൽ നിന്നും ഒരു കാര്യം നേടാൻ വേണ്ടി ഹസ്രത്ത്‌ അബ്ദുല്ലാഹ്‌ ഇബ്നു ജഅഫർ (റ) വിനോട്‌ സഹായം അഭ്യർത്ഥിച്ചു. മഹാൻ അലി(റ) വിനോട്‌ ആ കാര്യം സൂചിപ്പിക്കുകയും ഫലമായി കാര്യം സമ്മതിച്ചു കിട്ടുകയും ചെയ്തു. ഉപകാരസ്മരണയായി ഭരണാധികാരി നാൽപ്പതിനായിരം ദിർഹം അബ്ദുല്ലാഹ്‌ തങ്ങൾക്ക്‌ കൊടുത്തയച്ചു. ആ പണം അതേപടി തിരിച്ചയച്ച്‌ കൊണ്ട്‌ മഹാൻ അധികാരിയെ അറിയിച്ചു:


"ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല".!!


വല്ലതും തിരിച്ച്‌ ലഭിക്കണം എന്ന് പ്രതീക്ഷിക്കാതിരിക്കുക മാത്രമല്ല തിരിച്ച്‌ ലഭിക്കുന്നത്‌ ചെയ്ത നന്മയെ നശിപ്പിച്ചേക്കുമോ എന്ന ഭയവുമായിരുന്നു അവരെ നയിച്ചത്‌. ഞാൻ ചെയ്തത്‌ കൊണ്ട്‌ എനിക്കെന്ത്‌ നേട്ടം ലഭിച്ചു എന്ന് ആലോചിക്കുന്നതിനേക്കാൾ അത്‌ കൊണ്ട്‌ അല്ലാഹുവിൽ എനിക്ക്‌ വല്ലതും ലഭിക്കുമോ എന്നതിനെ പറ്റി വേവലാതി കൊള്ളുന്നതാണ്‌ സത്യവിശ്വാസിക്ക്‌ ഭൂഷണം. വിശ്വാസിയുടെ ആ നിലയും കടന്ന് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുമോ എന്നതിനേക്കാളും ഉത്തമമായതും അത്യുന്നതമായ ചിന്തയാണ് സൽക്കർമ്മങ്ങളെല്ലാം സ്രഷ്ടാവായ നാഥന്റെ തൃപ്തിയും പൊരുത്തവും ലഭ്യമാകാൻ മാത്രം ചെയ്യുകയെന്നത്. 




ഒഴുക്കുന്ന രക്തമോ ദാനമായി കൊടുക്കുന്ന മാംസമോ അല്ല അതിനൊക്കെ പിന്നിലെ നിങ്ങളുടെ മനസ്സിലെ ഉദ്ദേശ്യ ശുദ്ധിയായ തഖ്'വായാണ് ദൈവിക സമക്ഷത്തിൽ ഉപകാരപ്രദമായി എത്തുകയെന്ന ആഹ്വാനം നമ്മൾ ആർക്കെന്ത് സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അതിന്റെ പേരിൽ ലഭിച്ച ആളുകളിൽ നിന്നും തിരിച്ചു കിട്ടുന്ന പ്രത്യുപകാരങ്ങളോ നന്ദിവാക്കുകളോ അതുകൊണ്ട് അവരെടുക്കുന്ന ഉപകാരങ്ങളോ നോക്കിയല്ല അല്ലാഹു അതിനെ സ്വീകരിക്കുന്നതെന്നും മറിച്ച് ഏതൊരു കർമ്മത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുകയും പരിഗണിക്കുകയും ചെയ്യുകയെന്ന തഖ്'വയാണ് പ്രധാനമെന്നുമുള്ള കൃത്യമായ അവബോധം നൽകുന്നുണ്ട്. കഅബയുടെ സമീപത്ത് നേർച്ചയും അറവുമൊക്കെ ജാഹിലിയ്യത്തിലും നടന്നിരുന്നു, ഏക ഇലാഹായ നാഥനിലേക്ക് ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ലെന്നതിനാൽ തന്നെ അതൊന്നും ഉപകരിക്കുന്നതായി റബ്ബിലേക്ക് എത്തുന്നതുമല്ലല്ലോ.


