Sunday, October 15, 2017

മുഹമ്മദ് ശൊഹൈത്: ഐലൻ കുർദ്ദിമാർ മരിച്ചു തീർന്നിട്ടില്ല!

ഐലൻ കുർദ്ദിമാരുടെ ജീവനറ്റു കൊണ്ടേയിരിക്കുകയാണ്. ഇപ്പ്രാവശ്യം അലിവും കരുണയും മനുഷ്യത്വമില്ലാത്ത ആസുരലോകത്തെ ജീവിതം കാലത്തേ നിർത്തിപ്പോയത് മുഹമ്മദ് ശൊഹൈത് എന്ന രോഹിംഗ്യൻ ബാലനാണ്. വേദനയുടെ നെരിപ്പോടിൽ ഇത്തിരി ആശ്വാസമാകുമെന്ന പ്രതീക്ഷയോടെ മാനവികതയുടെ ഏതെങ്കിലും തുരുത്ത് തുറന്നു വരുമെന്ന് കരുതി വെള്ളത്തിലൂടെ അവർ കറങ്ങുകയാണ്. ബംഗ്ളാദേശിലേക്ക് കടക്കാൻ വേണ്ടി ജീവനുമായി ഓടിയ പിതാവിനൊപ്പം നാഫ് നദി മുറിച്ചു കടക്കുന്നതിനിടെ മുങ്ങി മരിച്ച ശൊഹൈത് എന്ന പിഞ്ചു പൈതൽ ഒരു പ്രതീകമാണ്. ആരോരുമില്ലാതെ, മറവ് ചെയ്യപ്പെടാനുള്ള അവകാശം പോലുമില്ലാതെ കൊല്ലപ്പെട്ടു വീഴുന്ന നൂറുകണക്കായ രോഹിംഗ്യൻ കുഞ്ഞുങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും ലളിതമായ മരണത്തിന്റെ പ്രതീകം.


സമാധാനത്തിന്റെ നോബൽ സമ്മാനം അലമാരയിൽ പൂട്ടി ആങ് സാൻ സൂക്യി കഴുകന്മാരായ പട്ടാളക്കാരെയും രക്തക്കൊതിയന്മാരായ ബുദ്ധ ഭിക്ഷുക്കളെയും കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. ആർക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡങ്ങൾ കണക്കെ രാജ്യാതിർത്തികൾ പന്ത് തട്ടുന്ന രോഹിംഗ്യൻ ദുരിതത്തിന് എന്നാണൊരു ശമനം? എന്നിട്ടുമെന്തേ ലോകം നിശ്ശബ്ദരായി കണ്ടുനിൽക്കുന്നു? എന്തേ ആളും അർത്ഥവും ശക്തിയുമുള്ള മുസ്ലിം ഭരണാധികാരികൾ കണ്ണുതുറക്കുന്നില്ല?





ദാവൂദ് നബി(അ)ന്റെ കാലത്ത് ബനൂ ഇസ്രായേലി സമൂഹം മൂന്നു വിഭാഗമായി തിരിഞ്ഞു വന്നത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്.


1) ശനിയാഴ്ച മത്സ്യബന്ധനത്തിന് പോകരുത് എന്ന കൽപ്പന ലംഘിച്ച, പലവിധത്തിലുള്ള പാപങ്ങളിലായി മുഴുകിക്കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചു അക്രമകാരികളായി ജീവിച്ച ഒരു വിഭാഗം ആളുകൾ.


2) അവരോട് നന്മ കൊണ്ട് ഉപദേശിക്കുകയും അവരിലെ തിന്മകളെ വിരോധിക്കുകയും ചെയ്ത ദാവൂദ് നബി(അ)ന്റെ നല്ലവരായ അനുയായികളുടെ രണ്ടാം വിഭാഗം.


3) മൂന്നാമത്തെ വിഭാഗം ആളുകൾ യഥാർത്ഥത്തിൽ നല്ല വിശ്വാസികളും തിന്മകളെ തൊട്ട് വിട്ടു നിന്നവരുമായിരുന്നു. തിന്മയിൽ മുഴുകിയ ഒന്നാം വിഭാഗത്തെ ഉപദേശിക്കാനോ തിന്മകളെ വിരോധിക്കാനോ തയ്യാറാകാതിരുന്ന അവർ അങ്ങനെ ഉപദേശിച്ചിരുന്നു രണ്ടാം വിഭാഗത്തോട് "അല്ലാഹു നശിപ്പിക്കാൻ പോകുന്ന കൂട്ടരെ നിങ്ങളെന്തിനാണ് ഉപദേശിക്കാൻ പോകുന്നത്" എന്ന് ചോദിക്കുകയാണുണ്ടായത്. രണ്ടാം വിഭാഗം മറുപടി പറഞ്ഞത് "ഞങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല എന്നറിയാമെങ്കിലും അല്ലാഹുവിലേക്ക് ഞങ്ങൾ ഞങ്ങളുടെ കടമ നിറവേറ്റിയിട്ടുണ്ട് എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമല്ലോ" എന്നായിരുന്നു.


