Tuesday, November 03, 2015

വിവാഹ ധൂർത്തും ആർഭാടവും

ആർഭാടം എന്നത് ഒരു പൊതുപ്രയോഗമാണ്. അതിനെ നിർവ്വചിക്കപ്പെടണം വ്യക്തമായും. ആർഭാടം ആപേക്ഷികമാണ് താനും. കാരണം ഒരാൾക്ക് ആർഭാടം ആകുന്നത് മറ്റൊരാൾക്ക് അങ്ങനെ ആകണം എന്നില്ല. പൊതു നിർവ്വചനങ്ങൾ സ്വയം ചമച്ചുകൊണ്ട് വിപ്ലവം തീർക്കാനിറങ്ങിയാൽ അതിനു വിശുദ്ധ മതത്തിന്റെ പിന്തുണ കിട്ടുകയില്ല.

ധൂർത്തിനെതിരെ എന്ന പേരിൽ തുടങ്ങിയ കാമ്പെയിനുകളും എഴുത്തു കുത്തുകളും ചർച്ചകളുമെല്ലാം "ധൂർത്ത്" എന്നൊരു പൊതുപദത്തെ 'വിവാഹം' എന്നതിലേക്ക് ചുരുക്കിക്കെട്ടി എന്ന് മാത്രമല്ല കൂടുതലും വിവാഹം എന്നതിൽ നിന്ന് പിന്നെയും ഖാസ്വാക്കി 'ഭക്ഷണം കൊടുക്കുക' എന്നതിലേക്ക് ചുരുക്കി എന്നതാണ് പരിപാടികളിലെ പ്രാസംഗികരുടെ വാക്കുകളിൽ നിന്നും ലേഖകരുടെ കുറിപ്പുകളിൽ നിന്നും പ്രവർത്തകരുടെ ചർച്ചകളിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

ദുർവ്യയത്തെ എതിർക്കുന്നതിൽ പക്ഷാന്തരമില്ല. പക്ഷെ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന സൽക്കർമ്മങ്ങളെ കൂടെ ഇസ്രാഫിന്റെ കൂട്ടത്തിൽ എണ്ണി ആടിനെ പട്ടിയാക്കി അടിച്ചു കൊല്ലുന്ന ഏർപ്പാട് നല്ലതല്ല എന്ന് മാത്രമല്ല ഒട്ടനവധി നന്മകൾക്ക് കത്തി വെക്കലുമാകും.

لا خير في الإسراف ولا إسراف في الخير

'നല്ല കാര്യങ്ങളിൽ ദുർവ്യയമില്ല - ദുർവ്യയത്തിൽ നന്മയുമില്ല' എന്ന പ്രയോഗം സുപരിചിതമാണല്ലോ. ആവതിനപ്പുറം ആണെങ്കിൽ പോലും ആ ചിലവഴിക്കൽ നന്മ ഉദ്ദേശിച്ചു കൊണ്ട്, നല്ല മാർഗ്ഗത്തിൽ ആകുമ്പോൾ അത് ദുർവ്യയമാണെന്ന് പറയാൻ പാടില്ല എന്ന് ഉലമാക്കൾ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

മൂന്നിൽ ഒരു ഭാഗം മാത്രം കഴിച്ചും ഒരു ഭാഗം കുടിച്ചും ഒരു ഭാഗം കാലിയാക്കിയും ശീലിക്കലാണ് ശരിയായ ഇസ്ലാമിക വഴി എങ്കിലും അത്രത്തോളം ഉയർന്ന നിലയിലേക്ക് എല്ലാ സാധാരണക്കാർക്കും വളരാൻ കഴിഞ്ഞെന്നു വരില്ല. ആ തത്വം മനസ്സിലാക്കിയ ആൾ അതല്ലാത്ത രീതിയിൽ വയറു നിറക്കുന്നത് തെറ്റാണ് എന്ന് വാദിക്കുന്നത് എത്ര പോഴത്തമാണ്. ചില ആളുകൾ വാദിച്ചു വാദിച്ച് ആ രീതിയിലാണ് 'ധൂർത്ത്' വിഷയം കൈകാര്യം ചെയ്യുന്നത് എന്നാണ് ശ്രദ്ധിച്ചപ്പോ മനസ്സിലാകുന്നത്.

