Sunday, October 15, 2017

രോഹിംഗ്യൻ വേദനകൾ കാട്ടാളന്മാർ കേൾക്കുമോ?

സ്വന്തമാണെന്നു പറയാൻ ഈ ഉലകത്തിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ പ്രയാസങ്ങളുടെ നടുത്തളത്തിൽ മരിച്ചു ജീവിക്കുന്ന റോഹിംഗ്യൻ മുസ്ലിംകളിലെ നാൽപ്പതിനായിരത്തോളം അഭയാർത്ഥികൾ ഇന്ത്യയിലുണ്ട്. അവരെ നാട് കടത്താൻ ഒരുങ്ങുകയാണ് വർഗ്ഗീയത തലക്ക് പിടിച്ച സംഘീ ഭരണകൂടം എന്ന റിപ്പോർട്ട് വന്നത് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ഇന്ന് അതേ സർക്കാരിന്റെ ആഭ്യന്തര മന്ത്രി പറയുന്നത് അരുണാചൽ പ്രദേശിൽ അഭയാർത്ഥികളായുള്ള പതിനായിരത്തിൽ പരം ബുദ്ധ മതക്കാർക്ക് രാജ്യത്തെ പൗരത്വം കൊടുക്കാൻ പോകുന്നു എന്നാണ്.

ഒരേ വിഷയത്തിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ഒരു കൂട്ടർക്ക് പൗരത്വം കൊടുക്കുന്നു, മറ്റൊരു കൂട്ടരേ തീരാ ദുരിതക്കയത്തിലേക്ക് ഇറക്കി വിടുന്നു. ആരോരും സഹായിക്കാനില്ലാത്ത, അശരണരായ അഭയാർഥികളുടെ വിഷയത്തിൽ പോലും വർഗ്ഗീയ രാഷ്ട്രീയം കളിച്ചു മുസ്ലിം വിരുദ്ധത തെളിയിക്കുകയാണ് BJP. മുസ്ലിമാണെങ്കിൽ അവർക്ക് യാതൊരു വിധ മാനുഷിക പരിഗണന പോലും നൽകാതിരിക്കാൻ സർക്കാർ ബദ്ധശ്രദ്ധരാണ്. മതവും ജാതിയും രീതിയും നോക്കാതെ തിബത്തൻ ബുദ്ധ മതക്കാരെയും ശ്രീലങ്കൻ തമിഴരെയും അതുപോലെ കാലാകാലങ്ങളിൽ പലതരക്കാരായ അഭയാർത്ഥികളെ സ്വീകരിക്കുകയും നിയമസുരക്ഷിതത്വം നൽകുകയും ചെയ്ത പാരമ്പര്യമുള്ള നാടിനെ ഹൈന്ദവ ദേശീയതയുടെ വോട്ടുപെട്ടി ലക്‌ഷ്യം വെച്ച് മനുഷ്യാവകാശങ്ങളെ വരെ കുരുതി കൊടുക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.




ലോകത്തെ ഏറ്റവും കൂടുതൽ പീഢിപ്പിക്കപ്പെട്ടതും വംശഹത്യാ ശ്രമങ്ങൾക്ക് നിരന്തരം ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്നവരുമായ ആയിരക്കണക്കായ ഒരുകൂട്ടം നിസ്സഹായരായ മനുഷ്യരെ അവരുടെ മതം ഇസ്‌ലാമായിപ്പോയി എന്ന കാരണത്താൽ മാത്രം രാജ്യത്ത് നിന്നും പുറം തള്ളുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത വിധം ക്രൂരവും അമാനവികവും മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ്. അല്ലെങ്കിലും സമാനതകളില്ലാത്ത പീഢനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന റോഹിംഗ്യകൾക്ക് വേണ്ടിയും അവരെ കൂട്ടക്കൊല ചെയ്ത് വംശഹത്യ നടപ്പിലാക്കുന്ന സൈന്യത്തിനും ബുദ്ധ ഭീകരർക്കും എതിരെ ലോകം മുഴുക്കെ സംസാരിക്കുന്ന സമയത്ത് മ്യാൻമറിൽ പോയി 'റോഹിംഗ്യൻ തീവ്രവാദികൾക്കെതിരെ മ്യാൻമർ സർക്കാരിനൊപ്പം നിൽക്കുന്നു' എന്ന് പ്രഖ്യാപിച്ച മനുഷ്യത്വം എന്ന വാക്കു പോലും പരിചയമില്ലാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ എന്ത് നീതി പ്രതീക്ഷിക്കാൻ!

