Saturday, October 14, 2017

അയ്യൂബ് നബിയുടെ സന്ദേശം - ക്ഷമയുടെ വിളംബരം

അയ്യൂബ് നബി(അ) ചരിത്രം ഓരോ മനുഷ്യനും വേദനകളിലും പരീക്ഷണങ്ങളിലും പകരുന്ന ഊർജ്ജം വിവരണാതീതമാണ്. എന്ത് തന്നെ വന്നു ഭവിച്ചാലും അതെല്ലാം അല്ലാഹുവിനു നന്ദി ചെയ്യാനുള്ള കാരണങ്ങൾ മാത്രമാണ് എന്നും ദുരനുഭവങ്ങളിൽ നിരാശപ്പെട്ടു സഹികെടാനുള്ളവരല്ല നമ്മെളെന്നുമുള്ള വിശ്വാസികൾക്ക് എന്നും വഴികാട്ടിയാകുന്ന ചരിത്രമാണ് അയ്യൂബ് നബി(അ)മിൽ നിന്നും പഠിക്കാനുള്ളത്. അല്ലാഹുവിന്റെ പരീക്ഷണാർത്ഥം, ഉണ്ടായിരുന്ന സമ്പത്തും സന്താനങ്ങളുമെല്ലാം നഷ്ടപ്പെട്ട് കഠിനമായ രോഗം കാരണം നാട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ദൂരത്താക്കപ്പെട്ട് പ്രിയ പത്നി റഹ്‌മത്ത്(റ) നോടൊപ്പം ജീവിച്ച വർഷങ്ങളിൽ ഒരിക്കൽ പോലും തനിക്ക് വന്നു ചേർന്ന രോഗത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അല്ലാഹുവിനോട് പരാതി പറഞ്ഞേയില്ല. 




ഈ പരീക്ഷണത്തിന്റെ ദൈർഘ്യം എത്രയെന്നതിൽ ഭിന്നാഭിപ്രായമുണ്ട്, ചിലർ 3 വർഷമെന്നും ചിലർ 7 വർഷമെന്നും മറ്റു ചിലർ 18 വർഷമെന്നും പറയുന്നു. ഈ കാലമത്രയും റഹ്മത്ത് ബീവി(റ) എല്ലാം മറന്നു അയ്യൂബ് നബി(അ) പരിചരിക്കുകയായിരുന്നു. മഹാനവർകൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കണ്ട് അവസാനം 'ഇനിയും എത്ര കാലമാണിങ്ങനെ? അല്ലാഹുവിനോട് ഈ പരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുത്താൻ പറഞ്ഞാൽ അവൻ കേൾക്കുമല്ലോ' എന്ന് പറഞ്ഞത് അവിടുത്തേക്ക് കടുത്ത പ്രയാസമുണ്ടാക്കി.


"എത്ര കാലം ഞാൻ ആരോഗ്യത്തോടെയും സർവ്വ സൗഭാഗ്യങ്ങളോട് കൂടെയും ജീവിച്ചു?" അവിടുന്ന് ചോദിച്ചു.


'80 വർഷം". ഭാര്യ പറഞ്ഞു


"എത്ര കാലമായി എനിക്കീ പരീക്ഷണം വന്നിട്ട്"


"7 വർഷം (എത്രയാണോ അത്രയും)" മഹതി മറുപടി പറഞ്ഞു.


"ഈ രോഗം വരുന്നതിനു മുമ്പ് 80 വർഷങ്ങൾ പൂർണ്ണ ആരോഗ്യവാനായി അല്ലാഹു എന്നെ ജീവിപ്പിച്ചു, അതിന് തുല്യമായ കാലമെങ്കിലും രോഗാവസ്ഥയിൽ കഴിയാതെ അല്ലാഹുവിനോട് എനിക്കവൻ നൽകിയ പരീക്ഷണത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പറയാൻ ഞാൻ ലജ്ജിക്കുന്നു" എന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്.


