Thursday, August 28, 2014

പ്രതീക്ഷയുടെയും ഭയത്തിന്റെയും നൂൽപ്പാലത്തിലൂടെ..

സത്യവിശ്വാസിയുടെ ജീവിതം പ്രതീക്ഷയുടെയും ഖൗഫിന്റെയും ഒത്ത നടുവിലായിരിക്കണം.റബ്ബിന്റെ അനുഗ്രഹങ്ങളിൽ അമിതപ്രതീക്ഷയോ മുഴുസമയവും റബ്ബിൽ നിന്നുള്ള ശിക്ഷയെ ചൊല്ലിയുള്ള അമിതഭയമോ വിശ്വാസിക്ക് കരണീയമല്ല. അഥവാ അവൻ ഏറെ പൊറുക്കുന്നവനാണ് എന്ന പ്രതീക്ഷ വെച്ച് തിന്മകളിൽ മുഴുകി ജീവിക്കാനോ ചെയ്ത് പോയ തെറ്റുകളിൽ അവനിൽ നിന്നുള്ള ശിക്ഷ സുനിശ്ചിതമാണ് എന്നതിന്റെ പേരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ഭയചകിതനായി ജീവിക്കാനോ പാടില്ല തന്നെ. കർമ്മങ്ങളിലും ചിന്തകളിലും മുഴുക്കെ സന്തുലിതമായ ഈ ചിന്ത തുടർത്തി ജീവിക്കെണ്ടിയിരിക്കുന്നു. താൻ ചെയ്യുന്ന കർമ്മങ്ങളുടെ പൂർണ്ണതയിൽ വേവലാതിയും റബ്ബിന്റെ ഔദാര്യത്തിൽ പ്രതീക്ഷയും വേണം.






ഹസ്രത്ത് ഉമർ (റ) തങ്ങൾ രോഗിയായപ്പോൾ ആദരവായ നബി തങ്ങൾ അവിടുത്തെ സന്ദർശിക്കാൻ ചെന്നു. സുഖവിവരം അന്വേഷിച്ച നബി തങ്ങളോട് ഉമർ (റ) പറഞ്ഞു: എനിക്ക് പ്രതീക്ഷയും ഭയവും ഉണ്ട് നബിയേ" (അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഉള്ള പേടിയും). അപ്പോൾ നബി തങ്ങൾ (സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ പ്രതീക്ഷയും ഭയവും (റബ്ബിനോടുള്ള)  ഒരുമിച്ച് ചേർന്നാൽ അല്ലാഹു അവന് അവന്റെ പ്രതീക്ഷയെ സഫലമാക്കി കൊടുക്കുകയും അവന്റെ ഭയത്തെ തൊട്ട് സംരക്ഷിക്കുകയും ചെയ്യും". (ബൈഹഖി)



മനുഷ്യ സഹജമായ വികാരങ്ങളാണ് പ്രതീക്ഷയും ഭയവും. രണ്ടും അമിതമാകുമ്പോ അത് ജീവിതത്തിന്റെ സ്വാഭാവികതയെ തന്നെ ബാധിക്കുമെന്നത് അനുഭവം ബോധ്യപ്പെടുത്തുന്ന പരമാർത്ഥമാണ്. കാലിടർച്ചകൾ സംഭവിക്കാത്തവർ അല്ലാഹുവിന്റെ സംരക്ഷണത്തിന്റെ വലയത്തിനുള്ളിൽ അവന്റെ ഔദാര്യം കൊണ്ട് പെടുത്തിയ സദ്‌വൃത്തർമാത്രമാണ്. മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ദുർബലമായ പ്രകൃതത്തിലാണ് എന്ന് മാത്രമല്ല മാനുഷിക ദൗർബല്യങ്ങളെ കൂടുതൽ വഷളാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ശക്തിക്ക് നാഥൻ അനുവാദവും നൽകി. തെറ്റുകളൊന്നും സംഭവിക്കാത്ത പ്രകൃതത്തിൽ സൃഷ്ടിക്കപ്പെട്ട മാലാഖമാർ മനുഷ്യരേക്കാൾ എല്ലാത്തിലും ഉത്തമന്മാർ ആണെന്ന് വരില്ല.




