Wednesday, October 14, 2015

സുഹൃത്തുക്കൾ - മനസ്സിന്റെ സഹകാരികൾ..

ജീവിതം ഏറ്റവും സുന്ദരമായി അനുഭവപ്പെടുന്നത് പലപ്പോഴും നാം ഏറ്റവും ഇഷ്ടപ്പെടുന്നവരോടൊപ്പം ആയിരിക്കുമ്പോഴാണ്. നല്ല കാലം നഷ്ടമായെന്ന് തോന്നുന്നതും അവരുമോത്തുള്ള ജീവിതം നഷ്ടമായ ഇതേ കാരണം കൊണ്ടാകാം..

ചില സൌഹൃദ ബന്ധങ്ങൾ ആത്മാവിലാണ് അള്ളിപിടിക്കുന്നത്. കൂട്ടുകൂടിയാൽ പിരിയുക പ്രയാസകരം തന്നെയാണ്. ജീവനും കൊണ്ടല്ലാതെ അത് പിരിയുകയില്ല. മുൻഗാമികളായ ചില മഹാന്മാർ പറയാറുള്ളത് 'സൗഹൃദം സത്യമാണെങ്കിൽ പിരിയുക അസാധ്യമാണ്' എന്നാണ്.

ചിന്തകളും ജീവിതവും അവരുമായി ബന്ധപ്പെടാതെ പോകില്ല. അത് കൊണ്ട് തന്നെയാണല്ലോ ആദരവായ നബിതങ്ങൾ സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കാൻ' ഉണർത്തിയതും. അതിനാൽ തിരഞ്ഞെടുപ്പാണ് പ്രധാനം. ഇരുലോക നന്മയാണ് ഏതൊരു വിശ്വാസിയായ നന്മയും ആത്യന്തികമായി ലക്ഷ്യമാക്കുന്നത്. അതിനുതകുന്നതും സഹായിക്കുന്നതും അല്ലാത്ത ബന്ധങ്ങൾ രണ്ടു ലോകത്തും ഉപകരിക്കുകയില്ല തന്നെ.

ഐഹികവും പാരത്രീകവുമായ വ്യവഹാരങ്ങൾ ഒക്കെ കഴിഞ്ഞ് 'ഞാൻ അവനെ എന്റെ സ്നേഹിതൻ ആക്കിയില്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു' എന്ന് ചിലർ വിലപിക്കേണ്ടി വരുമെന്ന് വിശുദ്ധ കലാം ഓർമ്മിപ്പിച്ച ബന്ധങ്ങളും കൂട്ടും ആകാതെ നോക്കുക എന്നത് ഓരോരുത്തനും അവന്റെ മനസ്സിൽ ഉറപ്പിക്കേണ്ടതാണ്.

അത്തർ വിൽപ്പനക്കാരന്റെ കൂടെ കൂടുമ്പോൾ അവനിൽ ഉള്ള സുഗന്ധം എങ്കിലും നമുക്ക് ലഭിക്കുമെന്ന പോലെ അല്ലാഹുവിനെ ഭയക്കുന്ന നല്ല കൂട്ടുകാരന്റെ ഭക്തിയും വിനയവും നല്ല സംസ്ക്കാരവും അറിവും സ്നേഹവും നമ്മിലേക്ക് നാമറിയാതെ വന്നു ചേരുക തന്നെ ചെയ്യും.ഒന്നുമില്ലെങ്കിൽ പരാജയത്തിന്റെ കുണ്ടിലേക്ക് ആപതിക്കുമ്പോ എവിടെയും കൂടെ ഉണ്ടായിരുന്ന തന്റെ സ്നേഹിതന് വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശ ചെയ്യാതിരിക്കാൻ അവർക്കെങ്ങനെ കഴിയും..?



സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഇന്നത്തെ യുവജനത സ്വന്തത്തെയും ബന്ധത്തേയും മറക്കാൻ തയ്യാറാകുന്നത്. പ്രസവിച്ച് വളർത്തി വലുതാക്കിയ മാതാവിനേക്കാളും പിതാവിനേക്കാളും സ്നേഹം സുഹൃത്തുക്കളോട് ആകുന്നത് പതിവ് കാഴ്ചയാണിന്ന്. വെറുക്കുന്നവരെ ഏറ്റവും കഠിനമായി വെറുക്കുക എന്നതും തഥൈവ. ആരേയും എപ്പോഴും ഒരു പരിധിക്കുള്ളിൽ നിന്ന് കൊണ്ട് മാത്രം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം എന്നതും ആദരവായ നബിതങ്ങളുടെ(സ്വ) അധ്യാപനമാണ്.

കൂടലും പിരിയലും, സ്നേഹവും വെറുപ്പും എല്ലാം അല്ലാഹുവിന്റെ കാരണത്താൽ മാത്രമായ കൂട്ടുകൾ ഇരുലോകത്തും തണലേകും.

