Tuesday, November 03, 2015

ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) വിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം

ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) തങ്ങൾ അബ്സീനിയൻ രാജാവായ നേഗസിന് മുന്നിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം:



"അല്ലയോ ചക്രവർത്തീ, ഞങ്ങൾ ജാഹിലിയ്യതിന്റെ കൈപ്പിടിയിലായിരുന്ന സമൂഹമായിരുന്നു - വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിച്ചിരുന്ന, ശവങ്ങളുടെ ഇറച്ചി ഭക്ഷിച്ചിരുന്ന, സകലമാന അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവർത്തികളിലും അഭിരമിച്ചിരുന്ന, കുടുംബ ബന്ധങ്ങളെ കാറ്റിൽ പറത്തിയിരുന്ന, അയൽപക്ക ബന്ധങ്ങളെ തകർത്തെറിഞ്ഞിരുന്ന, ശക്തിയുള്ളവർ സാധുക്കളായ മനുഷ്യരിൽ നിന്നും പിടിച്ചു പറിച്ചിരുന്ന സമൂഹമായിരുന്നു".

"ആ പതിതമായ അവസ്ഥയിൽ തന്നെ തുടരുകയായിരുന്നു ഞങ്ങൾ, അല്ലാഹു അവന്റെ ഒരു ദൂതരെ ഞങ്ങളിൽ നിന്ന് തന്നെ ഞങ്ങളിലേക്ക് പറഞ്ഞയക്കുന്നത് വരെ. അവിടുത്തെ സത്യസന്ധതയും വിശ്വാസ്യതയും ധർമ്മനിഷ്ഠയും കുടുംബ മഹിമയും ഞങ്ങൾക്കിടയിൽ പ്രസിദ്ധമായിരുന്നു".

"അവിടുന്ന് ഞങ്ങളെ അല്ലാഹുവിലേക്ക്, അവന്റെ ഏകത്വ അംഗീകരിക്കുന്നതിലേക്കും അവനെ ആരാധിക്കുന്നതിലേക്കും വിളിച്ചു. കല്ലുകളും വിഗ്രഹങ്ങളുമായി അല്ലാഹുവിന് പകരമായി ഞങ്ങളും ഞങ്ങളുടെ പ്രപിതാക്കളും ആരാധിച്ചിരുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടൊഴിയുന്നതിലേക്കും അവിടുന്ന് ഞങ്ങളെ വിളിച്ചു".

"സത്യം മാത്രം സംസാരിക്കാനും, വാഗ്ദത്തം പാലിക്കാനും, കുടുംബ ബന്ധങ്ങൾ ചേർക്കാനും, അയൽവാസികളോട് നല്ലനിലയിൽ വർത്തിക്കാനും, നിഷിദ്ധമായ സകലപ്രവർത്തനങ്ങളും നിർത്താനും, രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാനും, അശ്ലീലവും തെറ്റായതും വെറുപ്പുളവാക്കുന്നതുമായ സംസാരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അനാഥരുടെ സമ്പത്തിനെ കവരുന്നതിനെ തൊട്ട് ദൂരെയാകാനും പതിവ്രതകളായ സ്ത്രീകളെ കൊണ്ട് വ്യഭിചാര ആരോപണം നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കാനും അവിടുന്ന് ഞങ്ങളോട് അനുശാസിച്ചു".

"അല്ലാഹുവിന് യാതൊരു പങ്കുകാരെയും വിശ്വസിക്കാതിരിക്കാനും അവനെ മാത്രം ആരാധിക്കാനും അഞ്ചുനേരം നിസ്ക്കരിക്കാനും സക്കാത്ത് കൊടുക്കാനും റമളാൻ മാസം വ്രതമനുഷ്ടിക്കാനും കഴിവുള്ളവർ ഹജ്ജ് ചെയ്യാനും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു."

"ഞങ്ങൾ അവിടുത്തെയും അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്നതിലും വിശ്വസിക്കുകയും, അവിടുന്ന് വിരോധിച്ചത് ചെയ്യാതിരിക്കുന്നതിലും അവിടുന്ന് കൽപ്പിച്ചത് ചെയ്യുന്നതിലും ഞങ്ങൾ അവിടുത്തെ പിന്തുടരുകയും ചെയ്തു."

