Saturday, December 05, 2015

അഗ്നിയിൽ നിന്നും അഗ്നിയുടെ സ്രഷ്ടാവിലേക്ക്..

പേർഷ്യ അതിന്റെ പ്രതാപത്തിന്റെ ഉന്നതിയിൽ വിരാചിക്കുന്ന കാലം. ഇസ്ബഹാൻ പ്രവിശ്യയിലെ ഒരു നാട്ടിലായിരുന്നു സൽമാൻ ജനിച്ചു വീണത്‌. നാട്ടുമുഖ്യനും സമ്പന്നനുമായ പിതാവിന്റെ പ്രിയപ്പെട്ട പുത്രനായി സൽമാൻ വളരുകയാണ്. കുറഞ്ഞ സമയം പോലും തന്നെ പിരിഞ്ഞു നിൽക്കുന്നത് പിതാവിന് പ്രയാസമായിരുന്നു.

അവൻ വീടുവിട്ടു പുറത്തുപോയാൽ വല്ല അനർഥവും സംഭവിച്ചേക്കുമോ എന്ന് ഭയപ്പെട്ട വത്സലനായ പിതാവ് തങ്ങളുടെ ആരാധാനാ മൂർത്തിയായ അണയാത്ത അഗ്നികുണ്ഡത്തെ പരിചരിച്ചു വീട്ടിൽ തന്നെ കഴിയാൻ സൽമാനെ നിയോഗിച്ചു. കൂട്ടിലടക്കപ്പെട്ട കിളി ചുറ്റുപാടും പറന്നു കളിക്കുന്ന പക്ഷികൾക്കൊപ്പം പറന്നുയരാൻ വെമ്പൽ കൊള്ളുന്നത് പോലെ കുഞ്ഞു സൽമാനും ലോകമറിയാൻ മോഹമായിരുന്നു.

സൽമാൻ വളർന്നു വന്നു - സ്വാഭാവികമായും മജൂസികളുടെ വിശ്വാസ ഭാണ്ഡം സൽമാന്റെ ഹൃദയത്തിലും കുടിയേറി. ആരാധ്യ അഗ്നിയുടെ പരിപാലകനായ സൽമാൻ മതകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തെ തേടുന്ന കിളി അവന്റെയുള്ളിൽ പറന്നു കളിക്കുന്നുണ്ടായിരുന്നു.

"എനിക്കിവിടെ ഒരുപാട് ജോലികൾ തീർക്കാനുണ്ട്, സൽമാൻ ഇന്ന് നീ നമ്മുടെ തോട്ടത്തിലേക്ക് പോകണം" - സൽമാന്റെ മനസ്സിൽ സന്തോഷത്തിന്റെ കുമിളകൾ പൊട്ടിത്തുടങ്ങി. "മോനേ, വൈകാതെ നീ തിരിച്ചു വരണം, തോട്ടത്തേക്കാൾ നീയാണെനിക്ക് വിലപ്പെട്ടത്" പിതാവ് കുഞ്ഞു സൽമാനെ ശട്ടം കെട്ടി.

തേടിയ വള്ളി കാലിൽ ചുറ്റി - സൽമാൻ തുള്ളിച്ചാടി പുറത്തേക്ക് കടന്നു, കൂട് തുറന്നുവിട്ട കിളി ആകാശസീമയുടെ അറ്റം തൊടാനാശയോടെ പറക്കുന്നത് പോലെ തോട്ടം ലക്ഷ്യമാക്കി നടക്കുന്നതിനിടെ ചുറ്റുപാടും കൃത്യമായി നിരീക്ഷിച്ചും ആസ്വദിച്ചുമാണ് അവന്റെ യാത്ര. വഴിയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾ സൽമാനെ വല്ലാതെ ആകർഷിച്ചു - ദൈവികമായ വിളിയാളം മനസ്സിനെ തലോടിക്കഴിഞ്ഞാൽ പിന്നെ പുറകോട്ട് വലിക്കുന്തോറും മുന്നോട്ട് പോകാൻ വെമ്പുന്ന മനസ്സാണ് ബാക്കിയാവുക.