ദുർവ്യയം എന്നത് ഇസ്ലാം പഠിപ്പിക്കുന്നത് ഹറാമിൽ ചിലവഴിക്കുന്ന എന്തിനെയും ആണ്. കല്യാണത്തിനാകട്ടെ അല്ലാത്തപ്പോഴാകട്ടെ, ഏതൊരു സത്യവിശ്വാസിയും അവന്റെ ജീവിതത്തിന്റെ സകലമേഖലകളിലും ശ്രദ്ധിക്കേണ്ട കാര്യമാണല്ലോ ദുർവ്യയം എന്നത് - കാരണം ദുർവ്യയക്കാരെ പിശാചിന്റെ കൂട്ടാളികൾ ആയാണ് വിശുദ്ധ കലാം പരിചയപ്പെടുത്തുന്നത്. അത് സമ്പത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നല്ല ഭക്ഷണം (അതെത്ര വിലപിടിച്ചതായാലും) ക്ഷണിച്ചു വരുത്തിയ ആളുകൾക്ക് കൊടുക്കുന്നത് (അതെത്ര ആളായാലും) നല്ലത് തന്നെ എന്ന് മാത്രമല്ല അത് ഏറ്റവും സുന്ദരമായ സുജന മര്യാദ കൂടിയാണ്. കുറച്ചാളുകൾക്ക് ഭക്ഷണം കൊടുക്കുന്നിടത്താണ് ചിലരുടെ ധൂർത്തിന്റെ നിർവ്വചനം ചെന്ന് ചേരുന്നത്. കഷ്ടം.





വിഭവങ്ങൾ കൂടുന്നതോ വിലപിടിച്ചതാകുന്നതോ ആളുകൾ കൂടുന്നതോ ദുർവ്യയത്തിന്റെ മാനദണ്ഡമാക്കുന്നത് തെറ്റാണ്. കാരണം ഇസ്ലാമിക നിയമങ്ങൾ പൊതുസ്വഭാവം ഉള്ളാതാണെന്നത് അതിന്റെ ഏറ്റവും വലിയ മഹത്വങ്ങളിൽ ഒന്നാണ്. വിലപിടിച്ചത് എന്നതിനെ പൊതുവായി മനസ്സിലാക്കുക എന്നത് തനി വിഡ്ഢിത്തം ആണെന്നതിൽ ആർക്കും തർക്കം ഉണ്ടാകില്ല - അവനവന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് സാധാരണയിൽ ഏതൊന്നിന്റെയും 'വിലപിടിപ്പ്' കണക്കു കൂട്ടുക. ആദരവായ നബിതങ്ങൾ (സ്വ) തന്നെ നൂറു കണക്കിന് സ്വഹാബത്തിനു വലീമത്ത് സദ്യ ഒരുക്കിയത് സത്യമായ പ്രമാണമാണ്‌. അത് തന്നെ നാട്ടിൽ പതിവുള്ള നല്ല ഭക്ഷണം തന്നെ നൽകുകയും ചെയ്തിട്ടുണ്ട് എന്നതിൽ നിന്നും നിരർഥകമായ പല വിതണ്ഡ ചിന്തകളും പൊളിയുന്നു.


ഉദാഹരണത്തിന്, ഭക്ഷണം പോലെ തന്നെ സ്വദഖാ ചെയ്യുന്ന മറ്റൊന്നാണല്ലോ പണം - ഭക്ഷണം വിലപിടിപ്പുള്ളത് കൊടുക്കുന്നതും അതിനായി ഒരുപാട് ചിലവഴിക്കുന്നതും തെറ്റാണ് എന്ന് പറയുന്നവർ ഒരു സമ്പന്നൻ അവന്റെ കഴിവ് അനുസരിച്ച് കയ്യിലുള്ള സമ്പത്തിൽ നിന്നും പാവങ്ങൾക്ക് ഒരുപാട് നൽകുന്നതിനെയും തെറ്റാണെന്ന് പറയുമോ ആവോ ! കാരണം താരതമ്യേന സമ്പത്ത് കുറഞ്ഞ മനുഷ്യൻ അവന്റെ കഴിവിനൊത്ത് ആണ് സാധുക്കളെ സഹായിക്കുക എന്നത് പരമാർഥമല്ലേ..!


നമ്മൾ വീട്ടിൽ സാധാരണയിൽ ക്ഷണിച്ചു വരുത്തുന്ന ആൾക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുത്തല്ലേ നമുക്ക് ശീലം - അത് തന്നെ പല പല വിഭവങ്ങളും ആക്കും. അതിൽ ആർക്കും തബ്ദീർ കാണാൻ കഴിയാതെ അതെ കാര്യം കല്യാണദിവസം കൂടുതൽ ആളുകൾക്ക് നൽകുമ്പോ മാത്രം 'ധൂർത്ത്' ആകുന്നത് എങ്ങനെ എന്ന് ഇപ്പോഴും മനസ്സിലായില്ല.

