Saturday, October 14, 2017

ആയിഷ - ആതിര: പ്രതീക്ഷകൾ അസ്തമിക്കുമോ?

ആയിഷ വീട്ടിൽ നിന്നും പോകുന്നതിന്റെ മുമ്പ് മാതാപിതാക്കൾക്ക് എഴുതി വെച്ച കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് പറയുന്നു തീർച്ചയായും അവൾ തിരിച്ചു വരുമെന്ന്. ഏകദൈവ വിശ്വാസത്തോടുള്ള താൽപ്പര്യം അവളുടെ ഫിത്രയുടെ തന്നെ ഭാഗമാണെന്ന് അത് വായിക്കുന്നവർക്ക് ബോധ്യമാകും. അല്ലാഹു അവളുടെ മനസ്സിനുള്ളിൽ കത്തിച്ചു വെച്ച ഹിദായത്തിന്റെ വെളിച്ചത്തെ ഊതിക്കെടുത്താൻ നോക്കുന്നവർക്ക് താൽക്കാലിക വിജയമുണ്ടായേക്കാമെങ്കിലും കാലവും സമയവും ഒത്തു വരുമ്പോൾ ഇൻശാ അല്ലാഹ് ആ വെളിച്ചത്തെ അത് വളർത്തിയ തമ്പുരാൻ തന്നെ പൂർത്തീകരിക്കും....

"ഇസ്‌ലാം ആണ് സത്യം എന്നെനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളെന്നെ ഭീഷണിപ്പെടുത്തിയോ മറ്റോ ഒരു വിവാഹം കഴിപ്പിച്ചാൽ എത്ര നാൾ ഞാനിതൊക്കെ മറച്ചു വെക്കും? എന്റെ മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയാണത്. മനസ്സിൽ ഒന്നുവെച്ച് പുറത്ത് മറ്റൊന്നായി എത്രനാൾ ഞാൻ അഭിനയിക്കും? ആ വിവാഹം കഴിക്കുന്ന ആളോടും കൂടി ചെയ്യുന്ന ഏറ്റവും വലിയ വിശ്വാസ വഞ്ചനയല്ലേ അത്. അതുകൊണ്ട് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് ആ വിശ്വാസം അനുസരിച്ച് ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസത്തെ മറന്ന് എനിക്ക് ജീവിക്കാനാവില്ല" (ആയിഷയുടെ കത്തിന്റെ 18 ആം പേജ്).





"എന്റെ വിശ്വാസത്തെ മറന്നു കൊണ്ട് എനിക്ക് ജീവിക്കാനാവില്ല. അതെന്റെ മാനസിക നില തന്നെ തെറ്റിക്കും. എന്റെ ആ ഒരവസ്ഥയാണോ നിങ്ങൾക്ക് കാണേണ്ടത്? അല്ല, ഞാൻ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്നതാണോ? അച്ഛാ - അമ്മേ, നിങ്ങൾക്ക് ഞാനാണോ വലുത്? അല്ല സമൂഹമാണോ? എനിക്കീ ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്റെ വിശ്വാസങ്ങളെയും കർമ്മങ്ങളെയും ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കുകയാണ്. ഞാൻ ഇസ്‌ലാം പഠിക്കാൻ വേണ്ടി പോകുകയാണ്. നിങ്ങൾ വിഷമിക്കരുത്. സമൂഹത്തിൽ മുസ്ലിം എന്ന ഐഡന്റിറ്റി എനിക്ക് വേണം. അതിന് സർട്ടിഫിക്കറ്റ് വേണം. എന്നാലേ സമൂഹം എന്നെ മുസ്ലിം ആയിട്ട് അംഗീകരിക്കുകയുള്ളൂ. ഏതെങ്കിലും അഫയേഴ്സിൽ പെട്ടോ, ആരെങ്കിലും നിർബന്ധിപ്പിച്ചോ എടുത്ത തീരുമാനം അല്ല ഇത്. ഇസ്‌ലാം ആണ് സത്യം എന്ന് ബോധ്യപ്പെട്ടതു കൊണ്ട് എടുത്ത എന്റെ സ്വന്തം തീരുമാനമാണിത്

അച്ഛാ അമ്മേ, എന്റെ വിശ്വാസം മാത്രമേ ഞാൻ മാറുന്നുള്ളൂ, ഞാൻ എന്നും നിങ്ങളുടെ സ്വന്തം മകൾ ആണ്. ഞാൻ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് പോകുന്നുമില്ല. ഈ എഴുത്ത് കേവലം ഒരു കത്തായി മാത്രം കണക്കാക്കരുത്. ഇസ്‌ലാം എന്താണെന്ന് നിങ്ങളും അറിയാൻ ശ്രമിക്കണം. സ്വന്തം മനസ്സാക്ഷിയോടെങ്കിലും ചോദിക്കണം. എന്തിനാണീ ജീവിതം? ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ആരാണ് നമ്മുടെ സ്രഷ്ടാവ്? എന്നൊക്കെ.