ആർക്കെങ്കിലും വല്ല നന്മയും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ആ പ്രവൃത്തിയുടെ പിന്നിലുള്ള നിയ്യത്ത് ശുദ്ധവും ഖാലിസുമായി റബ്ബിനെ മാത്രം ഉദ്ദേശിച്ചാവുക എന്നത്. കാരണം ഇലാഹീ പ്രീതിക്കായി ആ നല്ല കർമ്മത്തിലേക്ക് മനസ്സിനെ മെരുക്കി ഒരുക്കിയവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആ സദുദ്ദേശ്യത്തിന്റെ പേരിൽ നാഥൻ പ്രതിഫലം നൽകുക തന്നെ ചെയ്യും. ജിഹാദിലേക്ക് മോഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കഴിയാതെ മദീനത്ത് തന്നെയായിപ്പോയ സ്വഹാബികളെക്കുറിച്ച് സമരമുഖത്തേക്ക് പോകുമ്പോൾ ആദരവായി നബിതങ്ങൾ(സ്വ) പുകഴ്ത്തിയതും അവരിലെ സൽക്കർമ്മത്തിലേക്ക് ഉദ്ദേശ്യമുണ്ടായിട്ടും ചെയ്യാൻ കഴിയാത്തവർക്ക് സുവാർത്തയറിയിച്ചതാണ്. നേരെ തിരിച്ച് എത്ര നല്ല നല്ല സഹായങ്ങൾ ആർക്ക് ചെയ്തു കൊടുത്താലും നിയ്യത്ത് ശുദ്ധമല്ലെങ്കിൽ റബ്ബിന്റെ തൃപ്തിക്ക് പകരം അവന്റെ ദേഷ്യവും ശിക്ഷയും തന്നെ ലഭിക്കിച്ചേക്കാം.


നിസ്വാർത്ഥതയും സദുദ്ദേശ്യവും ഇലാഹീ സാമീപ്യവും ലക്ഷ്യമില്ലാതെ പോകുന്ന കർമ്മങ്ങൾ കൃഷിഭൂമിയിൽ വളരുന്ന കളകൾ കണക്കെ ഉപയോഗശൂന്യവും വിളവ് തരാൻ വിതച്ച വിത്തുകളെ പോലും നശിപ്പിക്കാൻ ഉതകുന്നതുമാണ്. ഏവരും എല്ലാ പ്രവർത്തനങ്ങളാലും എന്തുദ്ദേശിക്കുന്നോ അതാണ് ലഭിക്കുകയെന്നറിയാവുന്ന നമുക്ക് അവന്റെ തൃപ്തിയേക്കാൾ വലുതായതൊന്നും ലഭിക്കാനേ ഇല്ലല്ലോ...

Saturday, March 04, 2017

നാസർ കൂടത്തായിയുടെ മറപിടിക്ക് മറുപടി

"മഹല്ലുകൾ ശിഥിലമാകരുത്" എന്ന പ്രമേയത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കാലികവും കൃത്യവുമായ ദ്വൈമാസ കാമ്പെയ്‌നും അത് കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ കൊണ്ടപ്പോൾ ചിലരുടെ ഉത്തരം മുട്ടിയാലുള്ള കൊഞ്ഞനം കുത്തലും മറുപടി ഇല്ലാതാകുമ്പോഴുള്ള അവസാന വഴിയായ കുപ്രചരണങ്ങളും അധിക്ഷേപങ്ങളും തെറിവിളികളും എമ്പാടും നടക്കുന്നു ഓൺലൈനിലും ഓഫ്'ലൈനിലും. 



കൂട്ടത്തിൽ സമസ്തക്കാരല്ലാത്തവരെ തെറിവിളിക്കുന്നതിൽ ഗവേഷണപരമായ കഴിവുണ്ടെന്ന് തെളിയിച്ച കൂടത്തായിക്കാരൻ ഫൈസിയുടേതായി മറുപടി എന്ന പേരിൽ മറപിടി എന്നുപോലും വിളിക്കാൻ കഴിയാത്ത ഒരു കുറിപ്പ് ശ്രദ്ധയിൽ പെട്ടു. സംഗതി മൂപ്പിലാൻ എഴുതിയതാകാൻ ഒരു സാധ്യതയുമില്ല - കാരണം സാഹിബിന്റെ ഐഡന്റിറ്റിയുടെ ഭാഗമായ തെറികൾ അധികമൊന്നും അതിൽ കാണുന്നില്ല. അത് പോട്ടെ, വിഷയത്തിലേക്ക് കടക്കാം. പത്ത് നമ്പറിട്ട് കൂടത്തായി എഴുതിയതിന് അതെ നമ്പറിൽ മറുപടി:

