Sunday, November 08, 2015

പരാതിയല്ല - നന്ദിയാണ് വേണ്ടത്.

ഒരു യുവാവ്‌ ടൗണിലൂടെ നടക്കുമ്പോൾ കീറിപ്പറിഞ്ഞ വസ്ത്രവുമായൊരു വൃദ്ധ യാചകനെ കണ്ടു - എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു അയാളുടെ നടപ്പ്‌. കയ്യിൽ ഒരു ചെറിയ ഭാണ്ഡവുമുണ്ട്‌.

അടുത്ത്‌ ചെന്നു നോക്കിയപ്പോൾ 'ഈ ലോകത്ത്‌ എനിക്ക്‌ സ്വന്തമായുള്ളത്‌ ഈ ചെറിയ ഭാണ്ഡത്തിൽ ഒതുങ്ങുന്നത്‌ മാത്രമേയുള്ളൂ' എന്ന് വിലപിച്ചു കൊണ്ട്‌ താനെത്ര ദൗർഭാഗ്യവാനാണെന്നയാൾ സങ്കടപ്പെടുന്നുണ്ടായിരുന്നു.

പൊടുന്നനെ യുവാവ്‌ അയാളുടെ കയ്യിലുള്ള ഭാണ്ഡവും കൈക്കലാക്കി ദൂരേക്ക്‌ ഓടി മറഞ്ഞു. യാചകൻ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പുറകെ ഓടി നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. അയാളുടെ പ്രയാസമേറി. ഒരിടത്ത്‌ കുത്തിയിരുന്നു വിതുമ്പുമ്പോൾ അയാളുടെ വിലാപം അപ്പോൾ തന്റെ നഷ്ടപ്പെട്ട ഭാണ്ഡത്തെ കുറിച്ചോർത്ത്‌ മാത്രമായിരുന്നു. ഭാണ്ഡം തട്ടിയെടുത്ത യുവാവ്‌ പതിയെ യാചകൻ ഇരുന്നിടത്ത്‌ നിന്നും കാണാവുന്ന ഒരു ദൂരത്ത്‌ അത്‌ കൊണ്ട്‌ വെച്ചു.

സർവ്വ പ്രതീക്ഷയും നഷ്ടപ്പെട്ട്‌ വിലപിച്ചു കൊണ്ടിരിക്കുന്ന യാചക വൃദ്ധൻ തന്റെ ഭാണ്ഡം ദൂരെ കണ്ടപ്പോ പരിസരം മറന്ന് ആഹ്ലാദിരേകത്താൽ 'എന്റെ ഭാണ്ഡം' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഓടിപ്പോയി അതെടുത്തു കൊണ്ട്‌ മാറോട്‌ ചേർത്തുവത്രേ..!




നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾക്ക്‌ നാമൊരിക്കലും വിലകൽപ്പിക്കുന്നില്ലെന്നതാണ്‌ സത്യം. അറ്റമില്ലാത്ത, എണ്ണിയാൽ തീരാത്ത, മനസ്സുകൾക്ക്‌ മൂടിയിടാൻ കഴിയാത്ത എത്രയെത്ര അനുഗ്രഹങ്ങൾ നമ്മിലല്ലാഹു നാം പോലുമറിയാതെ നൽകിക്കൊണ്ടേയിരിക്കുന്നു! എന്നാൽ അതിനൊന്നും ദാതാവായ അല്ലാഹുവിന്‌ നന്ദി രേഖപ്പെടുത്താത്തതിൽ നമുക്ക്‌ യാതൊരു സങ്കടവുമില്ല - എന്നാൽ താൻ മോഹിക്കുന്ന അനുഗ്രഹങ്ങൾ തനിക്ക്‌ നന്മയാനോ തിന്മയാനോയെന്ന് തനിക്കറിയുന്നതിലേറെ അറിയുന്ന അല്ലാഹുവിന്റെ തീരുമാനപ്രകാരം തൽക്കാലം തന്നിലില്ല എന്നതിന്റെ പേരിൽ സങ്കടപ്പെടാൻ നമ്മൾ മറക്കുന്നേയില്ല.