തന്റെ വിശ്വാസത്തേക്കാളും ആചാരങ്ങളേക്കാളും എന്തുകൊണ്ടും ഈ മതമാണു നല്ലതെന്ന് സൽമാനു തോന്നി. പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഈ മതത്തിന്റെ കേന്ദ്രം ശാമിലാണെന്ന് പുരോഹിതനോട്‌ ചോദിച്ചു മനസ്സിലാക്കി. സമയം പോയതറിഞ്ഞില്ല - ഒടുവിൽ രാത്രിയായപ്പോ തോട്ടത്തിലേക്ക്‌ പോകാതെ വീട്ടിലേക്ക്‌ തിരിച്ചു പോയി. അക്ഷമനായി കാത്തിരിക്കുന്ന പിതാവിനോട്‌ കാര്യങ്ങളെല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞു. പാരമ്പര്യ വിശ്വാസത്തിൽ അടിയുറച്ചിരുന്ന ആ പിതാവ്‌ അപകടം മണത്തു. 

"ആ മതത്തിൽ യാതൊരു നന്മയുമില്ല - നിന്റെയും നിന്റെ പിതാക്കളുടെയും മതമേതോ അതാണു അതിനേക്കാൾ നല്ലത്‌". "അല്ല പിതാവേ, നമ്മുടെ മതത്തേക്കാൾ എന്തു കൊണ്ടും അവരുടെ മതമാണുത്തമം". പിതാവിൽ ഒരുതരം അരക്ഷിതത്വത്തിന്റെ മണിമുഴങ്ങിക്കഴിഞ്ഞു.


ഭയം പിടികൂടിയ പിതാവ്‌ സൽമാനെ വീടിനുള്ളിൽ ചങ്ങലകളിൽ ബന്ധനസ്ഥനാക്കി. സൽമാൻ ചർച്ചിന്റെ ആളുകൾക്ക്‌ 'ശാമിൽ നിന്നും ആരെങ്കിലും വന്നുവെങ്കിൽ തന്നെ അറിയിക്കണം' എന്ന് എഴുതി അയച്ചു. നിയന്ത്രണമില്ലാതെ പറക്കുന്ന മനസ്സിന്റെ മോഹങ്ങൾക്ക്‌ ശരീരികമായ ബന്ധനം തടയിടാൻ മതിയായിരുന്നില്ല. ഒടുവിൽ അവിടെ നിന്നും വന്ന കച്ചവട സംഘം തിരിച്ചു പോകുമ്പോൾ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്‌ സൽമാൻ അവരുടെ കൂടെ പോയി..

ദൈവികമായ ഉൾവിളിക്കുത്തരം നൽകിയുള്ള വിശുദ്ധജീവിതം അവിടെ തുടങ്ങുകയായിരുന്നു. പുതിയമതത്തെ അദ്ദേഹം വളരെ ഇഷ്ടപ്പെട്ടിരുന്നു. ശാമിൽ കൃത്യം മതത്തിലെ ഏറ്റവും വലിയ പണ്ഡിതൻ ആരെന്ന് അന്വേഷിക്കുകയും ആളുകൾ പറഞ്ഞു കൊടുത്ത ബിഷപ്പിനൊപ്പം സൽമാൻ സഹകാരിയായി കൂടുകയും ചെയ്തു. ജനങ്ങളുടെ സമ്പത്ത്‌ ചൂഷണം ചെയ്ത്‌ ജീവിക്കുന്ന ആ ബിഷപ്പിനെ സൽമാൻ വെറുത്തു, വൈകാതെ അയാൾ മരിച്ചു.

സുഭിക്ഷവും സമ്പന്നവുമായിരുന്ന ജീവിതം വിട്ട്‌ ഹഖിനെ തേടിയുള്ള യാത്രയുടെ ഒടുക്കം കണ്ടെത്തിയ വഴികാട്ടി ആകേണ്ട മനുഷ്യൻ തികഞ്ഞ വഴികേടിലാണെന്ന് മനസ്സിലായിട്ടും സൽമാൻ പിന്തിരിഞ്ഞില്ല - ഇലാഹീസാമീപ്യം തേടിയിറങ്ങിയവന്റെ മനസ്സ്‌ ലക്ഷ്യത്തിലേക്കുള്ള പ്രതിസന്ധികൾ കാരണം പിൻ വലിയുകയില്ലല്ലോ.