1) 'സമസ്ത' എന്ന പേര് ആരുടേതാണ് എന്ന തർക്കത്തിൽ ഞങ്ങൾ ഇടപെടേണ്ടതില്ലല്ലോ, 1967 വരെയുള്ളത് സമസ്തയും ശേഷമുള്ളത് ആധുനിക സമസ്തയുമാണ് എന്ന് സമസ്തയുടെ സ്ഥാപകരായ 40 പേരിൽ ഒരാളും അവിഭക്ത സമസ്തയുടെ അവസാന പ്രസിഡണ്ടുമായ താജുൽ ഉലമാ സ്വദഖത്തുല്ലാഹ് മുസ്ലിയാർ(ന:മ:) പറഞ്ഞത് ഓർമ്മയിരിക്കട്ടെ. ആ ആധുനിക സമസ്തയുടെ അവകാശം ആർക്കായാലും ഞങ്ങൾക്ക് സമമാണ്. സിറാജിൽ ലേഖനം എഴുതിയത് കൊണ്ട് മൗലാന നജീബ് ഉസ്താദ് APക്കാരുടെ മെഗാഫോണോ ലൗഡ്സ്പീക്കറോ ആയി എന്ന് പറയുന്നതൊക്കെ മേലെപ്പറഞ്ഞ ഉത്തരം മുട്ടിയതിന്റെ കൊഞ്ഞനം കുത്തലാണ്.

89 ഇൽ എല്ലായിടത്തും മഹല്ലുകളിൽ പ്രശ്നമുണ്ടായപ്പോൾ മഹല്ലുകൾ എല്ലാവരുടേതുമായി ഇക്കാലം വരെ നടന്നത് പോലെ നടക്കണം എന്ന് പറഞ്ഞു കൊണ്ട് 'പീസ് കാമ്പെയ്ൻ' എന്ന പേരിൽ ഇതേ മൗലാന ജനറൽ സെക്രട്ടറി ആയിരുന്ന SYF നടത്തിയ കാമ്പെയ്ൻ AP ക്കാർക്ക് കൊണ്ടപ്പോൾ അവർ പറഞ്ഞതും ഇത് തന്നെ. സംസ്ഥാനക്കാർ ലീഗിനും EK ക്കാർക്കും വേണ്ടി സംസാരിക്കുന്നു എന്നും അവരാണ് സംസ്ഥാനക്കാരെ സ്പോൺസർ ചെയ്യുന്നതെന്നുമൊക്കെ. ഇന്നും മഹല്ലുകൾ സംഘടനാവൽക്കരിക്കാതെ സമുദായത്തിന്റെ പൊതു ഐക്യത്തിന്റെ കേന്ദ്രമായി നിലനിൽക്കണം എന്ന് പറഞ്ഞപ്പോൾ കൊണ്ടത് EKക്കാർക്ക് - അവരിപ്പോൾ പറയുന്നത് സംസ്ഥാനക്കാർ AP ക്കാർക്ക് വേണ്ടി അവർ സ്പോൺസർ ചെയ്താണ് സംസാരിക്കുന്നത് എന്ന്. അഥവാ APക്കാരുടെ അന്യായത്തിനെതിരെ പ്രതികരിക്കുമ്പോൾ സംസ്ഥാനക്കാർ EKക്കാരുടെ ആളെന്ന് APക്കാരും EKക്കാരുടെ അന്യായത്തിനെതിരെ പ്രതികരിക്കുമ്പോൾ APക്കാരുടെ ആളെന്ന് EKക്കാരും പറയുന്നു - ഞങ്ങൾക്കാണെങ്കിൽ ഹഖിനോട് മാത്രമാണ് കൂർ.


2) മൗലവിക്ക് മാത്രം തിരിയും എന്ന് മൗലവിക്ക് തോന്നിയിട്ടില്ല, സംസ്ഥാനക്കാർക്കും. മൗലവിക്ക് മാത്രം തിരിയും എന്ന് മൗലവി പറയാത്തത് നിങ്ങൾ ഇടയ്ക്കിടെ പറയുന്നത് കൊണ്ട് ഞങ്ങൾക്ക് മനസ്സിലാകുന്നത് കാര്യങ്ങൾ മൗലവിക്ക് മാത്രമാണ് കൃത്യമായി മനസ്സിലാകുക എന്ന് നിങ്ങൾക്ക് തോന്നുന്നു എന്നാണ്, അതിന് ഞങ്ങൾ ഉത്തരവാദിയല്ല. ഭരണസമിതി ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല എന്നത് കാമ്പെയ്ൻ വിഷയങ്ങൾ അറിഞ്ഞ ജനങ്ങളിൽ SK യുടെ പ്രവർത്തകർ പോലും 'ഇങ്ങനെ ഒക്കെ ഉണ്ടോ' എന്ന് ചോദിക്കുന്നത് കണ്ട ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. മഹല്ല് ഭരണസമിതി സമസ്തയുടെ കീഴിൽ രെജിസ്റ്റർ ചെയ്യും മുമ്പ് അതിന്റെ നിയമനിബന്ധനകൾ നന്നായി പഠിക്കണം എന്നും വെറുതെ സമസ്തക്കാർ പറയുന്നിടത്തൊക്കെ ഒപ്പിട്ടു കൊടുക്കുന്ന പ്രകൃതം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നും ജനത്തെ ബൊധീകരിച്ചപ്പോൾ ഗൂഢമായി മഹല്ലുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞതിലെ വെപ്രാളമാണ്.