ഡൽഹിയിൽ ജീവിക്കുന്ന ആയിരത്തോളം വരുന്ന റോഹിംഗ്യൻ കമ്മ്യൂണിറ്റിയെ പറ്റിയുള്ള ഒരു ലേഖനം ഈയടുത്ത് വായിച്ചതോർക്കുന്നു. വാടകക്കോ മനുഷ്യാവകാശ സംഘടനകൾ സൗജന്യമായി നൽകിയ സ്ഥലത്തോ ആണ് എല്ലാവരും ജീവിക്കുന്നത്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാതെ, വൈദ്യുതി സൗകര്യമോ ടോയ്ലറ്റുകളോ വൃത്തിയുള്ള താമസ സൗകര്യമോ ഇല്ലാതെ ആരോഗ്യപരമായ യാതൊരു പരിരക്ഷയോ വിദ്യാഭ്യാസ സൗകര്യമോ ഒരു തരത്തിലുള്ള പരിഗണനയോ ലഭിക്കാതെ അന്നന്നത്തെ അന്നത്തിനു വേണ്ടി കഠിനമായി ദണ്ഡിക്കേണ്ടി വരുന്ന ദയനീയമായ അവസ്ഥ അതിൽ നിഴലിച്ചു കണ്ടിരുന്നു. അഭയാർത്ഥി കാർഡുകമായി ആശുപത്രികളിൽ പോലും ചികിത്സ ലഭ്യമാകാത്തത്രയും അതിദയനീയതയിലാണവരുടെ ജീവിതം. ആശുപത്രിയിൽ എത്തിയാൽ തന്നെ ഭാഷാ പരിജ്ഞാനമില്ലായ്മയും ജീവനക്കാരുടെ കഠിനമായ വിവേചനപരമായ സമീപനങ്ങളും അവർക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നു.

മോഡീ ഗവണ്മെന്റ് ചെയ്തു കൂട്ടുന്ന മുസ്ലിം വിരുദ്ധമായ എല്ലാത്തരം തോന്നിവാസങ്ങളും ന്യായീകരിക്കുന്ന കൂട്ടത്തിൽ റോഹിംഗ്യകളെ പറഞ്ഞു വിടുന്നതിനെപ്പറ്റി പറഞ്ഞത് മ്യാന്മറിൽ റോഹിങ്ക്യൻ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തിനു ശേഷം ആണ് കേന്ദ്രം അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ്. ബല്ലാത്ത ന്യായീകരണം! വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്ന സമയത്ത് സഹികെട്ട് ഒരു കൂട്ടർ അങ്ങനെ തിരിച്ചടിക്കുന്നു എന്ന് തന്നെ വാദത്തിനായി വിചാരിക്കുക അങ്ങനെ എങ്കിൽ അതിന്റെ പേരിൽ എങ്ങനെയാണ് ആ സമൂഹം മുഴുവനുമായി അതിന്റെ പേരിൽ ശിക്ഷിക്കപ്പെടണം എന്ന് പറയുന്നത്? ഇന്ത്യാ രാജ്യത്ത് അവിടവിടെയായി ആയിരക്കണക്കായ മുസ്ലിമീങ്ങൾ ഹൈന്ദവ ഭീകരവാദികളായ സംഘ് പരിവാറിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിന്റെ പേരിൽ മുഴുവൻ ഹൈന്ദവ മതത്തിൽ വിശ്വസിക്കുന്നവരും തെറ്റുകാരാണ് എന്ന് പറയാമോ? ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്ന ഹൈന്ദവർ മുഴുവനും അപ്പേരിൽ നാട്ടിലേക്ക് മടങ്ങണം എന്ന് പറയുന്നത് പോലെ എത്ര തരം താണ ന്യായീകരണമാണത്!

