Saturday, October 14, 2017

തിരുനബിയിലേക്ക് - വിജയത്തിലേക്ക്..

അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയിലെ വസീലയാണ്‌ തിരുനബി(സ്വ). അവിടുന്ന് ഇങ്ങോട്ടുള്ളത്‌ നൽകാനുള്ളതിന്‌ മാത്രമല്ല ഇവിടുന്നങ്ങോട്ട്‌ കാര്യങ്ങൾ സാധിക്കാനും കൂടെ അവിടുന്ന് വസീലയാണെന്നത്‌ ആർക്കും മനസ്സിലാക്കാവുന്നതാണ്‌. അവിടുത്തെ മേലുള്ള സ്വലാത്തില്ലാതെ ദുആകൾ ഉയർത്തപ്പെടുകയില്ലെന്നത്‌ തിരുവചനത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടതാണല്ലോ.

ഒരു തിന്മയും പ്രവർത്തിക്കുകയോ അതിലേക്ക്‌ ആലോചിക്കുകയോ ചെയ്യരുതെന്ന ഇലാഹീ നിർദ്ദേശം തക്‌'ലീഫുള്ള ഇരുവിഭാഗം സൃഷ്ടികൾക്കാസകലം എത്തിച്ചു നൽകിയ തിരുനബി(സ്വ)ക്ക്‌ അവരിൽ നിന്ന് തിരിച്ച്‌ നിന്ന് ലഭിക്കാനുള്ളതായി അല്ലാഹു തീരുമാനിച്ചു നൽകിയ ഹഖാണ് അവിടുത്തെ പൂർണ്ണമായും അനുസരിക്കപ്പെടുക എന്നത്. അല്ലാഹുവിന്റെ തിരുകലാം മാത്രം വിശ്വസിച്ചത്‌ കൊണ്ടൊരാളും സത്യവിശ്വാസി ആകുന്നില്ല. ഇലാഹായ തമ്പുരാന്റെ ഏകത്വത്തെ സമ്മതിച്ചു, വിശ്വസിച്ചു അംഗീകരിക്കുന്നതോടൊപ്പം മുത്ത് നബി(സ്വ) തങ്ങളേയും സ്വീകരിക്കാതെ മുസ്ലിമാകുക സാധ്യമല്ല തന്നെ.





മുകല്ലഫായ സൃഷ്ടികളിലേക്ക്‌ അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട്‌ വന്നതിനെയൊക്കെ അന്ത്യനാൾ വരെയുള്ള സർവ്വ സമൂഹത്തിലും സകലരാലും അനുസരിക്കപ്പെടണം എന്നത് അവിടുത്തേക്ക് സ്രഷ്ടാവായ ഉടയ തമ്പുരാൻ ഏകിയ ഹഖാണ്. തിരുനബിക്ക്‌(സ്വ) വഴിപ്പെടാതെ അല്ലാഹുവിനു വഴിപ്പെടുക സംഭവ്യമല്ല തന്നെ. ത്വാഅത്തുകളുടെ സ്വീകാര്യത പോലും റസൂൽ(സ്വ)യെ അനുസരിക്കുന്നതിലാണ്‌ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌. അതിനാൽ തന്നെ നാം ചെയ്യുന്ന ഏതൊരു പാപത്തിലും അല്ലാഹുവിന്റെ ഹഖിലുള്ള നിഷേധവും അതേ അളവിൽ തന്നെ ഹബീബിന്റെ ഹഖിലുള്ള നിഷേധവും ഉൾക്കൊള്ളുന്നു എന്നത് ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അംഗീകരിക്കാനും സമ്മതിക്കാനും കഴിയുന്ന പരമാർത്ഥമാണ്.

സ്വന്തത്തോട്‌ അക്രമം ചെയ്തവർ അവിടുത്തെ സവിധത്തിലേക്ക്‌ ചെല്ലാനുള്ള വിശുദ്ധ ഖുർആനിന്റെ നിർദ്ദേശം ഏതെങ്കിലും ഒരു വിഭാഗം ആളുകളിലോ ഒരു കാലത്തേക്കോ മാത്രം ചുരുക്കപ്പെട്ടതായി ഇമാമീങ്ങളാരും പഠിപ്പിക്കുന്നില്ല. അവിടുന്ന് പ്രവാചകരായിട്ടുള്ള എല്ലാ സമൂഹത്തിന്റെയും പാപങ്ങൾ സ്വന്തത്തോടുള്ള അക്രമവും അതുവഴി അല്ലാഹുവിന്റെയും നബിതങ്ങളുടെയും(സ്വ) ഹഖിന്റെ നിഷേധവുമാണ്‌.