3) മദ്രസ്സകൾ സമസ്തയുടെ ബോർഡിൽ സിലബസ് പഠിപ്പിക്കാൻ രെജിസ്റ്റർ ചെയ്യുന്നതിന് ആരും എതിർപ്പ് പറഞ്ഞിട്ടില്ല, കളവ് പറയൽ നിങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗമാണല്ലോ. നാട്ടുകാർ നടത്തുന്ന മദ്രസകളിൽ സമസ്തക്കാർ അല്ലാത്തവർക്ക് പഠിപ്പിക്കാൻ അവകാശമില്ല എന്നും പഠിപ്പിക്കുന്ന മുഅല്ലിമുകൾ സമസ്തക്കാർ അല്ലെങ്കിൽ അവർക്ക് യാതൊരു ആനുകൂല്യവും നൽകില്ല, അവരുടെ സർവ്വീസ് രെജിസ്റ്റർ പോലും നൽകില്ല എന്ന അന്യായമായ തീരുമാനങ്ങളെ ആണ് ചോദ്യം ചെയ്തത്. പുത്തൻവാദികൾ കയറിക്കൂടി കയ്യേറ്റം ചെയ്യാതിരിക്കാൻ വേണ്ടി മറ്റു സംഘങ്ങൾ ഇല്ലാതിരുന്ന കാലത്ത് 'സമസ്തയുടെ ആശയപ്രകാരം നടക്കണം' എന്നതിന്റെ അർഥം സുന്നികൾ തമ്മിൽ ഭിന്നാഭിപ്രായമില്ലാത്തതും ബിദ്അത്തുകാരുമായി ഭിന്നാഭിപ്രായം ഉള്ളതുമായ വിഷയങ്ങളിൽ സുന്നീ ആശയപ്രകാരം നടക്കണം എന്നാണ്. അല്ലാതെ അത് സമസ്ത എന്ന സംഘടനക്ക് തീറെഴുതിയതല്ല എന്ന് മനസ്സിലാക്കാൻ കോമ്മൺ സെൻസ് മതി.


സംഘടനയുടെ സ്ഥാപനമായി അറിയപ്പെട്ടതോ അതിന്റെ കീഴിലായി തന്നെ ഉണ്ടാക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളെ പറ്റി ചർച്ചയില്ല. ചെമ്മാട് ദാറുൽ ഹുദയോ ജാമിഅ നൂരിയ്യയോ നന്തി ദാറുസ്സലാമോ എന്താണിങ്ങനെ നടത്തുന്നത് എന്ന് ആരും ചോദിച്ചിട്ടില്ല. നാട്ടുകാരുടെ പൊതുസ്വത്തായ മഹല്ല്, പള്ളി, മദ്രസ്സാ സംവിധാനങ്ങൾ നാട്ടുകാരുടെ തന്നെയായി നിലനിൽക്കണം എന്നാണ് കാമ്പെയ്ൻ പറഞ്ഞത്. ഇയാൾ പറയുന്നത് 'സമസ്തയുടെ ആളുകൾ പിരിവെടുത്താണ്' മദ്രസ്സകളും പള്ളികളുമൊക്കെ ഉണ്ടാക്കിയത് എന്നാണ്!. പൊതുജനം കഴുതയാണെന്നാണോ ഇയാൾ കരുതുന്നത്? ഓരോ മഹല്ലിലും മദ്രസ്സകൾ ഉണ്ടാക്കുന്നതും സംവിധാനിച്ചു കൊണ്ട് പോകുന്നതും മഹല്ലിലെ എല്ലാ സംഘടനക്കാരും സംഘടന ഇല്ലാത്തവരുമെല്ലാം ഒന്നിച്ചാണ്. നാട്ടുകാർ മദ്രസ്സ രെജിസ്റ്റർ ചെയ്യുന്നത് എല്ലായിടത്തും ഉള്ള പോലെയുള്ള സിലബസ് നടത്താനാണ്, അല്ലാതെ സമസ്തക്ക് തീറെഴുതുന്നതല്ല. നാട്ടുകാർക്ക് കാര്യങ്ങൾ വിശദമാക്കി കൊടുക്കുന്നതിനു ഇവർക്ക് എന്തിനാണ് പ്രയാസം? ഉള്ളതല്ലേ പറയുന്നുള്ളൂ, ആ ഉള്ളത് ജനം അറിയുന്നതിൽ ബുദ്ധിമുട്ട് തോന്നുന്നതിൽ എന്തോ ഇല്ലേ?!


