Thursday, March 09, 2017

ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല!

എന്ത്‌ നന്മ ഒരാൾക്ക്‌ ചെയ്ത്‌ കൊടുക്കുമ്പോഴും പല രീതിയിൽ മനുഷ്യർ അതിനെ കാണും. തിരിച്ച്‌ വല്ലതും ലഭിക്കും എന്ന പേരിലാകാം പലപ്പോഴും നമ്മൾ പല ഉപകാരങ്ങളും ചെയ്യുന്നത്‌. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ച്‌ കൊണ്ട്‌ ചെയ്യുന്നതും ഉണ്ടാകും അക്കൂട്ടത്തിൽ. എങ്കിൽ പോലും ഒരിക്കൽ നാമൊരു കാര്യം ചെയ്ത്‌ കൊടുത്ത ഒരു മനുഷ്യനിൽ നിന്നും നമുക്ക്‌ സഹായം നിഷേധിക്കപ്പെട്ടാൽ തീർച്ചയായും അതിന്റെ പേരിൽ നാം വിഷമിക്കുകയും 'അന്ന് ഞാനവന്‌ അത്‌ ചെയ്തു കൊടുത്തിരുന്നു - ഇന്ന് എനിക്ക്‌ ഈയൊരു കാര്യം അവൻ ചെയ്തു തന്നില്ല' എന്ന് പരാതിപ്പെടുകയും ചെയ്യുന്നത് പതിവാണ്.




ആരിൽ നിന്നും എന്ത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കണം എന്ന ഉത്തമമായ ചിന്ത മനസ്സിലുള്ളവർ താൻ ചെയ്യുന്ന ശാരീരികമോ മാനസികമോ, സാമ്പത്തികമോ ആയ എന്ത്‌ സഹകരണങ്ങളും ചെയ്യലോടെ അതിനെ റബ്ബിലേക്ക്‌ ഏൽപ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. അതിന്റെ ഭാഗം തന്നെയാണ്‌ 'വലത്‌ കൈ കൊണ്ട്‌ കൊടുത്തത്‌ ഇടത്‌ കൈ അറിയാതിരിക്കുക ' എന്നതും. തിരിച്ച്‌ പ്രതീക്ഷിക്കാതിരിക്കുക എന്നത്‌ ചെയ്യുന്ന കാര്യത്തിന്റെ പൂർണ്ണതയെ പോലും ബാധിക്കുമെന്നതാണ്‌ ശരി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പിറന്ന നാടും വിട്ട്‌ മദീനയിലേക്ക്‌ വന്ന മുഹാജിറുകളിൽ പലരും പിൽക്കാലത്ത്‌ അൻസ്വാറുകളേക്കാൾ സാമ്പത്തിക ശേഷിയുള്ളവരായി മാറിയത്‌ തിരിച്ച്‌ പ്രതീക്ഷിക്കാതെയുള്ള അൻസ്വാറുകളുടെ സഹകരണത്തിന്റെ തന്നെ പ്രതിഫലനമായിരുന്നു.


ഇറാഖിലെ പ്രവിശ്യാ ഭരണാധികാരി, ഖലീഫ അലി (റ) വിൽ നിന്നും ഒരു കാര്യം നേടാൻ വേണ്ടി ഹസ്രത്ത്‌ അബ്ദുല്ലാഹ്‌ ഇബ്നു ജഅഫർ (റ) വിനോട്‌ സഹായം അഭ്യർത്ഥിച്ചു. മഹാൻ അലി(റ) വിനോട്‌ ആ കാര്യം സൂചിപ്പിക്കുകയും ഫലമായി കാര്യം സമ്മതിച്ചു കിട്ടുകയും ചെയ്തു. ഉപകാരസ്മരണയായി ഭരണാധികാരി നാൽപ്പതിനായിരം ദിർഹം അബ്ദുല്ലാഹ്‌ തങ്ങൾക്ക്‌ കൊടുത്തയച്ചു. ആ പണം അതേപടി തിരിച്ചയച്ച്‌ കൊണ്ട്‌ മഹാൻ അധികാരിയെ അറിയിച്ചു:


"ഞങ്ങൾ ഞങ്ങളുടെ സൽക്കർമ്മങ്ങളെ വിൽക്കാറില്ല".!!


വല്ലതും തിരിച്ച്‌ ലഭിക്കണം എന്ന് പ്രതീക്ഷിക്കാതിരിക്കുക മാത്രമല്ല തിരിച്ച്‌ ലഭിക്കുന്നത്‌ ചെയ്ത നന്മയെ നശിപ്പിച്ചേക്കുമോ എന്ന ഭയവുമായിരുന്നു അവരെ നയിച്ചത്‌. ഞാൻ ചെയ്തത്‌ കൊണ്ട്‌ എനിക്കെന്ത്‌ നേട്ടം ലഭിച്ചു എന്ന് ആലോചിക്കുന്നതിനേക്കാൾ അത്‌ കൊണ്ട്‌ അല്ലാഹുവിൽ എനിക്ക്‌ വല്ലതും ലഭിക്കുമോ എന്നതിനെ പറ്റി വേവലാതി കൊള്ളുന്നതാണ്‌ സത്യവിശ്വാസിക്ക്‌ ഭൂഷണം. വിശ്വാസിയുടെ ആ നിലയും കടന്ന് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുമോ എന്നതിനേക്കാളും ഉത്തമമായതും അത്യുന്നതമായ ചിന്തയാണ് സൽക്കർമ്മങ്ങളെല്ലാം സ്രഷ്ടാവായ നാഥന്റെ തൃപ്തിയും പൊരുത്തവും ലഭ്യമാകാൻ മാത്രം ചെയ്യുകയെന്നത്. 