തെറ്റുകൾ വന്നു പോകുകയും എന്നാൽ തെറ്റിലേക്കുള്ള ചോദനകൾ ബാക്കിയിരിക്കെ തന്നെ സ്വശരീരത്തെയും മനസ്സിനെയും റബ്ബിന്റെ വഴിയിലാക്കി തിരിക്കുകയും ചെയ്ത മുത്തഖികളായ മനുഷ്യർ മലക്കുകളേക്കാൾ ഒരുവേള ഉത്തമരായിത്തീരും. ഇന്നലെകളിലെ ഇസ്ലാമിക ലോകത്ത് പ്രകാശം പരത്തിയ താരകങ്ങൾ പലരും അവരുടെ യുവത്വത്തിന്റെ തിളപ്പുള്ള കാലത്ത് തെറ്റുകളുടെ ലോകത്ത് വിരാജിച്ചവരായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് തൗബയുടെ പ്രാധാന്യവും സ്രഷ്ടാവിന്റെ മഗ്ഫിറതാകുന്ന അനുഗ്രഹത്തിന്റെ വിശാലതയും നമുക്ക് മനസ്സിലാകുന്നത്. നമ്മുടെ തെറ്റുകൾ മലയോളം വലുതായാലും അല്ലാഹുവിന്റെ മഗ്ഫിറത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കുന്നു എന്നതിൽ പ്രതീക്ഷ കൈവിടാൻ നമുക്ക് വകയില്ല.


എന്ത് തന്നെ തെറ്റായി പ്രവർത്തിച്ചാലും ദുനിയാവിൽ നമുക്ക് ചെന്ന് അഭയം പ്രാപിക്കാനുള്ള സങ്കേതമാണല്ലോ നമ്മുടെ മാതാവിന്റെ മടിത്തട്ട്. അവിടെ പൊറുക്കപ്പെടാത്ത പാതകങ്ങളില്ല. സമൂഹം മുഴുക്കെ എതിർക്കുന്ന മനുഷ്യനും തന്റെ മാതാവിൽ തീർച്ചയായും കാരുണ്യം കണ്ടെത്താൻ കഴിയുമെന്നത് വിശ്വാസി അവിശ്വാസി ഭേദമന്യേ ഏവരും സമ്മതിക്കും. മാതാവിന്റെ മനസ്സിൽ അവരുടെ കുട്ടിയോടുള്ള കാരുണ്യം അല്ലാഹു നിക്ഷേപിച്ചത്ര മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ല. എന്നാൽ ആദരവായ നബി തങ്ങൾ (സ്വ)  ഈയൊരു കാര്യം ഉദാഹരിച്ച ശേഷം പറയുന്നത് ഇങ്ങനെ: "ഒരു മാതാവിന് തന്റെ കുട്ടിയോടുള്ള കാരുണ്യത്തെക്കാൾ എത്രയോ മടങ്ങ്‌ കാരുണ്യവാനാണ് അല്ലാഹു സത്യവിശ്വാസികളുടെ മേൽ".




നിരാശരാകരുത് എന്നും ഞാൻ പൊറുക്കും എന്നതും നാഥന്റെ വാഗ്ദാനമാണ്. വാഗ്ദത്ത ലംഘനം റബ്ബിൽ നിന്നും ,അസംഭവ്യമാണ് താനും. ആളുകളുടെ വാഗ്ദാനങ്ങളിൽ അവസാനം വരെ ആശ വെക്കുന്ന നമുക്ക് നാഥനിൽ ആശ മുറിയാൻ ന്യായമെന്തുണ്ട്..?

لا تقنطوا من رحمة الله

(ആശയം): 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിങ്ങൾ ആശ മുറിയരുത്' (സൂറത്ത് സുമർ)

പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു വികാരവും പോലെ അമിതമാകുമ്പോൾ അതും ജീവിതത്തെ നേരായ വഴിയിൽ നിന്നും വഴിതിരിച്ചു വിടുന്നു. തെറ്റുകൾ ചെയ്യുന്ന സത്യവിശ്വാസിയായ മനുഷ്യനെ പിശാച് പ്രലോഭിപ്പിക്കുന്നതും രക്ഷിതാവിന്റെ പാപമോചന പ്രതീക്ഷ ഉയർത്തിയാണ്. അതിൽ വശംവദനായി കൂടുതൽ കൂടുതൽ ആഴത്തിൽ തെറ്റുകളിലേക്ക് നാം ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. തെട്ടുകളിലായി ജീവിക്കുന്ന മനുഷ്യന് പാപമോചനം തേടാനുള്ള മനസ്സ് തന്നെ നഷ്ടപ്പെടുകയാണ് ഒടുക്കം സംഭവിക്കുന്നത്. അത് വഴി ഈമാൻ പോലും നഷ്ടപ്പെടുകയും ചെയ്യുന്നു.  പ്രതീക്ഷ ഭയത്തെ മറികടന്ന് അതിന്റെ നിശ്ചയിക്കപ്പെട്ട സന്തുലനാവസ്ഥ ഇല്ലാതെയാക്കുമ്പോ പരാജയത്തിന്റെ പടുകുഴിയിലേക്ക് നാം ആപതിക്കുന്നു. എന്തൊരു കർമ്മം ചെയുംബോഴും ഇത് നാഥൻ വീക്ഷിക്കുന്നുണ്ട് എന്നും ഒടുക്കം അവന്റെ മുമ്പിൽ ഇതിന്റെ കണക്ക് പറയേണ്ടി വരും എന്ന ഭയവും നമ്മിൽ നിലനിൽക്കേണ്ടതുണ്ട്.




റബ്ബിനെ ഓർത്ത്, അവന്റെ മുമ്പിൽ നിൽക്കുന്ന ദിവസത്തെ ആലോചിച്ച് ഭയം ഗ്രസിച്ച്‌ മരണം പുൽകിയവർ പോലും സ്വഹാബതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതം മുഴുക്കെ അവന്റെ ത്വാഅതിലായി ജീവിച്ചിട്ടും ഒടുക്കം അവന്റെ കാരുണ്യതാൽ പൊതിയപ്പെട്ടില്ലെങ്കിൽ വരാനിരിക്കുന്ന നാശത്തെ ചൊല്ലിയുള്ള വേവലാതിയായിരുന്നു അവർക്കെല്ലാം. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവ്വഹിച്ച് കൊണ്ടിരിക്കെ ഹസ്രത്ത് ഉമർ (റ) പലപ്പോഴും  ഓതി തുടങ്ങിയ സൂറത്ത്

علمت نفس ما أحضرت

(ആശയം): (അന്നത്തെ ദിവസം ഓരോ ശരീരവും അതിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുക തന്നെ ചെയ്യും) എന്ന ആയത്ത് എത്തുമ്പോ അവിടുത്തെ ശംബ്ദം തന്നെ പൊട്ടിക്കരച്ചിൽ കാരണം നിലച്ചു പോകുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് ഹസ്രത്ത് അലി (റ) തങ്ങളാണ്.

സുഹ്ദിന്റെ പാരമ്യത്തിൽ ജീവിതം നീക്കിയ, ആദരവായ നബി തങ്ങളിൽ നിന്നും സ്വർഗ്ഗം കൊണ്ട് ഉറപ്പ് ലഭിച്ച  മഹാനായിരുന്നു ഉമർ തങ്ങൾ. എന്നിട്ട് പോലും ഭയത്തിന്റെ പിടിയിൽ നിന്നും അവർ വിട്ടുമാറിയിരുന്നില്ല എന്നോർക്കുമ്പോ നാമെങ്ങനെ ചിരിച്ചു കളിച്ചു മദിച്ചു നടക്കും..?




മരണക്കിടക്കയിൽ കണ്ണീരിലായി വിതുമ്പിയ അബൂ ഹുറൈറ (റ) തങ്ങളോട് കരച്ചിലിന്റെ കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് "ദീർഘമായ യാത്രയാണ് വരാനിരിക്കുന്നത്. കയ്യിലാകട്ടെ ആവശ്യത്തിനുള്ള വിഭവമില്ല താനും"..! ഹബീബിന്റെ തിരുവാക്യങ്ങൾ അബൂ ഹുറൈറ തങ്ങളോളം ലോകത്തിന് എത്തിച്ചു കൊടുത്ത സ്വഹാബി മറ്റൊരാളില്ല..! ദിവസങ്ങളോളം പട്ടിണി കിടന്നും ഹബീബിൽ നിന്നും വിദ്യ നുകർന്ന മഹാന് ഭയം തീർന്നില്ല എങ്കിൽ നാം..?