4) മഹല്ല് രെജിസ്റ്റർ ചെയ്യാൻ മാതൃകാ നിയമാവലി എന്തിനാണ് ചോദിക്കുകയല്ല കാമ്പെയ്ൻ ചെയ്തത്, മറിച്ച് മഹല്ല് ഒരു സംഘടനയിലും രെജിസ്റ്റർ ചെയ്യാതെ തന്നെ സമുദായത്തിന്റെ ഐക്യത്തിന്റെ കേന്ദ്രമായി നിലനിൽക്കണം എന്നാണ്. സമസ്ത ചെയ്യുന്നത് രെജിസ്റ്റർ ചെയ്യാൻ കൊടുക്കുന്ന മാതൃകാ നിയമപ്രകാരം രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ നിയമാവലിയിൽ ഉള്ളത് പ്രകാരം മഹല്ലിലെ ജനറൽ ബോഡിയിൽ പോലും സമസ്തക്കാർ മാത്രമേ പാടുള്ളൂ എന്നും നടപ്പാക്കുകയാണ്. ഇത് കാരണം മഹല്ലുകളിൽ അടിപിടി ഉണ്ടാകുന്നു/ഉണ്ടാകും എന്നും അതുവഴി മഹല്ലുകൾ ശിഥിലമാകുമെന്നും. ബിദ്അത്തുകാർ പിടിച്ചെടുക്കുന്നതിനെ പ്രതിരോധിക്കാൻ വേണ്ടി രെജിസ്റ്റർ ചെയ്യുമ്പോൾ ചേർക്കുന്ന "ആശയങ്ങൾ സമസ്തയുടേത് ആകണം" എന്നത് EK സമസ്ത എന്ന സംഘടന എന്ന അർത്ഥത്തിലല്ല സുന്നി എന്ന ആശയത്തിന്റെ അർത്ഥത്തിലാണ് എന്ന് ആർക്കാണ് അറിയാത്തത്? അല്ലെങ്കിൽ EK സമസ്തക്കാർ മാത്രമാണ് സുന്നികൾ, മറ്റു മൂന്നു സംഘടനയും സുന്നികളല്ല എന്നാണോ ഇവരുടെ വാദം എന്ന് വ്യക്തമാക്കട്ടെ.


ആശയം രെജിസ്റ്റർ ചെയ്യുന്നതിന്റെ മറവിൽ മറ്റു സംഘടനകളെ അടിച്ചമർത്തി മഹല്ലുകൾ സ്വന്തമാക്കാനുള്ള ഗൂഢതന്ത്രമാണ് തുറന്നു കാട്ടപ്പെട്ടത്. അതിന് ചൂടായായിട്ടെന്ത്?!. ശംസുൽ ഉലമാ കീഴന ഓറും(ന:മ) ഓറുടെ അണികളും നാട്ടിൽ ഇക്കാലമത്രയും നടന്ന പോലെ ഭിന്നിക്കാതെ മഹല്ലുകൾ നടന്നുപോകാൻ ആഗ്രഹിക്കുന്നവരാണ്. ഓറുടെ കാലത്തില്ലാത്ത സംഘടനാവൽക്കരണം സമസ്ത തുടങ്ങിയപ്പോൾ ഓർക്ക് വേണ്ടി തന്നെ സംഘം പ്രതികരിക്കുന്നു, സമസ്തയുടെ നയവൈകല്യങ്ങൾ എക്കാലവും ഓർ തുറന്നു കാട്ടിയിട്ടുണ്ട്. ഓർ വഫാതായപ്പോൾ ഓർ ഏൽപ്പിച്ചവരും.

5) ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നയങ്ങൾക്ക് ഉദാഹരണമായി തികച്ചും ഭൗതികമായ സംവിധാനങ്ങളെ കാണിക്കുന്ന ഇയാളൊക്കെ ആ സംഘത്തിന് ഭാരമാണ്. ഉപ്പയെയും ഉപ്പാപ്പയെയും പഠിപ്പിച്ച ഉസ്താദ് മുഅല്ലിം ക്ഷേമനിധിയിൽ നിന്നും വല്ല സഹായവും ലഭിക്കാൻ MSRന് വേണ്ടി SK കുട്ടിയെ തേടി നടക്കണം, സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളല്ലെങ്കിൽ അദ്ദേഹത്തിന് അവൻ ഒപ്പിട്ടു കൊടുക്കില്ല! പലവട്ടം ആ വയസ്സുള്ള ഉസ്താദ് പുറകിൽ നടന്നാലും കൊടുക്കില്ല. അല്ല സാഹിബേ, ഒപ്പിട്ടു കൊടുക്കുന്നതിന്റെ നിയമവശം ആരും ചോദിച്ചില്ല - മറിച്ച് ദീനിന്റെ ഏറ്റവും വലിയ അടിസ്ഥാനങ്ങളിൽ ഒന്നായ അദബ് എന്ന ഒന്ന് നിങ്ങൾക്ക് ബാധകമല്ലേ?! വല്യാപ്പാനെ പഠിപ്പിച്ച ഉസ്താദിന് ഒപ്പ് വാങ്ങാൻ ചെറുമകന്റെ പ്രായമുള്ള കുട്ടിയുടെ പുറകിൽ നടക്കുന്നത് ഒന്നാം ക്ലാസ്സിൽ മദ്രസ്സയിൽ പഠിച്ച അദബ് എന്നതുമായി നിങ്ങൾ എങ്ങനെ കൂട്ടിവായിക്കും! അദബോക്കെ പഠിപ്പിക്കാൻ മാത്രമാണോ? SKക്കാർക്ക് ഇതൊന്നും ബാധകമല്ലേ?


ഓഫീസറുടെ ഉദാഹരവും ഇയാൾക്കെതിരാണ്, ദുരിതാശ്വാസ ഫണ്ട് ലഭിക്കാൻ അർഹത ഉള്ളയാൾ ഒപ്പിട്ടു കൊടുക്കാൻ വേണ്ടി ഓഫീസറുടെ അടുക്കൽ പോയാൽ ഭരിക്കുന്ന പാർട്ടിയായ CPMന്റെ അനുയായികൾക്ക് വേണ്ടി മാത്രമേ ഒപ്പിട്ടു നൽകൂ എന്ന് പറഞ്ഞാൽ എന്താകും കഥ! അതല്ലേ ഇക്കൂട്ടർ ചെയ്യുന്നത്? സിലബസ് സമസ്തയുടേതാണ് എന്നതിനാൽ ഒപ്പിട്ടു കൊടുക്കുക സമസ്തക്കാര്ക്ക് മാത്രം! അവകാശി ആണെങ്കിൽ പോലും ഒപ്പിട്ടു കൊടുക്കില്ല.


6) സർക്കാർ സ്ഥാപനം പോലെയാണ് സമസ്തയുടെ സിലബസ് പഠിപ്പിക്കുന്ന മദ്രസ്സകൾ എന്നതൊക്കെ ജനത്തോട് ഒന്ന് പറയണം കമ്മിറ്റികളിൽ പോയി, അപ്പോൾ അവർ പറഞ്ഞു തരും ബാക്കി. ഇനി വാദത്തിനു അങ്ങനെ എടുത്താൽ തന്നെ അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിപ്പിക്കണം എങ്കിൽ ആ അധ്യാപകർ ഭരിക്കുന്ന സർക്കാറിലേ പ്രധാന പാർട്ടിയായ CPM ഇൽ മെമ്പർഷിപ്പ് ഉള്ളവർ മാത്രമായിരിക്കണം എന്നോ അങ്ങനത്തെ സ്ഥാപനങ്ങളിൽ സർക്കാർ നൽകുന്ന ആനുകൂല്യം വല്ലതും നൽകണമെങ്കിൽ DYFI ക്കാരന്റെ സാക്ഷ്യപത്രം വേണം, കമ്മിറ്റികളിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമേ പാടുള്ളൂ എന്നും പറഞ്ഞാൽ എങ്ങനെ ഉണ്ടാകും കഥ! പരിഹാസ്യമായ സമീപനം ആരുടേതാണ് എന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ.


