Wednesday, August 27, 2014

നമുക്ക് പിൻവാങ്ങാൻ സമയമായിട്ടില്ല..!!

ഫലസ്തീന് മേലുള്ള അക്രമങ്ങൾ ഇത് കൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. പുതിയ പുതിയ കാരണങ്ങൾ ഉണ്ടാക്കി എടുത്ത് കൃത്യമായ ഇടവേളകളിൽ ഒരു സമൂഹത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനുള്ള പതിയെ ഉള്ള ആസൂത്രണങ്ങൾ അവർ തുടരുക തന്നെ ചെയ്യും. വെടിനിർത്തലും സമാധാന ചർച്ചകളും വെറും പ്രഹസനം മാത്രമാണ് എന്ന് അനുഭവങ്ങളുടെ ഇന്നലേകൾ സാക്ഷ്യപ്പെടുത്തുന്നു. പിറന്നു വീഴുന്ന ഓരോ കുഞ്ഞും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് പരുക്കേൽപ്പിക്കും എന്ന് സയണിസം ഭയക്കുന്നു എന്നത് സത്യമാണ്.


ഇത്രയും കാലം നടന്ന അധിനിവേശങ്ങളിൽ ഒക്കെ സയണിസത്തിന്റെ സഹകാരിയായി നാമും നാമറിയാതെ മാറിയിട്ടുണ്ടാകാം. സാമ്പത്തിക മേഖലയിലെ വരുമാനം തീർച്ചയായും ഒരു നാടിന്റെ നട്ടെല്ലാണ്. എവിടെ നിന്ന് വരുന്നു എന്ന് നോക്കിയോ ഇത് കൊണ്ടുള്ള ലാഭം വിൽക്കുന്നവർ എന്തിൽ ഉപയോഗിക്കുന്നു എന്ന് നോക്കിയോ അല്ല നമ്മൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്. പക്ഷെ ഒന്നുണ്ട് തന്റെ കുഞ്ഞിനു വേണ്ടി നാം വാങ്ങുന്ന ഒരു വസ്തു കുട്ടിക്ക് പ്രയാസം വരുത്തും എങ്കിൽ നിശ്ചയമായും അത് വാങ്ങുന്നത് നമ്മൾ നിർത്തും.


 





നമ്മുടെത് അല്ലെങ്കിലും ഫലസ്തീനിന്റെ തെരുവുകളിൽ മരിച്ചു വീഴുന്ന കുഞ്ഞുമക്കളും ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും പറക്കമുറ്റും മുമ്പേ പറിച്ച് മാറ്റപ്പെടുന്ന ഇളം മേനികൾ..! നാം വാങ്ങിക്കൂട്ടുന്ന ഓരോ വസ്തുവിന്റെയും പ്രതിഫലം ആ കുരുന്നുകളുടെ തലയിൽ വന്നു വീഴുന്ന മിസ്സൈലുകൾ ആയി മാറുന്നു എന്നറിയുമ്പോൾ എങ്ങനെ അവരുടെ സാമ്പത്തിക അടിത്തറയെ സഹായിക്കാൻ നമുക്ക് കഴിയും..?


ആദരവായ നബി ;തങ്ങൾ (സ്വ) പറയുന്നത് നോക്കൂ:

مَثَلُ المؤمنين في تَوَادِّهم وتراحُمهم وتعاطُفهم: مثلُ الجسد، إِذا اشتكى منه عضو: تَدَاعَى له سائرُ الجسد بالسَّهَرِ والحُمِّى

സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരമെന്ന പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും. (ബുഖാരി)








മർദ്ദിതനെയും അക്രമിയെയും സഹായിക്കണം എന്നതാണ് പ്രവാചകർ നമ്മെ പഠിപ്പിച്ചത്. സഹായം എന്നത് എല്ലായ്പ്പോഴും ഒരേ രൂപത്തിൽ ആയിരിക്കണം എന്നില്ല. ലഭിക്കുന്ന ആൾക്ക് തദവസരം തന്നെ ഉപകരിക്കപ്പെടുന്നത് സഹായത്തിന്റെ ഒരു രൂപം മാത്രമാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും നല്ല സഹായം എന്നെന്നും നിലനിൽക്കുന്ന ലോകത്തേക്ക് ഉപകരിക്കുന്ന സഹായങ്ങൾ ചെയ്യുന്നതാണ്.


