Saturday, February 14, 2015

പ്രണയത്തിന്റെ ദിനങ്ങൾ - വിജയത്തിന്റെയും..

ലൈലയിലും അവളോടുള്ള പ്രണയത്തിലും ലയിച്ച ഖൈസ് അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെ നിസ്ക്കരിക്കുകയായിരുന്ന മനുഷ്യന്റെ മുമ്പിലൂടെ നടന്നപ്പോൾ ആ മനുഷ്യൻ നിസ്ക്കാരത്തിൽ തന്നെ ഖൈസിനെ തടഞ്ഞു. അദ്ദേഹത്തിന്റെ നിസ്ക്കാരം തീരുന്നത് വരെ കാത്തു നിന്ന ഖൈസ് പറഞ്ഞുവത്രേ:

"സഹോദരാ, ലൈലയോടുള്ള അഗാധ പ്രേമത്തിൽ ലയിച്ച് എല്ലാം മറന്നു അലഞ്ഞു നടക്കുന്നത് കാരണം ഞാൻ നിങ്ങൾ നിസ്ക്കരിക്കുന്നത് കണ്ടില്ല - എന്നാൽ നിങ്ങളുടെ നിസ്ക്കാരത്തിന്റെ കാര്യമോ..? നിസ്ക്കാരത്തിൽ ആയിരിക്കുന്ന സമയത്തും നിന്റെ മുമ്പിലൂടെ ഞാൻ നടക്കുന്നത് നിനക്ക് കാണാൻ കഴിയുന്നുണ്ടല്ലോ".

സ്നേഹം അങ്ങനെയാണ് - മറ്റെന്തിനേക്കാളും സ്നേഹിക്കുന്നതിനെ പരിഗണിക്കുന്ന വികാരം. സ്നേഹിക്കുന്നതിൽ ലയിക്കുന്നതോടെ സർവ്വവും മറന്നു താനും തന്റെ പ്രണയവും മാത്രമാകുന്ന അവസ്ഥ. യാന്ത്രികമായി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ലാതെയാകുന്ന മനസ്സിന്റെ വൈകാരികമായ അനുഭവമാണ് ഖൈസിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.

 എന്നാൽ ഇലാഹായ, എല്ലാ സ്നേഹങ്ങളുടെയും അവകാശിയായ അല്ലാഹുവിന്റെ മുമ്പിൽ സംഭാഷണത്തിൽ ഏർപ്പെട്ട മനുഷ്യനാകട്ടെ അവന്റെ സ്നേഹത്തിൽ ലയിക്കുന്നില്ല - ചുറ്റുപാടുകൾ അവനിൽ നിറഞ്ഞു നിൽക്കുന്നു, അവിടെ പ്രണയവും പ്രണയിക്കുന്നവരും മാത്രമായി ചുരുങ്ങുന്ന പരമമായ അവസ്ഥ കൈവരുന്നില്ല. ആഴത്തിൽ തറച്ച അമ്പിനെ ഊരിയെടുക്കാൻ അലിയാർ(റ) തങ്ങൾക്ക് തന്റെ സ്നേഹഭാജനമായ ഇലാഹിലെക്കുള്ള മുനാജാത്തായ നിസ്ക്കാരത്തിലേക്ക് തിരിയാനാണ് തോന്നിയത്. താനും തന്റെ ഇലാഹും മാത്രമാകുന്നിടത്ത് വേദന അറിയുകയില്ലല്ലോ.  

സഹ്ൽ ഇബ്നു അബ്ദുല്ലാഹി തുസ്തുരി(റ) തങ്ങൾ വിവരിക്കുന്നത് നോക്കൂ:
"സ്നേഹം എന്നത് താൻ ചെയ്യുന്നതിനെയാകെ വിലയില്ലാത്തതായി കാണുകയും തന്റെ പ്രണയിനി ചെയ്യുന്നതിനെയാകെ, അതെത്ര ചെറുതായാലും വളരെ വലുതായി കാണുകയും ചെയ്യുന്ന അവസ്ഥയാണ്".