അങ്ങനെ ഒരു വാദത്തിലാണ് സർക്കാർ എങ്കിൽ അവിടെപ്പോലും വിവേചനം വ്യക്തമായിക്കാണാം. മ്യാൻമറിൽ ഇതേ റോഹിംഗ്യൻ മുസ്ലിംകളെ വെട്ടിയും കത്തിച്ചും ബലാൽസംഗം ചെയ്തും കൊന്നു തീർക്കുന്നതിൽ നല്ലൊരു പങ്ക് ബുദ്ധമത ഭീകരവാദികൾക്കാണ്. ഇന്ത്യയിലെ റോഹിംഗ്യകളെ പുറത്താക്കാനുള്ള ന്യായം അങ്ങനെയെങ്കിൽ അരുണാചലിലെ ബുദ്ധമതക്കാരായ അഭയാർത്ഥികൾക്കും ബാധകമാകണ്ടേ?! അവർക്കും ഒരു സഹായവും ചെയ്തു കൊടുക്കരുതല്ലോ. പക്ഷെ, സർക്കാർ ചെയ്യുന്നത് അവർക്ക് പൗരത്വം കൊടുത്ത് സംരക്ഷിക്കുകയും മുസ്ലിംകൾ ആയിപ്പോയി എന്നതിനാൽ റോഹിംഗ്യകളെ പുറത്താക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു!.


Rohigyan Slum in Delhi


ചുരുങ്ങിയ നാളുകൾ കൊണ്ട് ബംഗ്ളാദേശിൽ അഭയാർത്ഥികളായെത്തിയ റോഹിംഗ്യകളുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. തിന്നാനും ഉടുക്കാനും അന്തിയുറങ്ങാനും ഒന്നുമില്ലാതെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ജീവനും കൊണ്ട് ഓടിയവർ. അത്തരം ഒരു വിഭാഗക്കാരായ ജനതയെ അതിർത്തിയിലേക്ക് മടക്കി അയച്ചാൽ എന്താണവർക്ക് സംഭവിക്കാൻ പോകുന്നത്? ഒന്നുകിൽ മ്യാൻമർ പട്ടാളത്തിന്റെ വെടിയേറ്റ്, അല്ലെങ്കിൽ ബുദ്ധിസ്റ് ഭീകരന്മാരുടെ കൈകളാൽ മരിച്ചു വീഴും, അല്ലെങ്കിൽ ഇപ്പോ ഇന്ത്യയിൽ ഉള്ളതിലേറെ ദയനീയമായ ബംഗ്ളാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ മരണം ജീവിതത്തേക്കാൾ സുന്ദരമാണ് എന്ന് വിശ്വസിക്കാവുന്ന തരത്തിൽ ദയനീയമായ ജീവിതം നയിക്കണം. ഒരൽപം മനുഷ്യത്വം ഇരക്കുന്ന ആ പാവം ജനതയെ മുസ്ലിംകളായിപ്പോയി എന്ന കാരണത്താൽ മടക്കി അയക്കുന്നത് വല്ലാത്ത ക്രൂരതയാണ്. ചരിത്രം ഒരിക്കലും മാപ്പു നൽകില്ലാത്ത കഠിനമായ മനുഷ്യാവകാശ ലംഘനം.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി പോലും റോഹിംഗ്യകളെ നാടുകടത്താനുള്ള ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തു വന്നിട്ടും അണ്ണനും കൂട്ടർക്കും കുലുക്കമില്ല. കൊന്നും കത്തിച്ചുമൊക്കെ അറപ്പു തീർന്നൊരു വിഭാഗത്തിന്റെ പ്രഖ്യാപിത നേതാവിന് മനുഷ്യത്വമെന്ന വികാരം കൈവരുമെന്ന പ്രതീക്ഷ വെക്കുന്നവരാണ് വിഡ്ഢികൾ. 😪

والأرض وضعها للأنام

കാല,ദേശ,മത, ഭാഷാ വ്യത്യാസങ്ങൾക്കപ്പുറത്ത് മനുഷ്യർക്കെല്ലാമായാണ് രക്ഷിതാവ് ഭൂമിയെ സംവിധാനിച്ചു വെച്ചിരിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ മനുഷ്യരെയെല്ലാം ഒരേ ഒരു സമൂഹമായി അവൻ സൃഷ്ടിക്കുമായിരുന്നു എന്നും ഖുർആൻ പറയുന്നത് കാണാം. ഈ വൈവിധ്യങ്ങളും വ്യത്യാസങ്ങളും മനുഷ്യർക്ക് ഗുണമായി അവൻ സംവിധാനിച്ചു വെച്ചതാണെന്നിരിക്കെ മനുഷ്യർ എന്ത് കൊണ്ടാണിതിനെ പരസ്പരം കൊന്നൊടുക്കാനും മറ്റുള്ളവർക്ക് ഭൂമിക്ക് മുകളിൽ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നത്? റോഹിഗ്യകളും ഭൂമിയുടെ അവകാശികളല്ലേ?

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...