പുതിയതായി വന്ന ബിഷപ്പ്‌ ഐഹിക ജീവിതത്തിൽ താൽപ്പര്യം കാണിക്കാത്ത വിശുദ്ധനായിരുന്നു. സന്തോഷത്തോടെ അദ്ദേഹത്തെ പരിചരിച്ച്‌ ആ ദീൻ പഠിച്ച്‌ സൽമാൻ കഴിഞ്ഞുകൂടി. മരണക്കിടക്കയിൽ വെച്ച്‌ സൽമാൻ അദ്ദേഹത്തോട്‌ താൻ ഇനി ആരെ പിന്തുടർന്ന് ജീവിക്കണം എന്ന് ചോദിച്ചപ്പോൾ ഇറാഖിലെ മൗസിലിൽ ജീവിക്കുന്ന ഒരാളെ ബിഷപ്പ്‌ പറഞ്ഞു കൊടുത്തു. സൽമാൻ അവിടേക്ക്‌ തിരിക്കുകയും ആ ഇറാഖിലെ പുരോഹിതനൊപ്പം കുറച്ചുകാലം ജീവിക്കുകയും ചെയ്തു.

വൃദ്ധനായ അദ്ദേഹത്തിന്റെയും മരണസമയം അടുത്തപ്പോൾ താൻ ഇനി ആരെ പിൻപറ്റി ജീവിക്കണമെന്ന് ഉപദേശിക്കാൻ ആവശ്യപ്പെട്ട സൽമാനോട്‌ ശാമിന്റെയും ഇറാഖിന്റെയും മധ്യേയുള്ള നസയ്യിബീനിലെ ഇന്നാലിന്ന പുരോഹിതനിലേക്ക്‌ പോകാനും അയാളുടെ ഒപ്പം ജീവിക്കാനും പറഞ്ഞു. സൽമാൻ തന്റെ സത്യവും അറിവും ലക്ഷ്യമാക്കിയുള്ള യാത്ര തുടരുകയായിരുന്നു. അവിടുത്തെ ജീവിതവും അധികകാലം നീണ്ടില്ല,

അയാളും മരണം ആസന്നമായപ്പോൾ സൽമാൻ താൻ ഇനിയാരെ പിന്തുടരണം എന്ന് അദ്ദേഹത്തോട്‌ ചോദിച്ചു - "ഇന്നാലിന്ന മനുഷ്യൻ ഉപദേശിച്ചതിനു അനുസരിച്ചാണു ഞാൻ നിങ്ങളെ തേടി എത്തിയത്‌ - നിങ്ങളുടെ കാലശേഷം ഞാൻ ആരെ പിന്തുടർന്ന് ജീവിക്കണം"?

"മകനേ ഞാൻ പിന്തുടർന്നതിനെ തുടർന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ അമ്മൂരിയ്യയിൽ ഉണ്ട്‌. നിനക്കവനെ പിന്തുടരാം".

സൽമാൻ അവിടെ നിന്നും അമ്മൂരിയ്യയിലേക്ക്‌ നീങ്ങി. പറയപ്പെട്ട നല്ല മനുഷ്യനെ കണ്ടെത്തുകയും തന്റെ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തപ്പോൾ തന്റെ കൂടെ കൂടിക്കൊള്ളാൻ അദ്ദേഹം സൽമാനെ സമ്മതിച്ചു.

അവിടെ വെച്ച്‌ ജോലി ചെയ്ത്‌ കുറച്ചു കാലികളെ സൽമാൻ സ്വന്തമാക്കി. ഒടുവിൽ ദൈവികവിളിക്കുത്തരം നൽകി ഇഹലോകം വിട്ട്‌ യാത്രയാകാൻ ഒരുങ്ങുന്ന പുരോഹിതൻ തന്റെ അവസാന സമയത്ത്‌ 'ഇന്ന ഇന്ന ആളുകൾക്ക്‌ ശേഷം ഇന്നാലിന്ന ആളുകളെ പിൻപറ്റി ജീവിച്ച്‌ ഇപ്പോ നിങ്ങളിൽ എത്തിയ താൻ ഇനി ആരെ പിൻപറ്റി ജീവിക്കും?' എന്ന് ചോദിച്ച സൽമാനോട്‌:

