Tuesday, October 17, 2017

കനലായി മാറിയ പ്രതീക്ഷകൾ - പുകയായി തെളിഞ്ഞ രക്ഷ.

കച്ചവടത്തിനുള്ള യാത്രക്കിടെ പായ്ക്കപ്പൽ മറിഞ്ഞു കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഒരു പലകക്കഷണത്തിൽ അള്ളി പിടിച്ചു ഒഴുകിയൊഴുകി ഒരു ആൾപ്പാർപ്പില്ലാത്ത ദ്വീപിലെത്തിച്ചേർന്നതായിരുന്നു ഒരാൾ. എന്ത് ചെയ്യണമെന്നറിയില്ല, സഹായിക്കാൻ ആരുമില്ല എങ്കിലും തന്റെ റബ്ബിലേക്കുള്ള ആശ മുറിഞ്ഞിരുന്നില്ല. ബാക്കിയായ തന്റെ ആകെയുള്ള സമ്പത്ത് സൂക്ഷിക്കാനും പിടിമൃഗങ്ങൾ ആക്രമിക്കാതെ അന്തിയുറങ്ങാനും വേണ്ടി മരക്കൊമ്പുകൾ കൊണ്ട് അത്യദ്ധ്വാനം ചെയ്ത് അവിടെയൊരു കുടിലുണ്ടാക്കിയിരുന്നു അയാൾ. 

ഇടതൂർന്ന വനത്തിലെ മരങ്ങളുടെ കായ് കനികൾ ഭക്ഷിച്ചയാൾ ജീവിതം മുന്നോട്ടു തള്ളി. അതിരാവിലെ കടുത്ത തണുപ്പ് കാരണം കല്ലുകൾ കൂട്ടിയുരതി തീയുണ്ടാക്കി ശരീരം ചൂട് പിടിപ്പിച്ച ശേഷം കനലുകൾ വാരിയിട്ടയാൾ അന്നം തേടി അൽപ്പം ദൂരത്തേക്ക് പുറപ്പെട്ടു. വിശപ്പാറിയപ്പോൾ തിരിച്ചെത്തിയ അയാൾ കാണുന്നത് കനലുകളിൽ നിന്നും തീപടർന്ന് തന്റെ ആകെയുള്ള ബാക്കിയായ സമ്പാദ്യം സൂക്ഷിച്ച, ദിവസങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി താനുണ്ടാക്കിയ കുടിൽ കത്തിയമർന്ന് അന്തരീക്ഷം നിറയെ പുകയും കുറച്ചു ചാരവും മാത്രം ബാക്കിയായതാണ്. ഹൃദയം തകർന്നു വേദനിച്ചു കണ്ണീരോടെ 'എന്നെയെന്തിനാണ് അല്ലാഹ് ഇങ്ങനെ പരീക്ഷിക്കുന്നത്' എന്നയാളുടെ ഉള്ളിൽ നിന്നും വിതുമ്പൽ പുറത്തു വന്നു.






ഇനിയെന്ത് എന്നറിയാതെ അൽപ്പം ദൂരത്ത് മാറിക്കിടന്നു തളർന്ന് ഉറങ്ങിപ്പോയ അയാൾ ഗാഢനിദ്ര തെളിഞ്ഞത് കപ്പലിരമ്പത്തിന്റെയും അടയാള സൈറണിന്റെയും കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. എഴുന്നേറ്റ് തീരത്തേക്ക് നോക്കിയാ അയാൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കപ്പൽ ദൂരെ നിന്നും താൻ നിൽക്കുന്ന ദ്വീപിലേക്ക് വരുന്നു. ഓടി കടൽത്തീരത്ത് പോയി നിന്ന അയാളെ കപ്പലിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറിയ കൈബോട്ടിൽ ആളുകളെത്തി. രക്ഷപ്പെട്ടതിന്റെ ആനന്ദത്തിൽ സ്വയം മറന്നിരിക്കുന്നു അയാളോട് കപ്പൽ യാത്രക്കാർ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

"നിങ്ങൾ എങ്ങനെയാണ് ആ ദ്വീപിൽ ഞാൻ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നറിഞ്ഞത്?" - അയാൾ ചോദിച്ചു.