സ്വഹാബിയായ ജരീർ ഇബ്നു അബ്ദുള്ള (റ) തങ്ങൾ അവിടുത്തെ വേലക്കാരനെ അയച്ച് ഒരു കുതിരയെ 300 ദിർഹമിന് കച്ചവടം ഉറപ്പിച്ചു. പണം വാങ്ങാൻ കുതിരയേയും കൊണ്ട് വന്ന മനുഷ്യനെയും കുതിരയേയും കണ്ടപ്പോ മഹാനർക്ക് കുതിരയെ വളരെ വില കുറച്ചാണ് വിൽക്കുന്നത് എന്ന് മനസ്സിലായി. "നിങ്ങളുടെ കുതിര 300 നേക്കാൾ വിലമതിക്കുന്നു" എന്ന് പറഞ്ഞു ഉടമയോട് കൂടുതൽ വില അങ്ങോട്ട് ചോദിച്ച്, 400 ഉം 500 ഉം പറഞ്ഞ് ഒടുക്കം 800 ദിർഹം കൊടുത്ത് കുതിരയെ വാങ്ങി. പിന്നീട് ഈ അസാധാരണ പ്രവർത്തിയുടെ കാരണം അന്വേഷിച്ച വേലക്കാരനോട് അവിടുന്ന് പറഞ്ഞത് ആദരവായ നബി തങ്ങൾ (സ്വ) ക്ക് എല്ലാ സത്യവിശ്വാസികളോടും ആത്മാർഥതയും ഗുണകാംക്ഷയും ഉള്ളവനായിരിക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നാണ്..!





ഒരർത്ഥത്തിൽ ഇവിടെ വിൽപ്പനക്കാരൻ മർദ്ദിതന്റെ നിലയിൽ തന്നെയാണ് കാരണം തന്റെ നിർബന്ധമായ ആവശ്യം നിറവേറ്റാൻ പെട്ടെന്ന് പണം ലഭിക്കേണ്ട ആവശ്യത്തിലേക്ക് ലഭിക്കേണ്ട വിലയിലും കുറച്ച് വിൽക്കേണ്ടി വരുന്ന ദുരവസ്ഥയിലായിരുന്നു അദ്ദേഹം. അവിടെ സഹായം വ്യത്യസ്ഥമായ രീതിയിലായിരുന്നു ലഭിക്കേണ്ടത്. തനിക്ക് ലഭിക്കുന്ന ലാഭത്തെക്കാൾ തന്റെ സഹോദരന് ലഭിക്കുന്ന സഹായത്തെ ഇഷ്ടം വെച്ചവർ ലക്ഷ്യമാക്കിയത് സമ്പത്തിന്റെ വർദ്ധനവല്ല മറിച്ച് ഉള്ളത് തന്റെ സഹജീവിക്ക് ഉപകരിക്കപ്പെടാൻ ഉള്ളതാക്കി മാറ്റി തന്റെ ആഖിറത്തിലെ സമ്പാദ്യം വർദ്ധിപ്പിക്കുകയാണ് ഇവരൊക്കെ ചെയ്തത്. അഥവാ ചിലവഴിക്കപ്പെടുന്നതിലും അത് കൊണ്ട് മറ്റു സഹോദരർക്ക് സഹായം എത്തിക്കാൻ കഴിയുന്നതിലുമാണ് നേട്ടമുള്ളത്.




അക്രമിയെ സഹായിക്കുക എന്നത് ഏതു വിധേന എങ്കിലും അവനെ അവന്റെ അക്രമത്തെ തൊട്ട് തടയുക എന്നതാണ്.

انصر أخاك ظالماً أو مظلوماً، فقال: رجل يا رسول الله صلى الله عليه وسلم أنصره إذ كان مظلوماً، أفرأيت إذا كان ظالماً كيف أنصره؟! قال: تحجزه أو تمنعه من الظلم، فإن ذلك نصره

അക്രമി ആയ സഹോദരനേയും സഹായിക്കാൻ നബി തങ്ങൾ (സ്വ) പറഞ്ഞു - പക്ഷെ ആ സഹായം എന്ത് എന്ന് ചോദിച്ച സ്വഹാബതിനോട് അവിടുന്ന് പറഞ്ഞത് അവനെ അക്രമത്തെ തൊട്ട് തടയലാണ് അവനെ സഹായിക്കൽ എന്നാണ്.