"മകനേ, അല്ലാഹുവാണേ സത്യം, നമ്മുടെ വഴി പിൻപറ്റി നടക്കുന്ന ഒരാളെ പോലും നിനക്ക്‌ പോകാൻ പറഞ്ഞു തരാൻ എനിക്കറിയില്ല. എന്നാൽ ഇബ്രാഹീം നബിയുടെ മതവുമായി അയക്കപ്പെടുന്ന ഒരു പ്രവാചകർ വരാനുള്ള സമയമായിട്ടുണ്ട്‌. അറബികളുടെ നാട്ടിൽ വരുന്ന ആ പ്രവാചകർ സ്വന്തം നാടുവിട്ട്‌ ഈന്തപ്പനകളും പാറകളുമുള്ള നാട്ടിലേക്ക്‌ ഹിജ്ര പോകും. ആ പ്രവാചകർ ഒരിക്കലും സ്വദഖകൾ ഭക്ഷിക്കില്ല, മറിച്ച്‌ ഹദിയയായി കൊടുക്കുന്നത്‌ മാത്രമേ ഭക്ഷിക്കൂ. അവിടുത്തെ ചുമലുകൾക്കിടയിൽ നുബുവ്വത്തിന്റെ മുദ്രയുണ്ടായിരിക്കും. കഴിയുമെങ്കിൽ നീ ആ നാട്ടിലേക്ക്‌ പോകുക".

അദ്ദേഹവും വഫാത്തായി. സൽമാൻ തന്റെ സ്വത്തുക്കളായ കാലികളെ കൊടുത്ത്‌ പകരം തന്നെ അറബികളുടെ നാട്ടിലേക്ക്‌ തന്നെ കൊണ്ടുപോകാൻ അറബികളായ കച്ചവടക്കാരോട്‌ ആവശ്യപ്പെട്ടു. സമ്മതിച്ച അവർ സൽമാനെ യാത്രാസംഘത്തിൽ ഒപ്പം കൂട്ടിയെങ്കിലും വഴിയിൽ വെച്ച്‌ ജൂതനായ ഒരു മനുഷ്യനു വിറ്റ്‌ ചതിക്കുകയായിരുന്നു. മുതലാളിയോടൊപ്പം നിൽക്കുമ്പോൾ സൽമാന്‌ ഈന്തപ്പന മരങ്ങൾ കാണാമായിരുന്നു ചുറ്റും, ഇത്‌ തന്നെയായിരിക്കും താൻ ഉദ്ദേശിച്ച നാടെന്ന് സൽമാൻ തെറ്റിദ്ധരിച്ചു.

മദീനയിലെ ബനൂ ഖുറൈള ഗോത്രക്കാരനായ മുതലാളിയുടെ ബന്ധുവിനു സൽമാനെ വിറ്റു. പുതിയ ഉടമയുടെ നാട്ടിൽ എത്തിയ ഉടനെ തന്നെ സൽമാനു മനസ്സിലായി, താൻ പ്രതീക്ഷിച്ച പ്രവാചകർ വരാനുള്ള നാടാണിതെന്ന് ഉറപ്പിച്ചു ആഹ്ലാദചിത്തമായ മനസ്സോടെ സൽമാൻ അടിമയായി ജൂതന്റെ കീഴിൽ ജോലി ചെയ്ത്‌ ജീവിച്ചു.

സൽമാൻ ഈന്തപ്പനയുടെ മുകളിൽ ജോലിയിലായിരുന്നു. താഴേ യജമാനൻ നിൽക്കുന്നു. ദൂരെ നിന്നേ ഒരു ശബ്ദം കേട്ടു, യജമാനന്റെ ബന്ധുവായൊരു ജൂതനായിരുന്നു അത്‌: "ബനൂ ഖൈല'ക്കാർ (ഔസ്‌ ഗോത്രക്കാരും ഖസ്രജ്‌ ഗോത്രക്കാരും) നശിക്കട്ടെ, ഖുബാ പ്രദേശത്ത്‌ അവരെല്ലാം മക്കയിൽ നിന്നും വരുന്ന പ്രവാചകരെന്ന് വാദിക്കുന്ന മുഹമ്മദിനെ വരവേൽക്കാൻ തടിച്ചു കൂടിയിരിക്കുന്നു".

സൽമാന്റെ ശരീരം വിറക്കാൻ തുടങ്ങി. പിടിവിട്ട്‌ യജമാനന്റെ മുകളിലേക്ക്‌ താൻ വീണേക്കുമോയെന്ന് സൽമാൻ ഭയപ്പെട്ടു..! പണിപ്പെട്ട്‌ വളരെ വേഗം താഴേയിറങ്ങിയ സൽമാൻ ആഗതനോട്‌ "താങ്കൾ എന്താണു പറഞ്ഞത്‌, ഒരിക്കൽ കൂടെ പറയൂ" എന്ന് ആവേശ ഭരിതനായി പറഞ്ഞു.

യജാമനന്റെ വക കനത്ത ഒരു പ്രഹരമായിരുന്നു പ്രതിഫലം.