അവസാനം തെമ്മാടികളായ ഒന്നാം വിഭാഗത്തെ അല്ലാഹു കുരങ്ങുകളാക്കി മാറ്റി ശിക്ഷിച്ചു, സന്മാർഗ്ഗത്തിൽ ജീവിക്കുകയും അതോടൊപ്പം അക്രമികളോട് നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്ത രണ്ടാം വിഭാഗത്തെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തത് വ്യക്തമായി വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട്, പക്ഷെ തിന്മകൾ നടമാടുമ്പോൾ മിണ്ടാതെ സ്വന്തം കാര്യം നോക്കിയിരുന്ന വിശ്വാസികളായ മനുഷ്യരടങ്ങിയ മൂന്നാം വിഭാഗത്തെ എന്ത് ചെയ്തു എന്ന് ഖുർആൻ വ്യക്തമാക്കിപ്പറയുന്നില്ല.


തിന്മയോട് മനസ്സ് കൊണ്ട് വിരോധമുള്ളവരാകയാലും അത്തരം അക്രമികളുടെ പ്രവർത്തിയിൽ അസംപ്‌തൃപ്തരായിരുന്നതിനാലും അവരെയും അല്ലാഹു രക്ഷപ്പെടുത്തിയിട്ടുണ്ടാകും, പക്ഷെ ലോകാന്ത്യം വരെ അല്ലാഹുവിന്റെ കലാമിൽ വാഴ്ത്തപ്പെടുന്ന രണ്ടാം വിഭാഗത്തിൽ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അവർ പെടാതിരുന്നത് അക്രമങ്ങളും തെമ്മാടിത്തരങ്ങളുമായി നാട് നിറഞ്ഞ ഒരു സമൂഹത്തെ ഗുണദോഷിക്കാനോ സദുപദേശം കൊണ്ട് നന്നാക്കാനോ ശ്രമിക്കാനുള്ള കടമ നിറവേറ്റാതെ സ്വന്തം നഫ്സിലായി ഒതുങ്ങിയിരുന്ന മൂന്നാം വിഭാഗത്തെ വിശ്വാസികൾ ആയിരുന്നിട്ടു കൂടി അല്ലാഹു അവരെ അവസാനം എന്ത് ചെയ്തു എന്ന് പറയാത്തത് ചുറ്റുപാടും ആകെമൊത്തം തെറ്റുകൾ നടമാടുമ്പോൾ അതിനെതിരെ ശബ്ദിക്കാതെ അക്ഷന്തവ്യമായ മൗനം പുലർത്തിയത് കൊണ്ടാണ് എന്നത്രെ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.


വിശ്വാസികളായിരിക്കുക എന്നത് മാത്രമല്ല, ജീവിക്കുന്ന സമൂഹത്തിൽ നടമാടുന്ന അക്രമങ്ങൾക്കും അനീതികൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ അവരവർക്ക് കഴിയുന്ന രീതിയിൽ പ്രതികരിക്കലും ഉത്തമരായ വിശ്വാസികളുടെ കടമയാണ്. എല്ലാ അക്രമികളെയും അല്ലാഹു അവന്റെ കഠിനമായ ശിക്ഷയിലേക്ക് തള്ളി വിടുക തന്നെ ചെയ്യുമെങ്കിലും അതിനു കാത്തു നിന്ന് നിഷ്ക്രിയരായിരിക്കുന്നവർ എന്നെന്നും പ്രകീർത്തിക്കപ്പെടേണ്ടവരായി നിലകൊള്ളുകയില്ല എന്നതാണ് ദാവൂദ് നബിയുടെ സമൂഹത്തിന്റെ ചരിത്രം നൽകുന്ന പാഠം. 