ഒഴുക്കുന്ന രക്തമോ ദാനമായി കൊടുക്കുന്ന മാംസമോ അല്ല അതിനൊക്കെ പിന്നിലെ നിങ്ങളുടെ മനസ്സിലെ ഉദ്ദേശ്യ ശുദ്ധിയായ തഖ്'വായാണ് ദൈവിക സമക്ഷത്തിൽ ഉപകാരപ്രദമായി എത്തുകയെന്ന ആഹ്വാനം നമ്മൾ ആർക്കെന്ത് സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുമ്പോഴും അതിന്റെ പേരിൽ ലഭിച്ച ആളുകളിൽ നിന്നും തിരിച്ചു കിട്ടുന്ന പ്രത്യുപകാരങ്ങളോ നന്ദിവാക്കുകളോ അതുകൊണ്ട് അവരെടുക്കുന്ന ഉപകാരങ്ങളോ നോക്കിയല്ല അല്ലാഹു അതിനെ സ്വീകരിക്കുന്നതെന്നും മറിച്ച് ഏതൊരു കർമ്മത്തിലും അല്ലാഹുവിനെ മാത്രം മുൻനിർത്തുകയും പരിഗണിക്കുകയും ചെയ്യുകയെന്ന തഖ്'വയാണ് പ്രധാനമെന്നുമുള്ള കൃത്യമായ അവബോധം നൽകുന്നുണ്ട്. കഅബയുടെ സമീപത്ത് നേർച്ചയും അറവുമൊക്കെ ജാഹിലിയ്യത്തിലും നടന്നിരുന്നു, ഏക ഇലാഹായ നാഥനിലേക്ക് ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ലെന്നതിനാൽ തന്നെ അതൊന്നും ഉപകരിക്കുന്നതായി റബ്ബിലേക്ക് എത്തുന്നതുമല്ലല്ലോ.


ആർക്കെങ്കിലും വല്ല നന്മയും ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് ആ പ്രവൃത്തിയുടെ പിന്നിലുള്ള നിയ്യത്ത് ശുദ്ധവും ഖാലിസുമായി റബ്ബിനെ മാത്രം ഉദ്ദേശിച്ചാവുക എന്നത്. കാരണം ഇലാഹീ പ്രീതിക്കായി ആ നല്ല കർമ്മത്തിലേക്ക് മനസ്സിനെ മെരുക്കി ഒരുക്കിയവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആ സദുദ്ദേശ്യത്തിന്റെ പേരിൽ നാഥൻ പ്രതിഫലം നൽകുക തന്നെ ചെയ്യും. ജിഹാദിലേക്ക് മോഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കഴിയാതെ മദീനത്ത് തന്നെയായിപ്പോയ സ്വഹാബികളെക്കുറിച്ച് സമരമുഖത്തേക്ക് പോകുമ്പോൾ ആദരവായി നബിതങ്ങൾ(സ്വ) പുകഴ്ത്തിയതും അവരിലെ സൽക്കർമ്മത്തിലേക്ക് ഉദ്ദേശ്യമുണ്ടായിട്ടും ചെയ്യാൻ കഴിയാത്തവർക്ക് സുവാർത്തയറിയിച്ചതാണ്. നേരെ തിരിച്ച് എത്ര നല്ല നല്ല സഹായങ്ങൾ ആർക്ക് ചെയ്തു കൊടുത്താലും നിയ്യത്ത് ശുദ്ധമല്ലെങ്കിൽ റബ്ബിന്റെ തൃപ്തിക്ക് പകരം അവന്റെ ദേഷ്യവും ശിക്ഷയും തന്നെ ലഭിക്കിച്ചേക്കാം.


നിസ്വാർത്ഥതയും സദുദ്ദേശ്യവും ഇലാഹീ സാമീപ്യവും ലക്ഷ്യമില്ലാതെ പോകുന്ന കർമ്മങ്ങൾ കൃഷിഭൂമിയിൽ വളരുന്ന കളകൾ കണക്കെ ഉപയോഗശൂന്യവും വിളവ് തരാൻ വിതച്ച വിത്തുകളെ പോലും നശിപ്പിക്കാൻ ഉതകുന്നതുമാണ്. ഏവരും എല്ലാ പ്രവർത്തനങ്ങളാലും എന്തുദ്ദേശിക്കുന്നോ അതാണ് ലഭിക്കുകയെന്നറിയാവുന്ന നമുക്ക് അവന്റെ തൃപ്തിയേക്കാൾ വലുതായതൊന്നും ലഭിക്കാനേ ഇല്ലല്ലോ...

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...