"പോയി പണിയെടുക്കൂ" എന്ന് ആക്രോശവും!

രാജകുമാരനെ പോലെ ഇസ്ബഹാനിലെ ഒരു പ്രദേശത്തെ മുഖ്യന്റെ മകനായി സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചു വീണ പൊന്നുമോൻ അടിമയായി പരീക്ഷണം സഹിക്കുമ്പോഴും തന്റെ വിശ്വാസത്തിന്റെ കാതലായ താരകത്തെ കണ്ടെത്താമല്ലോയെന്ന ആശയിൽ എല്ലാം മറന്നു..ഈമാനിനായി ദാഹിച്ച വേഴാമ്പൽ പക്ഷിയായി സൽമാൻ അക്ഷമനായി വൈകുന്നേരമാക്കി.

അബൂ അയ്യൂബുൽ അൻസാരി(റ) തങ്ങളുടെ വീട്ടിലുള്ള പനിനീർ പൂമുത്തായ ആദരവായ നബിതങ്ങളുടെ ചാരത്തേക്ക്‌ അൽപ്പം ഈന്തപ്പഴവുമെടുത്ത്‌ സൽമാൻ ഓടി. നിലാവ്‌ തോൽക്കുന്ന പൂവദനം നോക്കി അവിടുത്തെ കരങ്ങളിലേക്ക്‌ കൊണ്ടുവന്ന ഈന്തപ്പഴങ്ങൾ കൊടുത്തു കൊണ്ട്‌ "ഇത്‌ സ്വദഖയാണെ"ന്ന് പറഞ്ഞു സൽമാൻ. തിരുനബി തന്റെ മുന്നിൽ അതൊക്കെ വെച്ച്‌ സ്വഹാബത്തിനോട്‌ ഭക്ഷിച്ചു കൊള്ളാൻ പറഞ്ഞു - സൽമാൻ കൃത്യമായി നിരീക്ഷിക്കുകയാണ്‌. അവിടുന്ന് ഒന്നുപോലും തിന്നില്ല. 

"ഒന്നാമത്തെ അടയാളം സത്യമായിരിക്കുന്നു" സൽമാൻ സന്തോഷത്തോടെ മനസ്സിൽ കുറിച്ചിട്ടു തിരിഞ്ഞു നടന്നു.

അടങ്ങാത്ത അഭിലാഷവും മനസ്സിലിട്ട്‌ സൽമാൻ ഒരുനാൾ തള്ളിനീക്കി, പിറ്റേന്നും കുറച്ച്‌ ഈന്തപ്പഴവുമെടുത്ത്‌ സൽമാൻ തിരുഹള്രത്തിലേക്ക്‌ പുറപ്പെട്ടു. 

"ഇന്നലെ ഞാൻ തന്ന സ്വദഖയിൽ നിന്ന് അവിടുന്ന് ഭക്ഷിച്ചില്ല, ഇന്നിതാ ഞാൻ അങ്ങേക്ക്‌ ഇത്‌ ഹദ്‌യയായി കൊണ്ടുവന്നതാണ്‌", സൽമാൻ പറഞ്ഞു. അവിടുന്ന് സന്തോഷത്തോടെ സ്വീകരിക്കുകയും സ്വഹാബത്തിനെയും കൂട്ടി അത്‌ ഭക്ഷിക്കുകയും ചെയ്തു.

 "രണ്ടാമത്തെ അടയാളവും കൃത്യമായി ഒത്തുവന്നിരിക്കുന്നു" - സൽമാന്റെ ഹൃദയത്തിൽ സന്തോഷം പെരുമ്പറ കൊട്ടുകയായിരുന്നു.

അവസാനത്തെ അടയാളം കൂടെ പരിശോധിക്കാനുള്ള ദിവസം വന്നു, സൽമാൻ തിരുമുസ്തഫാ തങ്ങളുടെ പവിത്രസവിധത്തിലേക്ക്‌ നടന്നു. അവിടുന്ന് സ്വഹാബികളിൽ ഒരാളുടെ ജനാസയിലായിരുന്നു. സൽമാൻ തിരുനബിയുടെ പുറകിലായി നടന്ന് അവിടുത്തെ തിരുനുബുവ്വത്തിന്റെ മുദ്രണമുള്ള ചുമലിലെ വസ്ത്രം ഒന്ന് നീങ്ങിക്കിട്ടാൻ ആശിച്ചു. സൽമാൻ പറഞ്ഞില്ലെങ്കിലും പുണ്യഹബീബ്‌ അറിഞ്ഞിരുന്നു, അവിടുന്ന് മേൽ വസ്ത്രം നീക്കിക്കൊടുത്തു, 