7) സ്ഥാപനം ഉണ്ടാക്കുന്നത് നാട്ടിലെ സമസ്തക്കാർ മാത്രമാണ് എന്ന് ജനങ്ങളോട് പറഞ്ഞാൽ അവർ പുച്ഛിച്ചു തള്ളും, എല്ലായിടത്തും മദ്രസ്സയും പള്ളിയും ഉണ്ടാക്കിയത് സംഘടനാ വ്യത്യാസമില്ലാതെ നാട്ടുകാർ എല്ലാവരും കാശെടുത്താണ്. മദ്രസ്സകളും പള്ളികളും നടത്തുന്നത് മഹല്ലിലെ എല്ലാ സംഘടനക്കാരും സംഘടന ഇല്ലാത്തവരും ഒരുപോലെ കീശയിൽ നിന്നും കാശെടുത്താണ്. അത്തരം സ്ഥാപനങ്ങൾ സമസ്തക്കാരുടേത് മാത്രമായി കമ്മിറ്റിയിൽ പോലും മറ്റാർക്കും മെമ്പർഷിപ്പില്ലാത്ത വണ്ണം കയ്യേറുന്ന നിയമങ്ങൾ സഹിതം രെജിസ്റ്റർ ചെയ്യുന്നത് അക്രമവും അന്യായവുമാണ്. സമസ്തക്കാർ മാത്രം കാശ് കൊടുത്താൽ മതി ഇനിമുതൽ മദ്രസ്സയിൽ ശമ്പളം കൊടുക്കാൻ എന്ന് സർക്കുലർ ഇറക്കാൻ സമസ്തക്കാർക്ക് ധൈര്യമുണ്ടെങ്കിൽ അത് കാണട്ടെ.


8) മഹല്ലുകളിലെ ഐക്യവും സാഹോദര്യവും സംഘടനയുടെ പേരും പറഞ്ഞു തകർക്കുന്നതിനെ പറ്റി പറയുന്ന കാമ്പെയ്‌നിൽ പുതിയ സംവിധാനം കണ്ടെത്താനാണ് പറയുക, പ്രശ്നങ്ങൾ ഇല്ലാത്ത വിധം നടന്നു പോയിരുന്ന മഹല്ല് സംവിധാനങ്ങൾ അപ്പടി നിലനിർത്തി എല്ലാവര്ക്കും പ്രാതിനിധ്യം നൽകി അതാത് നാട്ടുകാർ നടത്തിക്കൊണ്ടു പോകുകയാണ്. സംഘടനയിൽ രെജിസ്റ്റർ ചെയ്യുന്നതോടെ മഹല്ല് സംവിധാനത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട് നോക്കുകുത്തിയാകുകയാണ്. കോഴിക്കോട് ഓഫീസിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം തുറക്കുകയും അടക്കുകയും ചെയ്യേണ്ട അവസ്ഥയാണ് പൂട്ടിയിടപ്പെട്ട പള്ളികളിൽ ഉള്ളത്. ഇതൊക്കെ മാറി മഹല്ലിലെ ജനങ്ങൾ ഏകോപിച്ച് സംഘടനാ പ്രശ്നങ്ങൾ മാറ്റിവെച്ച് കമ്മിറ്റികൾ ഉണ്ടാക്കി ഭരണം നടത്തുന്ന പഴയകാല വഴക്കം തന്നെ നിലനിൽക്കണം എന്ന് പറയുന്നത് മഹല്ലുകൾ ശിഥിലമാകാതിരിക്കാനുള്ള മുൻകരുതലാണ്.


9) സംസ്ഥാന രൂപപ്പെട്ട കാലം മുതൽ ഇന്നോളം സമസ്തയുടെ നയവൈകല്യങ്ങൾക്ക് എതിരെ അപ്പപ്പോൾ പ്രതികരിച്ചിട്ടുണ്ട്. 89 ഇൽ എല്ലായിടത്തും പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മഹല്ലുകൾ ഇതുവരെ പോയ പോലെ നടക്കണം എന്ന് പറഞ്ഞു 'പീസ് കാമ്പെയ്ൻ' നടത്തിയ സംസ്ഥാനക്കാർ അന്നത്തേതിന് സമാനരീതിയിൽ പള്ളികൾ പൂട്ടുന്ന രീതിയിൽ പ്രശ്നങ്ങൾ ഇരുവിഭാഗവും തമ്മിൽ ഈയടുത്തായി കൂടുതലായി തുടങ്ങിയപ്പോൾ അതിന്റെ മൂലകാരണമായ EK സമസ്തയുടെ മഹല്ല്, പള്ളി, മദ്രസ്സ തലങ്ങളിലെ സംഘടനാ വൽക്കരണത്തിന് എതിരെ സംസാരിക്കൽ അനിവാര്യമാണെന്നും അല്ലെങ്കിൽ എല്ലായിടത്തും പ്രശനങ്ങൾ കൂടുതലാകുകയും മഹല്ലുകൾ ശിഥിലമാകുകയും ചെയ്യും എന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ കാമ്പെയ്ൻ നടത്തി. ആവശ്യത്തിനനുസരിച്ചാന്ന് സംസ്ഥാനക്കാർ ഇടപെടുക. അനാവശ്യമായി പരസ്പരം ചെളിവാരി എറിയാൻ സ്റ്റേജ് കെട്ടുന്ന പരിപാടി സംസ്ഥാനക്കാർക്കില്ല.


