Saturday, October 14, 2017

അല്ലാഹു കൈവിടില്ല - നിശ്ചയം!


ഉടയ തമ്പുരാനൊരിക്കലുമവന്റെ അലിവിന്റെയും കരുണയുടെയും കവാടങ്ങളടച്ചു വെക്കുകയേയില്ല. ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരിൽ ഏഴയായ, ദുർബലനായ, ബലഹീനനായ ഈ അടിമയെ ശിക്ഷിക്കുന്നത്‌ കൊണ്ട്‌ സർവ്വ പ്രതാപിയും സർവ്വാധികാരിയും സർവ്വ ശക്തനുമായ റബ്ബിന്‌ യാതൊന്നും വർദ്ധിക്കാനില്ല, അവന്റെ സംരക്ഷണത്തിന്റെ കരവലയത്തിലാക്കി പറുദീസയിലേക്ക്‌ ചേർക്കുന്നത്‌ കൊണ്ട്‌ ഒരണുമണിയുടെ ഘനത്തിൽ പോലും അവന്‌ യാതൊന്നും കുറയാനുമില്ല.


മുഖ്ലിസും മുത്തഖിയുമായ ഒരു ആലിം തന്റെ ജീവിതത്തിലൊരിക്കലും നരകത്തിന്റെ ഭയാനകതയെക്കുറിച്ച്‌ തന്റെ ശിഷ്യന്മാരോട്‌ ഭയപ്പെടുത്താറേയില്ലായിരുന്നത്രെ. അദ്ദേഹം വഫാത്തായ ശേഷം ശിഷ്യൻ സ്വപ്നത്തിൽ കണ്ട്‌ 'അല്ലാഹു അങ്ങയെ എന്ത്‌ ചെയ്തു' എന്ന് ചോദിച്ചുവത്രെ.


അദ്ദേഹം പറഞ്ഞു: അല്ലാഹു എന്നോട്‌ ചോദിച്ചു. "എന്ത്‌ കൊണ്ടാണ്‌ നീ ഒരിക്കലും എന്റെ അടിമകളെ നരകത്തെത്തൊട്ട്‌ പറഞ്ഞ്‌ ഭയപ്പെടുത്താതിരുന്നത്‌?" ഞാൻ അല്ലാഹുവിനോട്‌ പറഞ്ഞു: "യാ അല്ലാഹ്‌, അവർ നിന്നെ ഇഷ്ടപ്പെടുന്നതിനെയാണ്‌ ഞാൻ ആഗ്രഹിച്ചത്‌", ശേഷം അല്ലാഹു എനിക്ക്‌ എല്ലാം പൊറുത്തു തന്നു!.





കഴിഞ്ഞു പോയ സമയത്തിൽ ചെയ്തു കൂട്ടിയ തിന്മകളിലാകെ അവന്റെ ശിക്ഷക്ക്‌ പകരം അവന്റെ മഗ്ഫിറത്തിനെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. തെറ്റുകളിലായി ജീവിക്കുവാൻ പോലുമെനിക്ക്‌ അറ്റമില്ലാത്ത അനുഗ്രഹങ്ങൾ വാരി നൽകുന്ന നാഥനെ കുറിച്ച്‌ ഞാനെങ്ങനെ നിരാശനാകും?! അവന്റെ ദേഷ്യത്തെ അവന്റെ കാരുണ്യം കവച്ചു വെക്കുന്നുണ്ടെന്നത്‌ പ്രതീക്ഷയുടെ വാതിലിലേക്കുള്ള ആശയുടെ താക്കോലാണ്‌. ഉയരെ ആകാശത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ വിശാലമായ പാപങ്ങളാണെങ്കിലും പൊറുക്കുമെന്നവന്റെ വാഗ്ദാനമാണ്‌. സ്വർഗ്ഗത്തിന്റെ താക്കോൽ കൂട്ടങ്ങളായ ലാ ഇലാഹ ഇല്ലല്ലാഹിയിൽ ഞാൻ അവിശ്വസിച്ചിട്ടേയില്ലല്ലൊ.


ദിവസവും 70 പ്രാവശ്യം പാപങ്ങൾ ചെയ്യുകയും ഓരോ വട്ടവും ശേഷം ഉടനെ തൗബ ചെയ്യുകയും ചെയ്യുന്ന ആളെക്കൊണ്ട്‌ ഹസനുൽ ബസ്വരി(റ) വിനോട്‌ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത്‌

ما أعلم هذا إلا من أخلاق المؤمن

സത്യവിശ്വാസിയുടെ സ്വഭാവം തന്നെയല്ലാതെ അതിൽ മറ്റൊന്നും ഞാൻ കാണുന്നില്ല എന്നായിരുന്നു.


മാലാഖമാരായല്ല അല്ലാഹു നമ്മെ സൃഷ്ടിച്ചത്‌, പാപങ്ങൾ ചെയ്യുകയും അവനിലേക്ക്‌ അവന്റെ മഗ്ഫിറത്തിനായി നിറകണ്ണുകളോടെ കൈ നീട്ടുകയും ചെയ്യുന്നവരേക്കാൾ അവനിഷ്ടമുള്ളവരായി ആരുണ്ട്‌?!


تعاظمني ذنبي فلما قرنته

بعفوك ربي كان عفوك اعظما




പാപങ്ങളുടെ ഭീമമായ ഭാണ്ഡം എണ്ണവും വണ്ണവുമെടുക്കാൻ കഴിയാത്ത വിധം ഏറെയേറെയുണ്ടെന്നെനിക്കറിയാമെങ്കിലും നാഥാ, നിന്റെ മഗ്ഫിറത്തും അലിവും കരുണയും എന്റെ പാപങ്ങളേക്കാളേറെ വിശാലവും മഹത്വമുടയതുമാണെന്ന വിശ്വാസത്തിലാണെന്റെ മോഹവും പ്രതീക്ഷയും ആശയും. നീയാകട്ടെ, അശേഷം ആലംബഹീനരായ അടിമകൾക്ക്‌ മോഹഭംഗം വരുത്തുന്നവനല്ലേയല്ല...

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...