ياأيها الناس اذكروا نعمة الله عليكم هل من خالق غير الله يرزقكم من السماء والأرض

പരാതികളിലും പരിഭവങ്ങളിലും മൂക്കുകുത്തി കണ്ണുപൂഴ്ത്തും മുമ്പ്‌ സ്വന്തം ശരീരത്തിലും ചുറ്റുപാടുകളിലുമെങ്കിലുമൊന്ന് കണ്ണോടിച്ച്‌ ഇലാഹീ കാരുണ്യത്തിന്റെ എത്രയെത്ര ദ്രിഷ്ടാന്തങ്ങൾ നമ്മൾ ആസ്വദിക്കുന്നതെന്നൊന്നോർക്കുക. ലഭിക്കുന്നതിന്റെ വിശാലത മനസ്സിൽ ആഴത്തിൽ പതിയുമ്പോൾ ഇല്ലാത്തതിന്റെ വേവലാതിയേക്കാൾ ഉള്ളതിന്‌ നന്ദി ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയും ഭയവുമാണ്‌ വിശ്വാസിയുടെ മനസ്സിൽ നിറയുക. അവന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ എങ്ങാനും നമുക്ക്‌ മുന്നിൽ കൊട്ടിയടക്കപ്പെട്ടാൽ, പരിഭവപ്പെടാൻ പോലും നമുക്ക്‌ അവന്റെ ഔദാര്യം കൂടിയേ തീരൂവെന്ന് ഓർക്കാതെ കഴിയില്ലല്ലോ, അവൻ നിഷേധിച്ചാൽ നൽകാൻ കഴിവുള്ളൊരു ഇലാഹിൽ നാം വിശ്വസിക്കുന്നില്ലല്ലോ..

പരീക്ഷണങ്ങളുടെ മേൽ പരീക്ഷണങ്ങൾ സഹിച്ചു കൊണ്ട്‌ മാറാരോഗങ്ങൾ പിടിപെട്ട്‌ ആശുപത്രിക്കിടക്കയിൽ വേദന തിന്ന് ജീവിക്കുന്നവർ ഒരിക്കലും കോടിക്കണക്കായ സമ്പത്തല്ല ആശിക്കുന്നത്‌ - മറിച്ച്‌ ഒരു നിമിഷമെങ്കിലും ഈ വേദനയും രോഗവുമൊന്ന് മാറിയെങ്കിൽ ഈ ലോകം മുഴുക്കെ പകരം നൽകാമെന്നായിരിക്കും. ചെറിയൊരു തലവേദനക്ക്‌ പോലും 'മറ്റൊന്നും വേണ്ട, ഇതൊന്ന് മാറിയാൽ മതിയെന്ന ചിന്ത വരുത്തുമെന്നത്‌ അനുഭവപാഠമല്ലേ..!


ഇമാം ദഹബി തങ്ങൾ ഉദ്ധരിക്കുന്നൊരു ചരിത്രമുണ്ട്‌: യാത്രക്കിടയിൽ വഴിതെറ്റിയ ഒരു മഹാനായ മനുഷ്യൻ തകർന്നു വീഴാറായ ഒരു ടെന്റിനകത്ത്‌ ഇരുകൈകളുമില്ലാത്ത, അന്ധനായ, ഒപ്പം പക്ഷാഘാതം ബാധിച്ചു തളർന്ന ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം ദിക്രിലായിരുന്നു, നിർത്താതെ.

الحمد لله الذي فضلني على كثير من عباده تفضيلا

'അവന്റെ മറ്റനേകം അടിമകളേക്കാളേറെ എന്നെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്ത അല്ലാഹുവിനാണ്‌ സർവ്വസ്തുതിയും'.

ആഗതൻ സലാം ചൊല്ലി അകത്തു കയറി - സലാം മടക്കിയ ശേഷം വൃദ്ധൻ ആരാണു വന്നതെന്നന്വേഷിച്ചു. വഴിതെറ്റിയ ഒരു യാത്രക്കാരൻ". ശേഷം അദ്ദേഹം വൃദ്ധനോട്‌ ചോദിച്ചു:

"ഇരുകൈകളുമില്ലാതെ, നടക്കാൻ കഴിയാതെ, കാഴ്ച്ച നഷ്ടപ്പെട്ട്‌, യാതൊരു വിധ സമ്പത്തുമില്ലാതെയായിട്ടും നിങ്ങൾ മറ്റുള്ളവരേക്കാൾ അല്ലാഹു നിങ്ങളെ പരിഗണിച്ചു എന്നതിന്റെ പേരിൽ അവനെ സ്തുതിക്കുന്നു ! എന്തുകൊണ്ടാണ്‌ ഇങ്ങനെ"?