ഭക്ഷണം കുഴിച്ചു മൂടുന്നതും വേസ്റ്റ് ആക്കുന്നതും ആണ് പ്രശ്നമെങ്കിൽ അത് കല്യാണത്തിൽ മാത്രം നിലനിൽക്കുന്നതല്ല - മറിച്ച് സ്വന്തം വീട്ടിൽ പതിവായി നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണം വേസ്റ്റ് ആകുമ്പോഴും ബാധകമാണ് എന്നത് എന്തെ ഓർമ്മ വരുന്നില്ല..!

التبذير النفقة في معصية الله تعالى

ദുർവ്യയം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹുവിന്റെ ധിക്കരിക്കുന്നതിൽ ചിലവഴിക്കുന്നതാണ് എന്ന് തന്നെയാണ് എല്ലാ ഉലമാക്കളും പഠിപ്പിക്കുന്നത്. അത് എല്ലായിടത്തും ബാധകമാണ്. സമ്പത്തുമായി മാത്രമല്ല നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ ഉപയോഗം പോലും ഇതിൽ പരിഗണിക്കേണ്ടി വരുമെന്നത് വ്യക്തമാണല്ലോ.

ഇത്തരത്തിൽ ഇസ്‌ലാം പഠിപ്പിച്ച ദുർവ്യയം എന്നതിനെ വിവാഹം എന്ന ഒരേ ഒരു വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്നത് അർത്ഥശൂന്യം തന്നെ. അസത്യവും അനാവശ്യവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കപ്പെടാൻ ഇതൊന്നും കാരണമാകരുത്. മറ്റുള്ള എല്ലാ തബ്ദീർ ബാധകമാകുന്ന വിഷയങ്ങളിലേക്കും ഉള്ള ആമുഖമായി കാണാമെങ്കിൽ തികച്ചും സ്വാഗതാർഹം തന്നെ..

അവനവന്റെ നില മനസ്സിലാക്കി അതിൽ നിന്ന് കൊണ്ട്, ആളുകൾക്ക് മുന്നിൽ ദുരഭിമാനം കാണിക്കാൻ ശ്രമിക്കാതെ തന്നാൽ കഴിയുന്ന ചിലവുകൾ മാത്രം നടത്തി, കഴിയുന്നവർക്ക് കഴിയുന്ന രീതിയിൽ ഭക്ഷണവും സൌകര്യവും ഒക്കെ ഒരുക്കുന്നത് തീർച്ചയായും ഇസ്ലാമിൽ വളരെ പുണ്യമുള്ള കാര്യം തന്നെ.

മദീനയിലേക്ക് ഹിജ്‌റ പോയെത്തിയ ശേഷം തിരുനബി തങ്ങൾ നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ അവിടുന്ന് മുസ്ലിമീങ്ങളോട് പറഞ്ഞത് ഭക്ഷണം കൊടുക്കാനും സലാമിനെ പരത്താനും കുടുംബ ബന്ധങ്ങളെ ചേർക്കാനും ആളുകൾ ഉറങ്ങിക്കിടക്കുമ്പോ അല്ലാഹുവിന്റെ മുമ്പിൽ നിസ്കാരത്തിലായി എഴുന്നേൽക്കാനുമാണ് - എങ്കിൽ പ്രയാസമില്ലാതെ സ്വർഗ്ഗീയാരാമം പുല്കാമെന്ന വാഗ്ദാനവും.

يا أيها الناس: أفشوا السلام، وأطعموا الطعام، وصِلُوا الأرحام، وصلّوا بالليل والناس نيام، تدخلوا الجنة بسلام

ധൂർത്ത് എന്നാൽ എന്താണ് എന്ന് നിർവ്വചിക്കാൻ അതിന് അർഹരായ ഉലമാക്കളിലേക്ക് വിടുന്നതാകും ഉത്തമം.അന്ധൻ ആനയെ കണ്ട പോലെ അവനവൻ മനസ്സിലാക്കിയതൊക്കെ ധൂർത്തും ഹറാമും ആക്കാൻ നടന്നാൽ കാലിനടിയിലെ മണ്ണൊലിപ്പ് തടയാൻ കഴിഞ്ഞെന്നു വരില്ല.

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...