"ഞങ്ങൾ ഏകസത്യദൈവമായ അല്ലാഹുവിനെ മാത്രം ആരാധിച്ചു, അവനിൽ യാതൊരു പങ്കുകാരെയും വിശ്വസിച്ചില്ല, ഞങ്ങളുടെ മേൽ നിഷിദ്ധമാക്കിയതിനെ ഞങ്ങളും നിഷിദ്ധമാക്കി, ഞങ്ങളുടെ മേൽ അനുവദനീയമാക്കി തന്നതിനെ ഞങ്ങളും അനുവദനീയമാക്കി".

"അല്ലയോ മഹാരാജാവേ, അവിടുന്നങ്ങോട്ട് ഞങ്ങളുടെ നാട്ടുകാരായ ജനങ്ങൾ ഞങ്ങളെ ആക്രമിച്ചു, ഞങ്ങളെ ഞങ്ങളുടെ ദീനിൽ നിന്നും പിന്മാറ്റാൻ വേണ്ടിയും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്ക് ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനും വേണ്ടി അവരുടെ ക്രൂരതയുടെ ഭാഗമായ അതികഠിനമായ പീഡനങ്ങൾ അവരിൽ നിന്നും ഞങ്ങൾക്ക് ദർശിക്കേണ്ടി വന്നു".

"അവർ ഞങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തി, ഞങ്ങളുടെ ജീവിതം അസഹനീയവും താങ്ങാൻ കഴിയാത്ത പ്രയാസം നിറഞ്ഞതുമാക്കി, ഞങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ നിന്നും അവർ ഞങ്ങളെ തടസ്സപെടുത്തി"

"അങ്ങനെ ഒടുക്കം ഞങ്ങൾ ഞങ്ങളുടെ നാട് വിട്ടു പിരിഞ്ഞു, മറ്റാരേക്കാളും മുമ്പേ നിങ്ങളെ തിരഞ്ഞെടുത്ത് കൊണ്ട് അവിടുത്തെ നാട്ടിലേക്ക് വന്നു ചേർന്നു; അല്ലയോ രാജാവേ, ഞങ്ങൾ നിങ്ങളുടെ സംരക്ഷണം പ്രതീക്ഷിക്കുന്നു, അനീതിയും അക്രമവും സഹിക്കാതെ അവിടുത്തെ നാട്ടിൽ ജീവിക്കാൻ കഴിയും എന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു."

അവിടുത്തെ ഘനഗാംഭീര്യമാർന്ന പ്രസംഗം കേട്ട നജ്ജാശി രാജാവ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി

هل معك مما جاء به عن الله من شيء ؟

"നിങ്ങളുടെ കയ്യിൽ നിങ്ങളുടെ പ്രവാചകർ അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്ന വല്ല തെളിവുമുണ്ടോ?" എന്ന് ചോദിക്കുകയും ശേഷം ജഅഫർ തങ്ങൾ സൂറത്ത് മറിയമിലെ ആദ്യഭാഗം അവിടുത്തെ അതിമനോഹരമായ ശബ്ദത്തിൽ ഓതിക്കൊടുക്കുകയും ചെയ്തു. ഓത്ത് കേട്ട രാജാവ് താടി നനയുമാർ കരഞ്ഞു പോയി. കൂടെ അവിടെയുണ്ടായിരുന്ന വേദപണ്ഡിതന്മാരും കരഞ്ഞു പോയി. അദ്ദേഹം തുടർന്ന് പറഞ്ഞു:

إن هذا والذي جاء به عيسى ، ليخرج من مشكاة واحدة ، انطلقوا ! فوالله لا أسلمهم إليكم أبدا ولا أكاد

"നിശ്ചയമായും നിങ്ങളുടെ പ്രവാചകർ കൊണ്ട് വന്നതും ഈസാ നബി കൊണ്ട് വന്ന സന്ദേശവും ഒരേ യിടത്ത് നിന്ന് തന്നെയാണ് - നടന്നോളൂ, അല്ലാഹുവാണ് സത്യം, നിങ്ങളെ ഒരിക്കലും തന്നെ അവരിലേക്ക് ഞാൻ തിരിച്ചയക്കുകയേയില്ല".


മഹാന്റെ ഹഖ് കൊണ്ട് നമ്മെ അല്ലാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ..ആമീൻ..

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...