ഭയവും പ്രതീക്ഷയും നിലനിൽക്കണം. പ്രതീക്ഷ നമ്മെ ചെയ്തു പോയ തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ച്‌ ശുദ്ധമാകുവാനും ഭയം തെറ്റുകളെ തൊട്ട് വിദൂരത്താകാനും നമുക്ക് സഹായകമാകണം. അനുവദനീയമായ സുഖാസ്വാദനത്തിനിടയിലും റബ്ബിലേക്ക് മടങ്ങേണ്ട ദിവസത്തെ ഓർമ്മ വേണം. ഇത്ര കാലം ജീവിക്കുമെന്നതിൽ യാതൊരു ഉറപ്പും ലഭിച്ചവരല്ല നാമാരും. സൽക്കർമ്മങ്ങളിൽ ഉളരിക്കുകയും ശേഷം വരുന്ന വീഴ്ചകളിൽ അല്ലാഹുവിലേക്ക് പാപമോചന പ്രതീക്ഷ പുലർത്തി പശ്ചാത്തപിക്കുകയും വേണം. കുറഞ്ഞ രീതിയിലുള്ള കളിചിരികൾ അനുവദനീയമാണ് എന്ന് പറഞ്ഞ പണ്ഡിതർ പോലും രാത്രികാലങ്ങളിൽ പൊട്ടിക്കരഞ്ഞു കൊണ്ട് നിസ്ക്കാരത്തിൽ മുഴുകിയിരുന്നു എന്ന് ചരിത്രം പറയുന്നു.





അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) വിന്റെ മുമ്പിൽ വെച്ച് 'എനിക്ക് അസ്ഹാബുൽ യമീനിൽ പെടാനല്ല മറിച്ച് മുഖറബീനിൽ പെടാനാണ് ഇഷ്ടം' എന്നൊരാൾ പറഞ്ഞപ്പോ മഹാൻ അവിടുത്തെ തന്നെ ഉദ്ദേശിച്ച്പ റഞ്ഞുവത്രേ. " മരണശേഷം പുനരുദ്ധരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ ഇവിടെ ഉണ്ട്"..! തനിച്ച് കോടാനുകോടി ജനങ്ങൾക്കിടയിൽ തനിച്ച് നിന്ന് വിചാരണക്ക് വിധേയനാകുന്ന നാൾ എത്ര ഭീദിതം ആയിരിക്കും എന്ന് ഉൾക്കൊണ്ടവരുടെ മനസ്സായിരുന്നു അത്.

ആദരവായ നബി തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; അല്ലാഹു പറയുന്നു: "രണ്ട് ഭയം എന്റെ അടിമകളുടെ മേൽ ചുമത്തുകയില്ല, ഈ ലോകത്ത് വെച്ച് എന്നെ ഭയപ്പെടാതെ ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് ഞാൻ ഭയം നൽകുകയും ഇവിടെ എന്നെ ഭയപ്പെട്ട് ജീവിച്ചവന് വരാനിരിക്കുന്ന ലോകത്ത് എല്ലാ തരം ഭയത്തെ തൊട്ടും ഞാൻ സംരക്ഷിക്കുകയും ചെയ്യും."


എല്ലാ രസച്ചരടുകളും പൊട്ടിക്കുന്ന മരണവും മണ്ണിനടിയിലെ ദീർഘകാല ജീവിതവും അതിവേഗം നമ്മിലേക്ക് എത്തുക തന്നെ ചെയ്യും. ബാക്കിയാകുന്നത് കർമ്മങ്ങൾ മാത്രമാണ്. അന്ന് മറ്റൊരാളെ പഴിച്ച് രക്ഷപ്പെടാൻ സാധ്യമല്ല തന്നെ. നഷ്ടമായ നിമിഷങ്ങളുടെ വേദന എത്ര കഠിനമായതായിരിക്കും എന്ന് ഊഹിക്കാൻ പോലും വഴിയില്ല...

1 comment:

  1. മനസ്സില്‍ കൊളളുന്ന വരികള്‍..........
    അല്ലാഹു ഈ അമല്‍ സ്വീകരിക്കട്ടെ.. ആമീന്‍...

    ഇനിയും ഇതുപോലുള്ള Post കള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...