Monday, October 16, 2017

ഗൗരി ലങ്കേഷ് - ആർജ്ജവത്തിന്റെ രക്തത്തുള്ളികൾ

"ഇന്ത്യാരാജ്യത്തെ ഒരു പൗര എന്ന നിലക്ക്‌ ഞാൻ BJP യുടെ ഫാസിസ്റ്റ്‌, വർഗ്ഗീയ രാഷ്ട്രീയത്തെയും, അവർ നടത്തുന്ന ഹിന്ദു ധർമ്മാശയത്തിന്റെ ദുർവ്യാഖ്യാനങ്ങളെയും ഹിന്ദു ധർമ്മത്തിലെ അനീതി പൂർവ്വകമായതും, അന്യായമായതും ലിംഗ വിവേചനപരവുമായ ജാതി വ്യവസ്ഥയെയും എതിർക്കുന്നു. LK അദ്വാനിയുടെ രാം മന്ദിർ യാത്രയെയും 2002 ലെ മോഡിയുടെ ഗുജറാത്ത്‌ വംശഹത്യയെയും ഞാൻ എതിർക്കുന്നു. രാജ്യത്തിന്റെ ഭരണഘടന വർഗ്ഗീയവാദിയാകാനല്ല, മതേതര പൗരയാകാനാണ്‌ പഠിപ്പിക്കുന്നത്‌.


സമൂഹത്തിൽ നിലനിന്ന ജാതീയമായ അസമത്വത്തിനെതിരെയും അനീതിക്കെതിരെയും നിലകൊണ്ട ബാസവണ്ണയെ പ്രസവിച്ച കർണ്ണാടകയിൽ നിന്നാണു ഞാൻ വരുന്നത്‌. വർഗ്ഗീയതക്കെതിരെ പടപൊരുതിയ ഡോക്ടർ BR അംബേദ്കർ രചിച്ച ഭരണഘടനയുള്ള ഇന്ത്യാ രാജ്യത്തെ പൗരയാണു ഞാൻ. അവരുടെയൊക്കെ അനീതിക്കെതിരായ പോരാട്ടത്തെ എന്റെ കഴിവിനനുസരിച്ച്‌ മുന്നോട്ടു കൊണ്ടു പോകുക മാത്രമാണു ഞാൻ ചെയ്യുന്നത്‌.


ഞാൻ ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു, അതിനാൽ തന്നെ വിമർശ്ശനങ്ങളോട്‌ തുറന്ന സമീപനം സ്വീകരിക്കുന്നു. എന്നെ ആളുകൾ അവർക്കാവശ്യമെങ്കിൽ BJP വിരുദ്ധയെന്നോ മോഡി വിരുദ്ധയെന്നോ വിളിക്കുന്നതിനെ ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. എനിക്ക്‌ എന്റെ അഭിപ്രായങ്ങളുണ്ടാകുന്നതിനു സ്വാതന്ത്ര്യമുള്ളത്‌ പോലെ അവർക്ക്‌ അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌".

:ഗൗരി ലങ്കേഷ്‌:





മോഡിയുടെ ഫാസിസ്റ്റ്‌ ഇന്ത്യയിൽ ഭീകരവാദികളുടെ കൊലക്കത്തിക്കിരയാകാൻ മതിയായ കാരണങ്ങൾ മിക്കതും ഗൗരിയിൽ സമ്മേളിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാൻ ഈ വാക്കുകൾ മാത്രം മതിയാകും. ബഹുസ്വരതയും മത സൗഹാർദ്ദവും സവർണ്ണ വിരുദ്ധതയും ദളിത്‌ ആഭിമുഖ്യവും സവർണ്ണ ഫാസിസത്തിന്റെ ഇന്ത്യയിൽ മഹാ അപരാധമാണല്ലോ.


കീഴടങ്ങാൻ തയ്യാറില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന കാവി ഭീകരത രാജ്യത്തെ കാലിസ്ഥാൻ ആക്കിക്കഴിഞ്ഞു. ശാനിയും വിനുവും മറ്റും മറ്റുമൊക്കെ പാഠമാക്കിക്കോളൂ എന്ന ആക്രോശവും 'മതേതര കേരള'ത്തിന്റെ പല ഭാഗത്ത്‌ നിന്നും ഉയർന്നു തുടങ്ങിയിരിക്കുന്നു.


പൻസാരേയും കൽബർഗിയും ഒരു തുടക്കമായിരുന്നില്ല - ഗൗരി ഒരു അവസാനവുമായിരിക്കില്ല. സംവാദാത്മകതയുടെ സെക്കുലർ ശബ്ദങ്ങൾ നാടിന്റെ മുക്കുമൂലകളിൽ കുഴിച്ചു മൂടാനുള്ള സവർണ്ണ സംഘി ഭീകര ദേശീയതയുടെ ചുവർ ചിത്രങ്ങളിൽ ഇനിയും രക്തവർണ്ണങ്ങൾ നിറയും, പിടിച്ചു കെട്ടാൻ മതേതര ഇന്ത്യയിലെ ജനതക്ക്‌ കഴിയുമോ എന്നതാണ്‌ കാലം അഭിമുഖീകരിക്കുന്ന പ്രസക്തമായ ചോദ്യം.


- പീഢിതരുടെയും അധ:സ്ഥിതരുടെയും ഭാഗത്ത്‌ നിലയുറപ്പിച്ച ആർജ്ജവത്തിനു ആദരാജ്ഞലികൾ -

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...