അവിടുത്തെ ഹഖിനെ നിഷേധിച്ചവർ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെന്ന് അല്ലാഹുവിന്റെ മഗ്ഫിറത്‌ നേടി എടുക്കാനുള്ള മാർഗ്ഗമാണ് അവിടുത്തെ ശഫാഅത്ത് തേടൽ. കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ ആകമാനം അറിവിന്റെ വെളിച്ചം നിറച്ച ഉലമാക്കളിലെ അഗ്രഗണ്യരായ നാല് മദ്ഹബിലെയും ഇമാമീങ്ങൾ തിരു ശഫാഅത്ത് ലഭ്യമാക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ പുണ്യമാണ് എന്ന് പഠിപ്പിച്ചവരാണ്.

ശാരീരികമായി അവിടുത്തെ സമീപിക്കാൻ മദീനാ മുനവ്വറയിലേക്ക്‌ പോയി തിരു ഖബ്‌റു ശരീഫിങ്കൽ ചെന്ന് പാപങ്ങളെത്തൊട്ട്‌ അന്യായം പറഞ്ഞ്‌ അവിടുത്തെ ശഫാഅത്ത്‌ തേടാൻ കഴിയുന്നവർ അങ്ങനെയും അല്ലാത്തവർ ആത്മീയമായെങ്കിലും തിരുമുന്നിൽ പാപത്തെച്ചൊല്ലി അന്യായം ബോധിപ്പിച്ച്‌ റബ്ബിലേക്കവിടുത്തെ വസീലയാക്കിയതായാണ്‌ കഴിഞ്ഞുപോയ എല്ലാ കാലത്തെയും ഉലമാ സമൂഹത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നത്‌..

فـي حالة البعد روحي كنت أرسلها

تقبــل الأرض عنــي وهــي نـائبتي.

പാപങ്ങളിൽ മുഖം പൂഴ്ത്തി അക്രമിയായി ജീവിച്ച ഇന്നലെകളും ഇന്നുകളും പ്രയാസത്തിന്റെ വേവലാതിയായി നെഞ്ചിൽ വേദന പകരുമ്പോൾ ആശ്വാസത്തിന്റെ ഇളം തലോടലാകുന്നത്‌ തിരുനബിയാണ്‌(സ്വ). പാപമെത്ര വലുതായാലും അവിടുന്ന് കൈ വെടിഞ്ഞിട്ടില്ല, വെടിയുകയുമില്ല.

ولم تصرف وجهك عنه وهو وسيلتك ووسيلة أبيك آدم عليه السلام إلى الله تعالى يوم القيامة


"അവിടുത്തെത്തൊട്ട്‌ മുഖം തിരിക്കല്ലേ" എന്ന് ഇമാം മാലിക്ക്‌(റ) തങ്ങൾ ഖലീഫയോട്‌ പറഞ്ഞത്‌ നാമോരോരുത്തർക്കുമായാണ്‌. മനുഷ്യപിതാവായ ആദം നബി(അ)ന്റെ പോലും വസീലയായ റസൂലുല്ലഹി(സ്വ) തങ്ങളെത്തൊട്ട്‌ മുഖം തിരിക്കാതെ അവിടുത്തെ അല്ലാഹുവിലേക്ക്‌ ഇടയാളരായിപ്പിടിച്ചു രക്ഷനേടാനല്ലാതെ നമുക്കെവിടെയാണൊരു പിടിവള്ളിയുള്ളത്‌?!

شفاعتي لأهل الكبائر من أمتي


അവിടുത്തെ ശഫാഅത്ത്‌ വിശാലമാണ്‌, ആ ശഫാഅത്തിനെ സ്വീകരിക്കുമെന്നത്‌ തമ്പുരാന്റെ വാഗ്ദാനമാണ്‌. പാപികളേ, തിരുനബിയിലേക്ക്‌ മടങ്ങൂ - അവിടുന്നാണല്ലാഹുവിലേക്കുള്ള വഴി.

യാ റസൂലല്ലാഹ്‌, പാപങ്ങളിൽ മുങ്ങിയ ജീവിതമാണെന്റെത്‌, അവിടുത്തെ ശഫാഅത്തിലാണാകെയുള്ള പ്രതീക്ഷ, അതിനർഹതപ്പെടുന്നവരിലെങ്കിലും പെടാനവിടുത്തെ സഹായമേകണേ....

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...