മാനുഷികതയുടെ ഒരിറ്റു പരിഗണന പോലും ലഭിക്കാതെ റോഹിംഗ്യൻ പിഞ്ചു പൈതങ്ങൾ മരിച്ചു തീരുകയാണ്. തിന്നാനൊന്നുമില്ലാതെ, കിടപ്പാടമില്ലാതെ, ജീവനും കൊണ്ട് അവർ എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. ആയിരങ്ങൾ വെട്ടിയും കുത്തിയും കത്തിച്ചും വെടിവെച്ചും മുങ്ങിയും മറ്റും മറ്റുമായി മരിച്ചു തീരുന്ന, അരക്ഷിതരായി എങ്ങോട്ടു പോകണം എന്നറിയാതെ, കണ്ണീരു പോലും വറ്റി നിരാലംബരായ നിൽക്കുന്ന റോഹിംഗ്യൻ മുസ്ലിമീങ്ങളെ വാക്കു കൊണ്ടെങ്കിലും സമാധാനിപ്പിക്കാൻ പോലും തയ്യാറാകാതെ അധികാരവും സമ്പത്തും കഴിവുമെല്ലാം ആവോളമുണ്ടായിട്ടും മുസ്ലിം ലോകത്തെ ഭരണാധികാരികൾ സുഖസുഷുപ്തിയിൽ ലയിച്ചുറങ്ങുകയാണ്. എല്ലാ അനീതികൾക്കും കണ്ണടക്കലുകൾക്കും മറുപടി പറയേണ്ടി വരുന്ന ഒരു കോടതി വരാനുണ്ട് എന്നത് മറക്കരുത്.


ആ കോടതിയിൽ 'ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്' എന്നെങ്കിലും പറയാനുള്ള കാര്യങ്ങൾ ചെയ്ത ശേഷം ഫലം അല്ലാഹുവിലേക്ക് ഏൽപ്പിക്കാനുള്ള വകയെങ്കിലും മുസ്ലിം ലോകം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ വരും കാല സമൂഹം നമ്മെ കടമകൾ പൂർത്തിയാക്കിയ സത്യവിശ്വാസികളായി ഓർക്കാനേ പോകുന്നില്ല. അല്ലാഹു ഓർക്കാൻ വഴിവെക്കില്ല. സ്വന്തം സഹോദരന്മാർ കശാപ്പു ശാലയിലെ മൃഗങ്ങളെന്ന പോലെ അറുത്തു വീഴ്ത്തപ്പെടുമ്പോഴും നിഷ്ക്രിയരായി സ്വന്തത്തിലേക്ക് മുഖം പൂഴ്ത്തിക്കൂടിയ ഷണ്ഡന്മാർ മാത്രമായി വരും കാലം നമ്മെയോർക്കും.


ഇത്ര കഠിനമായ വംശ ഹത്യയും അനീതിയും അക്രമവും കണ്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന അധികാരികളുടെ കാരണത്താൽ സമൂഹത്തെ മൊത്തമായി അല്ലാഹു ശിക്ഷിക്കുമോയെന്ന് ഭയക്കാതെ വയ്യ. തിന്മയെ കൈകൊണ്ട് തടുക്കാൻ കഴിയുന്നവർ അത് ചെയ്യണമെന്നും അതിനു കഴിയാത്തവർ നാവു കൊണ്ട് തടയണമെന്നും അതിനും കഴിയാത്തവർ ഹൃദയം കൊണ്ട് വെറുക്കുകയും ചെയ്യണം എന്ന് പറഞ്ഞു നിർത്തിയിട്ടില്ല തിരു പ്രവാചകർ(സ്വ). അങ്ങനെ മനസ്സ് കൊണ്ട് വെറുക്കുന്ന നില ഈമാനിന്റെ 'ഏറ്റവും ബലഹീനമായ' അവസ്ഥയാണെന്നാണ് അവിടുന്ന് തുടർത്തിയത്. പ്രതികരണ ശേഷിയിൽ മുന്നിട്ട് നിൽക്കുന്നവർ ഈമാനിലും മുന്നിട്ടു നിൽക്കുന്നു, അതായത് ഈമാനിന്റെ ദാർഢ്യം കൂടുന്നതോടൊപ്പം തിന്മകൾക്കെതിരെയുള്ള പ്രതികരണവും കഠിനമാകുന്നു. മനസ്സിൽ വെറുപ്പ് പോലും വരാൻ മാത്രം വിഷയത്തെ പരിഗണിക്കാത്തവർക്ക് ഈമാനിന്റെ കണിക പോലും ബാക്കിയില്ലെന്നു വേണ്ടേ മനസ്സിലാക്കാൻ?! 😓

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...