ഈമാനിന്റെ മധുരം നുകർന്ന മഹാപരിത്യാഗികൾ അവിടെയാണ് നിൽക്കുന്നത് - തന്റെ പ്രണയഭാജനമായ ഇലാഹിനോട് അടുക്കാൻ താൻ ചെയ്തതും ചെയ്യുന്നതുമൊന്നും ഒന്നുമല്ലെന്നും അവൻ തനിക്ക് നൽകുന്ന ഏതൊരു അനുഗ്രഹവും വളരെ വലുതാണെന്നും ഉള്ള കാഴ്ച്ച. എല്ലാത്തിലും അവന്റെ സ്നേഹം കണ്ടെത്തുന്ന മനസ്സ്. നാം സ്നേഹിക്കുന്നു എന്നതിലേറെ സ്നേഹിക്കപ്പെടുന്നു എന്നതിലാണ് മനസിന്റെ സന്തോഷം. സ്നേഹിക്കാൻ നമുക്ക് മടിയാണെങ്കിലും സ്നേഹിക്കപ്പെടാൻ നമുക്ക് ഇഷ്ടമാണ്. പിശുക്കില്ലാതെ നൽകുന്ന സ്നേഹം തിരിച്ചു ലഭിക്കണം എന്നാശിക്കാത്തവർ ആരുമുണ്ടാകില്ല. തിരിച്ചു ലഭിക്കാത്ത സ്നേഹം വല്ലാത്ത പ്രയാസമായി മനസ്സിനെ  നനക്കാത്തവരും ചുരുക്കമായിരിക്കും.




അതിരുകളില്ലാതെ വിശാലലോകത്തിൽ മുഴുക്കെ പരന്നു നിൽക്കുന്ന ഇഷ്ടമാണ് നമുക്കുമിഷ്ടം. ഞാനും ഞാൻ ഇഷ്ടപ്പെടുന്നവനും മാത്രമായി ചുരുങ്ങിച്ചുരുങ്ങി സ്വന്തത്തിൽ നിന്നും സ്വന്തത്തിലേക്ക് കുടുസ്സാകുന്ന സ്നേഹം അർത്ഥ ശൂന്യമാണ്. ഇലാഹിനോടുള്ള സ്നേഹമാണ് നമുക്ക് വഴിയാകേണ്ടത്. എന്തിനോടുള്ള സ്നേഹവും ഇലാഹിനോട് ബന്ധപ്പെടുന്നതോടെ അത് പടരുകയാണ് - അതിരുകളില്ലാതെ.

ഹാത്തം അൽ അസമ്മ്(റ) പറഞ്ഞു:

"സൃഷ്ടികളെ ആകമാനം ഞാൻ വീക്ഷിച്ചു, എല്ലാ ഓരോരുത്തർക്കും ഇഷ്ടങ്ങളും ഇഷ്ടപ്പെട്ടവരുമുണ്ട്.കാമുകന്മാരും കാമുകികളുമുണ്ട്. എന്നാൽ ഞാൻ മനസ്സിലാക്കി, ഈ ഇഷ്ട വസ്തുക്കളും ഇഷ്ടപ്പെട്ട ആളുകളും ഇഷ്ടങ്ങൾ ആകമാനവും അവൻ മരിച്ച്‌ ഖബ്റിലേക്ക് പോയിക്കിടക്കുന്നത് വരെ മാത്രമേ നിലനിൽക്കുകയുള്ളൂ. മനുഷ്യന് പ്രയാസങ്ങളിൽ സഹായിക്കാനുള്ളതാണല്ലോ ഇഷ്ടപ്പെട്ടവർ. 

ഏറ്റവും വലിയ പ്രയാസവും ഏകാന്തതയും എന്നിലേക്ക് വന്നു ചേരുന്ന എന്റെ ഖബ്റിലേക്ക് സഹായിയായി കൂട്ടായി വരുന്ന വല്ല കൂട്ടുകാരനും ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ഇത്രയും കാലത്തെ അവിടുത്തെ പക്കൽ നിന്നും ഞാൻ പഠിച്ച  ഖുർആനികാധ്യാപനങ്ങളിൽ നിന്നും ഹദീസുകളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയത് 'ഞാൻ ചെയ്യുന്ന സൽക്കർമ്മങ്ങൾ' മാത്രമാണ് എന്റെ കൂടെ ആരുമാരും കൂട്ടിനില്ലാത്ത ഖബ്റിൽ എന്റെ കൂടെ പോരുന്നത്. അങ്ങനെ സൽക്കർമ്മങ്ങളെ എന്റെ കൂട്ടുകാരനാക്കാൻ ഞാൻ തീരുമാനിച്ചു."