ആ പൂവുടലിലെ അന്ത്യപ്രവാചകത്വത്തിന്റെ മുദ്രണം കണ്ട സൽമാൻ പരിസരം മറന്ന് ആഹ്ലാദചിത്തനായി പുറകിലൂടെ തന്നെ അവിടുത്തെ കെട്ടിപ്പിടിച്ചു. മുന്നിലേക്ക്‌ വരാൻ ഹബീബ്‌(സ്വ) ആവശ്യപ്പെടുകയും അവിടെ വെച്ച്‌ കലിമ ചൊല്ലി ഈമാനിന്റെ തിരുവെളിച്ചം ആവഹിച്ച സൽമാൻ(റ) തങ്ങളോട്‌ തന്റെ കഥ പറയാൻ നബിതങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

പേർഷ്യയുടെ പുത്രൻ സൽമാൻ..അഗ്നിയെയും സൂര്യനെയും വിട്ട്‌ അഗ്നിയുടെയും സൂര്യന്റെയും സ്രഷ്ടാവിനെ വന്ദിക്കുന്ന വിശുദ്ധ വിശ്വാസത്തിന്റെ വക്താവായി. സത്യത്തെ തേടിപ്പിടിക്കാനുള്ള വഴിയിലെ ഒട്ടനവധി പ്രതിബന്ധങ്ങൾ, മനസ്സിൽ അല്ലാഹു കത്തിച്ചു കൊടുത്ത വെളിച്ചത്തിന്റെ പ്രഭയാൽ മറികടന്ന നിശ്ചയദാർഡ്യത്തിന്റെ കരുത്ത്‌. സൽമാൻ വിശുദ്ധമതത്തിന്റെ പതാകവാഹകനായി മാറുകയായിരുന്നു പിന്നീട്‌.

എങ്കിലും സൽമാൻ(റ) ദു:ഖിതനായിരുന്നു, പേർഷ്യയുടെ വിദൂരതയിൽ നിന്നും ആത്മാവിന്റെ തേട്ടത്തിനു പിന്നാലെ പോയി ഒടുക്കം വിശുദ്ധ പ്രവാചകരുടെ സന്നിധിയിലെത്തിയ തനിക്ക്‌ അവിടുത്തെ കൂടെ അധികനേരം നിൽക്കാൻ കഴിയുന്നില്ല, മോചനപത്രത്തിൽ മുന്നൂറു കായ്ക്കുന്ന ഈന്തപ്പനയും കുറേയധികം സ്വർണ്ണവുമായിരുന്നു യജമാനൻ ആവശ്യപ്പെട്ടത്‌. നടുന്നതിൽ പകുതിയും നശിച്ചുപോകുന്ന ഈന്തപ്പനത്തൈകൾ പുണ്യപ്രവാചകരുടെ ബർക്കത്തൊഴുകുന്ന കൈകളാൽ വെച്ചപ്പോൾ ഒന്നുപോലും നശിച്ചില്ല. 

ഈന്തപ്പനകൾ വലുതാകാൻ വർഷങ്ങൾ എടുക്കുന്നതിനിടയിൽ ബദറും ഉഹദും കടന്നുപോയി. മുന്നൂറു ഈന്തപ്പനക്കൊപ്പം കൊടുക്കാനുള്ള സ്വർണ്ണവും തിരുമുസ്തഫാ തങ്ങളുടെ പുണ്യകരങ്ങൾ തൊട്ടപ്പോൾ കനം കൂടിയിരുന്നു ! അവിടുത്തെ അത്ഭുത സാന്നിധ്യം സൽമാൻ തങ്ങൾ അനുഭവിച്ചറിഞ്ഞു..

ഒടുവിൽ സൽമാൻ (റ)മോചിതനായി.. അൽഹംദുലില്ലാഹ്‌..

തുരുനബി തങ്ങളുടെ ചുറ്റുമായി വിജ്ഞാനത്തിന്റെ വെളിച്ചമുള്ള മുത്തുകൾ വാരിയെടുക്കാൻ സൽമാൻ(റ) മൽസരിച്ചു. കുലീനമായ കുടുംബത്തിൽ പിറന്ന മഹാനെ തങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ മുഹാജിറുകളും അൻസ്വാറുകളും താൽപ്പര്യപ്പെട്ടു, നബിതങ്ങൾ പറഞ്ഞത്‌ മറ്റൊന്നായിരുന്നു: "സൽമാൻ എന്റെ അഹ്ലുബൈത്തിൽ പെട്ടതാണ്‌".