സത്യം എന്നെങ്കിലും നിങ്ങൾ അംഗീകരിക്കണേ എന്നാണ് എന്നും അല്ലാഹുവിനോടുള്ള എന്റെ പ്രാർത്ഥന. ഈ ലോകത്ത് നമുക്ക് ഒരു ചാൻസ് മാത്രമേ ഉള്ളൂ അത് നഷ്ടപ്പെടുത്തരുത്. സത്യം ഏതാണെന്ന് നിങ്ങളും കണ്ടെത്തുക. തിരിച്ചറിയുക. എനിക്ക് വിശ്വാസമുണ്ട്. സത്യം നിങ്ങളും തിരിച്ചറിയുമെന്ന്. ഇൻശാ അല്ലാഹ്..." (കത്തിന്റെ അവസാന ഭാഗം 19 - 20 പേജ്).

ഇസ്‌ലാമിലല്ലാതെയുള്ള ജീവിതം അവൾക്ക് സാധ്യമല്ല എന്ന് പറഞ്ഞ മനസ്സിൽ പതിഞ്ഞ ഈമാൻ ദൃഢമാണ്, പീഢനങ്ങൾ സഹിക്കുന്നതിന് വെറുമൊരു ദുർബലയായ 20 വയസ്സുകാരി പെണ്ണിന് പരിധിയുണ്ട്, എക്കാലവും അവളെ കാൽക്കീഴിൽ ഞെരിച്ചമർത്തി ജീവിക്കാൻ ആർക്കും സാധ്യമല്ലല്ലോ, മനസ്സ് പറയുന്നത് ഇന്നും അവൾ ഈമാനിൽ തന്നെയാണ്, എന്നെങ്കിലും ഒരിക്കൽ സാഹചര്യവും സമയവും ഒത്തു വരുമ്പോൾ ഇന്ന് നടക്കുന്നതിന്റെയൊക്കെ ഉള്ളറയിലെ രഹസ്യങ്ങൾ അവൾ വെളിപ്പെടുത്തുക തന്നെ ചെയ്യും, ഒന്നുമില്ലെങ്കിൽ അവൾക്കല്ലാഹു നൽകിയ ഈമാനിലായി സ്വകാര്യതയിൽ എങ്കിലും അവൾ ജീവിക്കും.

ഇതൊരു ശുഭ പ്രതീക്ഷയാണ്, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ എടുത്തു ചാട്ടക്കാരി പെണ്ണൊന്നുമല്ല ആയിഷയെന്ന് ഒരു വട്ടം ആ കത്ത് വായിച്ചവർക്ക് മനസ്സിലാകും.വർഷങ്ങളുടെ നിരന്തരമായ പഠനവും ബോധ്യവുമാണ് അവൾക്ക് കൈമുതലായത്. ആയിഷ എന്ന നാമം തന്നെ ക്ഷമയുടെയും സഹനത്തിന്റെയും പരീക്ഷണത്തിന്റെയും വലിയൊരു ചരിത്രം മുന്നിൽ വെക്കുന്നുണ്ട്.



ജീവനേക്കാൾ സംരക്ഷിക്കുന്ന പരിശുദ്ധിയെപ്പറ്റി കപട വിശ്വാസികൾ ഉയർത്തി വിട്ട കളവുകളും ഊഹാപോഹങ്ങളും വിശ്വാസികളെ പോലും സ്വാധീനിക്കപ്പെട്ടു പോയപ്പോൾ പ്രവാചകരുടെ (സ്വ) പ്രിയപത്നി ഹസ്രത്ത് ആയിഷ ബീവി(റ) അനുഭവിച്ച കഠിനമായ പ്രയാസം അവസാനം മറകൾ നീക്കി ഹഖിനെ വെളിവാക്കി പത്തോളം വിശുദ്ധ വചനങ്ങൾ അവതീർണ്ണമാക്കി ഉടയ തമ്പുരാനായ അല്ലാഹു തന്നെ മഹതിയുടെ പരിശുദ്ധി വ്യക്തമാക്കിയപ്പോൾ മഹതി പറഞ്ഞത്

ولكن والله ما كنت أظن أن الله عز وجل ينزل في شأني وحيا يتلى

"അല്ലാഹുവാണെ സത്യം, എന്റെ നിരപരാധിത്വം വെളിവാക്കാൻ അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിൽ എന്നെന്നും ഓതപ്പെടുന്ന ആയത്ത് വഹ്'യായി ഇറക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല" എന്നായിരുന്നു. എല്ലാ കഴിവുമുടയവനായ അല്ലാഹു അവൾക്കായി എന്ത് സംവിധാനിച്ചു വെച്ചിരിക്കുന്നു എന്ന് നാമറിയില്ലല്ലോ.

ഭീഷണികളിലും പീഡനങ്ങളിലും പിടിച്ചു നിൽക്കാൻ മറിച്ചു പറഞ്ഞാൽ ഒലിച്ചു പോകുന്നതല്ല ഈമാൻ എന്നവൾക്ക് തീർച്ചയായും അറിയാമായിരിക്കും. ബാഹ്യമായ അമലുകൾക്കപ്പുറം ഹൃദയത്തിൽ വേരുറച്ച വെളിച്ചമാണ് വിശ്വാസം. അത് തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ടാകും എന്ന് പ്രതീക്ഷിക്കാം. എല്ലാ മറകളും നീക്കി സ്രഷ്ടാവായ നാഥൻ അവൾക്ക് സുരക്ഷിതത്വവും ഈമാനിന്റെ വെളിച്ചവും പകർന്നു നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ..😪

ആയിഷയുടെ കത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...