10) നല്ല തമാശയാണ് മൂപ്പിലാൻ എഴുതി വിട്ടത്. വന്ദ്യരായ മൗലാനാ രാമന്തളി തങ്ങൾ(ന:മ:) വഫാത്താകുന്നത് വരെ കാത്തിരുന്നത്രെ! ഡിസംബർ 27ന് ജംഇയ്യത്തിന്റെ സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ കാമ്പെയ്ൻ പ്രഖ്യാപിച്ച അന്ന് അരമണിക്കൂറോളം സംസാരിച്ചത് ബഹു: തങ്ങളാണ്. സംസ്ഥാന എന്ന പ്രസ്ഥാനത്തിന്റെ ഹഖിനോടുള്ള കൂർ വ്യക്തമാക്കി ഹിമ്മത്തോടെ എന്നത്തേയും പോലെ സംസാരിച്ചാണ് അവിടുന്ന് പോയത്. കൊടുവള്ളിയിൽ നടക്കാനിരുന്ന പരിപാടിയിൽ അവിടുന്ന് പങ്കെടുക്കാൻ വേണ്ടി നോട്ടീസ് വരെ അടിച്ചതുതുമായിരുന്നു. മഞ്ചേരി നടന്നതും സമസ്തക്കാർ ഇപ്പോൾ ക്ലിപ്പിട്ടു പ്രസംഗിക്കുന്നതുമായ മൗലാനായുടെ പ്രഭാഷണം നടന്നത് ജനുവരി 2നാണ്. അവിടുന്ന് വഫാത്തായത് ഫെബ്രുവരി 1നും!. മൗലാന വിഷയം വ്യക്തമാക്കി പ്രസംഗിച്ചു ഒരുമാസം കഴിഞ്ഞാണ് അവിടുന്ന് പിരിഞ്ഞത്. അവിടുന്ന് ജനറൽ സെക്രട്ടറി ആയ മുശാവറ ദീർഘമായ ചർച്ചകൾക്ക് ശേഷം തന്നെയാണ് ഈയൊരു കാമ്പെയ്ൻ നടത്താൻ തീരുമാനിച്ചത്.


ജംഇയ്യത്തിന്റെ സെക്രട്ടറിയും ശംസുൽ ഉലമാ കീഴന ഓറുടെ(ന:മ:) ശേഷം നാദാപുരം മുദരിസുമായ കെ.കെ കുഞ്ഞാലി ഉസ്താദ് മുതലക്കുളത്ത് പറഞ്ഞത് പോലെ നജീബ് ഉസ്താദിലൂടെ ജംഇയ്യത്തുൽ ഉലമ പറഞ്ഞ വിഷയങ്ങൾക്ക് മറുപടി പറയാൻ കഴിയാതായപ്പോൾ കുപ്രചരണം നടത്തുന്നു എന്ന് മാത്രം. ആകെക്കൂടി സംസ്ഥാനയുടെ കാമ്പെയ്ൻ കൃത്യമായി മർമ്മത്തിൽ തറച്ചു എന്നും അതിന്റെ പേരിലുള്ള പിടയലാണ് ഇക്കാണുന്നതൊക്കെ എന്നുമാണ് വ്യക്തമാകുന്നത്. ആൾ കുറഞ്ഞാലും സമ്പത്തും സൗകര്യവും കുറഞ്ഞാലും ന്യായത്തിനും ഹഖിനും വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദത്തെ അല്ലാഹു സഹായിക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം!. 

മഹല്ലുകൾ മുസ്ലിം സമുദായത്തിൽ ബാക്കി നിൽക്കുന്ന ചുരുക്കം ഐക്യത്തിന്റെ കേന്ദ്രമാണ്, അതിനെക്കൂടി സംഘടനാ വൽക്കരിച്ചു പിടിച്ചെടുക്കാൻ നോക്കുന്നത് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ഐക്യത്തിനും സമുദായ നന്മക്കും വേണ്ടി സംസാരിക്കുന്ന മൗലാനയെ പോലുള്ള ഉഖ്‌റവിയ്യായ ആലിമീങ്ങളെ തെറിവിളിക്കുന്ന സംഘടനാ സംസ്ക്കാരമാണ് ഇവർ വളർത്തുന്നത് എന്ന് സമൂഹം മനസ്സിലാക്കുന്നുണ്ടല്ലോ...