 സത്യവിശ്വാസം തേടി പിറന്ന നാടും വീടും അകലെയാക്കി ഒരുപാട്‌ ഹിജ്രകൾ നടത്തിയ ആ വിശുദ്ധ താരകത്തെ അവിടുന്ന് ബഹുമാനിക്കുകയായിരുന്നു.

സംഭവബഹുലമായ ആ ജീവിതം എന്നും ഓർക്കപ്പെടാനുള്ള സംഭവമായിരുന്നു ഖന്ദഖ്‌ യുദ്ധം. കിടങ്ങ്‌ കുഴിച്ചു ശത്രുവിനെ പ്രതിരോധിക്കുന്ന അറേബ്യൻ ജനതക്ക്‌ പരിചിതമല്ലാത്ത യുദ്ധമുറ സൽമാനുൽ ഫാരിസി(റ) തങ്ങളുടെ ബുദ്ധിയിൽ ഉദിച്ചതായിരുന്നു.

കാലം പിന്നെയും മുന്നോട്ടു നീങ്ങി, പുണ്യപ്രവാചകരുടെ വിശുദ്ധജീവിതം ബർസ്സഖിന്റെ മറക്കപ്പുറത്തേക്ക്‌ നീങ്ങി..

രാജജന്മത്തിൽ നിന്നും അടിമത്തത്തിലേക്കും പിന്നീട്‌ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കും വന്ന സൽമാൻ തങ്ങൾ അവസാനകാലത്ത്‌ വിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിലെ മദാഇൻ പ്രദേശത്തെ ഗവർണറായി മാറി.

പട്ടണത്തിൽ തനിക്ക്‌ സഹായിയായ മനുഷ്യനെ ആളുകൾ 'അമീർ' എന്നു വിളിക്കുന്നത്‌ കേട്ടപ്പോഴായിരുന്നു പലർക്കും തന്നെ സാധാരണക്കാരെ പോലെ ഇത്രനേരം സഹായിച്ച മനുഷ്യൻ ഭരണാധിമാരിയായ സൽമാനുൽ ഫാരിസി തങ്ങളാണെന്ന് പലരും അറിഞ്ഞത്‌ !

ഗവർണ്ണറായ സൽമാൻ തങ്ങളുടെ ജീവിതമെത്ര സുന്ദരമായിരുന്നു! അദ്ദേഹത്തെ കാണാൻ മദാഇനിൽ ചെന്നവർ കണ്ടത്‌ സൽമാൻ തങ്ങൾ(റ) ഈന്തപ്പനയിലകൾ കൊണ്ട്‌ എന്തോ ഉണ്ടാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു:

"ഒരു ദിർഹം വില കൊടുത്ത്‌ ഞാൻ ഇലകൾ വാങ്ങുകയും അത്‌ കൊണ്ട്‌ പലതും ഉണ്ടാക്കി മൂന്നു ദിർഹം വിലക്ക്‌ വിൽക്കുകയും ചെയ്യും. കിട്ടിയ മൂന്നിൽ ഒന്ന് കൊണ്ട്‌ ഞാൻ വീണ്ടും ഇലകൾ വാങ്ങും, ഒന്ന് കൊണ്ട്‌ എന്റെ കുടുംബത്തിനായി ചിലവഴിക്കും, ബാക്കിയുള്ള ഒരു ദിർഹം ഞാൻ ദാനം ചെയ്യും"!!!


എന്തൊരു ധന്യമായ ജീവിതം. എത്ര അനുഗ്രഹീതനായ ഭരണാധികാരി. പദവിയുടെ ഉന്നതിയിലും കിട്ടുന്നത്‌ മുഴുവൻ സാധുക്കൾക്ക്‌ കൊടുത്ത്‌ അവരെ സേവിച്ചു ജീവിച്ച ലാളിത്യത്തിന്റെ സുന്ദര രൂപമായിരുന്നു മഹാൻ.