പരീക്ഷണാടിസ്ഥാനത്തിൽ അല്ലാഹു തിരിച്ചെടുത്തതെല്ലാം - മക്കളെയും സമ്പത്തും ആരോഗ്യവും - അതിലേറെയായി അല്ലാഹു വീണ്ടും നൽകിയാണ്‌ അവസാനം അയ്യൂബ്‌ നബി(അ)നെ സന്തോഷിപ്പിച്ചത്‌. ഭൗതികമായ നമുക്ക്‌ വരാവുന്ന നഷ്ടങ്ങളൊക്കെ എങ്ങനെയായാലും ഒരുനാൾ നഷ്ടപ്പെടേണ്ടത്‌ തന്നെയാണ്‌. അവന്റെ പരീക്ഷണങ്ങളിൽ അടിപതറാതിരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്നത്‌ ഭൗതിക ലോകത്തും ഒപ്പം ആഖിറത്തിലുമാകാം. വ്യത്യസ്തങ്ങളായ ഹിക്മതാണ് ആളുകളിൽ പരീക്ഷണങ്ങൾ നൽകുമ്പോൾ അല്ലാഹുവിനുള്ളത്. വിശ്വാസികളിൽ ചിലർക്ക് അത് അവന്റെ മഗ്‌ഫിറത്തിനുള്ള വഴിയാണ് എങ്കിൽ അമ്പിയാക്കന്മാർക്കും മഹത്തുക്കൾക്കും അത് അവർക്കല്ലാഹുവിങ്കലുള്ള പദവി ഉയർത്തി ഉയർത്തി നൽകുവാനാണ്‌.


إنما يوفى الصابرون أجرهم بغير حساب


എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുന്ന, അതികഠിനമായ പരീക്ഷണങ്ങളുടെ തിരമാലയിൽ കുടുങ്ങി ആഴിയിൽ എങ്ങോട്ട് തുഴയണമെന്നറിയാതെ നിൽക്കുന്ന സമയത്തും തമാശക്ക് കളിപ്പിക്കാൻ വേണ്ടി മുകളിലേക്ക് അറിയപ്പെടുന്ന കുട്ടി തന്റെ എറിഞ്ഞവർ തന്നെ പിടിച്ചു കൊള്ളുമെന്ന നിഷ്കളങ്കമായ ഭാവത്തിൽ താഴെ വീഴുമെന്ന ഭയമില്ലാതെ ചിരിക്കുന്നത് പോലെ തന്നെ കൈവിടാത്ത തമ്പുരാന്റെ പരീക്ഷണത്തിന്റെ അവസാനം അവൻ രക്ഷ നൽകാനുണ്ട് എന്നുറച്ചു വിശ്വസിച്ചു ക്ഷമ കൈക്കൊള്ളുന്നവർക്ക് അവൻ നൽകുന്ന പ്രതിഫലം കണക്കില്ലാത്തതാണ്. ഒന്നുകിൽ ഹിസാബില്ലാത്ത പരലോക വിജയം നൽകുന്നു എന്ന് വായിക്കാം, അല്ലെങ്കിൽ കയ്യും കണക്കുമില്ലാതെ ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകുമെന്ന്.


ജീവിതം പലവിധങ്ങളായ പരീക്ഷണങ്ങൾ മുന്നിൽ കൊണ്ട് വന്നിടുന്നത് അല്ലാഹുവിലുള്ള അചഞ്ചലമായിരിക്കേണ്ട വിശ്വാസത്തിന്റെ ഉറപ്പിനെ പരീക്ഷിക്കുകയാണ്. ജീവിതവും മരണവും ആകെ തന്നെ അല്ലാഹു സൃഷ്ടിച്ചത് പരീക്ഷണത്തിന്റെ ഭാഗമായാണ് എന്നാണല്ലോ വിശുദ്ധ കലാം വിവരിക്കുന്നത്. ( ليبلوكم أيكم أحسن عملا). ജീവിതം മുഴുക്കെ ആരോഗ്യാവസ്ഥയും സാമ്പത്തിക ഭദ്രതയും കുടുംബ സന്തോഷങ്ങളും എല്ലാമെല്ലാം നൽകിയ അല്ലാഹു കുറഞ്ഞ സമയത്തേക്ക് പരീക്ഷിക്കുമ്പോഴേക്ക് കഴിഞ്ഞു പോയ കാലത്തെ അനുഗ്രഹങ്ങളെയെല്ലാം മറന്നു നമ്മൾ നിരാശരാവുകയാണോ?! ക്ഷമയോടൊപ്പം അല്ലാഹുവിന്റെ സഹായവുമുണ്ട് എന്ന തിരുനബി(സ്വ) യുടെ പുണ്യവചനം മറന്നു പോകരുത് (النصر مع الصبر ). 