أحب حبيبك هونا ما عسى أن يكون بغيضك يوما ما وأبغض بغيضك هون ما عسى أن يكون حبيبك يوم ما

(ആശയം): "മിതമായ സ്നേഹം മാത്രം നീ സ്നേഹിക്കുന്നവർക്ക് നൽകുക - ഇനിയൊരുനാൾ ആ വ്യക്തി നിന്നെ വെറുക്കാൻ തുടങ്ങിയേക്കാം. നീ ഏതൊരാളെ വെറുക്കുന്നു എങ്കിലും വെറുപ്പിൽ മിതത്വം കാണിക്കുക - കാരണം ഒരുനാൾ ആ വ്യക്തി നിന്റെ സ്നേഹഭാജനം ആയി മാറിയേക്കാം".

പേർഷ്യക്കാരനായ സൽമാൻ(റ) വിനെ അബുദ്ദർദ്ദാ(റ) സഹോദരനായി സ്വീകരിച്ചു. ഒരിക്കൽ സ്നേഹിതനെ തേടി വന്ന സൽമാൻ(റ) കണ്ടത് അശ്രദ്ധയും ദു:ഖിതയുമായ അബുദ്ദർദ്ദാ(റ) തങ്ങളുടെ  ഭാര്യയേയായിരുന്നു. സൽമാൻ തങ്ങൾ എന്താണ് കാര്യമെന്ന് അന്വേഷിച്ചു.

"നിങ്ങളുടെ സഹോദരൻ അബുദ്ദർദ്ദാഇന് ദുനിയാവിനോട് യാതൊരു താൽപ്പര്യവുമില്ല".

കുടുംബജീവിതത്തിലും ഭാര്യയിലും യാതൊരു താൽപ്പര്യവും ശ്രദ്ധയും അബുദ്ദർദ്ദാ കാണിക്കുന്നില്ല എന്നതാണ് ഭാര്യയുടെ പ്രശ്നമെന്ന് സൽമാൻ(റ) വിന് എളുപ്പത്തിൽ മനസ്സിലായി. സൽമാൻ തങ്ങൾ കാത്തിരുന്നു. അബുദ്ദർദ്ദാ(റ) തങ്ങൾ വരുകയും സൽമാന് ഭക്ഷണം ഒരുക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണം തയ്യാറായപ്പോൾ സൽമാനോട്‌(റ) തനിക്ക് നോമ്പാണെന്നും നിങ്ങൾ കഴിക്കൂവെന്നും സ്നേഹിതൻ അബുദ്ദർദ്ദാ(റ) ആവശ്യപ്പെട്ടു.

"നിങ്ങൾ കൂടെ ഭക്ഷിക്കുന്നില്ലെങ്കിൽ ഞാൻ കഴിക്കുകയില്ല"

എന്നായിരുന്നു സൽമാൻ(റ) തങ്ങളുടെ മറുപടി. ഗത്യന്തരമില്ലാതെ അബുദ്ദർദ്ദാ(റ) തങ്ങൾ കൂടെ കഴിച്ചു. രാത്രിയായപ്പോൾ സുന്നത്ത് നിസ്ക്കാരത്തിനായി തയ്യാറായി നിന്ന അബുദ്ദർദ്ദാ(റ) തങ്ങളോട് 'ഉറങ്ങാൻ പോകൂ' എന്ന് സൽമാൻ(റ) നിർബന്ധിച്ച് ആവശ്യപ്പെട്ടു. മനസ്സിലാമനസ്സോടെ അബുദ്ദർദ്ദാ തങ്ങൾ പോയി കിടന്നുറങ്ങി. ഇതേ രീതിയിൽ വീണ്ടും സംഭവിച്ചു - സൽമാൻ തങ്ങൾ അദ്ദേഹത്തെ ഉറങ്ങാൻ മടക്കി അയച്ചു. രാത്രിയുടെ അവസാന യാമം എത്തിയപ്പോൾ സൽമാൻ തങ്ങൾ സ്നേഹിതനെ വിളിച്ചുണർത്തി ഒപ്പം നിന്ന് നിസ്ക്കരിച്ചു.

സൽമാൻ (റ) സ്നേഹിതൻ അബുദ്ദർദ്ദാ(റ) തങ്ങളോട് പറഞ്ഞു:

"നിങ്ങൾക്ക് അല്ലാഹുവിനോട് കടമയുണ്ട് എന്നത് സത്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തോടും  കടമയുണ്ട് എന്നതും സത്യമാണ്, നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയോടും കടമയുണ്ട് എന്നത് സത്യമാണ്. എല്ലാവരോടുമുള്ള കടമ പാലിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്‌"

പിറ്റേന്ന് അബുദ്ദർദ്ദാ തങ്ങൾ ആദരവായ നബിതങ്ങളുടെ അടുക്കൽ പോയി സൽമാൻ തലേന്ന് രാത്രി ചെയ്തതിനെ കുറിച്ച് പരാതി പറഞ്ഞു - നബിതങ്ങൾ പറഞ്ഞു: "സൽമാൻ പറഞ്ഞത് ശരിയാണ്".