മരണമടുത്ത നാളുകളിൽ തന്നെ സന്ദർശ്ശിച്ചവരെല്ലാം കണ്ടത്‌ വിതുംബിക്കരയുന്ന സൽമാൻ തങ്ങളെയായിരുന്നു. എന്തിനു കരയുന്നുവെന്ന് ആ പവിത്ര ജീവിതം അറിയുന്ന സ്വഹാബത്ത്‌ ചോദിച്ചപ്പോ തന്റെ കയ്യിൽ ബാക്കിയായ 20ഓളം ദിർഹം വിലമതിക്കുന്ന മുതലിനെ ചൊല്ലി നാളെ റബ്ബിന്റെ മുമ്പിൽ കണക്ക്‌ പറയേണ്ടി വരുമല്ലോ എന്ന പേടിയാണു കാരണം എന്നായിരുന്നു സുഹ്ദിന്റെ ലോകത്തെ സുവർണ്ണ നക്ഷത്രം പറഞ്ഞിരുന്നതത്രേ !!




വഫാത്തടുത്ത സമയം സൽമാൻ തങ്ങൾ അവിടുത്തെ ഭാര്യയെ വിളിച്ചു കൊണ്ട്‌ പറഞ്ഞു:

"അല്ലയോ ബുഖൈറാ, ഈ റൂമിന്റെ നാലു വാതിലുകളും തുറന്നു വെക്കുക, എനിക്കിന്ന് കുറച്ച്‌ അതിഥികളുണ്ട്‌, അവർ ഏതു വാതിലിലൂടെയാണു കയറി വരുകയെന്നെനിക്കറിയില്ല". ശേഷം അവിടുന്ന് ഒരു ചെറിയ പാത്രം വെള്ളവും കുറച്ച്‌ സുഗന്ധ ദ്രവ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്ന് പാത്രത്തിൽ സുഗന്ധം ചേർത്ത്‌ തിരുകൈകൾ കൊണ്ട്‌ ഇളക്കി നേർപ്പിച്ചു.

"എനിക്ക്‌ ചുറ്റുമായി ഇത്‌ കുടയുക, ശേഷം താഴത്തെ നിലയിലേക്ക്‌ പോയിക്കൊള്ളുക".

അൽപ്പസമയം കഴിഞ്ഞ്‌ വന്നു നോക്കിയ പ്രിയപത്നി കണ്ടത്‌ ആത്മാവ്‌ പറുദീസയിലേക്ക്‌ പറന്നകന്ന സൽമാൻ തങ്ങളുടെ തിരുശരീരം ചേതനയറ്റ്‌ കിടക്കുന്നതായിരുന്നു..

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..

ഖലീഫ ഉസ്മാൻ(റ) തങ്ങളുടെ ഭരണകാലത്ത് 78 ഓളം വർഷം നീണ്ടു നിന്ന ആ പവിത്രജീവിതം ഐഹികവാസം പൂർത്തിയാക്കി അനിവാര്യമായ ബർസഖീ ലോകത്തേക്ക് നടന്നു നീങ്ങി. സ്വർഗ്ഗീയ മാലാഖമാരുടെ സാന്ത്വനങ്ങളും സന്തോഷവാർത്തയുമെല്ലാം അറിഞ്ഞുകൊണ്ട്‌ സ്നേഹഭാജനമായ പുണ്യപ്രവാചകർ(സ്വ) തങ്ങളുടെ ചാരത്തേക്ക്‌ ആ മഹാത്മാവും ചെന്നെത്തിക്കാണും.

മുത്തുനബി തങ്ങൾ ആ വിശുദ്ധിയെ വാഴ്ത്താതിരുന്നില്ല; അവിടുന്ന് പറഞ്ഞു:

اشتاقت الجنة إلى ثلاثة علي وعمار وسلمان

"മൂന്നു പേരിലേക്കായി സ്വർഗ്ഗം ആശിക്കുന്നു - അലി, അമ്മാർ, സൽമാൻ എന്നിവരാണവർ". (റ.അൻഹും)


റളിയല്ലാഹു അൻഹ്‌..

3 comments:

  1. ഈ അധ്വാനത്തിനു അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..

    വിശുദ്ധരായ സ്വഹാബത്തിന്റെ ജീവിതം എത്ര ധന്യം..

    ReplyDelete
  2. വായിച്ചു കണ്ണ് നനഞു പോയി. ഖൽബിൽ ഒരു പിടച്ചിൽ.... യാ ഇലാഹീ ഞങ്ങളെയും ഒന്ന് സ്ഫുടം ചെയ്യ് നാഥാ..... .. അബൂ സാഹിദിന് അർഹമായ ജസാന ൽ ക് ഇലാഹി ആമീൻ

    ReplyDelete

ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...