കാരണം അക്രമി ഒരിക്കലും അല്ലാഹുവിന്റെ കോടതിയിൽ വെറുതെ വിടപ്പെടുകയില്ല. അതിനാൽ ശാരീരികമായോ വാക്ക് കൊണ്ടോ സമ്പത്ത് കൊണ്ടോ ഏതെങ്കിലും രീതിയിൽ അക്രമിയെ പ്രതിരോധിക്കുമ്പോൾ രണ്ട് കൂട്ടർക്കും സഹായം എത്തുന്നു എന്നതാണ് ശരി. അക്രമിക്കപ്പെടുന്നവൻ അതിനെ തൊട്ട് രക്ഷ നേടുകയും അക്രമി അവന്റെ ദുഷ് പ്രവർത്തിയിൽ നിന്ന് മാറി നില്ക്കുകയും ചെയ്യുന്നതോടെ ഇരു വിഭാഗത്തിനും ഉപകരിക്കപ്പെടുന്ന ഒരു സഹായമായി അത് മാറുന്നു.



പ്രതിരോധിക്കപ്പെടാൻ സാധ്യമല്ലാത്ത അക്രമിയിൽ നിന്നും മാറി നിൽക്കുക എന്നതല്ല മുസ്ലിമിന്റെ ധർമ്മം. മറിച്ച് ഏതെങ്കിലും ഒരു വിധേന അതിനെതിരെ ശബ്ദിക്കുക എന്നതാണ്. ശരീരം കൊണ്ട് കഴിയാത്തത് സമ്പത്ത് കൊണ്ട് കഴിയുന്ന കാലമാണ് നമുക്ക് മുന്നിൽ. അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്ന് പറഞ്ഞ പോലെ ഒരോരുത്തന്റെ ശേഷിക്ക് അനുസരിച്ച് പ്രതിഷേധ ശബ്ദം ഉയർത്താൻ കഴിയുന്നതാണ് നമ്മുടെ ലോകത്തെ സാമ്പത്തിക വ്യവഹാരക്രമങ്ങൾ. ഏറ്റവും ബലഹീനമായ സാമ്പത്തിക സ്ഥിതിയുള്ള നാടിനും നാട്ടുകാർക്കും ഒന്നിച്ചിരുന്നു സ്വന്തം വ്യാപാര വാണിജ്യ മേഖലയിൽ അക്രമികൾക്ക് സാമ്പത്തിക ഉപകാരം സാധ്യമാകുന്ന വിപണന വസ്തുക്കളെ ബഹിഷ്കരിക്കുന്നതിലൂടെ സമൂഹത്തിൽ സമ്പത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാം എന്ന് വിചാരിച്ച് ജീവിക്കുന്ന കുത്തക രാഷ്ട്രങ്ങളെ ഒരു ചെറിയ ശതമാനം എങ്കിലും എതിർത്ത് തോൽപ്പിക്കാൻ കഴിയും എന്നതാണ് അനുഭവ സത്യം.









പറഞ്ഞു വരുന്നത് ഫലസ്തീൻ എന്നത് വെറുമൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായി മനസ്സിലാക്കുന്നത് പിഴവാണ്. പിറന്നു വീണ ഭൂമിയിൽ വളർന്നു സുഗന്ധം പരത്തുന്നതിനെ ഭയപ്പെട്ട് മൊട്ടിടുമ്പോ തന്നെ കരിച്ചു ചാമ്പലാക്കപ്പെടുന്ന ഇളം പൂന്തളിരുകളുടെ ചോരയിറ്റുന്ന ശരീരം നമ്മിൽ വേദന സൃഷ്ടിക്കുന്നു എന്നത് സത്യമാണ്. സ്വന്തം നാട്ടിൽ എന്നല്ല നാമേവരും കാലു വെച്ച് നടക്കുന്ന ഭൂമിക്ക് മുകളിൽ പോലും ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ രോദനം ചെവിയിൽ മുഴങ്ങുമ്പോഴും അക്രമിക്കെതിരെ പ്രതികരിക്കാനും മർദ്ദിതനെ സഹായിക്കാനും നമുക്ക് കഴിയുന്നില്ല എങ്കിൽ ഈമാനിന്റെ അളവുകോലിൽ താഴെ താഴെയാണ് നമ്മുടെ സ്ഥാനം എന്നതാണ് സത്യം. മനസ്സ് കൊണ്ട് വെറുക്കുക എന്ന ഏറ്റവും ബലഹീനമായ ഈമാനിന്റെ അവസ്ഥയിലേക്ക് നാം താഴേണ്ടതില്ല കാരണം അതിന്റെ മുകളിൽ നമുക്ക് അല്ലാഹു തന്ന സമ്പത്തിനാൽ തന്നെ പ്രതികരിക്കാൻ നമുക്ക് കഴിയും എന്നതിൽ സംശയമില്ല.


