Saturday, October 14, 2017

ഹാദിയയും ആയിഷയും ഓർമ്മിപ്പിക്കുന്നത്

ഹാദിയ: ജനിച്ചു വീണത് മുതൽ 24 വയസ്സ് വരെ ജീവിച്ച മതവും സംസ്കാരവും കൂട്ടവും കുടുംബവുമെല്ലാം വിട്ടെറിയാൻ പോലും തയ്യാറായി സ്വമേധയാ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വിശുദ്ധ മതത്തിന്റെ പരലോകത്തെ കുറിച്ചുള്ള അധ്യാപനത്തെക്കുറിച്ച് നിരന്തരം ആലോചിച്ചത് കൊണ്ടായിരുന്നുവത്രെ! സത്യമതത്തിൽ വിശ്വസിച്ചു ജീവിച്ചില്ലെങ്കിൽ വരാനിരിക്കുന്ന കഠിനാൽ കഠിനമായ ശിക്ഷയെപ്പറ്റി അറിഞ്ഞത് കൊണ്ടാണത്രേ!




ആയിഷ: 20 വയസ്സോളം കാലം താൻ പരിചയിച്ചതും പഠിച്ചതും അറിഞ്ഞതും ജീവിച്ചതുമായ ഒരു മതവിശ്വാസം മാറ്റി അമ്മയോ അച്ഛനോ കുടുംബമോ സമൂഹമോ ആരെതിരായാലും ഞാൻ മുസ്ലിമായി ജീവിക്കുമെന്ന് സ്വമേധയാ ആർജ്ജവത്തോടെ പ്രഖ്യാപിക്കാൻ നിദാനമായത് കൂട്ടുകാരികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പരലോകത്തെയും നരകശിക്ഷയെയും പറ്റി കേട്ടപ്പോൾ അതിനെ ഭയന്നും അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുമായിരുന്നത്രെ! (ആയിഷ വീണ്ടും ആതിരയായി എന്ന വിഷയം ചർച്ചയാകും മുമ്പ് എഴുതിയ കുറിപ്പാണ്. അവർ തിരിച്ചു പോയാലും ഇല്ലെങ്കിലും ഇങ്ങോട്ടേക്ക് പോരാൻ ആ കുട്ടി കാണിച്ച ആർജ്ജവമാണ് വിഷയമാകേണ്ടത്)


സമൂഹത്തിലെ ദുർബലകളായ രണ്ട് അവിവാഹിത സ്ത്രീകൾ - അവർക്ക് എല്ലാം ത്യജിച്ചു, വ്യവസ്ഥിതികളെ വെല്ലുവിളിച്ചു കൊണ്ട് , കഠിന പീഢനങ്ങൾ ഏറ്റു വാങ്ങാൻ തയ്യാറായി വിശുദ്ധ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായത് വരാനിരിക്കുന്ന ലോകത്തെ രക്ഷാ ശിക്ഷകളെക്കുറിച്ചുള്ള കേവല പഠനം മാത്രമാണെങ്കിൽ യാ അല്ലാഹ്, ജനിച്ചത് മുതൽ ഇന്നീ നിമിഷം വരെ എല്ലാ സമയവും എത്ര വട്ടം ഞാനിതൊക്കെ കേൾക്കുന്നു, വായിക്കുന്നു, പഠിക്കുന്നു, ചിന്തിക്കുന്നു. എന്നിട്ടും അവന്റെ ശിക്ഷയിൽ നിന്നും രക്ഷ നേടാനും അവന്റെ രക്ഷ പ്രാപിക്കാനും വേണ്ടി നേരായ വിശ്വാസത്തിലും കർമ്മ വിശുദ്ധിയിലുമായി ഒരു മണിക്കൂറെങ്കിലും ജീവിക്കാൻ എനിക്ക്‌ കഴിയുന്നില്ലല്ലോ.


ഹാദിയയും ആയിഷയും അവരുടെ ഇസ്‌ലാം സ്വീകരണവും നാമോരോരുത്തർക്കും അല്ലാഹു നൽകിയ ദൃഷ്ടാന്തമാണ്. നമുക്കവൻ ഔദാര്യമായി നൽകുകയും അതനുസരിച്ചു ജീവിക്കുന്നതിൽ ഒരു പുൽക്കൊടി കൊണ്ടുള്ള വേദന പോലും അനുഭവിക്കാതെ ജീവിക്കാനുള്ള അവസരമൊരുക്കുകയും ചെയ്ത ഈമാൻ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും സഹിച്ചാണ് പലർക്കും അല്ലാഹു നൽകുന്നത് എന്നോർക്കാൻ, നമ്മൾ അശ്രദ്ധമായും ചിന്തയില്ലാതെയും കേട്ടും വായിച്ചും പോകുന്ന പരലോക ചിന്തകൾ എത്ര മാത്രം ശക്തമായി മനസ്സുകളെ സ്വാധീനിക്കുന്നു എന്നോർക്കാൻ, ഇത്ര കഠിനമായ പരീക്ഷണങ്ങൾ സഹിച്ചവർ അവരുടെ ഈമാനിനാൽ പോകേണ്ട സ്വർഗ്ഗത്തെ തന്നെയാണ് നമ്മളും ആശിക്കുന്നത് എന്നോർക്കാൻ.....


ഖബ്ബാബും സുമയ്യയും യാസിറും അമ്മാറും ബിലാലുമൊക്കെ (റളിയള്ളാഹു അൻഹും) ചുറ്റുപാടും പലരിലായി ഇന്നും ജനിച്ചും ജീവിച്ചും മരിച്ചും കൊണ്ടിരിക്കുന്നുണ്ട്. അവർക്കൊപ്പം പരീക്ഷണങ്ങൾ സഹിക്കാതെ രക്ഷപ്പെടുമ്പോൾ അവർക്ക് കൈ സഹായമാകാനെങ്കിലും നമുക്ക് കഴിയുന്നില്ലല്ലോ. സത്യവിശ്വാസത്തിന്റെ പേരിൽ ഈർച്ചവാളുകൾ കൊണ്ട് തലമുതൽ മുറിച്ചു കണ്ടം തുണ്ടമായി കഷണമാക്കപ്പെട്ടവർ മുൻകാലത്തുണ്ട്, ഇന്നുമുണ്ട്. അവരൊക്കെ രക്ഷപ്പെടുന്ന കൂട്ടത്തിൽ ഈമാനിലാണെന്ന ഗർവ്വും പ്രൗഢിയും അഹങ്കാരപൂർവ്വമായ പ്രത്യാശയും മാത്രമുള്ള നാമും എളുപ്പമങ് രക്ഷപ്പെടുമെന്നെങ്ങനെ പ്രതീക്ഷിക്കാനാകും?


أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون 😢

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...