നിരന്തരമായി ശഹാദത്ത് മൊഴിയുകയും നിഫാഖിനെ തൊട്ട് അല്ലാഹുവിനോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന അബുദ്ദർദ്ദാ(റ) തങ്ങളെയായിരുന്നു അവിടുത്തെ വീട്ടിലേക്ക് വന്ന ജുബൈർ(റ) കണ്ടത്. തിരുനബി(സ്വ) യുടെ പ്രിയ സ്വഹാബികളിൽ ഒരാളായ അബുദ്ദർദ്ദാ(റ) തങ്ങളുടെ ഈ പ്രവർത്തിയിൽ ആശ്ചര്യം തോന്നിയ ആഗതൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:


"ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ?ആരാണ് അല്ലാഹുവിന്റെ പരീക്ഷണത്തെ തൊട്ട് സുരക്ഷിതരായവർ? (3 വട്ടം). അല്ലാഹുവാണെ, വെറും ഒരു മണിക്കൂർ നേരത്തെ (വളരെ ചെറിയ സമയത്തെ) അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ കാരണത്താൽ പോലും അതിൽ ക്ഷമിക്കാതെ ആളുകൾ ദീനിനെ വിട്ടു പിന്തിരിഞ്ഞു പോയേക്കാം".


ആകയാൽ ദുനിയവിയ്യായ പരീക്ഷണങ്ങളെ കുറിച്ചോർത്തല്ല നമ്മൾ വേവലാതി കൊള്ളേണ്ടത്, മറിച്ച് ആത്മീയമായ പരീക്ഷണങ്ങൾ വന്നു ചേരുന്നതിനെ പേടിച്ചാണ്. ഈമാനിനും ഇസ്‌ലാമിനും ഭീഷണിയാകുന്ന തരത്തിൽ നമ്മുടെ ചിന്തകളെ പരീക്ഷിക്കാൻ അല്ലാഹുവിന് എളുപ്പമാണ്. ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. എല്ലാ വഴിയിലും പരീക്ഷണങ്ങൾ നിറയുമ്പോഴും പ്രതീക്ഷകൾ പൂത്തുലഞ്ഞു തന്നെ നിൽക്കണം. ജീവിതം സന്തോഷത്തിന്റെ ഒരു വാതിൽ അടച്ചിടുമ്പോൾ ക്ഷമയും സഹനവും തവക്കുലും വിജയത്തിന്റെ എട്ടു വാതിലുകൾ തുറന്നു നൽകുന്നുണ്ട്.


രോഗത്തിൽ നിന്നും ശമനം ലഭിക്കാൻ വേണ്ടി ഡോക്ടർമാർ സൂചി കുത്തുന്നത് നമുക്ക് വേദനിക്കുന്നുണ്ട് എങ്കിലും ആത്യന്തികമായി അത് നമ്മുടെ നന്മക്ക് വേണ്ടിയുള്ള വേദനിപ്പിക്കലാണ്. നമ്മെയിഷ്ടമല്ലാത്തത് കൊണ്ടാണ് അല്ലാഹു പരീക്ഷിക്കുന്നത് എന്ന ചിന്ത മായ്ച്ചു കളയേണ്ടത് അവനേറ്റവും ഇഷ്ടപ്പെട്ട പ്രവാചകന്മാർക്കാണ് മനുഷ്യരിൽ ഏറ്റവും പരീക്ഷണങ്ങളും അവൻ നൽകിയത് എന്നോർത്തു കൊണ്ടാണ്. മറ്റാരില്ലെങ്കിലും അല്ലാഹു കൂടെയുണ്ട് - അവനിലേക്ക് തന്നെയാണ് പരമമായ മടക്കവും.💖

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...