നമുക്കുമുണ്ട് മക്കൾ. അവരുടെ കുഞ്ഞിളം മേനിയിൽ ഈച്ച വേണാൽ വേദനിക്കുന്നത് നമ്മുടെ മനസ്സിനാണ്‌. പക്ഷെ ഈച്ചക്ക് പകരം ബോംബുകൾ വന്ന് വീണാലും വേദനിക്കാൻ ബാപ്പയില്ലാത്ത, ഉമ്മയില്ലാത്ത കുടുംബമില്ലാത്ത ഒരായിരം പിഞ്ചു മക്കൾക്ക് വേണ്ടി സ്ക്രീനിന് മുമ്പിലിരുന്ന് സങ്കടപ്പെടാൻ മാത്രമേ ആളുകളുള്ളൂ. നമുക്ക് പ്രതികരിച്ചേ മതിയാകൂ. കാരണം കയ്യിലുള്ളതൊക്കെ ബാക്കിയായവർക്ക് മാറ്റി വെച്ച് മൂന്നു കഷണം വെള്ളത്തുണി മാത്രമെടുത്ത് നാം യാത്ര പോയതിന് പുറമേ നമ്മിലേക്ക് അമാനത്തായി നൽകിയ സമ്പാദ്യം എങ്ങനെ എന്തിൽ ചിലവഴിച്ചു എന്ന് ചോദിക്കപ്പെടുന്ന ദിനവും അനദി വിദൂരമല്ലാതെ നമുക്ക് വരാനുണ്ട്. ഏകനായ അല്ലാഹുവിലും അവന്റെ അന്ത്യ പ്രവാചകരിലും വിശ്വസിച്ചതിന്റെ പേരിൽ വംശ ഹത്യക്ക് വിധേയരാകുന്ന മുസ്ലിമായ സഹോദരന് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം വരാതിരിക്കില്ല തീർച്ച..



അവർ ഇപ്പോഴേ ആശങ്കയിലാണ്. ലോകം അവരവരുടെ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയപ്പോ ബാർകോഡ് മാറ്റിയത്രേ. അതേ സഹോദരാ നമുക്കും ചെയ്യാൻ കഴിയും പലതും. മാർക്കറ്റിൽ പോയി സാധനത്തിന്റെ വില നോക്കുന്ന കൂട്ടത്തിൽ ആ ബാർകോഡ് കൂടെ നോക്കണം. ഗാസയിലെ കരിഞ്ഞു വീഴുന്ന കുഞ്ഞുമക്കൾ ആകുന്ന വളം കൊണ്ട് തടിച്ച് കൊഴുക്കുന്ന സയണിസ്റ്റ് മരത്തിന്റെ വേരിൽ ഒരു കൊംബെങ്കിലും ഒടിക്കാൻ കഴിഞ്ഞാൽ അത് നാഥന്റെ അരികിൽ ഉപകരിക്കപ്പെടുന്ന സംബാദ്യമാകും എന്ന് പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് നീങ്ങാം.ബാർകോഡ് 729 ഇലും 871 ലും തുടങ്ങുന്ന എല്ലാ സാധനങ്ങളും വർജ്ജിക്കുക..







മിഠായിക്ക് പകരം ഷെല്ലുകലുടെ കഷണങ്ങൾ ലഭിക്കുന്ന കുഞ്ഞു പൈതങ്ങളുടെ നാട് നമ്മെ ഓരോരുത്തരെയും വേദനയോടെ നോക്കുന്നുണ്ട്. 'അരുത്' എന്ന് പറയാൻ നാവ് പൊങ്ങുന്നില്ല എങ്കിൽ ഈമാൻ ബലഹീനമാണ് എന്ന് അംഗീകരിച്ചേ മതിയാകൂ.. ഇസ്രായേലിന്റെ പ്രൊഡക്റ്റുകൾ ബഹിഷ്കരിക്കുക. ഓർക്കുക നമ്മുടെ കീശയിൽ നിന്ന് അവരിലേക്ക് പോകുന്ന ഓരോ നാണയതുട്ടുകളും ഗാസയിലെ പറക്കമുറ്റാത്ത കുഞ്ഞു മക്കളുടെ നെഞ്ചിലേക്ക് തുളച്ചു കയറുന്ന ബുള്ളറ്റുകളാണ്..



ആദരവായ നബി തങ്ങൾ (സ്വ) പറഞ്ഞു:

المؤمن للمؤمن كالبنيان يشد بعضه بعضا

"വിശ്വാസികള്‍ തമ്മിലുള്ള ബന്ധം പരസ്‌പരം ശക്തിപകരുന്ന ഒരു കെട്ടിടംപോലെയാണ്‌ (ബുഖാരി-മുസ്‌ലിം)

1 comment:

  1. ഫലസ്ഥീന്‍ മക്കളെ നീ കാക്കണേ അല്ലാഹ്..........ആമീന്‍

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...