വൃദ്ധൻ പറഞ്ഞു: അല്ലാഹുവിന്റെ അടിമകളിൽ എത്രയെത്രയാളുകൾ ബുദ്ധിയുടെ നിലതെറ്റിയവരുണ്ട്‌ - നിങ്ങൾ കാണുന്നില്ലേ എനിക്ക്‌ മനോനിലക്ക്‌ യാതൊരു തകരാറുമില്ല"

"ശരിയാണ്‌" ആഗതൻ പറഞ്ഞു.

വൃദ്ധൻ: അൽഹംദുലില്ലാഹ്‌ ബുദ്ധിമാന്ദ്യമുള്ള അവന്റെ ഒരുപാട്‌ അടിമകളുടെ മേലെ എന്നെ പരിഗണിച്ച്‌ അനുഗ്രഹിച്ച അല്ലാഹുവിന്‌ സ്തുതി.

എത്രയെത്ര ആളുകൾ കേൾവി ശക്തിയില്ലാത്തവരുണ്ട്‌ - നിങ്ങൾ കാണുന്നില്ലേ, എനിക്ക്‌ കേൾവി ശക്തിക്ക്‌ യാതൊരു കുഴപ്പവുമില്ല!"

ആഗതൻ: "ശരിയാണ്‌"

വൃദ്ധൻ: "അൽഹംദുലില്ലാഹ്‌ കേൾവിയില്ലാത്ത അവന്റെ ഒരുപാട്‌ അടിമകളുടെ മേലെ എന്നെ പരിഗണിച്ച്‌ അനുഗ്രഹിച്ച അല്ലാഹുവിന്‌ സ്തുതി."

വൃദ്ധൻ തുടർന്ന് തന്റെ സംസാര ശേഷിയേക്കുറിച്ചും തന്റെ ഈമാനിനേക്കുറിച്ചുമൊക്കെ ഇതേ രീതിയിൽ തുടർന്നു കൊണ്ടേയിരുന്നുവത്രേ..!!

രണ്ടു വ്യത്യസ്തരായ മനുഷ്യരുടെ കഥകളാണ്‌ മുകളിൽ നാം വായിച്ചത്‌ - തനിക്കില്ലാത്തതായി താൻ മനസ്സിലാക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ഉള്ള അനുഗ്രഹങ്ങളൊക്കെ മറന്ന് പരാതിയുടെ ലോകത്ത്‌ ജീവിക്കുന്ന ഒരു മനുഷ്യൻ, തനിക്കില്ലാത്ത അനുഗ്രഹങ്ങളെ മറന്ന് തനിക്കുള്ള അനുഗ്രഹങ്ങളുടെ പേരിൽ അല്ലാഹുവിനെ സ്തുതിക്കുന്ന മറ്റൊരു മനുഷ്യൻ ! മനുഷ്യരിലെ ബഹുഭൂരിപക്ഷവും ഈ രണ്ടിലൊന്നിൽ പെടുന്നതാണെന്നതിൽ തർക്കമില്ല.

യാചകനായ വൃദ്ധൻ എത്രതന്നെ പരാതികളുമായി നടന്നെങ്കിലും തന്റെ കയ്യിലുള്ള ചെറിയ അനുഗ്രഹം നഷ്ടപ്പെട്ടപ്പോൾ പിന്നെ മറ്റെല്ലാം മറന്ന് അതെങ്കിലും തിരിച്ചു കിട്ടിയെങ്കിൽ എന്നതിലേക്ക്‌ അയാൾ എത്തിയിരുന്നു - നാമും നമുക്കുള്ളത്‌ നഷ്ടപ്പെടുമ്പോൾ മാത്രമേ അത്‌ നമുക്കെത്ര വലുതായിരുന്നുവെന്ന് മനസ്സിലാക്കൂ..

ഇലാഹീ - നിന്റെ അനുഗ്രഹങ്ങളെ തൊട്ട്‌ തിരിഞ്ഞു കളഞ്ഞ്‌ പരാതിയുടെ ഭാണ്ഡവുമായി നടക്കുന്ന പരാജിതരിൽ നീ ഞങ്ങളെ പെടുത്തല്ലേ.. :(

No comments:

Post a Comment

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...