(ഇഹ്യാ ഉലൂമുദ്ദീൻ)


സ്നേഹം മുഴുക്കെ അല്ലാഹുവിന് വേണ്ടിയാകുന്നതോടെ അല്ലാഹു അവന്റെ ഗുണമായ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടം അവനിലേക്ക് തുറക്കപ്പെടുന്നു.

ആദരവായ നബിതങ്ങൾ(സ്വ) പറഞ്ഞു:

"അല്ലാഹു അവന്റെ ഒരു അടിമയെ ഇഷ്ടം വെക്കുമ്പോൾ അവൻ മുഖറബായ മാലാഖ ജിബ്‌രീൽ(അ) മിനോട് പറയും: "അല്ലയോ ജിബ്‌രീൽ ഞാൻ ഇന്നാലിന്ന മനുഷ്യനെ സ്നേഹിക്കുന്നു, അതിനാൽ തന്നെ നിങ്ങളും അവനെ സ്നേഹിക്കുക." അങ്ങനെ ജിബ്രീൽ(അ) ആ മനുഷ്യനെ ഇഷ്ടം വെക്കാൻ തുടങ്ങുന്നു. ശേഷം ആകാശ ലോകത്തെ അന്തേവാസികളായ മലാഇക്കതിനോട് മുഴുക്കെ ജിബ്രീൽ വിളംബരം ചെയ്യും: "അല്ലാഹു ഇന്നാലിന്ന മനുഷ്യനെ ഇഷ്ടപ്പെടുകയും അതിനാൽ അവനെ ഇഷ്ടപ്പെടാൻ കൽപ്പിക്കുകയും ചെയ്തു". അങ്ങനെ മാലാഖമാർ മുഴുക്കെ അവനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നു.തുടർന്ന് അവന്‌ ഭൂമിയിലുള്ളവർക്കിടയിൽ അവന് അല്ലാഹു സ്വീകാര്യത നൽകുകയും ചെയ്യുന്നു"

(ബുഖാരി)

അവനോടുള്ള പ്രണയമാണ് അവന്റെ ഹബീബ് (സ്വ) തങ്ങളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മാതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് പിതാവിനോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് ഭാര്യയോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് മക്കളോടുള്ള പ്രണയം, അവനോടുള്ള പ്രണയമാണ് സകല ചരാചരങ്ങളോടും വരുന്ന പ്രണയം. അവനാണ് എല്ലാ പ്രണയത്തിന്റെയും ഉടമ.

"എന്റെ അഭിപ്രായത്തിൽ അല്ലാഹുവിനോടുള്ള ഇഷ്ടത്തോടെ ഒരു കടുകുമണി കാണുന്നത്, സ്നേഹം മനസ്സിൽ നിറഞ്ഞിട്ടില്ലാത്ത 70 വർഷത്തെ ആരാധനക്ക് തുല്യമാണ്." (യഹ്യ ഇബ്നു മുആദ്)

അല്ലാഹുവിനോടുള്ള സ്നേഹം, ഇലാഹിനോടുള്ള പ്രണയം, അവൻ നിശ്ചയിച്ചതിനോടുള്ള അനുരാഗവും അവനിലേക്ക് ചേർത്തിയുള്ള ഇഷ്ടങ്ങളും മനസ്സിൽ നിറയുന്നതോടെ സ്നേഹം സർവ്വ വ്യാപിയായി നിറയുകയാണ്. സീമകളില്ലാത്ത അതിരുകളും വരമ്പുകളും ഇല്ലാത്ത വിശാലതയിലേക്ക് പടർന്നു പന്തലിക്കുകയാണ്...

അവനായിരിക്കട്ടെ നമ്മുടെ വാലന്റൈൻ..അവനിലേക്കാണല്ലോ എല്ലാ പ്രണയത്തിന്റെയും മടക്കം..

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...