എത്ര നല്ല ബന്ധം !

ഐഹിക ലോകത്തെ കടപ്പാടുകൾ മറന്ന് കൊണ്ട് ദൈവിക വഴിയിൽ വിജയം നേടാമെന്ന അബുദ്ദർദ്ദാ തങ്ങളുടെ ജീവിതരീതിയിലെ പിഴവ് ഉറ്റസ്നേഹിതൻ സൽമാൻ(റ) യുക്തിപൂർവ്വം മാറ്റിയെടുത്തു. അവിടെയാണ് യഥാർത്ഥ സൗഹൃദങ്ങളുടെ പ്രസക്തി. ഭൗതികവും ഉഖ്രവിയ്യുമായ നന്മകൾ തന്റെ സഹോദരന് ലഭിക്കണം എന്ന ആത്മാർഥമായ മോഹമുള്ള ഒരു സൗഹൃദം നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്.

ബന്ധങ്ങൾ വളർത്തേണ്ടത് നിലനിൽക്കുന്ന ലോകത്തെ പരിഗണിച്ചാണ്. നല്ല ബന്ധങ്ങൾ കൊണ്ട് മനസ്സാണ് സമാധാനപ്പെടുന്നത്. പ്രയാസങ്ങൾ തളർത്താതെ മനസ്സിനെ സംരക്ഷിക്കുന്നതിൽ നല്ല ബന്ധങ്ങൾ സുപ്രധാനമാണ്‌. ഹൃദയ രോഗങ്ങളുടെ മരുന്നായ അഞ്ചു കാര്യങ്ങളിൽ ഒന്നായി മഹാന്മാർ പഠിപ്പിച്ചത് (مجالسة الصالحين) സ്വാലിഹീങ്ങളുടെ കൂടെ കൂടലാണ്. അത് ഇരുലോകത്തും മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നു.

രണ്ടേ രണ്ടു കൂട്ടം സൌഹൃദങ്ങളാണ് നമുക്ക് മുന്നിലുള്ളത്. സ്വർഗ്ഗീയ ലോകത്തേക്കുള്ള യാത്രയിൽ തനിക്ക് സഹായമേകിയ ആത്മസുഹൃത്തിനും അതെ സൗഭാഗ്യം നൽകാൻ വേണ്ടി അല്ലാഹുവിനോട് കേഴുന്ന ഒരു വിഭാഗം കൂട്ടുകാർ. ആത്മാക്കളുടെ ലോകത്ത് അവർ കണ്ടുമുട്ടുമ്പോൾ പരസ്പരം പറയും -

نعم الأخ ، ونعم الصاحب ، ونعم الخليل

"നീയെനിക്ക് ഏറ്റവും ഉത്തമനായ സഹോദരനായിരുന്നു - ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു - ഏറ്റവും നല്ല സുഹൃത്തായിരുന്നു."

രണ്ടാമതൊരു വിഭാഗം തന്റെ അസാന്മാർഗ്ഗിക ജീവിതത്തിന്റെ കെടുതിയായ നരകലോകത്തെ പുൽകുമ്പോൾ അതിലേക്ക് തന്നെ നയിച്ച തന്റെ ആത്മസുഹൃത്തിനും അതേ ദുർഗതി വരുത്തണേ അല്ലാഹ് എന്ന് തേടുന്ന കൂട്ടുകാർ. ദുഷിച്ച ആത്മാക്കളുടെ സങ്കേതത്തിൽ അവർ പരസ്പരം പറയുമത്രേ:

بئس الأخ ، وبئس الصاحب ، وبئس الخليل

"നീയെനിക്ക് ഏറ്റവും അധമനായ സഹോദരനായിരുന്നു - ഏറ്റവും മോശക്കാരനായ കൂട്ടുകാരനായിരുന്നു - ഏറ്റവും ചീത്തയായ സുഹൃത്തായിരുന്നു."

രണ്ടിൽ ഒന്നിൽ നമ്മുടെ സൌഹൃദങ്ങൾ വരും - പരസ്പരം നന്മയിൽ സഹകരിക്കുന്ന, തിന്മ കണ്ടാൽ തിരുത്തുന്ന കൂട്ടുകാരായി ജീവിച്ച് ഒടുക്കം മുറുകെ ചേർത്ത് പിടിച്ച കൈകളുമായി പരസ്പരം പൊരുത്തപ്പെട്ട് ഇലാഹീ കടാക്ഷവും നേടി സ്വർഗ്ഗീയ ഭൂമികയിൽ സൗഭാഗ്യത്തിന്റെ മന്ദമാരുതനാൽ തലോടപ്പെടുന്ന നന്മയുടെ കൂട്ടാകട്ടെ നമ്മുടേത്.

അല്ലാഹു ഭാഗ്യം തരട്ടെ.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...