"ആൾപ്പാർപ്പില്ലാത്ത ആ ദ്വീപിൽ നിന്നും ആകാശത്തേക്കുയർന്ന പുക രക്ഷപ്പെടുത്താനുള്ള ഒരു അടയാളമായി മനസ്സിലാക്കിയാണ് ഞങ്ങൾ വന്നത്" - കപ്പൽ അധികാരികൾ പറഞ്ഞു.

ഒരു നിമിഷം - അയാളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി. തന്റെ കുടിൽ കത്തിച്ചാരമായി മാറിയതിൽ അല്ലാഹുവിന്റെ കഠിനമായ പരീക്ഷണം മനസ്സിലാക്കി ക്ഷമ നശിച്ചു വേദനിച്ചു പോയ ആ നിമിഷത്തെ അയാളോർത്തു. എത്ര കരുണാമയനാണല്ലാഹു! എന്റെ കുടിൽ കത്തി അതിന്റെ പുക ആകാശത്തേക്കുയർന്നില്ലായിരുന്നു എങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നല്ലോ! കുടിൽ കത്തിയതിന്റെ ചെറു വേദനയുടെ കൂടെ ഒറ്റപ്പെട്ട ആ ദ്വീപിൽ നിന്നുമുള്ള രക്ഷ അല്ലാഹു സംവിധാനിച്ചു വെച്ചിരുന്നു എന്നത് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണീർ ഉറ്റിവീണ മിഴികളോടെ അയാൾ ശുക്റിന്റെ സുജൂദിലായി അല്ലാഹുവിലേക്ക് തിരിഞ്ഞു.

പ്രതീക്ഷകളാണ് വിശ്വാസിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. അത് നഷ്ടപ്പെടുന്നതോടെ ജീവിതത്തിന്റെ മധുരം നഷ്ടപ്പെടുന്നു. ജീവിതം പ്രയാസങ്ങളുടെ മേൽ പ്രയാസങ്ങളുമായി കയ്‌പ്പേറിയതാകുമ്പോഴും ക്ഷമയുടെ അനന്തരഫലമായി സന്തോഷ പൂർണ്ണമായൊരു മരണാനന്തര ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവുമാണ് പ്രതിസന്ധികളെ അല്ലാഹുവിലേക്ക് തവക്കുലാക്കി തരണം ചെയ്യുന്നവർക്ക് കരുത്താകുന്നത്. ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും പുറകെ എപ്പോഴും സന്തോഷങ്ങൾ വരാനുണ്ട് എന്നത് ഒരു വാഗ്ദാനമാണ്. ഉസ്‌റിനോടൊപ്പം യുസ്‌റുമുണ്ടെന്നത് നിശ്ചയമാണല്ലോ. കാലതാമസം അല്ലാഹുവിന്റെ തെരഞ്ഞെടുപ്പാണ്, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്തായിരിക്കും ആ എളുപ്പം നമുക്ക് വന്നു ചേരുന്നത് എന്ന പ്രതീക്ഷ കൈവിടരുത്.

രക്ഷിതാവായ അല്ലാഹുവിന്റെ കാലെക്കൂട്ടിയുള്ള കൃത്യമായ അറിവോടും തീരുമാനത്തോടും കൂടിയല്ലാതെ ഒരില പോലും അനങ്ങുന്നില്ല. നമുക്ക്‌ ഇഷ്ടപ്പെടുന്നതിൽ നമുക്ക്‌ തിന്മയും നാം വെറുക്കുന്നതിൽ ചിലപ്പോ നമുക്ക്‌ നന്മയുമായിരിക്കും ഉള്ളടങ്ങിയിട്ടുണ്ടാകുക എന്ന ഖുർആനികാധ്യാപനം മറക്കരുത്‌....

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...